news-details
കവർ സ്റ്റോറി

മൗനം ജലംപോലെ സുന്ദരം ശക്തം

രണ്ട് മഹാനിശ്ശബ്ദതകള്‍ക്കിടയിലെ
അനന്തമായ സൊല്ലയല്ലാതെ മറ്റെന്താണ് ജീവിതം?
ഷോപ്പനോവര്‍

നിശ്ശബ്ദതയെ ഭയപ്പെടുന്ന കാലമാണിത്.ശബ്ദാസുരന്മാരുടെ കശാപ്പുകളാണെങ്ങും.  ആരെയും മൗനിയായിരിക്കാന്‍ സമ്മതിക്കാത്ത കാലം.മനുഷ്യനിന്നൊരു ശബ്ദമൃഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.തേറ്റയും കൊമ്പും മുളച്ച ശബ്ദത്തിന്‍റെ ഹിംസാവതാരങ്ങള്‍ തെരുവില്‍ മാത്രമല്ല വീടിന്‍റെ അകത്തളങ്ങളിലും ദേവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പകര്‍ന്നാടുകയാണ്.ശബ്ദത്തിന്‍റെ ഈ രക്തദാഹത്തില്‍ ഒരു സംസ്കൃതിതന്നെ മുങ്ങിപ്പോകുമോ എന്നാണ് ആകുലപ്പെടേണ്ടിവരുന്നത്.നിശ്ശബ്ദത പാലിക്കപ്പെടണമെന്നതൊരു മനുഷ്യാവകാശ ലംഘനമാണെന്നാണ് ബിഷപ്പ് പൗലോസ് മാര്‍ പൗലോസിനെപ്പോലുള്ളവരുടെ ഭാഷ്യം. അദ്ദേഹം ചോദിക്കുന്നു: 'നിശ്ശബ്ദനായിരിക്കാന്‍ നിനക്കെന്തവകാശം?' നിശ്ശബ്ദനായിരിക്കാന്‍ എനിക്കവകാശമുണ്ട് എന്ന പ്രസ്താവനയ്ക്ക് അടിവരയിട്ടുകൊണ്ട് ഈയിടെ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. നിശ്ശബ്ദം എന്നാണ് ആ കവിതയുടെ ശീര്‍ഷകം. മറ്റൊരുരീതിയില്‍ ശബ്ദത്തിന്‍റെ ആര്‍പ്പുവിളികളില്‍ നഷ്ടപ്പെടുന്ന ആന്തരികസംഗീതം തിരികെപിടിക്കേണ്ട കാലം കൂടിയാണ് നമ്മുടേതെന്ന് എനിക്കു തോന്നുന്നു. നിശ്ശബ്ദതയ്ക്കുള്ളിലാണ് ഏറ്റവും അര്‍ത്ഥവത്തായ ശബ്ദങ്ങള്‍ നാം കേള്‍ക്കുന്നത്. ഒരു മനുഷ്യന്‍ മൗനത്തിലാണ് ശ്രദ്ധയും ജാഗ്രതയും സൂക്ഷ്മതയും ആഴവും അതിരറ്റരീതിയില്‍ അനുഭവിക്കുന്നത്.  ജീവിതത്തിന് നിഗൂഢതയുടെ ആന്തരികസാദ്ധ്യതതകള്‍ വെളിപ്പെടുത്തികൊടുക്കുന്നത് അയാള്‍ക്കുള്ളിലെ നിശ്ശബ്ദതയാണ്. ഈശ്വരന്‍ നമുക്കുള്ളിലിരുന്ന് സംസാരിച്ചു തുടങ്ങുമ്പോള്‍ ജനിക്കുന്നതാണ് നിശ്ശബ്ദത.  

നിശ്ശബ്ദത ഒരു മനുഷ്യന്‍റെ ജീവിതത്തിലേക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്?  നിരപ്പായ വഴികളിലൂടെ നടക്കുന്ന ഒരാള്‍ ആഴങ്ങളറിയുന്നതപ്പോഴാണ്. ഉച്ചരിച്ച വാക്കുകളുടെ പൊള്ളത്തരങ്ങളില്‍നിന്ന് ഒരിക്കലും ഉച്ചരിക്കാതെപോയ തനിക്കുള്ളിലെ പ്രണയസ്വരം കേള്‍ക്കുന്നതപ്പോഴാണ്. ഏറ്റവും കനിവാര്‍ന്ന പുഴയുടെ ഒഴുക്കിലാണയാള്‍. നിശ്ശബ്ദതയാണ് ഒരാള്‍ക്ക് വായിക്കാന്‍ കൊടുക്കാവുന്ന ഏറ്റവും നല്ല പുസ്തകം. നിശ്ശബ്ദതയെ വായിക്കട്ടെ. അയാള്‍ക്കുള്ളിലെ ആകാശങ്ങള്‍ സംസാരിക്കുന്നത്, ആളിക്കത്തുന്നത്, മഴവില്ലുകള്‍ വിരിയുന്നത് എല്ലാമയാള്‍ നിശ്ശബ്ദതയില്‍ വായിക്കട്ടെ.

എന്‍റെ ജീവിതത്തിലെ ഏറ്റവും മുന്തിയ നിമിഷങ്ങളെല്ലാം നിശ്ശബ്ദതയുടെ ഈറക്കുഴലില്‍നിന്നും ഞാന്‍ കേട്ട വിഷാദഗാനങ്ങളാണ് sometimes I feel like a motherless child... എന്ന ആ പഴയ ഇംഗ്ലീഷ് ഗാനം മഴ ചാറുന്ന ഒരു മങ്ങൂഴത്തില്‍ കേട്ടുനോക്കൂ. വിശുദ്ധമായ ഒരു വിഷാദത്തിന്‍റെ കണ്ണീര്‍ച്ചോലയിലായാകും നാമപ്പോള്‍.  ഏകാന്തത ഒരു നദിപോലെ നമുക്കിടയിലൂടെ ഒഴുകിക്കൊണ്ടിരിക്കും.  അമ്മയില്ലാത്ത ലോകത്തിലെ എല്ലാ അനാഥകുഞ്ഞുങ്ങളുടെയും പിടച്ചില്‍ പ്രാണനോടൊപ്പം വിങ്ങിവിങ്ങി നില്‍ക്കും. നിശ്ശബ്ദത പതുക്കെ പതുക്കെ നമ്മുടെ ആത്മാവിനെ കരളാന്‍ തുടങ്ങും.  ആ പാട്ടുതീരുന്നതോടെ നിശ്ശബ്ദത നമ്മുടെ ശരീരത്തെയും ഭക്ഷിച്ചു കഴിഞ്ഞിട്ടുണ്ടാകും. മനുഷ്യര്‍ മുഴുവനും മാതൃത്വത്തിനായി ദാഹിക്കുന്ന അനാഥത്വത്തിന്‍റെ വിഷാദത്തിലാണെന്ന സത്യത്തില്‍ നാം സ്നാനപ്പെടും.  നിശ്ശബ്ദതയുടെ ഇത്തരം വിഷാദസന്ധ്യകളാണ് എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും മുന്തിയ ഉന്മത്ത നിമിഷങ്ങള്‍.

മൗനം ഒരു ആത്മശുശ്രൂഷയായി നമ്മുടെ ഉള്ളകങ്ങളെ വെടിപ്പാക്കിക്കൊണ്ടിരിക്കും. ലോകത്തിന്‍റെ മഹാപണ്ഡിതന്മാര്‍ക്കൊന്നും തങ്ങളുടെ സൈദ്ധാന്തിക വൈഭവങ്ങള്‍ക്കൊണ്ട് ഒരാളുടെപോലും ആന്തരികതയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ബുദ്ധിപരമായ വ്യായാമങ്ങളും അഭ്യാസങ്ങളും വാക്കുകളില്‍ ഹിംസയാണ് നിറയ്ക്കുക. എന്നാല്‍ മഹാകാരുണികന്മാരായ ഗുരുക്കന്മാര്‍ നിശ്ശബ്ദതയില്‍ നിന്നാണ് ഒരു അരുവിയെ പുറപ്പെടുവിപ്പിക്കുന്നത്.  മൗനമുദ്രിതം ബുദ്ധമന്ദഹാസം എന്ന് ഒരു കവിതയില്‍ ഞാനെഴുതിയിട്ടുണ്ട്.  മൗനമാണ് ബുദ്ധന്‍റെ ശിക്ഷണരീതി. ദാഹജലം ശേഖരിക്കാന്‍ പോയ ശിഷ്യന്‍ പുഴ കലങ്ങിയിരിക്കുന്നതുകണ്ട് തിരിച്ചുപോന്നു.പുഴയിലെ ചെളിവെള്ളം തെളിയുംവരെ അല്പനേരം കാത്തിരിക്കാന്‍ ഗുരു പറഞ്ഞു. പ്രശാന്തമായ ആ കാത്തിരിപ്പാണ് നിശ്ശബ്ദത.  കലങ്ങിമറിഞ്ഞ ഏതൊരു പുഴയുടെയും മാലിന്യം നിശ്ശബ്ദതകൊണ്ട് ശുദ്ധീകരിക്കാന്‍ കഴിയും.  

ക്രിസ്തുവും നിശ്ശബ്ദതയ്ക്ക് തന്‍റെ കഠിനമായ പീഡാസഹനങ്ങളെ മുഴുവന്‍ വിട്ടുകൊടുക്കുകയായിരുന്നല്ലോ.പുരുഷാരങ്ങളോട് സംസാരിക്കുവാനുള്ള ഊര്‍ജം ക്രിസ്തു നിശാവേളകളില്‍ ഏകാന്തമായ നിശ്ശബ്ദപ്രാര്‍ത്ഥനകളില്‍നിന്നുമാണ് സംഭരിക്കുന്നത്. വിചാരണവേളയില്‍ പ്രകോപനങ്ങളുടെ കത്തിയേറുകളെ ക്രിസ്തു നേരിട്ട രീതിയില്‍നിന്നും നിശ്ശബ്ദതയുടെ ശക്തി നമുക്കറിയാന്‍ കഴിയും.  ആന്തരികതയില്‍ നിശ്ശബ്ദത ഇല്ലാത്തവന് അര്‍ത്ഥമുള്ള വാക്കുകള്‍ പണിതെടുക്കുവാന്‍ കഴിയില്ല.

പലതരം നിശ്ശബ്ദതകളുണ്ട്.ചിലരുടെ നിശ്ശബ്ദത ജീവിതത്തിന്‍റെ മുമ്പില്‍ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കും. ഒരു മറുവാക്കിനായി ഒരാള്‍ക്കു മുന്നില്‍ കൈകൂപ്പി മുട്ടുകുത്തി നില്‍ക്കുമ്പോള്‍ അയാള്‍ മറുപടിയൊന്നും പറയാതെ ചുണ്ടുപൂട്ടി ഹൃദയം പൂട്ടി നിന്നാല്‍ ഹൃദയം സ്തംഭിച്ചുപോവില്ലെ. ജീവിതത്തില്‍ പലര്‍ക്കുമെന്നതുപോലെ കഠിനമായ നിശ്ശബ്ദതയുടെ സ്തംഭനാവസ്ഥയില്‍ എനിക്കും കഴിയേണ്ടി വന്നിട്ടുണ്ട്. തുറക്കാത്ത വാതിലുകളായി സാക്ഷയിട്ട നിശ്ശബ്ദതകളെ എനിക്ക് പേടിയാണ്.

എന്നാല്‍ ചില നിശ്ശബ്ദതകള്‍ ജീവിതത്തിലേക്ക് എല്ലാ വാതിലുകളും തുറന്നിട്ടു തരും. പ്രകാശം നിറയ്ക്കും. എത്രയോ കാലങ്ങളിലെ ചോദ്യങ്ങള്‍ക്കും കണ്ണീരിനും ഉത്തരമാകുന്ന വിശുദ്ധമായ ചില നിശ്ശബ്ദതകള്‍ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. അപരിഹാര്യമെന്നു തോന്നുന്ന ചില കഠിനനിമിഷങ്ങളില്‍ നിശ്ശബ്ദരായിരിക്കാനാണ് ഗുരുക്കന്മാര്‍ പറയുക.തര്‍ക്കിച്ചും വാക്കുകളില്‍ വാള്‍പ്പയറ്റു നടത്തിയും മനസ്സുകളെ പരിക്കേല്പിച്ചും നമ്മള്‍ നടത്തുന്ന സംവാദമെന്ന പേരിലുള്ള കലമ്പലുകള്‍ക്ക് ഒന്നിനും ഉത്തരം നല്‍കാന്‍ കഴിയില്ല.ശിഷ്യന്മാര്‍ക്കിടയില്‍ വാദകോലാഹലങ്ങള്‍ തുടരുമ്പോള്‍ രമണമഹര്‍ഷി പറയും, ഇനി നമുക്ക് കുറച്ചുനേരം മിണ്ടാതിരിക്കാം. ആര്‍ക്കുമത് ഇഷ്ടമാവില്ല. എന്നാല്‍ മൗനത്തിന്‍റെ കുറേ നിമിഷങ്ങള്‍ കടന്നുപോകവേ തര്‍ക്കിച്ചിരുന്നവരുടെ മുഖങ്ങളില്‍ ഒരു ചെറിയ പുഞ്ചിരി വിടരും.  ഒരത്ഭുതം സംഭവിക്കുന്നതാണ്. നിശ്ശബ്ദത അവര്‍ക്കുള്ളില്‍ ഒരത്ഭുതം വിടര്‍ത്തും. അന്വേഷിച്ചുകൊണ്ടിരുന്നതെല്ലാം പൊടുന്നനെ ഉത്തരങ്ങളായി അവരുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കും.

വിദ്യാലയത്തില്‍ നമ്മുടെ ക്ലാസ് മുറികള്‍ വാചാലതകൊണ്ട് എന്തുമാത്രം അരോചകമായിരിക്കുന്നു. ഒരു വാക്ക് പറയേണ്ടിടത്ത് ജഡിലോക്തികളുടെ പെരുമഴയാണ് പെയ്യിക്കുക. അതിനിടയില്‍ നിശ്ശബ്ദതയുടെ ചില ഇടവേളകള്‍ സൃഷ്ടിച്ചു നോക്കൂ.  അത്ഭുതമായിരിക്കും ഫലം.  വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഒരേമട്ടില്‍ ജ്ഞാനികളാകും. മനസ്സുകള്‍ വൈദ്യുതീകരിക്കപ്പെടും.  

ഒരു ഓര്‍മ്മ പങ്കുവെയ്ക്കട്ടെ. ഞങ്ങളുടെ പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥി പെട്ടെന്നൊരു ദിവസം പനിപിടിച്ച് മരിച്ചു. അവന്‍ അന്ധന്‍ കൂടിയായിരുന്നു. ആ ക്ലാസിന്‍റെ മുഴുവന്‍ പ്രകാശവും അവനായിരുന്നു. എല്ലാവരുടേയും വേദനകളില്‍ തോഴന്‍. നന്മയുടെ സൗന്ദര്യമുള്ള പ്രസാദം.അവന്‍റെ മരണമുണ്ടാക്കിയ നടുക്കം ഞങ്ങള്‍ ക്ലാസിനകത്ത് നിശ്ശബ്ദത നിറച്ചാണ് അലിയിച്ചുകളഞ്ഞത്. ക്ലാസില്‍ വന്നാല്‍ പുസ്തകം തുറക്കില്ല. ഒന്നും മിണ്ടില്ല. പരസ്പരം കണ്ണുകളിലേയ്ക്ക് നോക്കി മൗനികളായിരിക്കും. അവന്‍ ഞങ്ങളിലുണ്ടാക്കിയ ശൂന്യതയുടെ വേദന മൗനമാണ് ശുശ്രൂഷിച്ച് ഭേദമാക്കിതന്നത്.

തര്‍ക്കിച്ചു ക്ഷീണിച്ചാല്‍ നമുക്ക് കുറേ നേരം പരസ്പരം കണ്ണുകളില്‍ നോക്കി മൗനവ്രതത്തിലിരിക്കാമെന്ന് കുട്ടികളോട് പറയാറുണ്ട്. അതൊരു ഔഷധലേപനം പോലെ ഫലിക്കാറുണ്ട്.

വ്യക്തിപരമായ നിശ്ശബ്ദതകള്‍ മാത്രമല്ല സമൂഹവും ചിലപ്പോള്‍ നിശ്ശബ്ദതയുടെ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. യോജിപ്പില്ലാത്ത ദുര്‍നീതികളെ വിമര്‍ശിക്കുവാനും വിയോജിക്കാനും ജൈനസന്യാസികള്‍ അധികാരികളുടെ മുന്നില്‍ മൗനത്തിന്‍റെ കോട്ടകള്‍ കെട്ടുകയാണ് ചെയ്തത്. ഏതൊരു വിയോജനത്തേക്കാളും അധികാരികളുടെ സ്വാസ്ഥ്യം കെടുന്നതപ്പോഴാണ്.ആത്മാവിന്‍റെ ഏറ്റവും ശക്തമായ ഒരു കവചം എന്ന നിലയിലാണ് മിസ്റ്റിക്കുകള്‍ മൗനത്തെ ജീവിതത്തില്‍ ആചരിച്ചുകാണിച്ചത്.  തങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ജീര്‍ണ്ണരീതികളോടെല്ലാമുള്ള പ്രതിരോധം അവര്‍ മൗനംകൊണ്ട് തീര്‍ത്ത ധ്യാനത്തിലേയ്ക്കും നര്‍മ്മങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു.

ലോകത്തില്‍ പ്രധാനപ്പെട്ടതെന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം ഒരാള്‍ കുറച്ചുനാള്‍ മൗനത്തെ പരിശീലിക്കണമെന്ന് പറയാറുണ്ട്. ക്രിസ്തുവിന്‍റെ പരസ്യജീവിതം, നാല്പതുനാള്‍ നീണ്ട മൗനത്തിന്‍റെ തപസ്സില്‍നിന്നാണ് ഊര്‍ജ്ജം സംഭരിച്ചതെന്ന് നമുക്കറിയാമല്ലോ. മഹാത്മാഗാന്ധി തെരുവിലൊരു സമരത്തിനിറങ്ങുംമുമ്പ് ഒരാഴ്ചയെങ്കിലും മൗനവാസത്തിലാകും. ധ്യാനത്തില്‍ നിന്നാരംഭിക്കണം ഏതു പ്രവൃത്തിയും.ധ്യാനം നിശ്ശബ്ദതയുടെ ഒരു ഉദ്യാനമാണ്.

ഭക്ഷണത്തിലെ ഉപവാസം മാത്രമല്ല, സംസാരത്തിലുമുണ്ട് ഉപവാസം. പിന്നീട് ഉച്ചരിക്കാന്‍ പോകുന്ന വാക്കുകള്‍ക്ക് തെളിച്ചമാകുന്നത് ഈ നിശ്ശബ്ദതയാണ്.

നിശ്ശബ്ദതയുടെ സംഗീതമാണ് പ്രാര്‍ത്ഥന. ജലത്തേക്കാള്‍ മൃദുലമായതെന്തുണ്ട്?  ഏതു കാഠിന്യത്തെയും അലിയിക്കാന്‍ ജലത്തോളം കഴിവ് മറ്റൊന്നിനുമില്ലല്ലോ. മൗനം ജലംപോലെ സുന്ദരവും ശക്തവുമാണ്.  

ഒമ്പതുമാസത്തെ നിശ്ശബ്ദത അവസാനിപ്പിച്ചിട്ടാണ് രാപ്പാടികള്‍ മൂന്നുമാസം പാടുന്നതെന്ന് ഒരു കഥയുണ്ട്. രാപ്പാടിയുടെ പാട്ടുകള്‍ക്കിത്ര മധുരം കിട്ടിയത് അതിന്‍റെ ദീര്‍ഘകാലനിശ്ശബ്ദതയാണ്. ബോധിസത്വന്മാരുടെ ജന്മകഥകളിലെല്ലാം മഹാമൗനത്തിന്‍റെ സ്നേഹങ്ങളെയാണ് വാഴ്ത്തുന്നത്. മൗനത്തിന്‍റെ മന്ദഹാസമാണ് ബോധോദയത്തിന്‍റെ പൊരുള്‍.

പ്രണയത്തെ പറയാന്‍ പറ്റിയ വാക്കേത്?

മിണ്ടാതിരിക്കൂ അപ്പോള്‍ അറിയാനായേക്കും.

എന്നാണ് എന്‍റെ ഇഷ്ടകവിമിത്രം മൊഴിഞ്ഞത്.  വാക്കുകള്‍ക്കുള്ളിലിരുന്ന് വാക്കുകള്‍ക്കപ്പുറത്തുള്ള നിശ്ശബ്ദതയെ എഴുതുന്നവനാണ് കവി. നിശ്ശബ്ദതയില്‍ കേട്ട കാര്യങ്ങളാണ് ശബ്ദങ്ങള്‍ക്കവന്‍ മുറിച്ചുകൊടുക്കുന്നത്.

ആന്തരികതയുമായുള്ള ഒരു മനുഷ്യന്‍റെ അര്‍ത്ഥവത്തായ അനുരഞ്ജനമാണ് അയാളുടെ മൗനം.  സമഗ്രതയുടെ സ്വരലയമാണത്.  

You can share this post!

ജീവന്‍റെ സംരക്ഷണവും അവയവദാനവും

ബിഷപ്പ് ജേക്കബ് മുരിക്കന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts