ആള്‍ഡസ് ഹക്സ്ലി തന്‍റെ കാലത്തെ -മൊബൈല്‍ഫോണ്‍ സങ്കല്പത്തില്‍പോലുമില്ലാത്ത കാലമാണത്- വിളിച്ചത് 'ഒച്ചയുടെ യുഗം' എന്നാണ്. കൂടുതല്‍ കൂടുതല്‍ കാറുകള്‍, വിമാനങ്ങള്‍, റോഡുകള്‍, മെഷീനുകള്‍... ഒരിക്കലും ഒച്ചയടങ്ങാത്ത നഗരങ്ങളിലെ കുഞ്ഞുങ്ങള്‍ എന്നെങ്കിലും ഒരു കിളിയുടെ പാട്ടോ, ചീവിടിന്‍റെ സ്വരമോ കേട്ടിട്ടുണ്ടാവുമോ ആവോ! നിലയ്ക്കാത്ത ഈ ഒച്ചകള്‍ക്കിടയിലാണു മൊബൈല്‍ഫോണ്‍ കമ്പനിക്കാര്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്, "സംസാരിക്കൂ, മതിയാവോളം സംസാരിക്കൂ." അങ്ങനെയെല്ലാവരും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഇംഗ്ലീഷില്‍ വിശേഷം ആരായേണ്ടത്, "How do you do?" എന്നു ചോദിച്ചാണെന്നാണ് ടീച്ചര്‍ പഠിപ്പിച്ചിട്ടുള്ളത്. അതിനു മറുപടിയും അതുതന്നെ, "How do you do?" അങ്ങോട്ടുമിങ്ങോട്ടും ചോദ്യം. എന്തോ സംസാരിച്ചല്ലോ എന്ന സംതൃപ്തിയോടെ ഇരുവര്‍ക്കും അവരവരുടെ വഴിക്കു പോകുകയുമാവാം.
വാക്കുകള്‍, വാക്കുകള്‍, വാക്കുകള്‍ - നമ്മുടെ തലയിലും ചെവിയിലും ചുറ്റുവട്ടത്തും അവ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. നമ്മുടെ ചിന്തകളെയും അനുഭൂതികളെയുമൊക്കെ നാമറിയാതെ അവ സ്വാധീനിക്കുന്നുമുണ്ട്. മാപ്പ് ഉപയോഗിച്ച് ടൂറിനുപോകുന്നവന്‍ മാപ്പിലുള്ളതില്‍ കൂടുതലൊന്നും കാണുന്നില്ലല്ലോ. ഫിലിംറിവ്യൂ വായിച്ചിട്ട് സിനിമയ്ക്കു പോകുന്നവന്‍ കാണുന്നതു സ്ക്രീനിലെ സിനിമയല്ല, കടലാസിലെഴുതിവയ്ക്കപ്പെട്ട സിനിമയാണ്. അതുകൊണ്ടാണ് ഡാനിഷ് ചിന്തകന്‍ കീര്‍ക്കെഗോര്‍ പറഞ്ഞത്, "രോഗം പിടിച്ചിരിക്കുന്നു എല്ലാവര്‍ക്കും. ഒരൊറ്റ മരുന്നേയുള്ളൂ പ്രതിവിധിയായിട്ട്: നിശ്ശബ്ദത പാലിക്കൂ." 'റാമെന്‍ ഗേള്‍' എന്ന സിനിമയില്‍ ഒരു ജാപ്പനീസ് സൂപ്പുപാചകക്കാരന്‍ ഒരമേരിക്കക്കാരിയെ സൂപ്പുണ്ടാക്കാന്‍ ശീലിപ്പിക്കുന്നുണ്ട്. അവള്‍ അതുണ്ടാക്കുന്നതു പുസ്തകത്തിലെ ചേരുവകളുടെ അനുപാതം വായിച്ചിട്ടാണ്. അയാള്‍ അതുവാങ്ങി ചവറ്റുകുട്ടയിലിട്ടിട്ട്, സൂപ്പു മണത്തുനോക്കാന്‍, അതനുഭവിക്കാന്‍ ആവശ്യപ്പെടുന്നു. ചേരുവകളും അനുപാതവും കൊണ്ടുമാത്രം സൂപ്പുണ്ടാവുകയില്ലല്ലോ. "A Rose is a rose is a rose" എന്നാണ് ജെര്‍ത്രൂദാ സ്റ്റെയിന്‍ പറഞ്ഞത്. റോസപ്പൂ എന്നാല്‍ ഇതളുകളോ കെമിക്കല്‍സോ എന്നല്ല, റോസപ്പൂ എന്നുമാത്രമാണര്‍ത്ഥം. അതിനെ അറിയുന്നതു തലകൊണ്ടു ചിന്തിച്ചല്ല, ചുണ്ടുകൊണ്ട് ചുംബിച്ചാണ്. അതിനാവണമെങ്കില്‍ മനസ്സൊന്നു ശാന്തമാകണം, തലയ്ക്കകത്തെ മുഴക്കങ്ങള്‍ ഒന്നു നിലയ്ക്കണം, കുറച്ചുസമയം ചുമ്മാതിരിക്കാനുണ്ടാകണം.
ശാസ്ത്രയുഗത്തിലെ മനുഷ്യന് ഒരുപാടു തിരക്കുള്ളതുകൊണ്ട് അത്രയും സമയം ചെലവിടാനില്ലല്ലോ. അതുകൊണ്ടു പൂവിനെ അറിയാന്‍ അവന്‍ അതിന്‍റെ ഇതളുകള്‍ അടര്‍ത്തി നോക്കി; തവളയെ അറിയാന്‍ അതിനെ വലിച്ചുകീറി നോക്കി. എന്നിട്ട് ശാസ്ത്രനാമങ്ങളും സമവാക്യങ്ങളും എഴുതിയുണ്ടാക്കി, 'ഇതാണ് യാഥാര്‍ത്ഥ്യം' എന്നു പ്രഖ്യാപിച്ചു. നൂറ്റാണ്ടുകള്‍നീണ്ട ഇത്തരം ശ്രമങ്ങള്‍ക്കുശേഷം ഇന്നുപക്ഷേ ശാസ്ത്രം പറയുന്നതെന്താണ്? ഒന്നും കൃത്യമായിപ്പറയാനാവില്ലെന്ന്! ഇലക്ട്രോണ്‍ ഒരേ സമയം കണികയും തരംഗവുമാണത്രെ. വട്ടവും ചതുരവും നമുക്കറിയാം. പക്ഷേ വട്ട-ചതുരമോ?! കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണെന്നൊക്കെയാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഉരുണ്ടായതുകൊണ്ട്, നമ്മള്‍ വരയ്ക്കുന്ന എത്ര ചെറിയ നേര്‍രേഖയും സത്യത്തില്‍ വളഞ്ഞതാണത്രേ. അതായത്, വളഞ്ഞ നേര്‍രേഖ?! ചുരുങ്ങിയത് ഇത്രയെങ്കിലും ഇവയില്‍നിന്നൊക്കെ മനസ്സിലാക്കാം: വാക്കുകളും സമവാക്യങ്ങളുമുപയോഗിച്ച് ഒരു ചെറിയകാര്യംപോലും നൂറുശതമാനം കൃത്യതയോടെ വിശദീകരിക്കാനാകില്ല. സെന്‍ ചിത്രകാരന്മാരുടെ വരകളില്‍ ഒരു മൂലയ്ക്കു മാത്രമായിരിക്കുമത്രേ ഒരു രൂപമുണ്ടാകുക. ബാക്കി ക്യാന്‍വാസു മുഴുവനും ശൂന്യമായിരിക്കും. അത് ആകാശമാണ്. അതിനെ എങ്ങനെയാണ് ബ്രഷില്‍ ഒതുക്കുക? ഒട്ടൊന്ന് ശാന്തമായാല്‍, ചുറ്റുവട്ടത്തെ നിഗൂഢതയുടെ മുന്‍പില്‍ മിഴിയും ചുണ്ടും പൂട്ടി കൈകൂപ്പി നാം നിന്നുപോകും. ജോബിനോട് യഹോവ ചോദിക്കുന്നുണ്ട്: "മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാരാണ്?... ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ നിനക്കറിയാമോ?... കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവ് നീ കണ്ടിട്ടുണ്ടോ?" അതിനുള്ള ജോബിന്‍റെ മറുപടി: "ഞാന്‍ നിസ്സാരനാണ്. ഞാനെന്തുത്തരം പറയാനാണ്? ഞാന്‍ വാ പൊത്തുന്നു." മാലാഖമാര്‍ മിണ്ടാതെ നില്‍ക്കുന്നിടത്ത് പക്ഷേ വിഡ്ഢികള്‍ കിടന്നു ബഹളംവയ്ക്കുകയാണ്.
നമ്മുടെ ചെറിയ ജീവിതങ്ങളിലേക്കു വരിക. ഏതെങ്കിലും പ്രമാണത്തിനോ തത്ത്വസംഹിതയ്ക്കോ മനുഷ്യനെ മനസ്സിലാക്കാനായിട്ടുണ്ടോ? ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ രണ്ടു പുസ്തകങ്ങളാണ് ‘How to Win Friends and Influence People’ ഉം "Stop Worrying and Start Living' ഉം. പക്ഷേ അവയുടെ കര്‍ത്താവ് ഡെയ്ല്‍ കാര്‍ണീജ് ഒടുക്കം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇല്ല, ഒരു പുസ്തകത്തിനും ജീവിതത്തെ സൂക്ഷ്മമായി നിര്‍വചിക്കാനായിട്ടില്ല. മുയല്‍വളര്‍ത്തല്‍ കേന്ദ്രത്തിലേക്കൊരു ഫോണ്‍വിളി: 'ഒരു മുയലിനെ വേണം.' കടക്കാരന്‍ അഡ്രസ് കുറിച്ചെടുത്ത് പോക്കറ്റിലിട്ട്, മുയലിനെയുംകൊണ്ട് പോകുകയാണ്. ഇടയ്ക്കെപ്പോഴോ മുയല്‍ കുതറിയോടി. കടക്കാരന്‍ പറഞ്ഞു: "പൊയ്ക്കോ, പൊയ്ക്കോ, പക്ഷേ അഡ്രസ് എന്‍റെ കൈയിലാണ്!" അഡ്രസുനോക്കിയല്ല മുയല്‍ ഓടുന്നത്. കടലാസിലെ പ്രമാണങ്ങള്‍ക്കനുസരിച്ചല്ല ജീവിതം കുതിക്കുന്നതും. നമ്മെ ആഴത്തില്‍ തൊടുന്ന അനുഭൂതികളെ പകര്‍ത്തിവയ്ക്കാന്‍ തുനിയുമ്പോഴാണ് വാക്കുകള്‍ എത്ര അപര്യാപ്തമാണെന്നു നാം തിരിച്ചറിയുക. മരച്ചുവട്ടില്‍ പ്രണയബദ്ധരായിരിക്കുന്ന രണ്ടുപേരെ നോക്കൂ. അവര്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമാണ് വാക്കുകള്‍ അടര്‍ന്നുവീഴുന്നത്. ഒരമ്മയോട് മാതൃസ്നേഹത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടു നോക്കൂ. അവളുടെ കണ്ണുകള്‍ നിറയുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല. ഒരിക്കല്‍പ്പോലും ഒരു കുഞ്ഞിന്‍റെ മൂത്രംവീണ് ഉടുപ്പു നനയാത്തവര്‍ക്കു പക്ഷേ മാതൃസ്നേഹത്തെക്കുറിച്ച് രണ്ടുമണിക്കൂര്‍ കാച്ചിവിടാനായേക്കാം.
നമ്മുടെ ജീവിതവും നമ്മുടെ ചുറ്റുവട്ടത്തെ റോസാപ്പൂവും മിന്നാമിനുങ്ങും പ്രണയവുമൊക്കെ ഇത്രകണ്ട് നിഗൂഢമെങ്കില്‍, വാക്കുകള്‍ അവയെ വിവരിക്കുന്നതില്‍ വല്ലാതെ പരാജയപ്പെടുന്നുവെങ്കില്‍, ഇവയുടെയെല്ലാം ഉടയവനെക്കുറിച്ച് ആര്‍ക്കെന്താണ് പറയാനാവുക? പഴയനിയമം ദൈവത്തിനു വിരുദ്ധമായി പ്രതിഷ്ഠിച്ചത് വിഗ്രഹത്തെയാണ്. കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ പരിമിതമായൊരു രൂപം അപരിമേയതയെ, അവാച്യതയെ തൊടുന്നതില്‍നിന്ന് നിന്നെ തടയും. വിഗ്രഹം കല്ലും മണ്ണുംകൊണ്ടു മാത്രമല്ല, വാക്കുകള്‍കൊണ്ടും സൃഷ്ടിക്കാനാകും. നിയമജ്ഞരം കൂട്ടരും അതാണു ചെയ്തത്. ദൈവത്തെക്കുറിച്ച് അവര്‍ക്കു വ്യക്തമായ ധാരണകളുണ്ടായിരുന്നു. മിശിഹായെ അളക്കാന്‍ ചില കൃത്യമായ മാനദണ്ഡങ്ങളും. ആത്മാവിനെ അവര്‍ അക്ഷരങ്ങളിലൊതുക്കി. പക്ഷേ കാറ്റ് അതിനിഷ്ടമുള്ളിടത്താണല്ലോ വീശുക. അതുകൊണ്ട് ആ കുഞ്ഞ് കാലിത്തൊഴുത്ത് തിരഞ്ഞെടുത്തു. തങ്ങളുടെ മാനദണ്ഡം പാലിക്കാത്തവന്‍ മിശിഹായല്ലെന്നു നിയമജ്ഞര്‍ വിധിയെഴുതി. അക്ഷരാഭ്യാസം കിട്ടാത്ത ആട്ടിടയര്‍ പക്ഷേ ആ കുഞ്ഞിന്‍റെ മുമ്പില്‍ കൈകൂപ്പിനിന്നു.
വാക്കുകളും വാക്കുകള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ പ്രമാണങ്ങളും കാറ്റില്‍പറത്തി പിറന്നുവീണവന്‍ ജീവിതത്തിലൂടനീളം നെടുനീളന്‍ പ്രസംഗങ്ങളില്‍നിന്ന് അകലം പാലിച്ചു. ചില ചോദ്യങ്ങള്‍ക്ക് അവന്‍ കൊടുത്ത ഉത്തരം, "പിതാവിനല്ലാതെ മറ്റാര്‍ക്കും അവ അറിയില്ല" എന്നായിരുന്നു. ബുദ്ധനും മഹാവീരനുമൊക്കെ ചില ചോദ്യങ്ങളുടെ മുന്‍പില്‍ നിശ്ശബ്ദരായി നിന്നതേയുള്ളൂ. വാക്കുകള്‍ വിഗ്രഹങ്ങളായി മാറുമെന്ന് അവര്‍ അറിഞ്ഞിരുന്നു. ഉദാഹരണത്തിന്, ഹീബ്രു ഭാഷയില്‍ റൂആഹ് (റൂഹാ) സ്ത്രീലിംഗ ശബ്ദമാണ്. ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അത് നപുംസകശബ്ദമായ പ്ന്യൂമാ (Pneuma) എന്നായി. ലാറ്റിനില്‍ അത് പുല്ലിംഗശബ്ദമായ സ്പിരിത്തുസ് (Spiritus) ആയിത്തീര്‍ന്നു. അതാണ് മലയാളത്തിലെ 'ആത്മാവ്.' ദൈവത്തിന്‍റെ ആത്മാവിനെ പുല്ലിംഗശബ്ദത്തില്‍ പറഞ്ഞുപറഞ്ഞ് ഇന്നാരെങ്കിലും ദൈവത്തെ 'അമ്മാ' എന്നുവിളിച്ചാല്‍ നമ്മുടെ നെറ്റിചുളിയുന്നു. 'അപ്പാ'യെന്നും 'അമ്മാ'യെന്നുമൊക്കെയുള്ള വാക്കുകള്‍ ദൈവത്തെക്കുറിക്കാനുള്ള ചില ശ്രമങ്ങള്‍ മാത്രമാണെന്നു നാമറിഞ്ഞിരുന്നുവെങ്കില്‍ ദൈവത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കു കുറച്ചൊരു അറുതി വന്നേനെ.
കാലിത്തൊഴുത്തില്‍ പിറന്നവന്‍ വാക്കുകള്‍കൊണ്ട് പ്രമാണങ്ങള്‍ നിര്‍മ്മിക്കുകയല്ല, ചിത്രങ്ങള്‍ വരയ്ക്കുകയാണ്. തള്ളക്കോഴി, അടിച്ചുവാരുന്ന സ്ത്രീ, വിതുമ്പുന്ന അപ്പന്‍, വിതക്കാരന്‍, ഇടയന്‍... ഇവയൊക്കെയാണ് താന്‍ എന്നാണവന്‍ പറഞ്ഞത്. പറക്കുന്ന കിളി, അഴിയുന്ന വിത്ത്, അലിയുന്ന പുളിമാവ്, ചിരിക്കുന്ന ലില്ലി ഒക്കെയുപയോഗിച്ച് അവന്‍ സംസാരിച്ചു. വാക്കുകളുടെ ധാരാളിത്തമില്ല, വിയര്‍ത്തൊലിക്കലില്ല, ഞരമ്പു വലിഞ്ഞുമുറുകലില്ല. ഉള്ളിന്‍റെ നിശ്ശബ്ദതയില്‍കിടന്ന് പാകംവന്ന, കേള്‍വിക്കാരെ നിശ്ശബ്ദതയിലേക്കു നയിക്കുന്ന ചുരുക്കം ചില വാക്കുകള്‍. അവന്‍ വരച്ച ചിത്രങ്ങള്‍ പ്രമാണങ്ങളാക്കി മാറ്റിയെടുത്തു കാര്‍ക്കശ്യത്തോടെ അവതരിപ്പിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവയുടെ ജീവനാണ്. റ്റോണി ഡിമെല്ലോ നിരീക്ഷിച്ചതുപോലെ, "ദൈവം പറഞ്ഞതു ഹൃദയത്തില്‍ കുറിക്കാന്‍ ആളില്ലാതെവന്നപ്പോള്‍ അതു പുസ്തകത്തില്‍ എഴുതപ്പെട്ടു. അങ്ങനെ വിശുദ്ധഗ്രന്ഥമുണ്ടായി. അതു സൂക്ഷിക്കാന്‍ അള്‍ത്താരയും, അള്‍ത്താരയെ സൂക്ഷിക്കാന്‍ ദേവാലയവും, ദേവാലയം സൂക്ഷിക്കാന്‍ ഭൂമിയും, ഭൂമിയെ സൂക്ഷിക്കാന്‍ മതിലും, മതിലിനെ സൂക്ഷിക്കാന്‍ പട്ടാളവും പോലീസുമൊക്കെ വേണ്ടിവന്നു." അക്ഷരം ആത്മാവിനെ കൊല്ലുന്നു.
കസന്‍ദ്സാക്കിസിന്‍റെ ഫ്രാന്‍സിസിനെ മാര്‍പാപ്പ തന്‍റെ മുന്നിലേക്കു വിളിക്കുന്നു. മാര്‍പാപ്പയോട് പറയാന്‍ കാര്യങ്ങള്‍ കൃത്യമായി ഫ്രാന്‍സിസ് മനസ്സില്‍ കുറിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്‍റെ മുന്നില്‍ ചെന്നതോടെ ഫ്രാന്‍സിസ് എല്ലാം മറക്കുകയാണ്. നാവു പൊങ്ങുന്നില്ല. പകരം കാലുകള്‍ ചലിക്കുകയാണ്. പതുക്കെപ്പതുക്കെ അതൊരു നൃത്തമാകുന്നു. ദൈവത്തിനുവേണ്ടി തത്ത്വങ്ങള്‍ മെനയുന്നതു നിര്‍ത്തിയിട്ട് നമുക്കു പാട്ടുകള്‍ പാടാം, ചിത്രങ്ങള്‍ വരയ്ക്കാം, നൃത്തം ചവിട്ടാം.
വാക്കിന്‍റെ അപര്യാപ്തതയെക്കുറിച്ച് ഒരുപാടു വാക്കുകളെഴുതി എന്നു സമ്മതിച്ചുകൊണ്ട് ഈ കുറിപ്പു നിര്‍ത്തുന്നു. ക്രിസ്മസ് ആശംസകള്‍...