കുറേ ദിവസങ്ങളായി ഒരു ദൃശ്യം നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ഒരധ്യാപകന്‍റെ അറ്റുപോയ കൈപ്പത്തിയുടെ ദൃശ്യമാണത്. ഈ രംഗം ഒട്ടേറെ ആശങ്കകളും ആകുലതകളും നമ്മുടെ മനസ്സില്‍ നിറയ്ക്കുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെയൊക്കെ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നു? യഥാര്‍ത്ഥ വിശ്വാസികള്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്? മതത്തെക്കുറിച്ച് ഏതുപരിധിവരെ ചര്‍ച്ചചെയ്യാം? സഹിഷ്ണുതയും സമഭാവനയും നമുക്കിടയില്‍ ഇല്ലാതാവുകയാണോ? മതം രാഷ്ട്രീയവുമായി കൂടിച്ചേരുന്നതാണോ ഇതിനൊക്കെ കാരണം? ഇതില്‍ പൊതുസമൂഹത്തിന് എന്തുചെയ്യാന്‍ സാധിക്കും? ഇങ്ങനെ ചോദിച്ചുപോയാല്‍ ഒരവസാനമില്ല. ഉത്തരം കണ്ടെത്തത്തുക അത്ര എളുപ്പമല്ല.
അധ്യാപകന്‍റെ ഒരു സൂക്ഷ്മതക്കുറവ് ഏതെല്ലാം രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു! പി. ടി. കുഞ്ഞുമുഹമ്മദിന്‍റെ സിനിമയിലെ ഒരു ഭാഗത്ത് ഒരു പേരെഴുതിച്ചേര്‍ത്തപ്പോള്‍ മതവികാരം ചൂഷണംചെയ്തു വളരാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കുബുദ്ധികള്‍ക്ക് ഇരയെക്കിട്ടി. അധികാരരാഷ്ട്രീയം വോട്ടിനുവേണ്ടി ഏതു ശക്തിയെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഉദാഹരണം കൂടിയാണിത്. മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് ആരെയും തള്ളിപ്പറയാന്‍ സാധിക്കില്ല. നാക്കുകൊണ്ട് തള്ളിപ്പറഞ്ഞിട്ട് അണിയറയില്‍ സംബന്ധം കൂടും. ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും എല്ലാം വിളിച്ച്, ഏതു ഛിദ്രശക്തിയെയും പ്രോത്സാഹിപ്പിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുമ്പോള്‍ ബലിയാടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
ഈ സംഭവം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി നടക്കുന്ന മാറ്റത്തിന്‍റെ അനന്തരഫലമാണ്. മതവും ജാതിയുമെല്ലാം പൂര്‍വാധികം ശക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നല്ല ആശയങ്ങളല്ല ഇവിടെ ശക്തിപ്രാപിക്കുന്നത് എന്നതാണ് വിപര്യയം. അധികാരത്തെ വിരല്‍മുനയില്‍ നിര്‍ത്തി കാര്യസാധ്യത്തിനു ശ്രമിക്കുന്ന പ്രഷര്‍ഗ്രൂപ്പുകളായി മതങ്ങള്‍ മാറിയിരിക്കുന്നു. ആത്മീയതയുടെ വഴികള്‍ കൈവിട്ടുപോയിരിക്കുന്നു. സ്ഥാപനങ്ങളും പദവികളും പ്രധാനമാകുമ്പോള്‍ സാധാരണജനങ്ങള്‍ ചതുരംഗപ്പലകയിലെ കരുക്കളായി മാറുന്നു. നമ്മുടെ മതവികാരം എളുപ്പത്തില്‍ വ്രണപ്പെടുന്നു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കുപോലെയാണ് വിശ്വാസമെന്നു തോന്നുന്നു. ഒന്നിലും ഉറപ്പില്ലാത്തതിനാല്‍, ആഴമില്ലാത്തതിനാല്‍ സംഭവിക്കുന്നതാണിത്.
പുതിയ കാലത്തിന്‍റെ മറ്റൊരു പ്രത്യേകത ദൈവത്തിന് മനുഷ്യന്‍റെ കാവല്‍ ആവശ്യമായിരിക്കുന്നു എന്നതാണ്. മനുഷ്യന്‍ അത്രമാത്രം വളര്‍ന്നിരിക്കുന്നു! കോടികളുടെ ദേവാലയങ്ങള്‍ പണിത് ദൈവത്തെ കുടിയിരുത്തി നാം കാവല്‍നില്‍ക്കുന്നു. ചെറിയ കാര്യംമതി ദൈവത്തിനുവേണ്ടി ആയുധമെടുക്കാന്‍! ദൈവത്തെ എത്ര ചെറിയ ആളായിട്ടാണ് നാം കാണുന്നത്! നമ്മെക്കാള്‍ ചെറിയ മനസ്സുള്ള, വികാരങ്ങളുള്ള ഒരു സത്തയായി ദൈവത്തെ കാണുന്നവര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഈ പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാചൈതന്യത്തെ ജാതിക്കുള്ളില്‍, മതത്തിനുള്ളില്‍, ദേവാലയങ്ങള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തി, വരുതിയിലാക്കി കലഹിക്കാന്‍ ആര്‍ക്കാണ് അവകാശം? ദൈവത്തിന് ആരുടെയും കാവല്‍ ആവശ്യമില്ല. ഇന്നോ നാളെയോ വീണടിയുന്ന മനുഷ്യന്‍ ദൈവത്തിനു കാവല്‍ നില്‍ക്കുന്നതിലെ അല്പത്തരം നാം തിരിച്ചറിയേണ്ടതാണ്. പണവും അധികാരവും സ്വാധീനവും നേടാനും നിലനിര്‍ത്താനും ദൈവത്തെ, വിശ്വാസത്തെ, വിശുദ്ധരെ കരുവാക്കുന്നവര്‍ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. മതമാണ് ഏറ്റവും നല്ല ആയുധം എന്നു തിരിച്ചറിഞ്ഞവരാണ് സമര്‍ഥമായി അതിനെ ദുരുപയോഗം ചെയ്യുന്നത്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇതൊന്നും മനസ്സിലായെന്നു വരില്ല.
ഒരു മതേതരരാഷ്ട്രത്തില്‍ മതങ്ങളുടെ റോളെന്തായിരിക്കണം എന്നതിനെക്കുറിച്ച് നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. കുറച്ചുപേര്‍ക്ക് മതത്തിന്‍റെ പേരില്‍ ഏത് അതിക്രമവും കാണിക്കാമെന്നു വന്നാല്‍ ജനാധിപത്യവും മതേതരത്വവുമെല്ലാം നോക്കുകുത്തികളാകും. അധികാരത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അധികമൊന്നും ചെയ്യാന്‍ സാധിക്കില്ല. അശാന്തികള്‍ വിതച്ച് കൂടുതല്‍ അശാന്തി കൊയ്തെടുക്കുന്നവരെ നാം കരുതിയിരുന്നേ മതിയാവൂ. വീണ്ടും നാം മധ്യയുഗത്തിലേക്കു മടങ്ങാതിരിക്കണമെങ്കില്‍ വലിയ ജാഗ്രത ആവശ്യമാണ്. മതത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദങ്ങള്‍ നടത്താന്‍പോലും ആവാതെവന്നാല്‍ നാം മനസ്സ് അടഞ്ഞവരായിത്തീരും. അടഞ്ഞവാതിലിനു പിന്നിലിരുന്ന് അപരനുനേരെ ആയുധംചൂണ്ടി നില്‍ക്കുന്നവരായിത്തീരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
കുമാരനാശാന്‍റെയോ ശ്രീനാരായണ ഗുരുവിന്‍റെയോ മറ്റു കവികളുടെയോ മതസങ്കല്പങ്ങളോ, മാനവികതാദര്‍ശനമോ ഇനി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനോ ക്ലാസ്സില്‍ ചര്‍ച്ചചെയ്യാനോ ഒന്നും പറ്റാത്തകാലം എത്ര ഭയങ്കരമായിരിക്കും! അതു പഠിപ്പിക്കുന്നവര്‍ ഏതു പരിധിവരെ വ്യാഖ്യാനിക്കും? മുകളില്‍ തൂങ്ങിക്കിടക്കുന്ന ഒരു വാള്‍ കണ്ടുകൊണ്ടേ എന്തും സംസാരിക്കാനാവൂ. നാം എത്രമാത്രം ചുരുങ്ങിവരുന്നു എന്നതാണ് പ്രശ്നം. ഈ നാടിനെ മുന്നോട്ടുനയിച്ച നവോത്ഥാനമൂല്യങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷം വരുന്ന ശക്തികള്‍ക്ക് സമൂഹത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്നു. അവര്‍ വിശ്വാസത്തിന്‍റെ, മതത്തിന്‍റെ വക്താക്കളാകുന്നു. ഇത് അപകടകരമാണ്. മതം മനുഷ്യനുവേണ്ടിയാണല്ലോ. അവന്‍റെ/അവളുടെ നന്മയ്ക്കുവേണ്ടി!
വിശ്വമഹാകവി W.B. യേറ്റ്സിന്‍റെ 'ഈസ്റ്റര്‍ 1916' എന്ന കവിതയില്‍ ഇപ്രകാരം പറയുന്നു: "എല്ലാം മാറിയിരിക്കുന്നൂ. ഒരു ഭീകരസൗന്ദര്യം പിറവിയെടുത്തിരിക്കുന്നു." നമ്മുടെ സമൂഹവും വല്ലാതെ മാറിയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഒരു സൗന്ദര്യമാണ് ഇവിടെ പിറവിയെടുത്തിരിക്കുന്നത്. നാം ജാഗ്രത കാണിക്കേണ്ട കാലമാണിത്. അപരനെ ഹനിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ കരുതിയിരിക്കുക. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന യഥാര്‍ത്ഥവിശ്വാസികള്‍ സമൂഹത്തിനുവേണ്ടി പുറത്തുവരണം. ഈ ഭീകരസൗന്ദര്യമല്ല നാം ആഗ്രഹിക്കുന്നത്. ഈ ലോകജീവിതം മനോഹരമാക്കാനാണ് മതങ്ങളും വിശ്വാസങ്ങളും. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ തള്ളിക്കളഞ്ഞില്ലെങ്കില്‍...