ഒറ്റനോട്ടത്തില്‍ ഒരുവനെ ചില കള്ളികളിലൊതുക്കാവുന്ന വിധത്തിലായിട്ടുണ്ട് ഇപ്പോള്‍ കാര്യങ്ങള്‍. തട്ടവും സിന്ദൂരവും കുരിശും വെവ്വേറെ നഗ്നശരീരങ്ങളില്‍ ചാര്‍ത്തിയിട്ട്, അവയ്ക്കിടയില്‍ പൊതുവായൊന്നുമില്ലെന്നു സമര്‍ത്ഥിക്കപ്പെടുകയാണ്. അതിരുകള്‍ക്കു ബലമേറുന്നു. പൊതുവായുണ്ടായിരുന്നതൊക്കെയും വിസ്മരിക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്തിയതിന് അമിര്‍ അലിയെയും റാംചരണ്‍ ദാസിനെയും ഒരുമിച്ച് 1858 മാര്‍ച്ച് 18നു തൂക്കിലേറ്റിയ ഇടമാണ് അയോധ്യ എന്നതു നാമെന്നേ മറന്നുപോയി. അമ്പലപ്പണിക്കായി അയോധ്യയില്‍ കൂട്ടിയിട്ടിരിക്കുന്ന ഇഷ്ടികകള്‍ ലക്ഷോപലക്ഷം ഗ്രാമങ്ങളില്‍വച്ച് നടത്തിയ ശിലാപൂജയ്ക്കു ശേഷമാണ് അവിടെ എത്തിയിരിക്കുന്നത്. അയോധ്യ പ്രശ്നം കോടതി പരിഹരിച്ചാല്‍പ്പോലും ഇന്ത്യയെന്ന പൊതുവികാരത്തിനേറ്റ മുറിവ് ഉണങ്ങുമോ? പ്രൊഫ. ടി. ജെ. ജോസഫിന്‍റെ കൈ തുന്നിച്ചേര്‍ക്കപ്പെട്ടു എന്നത് ആശ്വാസകരംതന്നെ. അദ്ദേഹത്തിന്‍റെ അയല്‍പ്രദേശങ്ങളില്‍ മുസ്ലീംകടകള്‍ ബഹിഷ്കരിക്കപ്പെടുന്നു എന്ന വാര്‍ത്ത പക്ഷേ, തുന്നിച്ചേര്‍ക്കാനാവാത്തവിധം പൊതുമനസ്സ് ചിതറിയെന്നല്ലേ പറയുന്നത്?
ഒരു മഴവില്‍ സമൂഹമായിരുന്നു നമ്മുടേത്. തിരസ്കരിച്ചും തമസ്കരിച്ചുമല്ല, കൊണ്ടും കൊടുത്തുമാണ് നാളിതുവരെ നാം പുലര്‍ന്നിട്ടുള്ളത്. എല്ലാ ജാതിമതങ്ങളിലുംപെട്ട സ്ത്രീകളുടെ മുലപ്പാല്‍കുടിച്ചാണു താന്‍ വളര്‍ന്നതെന്നാണ് ബഷീര്‍ പറഞ്ഞിട്ടുള്ളത്. അതുപോലെ എത്രയെത്ര ധാരകളില്‍നിന്നും സ്തന്യം കുടിച്ചാണ് നാം നാമായിട്ടുള്ളത്. ഗീതയും ബൈബിളും ഖുറാനും മാത്രമല്ല, ആനന്ദും ഒ.എന്‍.വിയും ബഷീറും മാധവിക്കുട്ടിയും ജോണ്‍ എബ്രഹാമും ഒക്കെ മലയാളിമനസ്സിനെ പരുവപ്പെടുത്തിയിട്ടുണ്ട്. എ. കെ. ജി. യും അയ്യങ്കാളിയും പൊയ്കയില്‍ യോഹന്നാനും നാരായണഗുരുവും ഒക്കെ ചേര്‍ന്നാണ് നമുക്കു നൈതികബോധം നല്കിയത്. മിഷനറിമാര്‍ ഓടിനടന്നതുകൊണ്ടാണ് മിക്ക കുടിലുകളിലും അക്ഷരവെളിച്ചം തെളിഞ്ഞത്. കപില്‍ദേവിനെയും അസറുദ്ദീനെയും ബിഷന്‍സിംഗ് ബേദിയെയും കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റില്ല. ഉഷാ ഉതുപ്പും ബിസ്മില്ലാഖാനും യേശുദാസും എ. ആര്‍. റഹ്മാനും ഉണ്ട് ഇന്ത്യന്‍ സംഗീതസദസ്സില്‍. ഇന്ന് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുവായ പ്രതിഭാപാട്ടിലൂം സിഖായ മന്‍മോഹന്‍സിംഗും ക്രിസ്തീയ പശ്ചാത്തലമുള്ള സോണിയാഗാന്ധിയും ചേര്‍ന്നാണ്. പാക്കിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ ആദ്യം വെടിയേറ്റുവീണ ഇന്ത്യന്‍ പട്ടാളക്കാരന്‍ ഒരു മുസ്ലീമായിരുന്നു. ടെക്നോപാര്‍ക്കിലെ ശീതികരിച്ച മുറിയിലിരുന്ന് സോഫ്ട്വെയര്‍ നിര്‍മ്മിക്കുന്നയാള്‍ -അയാള്‍ ആര്‍. എസ്. എസ്. അനുഭാവിയോ, കുരിശുയുദ്ധത്തെ അംഗീകരിക്കുന്നവനോ ആകട്ടെ- ഉപയോഗിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടില്‍ അല്‍-ഖുമാ റസ്മി എന്ന അറേബ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ രൂപകല്പന ചെയ്ത അല്‍ഗോരിതമാണ്.
വിവിധയിനങ്ങള്‍ ചേര്‍ന്നു സ്വാദിഷ്ടമായ സാലഡ് രൂപപ്പെടുന്നതുപോലെ, വിവിധ സാമൂഹിക വിഭാഗങ്ങള്‍ സഹകരിച്ചും തിരുത്തിയും ഇവിടെ നിലനിന്നു. ഇന്നുപക്ഷേ ഇനംതിരിക്കാനും വേര്‍തിരിക്കാനുമുള്ള ശ്രമങ്ങള്‍ നുണപ്രചാരണത്തിന്‍റെ അകമ്പടിയോടെ നടത്തപ്പെടുകയാണ്. അപരനെക്കുറിച്ചുള്ള ഭീതി വളര്‍ത്തി അണികളെ ചേര്‍ത്തുനിര്‍ത്തുകയെന്നത് പണ്ടുമുതലേ ഫാഷിസത്തിന്‍റെ ആയുധമാണ്. ആദിമ ക്രിസ്ത്യാനികള്‍ മനുഷ്യമാംസം കഴിക്കുന്നവരും നിരീശ്വരന്മാരുമാണെന്ന് അവരെ കൊന്നൊടുക്കുന്നതിനുമുമ്പ് നീറോ പ്രചരിപ്പിച്ചിരുന്നു. യഹൂദന്മാരെക്കുറിച്ച് 'ധാരാളികളായ തീറ്റക്കാര്‍' എന്നു നാസികള്‍ പറഞ്ഞുനടന്നു. നരേന്ദ്രമോഡി മുസ്ലീങ്ങളെക്കുറിച്ചു പറഞ്ഞത് അവരഞ്ചുപേര്‍ ഇരുപത്തഞ്ചായും പിന്നെയത് നൂറ്റിയിരുപത്തഞ്ചായും പെരുകുന്നുവെന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിംജനസംഖ്യാനുപാതത്തിനു നേരിയ മാറ്റമേ ഉണ്ടായിട്ടുള്ളൂ എന്ന സ്ഥിതിവിവരക്കണക്കിനു പോലും ഈ നുണയ്ക്കുമുമ്പില്‍ പിടിച്ചുനില്ക്കാനാകുന്നില്ല. സാങ്കല്പികമായ തിന്മകള്‍ ആരോപിച്ച് അപരനെക്കുറിച്ചുള്ള ഭീതികൊണ്ടും വെറുപ്പുകൊണ്ടും നാം നിറയുകയാണ്. ഇതരമതത്തെക്കുറിച്ചോ രാഷ്ട്രീയദര്‍ശനത്തെക്കുറിച്ചോ ഒരറിവും കൂടാതെ, അവരുടെ ഗ്രന്ഥങ്ങളുടെ ഒരു താളുപോലും മറിച്ചുനോക്കാതെ, പരസ്പരം പുറംചൊറിയുന്നവരുടെ കൂട്ടത്തിലിരുന്നു പടച്ചുണ്ടാക്കുന്ന ഭാവനകളും നുണകളും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍മാത്രം രൂപപ്പെടുത്തുന്ന അഭിപ്രായങ്ങളും എത്രയേറെയാണ് നാം കൊണ്ടുനടക്കുക. കുഞ്ഞുന്നാള്‍ മുതല്‍ തന്‍റെ മതത്തില്‍പ്പെട്ടവരോടൊപ്പം മാത്രമിരുന്നു പഠിച്ച്, അവരുടെ കടയില്‍നിന്നുമാത്രം പലവ്യഞ്ജനങ്ങള്‍ വാങ്ങി, അവരുടെ പുസ്തകവും പത്രവും മാത്രം വായിച്ച് ഒരു തലമുറ ഇവിടെ വളര്‍ന്നുവന്നാല്‍, ഏതെല്ലാം കല്പിതകഥകളായിരിക്കും അവരെ നയിക്കുക? അത്തരമൊരിടത്തില്‍ ഒരു ചെറുതീപ്പൊരിപോലും സകലതിനെയും നക്കിത്തുടയ്ക്കുന്ന പ്രളയാഗ്നിയായി മാറാം.
ഒരു മുസ്ലീം യഥാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നുവോ എന്നറിയാന്‍ ഒരെളുപ്പമാര്‍ഗ്ഗം അവിടുത്തെ ഒരു പാര്‍ലമെന്‍റംഗം നിര്‍ദ്ദേശിക്കുകയുണ്ടായി: ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ക്രിക്കറ്റ്മത്സരത്തില്‍ ഒരു കാണി ആരെ പ്രോത്സാഹിപ്പിക്കുന്നുവെന്നു നോക്കുക. അയാള്‍ പാക്കിസ്ഥാനെ പിന്തുണച്ചാല്‍ ഇംഗ്ലണ്ടിനോട് അയാള്‍ക്കു കൂറില്ലെന്ന് അനുമാനിക്കാമത്രേ. വൈജാത്യങ്ങള്‍ പെരുപ്പിക്കപ്പെടുകയാണ്. പശുമാംസം തിന്നുന്നവരോടൊപ്പം ഹിന്ദുക്കള്‍ക്കെങ്ങനെ കഴിയാനാകുമെന്ന് ആര്‍. എസ്. എസ്. ആചാര്യന്‍ ഗോള്‍വാല്‍ക്കാര്‍ ചോദിച്ചു. പരസ്പര വിവാഹമോ പൊതുവായ ഭക്ഷണമോ ഇല്ലാതെ എങ്ങനെ ഒരുമിച്ചു ജീവിക്കാമെന്നു ജിന്നയും ചോദിച്ചു. ഒരേ ക്രിക്കറ്റ് താത്പര്യവും ഒരേ ഭക്ഷണരീതിയും ഒരേ വിവാഹസമ്പ്രദായവും പാലിക്കുന്നവര്‍ ചേര്‍ന്നാണോ ഒരു രാഷ്ട്രമുണ്ടാകുക? ഒരേ മതവിശ്വാസമാണോ രാഷ്ട്രത്തെ നിര്‍ണ്ണയിക്കുന്നത്? അങ്ങനെയായിരുന്നെങ്കില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും വിഭജിക്കപ്പെടില്ലായിരുന്നു. ഒരേ ഭാഷയാണോ ആളുകളെ ഒരുമിച്ചുനിര്‍ത്തുന്നത്? അങ്ങനെയെങ്കില്‍ അയര്‍ലണ്ടില്‍ ചോരപ്പുഴ ഒഴുകില്ലായിരുന്നു. പറഞ്ഞുവരുന്നതു നമ്മെ ചേര്‍ത്തുനിര്‍ത്തുന്നത് മതമോ ഭാഷയോ വംശീയതയോ ഒന്നുമല്ല എന്നാണ്. അപരനെ ആദരവോടെ കാണാനും വ്യതിരിക്തതകളെ തുറവിയോടെ സമീപിക്കാനും തയ്യാറാകുമ്പോഴേ നമുക്കൊരുമിച്ച് ഒരു നിലനില്പു സാധ്യമാകു. നമ്മുടെ ചിന്തയും വിശ്വാസവും രീതിയും മാത്രമാണ് ശരിയെന്നു തോന്നിത്തുടങ്ങുമ്പോള്‍ നമ്മുടെ മനസ്സുകള്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ഒരുവനെക്കുറിച്ച് വിധി പ്രസ്താവിക്കുന്നതിനുമുമ്പ് അവന്‍റെ വീട്ടിലൊന്നു പോവുക, ഒരത്താഴം ആസ്വദിക്കുക, അവനെയൊന്നു കേള്‍ക്കുക. ചിലപ്പോള്‍ ചില മുന്‍വിധികള്‍ അഴിഞ്ഞുപോയേക്കാം. അടുത്തയിടെ ബനഡിക്ട് മാര്‍പ്പാപ്പയും മാര്‍ക്സിസ്റ്റ് ചിന്തകന്‍ യുര്‍ഗന്‍ ഹാബെര്‍മാസും ദീര്‍ഘമായ സംവാദത്തിലേര്‍പ്പെടുകയുണ്ടായി. പരസ്പരം മത്സരിച്ച ബറാക് ഒബാമയും ഹിലാരി ക്ലിന്‍റണും ഒരുമിച്ചുപ്രവര്‍ത്തിക്കുന്നത് നാം കാണുന്നുണ്ട്. ഗാന്ധിയെ ഒരുപാടെതിര്‍ത്ത അംബേദ്കര്‍ നെഹ്റുവിന്‍റെ മന്ത്രിസഭയിലംഗമായി. വ്യതിരിക്തതകള്‍ സഹവര്‍ത്തിക്കുമ്പോള്‍ ജയിക്കുന്നതു മാനവികതയാണ്. അല്ലെങ്കില്‍ ജയിക്കുക ജന്തുതയായിരിക്കും.
ഒ. എന്‍. വി. അതാണു പറഞ്ഞത്:
വെട്ടുക, മുറിക്കുക, പങ്കുവയ്ക്കുക
ഗ്രാമം, പത്തനം, ജനപദമൊക്കെയും!
കൊന്നും തിന്നും വാഴുക
പുലികളായ്, സിംഹങ്ങളായും.
മര്‍ത്യരാവുക മാത്രം വയ്യ!
ജന്തുത ജയിക്കുന്നു.
(അശാന്തിപര്‍വ്വം)