news-details
മറ്റുലേഖനങ്ങൾ

കേരളസഭയും സുവിശേഷവത്കരണവും

രണ്ടായിരമാണ്ടിനു മുമ്പുള്ള ഒരു പതിറ്റാണ്ട് സുവിശേഷവത്കരണ ദശകമായി ആഗോളസഭ ആചരിക്കയുണ്ടായല്ലോ. കേരളസഭയിലും ഇതോടനുബന്ധിച്ച് പല ആചരണങ്ങളും ആഘോഷങ്ങളും നടന്നു. എത്രമാത്രം ഫലപ്രദമായി ഇവ കേരളസഭയുടെ സുവിശേഷവത്കരണശ്രമങ്ങളെ സഹായിച്ചു എന്ന വിചിന്തനം ഉപകാരപ്രദമായിരിക്കുമെങ്കിലും അതിന് ഇവിടെ തുനിയുന്നില്ല. പകരം, ഇന്ന് കേരളസഭയില്‍ എങ്ങനെ സുവിശേഷവത്കരണം നടക്കുന്നുവെന്നും എത്രമാത്രം ഇതിനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകുന്നുണ്ടെന്നും ചിന്തിക്കുന്നതു പ്രയോജനകരമായിരിക്കും.

സുവിശേഷവത്കരണം ചില തെറ്റിദ്ധാരണകള്‍

ഒന്നാമതായി, സുവിശേഷവത്കരണത്തെ സംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. സുവിശേഷവത്കരണം  അഥവാ സുവിശേഷവേല എന്നുപറയുമ്പോള്‍ പലരും കരുതുന്നത്, ക്രൈസ്തവസാന്നിധ്യമില്ലാത്ത സ്ഥലങ്ങളില്‍ പോയി യേശുവിന്‍റെ പ്രബോധനങ്ങളെപ്പറ്റി പ്രസംഗിച്ച് ക്രൈസ്തവരല്ലാത്തവരെ മാനസാന്തരപ്പെടുത്തി ജ്ഞാനസ്നാനം നല്കി, സഭാസമൂഹങ്ങളെ സ്ഥാപിച്ച് അവര്‍ക്കുവേണ്ടി കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും മറ്റ് അജപാലനകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ രൂപീകരിക്കുക എന്നതാണ്. ഇതു വെറും ബാഹ്യമായ ഒരു കാഴ്ചപ്പാടാണ്. സുവിശേഷവത്കരണത്തിന്‍റെ ശരിയായ അര്‍ത്ഥം അറിയാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ പലരും വച്ചുപുലര്‍ത്തുന്നത്. യഥാര്‍ത്ഥ സുവിശേഷവത്കരണത്തിന്‍റെ ആരംഭകനും മോഡലും യേശു തന്നെയാണ്. അവിടുന്നു പ്രഘോഷിച്ചതും  പഠിപ്പിച്ചതുമാണ് എല്ലാ സുവിശേഷവത്കരണത്തിന്‍റെയും ഉള്ളടക്കവും മാനദണ്ഡവും.

യേശുവിന്‍റെ സുവിശേഷം അഥവാ സദ്വാര്‍ത്ത

സുവിശേഷം പ്രഘോഷിച്ചുകൊണ്ടാണ് യേശു പരസ്യജീവിതം ആരംഭിക്കുന്നത്. അവിടുന്നു പറഞ്ഞു: "സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1:15). ദൈവം മനുഷ്യനു നല്കുവാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്ന സമ്പൂര്‍ണ്ണവും ശാശ്വതവുമായ രക്ഷയുടെ (യുഗാന്ത്യോന്മുഖ രക്ഷയുടെ) സമയമാണ് പൂര്‍ത്തിയായതായി അവിടുന്നു പറയുന്നത്. ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവിടുന്നു അര്‍ത്ഥമാക്കുന്നത്, മനുഷ്യന്‍റെ ഈ രക്ഷ ലക്ഷ്യമാക്കിയുള്ള ദൈവത്തിന്‍റെ ഭരണമാണ്. ദൈവം മനുഷ്യനെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന, അവന്‍റെ തെറ്റുകളും പാപങ്ങളുമെല്ലാം നിരുപാധികം ക്ഷമിക്കുവാന്‍ സന്നദ്ധനായിരിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവാണെന്നു തുടര്‍ന്നുള്ള യേശുവിന്‍റെ പ്രഘോഷണങ്ങളും ഉപമകളും വിശദീകരണങ്ങളുമെല്ലാം വ്യക്തമാക്കുന്നു. മനുഷ്യന്‍റെ അപരാധങ്ങളും അകൃത്യങ്ങളും എന്തുതന്നെയായിരുന്നാലും, അനുതപിച്ച് അവയില്‍നിന്ന് പിന്മാറാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അവനോട് എല്ലാം നിരുപാധികം ക്ഷമിക്കപ്പെടും. ഈ ദൈവത്തെ മനുഷ്യനു പൂര്‍ണ്ണമായി വിശ്വസിക്കുകയും അവിടുത്തേക്കു സ്വയം വിട്ടുകൊടുക്കുകയും ചെയ്യാം. ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും നിരുപാധികം ക്ഷമിക്കുകയും ചെയ്യുന്നതുകൊണ്ട് മനുഷ്യന്‍ ഇനിമുതല്‍ അവിടുത്തെ ഇഷ്ടം നിറവേറ്റണം. ആ ഇഷ്ടമാണ് മനുഷ്യരുടെ - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും - സമ്പൂര്‍ണ്ണമായ രക്ഷയും സമഗ്രമായ വിമോചനവും. അതിനുവേണ്ടി ഓരോരുത്തരും നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യണം. സ്വര്‍ഗ്ഗീയ പിതാവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹത്തിനും മാപ്പിനുമുള്ള മനുഷ്യന്‍റെ മറുപടിയും നന്ദിയും ദൈവമക്കളായ സ്വസഹോദരങ്ങളോടുള്ള സ്നേഹവും ശുശ്രൂഷയുമാണ്. ഇതാണ് ഓരോ മനുഷ്യനെയും സംബന്ധിച്ചുള്ള ദൈവഹിതം. ഈ ദൈവഹിതം നിറവേറ്റുകയാണ് അവന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും സൗഭാഗ്യവും.

സുവിശേഷത്തിന്‍റെ മൂല്യങ്ങള്‍

മനുഷ്യരെല്ലാവരും ദൈവമക്കളാകയാല്‍ ഓരോരുത്തരും തന്‍റെ അയല്‍ക്കാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്നും അയല്‍ക്കാരനെ സ്നേഹിക്കുന്നതിലൂടെയാണ് ദൈവത്തെ സ്നേഹിക്കുന്നതെന്നും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്ന ഏറ്റവും നിസ്സാരമായ സേവനംപോലും ദൈവസേവനമാണെന്നും അവിടുന്നു പഠിപ്പിച്ചു. ശത്രുക്കളെപ്പോലും സ്നേഹിക്കുകയും ഉപദ്രവം ചെയ്തിട്ടുള്ളവര്‍ക്കുപോലും ഉപകാരം ചെയ്യുകയും ചെയ്യുമ്പോഴാണു നാം സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കളെന്ന പദവിക്ക് അനുയോജ്യരായിത്തീരുന്നതെന്നും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു കാണിച്ചുതന്നു. ദൈവമക്കളെല്ലാവരും ദാരിദ്ര്യത്തിലും രോഗത്തിലും സര്‍വ്വോപരി പാപത്തിലുംനിന്നു മോചിതരായി, ശാരീരികവും മാനസ്സികവുമായ എല്ലാ അടിമത്തങ്ങളെയും വലിച്ചെറിഞ്ഞ്, സന്തോഷത്തിലും സമാധാനത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും സഹവര്‍ത്തിത്വത്തിലും ഒത്തൊരുമിച്ചു ജീവിക്കണമെന്നാണു ദൈവം ആഗ്രഹിക്കുന്നത്.

തടസ്സം - സ്വാര്‍ത്ഥത

യേശു പ്രഘോഷിച്ച ഈ സുവിശേഷമൂല്യങ്ങള്‍ സ്വീകരിക്കാനും ജീവിക്കാനും തടസ്സമായി നില്ക്കുന്ന ലോകത്തിലുള്ള തിന്മയുടെ ശക്തിയെ യേശു അവഗണിക്കുന്നില്ല. സുഖലോലുപത, അധികാരമോഹം, വിദ്വേഷം, വെറുപ്പ് തുടങ്ങിയവയ്ക്കെല്ലാമുള്ള മൂലകാരണം മനുഷ്യഹൃദയത്തില്‍ കൊടികുത്തി വാഴുന്ന സ്വാര്‍ത്ഥതയാണെന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ സ്വാര്‍ത്ഥതയ്ക്കെതിരേ സന്ധിയില്ലാത്ത സമരം ചെയ്യുവാന്‍ തന്‍റെ അനുയായികളെ അവിടുന്ന് ആഹ്വാനം ചെയ്തത്. ദൈവത്തെയും സ്വസഹോദരങ്ങളെയും സ്നേഹിക്കാന്‍ തന്നോടുതന്നെ ബലം പ്രയോഗിക്കാതെ ഒരുവനും സാധ്യമല്ല. സഹോദരന്‍റെ മേല്‍ അധികാരം പുലര്‍ത്തുവാനുള്ള മോഹത്തെ അതിജീവിക്കണമെങ്കില്‍, സഹോദരന്‍റെ ശുശ്രൂഷകനാകണം. വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ചെറിയവനാകണം. എല്ലാം തനിക്കുവേണ്ടി സമ്പാദിച്ചു കൂട്ടുവാന്‍ ആഗ്രഹിക്കുന്നവന്‍ തനിക്കുള്ളവ ഇല്ലാത്തവനുമായി പങ്കുവെയ്ക്കാന്‍ തയ്യാറാകണം. സ്വന്തം സുഖവും സൗകര്യവും മാത്രം കേന്ദ്രമാക്കി ജീവിക്കാന്‍  സ്വാര്‍ത്ഥത പ്രേരിപ്പിക്കുമ്പോള്‍, സഹോദരനുവേണ്ടി സ്വയം മറക്കാനും ചെലവഴിക്കാനും ഒരുവന്‍ തയ്യാറാകണം. അവിടെയാണു സ്നേഹം തന്നെയായ ദൈവത്തിന്‍റെ പ്രകൃതിയിലേക്കു മനുഷ്യന്‍ ഉയരുന്നതും സ്നേഹത്തില്‍ നിന്നുളവാകുന്ന യഥാര്‍ത്ഥമായ സൗഭാഗ്യം ആദ്യമായി അവന് അനുഭവവേദ്യമാകുന്നതും.

യേശുവിന്‍റെ മാതൃക

ഈ സുവിശേഷം പ്രഘോഷിക്കുക മാത്രമല്ല യേശു ചെയ്തത്. അവിടുന്ന് അതു സ്വയം ജീവിച്ചു. അവിടുത്തെ ജീവിതത്തിന്‍റെ ഓരോ നിമിഷവും പിതാവിനു സമര്‍പ്പിക്കപ്പെട്ടതും പിതാവിന്‍റെ ഇഷ്ടമായ മനുഷ്യരക്ഷയ്ക്കുവേണ്ടി നീക്കിവെയ്ക്കപ്പെട്ടതുമായിരുന്നു. ഏശയ്യായുടെ പ്രവചനം തന്നില്‍ നിറവേറുന്നതായി അവകാശപ്പെട്ടുകൊണ്ട് നസറത്തിലെ സിനഗോഗില്‍വെച്ച് അവിടുന്നു പ്രഖ്യാപിച്ചു: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ.4:18-19). ദരിദ്രരെയും ബന്ധിതരെയും അന്ധരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും മാത്രമാണു പേരെടുത്തു പറയുന്നതെങ്കിലും, സാമൂഹികമോ സാമ്പത്തികമോ മതപരമോ ആയ വിവേചനങ്ങള്‍ക്കു വിധേയരായി പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവരെയുമാണ് യേശു ഉദ്ദേശിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കുമുള്ള രക്ഷയും മോചനവും യേശു പ്രഘോഷിച്ച സുവിശേഷത്തിന്‍റെ അവശ്യഭാഗമാണ്. അങ്ങനെയുള്ളവര്‍ അന്നത്തെ സമൂഹത്തില്‍ അനവധിയായിരുന്നു. അവരെയെല്ലാം ഉള്‍ക്കൊള്ളുന്ന പദമായിരുന്നു 'ദരിദ്രര്‍' എന്നത്. സമൂഹം ഭ്രഷ്ടു കല്പിച്ചു പുറത്താക്കിയ കുഷ്ഠരോഗികള്‍, മതം അശുദ്ധരായി പ്രഖ്യാപിച്ച് അകറ്റിനിര്‍ത്തിയ "ചുങ്കക്കാരും പാപികളും," ശാരീരികമോ മാനസികമോ ആയി വേദനിക്കുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കുമുള്ള രക്ഷ യേശുവിന്‍റെ സുവിശേഷ പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമായിരുന്നു. സമൂഹത്തിന്‍റെ താഴെക്കിടയില്‍ ഉള്ളവരെയും താഴ്ന്നതരം ജോലികള്‍ ചെയ്തിരുന്നവരെയുമെല്ലാം ഉദ്ദേശിച്ചാണ് 'ചുങ്കക്കാരും പാപികളും' എന്നു പറഞ്ഞിരുന്നത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് യഹൂദര്‍ക്കു നിഷിദ്ധമായിരുന്നു. ഈ പാപികളുടെയും ചുങ്കക്കാരുടെയും ഇടയിലേക്കാണ് യേശു ഇറങ്ങിച്ചെന്നതും അവരോടു സുവിശേഷം പ്രസംഗിച്ചതും അവരുമൊത്തു ഭക്ഷണ മേശ പങ്കിട്ടതും. ദൈവം എല്ലാ മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുന്നുവെന്നു പ്രസംഗിക്കുകയും എല്ലാവരേയും ഈ രക്ഷയിലേയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തപ്പോഴും, യേശുവിനു വ്യക്തമായ ചില മുന്‍ഗണനകള്‍ ഉണ്ടായിരുന്നു. അത് 'ദരിദ്രരുടെയും' 'ചുങ്കക്കാരുടെയും പാപികളുടെയും' സമ്പൂര്‍ണ്ണമായ രക്ഷയും സമഗ്രമായ മോചനവുമായിരുന്നു. അതിനുവേണ്ടിയാണ് അവിടുന്നു രാപകല്‍ അദ്ധ്വാനിച്ചതും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും. പാവങ്ങളോടുള്ള ഈ പക്ഷംചേരലില്‍ അതൃപ്തി പ്രകടിപ്പിച്ചവരോട് അവിടുന്നു പറഞ്ഞു: "ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" (മത്താ 9: 12-13).

പണക്കാരുടെയും പ്രമാണിമാരുടെയും രക്ഷ ആഗ്രഹിക്കയും അവരോടു സുവിശേഷം പ്രസംഗിക്കുകയും അവരില്‍ ചിലരുടെ ആതിഥ്യം യേശു സ്വീകരിക്കുകയും ചെയ്തുവെന്നതു ശരിതന്നെ. എന്നാല്‍, അനുതപിച്ച് രക്ഷ പ്രാപിക്കാനുള്ള ക്ഷണം അവര്‍ നിരസിക്കയാണു ചെയ്തത്. ദരിദ്രരും ചുങ്കക്കാരും പാപികളുമാകട്ടെ അവിടുത്തെ ക്ഷണം സസന്തോഷം സ്വീകരിച്ചു. അതുകൊണ്ടാണ് അവരോടു വ്യക്തമായി പക്ഷം ചേരുകയും പിതാവിന്‍റെ സ്നേഹവും കാരുണ്യവും അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്. ദരിദ്രരോടുള്ള ഈ പക്ഷംചേരല്‍ ആണ് 'ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍' എന്ന പരിഹാസപ്പേര് അവിടുത്തേക്കു ചാര്‍ത്തിക്കൊടുത്തത്. മൂന്നുകൊല്ലത്തോളം ദീര്‍ഘിച്ച അവിടുത്തെ പരസ്യജീവിതത്തില്‍ ദരിദ്രരും ചുങ്കക്കാരും പാപികളുമൊക്കെയായിരുന്നു അവിടുത്തെ സുവിശേഷവത്കരണ പ്രവര്‍ത്തനത്തിന്‍റെ മുഖ്യവിഷയമെന്നതു തര്‍ക്കമറ്റ കാര്യമാണ്.

യഥാര്‍ത്ഥമായ സുവിശേഷവത്കരണം

യേശുനാഥന്‍റെ ഈ സുവിശേഷമൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നവര്‍ രക്ഷയുടെ മാര്‍ഗ്ഗത്തിലാണ്, അവര്‍ ഏതു മതത്തിലോ ജാതിയിലോ രാഷ്ട്രത്തിലോ ഉള്‍പ്പെട്ടവരായാലും. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ അംഗീകരിച്ചിരിക്കുന്ന വസ്തുതയാണിത്. അതിനാല്‍ ഈ സുവിശേഷമൂല്യങ്ങള്‍ ജീവിക്കയും ജീവിക്കാന്‍ മറ്റുള്ളവരെ സഹായിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് യഥാര്‍ത്ഥമായ സുവിശേഷവത്കരണം; യഥാര്‍ത്ഥമായ പ്രേഷിതപ്രവര്‍ത്തനം. ഇതു നടക്കേണ്ടത് പ്രഥമവും പ്രധാനവുമായി ക്രൈസ്തവരുടെയിടയില്‍തന്നെയാണ്. ക്രൈസ്തവരാണല്ലോ യേശുവിന്‍റെ അനുയായികളായി ഈ സുവിശേഷത്തിനു സാക്ഷ്യം വഹിക്കേണ്ടത്. അങ്ങനെ അവര്‍ ചെയ്യുമ്പോള്‍ അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മാതൃകയും പ്രചോദനവുമായിത്തീരും. ക്രൈസ്തവരായ എല്ലാവരുടെയും ദൗത്യവും കടമയുമാണിത്. അത് മതാധ്യക്ഷന്മാരുടെ മാത്രം കടമയല്ല -മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കേണ്ടതും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതും അവരാണെങ്കിലും. പ്രേഷിത പ്രവര്‍ത്തനത്തെ ഇങ്ങനെ മനസ്സിലാക്കുമ്പോള്‍, അതിന് ആര്‍ക്കും എതിര്‍പ്പുണ്ടാകയില്ല. കാരണം യേശു പ്രസംഗിക്കയും ജീവിക്കയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത സുവിശേഷമൂല്യങ്ങളെ ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കയും ആദരിക്കയും ചെയ്യുന്നു. യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും അറിഞ്ഞിട്ടുള്ള ഹൈന്ദവസഹോദരങ്ങളും മുസ്ലിംസഹോദരങ്ങളും മറ്റു മതാനുയായികളുമെല്ലാം അവിടുത്തെ സ്നേഹിക്കുന്നതിനു കാരണം ഇതുതന്നെയാണ്.സുവിശേഷവത്കരണത്തിന്‍റെ ഏറ്റവും മൗലികവും പ്രധാനവുമായ കാര്യമാണ് ഇവിടെ പറഞ്ഞത്. ക്രൈസ്തവര്‍ വിശ്വാസജീവിതത്തിന്‍റെ ഭാഗമായിക്കാണുന്ന മറ്റുചില കാര്യങ്ങളുമുണ്ടെന്നതു ശരിതന്നെ. ആരാധന ക്രമം, അനുഷ്ഠാനങ്ങള്‍, കൂദാശകള്‍ തുടങ്ങിയവ ഉദാഹരണമാണ്. മതജീവിതത്തിന്‍റെ ഭാഗമായി അവയും ആവശ്യമാണ്. എന്നാല്‍, മറ്റെല്ലാവരും അവ സ്വീകരിച്ചുകൊള്ളണമെന്നു ക്രൈസ്തവര്‍ക്ക് പറയാനാവില്ല. ദ്വിതീയവും ആപേക്ഷികവുമായ കാര്യങ്ങളാണ് അവ. പ്രഥമവും മൗലികവുമായ കാര്യങ്ങളുടെ വെളിച്ചത്തില്‍ നവീകരണവും തിരുത്തലും ആവശ്യമുള്ള കാര്യങ്ങളാണ് അവയെന്നും വരാം. ക്രൈസ്തവികതയിലെ മൗലികവും പ്രധാനവുമായ കാര്യങ്ങളെ ദ്വിതീയവും ആപേക്ഷികവുമായവയില്‍ നിന്നു നാം വിവേചിച്ചറിയണം.  കാതലായവയെ മറന്ന് ദ്വീതിയവും ചിലപ്പോള്‍ തൃതീയവും അതിനപ്പുറമുള്ളവയുമായ കാര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കാനുള്ള അപകടം ക്രൈസ്തവജീവിതത്തിലും സഭാത്മക ജീവിതത്തിലുമൊക്കെ പതിയിരിക്കുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കുക ആവശ്യമാണ്.

കേരളത്തിലെ ക്രൈസ്തവ പ്രതീകങ്ങള്‍

സുവിശേഷവത്കരണമാണല്ലോ സഭയുടെ അസ്തിത്വത്തിന്‍റെ തന്നെ അര്‍ത്ഥവും ലക്ഷ്യവും. ആഗോളസഭയെ സംബന്ധിച്ചും പ്രാദേശികസഭകളെ സംബന്ധിച്ചും ഇത് ഒരുപോലെ വാസ്തവമാണ്. സുവിശേഷവത്കരണമില്ലാതെ സഭ സഭയേ ആകുകയില്ല. അതിനാല്‍ കേരളസഭയില്‍ എങ്ങനെ സുവിശേഷവത്കരണം നടക്കുന്നുവെന്നു പരിചിന്തനം ചെയ്യുക ആവശ്യമാണ്. ക്രൈസ്തവകേന്ദ്രമായിരുന്ന യൂറോപ്പിലെ സഭ ദിവസേന ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് ഇന്നു നാം കാണുന്നത്. പടുകൂറ്റന്‍ ദേവാലയങ്ങള്‍ ഞായറാഴ്ചകളില്‍പ്പോലും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ചിലതെല്ലാം മ്യൂസിയങ്ങളും പ്രദര്‍ശനശാലകളുമായി മാറുന്നു. മറ്റു പലതും പൊളിച്ചുവില്ക്കപ്പെടുന്നു. ഭീമാകാരങ്ങളും വിശാലങ്ങളുമായ ആശ്രമങ്ങളും മഠങ്ങളും ഹോട്ടലുകളും ലോഡ്ജുകളുമായി മാറിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ സഭയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സഭയ്ക്ക് ക്രൈസ്തവ പ്രതീകങ്ങളായി അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ഒട്ടേറെ കാര്യങ്ങളാണുള്ളത്. ബഹുകോടികള്‍ ചെലവഴിച്ചുപണിതീര്‍ത്ത പടുകൂറ്റന്‍ ദേവാലയങ്ങള്‍, കവലകളിലും പാതയോരങ്ങളിലും പൊങ്ങിനില്ക്കുന്ന ബഹുലക്ഷങ്ങളുടെ കപ്പേളകള്‍, പള്ളിക്കുചുറ്റും പണിതുയര്‍ത്തിയിരിക്കുന്ന സ്ലീവാപ്പാതാസ്റ്റേഷനുകളും ജപമാല സ്റ്റേഷനുകളും, പിന്നെ ഭീമാകാരമായ രൂപങ്ങള്‍, ചെമ്പും പിത്തളയും പൊതിഞ്ഞ കൊടിമരങ്ങള്‍, നിലവിളക്കുകള്‍, അങ്ങനെ എണ്ണമറ്റ വാസ്തുവിദ്യാസൃഷ്ടികളും ശില്പങ്ങളും! സന്ന്യാസസഭകള്‍ പണിതുയര്‍ത്തിയിരിക്കുന്ന മണിമന്ദിരങ്ങളും മതാത്മകസ്മാരകങ്ങളും വേറെ. എന്നാല്‍, ബാഹ്യമായ ഈ അടയാളങ്ങളെയും പ്രതീകങ്ങളേയുംകാള്‍ ഒന്നുകൂടെ ക്രൈസ്തവരുടെ ശക്തിയും പ്രൗഢിയും പ്രകടമാക്കുന്നത് സഭയുടെയും സന്ന്യാസസ്ഥാപനങ്ങളുടെയും സുശക്തമായ ഭരണസംവിധാനവും കെട്ടുറപ്പും പ്ലാനിംഗുമാണെന്നുവേണം പറയുവാന്‍. എല്ലാറ്റിലുമുപരി നമുക്ക് അഭിമാനിക്കാവുന്നത് ജനങ്ങളുടെ മതാത്മക ജീവിതമാണ്. ഞായറാഴ്ചകളിലും ഇടദിവസങ്ങളില്‍പ്പോലും പള്ളിനിറഞ്ഞ് ആളുകളാണ്. കൂടെക്കൂടെ പലരും കൂദാശകള്‍ സ്വീകരിക്കുന്നു. പെരുന്നാളുകള്‍, നൊവേനകള്‍, പ്രദക്ഷിണങ്ങള്‍, വിശ്വാസവിളംബര ജാഥകള്‍, തീര്‍ത്ഥാടനങ്ങള്‍, എല്ലാറ്റിനും ആള്‍ത്തിരക്കാണ്. ഇന്ന് കാരിസ്മാറ്റിക് ധ്യാനങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലും പങ്കെടുക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. അങ്ങനെ ക്രൈസ്തവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ അനവധിയാണ്. എന്നാല്‍ ഇതെല്ലാം യഥാര്‍ത്ഥമായ സുവിശേഷവത്കരണത്തെ എങ്ങനെ സഹായിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. അനുഷ്ഠാനങ്ങളിലും ആചരണങ്ങളിലുമുള്ള താല്പര്യവും തിരക്കും യഥാര്‍ത്ഥ സുവിശേഷവത്കരണത്തിന്‍റെ സൂചികയാണോ? മുമ്പേ പറഞ്ഞ ദ്വിതീയവും ചിലപ്പോള്‍ തൃതീയവുമായ കാര്യങ്ങള്‍ക്കാണോ മുന്‍തൂക്കം ലഭിക്കുക? ആപേക്ഷികമായ ഈ കാര്യങ്ങളില്‍നിന്ന് പ്രാഥമികമായ കാര്യങ്ങളിലേക്കു ജനശ്രദ്ധ തിരിക്കാന്‍ സഭയ്ക്കു കഴിയുന്നുണ്ടോ?

സഭാസ്ഥാപനങ്ങള്‍

സഭയുടെ സ്ഥാപനങ്ങളാണ് ഇന്ന് ഏറ്റവുമധികം അതിനു പേരും പെരുമയും ശക്തിയും സ്വാധീനവും നല്കുന്നത്. പൊതുസമൂഹത്തിലും മറ്റു മതവിശ്വാസികള്‍ക്കിടയിലും സഭയ്ക്കു പ്രതിച്ഛായ നല്കുന്നതുതന്നെ ഈ സ്ഥാപനങ്ങളാണെന്നു പറയാം. മെഡിക്കല്‍ കോളേജുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, നേഴ്സിംഗ് കോളേജുകള്‍, തുടങ്ങിയ പ്രൊഫഷണല്‍ ട്രെയിനിംഗ് സ്ഥാപനങ്ങള്‍, അതിപ്രശസ്തമായ നിലയില്‍ നടത്തപ്പെടുന്ന മറ്റു കോളേജുകള്‍, നൂറുശതമാനം വിജയം കൊയ്യുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍, അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, എല്ലാം വളരെയധികം പണം ചെലവഴിച്ചും എനര്‍ജി വ്യയം ചെയ്തും സന്ന്യസ്തരും സമര്‍പ്പിതരുമായ അനേകം പേര്‍സണേലിനെ വിന്യസിപ്പിച്ചും ചെയ്യപ്പെടുന്ന സഭയുടെ പ്രവര്‍ത്തനങ്ങളാണ്. സഭയുടെ ആസ്തികളും വിഭവസംഭരണശേഷിയും വളരെ അധികം ചെലവഴിക്കപ്പെടുന്ന മേഖലകളാണ് ഇവ. അതിനാല്‍ ഈ മേഖലകളില്‍ സഭയുടെ പ്രഥമദൗത്യമായ സുവിശേഷവത്കരണം എങ്ങനെ നടക്കുന്നുവെന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ജനങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ചുമതലയാണ്. പണ്ടൊക്കെ സര്‍ക്കാര്‍ അതു ചെയ്യാഞ്ഞപ്പോള്‍ സഭ അതിനു മുമ്പോട്ടു വന്നു. അന്ന് അതൊരു സേവനമായിരുന്നു, സുവിശേഷവത്കരണമായിരുന്നു. ഇന്നു സര്‍ക്കാരുകളും മറ്റ് ഏജന്‍സികളും ഈ ആവശ്യം നിറവേറ്റുവാന്‍ കൂടുതല്‍ കൂടുതല്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ പലപ്പോഴും പണവും സ്വാധീനവുമുള്ളവര്‍ക്കാണ് ഈ സേവനം ലഭിക്കുക. പണവും കഴിവുമുള്ളവര്‍ക്കു വേണ്ടി സഭയും ഇത്തരം സ്ഥാപനങ്ങള്‍ ഇത്രയധികം പണവും എനര്‍ജിയും ചെലവഴിച്ചു നടത്തേണ്ടതുണ്ടോ? ഇന്നും സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ചിലര്‍ക്ക് ഈ ആവശ്യസേവനങ്ങള്‍ ലഭിക്കാതെ പോകുന്നുണ്ട്. അവര്‍ക്ക് ഇതു ലഭ്യമാക്കാന്‍ സഭ പരിശ്രമിക്കുമ്പോള്‍ അതു സുവിശേഷവത്കരണമാണ്. സഭയും സന്ന്യാസസമൂഹങ്ങളും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പണവും കഴിവുമുള്ളവര്‍ക്കല്ലാതെ എത്ര ശതമാനം പാവപ്പെട്ടവര്‍ക്ക് ഈ സേവനങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതും ചിന്തിക്കേണ്ട കാര്യമാണ്. അങ്ങിങ്ങ് ഒറ്റപ്പെട്ട ചില വ്യക്തികള്‍ക്കു തീര്‍ച്ചയായും പ്രയോജനം കിട്ടുന്നുണ്ട്. പക്ഷേ അതു മതിയോ ഈ സ്ഥാപനങ്ങളുടെ അസ്തിത്വത്തെ ന്യായീകരിക്കാന്‍? പണ്ട് സഭയുടെ സ്കൂളുകളിലും കോളേജുകളിലുമൊക്കെ പരിശീലനം നേടിയവര്‍ സുദൃഢമായ ചില മൂല്യങ്ങളോടു കൂടിയാണ് പുറത്തുവന്നിരുന്നത്. ഇന്നോ? വന്‍ തുകകള്‍ "നിര്‍ബന്ധിത സംഭവനകളും" ക്യാപിറ്റേഷന്‍ ഫീസുമൊക്കെയായി പ്രവേശനവും നിയമനവും നേടാന്‍ കൊടുക്കേണ്ടിവരുന്ന അധ്യാപകര്‍ക്കും അധ്യേതാക്കള്‍ക്കും എങ്ങനെ മൂല്യങ്ങളില്‍ വിശ്വസിക്കാന്‍ കഴിയും? എങ്ങനെ മൂല്യങ്ങളില്‍ അവര്‍ക്കു ബോധവത്കരണം നല്കുവാന്‍ സ്ഥാപനങ്ങള്‍ക്കു കഴിയും?

സമൂഹജീവിതത്തിലെ മിക്ക മേഖലകളിലും ഇന്നു വ്യാപകമായ തോതില്‍ അഴിമതിയും കൈക്കൂലിയുമെല്ലാം നടമാടുകയാണ്. നിയമനിര്‍മ്മാണ സഭകളെയും നീതിനിര്‍വഹണ സ്ഥാപനങ്ങളെയും നീതിപീഠങ്ങളെപ്പോലും സംശയത്തോടെയാണു പൊതുജനം വീക്ഷിക്കുന്നത്.  സഭയെയും സഭാസ്ഥാപനങ്ങളെയുമെങ്കിലും ഇതിനൊരു അപവാദമായി കാണുവാനാണ് ജനങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ഈ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും മങ്ങലേല്പിക്കുന്നവയാണോ സഭയുടെയും സന്ന്യാസസമൂഹങ്ങളുടെയും സ്ഥാപനങ്ങള്‍?

സഭയും സന്ന്യാസ സമൂഹങ്ങളും നടത്തുന്ന ആതുരാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആകാശപ്പറവകള്‍ക്കുള്ള സ്ഥാപനങ്ങള്‍, എയ്ഡ്സ് രോഗ ശുശ്രൂഷാകേന്ദ്രങ്ങള്‍, തുടങ്ങിയവ സഭയ്ക്കു തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. എന്നാല്‍, ഇങ്ങനെ കുറച്ചുപേരുടെ കാരുണ്യ പ്രവൃത്തികളില്‍ മാത്രമായി സഭയുടെ പ്രഥമദൗത്യമായ സുവിശേഷവത്കരണത്തെ ഒതുക്കിനിര്‍ത്തിയാല്‍ പോരല്ലോ.

സുവിശേഷവത്കരണത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സിലേക്കു കടന്നുവന്ന ചില ചിന്തകളും ആശങ്കകളും ഇവിടെ പങ്കുവച്ചെന്നു മാത്രം. എങ്ങനെയാണ് ഈ സുവിശേഷവത്കരണം പ്രായോഗികമായി നടക്കേണ്ടത്, ആരാണ് അതിനു നേതൃത്വം നല്കേണ്ടത് തുടങ്ങിയതൊന്നും ഈ ലേഖന പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയേണ്ടിയിരിക്കുന്നു. സുവിശേഷവത്കരണം സഭയുടെ ഉത്തരവാദിത്വമാണ്. സഭയെന്നാല്‍ നാമെല്ലാവരുമാണ്. അതിനാല്‍ സുവിശേഷവത്കരണം നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതെങ്ങനെ ചെയ്യണമെന്നതിന് ആദ്യ മൂന്നു നൂറ്റാണ്ടിലെ ക്രൈസ്തവര്‍ ഉദാഹരണമാണ്. അവര്‍ യേശുവിന്‍റെ മൂല്യങ്ങള്‍ ജീവിച്ചു. അവരുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ പറഞ്ഞു: "കണ്ടാലും! ഈ ക്രൈസ്തവര്‍ എങ്ങനെ പരസ്പരം സ്നേഹിക്കുന്നു!" അതു മറ്റുള്ളവരെയും യേശുവിന്‍റെ മൂല്യങ്ങളിലേക്ക് ആകര്‍ഷിച്ചു. അതാണല്ലോ യഥാര്‍ത്ഥമായ സുവിശേഷവത്കരണം. അതു നമുക്കും മാതൃകയാകട്ടെ. 

You can share this post!

ബുദ്ധനും സോര്‍ബയും

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts