news-details
കവർ സ്റ്റോറി

ജൈവപ്രപഞ്ചത്തിനാധാരമായ വിശുദ്ധ തന്മാത്രകള്‍

2020-ാം ആണ്ടോടെ കുടിവെള്ളത്തിനുവേണ്ടി മൂന്നാംലോക രാജ്യങ്ങള്‍ക്ക് പരസ്പരം യുദ്ധം ചെയ്യേണ്ടിവരുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രവചനം നമുക്കു മറക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ മതവും രാഷ്ട്രീയവും എത്രമേല്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ടെങ്കിലും, ഹിമാലയന്‍ ജലസ്രോതസ്സുകള്‍ക്കുമേലുള്ള ആധിപത്യം എന്ന രഹസ്യ അജന്‍ഡ മറ്റെന്തിനേക്കാളും സെന്‍സിറ്റീവും സംഘര്‍ഷഭരിതവുമാണെന്നതും നമുക്കോര്‍ക്കാതിരിക്കാം. മുമ്പെങ്ങുമില്ലാത്തവിധം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കിടയിലും ജലസമ്പത്തിനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതും, ഇന്ത്യയുടെ ഇങ്ങ് തെക്കേയറ്റത്ത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ അതിവൈകാരികതയോടെ കൈകാര്യം ചെയ്യപ്പെടുന്ന പ്രശ്നങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ഘന അടി ജലത്തിന്‍റെ കണക്കുകള്‍ മാത്രമാണെന്നതുപോലും നമുക്കവഗണിക്കാം.

പക്ഷെ, മഴക്കാലം കഴിഞ്ഞ് മാസം തികയുന്നതിനുമുമ്പേ കുടിവെള്ള പൈപ്പുകള്‍ക്കു മുമ്പില്‍ പ്ലാസ്റ്റിക് കുടങ്ങള്‍ക്കൊപ്പം "സീറ്റുപിടിക്കാനായി" പൊരിവെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തപ്പെടുന്ന കുരുന്നുകളേയും അവര്‍ക്കു ചുറ്റുംനിന്ന് ശണ്ഠകൂടുന്ന അവരുടെ അമ്മമാരെയും നമുക്കെത്രനാള്‍ കാണാതിരിക്കാനാവും? ഓരോ പൈപ്പിന്‍ചുവടും ഒരു സംഘര്‍ഷ ഭൂമിയാകുന്നതും ഓടവെള്ളത്തേക്കാള്‍ അല്പംമാത്രം ഭേദമായ പൈപ്പു വെള്ളം കുടിച്ച് ജലജന്യരോഗങ്ങള്‍ പടരുന്നതും മറ്റേതൊരു യുദ്ധത്തിലും ദുരന്തത്തിലുമെന്നപോലെ സ്ത്രീകളും കുട്ടികളും, പിന്നെ, വികസനത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരും ഈ ദുരന്തങ്ങളുടെ  ആദ്യ ഇരയാകുന്നതും നാമെത്രനാള്‍ അവഗണിച്ചു കൊണ്ടേയിരിക്കും? പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ 'നക്സലൈറ്റുകള്‍' എന്ന് മൂന്നുവട്ടം പേരുചൊല്ലി വിളിച്ചതിനുശേഷം നമുക്ക് ജയിലിലടയ്ക്കാം. പക്ഷേ, കുടിവെള്ളത്തിനുവേണ്ടി ജയിലുകള്‍പോലും കലാപഭൂമിയാകുമ്പോള്‍ ജയിലുകള്‍ക്കുമേല്‍ നാമെങ്ങനെ ജയിലുകള്‍ പണിയും?

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ശുദ്ധജലസ്രോതസ്സുകളുടെ വന്‍തോതിലുള്ള ശോഷണത്തിനു കാരണമാകുമെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു യുദ്ധത്തേക്കാളും പ്രകൃതിദുരന്തത്തെക്കാളും ഭീകരമായ സമ്പൂര്‍ണ്ണനാശം എന്ന അനിവാര്യതയിലേക്ക് ഇത് മനുഷ്യവര്‍ഗ്ഗത്തെ എത്തിക്കുമെന്നും ശാസ്ത്രലോകം ആകുലതയോടെ മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. കഴിഞ്ഞ ഒരു ശതകത്തിനുള്ളില്‍ നശിച്ചുപോയ നദികളുടെയും തടാകങ്ങളുടെയും ശുദ്ധജലസ്രോതസ്സുകളുടെയും എണ്ണം കണക്കുകള്‍ക്കപ്പുറത്താണ്. (ഒരു ശതകമെന്നത് ഒരു പുരുഷ/സ്ത്രീ ആയുസ്സുമാത്രമാണെന്ന് നമുക്കു മറക്കാതിരിക്കാം). മരണാസന്നമായ നദികളുടെ എണ്ണം ഇതിലുമേറെയാണ്.

യമുനയെന്ന പേരുപോലും ഇന്ത്യന്‍ വൈകാരികതയില്‍ ആര്‍ദ്രമായ ഒട്ടേറെ കാല്‍പ്പനികചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്രണയാതുരമായ ഒരു പുല്ലാങ്കുഴലിന്‍റെ നാദത്തോടൊപ്പമല്ലാതെ യമുനയെ നമുക്ക് ഓര്‍ത്തെടുക്കാനാവില്ല. യമുനയിലെ ഓളപ്പരപ്പുകളില്‍ ഇന്ത്യയുടെ നന്മകളെല്ലാമുണ്ട്. അവിടെ വനഭംഗികളുടെ നിശ്ശബ്ദ നിഗൂഢതയുണ്ട്, ഗ്രാമീണ നിഷ്കളങ്കതയുടെ ശുദ്ധശുഭ്രതയുണ്ട്, തിന്മയുടെ മേല്‍ എഴുതിച്ചേര്‍ക്കപ്പെട്ട നന്മയുടെ വിജയത്തിന്‍റെ സൗമ്യഗാഥകളുണ്ട്, എല്ലാറ്റിലുമുപരി, പ്രണയിനികളുടെ രാജകുമാരിയായ രാധയുടെ തീവ്രസ്നേഹം കൊളുത്തിവച്ച ഒരായിരം ചെരാതുകളുടെ തീരാവെളിച്ചമുണ്ട്. മിഥോളജിയില്‍ നിന്നിറങ്ങി വന്ന് ഇന്ത്യന്‍ വൈകാരികതയെ നനയിച്ചെടുത്ത യമുന, പക്ഷെ ഇന്ന് മരണഭീതിയിലാണ്. ഡല്‍ഹിയെന്ന മഹാനഗരത്തെ കുളിരും കുടിനീരും നല്‍കി, ജീവിതവും ജീവനും നല്‍കി പോറ്റിവളര്‍ത്തുന്ന ഈ പുണ്യനദിയിലേക്ക് ദിനംപ്രതി ഈ മഹാനഗരം ഒഴുക്കിവിടുന്നത് മൂന്നു ബില്യണ്‍ ലിറ്റര്‍ മാലിന്യങ്ങളാണ്. ജനനവും മരണവും കൊള്ളയും കൊലപാതകവും ആത്മഹത്യയും തട്ടിക്കൊണ്ടുപോകലും ഭക്തിയും പ്രാര്‍ത്ഥനയും പ്രണയവും വിവാഹവുമടക്കം മഹാനഗരത്തിന്‍റെ ഓരോ സ്പന്ദനത്തിലും അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ യമുന ഏറ്റുവാങ്ങുന്നു. ധനസമൃദ്ധിക്കായി പ്രാര്‍ത്ഥനയോടെ വലിച്ചെറിയപ്പെടുന്ന ലക്ഷക്കണക്കായ നാണയങ്ങള്‍ ഉണ്ടാക്കുന്ന ലോഹ മലിനീകരണം അഴുക്കുചാലിനേക്കാള്‍ ഒട്ടും ഭേദമല്ലാത്ത യമുനയെ ഒരു ചാവുനദിയാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് ഞെട്ടിപ്പിക്കുന്ന പഠനഫലങ്ങള്‍ പറയുന്നത്.

ഇത് യമുനയുടെ മാത്രം കഥയല്ല. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മൂലം അന്തിമവിധിക്കായി കാത്തിരിക്കുന്നവയാണ് ഗംഗയും കാവേരിയും ഭാരതപ്പുഴയുമടങ്ങുന്ന ഇന്ത്യന്‍ നദികളിലേറെയും. കുന്തിപ്പുഴയൊഴികെയുള്ള പ്രധാന പോഷകനദികളെല്ലാം  അകാലത്തില്‍ മരിച്ച് ആടിമാസപെരുമഴയില്‍പോലും നിറഞ്ഞു കവിഞ്ഞൊഴുകാനാവാതെ വല്ലാതെ ശോഷിച്ചുപോയ നമ്മുടെ ഭാരതപ്പുഴ നമ്മില്‍നിന്ന് ഒരു വിളിപ്പാടകലെയുണ്ടെന്ന് നമുക്കോര്‍ക്കാം. പോയ പെരുമഴക്കാലത്തിനുശേഷം അധികം ദൂരെയല്ലാതൊരു മധ്യാഹ്നം. കരണ്‍സിംഗിന്‍റെ രാജകുടുംബത്തിന്‍റെ അധീനതയിലുള്ള കൊട്ടാരത്തിലേക്കുള്ള രാജപാതക്കരികില്‍ ദൂരത്തല്ലാതെ വറ്റിവരണ്ടുകിടക്കുന്ന തവി നദിയിലേക്ക് നോക്കി വിഷാദത്തോടെ നില്‍ക്കുകയായിരുന്നു. ജമ്മുവിന്‍റെ തടങ്ങളെ ഹരിതസമൃദ്ധിയില്‍ നിറകുലകളുടെ ആഘോഷമാക്കി മാറ്റിയിരുന്ന തവി നദി ഒരു കണ്ണുനീര്‍ച്ചാലുപോലെ നേര്‍ത്തൊഴുകുന്നു. അപ്പോള്‍ ഭാരതപ്പുഴയെ അറിയാതെ ഓര്‍ത്തുപോകുന്നു. അനേകം പ്രളയകാലങ്ങളെ ഹിമപാളികളായി കാത്തുവയ്ക്കുന്ന ഹിമാലയത്തിന്‍റെ തിരുജടയില്‍ നിന്ന് ഇനിയൊരിക്കലും ഒരു ഗംഗ പിറവിയെടുക്കില്ല. മാമാങ്കങ്ങളുടെ ആവേശങ്ങള്‍ ഓളങ്ങളിലേറ്റുവാങ്ങാന്‍ പേരിനപ്പുറം ഇനിയൊരു ഭാരതപ്പുഴയില്ല. തവി ഒരു സൂചകമാണ്, ഭാരതപ്പുഴയും. പിതൃതര്‍പ്പണം ചെയ്യാന്‍ ഒരു കുടം വെള്ളം മാത്രമേ അവ നമുക്കായി ബാക്കിവയ്ക്കുന്നുള്ളൂ.

'ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന നമ്മുടെ ടൂറിസം വകുപ്പ് ഏറെ ആഘോഷിക്കുന്ന വിശേഷണം കേരളത്തിന് നേടിത്തന്നത് നമ്മുടെ സാംസ്കാരിക ഔന്നത്യമോ മഹത്തായ ഒരു ഭൂതകാലം ഇവിടെ ബാക്കിവച്ച ശേഷിപ്പുകളോ സഞ്ചാരികളോടുള്ള നമ്മുടെ നല്ല പെരുമാറ്റം പോലുമോ അല്ല, ഇവിടുത്തെ നദികളും തടാകങ്ങളും ഹരിതസമൃദ്ധിയും മാത്രമാണ്. പശ്ചിമ ഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നാല്പ്പത്തിനാല് നദികളാല്‍ ജലസമ്പന്നമാണ് ഈ ചെറു സംസ്ഥാനം. ഇവയില്‍ നാല്‍പ്പത്തിയൊന്നു നദികളും കേരളത്തിലൂടെ പടിഞ്ഞാറു ദിശയിലൊഴുകി അറബിക്കടലില്‍ ചേരുമ്പോള്‍ മൂന്നു നദികള്‍ മാത്രം കിഴക്കുദിശയില്‍ അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് എന്നിവയിലൂടെയൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. ഈ 44 നദികളെക്കൂടാതെ, അഞ്ച് വലിയ തടാകങ്ങളും മറ്റനേകം ചെറുതടാകങ്ങളും 'ജലസമൃദ്ധ'മായ ഈ സംസ്ഥാനത്തുണ്ട്. പക്ഷേ, മണ്‍സൂണ്‍ കാലത്തിനുശേഷം ഏകദേശം ആറുമാസക്കാലത്തോളം കടുത്ത ജലദൗര്‍ലഭ്യത്തിന്‍റെ പിടിയിലാണ് കേരളം. ദേശീയ ദിനപ്പത്രങ്ങളുടെ ആര്‍ക്കൈവുകളില്‍ വെറുതെ പരതിയാല്‍ വറുതിയുടെ ചിഹനങ്ങള്‍ പോലെ ഒരു കുടം വെള്ളത്തിനായി വേഴാമ്പലിനെപ്പോലെ മണിക്കൂറുകളോളം ഒരു പൈപ്പിന്‍ ചുവട്ടില്‍ കാത്തിരിക്കുന്ന കേരളീയചിത്രങ്ങള്‍ എത്ര വേണമെങ്കിലും കണ്ടെടുക്കാനാവും. നാമെങ്ങനെ ഇത്രമേല്‍ മാറിപ്പോയി? ജലസമ്പന്നമായ കേരളത്തിന്‍റെ ഹരിതചിത്രങ്ങള്‍ ഇത്രയേറെ വറ്റിവരണ്ടുപോയെങ്കില്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങള്‍ എങ്ങനെ ജീവിതം 'ആഘോഷിക്കുന്നു'? 'ഒരു ഡോളര്‍ പൗരന്മാര്‍ ' എന്ന് വലിയവര്‍ പച്ചകുത്തിയ മൂന്നാംലോക പൗരന്മാരുടെ മരണാസന്നമായ ജീവിതങ്ങള്‍ക്കുമേല്‍ ഏതു നദിയിലെ വെള്ളമിറ്റിച്ച് നാമവയ്ക്ക് ഉയിരു കൊടുക്കും?

എല്ലാ ഉത്തരങ്ങളും, തീര്‍ച്ചയായും, നമുക്കറിയില്ല, ആര്‍ക്കുമറിയില്ല. പ്രകൃതി നമുക്കായി കാത്തുവച്ചിരിക്കുന്ന കോസ്മിക് നിയമങ്ങളുടെ വിധിതീര്‍പ്പുകള്‍ കാലത്തിന്‍റെ അടയാളങ്ങളില്‍നിന്ന് കണ്ടെടുക്കുക മാത്രമേ നമുക്കുമുന്നില്‍ വഴിയുള്ളൂ. അതിലുമേറെ, നമുക്കറിയുന്ന ലളിതമായ ഉത്തരങ്ങളിലേക്ക് നാം മടങ്ങിപ്പോകേണ്ടതുണ്ട്. മണലൂറ്റി നദികളെ കൊന്നും നീര്‍ത്തടങ്ങള്‍ നികത്തി മണ്ണിന്‍റെ ആര്‍ദ്രതയെ നശിപ്പിച്ചും എത്രവേഗമാണ് നാം വരണ്ടുണങ്ങിയ ഒരു കാലംതെറ്റിയ കാലത്തേക്ക് നടന്നടുക്കുന്നതെന്നത് നമുക്കറിയാതെയല്ല. എന്നിട്ടും നമ്മുടെ ഓരോ നദിയുടെ ഇരുപുറവും രാത്രിയുടെ അന്ത്യയാമങ്ങളില്‍പ്പോലും പിമ്പുകളെപ്പോലെ അനേകംപേര്‍ പതിയിരിക്കുന്നു, നദീഗര്‍ഭത്തില്‍നിന്ന് അവസാന തരിമണലും പെറുക്കിയെടുക്കുന്ന അക്രമികള്‍ക്ക് കാവലാളുകളായി. ഈ നദി പോറ്റിവളര്‍ത്തിയവരാണവരും. നദികള്‍ കൊള്ളയടിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും നമ്മുടെ മുമ്പില്‍ത്തന്നെയാണ്. നീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതും ആര്‍ദ്ര നിലങ്ങള്‍ തരിശാക്കപ്പെടുന്നതും നമ്മുടെ മുമ്പിലാണ്. ഉപരിതല ജലസ്രോതസ്സുകള്‍ നശിപ്പിച്ചും ഭൂഗര്‍ഭജലം കൊള്ളയടിച്ചും റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ കെട്ടിടസമുച്ചയങ്ങള്‍ കെട്ടിയുയര്‍ത്തുന്നതും നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ. നാമെന്തുകൊണ്ട് ഇതിനെതിരെയൊന്നും പ്രതികരിക്കുന്നില്ലാ എന്ന് ചോദിക്കാനൊരുങ്ങുന്നില്ല. 'നിഷ്പക്ഷ' മെന്ന ലോകത്തിലെ ഏറ്റവും വലിയ കള്ളം തത്ത്വശാസ്ത്രമായി സ്വീകരിച്ച ആഢ്യന്‍മാരാണല്ലോ നമ്മളിലേറെയും. എങ്കിലും ഒരു ജലസ്രോതസ്സുകൂടി ആക്രമിക്കപ്പെടുന്നതറിയുമ്പോള്‍, ഒരു നീര്‍ത്തടംകൂടി കൈയ്യേറ്റം ചെയ്യപ്പെടുന്നതിനു സാക്ഷിയാകുമ്പോള്‍, സ്വന്തം വംശപരമ്പരയിലെ തൊട്ടടുത്ത ഒരു കണ്ണി ഒരിറ്റ് വെള്ളം കിട്ടാതെ ഉണങ്ങി പോകുന്ന ചിത്രം കൂടി ഇതോടൊപ്പം നമുക്കു ചേര്‍ത്തുകാണാം.

കോട്ടയം ജില്ലയുടെ സ്വന്തം നദിയാണ് മീനച്ചിലാര്‍. ഒരു ഗവേഷണ പ്രൊജക്ടിന്‍റെ ഭാഗമായി മീനച്ചിലാറിനെ അടുത്തറിയാന്‍ ശ്രമിച്ചപ്പോള്‍ നടുക്കുന്ന ഒട്ടേറെ കാര്യങ്ങളിലേക്കാണ് അന്വേഷണമെത്തിയത്. ഇരുപുറവും പൂര്‍ണ്ണമായി ജനവാസമുള്ള കേരളത്തിലെ ഏകനദിയെന്നു വിശേഷിപ്പിക്കാവുന്ന മീനച്ചിലാറിന് ഒരു ഗ്രാമീണശാലീനതയുണ്ട്. ഫാക്ടറികളോ വന്‍കിടസ്ഥാപനങ്ങളോ ഏറെയൊന്നും മലിനപ്പെടുത്താത്ത, 78 കിലോമീറ്റര്‍ ദൂരം ഗ്രാമീണ സ്വച്ഛതയിലൂടെ ഒഴുകുന്ന ഈ നദി, പക്ഷെ, എങ്ങനെയാണ് മലിനപ്പെട്ടുപോയത്? ദൂരത്തല്ലാതെ ഒരു പതനം മുന്നില്‍ക്കണ്ട് എന്നുമുതലാണിത് കിതച്ചൊഴുകാനാരംഭിച്ചത്? നദിയുടെ ഇരുപുറവും കുമിഞ്ഞുകൂടുന്ന മനുഷ്യമാലിന്യങ്ങള്‍ കണ്ട് നടുങ്ങിപ്പോയിട്ടുണ്ട്. വീടുകളില്‍നിന്നും ഹോട്ടലുകള്‍, ആശുപത്രികള്‍, വ്യാപാരസ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങി മനുഷ്യവാസമുള്ള എവിടെനിന്നും എല്ലാത്തരം മാലിന്യങ്ങളും വലിച്ചെറിയാവുന്ന ഓവുചാലായി മാറുന്ന ഒരു നദി. കേരളത്തിലെ ഏതൊരു നദിയും ഈ ദുരന്തത്തിനിരകളാണ്. നദിക്കുകുറുകെയുള്ള പാലത്തിലൂടെ അലസമായും ചിലപ്പോള്‍ വ്യഗ്രതയോടെയും നടന്നുപോകുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ട്. നടുവിലെത്തുമ്പോള്‍ ഒന്നിനുവേണ്ടിയുമല്ലെങ്കിലും നദിയിലേക്കൊന്ന് കാര്‍ക്കിച്ചുതുപ്പിയിട്ട് നടന്നുപോകുന്നവര്‍. തോടുകളെയും പുഴകളെയും ശത്രുതയോടെ കാണാന്‍ നമ്മെ ആരാണ് ശീലിപ്പിച്ചത്? എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട അഴുക്കുചാലുകളായി നമ്മുടെ പുഴകളെ മാറ്റിയതാരാണ്?

മണ്ണിലേക്ക് നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്താല്‍ വിഘടിപ്പിച്ചു സ്വയം മലിനപ്പെടാതെ വലിയൊരളവുവരെ ശുദ്ധീകരിക്കുന്ന ഒരു ജൈവപ്രക്രിയ ഭൂമിയില്‍ നടക്കുന്നുണ്ട്. ഒട്ടൊക്കെ ഒരു സ്പോഞ്ചിന്‍റെ രീതിയിലുള്ള ആഗിരണമാണത്. പക്ഷേ, ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു തുള്ളി മഷി വീണാല്‍ ആ ജലമത്രയും പടരുന്നതുപോലെ, സ്വയം മലിനപ്പെട്ടുകൊണ്ടല്ലാതെ ജലത്തിന് മാലിന്യങ്ങളെ സ്വീകരിക്കാനാവില്ല. ജലത്തിലേക്ക് ഒഴുക്കിവിടുന്നതും വലിച്ചെറിയുന്നതുമായ എന്തും ജലത്തെ മലിനമാക്കും. അത് ജലത്തിന്‍റെയും അതുവഴി ജലസ്രോതസ്സിന്‍റെതന്നെയും മരണത്തിനു തുല്യമാണ്. ഈ പാഠമാണ്  വ്യക്തിതലത്തിലും കുടുംബങ്ങളിലും നാം ആദ്യം പഠിക്കേണ്ടത്. ജലം അമൂല്യമാണെന്നും ഓരോ തുള്ളി ജലവും വരുംതലമുറകള്‍ക്കായി നാം ശ്രദ്ധയോടെ കാത്തുവയ്ക്കേണ്ട സമ്പത്താണെന്നും കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ജലമലിനീകരണം വ്യക്തിതലത്തില്‍ തടയപ്പെടുകയും ജല ഉപയോഗം വ്യക്തിതലത്തില്‍ നിയന്ത്രിക്കപ്പെടുകയും ജലസമ്പത്തിന്‍റെ സംരക്ഷണത്തിനായി സമൂഹത്തിന്‍റെ ആറാമിന്ദ്രിയം തീക്ഷ്ണശ്രദ്ധയോടെ പ്രവര്‍ത്തനനിരതമാകുകയും ചെയ്യുമ്പോള്‍ മണ്ണിന്‍റെയും മനസ്സിന്‍റെയും പ്രകൃതിയുടെയും ആര്‍ദ്രതകള്‍ തിരിച്ചുവരും.

ജൈവലോകത്തിനായി പ്രപഞ്ചം കരുതിവച്ച ഏറ്റവും വലിയ നന്മകളിലൊന്നാണ് ജലം. എല്ലാ അര്‍ത്ഥത്തിലും ദൈവത്തിന്‍റെ കരസ്പര്‍ശമേറ്റ ഒരു തന്മാത്ര. വാതകാവസ്ഥയില്‍ സ്ഥിതി ചെയ്യേണ്ട ജലം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതുതന്നെ മഹത്തായൊരത്ഭുതമാണ്. ആ അത്ഭുതമാണ് ഈ ജീവപ്രപഞ്ചത്തിന്‍റെ നിലനില്പിനാധാരം. ജലതന്മാത്രയേക്കാള്‍ തന്മാത്രാഭാരം വളരെ കൂടുതലുള്ള മറ്റനേകം വസ്തുക്കള്‍ വാതകാവസ്ഥയില്‍ ഇരിക്കാന്‍ വിധിക്കപ്പെടുമ്പോഴും തന്മാത്രാഭാരം വളരെ കുറഞ്ഞ ഈ 'വിശുദ്ധ തന്മാത്ര' ഈ ജൈവപ്രപഞ്ചത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പിന്‍റെയും തുടര്‍ച്ചയുടെയും ആദ്യകണ്ണിയായി എന്നതുതന്നെ ജീവന്‍റെ രഹസ്യങ്ങളിലേറ്റവും വലുത് "... ദൈവത്തിന്‍റെ ചൈതന്യം ജലത്തിനുമേല്‍ ചലിച്ചുകൊണ്ടിരുന്നു..." എന്ന് ബൈബിള്‍. ഈ ജീവചൈതന്യം കെടുത്തിക്കളയാന്‍ നമുക്കവകാശമില്ല, ആരെയും നാമതിന് അനുവദിക്കുകയുമരുത്. നമ്മുടെ ഓരോ ജലസ്രോതസ്സിനു ചുറ്റും കണ്ണിമചിമ്മാതെ നാം കാവല്‍ നില്‍ക്കേണ്ടതുണ്ട്, ഒരു പ്രാര്‍ത്ഥനപോലെ. കാരണം, അതിവേഗം ലോകം ഒരു മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു, നമ്മുടെ രാജ്യവും പിന്നെ നമ്മുടെയീ നാടും.

പൊള്ളുന്ന മീനപ്പകലുകളിലും പുഴയ്ക്കക്കരെ നിന്നെത്തുന്ന ഒരു തോണിപ്പാട്ടിനായ് കാത്തു നില്‍ക്കുന്ന കേരളീയ ചിത്രങ്ങള്‍ ഇന്നു നമുക്കന്യം. വഴിയിറമ്പത്തെ കണ്ടനോലിയില്‍ നിന്നും ചിരട്ടയില്‍ വെള്ളം മുക്കിക്കുടിച്ച് തുടരുവാനായ് ഇനി നമുക്കൊരു യാത്രയില്ല. കത്തുന്ന വേനലറുതിയിലും ഊഷരമായ മണ്ണിന്‍റെ ദുഃഖം ചുരത്തുന്ന ഒരു കൊച്ചരുവിയുടെ നേര്‍ത്ത ചിലമ്പല്‍ ഇനി നമുക്ക് സാന്ത്വനമായ് കൂട്ടിനില്ല. ഹരിതസ്വപ്നങ്ങള്‍ക്കു തീപിടിക്കുന്ന രാവിന്‍റെ അശാന്തിയില്‍നിന്നും കത്തുന്ന മറ്റൊരു പകലിന്‍റെ ക്രൂരതയിലേക്ക് നാം വീണ്ടും ഞെട്ടിയുണരുന്നു.

ഒരു തുള്ളി വെള്ളംപോലും മലിനപ്പെടുത്തരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലോടെ...
ഒരുതുള്ളി വെള്ളം പോലും പാഴാക്കിക്കളയരുതെന്നുള്ള പ്രാര്‍ത്ഥനയോടെ...

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts