രണ്ടുകാലിന്‍റെയും തള്ളവിരലിന്‍റെയറ്റത്തുനിന്ന് കിരുകിരാന്നൊരു വേദനയും മരപ്പും. ഇതു പതിവില്ലാത്തതാണല്ലോ. തമ്പുരാന്‍ കണക്കു വിലക്കാനുള്ള മട്ടാണെന്നു തോന്നുന്നു. അന്തിമയങ്ങിയ നേരമാണോ? അല്ല, ഉച്ചതിരിയുന്നതേയുള്ളു. ചെന്തീമാലാഖായുടെ ടൈം ഇന്ത്യന്‍ സമയമായിരിക്കണമെന്നില്ലല്ലോ.
കാല്‍മുട്ടുകളിലൂടെ, അരക്കെട്ടിലൂടെ, എളിയിലൂടെ, വാരിയെല്ലുകള്‍ക്കിടയിലൂടെ തിങ്ങിഞെരുങ്ങി കിരുകിരുപ്പ് ചങ്കിന്‍കൂടിനടുത്തെത്തി. നെഞ്ചിന്‍കൂട് അമര്‍ന്നു. ഫുള്‍സ്റ്റോപ്പിടാന്‍ പോകുകയാണ്. ഉള്ളിലെ മാംസക്കഷണം പീഞ്ഞിപ്പോയി. തക്കാളിപ്പഴം പൊട്ടിയതുപോലെ കുറച്ചുചാറ് കൂട്ടില്‍നിറഞ്ഞു. പീഞ്ഞലിന്‍റെ ആഘാതത്തില്‍ കണ്ണും വായും ഇത്തിരി കൂടുതല്‍ തുറന്നുപോയി. ഇപ്പം കിറീലോട്ടു നോക്കിയാല്‍ ചത്തമീനിന്‍റെ കണ്ണും വായും പോലെയുണ്ട്.
ക്ലീം... സംഗതി പിടികിട്ടി. കഞ്ഞിവീഴ്ത്തലിനുള്ള സമയമായി. സ്നേഹഭാരത്തോടെ കഞ്ഞിപ്പാത്രം മേശപ്പുറത്ത് എത്തിയ ശബ്ദം.
"ഇതൊന്നു വേഗം വലിച്ചുകേറ്റ്..." കഞ്ഞിക്കാരിയുടെ സ്നേഹനിര്‍ബന്ധം.
പ്രതീക്ഷിച്ച മറുപടി കേള്‍ക്കാത്തതുകൊണ്ട് അവളൊന്നു പാളിനോക്കി.
"വായും പൊളിച്ച് കിടന്നാല്‍ കഞ്ഞി തന്നെയങ്ങുവരികേലാ." ആ വായ്നോക്കി വീണ്ടും നിര്‍ബന്ധിച്ചു. തത്തുല്യപദങ്ങളൊന്നും എന്നില്‍നിന്നു കിട്ടാത്തതുകൊണ്ട് അവള്‍ ഇത്തിരികൂടി അടുത്തുനിന്ന് വായിലേക്കു നോക്കി. പടക്കത്തിനു തിരികൊളുത്താന്‍ പേടിച്ചുപേടിച്ചു കൈനീട്ടുന്ന കുട്ടിയെപ്പോലെ അവള്‍ എന്‍റെ മൂക്കിന്‍റെ തുളകള്‍ക്കുനേരെ വിരല്‍കൊണ്ടുവന്നു. കാറ്റ് അടിക്കുന്നുണ്ടോയെന്നു നോക്കി. ടാപ്പില്‍ ഉടനെ വെള്ളമെത്തുമോയെന്നറിയാന്‍ അതിന്‍റെ വാ പൊത്തിപ്പിടിച്ചു നോക്കുന്നതുപോലെ അവള്‍ എന്‍റെ മൂക്കിന്‍റെ പൊത്തു രണ്ടും പൊത്തിപ്പിടിച്ചു. ഇത്തിരികഴിഞ്ഞ് കൈ അയച്ചു. തട്ടിപ്പോയിയെന്ന് ഉറപ്പുവരുത്തി. കഞ്ഞിപ്പാത്രം ബാത്ത്റൂമിലേക്കു നീണ്ടു. ഫ്ളെഷ് തുറന്നുവിട്ടതിന്‍റെ ശബ്ദം കേട്ടു. വീട്ടിലൊരു പട്ടിയെ വളര്‍ത്താത്തതില്‍ അന്നാദ്യമായി എനിക്കു നഷ്ടബോധം തോന്നി.
വീട്ടിലൊരു ഒച്ചയും അനക്കവുമൊക്കെയായി. എല്ലാവര്‍ക്കും ഒരു നേരമ്പോക്കു കിട്ടിയതിന്‍റെ സന്തോഷം. ഒരുകഷണം കീറത്തുണി എന്‍റെ കഴുത്തിന്‍റെനേരെ നീണ്ടുവരുന്നുണ്ട്. കുടുക്കിടാനാണോ? ഒരു നിമിഷം അനാവശ്യചിന്ത തലനീട്ടി. അതൊന്നുമല്ല. "ഭാ....ന്ന്" പൊളിഞ്ഞുകിടക്കുന്ന എന്‍റെ വായ് ഒന്നൊതുക്കി വയ്ക്കാനുള്ള നീക്കമാണ്. താടയ്ക്കടിയിലും നെറുകയിലും കൈചേര്‍ത്തുപിടിച്ച് ഒറ്റ അമക്ക്... ക്ര്‍ര്‍.... താടിയെല്ലു പിറുപിറുത്തു.
"രണ്ടു ചെവിയുടെ അടുത്തും ഒരോ കിഴുത്തയിട്".... ഞാന്‍ പേടിച്ചുപോയി. ഉള്ള കിഴുത്തതന്നെ അധികപ്പറ്റാ. പലപ്പോഴും അത് തന്നെ പൊത്തിപ്പിടിക്കേണ്ടി വന്നിട്ടുണ്ട്. വീണ്ടും അനാവശ്യചിന്ത. കിഴുത്ത തുണിക്കഷണത്തിലാണിട്ടത്. ഭിത്തിയില്‍ ചേര്‍ന്നു വളരുന്ന മുയല്‍ച്ചെവിയന്‍റെ ഇലപോലെ എന്‍റെ ചെവി രണ്ടും തുണിയുടെ ഇടയില്‍നിന്നും തെറിച്ചുനിന്നു. പിന്നെയും കിടക്കുന്നു രണ്ടു തുള അടയാതെ. ഇനി നീ ഇതിലോടെ ശ്വാസം വിടരുതെന്നു വാശിയുള്ളതുപോലെ അതില്‍ നിറച്ചും പഞ്ഞി കുത്തിത്തിരുകി കേറ്റി. കണ്ണിനോടു വലിയ ദ്രോഹമൊന്നും ചെയ്തില്ല. കണ്‍പോളകള്‍ വലിച്ചുതാഴ്ത്തി മൃദുവായി തിരുമ്മി അടച്ചു. ഇപ്പോള്‍ ഒരു ശവത്തിന് അത്യാവശ്യം വേണ്ട സിംബല്‍സൊക്കെയായി.
"എവിടെയെങ്കിലും കൊണ്ടുപോയി വയ്ക്ക്. ഒരു രാത്രി മെനക്കെടാനൊന്നും പറ്റുകേലാ."
"എന്തായാലും സംഗതി ക്ലോസായികിട്ടിയല്ലോ. ഇനി ധൃതിവയ്ക്കാനൊന്നുമില്ല. ആദ്യം ഇതെടുത്ത് മോര്‍ച്ചറിയിലേക്ക് വയ്ക്കാം."
നിമിഷനേരംകൊണ്ട് ഞാന്‍ മോര്‍ച്ചറിയിലെത്തി. ആവീം പരവേശോം എടുക്കാതെ ഇത്തിരിനേരം കിടക്കാമല്ലോ. ആവുന്നകാലത്ത് ഊട്ടീലും കൊടൈക്കനാലിലുമൊന്നും പോയി ഇത്തിരി തണുപ്പിക്കാന്‍ പറ്റിയിട്ടില്ല. ചീഞ്ഞുനാറാതിരിക്കാന്‍ വേണ്ടി എല്ലാം സഹിച്ചവിടെ കിടക്കുന്ന പലരേയും പരിചയപ്പെട്ടു.
"സംവരണനിലവാരം" കുത്തനെയങ്ങു കയറിയില്ലേ. കെട്ടിച്ചുവിട്ടവരും കെട്ടിവന്നവരും ചക്രം തിരിക്കാനുള്ള അവസരത്തിനായി കാലുപിടിക്കാനും കാലുവാരാനു മൊക്കെ പോയിരിക്കുവാ. തലയ്ക്കലിരിക്കാന്‍ സമയംകിട്ടുമ്പോള്‍ വന്നു കൊണ്ടുപോകും."
"നെഞ്ചത്തു രണ്ടു പൂച്ചക്രവും വച്ച്, വെടീംപുകേം കത്തിച്ച്, ചവുട്ടിക്കുതിച്ച് കൈനീട്ടിയടിച്ച് സലാം പറഞ്ഞേ വിടുകൊള്ളെന്നൊരു വാശിതീര്‍ക്കാനിട്ടിരിക്കുവാ. ഓര്‍ക്കപ്പുറത്തെത്തിയ ഒരുത്തനുണ്ടായ തിരിച്ചറിവു കാരണം ശാന്തമായൊന്നഴുകാന്‍പോലും ഇവന്മാരുടെ യൊക്കെ നല്ലനേരം നോക്കണം."
"കൊച്ചുമക്കളൊക്കെ ഏതോ താരസിങ്ങറില്‍ ലൈവാ. 'സങ്ങതി'കളെല്ലാം കളയാതെ നോക്കിയാല്‍ 'പ്രോപ്പള'മൊന്നുമില്ല, 'കാറും പ്ലാറ്റു'മൊക്കെ കിട്ടുമെന്നാ കേട്ടത്. എങ്കിപ്പിന്നെ 'പ്ലാറ്റി'ലൊന്നു കിടന്നിട്ടു പോകമല്ലോ.."
നേരം പുലര്‍ന്നു. രണ്ടു വെള്ളവസ്ത്രധാരികള്‍ എന്നെ എടുത്ത് ഒരു മേശപ്പുറത്തു കിടത്തി. വസ്ത്രമെല്ലാം മാറ്റി. ഒരു പീഡനത്തിനുള്ള തയ്യാറെടുപ്പാണോ? മെഡിക്കല്‍കോളേജു മോര്‍ച്ചറിയിലെ യുവതികളുടെ നഗ്നശരീരവും ശവക്കുഴിക്കകത്തുപോലും കൈയേറ്റം ചെയ്യപ്പെട്ട പെണ്‍കുട്ടിയുമൊക്കെ ഒരു ഫ്ളാഷ്ബാക്കായി. ച്ഛേ... ഇതും അനാവശ്യചിന്തയായിപ്പോയി. അവരെന്നെ കാലുറയും കൈയുറയും ഉടുപ്പുമൊക്കെ അണിയിക്കുക യാണ്. ചന്ദനം മണക്കുന്ന പെട്ടിയില്‍ നല്ല പട്ടു തലയണയില്‍ തലയുംവച്ച് ഞാന്‍ കിടന്നു. അല്ല കിടത്തി. മരണമൊന്നല്ലേയുള്ളു. ഇത്തിരി ഞെളിഞ്ഞുതന്നെ കിടന്നേക്കാം. കരിങ്കൊടികള്‍ കുത്തിയ വണ്ടികളുടെ അകമ്പടിയോടെ സ്റ്റേറ്റ് കാറിന്‍റെ വേഗതയില്‍ വീട്ടിലെത്തി.
ശവപ്പെട്ടി മേശപ്പുറത്തുവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു നിര്‍ദ്ദേശം "തല തെക്കോട്ട്" പിന്നെ നല്ല രസമായിരുന്നു. തെക്കേതെന്നു തര്‍ക്കമായി. എല്ലാ ദിക്കിലും കറക്കിത്തിരിച്ച് അവസാനം തെക്കില്‍ തന്നെയെത്തി. മലയാളഭാഷയിലെ അക്ഷരങ്ങള്‍ തിരിച്ചിട്ടും മറിച്ചിട്ടും എന്നെ പുന്നാരിച്ചിരുന്നവര്‍ "ഈ ആത്മാവിനോടു കരുണ തോന്നണമെ"യെന്നു നീട്ടി ചൊല്ലുന്നതു കേട്ടപ്പം എനിക്കും സങ്കടംവന്നു.
അധികനേരം അവിടെക്കിടന്നു വിഷമിക്കേണ്ടി വന്നില്ല. കുരിശും കുടേം മണിയുമൊക്കെ വന്നു. പിന്നാലെ വികാരിയച്ചനും. നേരെചൊവ്വെ ജീവിച്ചാല്‍ നിനക്കുകൊള്ളാം. നിന്‍റെ കാലും കൈയും കൂട്ടികെട്ടി മൂക്കില്‍ പഞ്ഞിവയ്ക്കാന്‍ അധികസമയമൊന്നും വേണ്ടി വരുകേലെന്ന് അച്ചനും കന്യാസ്ത്രീമാരുംകൂടെ ഈണത്തില്‍ പാടി. ഇതുകുറെ കേട്ടിട്ടുള്ളതാണെന്ന ഭാവത്തില്‍ ചുറ്റും നിന്നവരും അതേറ്റുപാടി.
മരിച്ചുകിടക്കുന്നവന്‍റെ വില നാലാളെ അറിയിക്കാനുള്ള അനുശോചന സന്ദേശം വികാരിയച്ചന്‍ അറിയിക്കാന്‍ തുടങ്ങി. യാതൊരു വിധ ഡിസ്ക്വാളിഫിക്കേഷന്‍സുമില്ലാത്ത റോള്‍മോഡല്‍ പൊന്നമ്മച്ചിയായി ഞാന്‍. ദീര്‍ഘനാള്‍ രോഗശയ്യയി ലായിരുന്ന ഈ അമ്മച്ചി ഏറെ സഹിച്ചു, അതിലേറെ ത്യജിച്ചു... എന്നൊക്കെ വികാരിയച്ചന്‍ പറഞ്ഞപ്പം ഒരപകടം ഞാന്‍ മണക്കാതിരുന്നില്ല.... ഭാവിയില്‍ ഒരു കുഴിതുറക്കലും മറ്റുമൊക്കെ അരങ്ങേറുമോ?
"നീ നല്ല വണ്ണം യുദ്ധം ചെയ്തു. നിന്‍റെ ഓട്ടം പൂര്‍ത്തിയാക്കി......" വികാരിയച്ചന്‍ പുഷ്പമുടിയുമായി അടുത്തുവന്നു.
"എന്‍റച്ചോ, യുദ്ധം ചെയ്യാന്‍പോയിട്ട്, നേരെചൊവ്വെ കളമൊന്നു കാണാന്‍പോലും ഒരുത്തനും അനുവദിച്ചില്ല. ഫിനീഷിങ്ങ് പോയിന്‍റ് കാണുന്നതിനുമുമ്പേ ഒരു മൂലയിലൊതുക്കിയില്ലേ..."
അഞ്ചാറുപേരുകൂടി എന്‍റെ പെട്ടി പൊക്കി തോളേല്‍വച്ചു. അഞ്ചരയടിക്കാരനും ആറടിക്കാരനും പെട്ടിയേല്‍ പിടിച്ചിട്ടുണ്ട്. ഓളത്തില്‍ പൊങ്ങിത്താഴുന്ന കൊതുമ്പുപോലെ എന്‍റെ പെട്ടി പൊങ്ങുകയും താഴുകയും ചെയ്തു. തല ശരിക്കുറപ്പിച്ചു വയ്ക്കാത്തതു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഇളകുന്നുണ്ട്. നല്ല രസകരമായ യാത്ര. പോന്ന വഴിക്കുള്ള മാട്ടേലും പോസ്റ്റേലുമൊക്കെ മള്‍ട്ടിക്കളറില്‍ എന്‍റെ പടം ഒട്ടിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളുടെ പരസ്യംപോലെ. വലിയമണിയുടെ ശബ്ദം കേട്ടുതുടങ്ങി. കുരിശിന്‍തൊട്ടിയിലെത്തി. ഇനി പത്തുനൂറു നടകള്‍ കയറണം. ഇവന്മാരു നേരെയങ്ങു കയറിപ്പോയാല്‍ ഞാന്‍ ഊര്‍ന്ന് തലകുത്തി വീണതുതന്നെ. പെട്ടിയുടെ വക്കേലൊന്നു പിടിക്കാമെന്നുവച്ചാല്‍ കൈയ്ക്കൊട്ടൊഴിവുമില്ല. രണ്ടുതള്ളവിരലും കൂട്ടികെട്ടി അതിനിടയിലൊരു കുരിശും കൊന്തേം തിരുകിയിട്ടുണ്ട്. 'തെക്കോട്ടു തലക്കാരന്‍' ഇടപെട്ടു. കാലുഭാഗം താഴ്ന്നു. അപകടമൊന്നും കൂടാതെ പള്ളിയിലെത്തി. അവിടെനിന്നു സ്വീകരിച്ചതിനും മേടിച്ചതിനുമൊക്കെ നന്ദി പറഞ്ഞു. "ജീവിതമെന്നു പറഞ്ഞാല്‍ വയലില്‍ വിരിയുന്ന പുല്‍ക്കൊടി പോലെയാണെ"ന്നൊക്കെ അച്ചന്‍ സാന്ത്വനിപ്പിച്ചു. നിന്‍റെ കിടപ്പാടത്തിലേക്കു പൊയ്ക്കോളാനും പറഞ്ഞു. വീണ്ടും എന്‍റെ പെട്ടി പൊങ്ങാന്‍ തുടങ്ങി.
"തലതിരിയട്ടെ" തെക്കോട്ടുതലക്കാരന് വീണ്ടും തല പ്രശ്നമായി.
ശവക്കോട്ടയില്‍ ചെന്നപ്പോള്‍ അച്ചന്‍ പറഞ്ഞു: "നീ പൊടിയാകുന്നു. പൊടിയിലേക്കു മടങ്ങുക." യാതൊരു സംശയവും അക്കാര്യത്തില്‍ തോന്നിയില്ല. വിശ്വാസം കൂട്ടിനെത്തി.
വികാരിയച്ചന്‍ പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്‍പ് ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു: "ഒരു ദിവസം അകത്തുള്ളവന്മാരേയും പുറത്തുള്ളവന്മാരേയുമൊക്കെ വിളിച്ചൊരു മഹാസമ്മേളനമുണ്ട്. അന്നാണ് സീറ്റു വിഭജന ചര്‍ച്ച. നീ തീര്‍ച്ചയായിട്ടും വലതുഭാഗത്തുതന്നെ ആയിരിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു." വെസ്റ്റ് വിഷസ് കേട്ടപ്പോള്‍ ഞാനും കടുത്ത വിശ്വാസത്തോടെ സ്വരംതാഴ്ത്തി പറഞ്ഞു: "സെയിം റ്റു യൂ ഫാദര്‍".
ഇനി മുത്തുനേര്‍ച്ചയാണ്. പത്തന്‍പതു തുണിക്കഷണം മൊന്തേലോട്ട് തുരുതുരാന്ന് വീണു. പെട്ടെന്ന് തലയണയില്‍ പിടിച്ച് ആരോ ഒറ്റവലി. പെടലി ഉളുക്കി. കൊന്തേം കുരിശും ബലമായി കൈയില്‍നിന്നും പിടിച്ചുവാങ്ങി. ഞാന്‍ തന്നെ ചുമന്നുകൊണ്ടുവന്ന ശോശാപ്പ വലിച്ചിട്ട് പുതപ്പിച്ചു. ഒരുത്തന്‍ പെട്ടിയുടെ കീഴേകൂടെ കൈ കുത്തിക്കേറ്റി. എന്നെയൊന്ന് ഇക്കിളിയിട്ട് ചിരിപ്പിച്ചു വിട്ടോക്കാമെന്നവനു തോന്നിയായിരിക്കും. അതും അനാവശ്യ കണക്കു കൂട്ടലായിപ്പോയി. അവന്‍ പെട്ടിയുടെ കീഴെന്ന് ഒരു കമ്പ് തട്ടിക്കളഞ്ഞു. എന്‍റെ ഞെളിവ് മാറി. ശരിക്കും ചത്ത ശവമായി. പെട്ടിയുടെ മൂടിയും പൊക്കിപ്പിടിച്ച് ഒരുത്തന്‍ അക്ഷമനായി നില്പുണ്ട്. അപ്പോഴല്ലേ തലയിണയുടെ കാര്യം തെക്കോട്ടുതലക്കാരന്‍റെ കണ്ണില്‍പെട്ടത്. "അതെടുത്ത് കാലിന്‍റെ മണ്ടേലോട്ടു വയ്ക്ക്". പോംവഴി കാണിച്ചു. പെട്ടി അടച്ചു. കൊളുത്ത് ആഞ്ഞുവലിച്ചിട്ടു. പാണ്ടിക്കല വല്ലത്തിന് കയറുകോര്‍ക്കുന്നതുപോലെ പെട്ടിയേല്‍ കയര്‍ കോര്‍ത്തു വലിച്ചെടുത്തു. ശവക്കുഴിയുടെ വക്കത്തെത്തി.
"തലതിരിയട്ടെ" തെക്കോട്ടുതലക്കാരന് എന്നെ തലതിരിച്ചേ മതിയാകൂ.
"എന്‍റെ കാര്‍ന്നോരെ, ഇങ്ങേരെത്രയൊക്കെ തിരിച്ചാലും ഞാന്‍ വലതുപക്ഷത്തെ നില്ക്കൂ. വികാരിയച്ചന്‍ പറഞ്ഞത് അനുസരിക്കേണ്ടായോ!!!!!"