പ്രായം ചെന്നവരില്‍ പ്രായശഃ രണ്ടുതരക്കാരെ കാണാം, പുറകോട്ടു നോക്കികളും മുമ്പോട്ടു നോക്കികളും. രോഗങ്ങളും ജീവിതപ്രശ്നങ്ങളും അകാലനിര്യാണവും പുറകോട്ടു നോക്കികളിലാണ് ഏറെ സംഭവിക്കുക. മുമ്പോട്ടു നോക്കികള്‍ കൂടുതല്‍ ആരോഗ്യമുള്ളവരായി സമൂഹത്തില്‍ നന്മ ചെയ്ത് മുന്നേറുന്നതായി കാണാം. ഏതു ചേരിയിലാണ് ഇതു വായിക്കുന്നയാള്‍?
സംഭാഷണങ്ങളില്‍ മിക്കവാറും മുന്‍കാലചെയ്തികള്‍ എടുത്തു പറയുക, ഇന്നത്തെ തലമുറയെ പഴിച്ച് മുന്‍ തലമുറയെ പുകഴ്ത്തുക, തനിയെ ആയിരിക്കുമ്പോഴും ഓര്‍മ്മയില്‍ പഴയകാര്യങ്ങള്‍ തികട്ടി വരിക ഇതൊക്കെയാണ് പുറകോട്ടു നോക്കികളുടെ വിചാരവചനലോകം. ഇക്കൂട്ടര്‍ സുപരിചിതമായ വീടും പറമ്പും നാടും വിടുകയില്ല, തറവാട്ടില്‍ത്തന്നെ കിടന്നു മരിക്കണമെന്നും കുടുംബകല്ലറയില്‍ത്തന്നെ അടക്കപ്പെടണമെന്നും ശാഠ്യമുള്ളവരാണ്. പുതിയതും ഉപകാരപ്രദവുമായവ വായിക്കാനോ പഠിക്കാനോ പരിശീലിക്കാനോ ഇവര്‍ കൂട്ടാക്കില്ല. നടപ്പും കിടപ്പും ഭക്ഷണരീതിയും വസ്ത്രധാരണവും ഭക്താനുഷ്ഠാനങ്ങളും ചികിത്സകളും പണ്ടത്തേപ്പോലെ തന്നെ ഇവര്‍ മുറുകെപ്പിടിക്കും. പാരമ്പര്യവാദികളോ കടുംപിടുത്തക്കാരോ ആയിത്തീരുന്ന ഇവരുടെ കൂടെ താമസിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് അരോചകമായിരിക്കും. പുതുമയോട് വെറുപ്പോടെ പ്രതികരിക്കുന്നതുകൊണ്ട് ഭൂതകാലപ്രേതം ബാധിച്ച അടിമകളായി മനോതലത്തില്‍ അരിശം, പ്രതിഷേധം, വിമര്‍ശനം, നീരസം, മുതലായ വിചാരവികാരങ്ങള്‍ തളംകെട്ടി ഇവര്‍ തളര്‍ന്നുകൊണ്ടേയിരിക്കുന്നു.
വളര്‍ന്നുകൊണ്ടിരിക്കുന്ന മുമ്പോട്ടു നോക്കികളുടെ മനോതലം മറ്റൊന്നാണ്. കഴിഞ്ഞ കാലത്തെ വിജയങ്ങള്‍ സമ്പത്താക്കി പരാജയങ്ങള്‍ പാഠമാക്കി, മുമ്പിലുള്ള സമയം ഫലപ്രദമായി അവര്‍ പ്രയോജനപ്പെടുത്തുന്നു. ആധുനിക ലോകത്തില്‍ ജീവിക്കാനായതില്‍ സന്തോഷിച്ച് എല്ലാ നല്ല പുതുമകളും സ്വാഗതം ചെയ്ത് ഇവര്‍ സമയത്തിനൊപ്പം മുന്നേറുന്നവരാണ്. ശുഭാപ്തി വിശ്വാസമാണ് ഇവരുടെ മൂലധനം. ഈ മനോഭാവം തന്നെ അവരുടെ ശരീരത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും, ആരോഗ്യത്തിന്‍റെയും വിജയത്തിന്‍റേയും ഓജസ്സും തേജസ്സും അവരില്‍ നമുക്ക് കാണാം.
കാലത്തെ, ഭൂതം - വര്‍ത്തമാനം- ഭാവി എന്നിങ്ങനെ നമ്മള്‍ തിരിച്ചുപറയുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഇപ്പോള്‍ ഇവിടെ ഈ ഞാന്‍. ഇതില്‍ ഭൂതമില്ല ഭാവിയില്ല. Now മാത്രം. ഈ ഉണ്മയിലാണ് എന്‍റെ ആസ്തിക്യം. ഇതാണ് എനിക്ക് ആകെ ഉള്ളത്. ഈ ഉള്ളായ്മയില്‍ ഞാന്‍ ആകമാന ആനന്ദം അനുഭവിക്കണം, ഇപ്പോള്‍ ഇവിടെ ഈ ഞാന്‍. എന്‍റെ സന്തോഷം ഇന്നലെയല്ല, നാളെയല്ല, ഇന്നിപ്പോള്‍ ഇവിടെ.
