news-details
മറ്റുലേഖനങ്ങൾ

ഭരണകൂടങ്ങളും രഹസ്യാത്മകതയും

അമേരിക്കന്‍ ഭരണകൂടത്തിന്‍റെ സമീപ ഭൂതകാലത്തെ അന്താരാഷ്ട്ര ബന്ധങ്ങളും വിനിമയങ്ങളും സംബന്ധിച്ച രഹസ്യരേഖകള്‍ വിക്കിലീക്സ് എന്ന വെബ്സൈറ്റ് പുറത്തുവിടുകയുണ്ടായി. രഹസ്യാത്മകതയുടെ പുറം തോലണിയിച്ച് അമേരിക്കന്‍ ഭരണകൂടം കാത്തുസൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഇതുവഴി പൊതുജന സമക്ഷം ലഭ്യമായത്. ഇതര രാജ്യങ്ങളോടും അവയുടെ ഭരണനേതൃത്വത്തോടുമെല്ലാം അമേരിക്കന്‍ ഭരണകൂടം പുലര്‍ത്തുന്ന പുച്ഛംനിറഞ്ഞ മനോഭാവവും, ദേശീയ സുരക്ഷ എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി ഏതറ്റംവരെയും പോകാനുള്ള നിരങ്കുശത്വവും ഇതുവഴി വെളിവായി. ഇതിനോടുള്ള പ്രതികാരമെന്നവണ്ണം വിക്കിലീക്സ് എന്ന വെബ്സൈറ്റ് നിരോധിക്കാനും അതിന്‍റെ ചുമതലക്കാരനായ ജൂലിയന്‍ പോള്‍ അസാന്‍ജെ എന്ന ആസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യിക്കുവാനുമാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്. ഭരണകൂടത്തിന്‍റെ ചെയ്തികളെക്കുറിച്ചറിയാനുള്ള പൗരജനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായാണ് അസാന്‍ജെയുടെ അറസ്റ്റും വിക്കിലീക്സ് വെബ്സൈറ്റിന്‍റെ നിരോധനവും വിലയിരുത്തപ്പെട്ടത്. എല്ലാ ഭരണകൂടങ്ങളും സൂക്ഷിക്കുന്ന രഹസ്യാത്മകതയെന്ന ജീവനതത്ത്വത്തെക്കുറിച്ച് നിര്‍ണ്ണായകമായ ചോദ്യങ്ങളാണ് രഹസ്യരേഖകളും പ്രകാശനത്തിലൂടെ വിക്കിലീക്സും, അസാന്‍ജെയുടെ അറസ്റ്റിലൂടെ അമേരിക്കന്‍ ഭരണകൂടവും ഉയര്‍ത്തുന്നത്.

ആധുനിക രാഷ്ട്രീയക്രമത്തില്‍ പൗരജനങ്ങള്‍ക്കുള്ള അവകാശങ്ങളില്‍ മുഖ്യമായവ അറിയാനുള്ള അവകാശവും, ആത്മപ്രകാശനാവകാശവുമാണ്. രാജാധികാരത്തില്‍നിന്ന് ജനാധികാരത്തിലേയ്ക്കു മാനുഷ്യകം കളം മാറിയ ഘട്ടത്തിലാണ് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവാത്തവയായി സ്ഥാനപ്പെട്ടത്. ഈ അവകാശങ്ങളുടെ അളവും വ്യാപ്തിയുമാണ് രാഷ്ട്രീയ ഘടനകളെ ജനാഭിമുഖ്യമുള്ളവയെന്നും അങ്ങനെയല്ലാത്തവയെന്നും തരംതിരിക്കാനുള്ള മാനദണ്ഡം.

പുരാതന - മദ്ധ്യകാലങ്ങളില്‍ സമൂഹമായിരുന്നു രാഷ്ട്രീയ ഘടനയുടെ ഏകകം. സമൂഹത്തില്‍നിന്നും വ്യക്തിയിലേയ്ക്ക് രാഷ്ട്രീയ ഏകകം പരിണമിക്കുന്ന ചരിത്രഘട്ടത്തിലാണ് ആധുനികതയും, ആധുനിക രാഷ്ട്ര സങ്കല്പവും പിറവിയെടുത്തത്. വ്യക്തിവാദത്തിന്‍റെ ഉദയത്തോടെ ജ്ഞാനമണ്ഡലവും കീഴ്മേല്‍ മറിഞ്ഞു. മനുഷ്യ വിജ്ഞാനത്തിന്‍റേയും പ്രവൃത്തിമണ്ഡലത്തിന്‍റെയും നാനാതലങ്ങളില്‍  അനുഭവപ്പെട്ട ഈ കീഴ്മറിവുകളിലാണ് കഴിഞ്ഞ അര സഹസ്രാബ്ദക്കാലത്തെ ലോകചരിത്രം ചുരുളഴിഞ്ഞത്.
ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള നാനാപ്രകാരത്തിലുള്ള ബന്ധങ്ങളാണ് ആധുനിക ജനാധിപത്യ രാഷ്ട്രീയഘടനകളുടെ ഉള്ളടക്കം. ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള ബന്ധങ്ങള്‍ ഒരേ സമയം സൗഹാര്‍ദ്ദവും സംഘര്‍ഷവും നിറഞ്ഞവയാണ്. വൈരുദ്ധ്യങ്ങള്‍കൊണ്ട് സമ്പന്നമായ സങ്കീര്‍ണ്ണതയാണ് ഈ ബന്ധവ്യവസ്ഥയുടെ അകംപൊരുള്‍. ചടുലവും ചലനാത്മകവുമായ പൗരസമൂഹത്തിന്‍റെ സാന്നിദ്ധ്യമാണ് ഭരണകൂടത്തെ ജനാഭിമുഖ്യമുള്ളതാക്കിത്തീര്‍ക്കുന്നത്. പൗരസമൂഹത്തിന്‍റെ അവകാശങ്ങളെ ധ്വംസിക്കാന്‍ ഭരണകൂടങ്ങള്‍ക്കു കഴിയില്ല. ഭരണകൂടവും പൗരസമൂഹവും തമ്മില്‍ അധികാരാവകാശങ്ങളിലുള്ള കൃത്യമായ ഈ വേര്‍തിരിവാണ് ജനാധിപത്യ വ്യവസ്ഥയെ ജീവത്താക്കി നിലനിറുത്തുന്നത്.

ഭരണകൂടം എന്ന രാഷ്ട്രീയസ്ഥാപനം വ്യവസ്ഥാഭേദമന്യേ മര്‍ദ്ദക സ്വഭാവമുള്ളതാണ്. ഹിംസയാണ് അതിന്‍റെ സ്ഥായിഭാവം. ഭരണകൂടത്തിന്‍റെ ഹിംസാത്മകതയെ മയപ്പെടുത്തി വരുതിയിലാക്കാനും ജനോപകാരപ്രദമായി ഉപയോഗിക്കാനുമാണ് പൗരസമൂഹങ്ങളുടെ ഉദ്യമം. ഈ ഉദ്യമം വിജയിക്കാനുള്ള മുന്നുപാധികളാണ് പൗരന്മാരുടെ ആത്മപ്രകാശനാവകാശവും അറിയാനുള്ള അവകാശവും.

ഭരണകൂടത്തിന്‍റെ ചെയ്തികളെക്കുറിച്ചറിയാനുള്ള അവകാശം അറിയാനുള്ള അവകാശം എന്ന സങ്കല്പനത്തിനുള്ളില്‍ ഉള്‍പ്പെടുന്നു. സത്യത്തില്‍ ഈ സങ്കല്പത്തിന്‍റെ കേന്ദ്രബിന്ദു തന്നെ ഈ അവകാശമാണ്.

ഭരണകൂടങ്ങള്‍ ഹിംസാത്മകതയോടൊപ്പം രഹസ്യാത്മകതയും നിറഞ്ഞതാണ്. അവയുടെ അധികാരം നിലനില്ക്കുന്നതുതന്നെ ഹിംസാത്മകതയും രഹസ്യാത്മകതയും വേര്‍പിരിക്കാനാകാത്തവിധം ഇഴചേര്‍ന്ന ബന്ധവ്യവസ്ഥയിലാണ്. ഒന്നൊഴിയാതെ എല്ലാത്തരം ഭരണകൂടങ്ങളും ഹിംസാത്മകതയും രഹസ്യാത്മകതയും തങ്ങളുടെ നിലനില്പിന്‍റെ അടിസ്ഥാനമായിത്തന്നെ കാണുകയും സംരക്ഷിച്ചുപോരുകയും ചെയ്യുന്നു.
അമേരിക്കന്‍ ഭരണകൂടം അതിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങളിലും ഇടപാടുകളിലും എങ്ങനെയെല്ലാമാണ് പെരുമാറിയിരുന്നതെന്നുള്ളത് അന്തര്‍ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധരുടെ വിശകലനത്തിനും വിമര്‍ശനങ്ങള്‍ക്കും ഏറെ വിഷയമായതാണ്. അവയെല്ലാം രഹസ്യാത്മകത ഭേദിച്ചെത്തുന്ന ചുരുക്കം ചില വിവരങ്ങള്‍ക്കും ശേഷം സൈദ്ധാന്തിക കല്പനകള്‍ക്കും ചുറ്റുമായാണ് കെട്ടിപ്പടുത്തിരുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ അധൃഷ്യമെന്നു കരുതിപ്പോന്ന ഈ രഹസ്യാത്മകതയുടെ ഇരുമ്പുമറയാണ് വിക്കിലീക്സ് തകര്‍ത്തെറിഞ്ഞത്. അതിലൂടെ ലോകജനതയോടൊപ്പം അമേരിക്കന്‍ പൗരജനങ്ങളും തിരിച്ചറിഞ്ഞത് തങ്ങളുടെ തുറന്ന സാമൂഹ്യഘടനയുടേയും, ജനാധിപത്യ ക്രമത്തിന്‍റെയും സംരക്ഷക വേഷമുള്ള ഭരണകൂടത്തിന്‍റെ മാരീചവേഷമാണ്.

തങ്ങളുടെ എതിരാളികളോടു മാത്രമല്ല, സഖ്യകക്ഷികളോടും അമേരിക്കന്‍ ഭരണകൂടത്തിന്‍റെ നടത്തിപ്പുകാര്‍ക്കുള്ള മനോഭാവം എന്തെന്നു വിശദമാക്കുന്ന നിരവധി രഹസ്യരേഖകള്‍ പുറത്തുവിട്ടു. തങ്ങളുടെ താന്‍പോരിമയിലുള്ള അതിരുവിട്ട വിശ്വാസവും അത് ആ ചന്ദ്രതാരം നിലനിറുത്താനുള്ള വ്യഗ്രതയും പുറത്തായ രഹസ്യരേഖകളിലൂടെ അമേരിക്കന്‍ ഭരണകൂടം വെളിപ്പെടുത്തുന്നു. ഇതര ഭരണകൂടങ്ങളോടും വ്യവസ്ഥകളോടും എത്ര പുച്ഛത്തോടെയാണ് അമേരിക്ക പെരുമാറി വന്നിരുന്നതെന്ന് ഈ രേഖകള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സാക്ഷ്യപ്പെടുത്തുന്നു.

സ്വന്ത    നയതന്ത്ര ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനത്തിനുപയോഗിച്ചുകൊണ്ട് മറ്റു രാജ്യങ്ങളിലെ ഭരണ-പ്രതിപക്ഷ നേതാക്കന്മാരെയും, ഭരണവ്യവസ്ഥയേയും പ്രക്രിയകളേയും കുറിച്ച് വിവരശേഖരണം നടത്താന്‍ അമേരിക്കന്‍ ഭരണകൂടം തെല്ലും മടിച്ചിരുന്നില്ല എന്ന വസ്തുത ഏറെ ഞെട്ടിപ്പിക്കുന്നതാണ്. നയതന്ത്രമേഖലയെ സംബന്ധിക്കുന്ന എല്ലാ അംഗീകൃത കീഴ്വഴക്കങ്ങളേയും ലംഘിക്കുന്ന തരത്തിലാണ് തങ്ങളുടെ നയതന്ത്രജ്ഞരെ ഉപയോഗിച്ചുകൊണ്ട് അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തനം
അമേരിക്കന്‍/പടിഞ്ഞാറന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ആണിക്കല്ലായി അവര്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന "രാഷ്ട്രീയ നൈതീകത"യുടെ എല്ലാ സീമകളേയും ഉല്ലംഘിക്കുന്ന തരത്തിലാണ് തങ്ങളുടെ രാഷ്ട്രീയ -സൈനിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തിയ/ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍. തങ്ങളുടെ ദേശീയ സുരക്ഷയുടെ യഥാര്‍ത്ഥ ശത്രു തങ്ങളുടെതന്നെ വിവേചനപരമായ വിദേശ നയമാണെന്നു തിരിച്ചറിയുന്നതിനുപകരം ഭാവനയില്‍ സ്വരൂപിച്ചെടുക്കുന്ന "ശത്രു" രാജ്യങ്ങളെ അതിനുള്ള നിദാനമായി ദര്‍ശിച്ച് പാടേ വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നത് എത്രമേല്‍ ദുരന്തമാകുമെന്ന് ഇറക്കും, അഫ്ഗാനിസ്ഥാനും വ്യക്തമാക്കുന്നു. "കൂട്ടക്കുരുതിക്കുള്ള ആയുധങ്ങള്‍" പടച്ചുവിടുന്ന "തെമ്മാടി രാജ്യ"മായി പ്രഖ്യാപിച്ചാണ് അമേരിക്ക ഇറാക്കിനെ ആക്രമിച്ചത്. എന്നാല്‍ ആക്രമണാനന്തരം "കൂട്ടക്കുരുതിയ്ക്കുള്ള ആയുധങ്ങള്‍" ഒന്നുംതന്നെ ഇറാക്കില്‍ നിന്നും കണ്ടെടുക്കാനായില്ലെന്നും, അതു കെട്ടിച്ചമച്ച ഒരു കഥയായിരുന്നുവെന്നും അമേരിക്കന്‍ ഭരണകൂടത്തിനുതന്നെ സമ്മതിക്കേണ്ടിവന്നു.

അഫ്ഗാനിസ്ഥാനിലാകട്ടെ, "താലിബാന്‍" പ്രതിഭാസത്തിന് ജന്മം നല്‍കിയത് അമേരിക്കയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളാണ്. അഫ്ഗാനിസ്ഥാനില്‍ കടന്നുകയറിയ സോവിയറ്റ് യൂണിയനെ പിന്‍മടക്കാന്‍ ഇസ്ലാമിക മൗലികവാദത്തെ കൂട്ടുപിടിക്കാനും ഉപയോഗപ്പെടുത്താനും അമേരിക്ക കൈക്കൊണ്ട തീരുമാനമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍  ഭരണത്തിന്‍ കീഴിലാക്കിയത്. തങ്ങള്‍ കുടം തുറന്നുവിട്ട ഇസ്ലാമിക മൗലികവാദത്തെ വീണ്ടും കുടത്തിലടയ്ക്കാനാകാതെ കുഴങ്ങുകയാണ് ഇപ്പോള്‍ അമേരിക്ക.

അമേരിക്കന്‍ ഭരണകൂടം സമീപ ഭൂതകാലത്തു നടത്തിയ ഇടപാടുകളുടേയും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അഹങ്കാര സമന്വിതമായ താന്‍പോരിമയുടേയും ഒരു നഖചിത്രമാണ് വിക്കിലീക്ക്സ് ഇതുവരെ പുറത്തുവിട്ട രഹസ്യരേഖകളിലുള്ളത്. വിക്കിലീക്സിന്‍റെ കൈവശമുള്ള രേഖകളുടെ വളരെ കുറച്ചൊരംശം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇനി പുറത്തുവരാനിരിക്കുന്ന രേഖകളില്‍ ഇതിലുമധികം വിവാദാത്മകവും സങ്കീര്‍ണ്ണവുമായ വിവരങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്.

ഭരണകൂടങ്ങള്‍ ഒന്നൊഴിയാതെ എടുത്തണിയുന്ന രഹസ്യാത്മകതയുടെ മറയാണ് വിക്കിലീക്സിന്‍റെ വെളിപ്പെടുത്തലുകളിലൂടെ അഴിഞ്ഞു വീണത്. ഭരണകൂടങ്ങളുടെ ഹിംസാത്മകതയെ അവ വച്ചുപുലര്‍ത്തുന്ന രഹസ്യാത്മകത എപ്രകാരമാണ് സേവിക്കുന്നതെന്ന് ഈ വെളിപ്പെടുത്തലുകള്‍ സുവ്യക്തമാക്കുന്നു.

(ലേഖകന്‍ ന്യൂഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയയിലെ അക്കാദമി ഓഫ് തേര്‍ഡ് വേള്‍ഡ് സ്റ്റഡീസില്‍ അദ്ധ്യാപകനാണ്)

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts