ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന മൂന്നുവാക്കുകളെ വ്യക്തിജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പോക്കറ്റും ഒപ്പം ജീവിതവും രക്ഷപ്പെട്ടു.
* ബാങ്ക് മാനേജര്‍മാര്‍ പണ്ട് നിക്ഷേപം തേടിയാണ് ഇറങ്ങിയതെങ്കില്‍ ഇപ്പോള്‍ വായ്പ വേണ്ട ആളുകളെ തേടുന്നു. എളുപ്പത്തില്‍ വായ്പ എന്ന ബോര്‍ഡു കണ്ട് കയറരുത്.
* കടം എന്നതിന് ഏതു ഭാഷയില്‍ സുഖിപ്പിച്ചെഴുതിയാലും പണ്ടുള്ളവര്‍ പറയുന്നതുപോലെ 'ഏതു കടവും ഒരു കെണിയാണ്.'
* വരവും ചെലവും ക്രമീകരിക്കാന്‍ ജീവിതശൈലിയിലെ ക്രമീകരണം കൊണ്ടേ സാധിക്കൂ. (ബാങ്ക് മാനേജര്‍ ആയിരുന്നപ്പോഴും ഞാന്‍ സ്കൂട്ടറിലാണ് പോയിരുന്നത്. ചീഫ് മാനേജര്‍ ആയപ്പോഴാണ് ചെറിയൊരു കാര്‍ വാങ്ങിയത്.)
* ക്രെഡിറ്റ് കാര്‍ഡ് സമ്പ്രദായം അമേരിക്കയില്‍ വ്യക്തിജീവിതത്തില്‍ വന്‍ദുരന്തങ്ങളുണ്ടാക്കി. നമ്മുടെ യുവതലമുറയും ആ വഴിയേ ആണ്. ക്രെഡിറ്റ് കാര്‍ഡുകളെ ദൂരെ നിര്‍ത്താന്‍ ശ്രമിക്കുക.
* ഷോപ്പിംഗ് മാളുകളും ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും മുന്നോട്ടുവയ്ക്കുന്ന പ്രലോഭനങ്ങളെ നേരിടാന്‍ മനസ്സിനെ ഒരുക്കിയില്ലെങ്കില്‍ ജീവിതം ദുസ്സഹമാകും.
* പണ്ടുകാലത്തെപ്പോലെ ബാങ്ക് നിക്ഷേപവും ചിട്ടിയും പോലെയുള്ള സമ്പാദ്യശീലങ്ങള്‍ പുതിയ തലമുറയ്ക്കില്ല. പെട്ടെന്നുള്ള ലാഭത്തിനായി റിയല്‍ എസ്റ്റേറ്റിലും മറ്റു പുതിയ സമ്പാദ്യശീലങ്ങളിലേക്കും കടന്നു. ഉദ്ദേശിച്ച ഫലം ഇതില്‍നിന്നുണ്ടായോയെന്ന് പുനഃപരിശോധന നല്ലതാണ്.
* ഏതു തട്ടിപ്പുകാരുടെയും കയ്യില്‍പ്പെടാന്‍ തയ്യാറായി ഇരിക്കുന്നവരാണ് മലയാളികളെന്നാണ് പൊതുസംസാരം. പണമുണ്ടാക്കാന്‍ കുറുക്കുവഴി തേടുന്നവര്‍ക്കാണ് ഈ അബദ്ധങ്ങള്‍ എന്നത് ഓര്‍ക്കുക.
* വരുന്ന വര്‍ഷം, 'സമ്പാദിക്കാന്‍ ഒരു വര്‍ഷം' എന്ന് തീരുമാനിക്കാം. പക്ഷേ അത് വിശ്വസനീയമായ പരമ്പരാഗതമായ രീതിയിലേക്കു പോകുന്നതാണ് നല്ലതെന്നാണ് ഇപ്പോഴത്തെ ലോകസാമ്പത്തികാവസ്ഥകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് പഴ്സില്‍നിന്ന് ഓരോ നോട്ടും വലിച്ചെടുക്കും മുന്‍പ് മൂന്നുകാര്യങ്ങള്‍ ഓര്‍ക്കുക - ആവശ്യം, അത്യാവശ്യം, അനാവശ്യം.
(സാഹിത്യകാരനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍).