രാജീവ്ഗാന്ധി വധക്കേസില്‍ തൂക്കുമരം കാത്തു ജയിലില്‍ കഴിയുന്ന മൂന്നു പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്നു തമിഴ്നാട് നിയമസഭ ആവശ്യപ്പെട്ടതായി പത്രവാര്‍ത്തകളില്‍ കഴിഞ്ഞയിടെ നാം വായിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഇന്ത്യയില്‍ വധശിക്ഷ നിരോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്നതിനായി മിക്ക രാജ്യങ്ങളിലും ഈ ശിക്ഷാവിധി നിര്‍ത്തലാക്കിയെന്ന വസ്തുതയും അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ വധശിക്ഷയുടെ ധാര്‍മ്മികവശത്തേക്കുറിച്ചറിയാന്‍ പൊതുജനങ്ങള്‍ക്കു തീര്‍ച്ചയായും അവകാശമുണ്ട്. ക്രിസ്തീയ കാഴ്ചപ്പാടിലൂടെ ഈ പ്രശ്നത്തെ വിലയിരുത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനം.
പഴയകാല പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മരണശിക്ഷയെ അനുകൂലിക്കുന്ന നിലപാടായിരുന്നു പൊതുവെ ദൈവശാസ്ത്രം കൈക്കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെനാളുകളായി വേറിട്ട ഒരു ചിന്താധാര ചില ധര്‍മ്മശാസ്ത്രജ്ഞന്മാരിലെങ്കിലും പ്രത്യക്ഷപ്പെടുന്നതായി കാണാന്‍ സാധിക്കും. വധശിക്ഷ സാധൂകരിക്കപ്പെടുന്ന സാഹചര്യങ്ങളില്‍പ്പോലും ചില വ്യവസ്ഥകള്‍ പാലിക്കപ്പെടണമെന്ന് ഇന്നു ദൈവശാസ്ത്രജ്ഞര്‍ നിര്‍ബന്ധം പിടിക്കുന്നു. ഒന്നാമതായി, ഈ ശിക്ഷ നടപ്പാക്കാനുള്ള അധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടതും ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു ഭരണകൂടത്തിനു മാത്രമായിരിക്കണം. രണ്ടാമതായി, അത്രമേല്‍ ഗുരുതരമായ കുറ്റത്തിനു മാത്രമേ വധശിക്ഷ വിധിക്കപ്പെടാവൂ. സ്വാഭാവികമായും ചില അപൂര്‍വ്വസാഹചര്യങ്ങള്‍ ഒഴിച്ചാല്‍ കൊലപാതകം മാത്രമേ വധശിക്ഷ അര്‍ഹിക്കുന്നുള്ളൂ. മൂന്നാമതായി, മരണത്തിനു വിധിക്കപ്പെടുന്ന വ്യക്തി അര്‍ഹിക്കുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നു ധാര്‍മ്മികമായി ഉറപ്പുവരുത്തിയിരിക്കണം. ശിക്ഷ വിധിക്കുന്നതിനുമുമ്പ് പ്രതിക്കു തന്‍റെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും നല്‍കപ്പെടേണ്ടതുണ്ട്. മാത്രവുമല്ല നിഷ്പക്ഷമായ ഒരു കുറ്റവിചാരണയ്ക്കുള്ള പ്രതിയുടെ അവകാശം പൂര്‍ണ്ണമായും പാലിക്കപ്പെടേണ്ടതുമാണ്.
വധശിക്ഷ വിധിക്കാന്‍ ഗവണ്‍മെന്‍റിന് അധികാരമുണ്ടെന്നു ക്രിസ്തീയ ദൈവശാസ്ത്രജ്ഞര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഇതുമൂലം വധശിക്ഷ നിലനിര്‍ത്തണമെന്നതാണു ദൈവശാസ്ത്രത്തിന്‍റെ പൊതുവായ നിലപാടെന്നു തോന്നിപ്പോയേക്കാം. എങ്കിലും ഈ അഭിപ്രായൈക്യത്തിന്‍റെ പിന്നിലും വിഭിന്നമായ ചിന്താഗതികള്‍ ദര്‍ശിക്കാന്‍ കഴിയും.
കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടണമെന്നു സ്ഥാപിക്കാന്‍ പരമ്പരാഗതമായി മൂന്നു കാരണങ്ങള്‍ തത്വചിന്തകന്മാര്‍ മുന്നോട്ടുവയ്ക്കുന്നു. ആദ്യമായി, കുറ്റം ചെയ്തവര്‍ കുറ്റത്തിനനുസൃതമായ ശിക്ഷ അനുഭവിക്കുക എന്നതു സാമാന്യനീതി മാത്രമാണ്. രണ്ടാമത്തെ കാരണം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശിക്ഷ ഇടയാക്കുന്നു എന്നതാണ്. മാത്രവുമല്ല ഇതു മറ്റുള്ളവരെ ഇത്തരം പ്രവൃത്തികള്‍ അനുകരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. അവസാനമായി, ശിക്ഷ കുറ്റവാളിയെ തന്‍റെ തെറ്റിന്‍റെ ഗൗരവത്തെക്കുറിച്ചു ബോധവാനാക്കുന്നു, അതോടൊപ്പംതന്നെ കഴിഞ്ഞകാല പ്രവൃത്തികള്‍ക്കു പ്രായശ്ചിത്തം ചെയ്യാനും അങ്ങനെ വ്യക്തിത്വംതന്നെ നവീകരിക്കപ്പെടാനും കാരണമാകുന്നു.
വാസ്തവത്തില്‍ ശിക്ഷകളെല്ലാംതന്നെ 'ഓരോ പ്രവര്‍ത്തനത്തിനും തത്തുല്യമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്' എന്ന സാമാന്യതത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. അവ കുറ്റകൃത്യത്തിലൂടെ തകിടംമറിക്കപ്പെടുന്ന സാമൂഹിക മൂല്യശ്രേണിയെ പുനഃസ്ഥാപിക്കുന്നു; തകര്‍ക്കപ്പെടുന്ന ധാര്‍മ്മിക സംവിധാനത്തെ പുനരുദ്ധരിക്കുന്നു. എന്നിരുന്നാലും 'പകരത്തിനു പകരം' എന്ന ഈ കാഴ്ചപ്പാടില്‍ ശിക്ഷ പലപ്പോഴും പ്രതികാരത്തിന്‍റെ ഛായ കൈവരിക്കുന്നില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. ഒരു ക്രിമിനല്‍ തന്‍റെ പ്രവൃത്തിയിലൂടെ സമൂഹത്തെ ദ്രോഹിക്കുമ്പോള്‍ സമൂഹം നിയമപരമായ ശിക്ഷയിലൂടെ അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കുകയല്ലേ ചെയ്യുന്നത്?
മരണശിക്ഷയിലൂടെ കുറ്റകൃത്യത്തിനു തക്കപ്രതിഫലം കൊടുക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. ഉദാഹരണത്തിനു നരഹത്യയുടെ കാര്യംതന്നെ എടുത്താല്‍, ചില കൊലപാതകങ്ങള്‍ മറ്റു ചിലവയേക്കാള്‍ ശിക്ഷയര്‍ഹിക്കുന്നവയായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്കുള്ള ശിക്ഷകളും വ്യത്യസ്തമായിരിക്കണം. എന്നാല്‍ എല്ലാ കൊലപാതകങ്ങള്‍ക്കും വിധിക്കപ്പെടുന്ന വധശിക്ഷയെന്ന ഏക പരിഹാരമാര്‍ഗ്ഗമാകട്ടെ ഈ വ്യത്യാസങ്ങള്‍ പരിഗണിക്കുന്നേയില്ല. പണ്ടുകാലത്ത് ചില കുറ്റങ്ങള്‍ക്കു മരണംപോലും മതിയായ ശിക്ഷയായി കണക്കാക്കിയിരുന്നില്ല എന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്. അതുകൊണ്ടാവണം ക്രൂരമായ പീഡനത്തിനു ശേഷംമാത്രം പലപ്പോഴും മരണം വിധിച്ചിരുന്നത്. 'കുറ്റത്തിന് തക്ക പ്രതിഫലം' എന്ന തത്വം വധശിക്ഷയോടു ചേര്‍ത്തുവായിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്.
കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഏറ്റവും മികച്ച പ്രതിവിധിയായി വധശിക്ഷയെ കണക്കാക്കുന്നവരുമുണ്ട്. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നത് അവന്‍റെ ജീവന്‍തന്നെ ആയതുകൊണ്ട്, ജീവനെ അവനില്‍നിന്ന് പിടിച്ചെടുക്കുന്ന വധശിക്ഷ തന്നെയായിരിക്കണം അവനെ തിന്മയില്‍നിന്നും പിന്തിരിപ്പിക്കാനുള്ള മാര്‍ഗ്ഗം. ഈ ആശയഗതിയോട് യോജിക്കാത്ത ചില ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ വധശിക്ഷയേക്കാളും ജീവപര്യന്തം ആണ് കുറ്റകൃത്യങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഫലപ്രദം. ജീവപര്യന്തത്തിന്‍റെ യാതനയേക്കാളും ഒരു നിമിഷംകൊണ്ട് എല്ലാം അവസാനിക്കുന്ന മരണത്തെ ഇഷ്ടപ്പെടുന്നവരില്ലേ എന്ന് ഇവര്‍ ചോദിക്കുന്നു. ആത്മഹത്യാനിരക്കുകള്‍ സൂചിപ്പിക്കുന്നതു ശരിയാണെങ്കില്‍, കുറച്ചാളുകളെങ്കിലും അപമാനത്തേക്കാള്‍ മരണത്തെ പുല്‍കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ശിക്ഷയുടെ തീവ്രത അല്ല മറിച്ച് കണ്ടുപിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനുമുള്ള സാധ്യതയാണ് ഒരുവനെ കുറ്റകൃത്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് എന്ന വാദവും ചിന്താഗതിക്കു പിന്‍ബലമാകുന്നു. സ്ഥിതിവിവരക്കണക്കുകളും ഇതേ ദിശയില്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിനു മരണശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങളിലും നിരോധിക്കപ്പെട്ട രാജ്യങ്ങളിലും നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. കുറ്റകൃത്യങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതു മറ്റ് ചില ഘടകങ്ങളാണെന്ന് ഇവിടെ വ്യക്തമാകുന്നു.
വധശിക്ഷ എത്രമാത്രം ഒരു വ്യക്തിയില്‍ ഗുണപരമായ മാറ്റത്തിനു പ്രചോദനമാകുന്നു എന്ന ചോദ്യം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഈ ചോദ്യത്തിനു പ്രസക്തിയില്ലെന്നു തോന്നാം. ഒരു മനുഷ്യനെ വധിക്കുന്നതിലൂടെ അവന്‍റെ വ്യക്തിത്വത്തെ നവീകരിക്കാന്‍ എങ്ങനെ സാധിക്കും? ഇതിനുത്തരമായി ചിലര്‍ പറയുന്നത് സുനിശ്ചിതമായ മരണം വരാനിരിക്കുന്ന ലോകത്തെപ്പറ്റി ചിന്തിക്കാനും, അതുമൂലം പശ്ചാത്തപിക്കാനും ഇടയാക്കുമെന്നാണ്. മരണാനന്തരജീവിതത്തിലും അന്ത്യവിധിയിലും വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഈ വാദഗതിക്കു നിലനില്പ്പുള്ളൂ. സെക്കുലര്‍ സമൂഹത്തില്‍ ഈ കാഴ്ചപ്പാടിനു പ്രസക്തി തീരെയില്ലാതാകുന്നു. മരണശിക്ഷ ചിലപ്പോഴൊക്കെ ഒരു വ്യക്തിയുടെ മാനസാന്തരത്തിനു കാരണമായേക്കാം. എന്നു കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ വധശിക്ഷയും മനംമാറ്റവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.
സമൂഹത്തിന്‍റെ സുസ്ഥിതിയെത്തന്നെ തകരാറിലാക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള സ്വയം പ്രതിരോധമായി വധശിക്ഷയെ വ്യാഖ്യാനിക്കുന്നവരും അപൂര്‍വ്വമല്ല. ക്യാന്‍സര്‍ വന്ന ശരീരത്തിലെ ഭാഗം മുറിച്ചുനീക്കി മറ്റ് ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതുപോലെ കുറ്റവാളികളെ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യാവുന്നതാണ് എന്ന് ഇക്കൂട്ടര്‍ സമര്‍ത്ഥിക്കുന്നു. ശരീരവും സമൂഹവും തമ്മിലുള്ള ഈ താരതമ്യം അത്രകണ്ട് പൂര്‍ണ്ണമാണെന്നു പറയുവാന്‍ പ്രയാസമാണ്. ശരീരത്തിന്‍റെ ഒരവയവം എന്നതുപോലെയല്ല സമൂഹത്തില്‍ ഒരു വ്യക്തി. വ്യക്തിയുടെ അസ്തിത്വം പൂര്‍ണ്ണമായും സമൂഹത്തില്‍ ഒതുങ്ങിയതുമല്ല. ഒന്നു ചിന്തിച്ചാല്‍, വ്യക്തിക്കു സമൂഹത്തിന് അതീതമായ ഒരു സ്ഥാനം ഉണ്ട്.
സമൂഹത്തിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്ന് അംഗീകരിച്ചാല്‍ത്തന്നെയും വധശിക്ഷ അത്യന്താപേക്ഷിതമായ ഒരു പ്രതിരോധമാര്‍ഗ്ഗമാണോ എന്ന ചോദ്യം നിലനില്‍ക്കുന്നു. യുദ്ധം, ആഭ്യന്തര കലാപങ്ങള്‍ തുടങ്ങിയ ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിച്ചാല്‍ സമൂഹത്തിനു സ്വയംപ്രതിരോധിക്കാനായി അപരാധികളുടെ ജീവനെടുക്കേണ്ട ആവശ്യമുണ്ടോ? ശരിയായ നീതിന്യായ വ്യവസ്ഥയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തിലുമല്ലേ സമൂഹത്തിന്‍റെ യഥാര്‍ത്ഥ പ്രതിരോധം അടങ്ങിയിരിക്കുന്നത്? ജീവപര്യന്ത ശിക്ഷയിലൂടെതന്നെ കുറ്റവാളിയെ സമൂഹത്തില്‍ നിന്നകറ്റി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്നിരിക്കെ വധശിക്ഷ അനാവശ്യമായ ഒരു ശിക്ഷാവിധിയല്ലേ?
ഗവണ്‍മെന്‍റിന് തീര്‍ച്ചയായും മരണശിക്ഷ നടപ്പാക്കാന്‍ അധികാരമുണ്ട്. എന്നാല്‍ ഈ അധികാരം നിലനില്‍ക്കുന്നതു സാഹചര്യങ്ങള്‍ അത്രമേല്‍ തീവ്രമായി അതാവശ്യപ്പെടുമ്പോള്‍ മാത്രമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളെ അപേക്ഷിച്ച് വധശിക്ഷ നിരോധിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നു ഭൂരിഭാഗവും. നിലവിലിരിക്കുന്ന സാഹചര്യത്തില്‍ വധശിക്ഷ ക്രിമിനല്‍ കോഡില്‍ നിന്നും നീക്കംചെയ്യുകയോ അല്ലെങ്കില്‍ താത്കാലികമായി റദ്ദാക്കുകയോ ചെയ്യുകയായിരിക്കും ഉത്തമം.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടം മുതല്‍ മരണശിക്ഷ നിരോധിക്കണമെന്ന ആവശ്യം കത്തോലിക്കാസഭ പല വേദികളിലും ഉന്നയിക്കാന്‍ തുടങ്ങിയതാണ്. 1980-ല്‍ അമേരിക്കയിലെ കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് വധശിക്ഷയെക്കുറിച്ച് ഒരു പുനര്‍വിചിന്തനം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം പല മെത്രാന്മാരും, എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സുകളും സമ്പൂര്‍ണ്ണ വധശിക്ഷാ നിരോധനം നടപ്പിലാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്. വധശിക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും ആധികാരികമായ പ്രസ്താവനകള്‍ കാണാന്‍ സാധിക്കുന്നതു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലും (1992) 'ജീവന്‍റെ സുവിശേഷം' (1995) എന്ന പേപ്പല്‍ ചാക്രികലേഖനത്തിലുമാണ്. കത്തോലിക്കാസഭയുടെ ഭൂതകാല പാരമ്പര്യത്തിന് ഒരു വിരാമമിട്ടുകൊണ്ട് മതബോധനഗ്രന്ഥം വധശിക്ഷയ്ക്കെതിരെ ശക്തമായി സംസാരിക്കുന്നു, "അക്രമിയില്‍നിന്നു മനുഷ്യജീവനെ രക്ഷിക്കുന്നതിനും സമൂഹത്തിന്‍റെ ക്രമസമാധാനവും വ്യക്തികളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും രക്തരഹിതമായ മാര്‍ഗ്ഗങ്ങള്‍ മതിയാകുമെങ്കില്‍ അധികാരി അവ മാത്രമേ ഉപയോഗിക്കാവൂ; കാരണം പൊതുനന്മയുടെ പ്രായോഗിക നിബന്ധനകളോടും മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തോടും കൂടുതല്‍ യോജിച്ച് പോകുന്നത് അവയാണ് (n. 2267) മതബോധന ഗ്രന്ഥത്തില്‍ പറഞ്ഞുവച്ചിരിക്കുന്നത് 'ജീവന്‍റെ സുവിശേഷ'ത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ വീണ്ടും സമര്‍ത്ഥിക്കുന്നു. മാത്രവുമല്ല ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
പല രാജ്യങ്ങളിലും ഇന്നും തുടരുന്ന വധശിക്ഷ മനുഷ്യജീവന്‍റെ മൂല്യത്തെ മുറുകെപ്പിടിക്കുന്ന സഭയുടെ നിലപാടിന് വലിയൊരപവാദമായി നിലനില്‍ക്കുന്നുണ്ട്. സുരക്ഷിതമായ ജയിലുകളുള്ള രാജ്യങ്ങളില്‍ മരണശിക്ഷ അനുവദിച്ചുകൂടാത്തതാണെന്നും വധശിക്ഷ കത്തോലിക്കാ പഠനത്തിന് എതിരാണെന്നും വരുന്ന ദശകങ്ങളില്‍ സഭ പ്രഖ്യാപിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. ഇതുതന്നെയാണ് അടിമത്തം, പീഡനം, പലിശ, സഭയ്ക്കു പുറമെയുള്ള രക്ഷ, വിവാഹത്തിന്‍റെ ലക്ഷ്യം തുടങ്ങിയവയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കും സംഭവിച്ചത്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് ഉണ്ടായിരുന്നതിനു നേരേ വിപരീതമായ കാഴ്ചപ്പാട് ഈ വിഷയങ്ങളിലെല്ലാം വന്നതുപോലെ സമൂലമായ ഒരു മാറ്റം വധശിക്ഷയെ സംബന്ധിച്ച പഠനത്തിലും വരുന്ന ഒരു ദിനം അതിവിദൂരമല്ല.
(പരിഭാഷ: ആന്‍റണി ലൂക്കോസ്)