news-details
കാലികം

വിദേശ കുത്തകവ്യാപാരികള്‍ പിടിമുറുക്കുമ്പോള്‍

ഒരു പരിണാമകഥ

അനാവശ്യമായി വളര്‍ന്നുപെരുകാതെയും അപകടകരമായി തളര്‍ന്നുശോഷിക്കാതെയും പ്രകൃതിയുടെ നിബന്ധനകള്‍ക്കു പൂര്‍ണ്ണവിധേയരായി, ആധുനിക സംസ്കാരത്തിന്‍റെ വിഷലിപ്തമായ കരനഖക്ഷതം ഏല്‍ക്കാതെ നൂറ്റാണ്ടുകളായി ഉള്‍വനങ്ങളില്‍ ജീവിച്ചുവന്നവരാണ് അട്ടപ്പാടിയിലെ ഏറ്റവും അപരിഷ്കൃതവും അപ്രാപ്യവുമായ കുറുമ്പ ആദിവാസി ഗോത്രസമൂഹം. പ്രകൃതി നല്‍കുന്ന വിഭവങ്ങള്‍ ശേഖരിച്ചും ആഹരിച്ചും, പ്രാക്തനമായ നാട്ടറിവുകളിലൂടെ സ്വാംശീകരിച്ച ചികിത്സാരീതികള്‍ അവലംബിച്ചും, ഈശ്വരന്‍റെ മൂര്‍ത്തരൂപമായി കരുതപ്പെടുന്ന മല്ലേശ്വരന്‍ കൊടുമുടിയെ ആരാധിച്ചും ഇന്നലെകളില്‍നിന്നും നാളെകളില്‍നിന്നും വിമോചിതരായി അവരെല്ലാം അനന്തമായ വര്‍ത്തമാനകാലത്തില്‍ ജീവിച്ചുവരികയായിരുന്നു. സംസ്കാരങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഘോഷയാത്രകളൊന്നും അവരുടെ സാംസ്കാരിക ഭൂമികയില്‍ നിഗൂഢമായ നിഴലുകള്‍ വീഴ്ത്തിയില്ല.

പിന്നെയൊരിക്കല്‍ മണ്ണാര്‍ക്കാട്ടുനിന്ന് വന്‍കിട വനം കൊള്ളക്കാര്‍, മാവൂര്‍ റയോണ്‍സിന് മുള ശേഖരിക്കാന്‍ എന്ന വ്യാജേന എത്തി. അവര്‍ നിബിഡവും നിത്യനിശബ്ദവുമായ കന്യാവനങ്ങള്‍ കീറിമുറിച്ച് ഭവാനിപ്പുഴ വരെ കൂപ്പ് റോഡ് വെട്ടി. പലശതകങ്ങള്‍ക്ക് മൂകസാക്ഷികളായിരുന്ന ഈട്ടിയും തേക്കും മറ്റ് വൃക്ഷങ്ങളും മുളയുടെ മറവില്‍ പുറംനാടുകളിലേക്കു നീങ്ങി. വനംകൊള്ളക്കാര്‍ക്കു പിന്നാലെ കഞ്ചാവ്ലോബി അതേ കൂപ്പ് റോഡിലൂടെ കടന്നെത്തി. അവര്‍ കുറുമ്പരെ കഞ്ചാവ് കര്‍ഷകരാക്കി, കഞ്ചാവ് ചുമടുകാരാക്കി, കഞ്ചാവിനടിമകളുമാക്കി. എല്ലാവര്‍ക്കും ഇഷ്ടംപോലെ പണമായി. പണകേന്ദ്രീകൃത പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് അവരും ചുവടുമാറ്റം നടത്തി. പണം പ്രദാനംചെയ്യുന്ന ആധുനിക ഭോഗവശ്യതകളെല്ലാം അവരെയും തേടിയെത്തി. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുടെ ആശീര്‍വാദവും നിശബ്ദ പിന്‍തുണയുമുണ്ടായിരുന്ന കഞ്ചാവു ലോബിക്ക് അതിന്‍റെ മേച്ചില്‍പ്പുറങ്ങള്‍ ഒരു ഘട്ടത്തില്‍ മറ്റെവിടെക്കോ മാറ്റേണ്ടിവന്നു. കഞ്ചാവും ആദിവാസികളും തനിച്ചായി, അനേകം ആദിവാസികള്‍ തുറുങ്കിലടയ്ക്കപ്പെട്ടു, പണമില്ലാത്ത ജീവിതം അവര്‍ക്ക് അസഹ്യമായി. ഇതിന് പരിഹാരമായി സര്‍ക്കാര്‍ കീടനാശിനികളും രാസവളവും ആധുനിക വിത്തുകളും ജപ്പാന്‍റെ സാമ്പത്തിക സഹായത്തോടെ ദാനംചെയ്തു. അതോടെ എല്ലാം പൂര്‍ത്തിയായി. ഗോത്രത്തലവനായ കക്കിമൂപ്പന്‍ പറയുന്നു: "സാര്‍വ്വത്രികമായ മുക്തി സാദ്ധ്യമല്ല, ഓരോ വ്യക്തിയും അവനവന്‍റെ മുക്തിമാര്‍ഗ്ഗം സ്വയം കണ്ടെത്തണം. കുടുംബനാഥന്‍ തെറ്റുകാരനായാല്‍ മക്കളും ആ പാത പിന്‍തുടരും. സര്‍ക്കാരിനേക്കാള്‍ മെച്ചമാവില്ല അതിന്‍റെ ഉദ്യോഗസ്ഥര്‍. ആദിവാസികള്‍ ആനര്‍ക്കാസ് ശേഖരിച്ചില്ല, തേക്കും ഈട്ടിയും വെട്ടിമറിച്ചില്ല. കഞ്ചാവ് കൃഷി ചെയ്തില്ല. ഇവയെല്ലാം ഇറക്കുമതി ചെയ്യപ്പെട്ടവയാണ്. ഈ സര്‍ക്കാരുകള്‍ എല്ലാം വരുന്നതിനുമുമ്പ് ഞങ്ങളുടെ കാനന റിപ്പബ്ളിക്കുകള്‍ ഇവിടെയുണ്ടായിരുന്നു പക്ഷേ അവസാനത്തെ സര്‍ക്കാരും വന്നുപോയിക്കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് തനതായ തനിമയോടെ ഇവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. ഞങ്ങളെ നിങ്ങളാക്കാനുള്ള ശ്രമങ്ങള്‍മൂലം ഞങ്ങള്‍ നിങ്ങളേക്കാള്‍ അധഃപതിച്ച് എരപ്പാളികളും കുടിയന്‍മാരും തെമ്മാടികളുമായി മാറുകയാണ്.

ചരിത്രത്തിന് മരണമില്ല

മേല്‍പ്പറഞ്ഞ ഗോത്രപരിണാമം വിശാലമായ ദേശീയ ഭൂമിയുടെ പരിമാണത്തിലേക്ക് വികസിപ്പിച്ചാല്‍ അദൃശ്യപാശങ്ങളുടെ തള്ളുവലികള്‍ക്ക് വിധേയരായി ഉറഞ്ഞുതുള്ളുന്ന നമ്മളെത്തന്നെ അവിടെ കാണാം. ചരിത്രത്തിന് ഒരു കഥയേ പറയാനുള്ളൂ - ആ കഥ തലമുറകളിലൂടെ, സംസ്കാരങ്ങളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 1498-ല്‍ ഇവിടെ വിദേശകച്ചവടക്കാര്‍ വന്നു, പിന്നീട് വന്ന ശതകങ്ങളിലൂടെ പുതിയ പുതിയ വണിക്പ്രഭുക്കളെ നാം കണ്ടു. വ്യാപാരം വളര്‍ന്നപ്പോള്‍ രാജ്യംതന്നെ അവരുടെ കൈകളിലായി. കോളണിവാഴ്ചയുടെ പ്രേതം ഇനിയും ഈ നാടിനെ വിട്ടുപോയിട്ടുപോലുമില്ല. നമ്മുടെ വിദ്യാഭ്യാസത്തെ, ഉദ്യോഗസ്ഥ പിരമിഡിനെ, തൊഴില്‍ സംസ്കാരത്തെ എന്നിങ്ങനെ പലതിനെയും അതു ഗ്രസിച്ചിരിക്കുന്നു.

ഭാരതീയന്‍ പുതിയ പുതിയ അനുഭൂതികളിലേക്ക് ആനയിക്കപ്പെടുകയാണ്. ഇലക്ട്രോണിക് വൈകാരികതകളും പ്ലാസ്റ്റിക്പൂക്കളും വര്‍ത്തമാനകാല ജീവിതവസന്തത്തിന്‍റെ രംഗഭാഷയായി മാറിക്കഴിഞ്ഞു. സുനിശ്ചിതമായ ലക്ഷ്യങ്ങളോടെ ഉല്പാദിപ്പിക്കപ്പെടുന്ന വാര്‍ത്തകളും അപവാദങ്ങളും വാണിജ്യസാമ്രാജ്യങ്ങളുടെ സുവര്‍ണ്ണ സാധ്യതകളായി മാറുന്നു.

നമുക്ക് വാതിലുകളെല്ലാം കൊട്ടിയടച്ച് ഒരു ഉത്തര കൊറിയ മംഗോറിയോ ആവാന്‍ പറ്റില്ല. ഓരോ വെല്ലുവിളിയുടെയും മറുപുറത്ത് വലിയ സാധ്യതകളും ഒളിഞ്ഞിരിപ്പുണ്ട്. കുത്തകവ്യാപാരികള്‍ ഈ നാടിനെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവാതെ, അവരെ ഈ നാട് നിയന്ത്രിക്കുന്ന ഒരു രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ അനിവാര്യമാണ്. ഭാരതത്തിന്‍റെ ജനകീയഘടന വ്യത്യസ്തമാണ്. നമ്മള്‍ ഒരു ജനതയല്ല, ജനതകളുടെ സംഘഗാനമാണ്. വാണിജ്യവല്‍ക്കരണത്തിന്‍റെ ആര്‍ത്തിപൂണ്ട തേരോട്ടത്തില്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന ജനകോടികള്‍ ഇവിടെയുണ്ട്, നഗരവിഭ്രമങ്ങളില്‍ നിന്നകന്നു മാറി, നിശബ്ദതയുടെ കവിതയില്‍ അഭിരമിക്കുന്ന ഗ്രാമീണ ഭൂരിപക്ഷവും ഇവിടെയുണ്ട്. ഡോ. ബി. ഡി. ശര്‍മ്മ 'വഞ്ചിക്കപ്പെടുന്ന ഗ്രാമ്യഭാരതത്തിന്‍റെ നേര്‍കാഴ്ചകള്‍' എന്ന ഗ്രന്ഥത്തില്‍ എഴുതി: 'നിങ്ങള്‍ ഭക്ഷ്യവിളകള്‍ ഉപേക്ഷിച്ച് പനിനീര്‍പ്പൂ കൃഷിചെയ്തു കൂടുതല്‍ വിദേശനാണ്യം നേടൂ, ഭക്ഷ്യവിളകള്‍ തുച്ഛമായ വിലയ്ക്ക് ഇറക്കുമതി ചെയ്യാം; എന്ന വിദേശ വ്യാപാരിയുടെ ഉപദേശം കേള്‍ക്കുന്ന നയരൂപീകര്‍ത്താക്കള്‍ ഒരു ഘട്ടത്തില്‍ 'നിങ്ങളുടെ പൂവ് ഞങ്ങള്‍ക്കുവേണ്ട, ഞങ്ങള്‍ക്കു കുറഞ്ഞവിലയ്ക്ക് വില്‍ക്കാന്‍ ധാന്യവുമില്ല' എന്നു പറയുമ്പോള്‍ എന്തുചെയ്യും? പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകഴിഞ്ഞു. ആധുനികകാലത്ത് കോളനികള്‍ വളരുന്നത് ഇങ്ങനെയാണ് -സ്വാശ്രിത പരമാധികാര രാജ്യങ്ങളെ പരാശ്രയത്വത്തിന്‍റെ വശ്യതകളിലേക്ക് കൈപിടിച്ച് ആനയിക്കുക. ഇത് ഭാരതം കഞ്ഞികുടിച്ച് കിടക്കുന്നതു കണ്ടിട്ടുള്ള കണ്ണില്‍ക്കടി അല്ല, കച്ചവടരാക്ഷസന്‍മാര്‍ക്ക് ലാഭക്കച്ചവടത്തിനുള്ള വേദിയൊരുക്കലാണ്. നമ്മുടെ ആഭ്യന്തര സാമ്പത്തിക നയങ്ങള്‍ സംവിധാനം ചെയ്യുന്നതു നമ്മളല്ല, വിദേശ സാമ്പത്തിക ഭീമന്മാരാണ്. പരമാധികാര സോഷ്യലിസ്റ്റ് ജനാധിപത്യം പുസ്തകങ്ങളില്‍ ശിശിരനിദ്ര കൊള്ളുന്നു.

അരങ്ങുണരുമ്പോള്‍

ബഹുരാഷ്ട്ര വ്യാപാരസ്ഥാപനങ്ങളുടെ ഖനിയായി മാറുകയാണ് ഇന്ത്യ. ഇന്ത്യന്‍ റീട്ടെയില്‍ വിപണി ലോകത്തിലെതന്നെ അഞ്ചാമത്തെ ഏറ്റവും വലിയ വിപണിയാണ്; 1800000 കോടി രൂപയുടെ വ്യാപാരം അവിടെ നടക്കുന്നുമുണ്ട്. വരുംവര്‍ഷങ്ങളില്‍ ഇതു കൂടുതല്‍ വളരാനാണ് സാദ്ധ്യത. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മൊത്ത ദേശീയ ഉല്പാദനത്തിന്‍റെ 23% ചില്ലറവ്യാപാരത്തില്‍ നിന്നായിരിക്കുമെന്നും 5500000 കോടി രൂപയുടെ വ്യാപാരം നടക്കുമെന്നും പ്രവചിക്കപ്പെടുന്നു.

അന്താരാഷ്ട്ര മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സികളുടെ വിലയിരുത്തലില്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ആകര്‍ഷകമായ വിപണിയാണ്. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികംപേര്‍ ജോലിചെയ്യുന്നത് ചില്ലറവ്യാപാര മേഖലയിലാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ താങ്ങായി വര്‍ത്തിക്കുന്നതും ഇതുതന്നെ. പക്ഷേ ഇന്ത്യന്‍ വ്യാപാരത്തിന്‍റെ പ്രത്യേകത അതിന്‍റെ 98% അസംഘടിത ചെറുകിടവ്യാപാരികള്‍ മുഖേനയാണെന്നതാണ്. പക്ഷേ പുതിയ എഫ്.ഡി.ഐ. നയവ്യതിയാനത്തിന്‍റെ ഭാഗമായി കോര്‍പ്പറേറ്റ് വ്യാപാര മേഖല പ്രതിവര്‍ഷം 40% എന്ന നിരക്കില്‍ വളരുമെന്നും കണക്കാക്കപ്പെടുന്നു. സംഘടിത വ്യാപാരമേഖല 5 ലക്ഷംപേര്‍ക്ക് ജോലിനല്‍കുന്ന സമയത്ത് അസംഘടിത മേഖലയില്‍ 3.95 കോടി പേര്‍ ജോലിചെയ്യുന്നുണ്ട്.

അതിവിപുലമായ ഒരു വ്യാപാരശൃംഖലയാണ് നിലവില്‍ ഇവിടെയുള്ളത്; 1000 പേര്‍ക്ക് 11 കടകള്‍ എന്ന നിരക്കില്‍. ഈ പ്രതിഭാസത്തിനു കാരണം നമ്മുടെ ഉജ്ജ്വലമായ സാമ്പത്തിക പുരോഗതിയൊന്നുമല്ല. ഇതു തൊഴിലില്ലായ്മയുടെ സൗമ്യമായ മുഖമാണ്. മറ്റു തൊഴിലൊന്നും കണ്ടെത്താന്‍ കഴിയാത്തവരും അതിനു ശേഷിയില്ലാത്തവരും തൊട്ടടുത്ത കവലയില്‍ ഒരു പെട്ടിക്കടയെങ്കിലും തുറക്കും. അതുകൊണ്ടുതന്നെ അതിവിപുലമായ ഒരു ഉത്പന്നവിപണി ഇവിടെയുണ്ട്. അവനവന്‍റെ മൂലധനശേഷി അനുസരിച്ച് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സുന്ദരമായ മാര്‍ഗ്ഗമാണ് ചില്ലറവ്യാപാരം. സാധാരണഗതിയില്‍ ഉല്പാദനമേഖല ശക്തി പ്രാപിച്ചതിനു ശേഷമാണ് വിതരണമേഖല ശക്തി പ്രാപിക്കുക. ഇന്ത്യയില്‍ കാണുന്ന വിചിത്രമായ പ്രതിഭാസം വ്യവസായവല്‍ക്കരണം അതിന്‍റെ ശൈശവദശയില്‍ത്തന്നെ തുടരുമ്പോഴും വിതരണമേഖല വ്യവസായവല്‍ക്കരണാനന്തര ഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്നതാണ്. അതിനുള്ള കാരണം എന്നും മിച്ചമായ മനുഷ്യവിഭവശേഷിയും.

ആഗോളവ്യാപാര ശൃംഖലകള്‍ ചുവടുറപ്പിച്ചു കഴിയുമ്പോള്‍:

ഇന്നത്തെ അവസ്ഥയില്‍ ആഗോള വ്യാപാരസ്ഥാപനങ്ങള്‍ അവയുടെ നിഴല്‍ ഇന്ത്യയിലാകമാനം പടര്‍ത്തുമെന്നു കരുതേണ്ടതില്ല, കാരണം അവയ്ക്കു വന്‍നഗരങ്ങള്‍ കേന്ദ്രീകരിച്ചേ പ്രവര്‍ത്തിക്കാനാവൂ. ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണമേഖലയില്‍ അവയുടെ സ്വാധീനം വളരെ പരിമിതമായിരിക്കും. രാക്ഷസീയ വ്യാപാര സ്തംഭങ്ങളും അവയുടെ ഭീതിജനിപ്പിക്കുന്ന വൃത്തിയും കൃത്യതയും പുറംമോടികളും ശരാശരി ഗ്രാമീണനെ അവിടങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തും. എങ്കിലും ഇന്ത്യയിലെ 35 വന്‍നഗരങ്ങളില്‍ (10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളോടാണ് അവര്‍ക്ക് താല്പര്യം) ആഗോള വാണിജ്യ സമുച്ചയങ്ങള്‍ നിലവില്‍ വന്നുകഴിയുമ്പോള്‍ അതിന്‍റേതായ അനന്തരഫലങ്ങള്‍ ഇവിടെ ഉണ്ടാവുകതന്നെ ചെയ്യും.

വാള്‍മാര്‍ട്ട് വര്‍ഗ്ഗത്തില്‍പെട്ട സ്ഥാപനങ്ങളുടെ പ്രത്യേകത അവിടെ എല്ലാത്തരം ഉപഭോക്താക്കള്‍ക്കും വേണ്ട എല്ലാത്തരം ഉല്പന്നങ്ങളും ലഭിക്കും എന്നതാണ് - മൊട്ടുസൂചി മുതല്‍ മോട്ടോര്‍കാര്‍ വരെ. അപകടകരവും കൃത്രിമവുമായ വിലക്കുറവില്‍ അവര്‍ക്ക് വര്‍ഷങ്ങളോളം ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ വാള്‍മാര്‍ട്ട് ഒരു നഗരത്തില്‍ എത്തിയാല്‍ മറ്റ് കച്ചവടസ്ഥാപനങ്ങളെല്ലാംതന്നെ കുറഞ്ഞകാലംകൊണ്ട് ചിത്രത്തില്‍നിന്നു മറയും. ഇപ്പോള്‍ കേരളത്തിലാകെ  പടര്‍ന്നുകയറുന്ന ആനതൊട്ടാവാടിയുടെ അതേ തന്ത്രം. വളരെ കുറഞ്ഞ വില എന്ന ആകര്‍ഷണം ഉപഭോക്താവിന് ആശ്വാസകരം ആണെന്നതു മറ്റൊരുകാര്യം. ഇന്ത്യയിലെ 35 വന്‍നഗരങ്ങളിലെ ചില്ലറ വ്യാപാരം (ദേശീയ ചില്ലറ വ്യാപാരത്തിന്‍റെ 20%) നേരിട്ടുള്ള വിദേശനിക്ഷേപം വഴി കയറിവരുന്ന അടക്കംകൊല്ലി വ്യാപാരസമുച്ചയങ്ങള്‍ ഏറ്റെടുത്താല്‍ ഇന്നത്തെ നിരക്കില്‍ 800 ബില്യന്‍ രൂപയോളം വരുമത്. 80 ലക്ഷത്തോളം തൊഴിലാളികളുടെയും ചെറുകിടകച്ചവടക്കാരുടെയും ജീവിതം വഴിമുട്ടുമ്പോള്‍ വെറും 43540 തൊഴിലാളികളെ ഉപയോഗിച്ച് അവര്‍ക്ക് ഇത്രയും വ്യാപാരം നടത്താന്‍ സാധിക്കും. ഇതുവഴി കച്ചവടത്തിന്‍റെ കാര്യക്ഷമത മെച്ചപ്പെടുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യുമെന്ന വ്യാഖ്യാനമുണ്ടെങ്കിലും ഒരു കോടിയോളം ആളുകളുടെ ജീവിതമാര്‍ഗ്ഗം നിഷേധിക്കുന്നത് ഒരു ക്ഷേമരാഷ്ട്രത്തിന് ഉള്‍ക്കൊള്ളാനാവുമോ എന്നതു വെറും ധാര്‍മ്മികതയുടെ പ്രശ്നമാണ്. മനുഷ്യവിഭവശേഷിയുടെ ഉപയോഗമാണോ കാര്യക്ഷമതയാണോ പ്രധാനം എന്നതു മറ്റൊരു ചോദ്യം. കുറഞ്ഞവിലയ്ക്ക് ഉല്പന്നങ്ങള്‍ വാങ്ങി അതിലും കുറഞ്ഞവിലയ്ക്കു വില്‍ക്കുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ പ്രയോജനം ആംഗലഭാഷ സംസാരിക്കുന്ന നാഗരിക വരേണ്യവര്‍ഗ്ഗത്തിനു മാത്രമായിരിക്കും ലഭിക്കുക.

വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ പ്രാദേശിക സ്രോതസുകളില്‍നിന്ന് ഉല്പന്നങ്ങള്‍ വാങ്ങുമെന്ന് പറയുമെങ്കിലും ഏറ്റവും കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുവേണ്ടി അവര്‍ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വരും. ഈ പ്രവണത ഗ്രാമീണമേഖലയെ കാര്യമായി ബാധിക്കും. ഗ്രാമീണകര്‍ഷകന്‍റെയും ചെറുകിടവ്യവസായികളുടെയും ഉല്പന്നങ്ങള്‍ക്കു വിപണി നഷ്ടപ്പെടും. ചുരുക്കത്തില്‍ അവരുടെ കുറഞ്ഞവിലയ്ക്ക് രാഷ്ട്രം കനത്തവില നല്‍കേണ്ടി വരും. ഉദാഹരണമായി അമേരിക്കയില്‍ പോലും വാള്‍മാര്‍ട്ടിന്‍റെ 60% വില്പനവസ്തുക്കളും ഇറക്കുമതി ചെയ്യപ്പെട്ടവയാണ.് ചൈനീസ് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ 2004ല്‍ മാത്രം അവര്‍ 18 ബില്യന്‍ ഡോളര്‍ മുടക്കി. ഇത് റഷ്യ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വന്‍കിടരാജ്യങ്ങളുടെ ഇറക്കുമതി തുകയേക്കാള്‍ കൂടുതലാണ്. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ പ്രധാന കാരണവും ഇതുതന്നെ.
ആകര്‍ഷകമായ സംവിധാനങ്ങളിലൂടെയും അത്ഭുതകരമായ വിലക്കുറവിലൂടെയും ചെറുകിട കച്ചവടക്കാരെയെല്ലാം ആട്ടിയോടിച്ച് വന്‍നഗരങ്ങളിലെ കച്ചവട കുത്തക ഉറപ്പാക്കിക്കഴിയുമ്പോള്‍, കുറഞ്ഞ ഉല്പന്നവില എന്ന വരം അവര്‍ പിന്‍വലിച്ചാലോ? അതില്‍നിന്നവരെ തടയാന്‍ ആര്‍ക്കും കഴിയില്ല.

