വലിയ അടുപ്പമൊന്നുമില്ലെങ്കിലും ഏറെ നാളായി പരിചയമുള്ള ഒരു കുടുംബം. വാര്‍ദ്ധക്യത്തിലായെങ്കിലും സാമാന്യം നല്ല ആരോഗ്യത്തോടെ കാര്യങ്ങളൊക്കെ ചെയ്യുന്ന മാതാപിതാക്കള്‍. സ്വകാര്യസ്ഥാപനത്തില്‍ ജോലിയും അല്‍പം രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെയായി ഓടിനടക്കുന്ന ഇളയമകന്‍റെ കൂടെയാണു താമസം. ഭാര്യയ്ക്കു ജോലിയൊന്നുമില്ല. വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കി നടത്തുന്നത് അവരാണ്. പള്ളിക്കാര്യങ്ങളിലൊക്കെ മുന്നില്‍ത്തന്നെയുള്ള കാരണവന്മാര്‍. ദാനധര്‍മ്മത്തിന് പേരുകേട്ട കാരണവര്‍. നാട്ടിലെ തര്‍ക്കപരിഹാരങ്ങള്‍ക്കും കുടുംബപ്രശ്നങ്ങളുടെ ഒത്തുതീര്‍പ്പുകള്‍ക്കുമൊക്കെ മദ്ധ്യസ്ഥനായി നാട്ടുകാര്‍ ആശ്രയിച്ചിരുന്നതും മൂപ്പരെയാണ്. അങ്ങനെ നാട്ടിലും ഇടവകയിലുമൊക്കെ ആദരണീയരായ മാന്യമായ ഒരു കുടുംബം. അങ്ങനെയൊരു കുടുംബത്തിലെ ഈ കാരണവര്‍, മകനെപ്പറ്റി, അവന്‍ നാട്ടിലൊക്കെ യോഗ്യനും നാട്ടുകാര്‍ക്കൊക്കെ വേണ്ടപ്പെട്ടവനുമാണെങ്കിലും കുടുംബത്തില്‍ അത്രയങ്ങു പോര, എന്ന പരാതിയുമായി സഹായത്തിനപേക്ഷിക്കുമ്പോള്‍ ഒരു കപ്പൂച്ചിനച്ചന് അതുപേക്ഷിക്കാന്‍ പറ്റത്തില്ലല്ലോ. നാട്ടുകാരുടെയൊക്കെ പ്രശ്നത്തിനു പരിഹാരം കാണുന്നയാള്‍ക്ക് എന്തേ സ്വന്തംകുടുംബത്തിലെ ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റാത്തതെന്നു ചോദിച്ചപ്പോള്‍ 'മുറ്റത്തെ മുല്ലയ്ക്കു മണമില്ലച്ചാ' എന്നു മറുപടി.
പരാതികള്‍ പലതായിരുന്നു. എന്നും വൈകിയേ വീട്ടിലെത്തൂ. വീട്ടിലുണ്ടെങ്കിലും കുടുംബപ്രാര്‍ത്ഥനയ്ക്കു കൂടാറില്ല. മിക്ക ഞായറാഴ്ചകളിലും പൊതുക്കാര്യവുമായിട്ടിറങ്ങും, പള്ളീല്‍ പോകാറില്ല. അതുകാരണം മക്കള്‍ക്കും അതിലൊന്നും തീരെ താത്പര്യമില്ലാതായി. ഇടവകയിലെ കാര്യങ്ങള്‍ക്കൊക്കെ അയാള്‍ നല്ലതുപോലെ സഹകരിക്കുന്നതുകൊണ്ട് വികാരിയച്ചനും കൂടുതല്‍ ഇടപെടാറില്ല.
മടിച്ചുമടിച്ചാണെങ്കിലും ആളിനെ വിളിച്ചപ്പോളേ വന്നു. സാമൂഹ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള തിരക്കിനെപ്പറ്റിയും, സമയക്കുറവിനെപ്പറ്റിയുമൊക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍, അതിലൊക്കെ ഉപരി കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ മിണ്ടാതിരുന്നു കേട്ടു. എതിര്‍ത്തൊന്നും പറഞ്ഞുമില്ല. അവസാനം ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ ഒരു ധ്യാനത്തിനുപോയി കൂടാമെന്നു സമ്മതിച്ചു പിരിഞ്ഞു.
പിന്നീടു ഞാനതിനെപ്പറ്റിയൊന്നും അന്വേഷിക്കാനുംപോയില്ല. അതു കൊറോണാക്കാലത്തിനു മുമ്പായിരുന്നു. അടുത്തനാളില്‍ വീണ്ടും കാരണവരുടെ വിളി. എല്ലാം നേരെ ആയതായിരുന്നു. പക്ഷേ ഇപ്പോള്‍ പഴയതിനേക്കാളും മോശമായ അവസ്ഥയിലാണ്. നേരിയതോതില്‍ മദ്യപാനവും തുടങ്ങിയിട്ടുണ്ട്, ഒന്നുകൂടി സഹായിക്കണമെന്നായിരുന്നു അപേക്ഷ.
ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഞായറാഴ്ചമാത്രമെ ഒഴിവുള്ളെന്നും അന്നു വരാമെന്നും സമ്മതിച്ചു. പറഞ്ഞൊത്ത സമയത്തുതന്നെ ആളെത്തി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മഴയത്തു വന്നതുകൊണ്ടാകാം കാറിന്‍റെ പുറംമുഴുവന്‍ ചെളിനിറഞ്ഞിരുന്നു.
"അച്ചന്‍ വിളിച്ചപ്പോളേ കാര്യമെനിക്കറിയാമായിരുന്നു. വലിയ ഫലമില്ലാത്ത കാര്യത്തിനാണു വന്നതെന്ന് അറിയാമെങ്കിലും, അച്ചനോട് അനാദരവു കാണിച്ചെന്നു തോന്നേണ്ട എന്നു കരുതിയാണു വന്നത്."
കയറിയിരുന്നപാടേ യാതൊരു മുഖവുരയില്ലാതെ അത്രയും അയാള്‍ പറഞ്ഞപ്പോള്‍തന്നെ മനസ്സു മടുത്തു.
"പണ്ടു ഞാന്‍ അച്ചന്‍റടുത്തു വന്നപ്പോള്‍ അച്ചനോടു കാര്യങ്ങള്‍ വിശദമായി പറഞ്ഞിരുന്നില്ല. എന്നെപ്പറ്റി അപ്പന്‍ എല്ലാവരോടും പറയാറുള്ളത് അച്ചനോടും പറഞ്ഞുകാണും എന്നെനിക്കറിയാം: 'നാട്ടുകാര്‍ക്കുകൊള്ളാം വീടിനു കാര്യമല്ലെന്ന്'. എന്നാല്‍ സത്യം ഞാന്‍ പറയട്ടെ, ഇതു ഞാന്‍ അപ്പനെപ്പറ്റി പണ്ടേ പറയേണ്ടതാണ്. പക്ഷേ ഞാനത് ഇന്നുവരെ ചെയ്തിട്ടില്ല, ഞാനതു ചെയ്യാത്തത് അപ്പന്‍റെ സല്‍പേരും കുടുംബത്തിന്‍റെ മാന്യതയുമോര്‍ത്താണ്. എനിക്കു കാര്യവിവരമില്ലെങ്കില്‍ നാട്ടുകാരെന്നെ മാനിക്കുമോ അച്ചാ? കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെപ്പറ്റി അച്ചന്‍ പറയാതെതന്നെ എനിക്കറിയാം. എന്നാല്‍ ആ ബോധം അപ്പനും വേണ്ടേ? അതിനെപ്പറ്റിയൊക്കെ പലപ്രാവശ്യം ഞാന്‍ അപ്പനോടു സംസാരിച്ചിട്ടുണ്ട്. ഒരു ഫലവുമുണ്ടായിട്ടില്ല. ഞാന്‍ ഏറ്റുമുട്ടാന്‍ പോകാത്തത് ദുഷ്പേരുണ്ടാകാതിരിക്കുന്നതിനാണ്. അതിനൂടെ നാട്ടുകാര്യവുമായി ഞാന്‍ പുറത്തു കറങ്ങുന്നു. ശരിയല്ലെന്നറിയാം. പക്ഷേ ശരിയാകത്തില്ല. അപ്പനു വയസ്സ് എണ്‍പതുകഴിഞ്ഞു. അപ്പന്‍റെ കാലശേഷം എനിക്കുവേണ്ടി എഴുതിവച്ചിട്ടുള്ള അഞ്ചെട്ടേക്കറു നല്ല ആദായമുള്ള വസ്തുവുണ്ട്. ഇപ്പോഴും അതിന്‍റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നതും ആദായമെടുക്കുന്നതും ചെലവാക്കുന്നതും അപ്പന്‍തന്നെയാണ്. വീതം വയ്ക്കുന്നതിനും ഞാന്‍ കല്യാണം കഴിക്കുന്നതിനുംമുമ്പേ എനിക്കു ജോലിയുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അന്നൊന്നും ഒന്നിനും അപ്പനെ ആശ്രയിക്കേണ്ടിവന്നില്ല. എന്നാല്‍ ഇപ്പോളത്തെ അവസ്ഥ അതല്ലല്ലോ. മക്കള്‍ മൂന്നുപേരുണ്ട്. മൂന്നുപേരും പഠിക്കുന്നു. കൈയിലുള്ളതുകൊണ്ടു തികയാതെ വരുമ്പോള്‍ അപ്പനോടു ചോദിച്ചാല്‍, നാട്ടുകാരെ നന്നാക്കാനിറങ്ങി കാശു കളയുന്നുതുകൊണ്ടാണ് കൈയില്‍ കാശില്ലാത്തതെന്നു പറയും. ഞാന്‍ വഴക്കിനു പോകാത്തതുകൊണ്ട് പുറത്താരും അറിയുന്നില്ല. ഞാന്‍ കടംവാങ്ങി കാര്യങ്ങള്‍ ഓടിക്കുമ്പോഴും അപ്പന്‍ എനിക്കെഴുതിവച്ചിരിക്കുന്ന വീതത്തില്‍നിന്നും എടുക്കുന്ന ആദായംകൊണ്ട് ഇഷ്ടംപോലെ ദാനം ചെയ്യുന്നതുകൊണ്ട് എല്ലാവരുടെയുംമുമ്പില്‍ ധര്‍മ്മിഷ്ടനാണ്, ഔദാര്യനിധിയാണ്. എന്‍റെ സഹോദരങ്ങള്‍ക്കും അവരുടെ വീതംകൊടുത്തു അവരും മാന്യമായി ജീവിക്കുന്നെങ്കിലും അവരുടെ ഏത് ആവശ്യത്തിനും അപ്പന്‍, ചോദിക്കാതെതന്നെ സഹായിക്കുകയുംചെയ്യും. സത്യത്തില്‍ ഭാര്യവീട്ടുകാര്‍ അത്യാവശ്യസമയത്തു സപ്പോര്‍ട്ടുചെയ്യുന്നതിനാല്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അവരും പറയുന്നതു വഴക്കിനു പോകണ്ടാ എന്നാണ്. അതുകൊണ്ട് അച്ചന്‍ അപ്പനെ ഉപദേശിക്കാനൊന്നും പോകണ്ട, മാറ്റമുണ്ടാകില്ലെന്നുറപ്പാണ്. എന്നെ ഉപദേശിക്കേണ്ട എന്നു പറയുന്നില്ല, പക്ഷേ അച്ചന്‍ പറയാന്‍ പോകുന്നതെന്തൊക്കെയാണെന്ന് അറിയാന്‍ പാടില്ലാത്തയാളല്ല ഞാന്‍. പിന്നെ മദ്യത്തിന്‍റെ കാര്യവും അപ്പന്‍ പറഞ്ഞുകാണും. ഞാന്‍ സ്വന്തംനിലയില്‍ ഒരു പരീക്ഷണത്തിനു ശ്രമിച്ചതാണ്. അതുകണ്ടെങ്കിലും അപ്പനു വല്ല മാറ്റവും വരുമെന്നു പ്രതീക്ഷിച്ചു. ദയനീയമായി പരാജയപ്പെട്ടു. അപ്പന്‍ കഴിഞ്ഞദിവസം ഭാര്യയോടു പറഞ്ഞു: 'ഞാന്‍ എല്ലാം അവനെ അങ്ങ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുവാരുന്നു. കുടികൂടി തുടങ്ങിയ സ്ഥിതിക്ക് ഇനി ഒരുതരത്തിലും പറ്റില്ല' എന്ന്. ഈ കേസു വിട്ടേക്കച്ചാ. ഇതു നേരിട്ടുവന്ന് അച്ചനോടു പറയാനാണ് ഞാന്‍ അച്ചന്‍ വിളിച്ചപ്പോളേ വന്നത്. പുത്തന്‍വണ്ടി വാങ്ങിച്ചാല്‍ എന്നും തൂത്തുതുടച്ചു കൊണ്ടുനടക്കാന്‍ തോന്നും. കുറച്ചുനാളത്തേക്ക് അല്‍പം ചെളിപറ്റിയാല്‍ ഉടനെ കഴുകുകയും ചെയ്യും. പഴകുംതോറും ആ താത്പര്യം കുറയും, പിന്നെപിന്നെ ചെളിയെവിടെയിരുന്നാലും വണ്ടി ഓടിയാല്‍പോരെ എന്നു തോന്നും. എന്‍റെ ഇപ്പോളത്തെ അവസ്ഥ അതാണച്ചാ. അല്‍പം മണ്ണും ചെളിയുമായി ഞാനങ്ങു ജീവിച്ചോട്ടെ. എന്തായാലും ഒരു വഴക്കിനും ഞാന്‍ പോകത്തില്ല."
എന്‍റെ മറുപടിപോലും കേള്‍ക്കാന്‍ താത്പര്യം കാണിക്കാതെ ആളു പോകാനെഴുന്നേറ്റു. വേഗംനടന്നു വണ്ടിയില്‍ കയറുമ്പോള്‍ അയാളു പറഞ്ഞതുപോലെ ആ കാറു കഴുകിയിട്ടു കുറെ ഏറെനാളായെന്നു തോന്നി. അയാളെ അതിനു കുറ്റം പറയാനാവുമോ???