ഈ സത്യാവസ്ഥയ്ക്ക് ആത്മീയമാനം നല്‍കുമ്പോള്‍ അത് സമ്പൂര്‍ണ്ണമാകുന്നു. ഇപ്പോള്‍ ഇവിടെ ഈ ഞാന്‍. ഇന്നത്തെ തീയതി? 1000 വര്‍ഷം മുമ്പ് ഈ തീയതിയാല്‍ ഞാനില്ലായിരുന്നു. 1000 വര്‍ഷം കഴിഞ്ഞ് ഈ തീയതിയാല്‍ ഞാന്‍ ഈ ഭൂതലത്തില്‍ ഉണ്ടാവില്ല. എന്‍റെ ഉള്ളായ്മ! ഞാന്‍ സ്വയം ഉണ്ടാക്കിയതല്ലിത്. ദൈവദത്തം. അനാദിമുതല്‍ എന്നെ മനസ്സില്‍ കണ്ട ദൈവം സമയത്തിന്‍റെ പൂര്‍ത്തിയില്‍ എനിക്ക് ഉള്ളായ്മ തന്നു. ഇപ്പോള്‍ ഇവിടെ ഞാന്‍ ദൈവപരിപാലനയില്‍. ദൈവത്തിന്‍റെ പ്ലാന്‍ എന്നില്‍ നടക്കണം. (ജെറമയാ 29:11) ഭൂമിക്ക് പ്രകാശം നല്‍കാന്‍ ഇന്ന് സൂര്യനെ ഉദിപ്പിച്ച ദൈവം എന്നെ ഉദിപ്പിച്ചു പ്രകാശമായി പ്രകാശമേകാന്‍. ഇന്ന് പൂക്കളെ വിടര്‍ത്തിയ ദൈവം ഈ എന്നെയും ഉണര്‍ത്തി സ്നേഹസൗരഭ്യം പരത്താന്‍; ഞാന്‍ ദൈവം നട്ടിടത്ത് പൂവാകണം, ദൈവം വച്ചിടത്ത് വിളക്കാവണം.
അതാ, എന്‍റെ പറമ്പില്‍ നില്ക്കുന്ന കേരവൃക്ഷം. അതിന്‍റെ കൂപ്പുകൈ കൂമ്പായി ഉയരത്തില്‍ കാണാം. അത് ക്രമേണ വളര്‍ന്ന് മടലുകളായി ഇലകളായി തണലേകുന്നു. ഞാനും മുകളിലേയ്ക്ക് നോക്കി ദൈവത്തില്‍ ആശ്രയിച്ച് ദൈവദത്തമായ സമയവും കഴിവുകളും പരസേവനത്തിനായി വിടര്‍ത്തി ഇന്ന് ഇപ്പോള്‍ ഇവിടെ വളരണം, വളര്‍ത്തണം.
ഈ ആദ്ധ്യാത്മികത സ്വന്തമാക്കിയ മഹാനാണ് UNO യുടെ മുന്‍ പ്രസിഡന്‍റ് ഉതാങ്ങ് (U. Thant) അദ്ദേഹത്തിന്‍റെ മേശപ്പുറത്തെ വാക്യമായിരുന്നു ഇപ്പോള്‍ ഇവിടെ വന്നതിനെല്ലാം നന്ദി, വരുന്നതിനെല്ലാം സമ്മതം. വേദപാരംഗതനായ വി. ഫ്രാന്‍സിസ് സാലസിന്‍റെ ഉപദേശം ഇത്. കഴിഞ്ഞതെല്ലാം കര്‍ത്താവിന്‍റെ കാരുണ്യത്തിന് വിട്ടുകൊടുത്ത്, വരുന്നതെല്ലാം കര്‍ത്താവിന്‍റെ പരിപാലനയ്ക്ക് ഏല്പിച്ച്, ഇപ്പോള്‍ ഇവിടെ കര്‍ത്താവിന്‍റെ മുമ്പില്‍ കഴിയുക.
ഇമെയിലിന്‍റെ കാലത്ത് "ഈ" മന്ത്രം സ്വന്തമാക്കുക. ഇ+ഇ+ഈ=ഇപ്പോള്‍ ഇവിടെ ഈശോ=ഇപ്പോള്‍+ഇവിടെ +ഈഞാന്‍. ഇതിലുണ്ട് സമാധാനവും സര്‍വനന്മയും. "നമ്മള്‍ ദൈവത്തില്‍ ദൈവത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നതായി വിശ്വസിക്കുക." (മദര്‍ തെരേസ)