പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കെതിരെ കക്ഷി-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഇന്ത്യയൊട്ടാകെ ജനരോഷം ആളിക്കത്തുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള ചുമതലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും എണ്ണക്കമ്പനികള്‍ വിലനിര്‍ണയാധികാരം നല്‍കുകയും ചെയ്തതാണ് അടിക്കടിയുള്ള വിലവര്‍ധനയ്ക്കു കാരണം. വിനാശകരമായ കുത്തകപ്രീണന നയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല അതു കൂടുതല്‍ ശക്തിയായി മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫ്രാന്‍സിലെ കാനില്‍ നടന്ന ജി-20 ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നു. 1990 കളില്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച നവലിബറല്‍ സാമ്പത്തിക നയം തുടരുമെന്നും പെട്രോളിന്‍റെ മാത്രമല്ല ഡീസലിന്‍റെയും പാചകവാതകത്തിന്‍റെയും വില വര്‍ധിപ്പിക്കാനുള്ള അവകാശം കമ്പനികള്‍ക്കു വിട്ടുകൊടുക്കുമെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വിലയും ബഹുരാഷ്ട്ര കുത്തകകമ്പനികളുടെ താല്‍പ്പര്യാര്‍ത്ഥം കമ്പോളശക്തികള്‍ക്കു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായാണ് പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ വ്യക്തമാക്കുന്നത്. വികസ്വരരാജ്യങ്ങളില്‍ ഏതാണ്ട് എല്ലാ അവശ്യമരുന്നുകളും ഗുണനിലവാരത്തോടെ ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതികശേഷിയുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
1972 മുതല്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്‍റ് നിയമത്തിലെ ഉല്‍പ്പാദനരീതി പേറ്റന്‍റ് വ്യവസ്ഥമൂലം വിദേശരാജ്യങ്ങളില്‍ പേറ്റന്‍റ് ചെയ്യപ്പെടുന്ന നവീന ഔഷധങ്ങള്‍ മറ്റൊരു ഉല്‍പ്പാദനരീതിയിലൂടെ നിര്‍മ്മിച്ച് വിലകുറച്ച് വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു കഴിഞ്ഞിരുന്നു. 1977ലെ ജനതാസര്‍ക്കാരിന്‍റെ കാലത്തു നടപ്പാക്കിയ ഔഷധ വിലനിയന്ത്രണ ഉത്തരവനുസരിച്ച് 347 അവശ്യമരുന്നുകളുടെ വില കുറയ്ക്കാനും കഴിഞ്ഞിരുന്നു. ലോകമാര്‍ക്കറ്റില്‍ ബഹുരാഷ്ട്രകുത്തകകളുടെ മരുന്നുമായി തട്ടിച്ചുനോക്കുമ്പോള്‍ എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വളരെ തുച്ഛമായ വിലയ്ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ വിറ്റിരുന്നത്. വികസ്വരരാജ്യങ്ങള്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ ഔഷധങ്ങളുടെ 40 ശതമാനത്തോളം നല്‍കിയിരുന്നത് ഇന്ത്യന്‍ കമ്പനികളായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചത്. എന്നാല്‍, ലോകവ്യാപാര സംഘടനയുടെ നിബന്ധനയ്ക്ക് വഴങ്ങി ഇന്ത്യന്‍ പേറ്റന്‍റ് നിയമം 2005ല്‍ പുതുക്കിയതോടെ സ്ഥിതിഗതികളാകെ മാറി. ഉല്‍പ്പാദനരീതി പേറ്റന്‍റിന്‍റെ സ്ഥാനത്ത് ഉല്‍പ്പന്നപേറ്റന്‍റ് വ്യവസ്ഥ വന്നതോടെ വിദേശകമ്പനികളുടെ പേറ്റന്‍റ് ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവകാശമില്ലാതായി. മാത്രമല്ല, പേറ്റന്‍റ് കാലാവധി ഏഴില്‍നിന്ന് 20 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ വിദേശത്ത് പേറ്റന്‍റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് 20 വര്‍ഷക്കാലം വില്‍ക്കാന്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ക്കു കഴിയും.
ഇതിനിടെ വന്‍കിട കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഔഷധവിലനിയന്ത്രണ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന ഔഷധങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരികയും കേവലം 25 തരം മരുന്നിനു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവശ്യമരുന്നുകളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പേറ്റന്‍റ് നിയമം 2005ല്‍ മാറ്റുന്നതിനുമുമ്പ് വിദേശകമ്പനികളുമായി മത്സരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ വിലകുറച്ച് ഇന്ത്യയിലും വിദേശത്തും വിറ്റുവന്നിരുന്ന ഇന്ത്യന്‍ സ്വകാര്യകമ്പനികള്‍ ഒന്നൊന്നായി വിദേശകമ്പനികള്‍ ഏറ്റെടുത്തു തുടങ്ങിയതും വിലവര്‍ധനയ്ക്കുള്ള സാഹചര്യമൊരുക്കി. മാത്രമല്ല, ഇന്ത്യന്‍ ആശുപത്രികളിലെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും എല്ലാ മാനദണ്ഡവും ലംഘിച്ചുകൊണ്ട് കരാര്‍ ഗവേഷണവും ഔഷധ പരീക്ഷണവും നടത്താനാണ് വിദേശകുത്തക കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം ഒത്താശചെയ്യുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്.
ഹാത്തി കമ്മിറ്റി നിര്‍ദ്ദേശിച്ചതുപോലെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യ ആവശ്യങ്ങള്‍ കണക്കിലെടുത്ത് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുക, അവശ്യമരുന്നുകള്‍ പൂര്‍ണ്ണമായും വിലനിയന്ത്രണനിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരിക, ഇന്ത്യന്‍ പൊതുമേഖലാ ഔഷധക്കമ്പനികള്‍ ശക്തിപ്പെടുത്തുക, കരാര്‍ ഗവേഷണവും ഔഷധപരീക്ഷണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനകീയാരോഗ്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 348 ഔഷധം ഉള്‍പ്പെടുത്തി അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരുലക്ഷംകോടിയില്‍പ്പരം മരുന്നുകളാണ് ഉല്പ്പാദിപ്പിക്കുന്നത്. ഇതില്‍ 48000 കോടി രൂപയുടെ മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുവരുന്നു. ഇതില്‍ 29,000 കോടി രൂപയുടെ (60 ശതമാനം) മരുന്നുകള്‍ മാത്രമാണ് അവശ്യമരുന്ന് പട്ടികയില്‍പ്പെടുത്തിയിട്ടുള്ളത്.
അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പാക്കാന്‍ പോകുന്ന നിയമം കേന്ദ്രസര്‍ക്കാരിന്‍റെ നഗ്നമായ കുത്തകപ്രീണന നയവും ജനവിരുദ്ധതയും ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഔഷധങ്ങളുടെ ഉല്‍പ്പാദനച്ചെലവിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുന്നതിനാണ് ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതിനെ ചെലവടിസ്ഥാനത്തില്‍ വില നിശ്ചയിക്കല്‍ എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നയംമാറ്റി അതിന്‍റെ സ്ഥാനത്ത് പെട്രോളിയം ഉല്പ്പന്നങ്ങളുടെ കാര്യത്തില്‍ ചെയ്തതുപോലെ കമ്പോള അടിസ്ഥാനവില നിശ്ചയിക്കല്‍ നയം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത്, വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്ന് മരുന്നിന്‍റെ വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതിലും താഴ്ന്നവിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ മറ്റ് കമ്പനികളെ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ സീലിങ്ങ് വില പുതുക്കുമെന്നും വ്യവസ്ഥചെയ്തിരിക്കുന്നു.
ഡോക്ടര്‍മാരെയും ഔഷധവ്യാപാരികളെയും സ്വാധീനിക്കുന്നതിനുള്ള പലതരത്തിലുള്ള ഔഷധപ്രചാരണതന്ത്രങ്ങള്‍ പിന്തുടരുന്നതുമൂലം വന്‍കിട കുത്തക കമ്പനികള്‍ വിറ്റുവരുന്ന മരുന്നുകളായിരിക്കും മിക്കപ്പോഴും ഏറ്റവും പ്രചാരത്തിലുള്ളവ. ഇവയുടെ വില മാര്‍ക്കറ്റിലുള്ള മറ്റ് മരുന്നുകളേക്കാള്‍ എപ്പോഴും ഉയര്‍ന്നതുമായിരിക്കും. ചില ഉദാഹരണങ്ങള്‍ നോക്കാം. എയ്ഡ്സിനുള്ള സിഡുവിഡിന്‍ എന്ന മരുന്നിന് ഇന്ത്യന്‍ കമ്പനി ഒരു ഗുളികയ്ക്ക് ഈടാക്കുന്നത് 7.70 രൂപയാണെങ്കില്‍ വിദേശകമ്പനി ഒരു ഗുളികയ്ക്ക് ഈടാക്കുന്നത് 20.40 രൂപയാണ്. അതുപോലെ സ്തനാര്‍ബുദത്തിനുള്ള റ്റമോക്സിഫിന്‍റെ വില ഇന്ത്യന്‍ കമ്പനിയുടേതിന് 2.90 രൂപയും വിദേശകമ്പനിയുടേതിന് 19.30 രൂപയുമാണ്. മൊത്തം വരുമാനത്തിന്‍റെ 40 ശതമാനത്തോളമാണ് മരുന്നുകമ്പനികള്‍ പ്രചാരണത്തിനായി ചെലവിടുന്നത്. ഇന്ത്യയിലെ 50 വന്‍കിട മരുന്നുകമ്പനികള്‍ ഒരു ഡോക്ടര്‍ക്കായി ശരാശരി 1.50 ലക്ഷം രൂപ ചെലവിടുന്നുണ്ട്. ചുരുക്കത്തില്‍ പുതിയ നയം നടപ്പാക്കുന്നതോടെ പെട്രോളിയം ഉല്പ്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ജീവന്‍രക്ഷാ മരുന്നുകളുടെയും വില കുതിച്ചുയരും. ഔഷധവില കുറയ്ക്കുന്നതിനായി ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാരിന് അടിയന്തരമായി സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്.
2005ല്‍ അംഗീകരിച്ച ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തില്‍ 1977ലെ നിയമത്തിലുണ്ടായിരുന്ന നിര്‍ബന്ധിത ലൈസന്‍സിങ്ങ് വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്. അമിതവിലയ്ക്ക് വില്‍ക്കുന്ന മരുന്നുകളുടെ വിലകുറയ്ക്കാന്‍ പേറ്റന്‍റ് എടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ തയ്യാറുള്ള മറ്റ് കമ്പനികള്‍ക്ക് ഉല്‍പ്പാദനം നടത്താന്‍ അനുമതി നല്‍കാന്‍ ഈ വ്യവസ്ഥ പ്രകാരം സര്‍ക്കാരിനു കഴിയും. ബ്രസീല്‍, തായ്ലന്‍ഡ്, മലേഷ്യ, ഇറ്റലി, കാനഡ തുടങ്ങി നിരവധി രാജ്യങ്ങള്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ പ്രയോജനപ്പെടുത്തി ഔഷധങ്ങളുടെ വില കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അവശ്യമരുന്നുകള്‍ പൂര്‍ണമായും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികശേഷിയുള്ള പൊതുമേഖലാ ഔഷധക്കമ്പനികളുള്ള ഇന്ത്യക്ക് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ മാതൃക പിന്തുടര്‍ന്ന് ഔഷധവില കുറയ്ക്കാന്‍ കഴിയും. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങ് നടപ്പാക്കാന്‍ ദേശീയ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് ദോഹയില്‍ ചേര്‍ന്ന ലോകവ്യാപാരി സംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുന്നതാണെന്നും ഓര്‍മ്മിക്കേണ്ടതാണ്. ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ താത്പര്യത്തിനെതിരായ ഈ തീരുമാനം 'ദോഹ വിട്ടുവീഴ്ച' എന്ന പേരില്‍ പ്രസിദ്ധവുമാണ്. എന്നാല്‍, ഇന്ത്യന്‍ ജനതയുടെ ആരോഗ്യതാത്പര്യങ്ങളെക്കാളേറെ അമേരിക്കയില്‍പ്പോലും ചോദ്യംചെയ്യപ്പെടുന്ന കമ്പോള മൗലികവാദം പിന്തുടരാനാണ് മറ്റ് മേഖലകളിലെന്നപോലെ ഔഷധമേഖലയിലും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പുതിയ ഔഷധവില നിശ്ചയിക്കല്‍ നയരേഖ സൂചിപ്പിക്കുന്നത്.