പ്രളയം കഴിഞ്ഞു. ഇറങ്ങിപ്പോകുമ്പോള്‍ പുഴ നാടിനോടും വീടിനോടുമെല്ലാം വീണ്ടും കാണാം എന്ന് പറഞ്ഞിട്ടുണ്ടാകുമോ? പുഴ കയറിയിറങ്ങിയ വീടുകളിലേയ്ക്ക് മൂന്നാഴ്ചയ്ക്ക് ശേഷവും ജനങ്ങള്‍ മടങ്ങിത്തുടങ്ങുന്നതേയുള്ളൂ. പുഴ കൊണ്ടുപോയതിന്‍റെയും കൊണ്ടുതന്നതിന്‍റെയും കണക്കെടുപ്പുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പക്ഷഭേദമില്ലാതെ തന്നെ പ്രളയം തന്‍റെ വഴിയിലെ വീടുകളിലെല്ലാം കയറിപ്പോയെങ്കിലും അതിജീവനം അതികഠിനമാകുക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തന്നെയാണ്.
ജയപരാജയങ്ങളുടെ നിരവധി കഥകള്‍ പറയാനുണ്ടാകും ഈ പ്രളയത്തിന്. ജനങ്ങള്‍ സ്വയം ഏറ്റെടുത്ത് വിജയിപ്പിച്ച രക്ഷാദൗത്യം അത്യന്തം അഭിമാനകരമാണ്. പ്രളയകാലത്തേക്കാളുപരി പ്രളയത്തിനു മുന്‍പുള്ള ചില കാര്യങ്ങള്‍ പരിശോധിക്കുകയാണിവിടെ. ഒപ്പം തന്നെ പ്രളയാനന്തരകേരളത്തെക്കുറിച്ചുളള ചില പ്രാഥമികചിന്തകളും പങ്കുവെയ്ക്കുന്നു.
അപ്രതീക്ഷിതമോ ഈ മഹാപ്രളയം?
ലേഖനമെഴുതാനാവശ്യപ്പെടുമ്പോള്‍ ഫാ. ടോം ഉന്നയിച്ചതാണീ ചോദ്യം. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ലോകം ഗൗരവമേറിയ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. ഇതിന്‍റെ പ്രധാന പ്രത്യാഘാതങ്ങളിലൊന്ന് തീവ്രകാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവാണെന്ന് വിവിധ പഠനങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ പഠനങ്ങളെ സാധൂകരിക്കുന്ന അനുഭവങ്ങളനവധി നമുക്ക് മുന്നിലെത്തിയിട്ടുമുണ്ട്. 2013-ല്‍ ഉത്തരാഖണ്ഡിലും 2014-ല്‍ കാശ്മീരിലും 2015-ല്‍ ചെന്നൈയിലും ഉണ്ടായ പ്രളയങ്ങള്‍ക്ക് ശേഷം അടുത്തത് എവിടെയാണെന്നും കേരളത്തില്‍ എപ്പോഴാണ് വരികയെന്നും നമ്മളില്‍ പലരും ചോദിച്ചിരുന്നതാണ്. 2013-ലെ ഉത്തരാഖണ്ഡിലെ വന്‍പ്രളയത്തിനുശേഷം ഒന്നരമാസം കഴിഞ്ഞ് ആഗസ്റ്റ് 5ന് കേരളത്തില്‍ അതീവഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. പെരുമഴയില്‍ അന്ന് നിരവധി മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. 19 ജീവനുകളാണ് അന്ന് മാത്രം നഷ്ടപ്പെട്ടത്. ഇടുക്കിയും മുല്ലപ്പെരിയാറുമെല്ലാം മിക്കവാറും നിറഞ്ഞിരുന്നു. ഇടമലയാര്‍ അണക്കെട്ട് തുറന്നതുമൂലം പെരിയാറിന്‍റെ പ്രളയതലത്തില്‍ പണിത വിമാനത്താവളത്തില്‍ പുഴ കയറി. അടുത്ത ദിവസങ്ങളിലും കനത്ത മഴ പ്രവചിച്ചിരുന്നുവെങ്കിലും കര്‍ക്കിടകവാവുദിനമായ ആഗസ്റ്റ് 6ന് മഴ പെയ്തില്ല. അതിനടുത്ത ദിവസങ്ങളിലും പെയ്തില്ല. അന്ന് സൂചന തന്നുമടങ്ങിയ മഹാപ്രളയമാണിന്നുവന്നത്. 2016-17ലെ കൊടുംവരള്‍ച്ചയും 2017-ലെ ഓഖിയും കാലാവസ്ഥ മാറുന്നതിന്‍റെ സൂചകങ്ങള്‍ തന്നെയായിരുന്നുവല്ലോ.
അപ്പോള്‍ ഈ പ്രളയം അപ്രതീക്ഷിതമായിരുന്നു എന്ന് നമുക്കെങ്ങനെ പറയാനാകും? വിശേഷിച്ച് ഇത്തവണ ഇടവപ്പാതിക്ക് മുമ്പു മുതല്‍തന്നെ തുടര്‍ച്ചയായി പതിവില്‍ക്കവിഞ്ഞ ശക്തിയില്‍ മഴ പെയ്തുകൊണ്ടിരിക്കുകയും ആഗസ്റ്റ് 14 മുതല്‍ അതിശക്തമായ മഴ പ്രവചിക്കപ്പെടുകയും അണക്കെട്ടുകളെല്ലാം നിറഞ്ഞിരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തില്‍? എന്നിട്ടും നമ്മളാരും, ഈ ലേഖകന്‍ ഉള്‍പ്പെടെ, ഇത്ര വലിയ വെള്ളപ്പാച്ചില്‍ പ്രതീക്ഷിച്ചില്ല എങ്കില്‍ അത് അമിത ശുഭാപ്തി വിശ്വാസമല്ലേ?
കാലാവസ്ഥ മാറുന്നതിന്‍റെ നിരവധി ദൃഷ്ടാന്തങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും അത് തിരിച്ചറിയാത്തവരും തിരിച്ചറിഞ്ഞാലും അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്തവരുമാണ് കൂടുതലും. ആഗോളതലത്തില്‍ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും (ഈ പ്രവര്‍ത്തനങ്ങള്‍ തീരെ അപര്യാപ്തമാണെന്നത് മറ്റൊരു വിഷയമാണ്) നമ്മുടെ നാട്ടില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ പരിമിതികളുള്ള ഒരു സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പെട്ടിക്കകത്ത് വച്ച് പൂട്ടിയതിനപ്പുറം ഒന്നും നടന്നിട്ടില്ല. പശ്ചിമഘട്ടമലനിരകളെപ്പറ്റി ഈ കര്‍മ്മപദ്ധതിയില്‍ ഒന്നും പറയുന്നില്ലെന്ന വസ്തുത മാത്രം മതി അതിന്‍റെ പരിമിതി തിരിച്ചറിയാന്‍. പുതിയ സാഹചര്യത്തില്‍ ഈ രേഖ പൊടി തട്ടിയെടുത്ത് പൊതുസമൂഹത്തിന്‍റെ കൂടി പങ്കാളിത്തത്തോടെ പൊളിച്ചെഴുതാന്‍ അധികൃതര്‍ തയ്യാറാകുമോ? വ്യക്തിതലത്തിലും സമൂഹതലത്തിലും തയ്യാറാക്കുന്ന ഓരോ പദ്ധതിയും, ചെയ്യുന്ന ഓരോ പ്രവൃത്തിയും മാറുന്ന കാലാവസ്ഥയെ കൂടി പരിഗണിച്ചുകൊണ്ടാകുമോ? മാറ്റത്തിന് ആക്കം കൂട്ടുന്നതല്ലെന്നെങ്കിലും ഉറപ്പുവരുത്തിക്കൊണ്ടാകുമോ? നവകേരളം Climate resilent ആകുമോ? പ്രളയാനന്തരദിനങ്ങളില്‍ കണ്ട പരിസ്ഥിതിയോടുള്ള ആഭിമുഖ്യം വളരെ പെട്ടെന്ന് അന്തരീക്ഷത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്കാജനകമാണ്.
പശ്ചിമഘട്ടത്തെപ്പറ്റി
ജൂണ്‍ രണ്ടാം വാരം മുതല്‍ തന്നെ ഇത്തവണത്തെ മഴക്കാലദുരന്തങ്ങള്‍ ആരംഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ 14 ജീവനുകളാണപഹരിച്ചത്. അവിടുന്നിങ്ങോട്ട് ഈ മഴക്കാലത്ത് കേരളത്തില്‍ എത്രയിടത്ത് മലയിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായി എന്നതിന്‍റെ കൃത്യമായ കണക്കുകള്‍ എന്നെങ്കിലും പുറത്തുവരുമോ എന്നറിയില്ല. മഴക്കാലത്ത് ആകെ ജീവന്‍ നഷ്ടമായ 483 പേരില്‍ (സര്‍ക്കാര്‍ നിയമസഭയില്‍ വച്ച കണക്കാണിത്. 14 പേരെ കാണാനില്ലെന്നും പറഞ്ഞിരുന്നു). സിംഹഭാഗവും മലയിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലുമാണ് മരണമടഞ്ഞത്. ആദ്യഘട്ടങ്ങളില്‍ മലയിടിച്ചില്‍/ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞത് അവയില്‍ മിക്കതിന്‍റെയും സമീപത്ത് കരിങ്കല്‍ക്വാറികള്‍ ഉണ്ടായിരുന്നു എന്നാണ്. ഭൂവിനിയോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്ന പശ്ചിമഘട്ടമേഖലകളിലാണ് -ക്വാറികളും റോഡുകളും കെട്ടിടങ്ങളുമുള്‍പ്പെടെ -നാശനഷ്ടങ്ങളേറെയുമുണ്ടായിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇടുക്കി ജില്ലയെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വയനാടും തൊട്ടുപിന്നിലുണ്ട്. പശ്ചിമഘട്ടമലനിരകളില്‍ അവിടുത്തെ പരിസ്ഥിതിയോട്, പ്രകൃതിയോട് ചേര്‍ന്ന് എങ്ങനെ ജീവിക്കാമെന്ന് പതിറ്റാണ്ടുകളുടെ അനുഭവപാഠങ്ങളുടെയും ശാസ്ത്രത്തിന്‍റെയും പിന്‍ബലത്തില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയ ഗാഡ്ഗിലിനെയും കൂട്ടരെയും കല്ലെറിയാന്‍ കൂടിയ അണികളാണ് ഇന്ന് ഈ മലയിടിച്ചിലിന്‍റെ ഏറ്റവും വലിയ ഇരകള്‍ എന്നതാണ് അതില്‍ ഏറ്റവും ദു:ഖകരം. റിപ്പോര്‍ട്ടിലെഴുതിയിരിക്കുന്നത് തങ്ങളുടെ കൂടി നിലനില്‍പ്പിനുള്ള നിര്‍ദ്ദേശങ്ങളാണെന്ന് തിരിച്ചറിയാതെ, അഥവാ തിരിച്ചറിയാനുള്ള അവസരം നിഷേധിക്കപ്പെട്ട് ഇത് തങ്ങളെ കുടിയിറക്കാനുള്ള തന്ത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട് സമരം ചെയ്യുകവഴി അന്നും തങ്ങള്‍ ഇരകളാക്കപ്പെടുകയായിരുന്നു എന്ന് ഇനിയെങ്കിലും ഇവര്‍ തിരിച്ചറിയുമോ?
പശ്ചിമഘട്ടം കേരളത്തില്‍ എന്താണെന്ന് ഇനിയെങ്കിലും പൊതുസമൂഹം തിരിച്ചറിഞ്ഞേ പറ്റൂ. അന്നവും വെള്ളവും ഔഷധങ്ങളും മറ്റുപലതും ഉറപ്പുവരുത്തുകയും പ്രാദേശികകാലാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്ന ഈ മലനിരകളാണ് നമ്മുടെ നിലനില്‍പ്പും നമ്മുടെ സമ്പത്തും എന്ന് ഇനിയെങ്കിലും അംഗീകരിച്ചേ പറ്റൂ. എന്നിട്ട് അവിടെ ഇതിനകം ഏല്പിച്ചിട്ടുള്ള മുറിവുകള്‍ ഉണക്കാന്‍ കഴിയുന്നതെല്ലാം ചെയ്തേ പറ്റൂ. പശ്ചിമഘട്ട പരിസ്ഥിതി പുന:സ്ഥാപനം തന്നെയാകണം നവകേരളത്തിന്‍റെ കേന്ദ്രബിന്ദു.
പ്രളയത്തിലേക്ക് നയിച്ച ഘടകങ്ങള്‍
ഒരു മാസത്തില്‍ പെയ്യേണ്ട മഴ ഒരു ആഴ്ചയില്‍ പെയ്യുകയും ഒരു ആഴ്ചയില്‍ പെയ്യേണ്ട മഴ ഒരു ദിവസത്തില്‍ പെയ്യുകയും ചെയ്താല്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാതെ തരമില്ല. ഒരൊറ്റ ദിവസത്തില്‍ 30 മുതല്‍ 41 സെന്‍റീമീറ്റര്‍ വരെ മഴയും നാല് ദിവസത്തില്‍ 60 മുതല്‍ 99 സെ. മീ. വരെയും മഴ പലയിടത്തും രേഖപ്പെടുത്തിയിരുന്നു. അപ്പോള്‍ പെരുമഴ തീര്‍ച്ചയായും പ്രളയകാരണം തന്നെയാണ്. എന്നാല്‍ മഴ മാത്രമാണ് കാരണമെന്ന് വാദിക്കുമ്പോള്‍ മറ്റ് പിഴവുകള്‍ തിരുത്താന്‍ അവസരം നിഷേധിക്കുകയാണ് നമ്മള്‍. പാളിച്ചകള്‍/പോരായ്മകള്‍ വിനയത്തോടെ അംഗീകരിക്കുകയും വിവേകത്തോടെ തിരുത്തുകയും ചെയ്യേണ്ടത് അതിജീവനത്തിന് അനിവാര്യമാണ്.
ആദ്യം വനാവരണവും പിന്നാലെ മേല്‍മണ്ണും നഷ്ടപ്പെട്ട മലനിരകള്‍ക്കിന്ന് മഴവെള്ളത്തെ പിടിച്ചുനിര്‍ത്താനാകുന്നില്ല. അതിനാല്‍ സാമാന്യം ശക്തമായ മഴയത്ത് തന്നെ മലവെള്ളം വരുന്ന സ്ഥിതിയുണ്ടാകുന്നു. അതിശക്തമായ മഴയത്ത് മിക്കവാറും 100 ശതമാനം മഴവെള്ളവും കുത്തിയൊലിച്ച് താഴേയ്ക്ക് പോകുന്ന സ്ഥിതിയാണിന്നുള്ളത്. ഇടനാട്ടില്‍ പെയ്ത വെള്ളം സംഭരിക്കപ്പെട്ടിരുന്ന നെല്‍വയലുകളും കുളങ്ങളുമെല്ലാം നികത്തപ്പെട്ടതോടെ ആ വെള്ളവും പുഴയിലേക്കുള്ള വഴി തേടുകയാണ്. വെള്ളമൊഴുക്കിയിരുന്ന വഴികളടച്ചുകെട്ടിവന്ന നിര്‍മ്മിതികളും തൂര്‍ന്നുപോയ നീര്‍ച്ചാലുകളുമെല്ലാം വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയ ഘടകങ്ങള്‍ തന്നെയാണ്. അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് പ്രളയം ഇത്ര രൂക്ഷമാക്കിയ മറ്റൊരു ഘടകം. പ്രളയം ഏറ്റവും രൂക്ഷമായത് നിറയെ അണക്കെട്ടുകളുള്ള, അവയെല്ലാം തുറന്നു വന്‍തോതില്‍ വെള്ളമൊഴുക്കിവിട്ട പെരിയാര്‍, ചാലക്കുടിപ്പുഴ, പമ്പ നദീതടങ്ങളിലായിരുന്നു. അതേസമയം ഏറ്റവും ശക്തമായ മഴ ലഭിച്ച കുറ്റ്യാടിപ്പുഴയില്‍ (ആഗസ്റ്റ് 13 മുതല്‍ 16 വരെ 99 സെ. മീ.) സമാനമായ തോതില്‍ വെള്ളം പൊങ്ങിയില്ല. ആഗസ്റ്റ് 8ന് നിലമ്പൂരില്‍ 40 സെ. മീ. മഴ പെയ്തുവെങ്കിലും ചാലിയാറില്‍ മധ്യകേരളത്തിനു സമാനമായ പ്രളയം വന്നതായി അറിവില്ല.
പെരിയാറിലും ചാലക്കുടിപ്പുഴയിലും പ്രളയനിയന്ത്രണത്തില്‍ അണക്കെട്ടുകള്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് ഉറപ്പിച്ചുതന്നെ പറയാന്‍ കഴിയും. ലഭ്യമായ വിവരങ്ങള്‍ വെച്ച് പമ്പയിലും സമാനസ്ഥിതി തന്നെയാണ്. മഴക്കാലം പകുതിയാകുമ്പോഴേ നിറഞ്ഞ അണക്കെട്ടുകള്‍, പിന്നീട് ശക്തമായി മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ടായിട്ടും തുടര്‍ച്ചയായി നിറച്ച് തന്നെ നിര്‍ത്തിയതാണ് വൈദ്യുതിബോര്‍ഡിനുവന്ന പ്രധാനപാളിച്ച. ജൂലായ് പകുതി മുതല്‍ തുടര്‍ച്ചയായി പൂര്‍ണ്ണസംഭരണശേഷിയില്‍ നിലനിര്‍ത്തിയ അണക്കെട്ടുകള്‍ നിരവധിയാണ്. തരിയോട് (ബാണാസുരസാഗര്‍), പെരിങ്ങല്‍ക്കുത്ത്, കേരളാ ഷോളയാര്‍ (ജൂലായ് 27 മുതല്‍), പൊന്മുടി തുടങ്ങിയവയിലൊന്നും മഴ കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്തി പിന്നീട് പെയ്യുന്ന വെള്ളം സംഭരിക്കാനുള്ള സാഹചര്യമൊരുക്കിയില്ല. (ചാലക്കുടിപ്പുഴയില്‍ ഇത് പലവട്ടം ആവശ്യപ്പെട്ടതുകൂടിയാണ്). ഇടമലയാറിലാകട്ടെ, റിസര്‍വ്വോയറിലെ ജലനിരപ്പ് 100 ശതമാനം കടന്ന ശേഷം മാത്രമാണ് ആഗസ്റ്റ് 9ന് വെളുപ്പിന് ഒറ്റയടിക്ക് സെക്കന്‍റില്‍ 6 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. അന്നുച്ചയ്ക്ക് കുറച്ചു തുറന്ന ചെറുതോണിയിലെ ഷട്ടറുകളിലൂടെ അടുത്ത ദിവസം മുതല്‍ വന്‍തോതില്‍ വെള്ളം ഒഴുക്കാനാരംഭിച്ചതോടെ മഹാപ്രളയത്തിന് മുമ്പ് ഇടമലയാറിലെ വെള്ളം കുറയ്ക്കാന്‍ കഴിയാതിരിക്കുകയും പ്രളയദിനങ്ങളില്‍ അവിടെ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിടേണ്ടിവരികയും ചെയ്തു. അവിടെ ജലനിരപ്പ് പൂര്‍ണ്ണനിരപ്പിനേക്കാള്‍ 2 മീറ്ററെങ്കിലും താഴ്ത്തി നിര്‍ത്തിയിരുന്നുവെങ്കില്‍ ആലുവയുടെയും പറവൂരിന്‍റെയും പുത്തന്‍വേലിക്കരയുടെയും ചിത്രം ഇത്ര ദയനീയമാകില്ലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണികളായ ഇടുക്കിയും ഇടമലയാറും ഉപയോഗപ്പെടുത്തി പെരിയാറിലെ പ്രളയം നിയന്ത്രിക്കാനായില്ലെന്നത് അത് കൈകാര്യം ചെയ്യുന്നവരുടെ ആസൂത്രണത്തില്‍ വന്ന പിഴവ് തന്നെയാണ്. ചാലക്കുടിപ്പുഴയില്‍ മഴ കുറഞ്ഞുനിന്ന ഇടവേളകളില്‍ ഞങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ട വിധം ജലം ഒഴുക്കിവിട്ട് റിസര്‍വ്വോയറുകളിലെ ജലനിരപ്പ് താഴ്ത്തി നിര്‍ത്തിയിരുന്നുവെങ്കില്‍ 15-ന് രാത്രി പെരിങ്ങല്‍ക്കുത്ത് ഡാം കവിഞ്ഞ് 2 മീറ്റര്‍ മുകളിലൂടെ വെള്ളം ഒഴുകുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകില്ലായിരുന്നു. പുഴത്തടത്തിലെ പ്രളയരൂക്ഷത കുറച്ചെങ്കിലും കുറയ്ക്കാന്‍ കഴിയുമായിരുന്നു.
നവകേരളം എങ്ങനെ വ്യത്യസ്തമാകണം?
പ്രളയം തകര്‍ത്തതിന്‍റെ പുനര്‍നിര്‍മ്മാണമല്ല നവകേരളനിര്‍മ്മാണമാണ് ലക്ഷ്യം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നല്ലത്, കേരളചരിത്രം 2018 ഓഗസ്റ്റിനു മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കാനാകുമെങ്കില്‍, ആ വിഭജനത്തില്‍ പഴയ നന്മകളെ മാത്രം കൂടെ കൂട്ടാനാകുമെങ്കില്‍, കൂടെ ആവശ്യമായ പുതിയ നന്മകളും കൂടി കേര്‍ക്കാനാകുമെങ്കില്‍ തീര്‍ച്ചയായും പ്രതീക്ഷയ്ക്ക് വകയുണ്ട്. അഥവാ അങ്ങനെയാണെങ്കിലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ.
തെറ്റെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വികസന കാഴ്ചപ്പാടുകളും രീതികളും മാറുമോ എന്നത് തന്നെയാണ് ഏറ്റവും അടിസ്ഥാന ചോദ്യം. പ്രകൃതിവിഭവങ്ങളെ സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് വേണ്ടിയും പരിധികളില്ലാത്ത ഭൗതികസുഖസൗകര്യ വര്‍ദ്ധനവിനും വേണ്ടി ചൂഷണം ചെയ്യുകയും ആവാസവ്യവസ്ഥകളെ തകര്‍ക്കുകയും ചെയ്യുന്നത് ഇനി തുടരാനാകില്ല. നമ്മള്‍ ഈ പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിനിയമങ്ങള്‍ നമുക്കും ബാധകമാണെന്നും നവകേരളം ഉള്‍ക്കൊള്ളുമെന്നും പ്രത്യാശിക്കാം
നവകേരളം എങ്ങനെയാകണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും പൊതുസമൂഹത്തിലും ഇപ്പോള്‍ നടക്കുന്ന ആലോചനകള്‍ വ്യത്യസ്തധാരകളായാണ് പോകുന്നത്. ഇവ തമ്മിലുള്ള സംയോജനം ഉണ്ടാകണം. നവകേരളനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍ ചര്‍ച്ചയ്ക്കായി ഇവിടെ സൂചിപ്പിക്കട്ടെ.
ഹ സംസ്ഥാനത്തിന് സമഗ്രമായ ഭൂനയം ഉണ്ടാകണം. ഇതില്‍ സവിശേഷ ആവാസവ്യസ്ഥകളുടെ സംരക്ഷണം, ഭക്ഷ്യവിളകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കൃഷി എന്നിവയ്ക്കു വേണ്ട ഭൂമി ആദ്യം തന്നെ അടയാളപ്പെടുത്തി മാറ്റി വെയ്ക്കാനാകണം. അതിനുശേഷമുള്ള ഭൂമിയിലാകണം വലിയ അടിസ്ഥാന സൗകര്യവികസനം, വ്യവസായം തുടങ്ങിയവ. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാകണം ഓരോ പ്രദേശത്തെയും പ്രവര്‍ത്തനങ്ങള്‍.
തീര്‍ച്ചയായും ഏറെ വെല്ലുവിളികള്‍ ഇക്കാര്യത്തിലുണ്ടാകും. ചിലയിടത്തെങ്കിലും നിലവിലുള്ള ഭൂവിനിയോഗരീതികളില്‍ മാറ്റം വരേണ്ടതുണ്ട്. ഈ മാറ്റങ്ങള്‍ വ്യക്തമായ അറിവിന്‍റെയും തിരിച്ചറിവിന്‍റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ നടക്കണം.
പശ്ചിമഘട്ടമലനിരകളുടെ പരിസ്ഥിതി പുന:സ്ഥാപനം ഈ മലനിരകള്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെയെല്ലാം നിലനില്‍പ്പിന്‍റെ അടിസ്ഥാനമാണ്. അതിനപ്പുറം ആഗോളതലത്തില്‍ തന്നെ ജൈവവൈവിധ്യസംരക്ഷണത്തിനും കാലാവസ്ഥാനിയന്ത്രണത്തിനും ഈ മലനിരകളുടെ പങ്ക് വളരെ വലുതാണ്. പരിസ്ഥിതി പുന:സ്ഥാപനം എന്ന് പറയുമ്പോള്‍ അത് ഈ മലനിരകളെയെല്ലാം വനമാക്കുക എന്നല്ലെന്ന് ഇവിടെ വ്യക്തമാക്കപ്പെടണം. നിലവിലുള്ള വനമേഖലകള്‍ തീര്‍ച്ചയായും കൂടുതല്‍ സമ്പന്നമാകണം. ചില പ്രധാന വന്യജീവിസഞ്ചാരപഥങ്ങള്‍ ഇപ്പോള്‍ മുറിഞ്ഞുപോയിട്ടുണ്ടെങ്കില്‍ അത്തരം പ്രദേശങ്ങള്‍ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. അവിടെ ഇപ്പോള്‍ താമസിക്കുന്നവരുണ്ടെങ്കില്‍ അവരുടെ പൂര്‍ണ്ണസമ്മതത്തോടെ പുനരധിവാസം ഉറപ്പുവരുത്തിക്കൊണ്ട് തന്നെ വേണം ഇത് ചെയ്യാന്‍. ഈ മലനിരകളില്‍ നിയമവിധേയമായി ഇപ്പോള്‍ താമസിക്കുന്നവര്‍ തുടര്‍ന്നും അവിടെത്തന്നെ ജീവിക്കുകയും അവര്‍ ജീവിക്കുന്നതിനു ചുറ്റുമുള്ള ആവാസവ്യവസ്ഥകളുടെ സംരക്ഷകരാവുകയാണ് വേണ്ടത്. തങ്ങളുടെ ജീവിതശൈലിയില്‍ കാര്‍ഷികരീതിയില്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അത് ഒരേസമയം തങ്ങളുടെ കൂടി നിലനില്‍പ്പിനും പൊതുനന്മയ്ക്കും വേണ്ടിയാണെന്നും അവര്‍ തിരിച്ചറിയണം. മുന്‍വിധികളില്ലാതെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കപ്പെടണം, വിലയിരുത്തപ്പെടണം, അതിനോടൊപ്പം ആദവാസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയരുടെ അറിവും അനുഭവവും കൂടിച്ചേരണം. മറ്റ് വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഉള്‍ക്കൊള്ളണം. എന്നിട്ട് ഈ മലനിരകളുടെയും അതുവഴി ഈ നാടിന്‍റെയും നിലനില്‍പിനുള്ള ജീവിതക്രമം ഉരുത്തിരിയണം.
സംരക്ഷണവും ആണ് പ്രധാനമായ മറ്റൊരു ഘടകം. മണ്ണ്, ജലം, ജൈവസമ്പത്ത് എന്ന ത്രിത്വത്തെ ഒന്നായി കണ്ട് മാത്രമേ ജലആസൂത്രണം സാധ്യമാകൂ. പഞ്ചായത്ത്, ജില്ല തുടങ്ങിയ രാഷ്ട്രീയ അതിരുകളുടെ അടിസ്ഥാനത്തിലല്ല, ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളില്‍ നീര്‍ത്തടങ്ങളെയും നദീതടങ്ങളെയും അടിസ്ഥാനയൂണിറ്റുകളായി കാണണം. നദികളുടെ ഉദ്ഭവകേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടണം. പുഴയുടെയും പുഴത്തടങ്ങളുടെയും പ്രളയതടങ്ങളുടെയും അതിരുകള്‍ കൃത്യമായി രേഖപ്പെടുത്തണം. ഇതില്‍ പുഴത്തടങ്ങളില്‍ കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിപ്പിക്കപ്പെടണം. പ്രളയതടങ്ങളില്‍ ഇനിയെങ്കിലും നിര്‍മ്മാണങ്ങള്‍ ഒഴിവാക്കി അവിടം കാര്‍ഷികമേഖലയാക്കി നിലനിര്‍ത്താനാകണം. പുഴത്തീരങ്ങളുടെ ജൈവസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ഉറപ്പുവരുത്തണം. ജലവിനിയോഗത്തിന് ശാസ്ത്രീയമാനദണ്ഡങ്ങള്‍ക്കനുസൃതമായ മുന്‍ഗണനകള്‍ നിശ്ചയിക്കപ്പെടണം. പുഴയെ തടുത്തുകെട്ടുന്ന പുതിയ നിര്‍മ്മിതികള്‍ പരമാവധി നിരുത്സാഹപ്പെടുത്തണം. റിസര്‍വ്വോയറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാകണം. (ഇത് പ്രാദേശിക സവിശേഷതകളെയും കാലാവസ്ഥയെയും ഉള്‍ക്കൊള്ളുന്ന റ്യിമാശര ൃമെേലേഴ്യ ആയിരിക്കണം). നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇനിയെങ്കിലും ഒരു വികസനത്തിനുവേണ്ടിയും പരിവര്‍ത്തനം ചെയ്യുകയില്ലെന്ന് ഉറപ്പുവരുത്താനാകണം. ജലസ്രോതസ്സുകളെ അതിന്‍റെ വിശുദ്ധിയോടെ നിലനിര്‍ത്തുന്ന സംസ്കാരം വളര്‍ന്നുവരണം.
അതിവൃഷ്ടിയും അനാവൃഷ്ടിയും കൊടുങ്കാറ്റുകളും ഭൂചലനങ്ങളുമല്ലാം പ്രതീക്ഷിക്കേണ്ട ഘട്ടത്തിലാണ് നമ്മള്‍. എന്നാല്‍ ദുരന്തങ്ങള്‍ ഉണ്ടാകാമെന്ന് കരുതിക്കൊണ്ട് നിരന്തരഭീതിയില്‍ കഴിയുകയല്ല ചെയ്യേണ്ടത്. മറിച്ച് ദുരന്തസാധ്യതകള്‍ തിരിച്ചറിയാനും മുന്‍കരുതലെടുക്കാനും ഭരണസംവിധാനങ്ങളും ജനങ്ങളും പ്രാപ്തരാവുകയുമാണ് വേണ്ടത്. പ്രളയകാലത്തും അതിനുമുന്‍പും നമ്മുടെ ദുരന്തനിവാരണസംവിധാനം ഒരു ദുരന്തമായിരുന്നു എന്നുപറയാതിരിക്കാനാകില്ല. പുതിയ കാലത്ത് മഴയുടെയും അണക്കെട്ടുകളിലെ ജലനിരപ്പിന്‍റെയുമെല്ലാം അടിസ്ഥാനത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജലനിരപ്പ് എത്ര വരെ ഉയരാമെന്നും അങ്ങനെ ഉയര്‍ന്നാല്‍ അത് ഏതൊക്കെ പ്രദേശങ്ങളെ, ഏതൊക്കെ വീടുകളെ ബാധിക്കാമെന്നും അനുമാനിക്കാന്‍ കഴിയും. അതിനനുസരിച്ച് വെള്ളം കയറാനിടയുള്ള ഓരോ വീടുകളെയും അറിയിക്കാനും കഴിയും. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഇത്രയധികം ജനങ്ങള്‍ വെള്ളം കയറിയ വീടുകളില്‍ കുടുങ്ങിപ്പോകില്ലായിരുന്നു. ലക്ഷക്കണക്കിന് വീടുകളിലെ സഹസ്രകോടി രൂപ വിലയുള്ള വസ്തുക്കള്‍ നശിക്കില്ലായിരുന്നു. നവകേരളത്തിന് തീര്‍ച്ചയായും കാര്യക്ഷമമായ ദുരന്തനിവാരണസംവിധാനങ്ങള്‍ കൂടിയേ തീരൂ. അതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും പൊതുസമൂഹത്തിനുമുള്ള പ്രമുഖസ്ഥാനം വ്യക്തമായി നിര്‍വ്വചിക്കപ്പെടുകയും വേണം.
നിര്‍മ്മാണനിയന്ത്രണം മറ്റൊരനിവാര്യതയാണ്. ആര്‍ഭാടവും പൊങ്ങച്ചവും കാണിക്കാനുള്ള കൊട്ടാരസദൃശമായ വീടുകളും വാണിജ്യസ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളുമെല്ലാം അശ്ലീലമാണെന്ന് എത്രവേഗം സമൂഹം തിരിച്ചറിയുന്നുവോ അത്രയും ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ വര്‍ദ്ധിക്കും. വളരെ പരിമിതമായതും പ്രകൃതിക്കും പരിസ്ഥിതി സന്തുലനത്തിനും വലിയ ആഘാതങ്ങള്‍ ഏല്പിച്ച് ശേഖരിക്കുന്നതുമായ വിഭവങ്ങളാണ് നമ്മള്‍ ഈ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കെട്ടിടനിര്‍മ്മാണത്തിനു മാത്രമല്ല റോഡുകള്‍ക്കും മറ്റ് അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ക്ക് വേണ്ടിയും വരുംതലമുറകള്‍ക്ക് കൂടി അവകാശപ്പെട്ട ഈ വിഭവങ്ങള്‍ നമ്മള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇത് നിര്‍ത്തിയേ പറ്റൂ. നമുക്ക് അടിയന്തരമായി ഒരു വിഭവഓഡിറ്റ് (ഞലീൗൃരെല അൗറശേ) നടത്തേണ്ടതുണ്ട്. ഒപ്പം തന്നെ ആര്‍ഭാടങ്ങള്‍ക്കല്ല അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് നിര്‍മ്മിതികള്‍ എന്ന ഉറച്ച നിലപാട് ഉണ്ടാകണം.
സവിശേഷപ്രാധാന്യത്തോടെ കാണേണ്ടതാണ് തീരദേശമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. നിരവധി പ്രശ്നങ്ങള്‍ ഇപ്പോള്‍ത്തന്നെ നേരിടുന്നവരാണ് തീരദേശവാസികള്‍. കാലാവസ്ഥാവ്യതിയാനത്തിന്‍റെ വെല്ലുവിളികളും ഏറ്റവുമധികം നേരിടേണ്ടിവരുന്നത് ഇവര്‍ക്ക് തന്നെയാണ്. മത്സ്യബന്ധനമേഖലയിലെ സാധാരണജനങ്ങളുടെയും കടല്‍, കടല്‍ത്തീര ആവാസവ്യവസ്ഥകളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള നയസമീപനങ്ങളാണവിടെ ആവശ്യം.
മറ്റ് മേഖലകളിലും നിലനില്‍പ്പിലൂന്നിയുള്ള പരിസ്ഥിതിക്കിണങ്ങുന്ന പ്രവര്‍ത്തനപദ്ധതികള്‍ ഉരുത്തിരിഞ്ഞുവരണം. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന പുതിയ സംസ്കാരം ഉയര്‍ന്നുവരണം. ഇതില്‍ വിദ്യാര്‍ത്ഥിസമൂഹത്തിനും യുവജനങ്ങള്‍ക്കുമായിരിക്കണം പ്രധാനപങ്ക്.
നിരവധി പാഠങ്ങളാണ് ഈ മഴക്കാലം മലയാളിക്ക് നല്‍കുന്നത്. ഇത് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ തയ്യാറാകും എന്നതാണ് ഭാവികേരളത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുക. ദുരന്തമുഖത്ത് ഉയര്‍ന്ന കര്‍മ്മശേഷി പ്രകടിപ്പിച്ചവരാണ് നമ്മള്‍. നവകേരളനിര്‍മ്മിതിയിലും ഈ കര്‍മ്മശേഷി പ്രകടിപ്പിക്കാന്‍ പൊതുസമൂഹവും അതിനെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരും തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.