വിഷാദരോഗ (depression) ത്തിനും അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയായ വിരുദ്ധനില മനോവ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ പ്രതിവിധിയായി, ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മനോനിലചിത്രണ (Mood Mapping) ത്തെക്കുറിച്ചുള്ള പരമ്പര തുടരുന്നു. പതിനാലു ദിവസത്തെ അഭ്യസനത്തിലൂടെ വിഷാദരോഗത്തില്‍നിന്ന് വിമുക്തി വാഗ്ദാനം ചെയ്യുന്ന മനോനില ചിത്രണം ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തി, സ്വയം സൗഖ്യം പ്രാപിച്ചു. നൂറുകണക്കിനാളുകള്‍ക്ക് സൗഖ്യം നല്കി.
നിങ്ങള്‍ തൊട്ടാവാടിയോ?
നാമെല്ലാം വ്യത്യസ്തരാണെന്നു പറയാറുണ്ട്. ചിലര്‍ പന്നിക്കൂട്ടിലും ആനന്ദത്തോടെ കഴിയും. മറ്റു ചിലര്‍ക്ക് അടുക്കും ചിട്ടയും അതിന്‍റെ പൂര്‍ണതയില്‍ ഉള്ളയിടത്തേ സ്വസ്ഥവും സമാധാനവുമായി കഴിയാന്‍ കഴിയൂ. ചിലര്‍ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ച് അതീവജാഗരൂകരായിരിക്കും. ചെറിയൊരു ശല്യംപോലും അവരെ തളര്‍ത്തിക്കളയും. ചുറ്റും എന്തു നടന്നാലും അല്പവും ബാധിക്കാത്തവരാണ് മറ്റു ചിലര്‍.
നിങ്ങളുടെ ചുറ്റുപാടിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നിങ്ങളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. തിരക്കും ബഹളവും നിറഞ്ഞ അന്തരീക്ഷത്തിലെ ജീവിതം ചിലരെ വിഷാദത്തിലേയ്ക്ക് തള്ളിവിട്ടെന്നു വരാം. എല്ലാവര്‍ക്കും അത് അങ്ങനെയാവണമെന്നുമില്ല. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം എല്ലാവരും ആഗ്രഹിക്കുമെങ്കിലും ചിലര്‍ മോശം സാഹചര്യങ്ങളോട് എങ്ങനെയും പൊരുത്തപ്പെടും. മറ്റു ചിലര്‍ക്കാവട്ടെ ചുറ്റുപാടുകള്‍ അവരുടെ മനോനിലയെ ബാധിക്കുകയും അതവരുടെ ജീവിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും.
പ്രകാശം
മനോനിലയെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളില്‍ ഒന്നായ പീനിയല്‍ ഗ്രന്ഥി (pineal gland)യുടെ പ്രവര്‍ത്തനം സൂര്യപ്രകാശവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ കുറവ് ഇരുണ്ട മനോനിലയിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം. വേനല്‍ക്കാലത്തേക്കാള്‍ മഴക്കാലത്താണ് മനുഷ്യര്‍ വിഷാദിയാവുക എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വേനല്‍ക്കാലത്തു കൂടുതല്‍ അവധിദിവസങ്ങളുള്ളതുകൊണ്ടോ അന്തരീക്ഷം ഊഷ്മളമായതുകൊണ്ടോ അല്ല അത് അപ്പോള്‍ നിങ്ങളുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലം വളരെ പ്രധാനമാണ്. ദിവസവും നിങ്ങള്‍ക്ക് സൂര്യപ്രകാശം ലഭിക്കുന്നിടത്താവണം നിങ്ങളുടെ താമസം. ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ അപേക്ഷിച്ച് നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടായേക്കും. പക്ഷേ ഇതൊരു അടിസ്ഥാന ആവശ്യമാകയാല്‍ അതെങ്ങനെയും സാധിച്ചേ മതിയാകൂ. സൂര്യപ്രകാശം നമ്മുടെ ചൈതന്യത്തെ പലവിധത്തില്‍ പ്രചോദിപ്പിക്കുന്നു. അങ്ങനെ മനോനിലയെ നേരിട്ട് സ്വാധീനിക്കുന്നു.
സുരക്ഷ
വൈകാരിക ആരോഗ്യത്തിന് ആവശ്യമായ മറ്റൊരു ഘടകം സുരക്ഷയാണ്. വീടും പരിസരവും നമുക്ക് സുരക്ഷിതമായി അനുഭവപ്പെടണം. സുരക്ഷിതമായ സാഹചര്യത്തിലേ നമുക്ക് സുരക്ഷാബോധവും സ്വാസ്ഥ്യവും സമാധാനവും അനുഭവിക്കാന്‍ കഴിയൂ. കുടുംബജീവിതം സുരക്ഷിതമല്ലെങ്കില്‍ സാധാരണജീവിതം നിങ്ങള്‍ക്കു ജീവിക്കാനാവില്ല. പ്രദേശത്തെ തെമ്മാടിക്കൂട്ടങ്ങളാല്‍ തകര്‍ക്കപ്പെട്ടാലും മാതാപിതാക്കളുമായോ പങ്കാളിയുമായോ മക്കളുമായോ ഉള്ള ബന്ധത്തിലുണ്ടായ ഉലച്ചില്‍മൂലം തകര്‍ക്കപ്പെട്ടാലും - കുടുംബജീവിതത്തിലെ സുരക്ഷയിലുണ്ടാകുന്ന വിള്ളല്‍ തരുന്ന അരക്ഷിതാവസ്ഥ ഒന്നുതന്നെ. നിങ്ങളുടെ ജീവിതത്തിന്‍റെ അടിസ്ഥാനത്തിലുണ്ടാകുന്ന ഉലച്ചില്‍ നിങ്ങള്‍ക്കു സ്വസ്ഥത തരുന്ന വേറൊരിടവുമില്ല. നിങ്ങള്‍ക്ക് സുരക്ഷിതബോധം തരുന്ന വേറൊരു സ്ഥലമില്ല. നിങ്ങള്‍ക്ക് സമ്മര്‍ദ്ദം തരുന്ന നിങ്ങളുടെ മനോനില തെറ്റിക്കുന്ന സ്ഥലം എവിടെയെന്ന് കണ്ടുപിടിക്കുക ഒട്ടും ബുദ്ധിമുട്ടല്ല.
പീഡിതമായ അന്തരീക്ഷത്തില്‍ വളരുന്ന, സുരക്ഷിതബോധമില്ലാതെ വളരുന്ന കുട്ടികള്‍ പിന്നീട് വിഷാദരോഗികളാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. സുരക്ഷിതത്വം അനുഭവപ്പെടുക എന്നതും സുരക്ഷിതമായിരിക്കുക എന്നതും എത്രമാത്രം പ്രധാനമാണെന്ന് മറക്കാതിരിക്കുക.
ശബ്ദം
നിങ്ങളുടെ ചുറ്റുപാടുമുണ്ടാകുന്ന ശബ്ദം നിങ്ങളുടെ മനോനിലയെയും മാനസികാരോഗ്യത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്നു. ശബ്ദം ആളുകളെ എല്ലാവിധത്തിലും സ്വാധീനിക്കുന്നു. ശബ്ദകോലാഹലം മാനസികസമ്മര്‍ദ്ദത്തിന് കാരണമാകുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. മാനസികസമ്മര്‍ദ്ദം മനോനിലയെ നേരിട്ടു ബാധിക്കുമെന്നു നമുക്കെല്ലാം അറിയാവുന്നതാണല്ലോ. നിങ്ങളുടെ താമസം വിമാനപാതയുടെ താഴെയാണെങ്കിലും തീവണ്ടി പാതയ്ക്കോ ഹൈവേയ്ക്കോ അരുകിലാണെങ്കിലും അതല്ല അലമുറയിടുന്ന കുഞ്ഞുങ്ങളുള്ള വീടുകളുടെ അയല്‍പക്കത്താണെങ്കിലും നിങ്ങളുടെ മനോനിലയെ ഒരുപോലെ ബാധിക്കും. ശബ്ദകോലാഹലങ്ങളുമായി പൊരുത്തപ്പെട്ടുവെങ്കിലും അത് ശ്രദ്ധിക്കുന്നുപോലുമില്ലെങ്കിലും നിങ്ങളുടെ ഉറക്കത്തെ അതു ഗുരുതരമായി ബാധിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.
ശബ്ദം പ്രതിലോമകരം മാത്രമല്ല. സംഗീതം മനോനിലയെ മാറ്റുമെന്ന് നമുക്കെല്ലാമറിയാം. ഒരൊറ്റ കാര്യത്തിനു മാത്രമായി മനോനിലയെ മാറ്റാന്‍ കഴിയുമെങ്കില്‍ അതു സംഗീതത്തിന് മാത്രമാണ്. സംഗീതം ശ്രോതാക്കളെ ഒരു 'മനോനിലപര്യടന'ത്തിലേക്കു തന്നെ നയിക്കുന്നു. നിങ്ങളുടെ ഐപാഡില്‍ തനിയെ കേട്ടാലും കച്ചേരിയില്‍ കൂട്ടമായി കേട്ടാലും സംഗീതം നിങ്ങളെ വ്യത്യസ്ത മനോനിലകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഒരു മഹത്തായ കച്ചേരിക്കൊടുവില്‍ ശ്രോതാക്കള്‍ ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ ഒരു മനസ്സായി മാറുന്നു. ആഴത്തില്‍ സ്വാധീനിക്കാനുള്ള സംഗീതത്തിന്‍റെ കഴിവ് അത് വെളിവാക്കുന്നു. പുരാതനകാലം മുതലേ, പൗരാണിക നാഗരികതകള്‍ മുതലേ സംഗീതം മനുഷ്യനെ ഒന്നിച്ചു നിര്‍ത്തുന്നതിനായി ഉപയോഗിച്ചിരുന്നു. ഒരൊറ്റ മനോനിലയിലേക്ക്, ഒരൊറ്റ സമൂഹത്തിലേക്ക്, ഒരൊറ്റ ലക്ഷ്യത്തിലേക്ക് സംഗീതം മനുഷ്യനെ പരിവര്‍ത്തിപ്പിക്കുന്നു.
കാഴ്ച
നിങ്ങള്‍ എന്തു കേള്‍ക്കുന്നു എന്നതു മാത്രമല്ല, എന്തു കാണുന്നു എന്നതും പ്രശ്നമാണ്. പക്ഷികള്‍ പാട്ടുപാടുന്ന നദീതീരത്തിന്‍റെ കാഴ്ചയോടെ ഉറക്കമുണരുന്നതും വാഹനങ്ങള്‍ പറക്കുന്ന വൃത്തികെട്ട ഓടകളുള്ള നിരത്തിന്‍റെ കാഴ്ചയോടെ ഉറക്കമുണരുന്നതും വ്യത്യസ്തമാണ്. ചില ചുറ്റുപാടുകള്‍ നമ്മെ പ്രസാദാത്മകതയിലേക്ക് നയിക്കുമ്പോള്‍ ചിലതു നമ്മെ വിഷാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.
മനോഹരവും പരിചിതവുമായ വസ്തുക്കള്‍ നമ്മെ നല്ല മനോനിലയിലേക്ക് നയിക്കാന്‍ സഹായിക്കുന്നു. നമ്മെ സ്നേഹിക്കുന്ന നാം സ്നേഹിക്കുന്ന നമ്മുടെ കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും ചിത്രങ്ങള്‍ നമ്മില്‍ സന്തോഷവും ഉന്മേഷവും ഉണര്‍ത്തുന്നു.
നിങ്ങളുടെ ചുറ്റുപാടുമുള്ള നിറങ്ങളും നിങ്ങളുടെ മനോനിലയില്‍ പ്രധാന ഘടകങ്ങളാണ്. മനോനില മെച്ചപ്പെടുത്താന്‍ നിറങ്ങളെ ഉപയോഗിക്കുന്ന ചികിത്സാരീതിതന്നെ വികസിപ്പിച്ചിട്ടുണ്ട്. അതു തീര്‍ച്ചയായും വിജയകരവുമാണ്. നിറങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനോനിലയുടെ പ്രതീകങ്ങളാണ്. ദുഃഖാവസരങ്ങളില്‍ നാം കറുപ്പ് ധരിക്കുന്നു. ആഘോഷങ്ങളില്‍ വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിയുന്നു. 'നീല' യെയും 'പച്ച' യെയും കുറിച്ച് നാം 'അസൂയ' യോടെ പറയുന്നു. പ്രസന്നമായ ഒരു മുറിയില്‍ ജോലി ചെയ്യുന്നത് നമ്മെ ഉന്മേഷഭരിതരാക്കും . ചില നിറങ്ങള്‍ നമ്മെ ശാന്തരാക്കും. ചുവന്ന പെയിന്‍റടിച്ച മുറി നിങ്ങളെ അരിശം കൊള്ളിച്ചേക്കാം. ഇളംനീലയോ പച്ചയോ നിറം നിങ്ങളെ ശാന്തരാക്കിയേക്കാം.
ജോലി, വിനോദം
ഏറെ നേരം ഒരേ ചുറ്റുപാടില്‍ കഴിയുന്നത് നിങ്ങളുടെ മനോനിലയെ ബാധിക്കാം. അനാരോഗ്യകരമായ ചുററുപാടില്‍ അല്പനേരം കഴിഞ്ഞാലും അതു നിങ്ങളുടെ മാനസികാരോഗ്യത്തിന് ഹാനികരമായേക്കാം. നമ്മില്‍ പലരും ദീര്‍ഘനേരം ജോലിചെയ്യുന്നു. അതു നമ്മുടെ മനോനിലയെയും ജോലിചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്നു.
(തുടരും)