ചുരുക്കത്തില്‍ ബാലവേലയും അടിമവേലയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ലാഭം കൊയ്യുന്നതിനോടൊപ്പം ഈ നാടിന്‍റെ സമ്പദ്വ്യവസ്ഥയുടെ അസ്ഥിവാരം ഇളക്കുക എന്ന അദൃശ്യലക്ഷ്യവും നമുക്കു  വായിച്ചെടുക്കാവുന്നതാണ്.

വാള്‍മാര്‍ട്ട് ഒരു 'ഡിസ്കൗണ്ട് സ്റ്റോര്‍' ആയി 1962ല്‍ ആണ് തുടക്കംകുറിച്ചത്; 2010ല്‍ അതു ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ആയി വളര്‍ന്നുകഴിഞ്ഞു. 2009ല്‍ ഭാരതി എന്‍റര്‍പ്രൈസസുമായി ചേര്‍ന്ന് അത് ഇന്ത്യന്‍ വിപണയില്‍ പ്രവേശിച്ചു. വാള്‍മാര്‍ട്ടിന്‍റെ അടക്കം കൊല്ലി നയം അമേരിക്കന്‍ നഗരങ്ങളില്‍പ്പോലും പ്രതിഷേധം സൃഷ്ടിച്ചുവെങ്കിലും, അതുമായി ക്രിയാത്മകമായി മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ സംരംഭകര്‍ക്കു കഴിഞ്ഞാല്‍ നമുക്കും ആഗോള മത്സരക്ഷമത കൈവരിച്ചു എന്നവകാശപ്പെടാം. നേരെമറിച്ച് ഇന്ത്യന്‍ മധ്യവര്‍ഗ്ഗഭവനങ്ങളുടെ പൂജാമുറികളില്‍ ഇരുന്ന് അലറിച്ചിരിക്കുന്ന, ടെലിവിഷന്‍ തിരശീലകളില്‍ വര്‍ണ്ണങ്ങള്‍ വാരിപ്പൂശി ഉറഞ്ഞുതുള്ളുന്ന വ്യാപാരി വ്യഭിചാരി സമൂഹം പടിഞ്ഞാറുനിന്നുള്ള കുളമ്പടിനാദം കേട്ട് ഇരുളില്‍ ഓടിമറഞ്ഞ് ഹരകിരി അനുഷ്ഠിക്കാനാണ് ഭാവമെങ്കില്‍ നമുക്ക് 1498-നെ വിഹ്വലതയോടെ അനുസ്മരിക്കാം. ശിഥിലമായിപ്പോയ ജീവിതചുറ്റുപാടുകളുടെ പരിസരത്തില്‍ മറയുന്ന സൂര്യന്‍റെ ചെറുചൂട് അയവിറക്കി ഊറിച്ചിരിക്കാന്‍ കക്കിമൂപ്പന്നു ഒരു കാരണം വേണമല്ലോ. നമ്മള്‍ പ്രാക്തന ഗോത്രങ്ങളോടു ചെയ്യുന്നത് ലോകം നമ്മളോടു ചെയ്യുന്നു, ചരിത്രം അതിന്‍റെ നിശിതമായ ചാക്രികസ്വഭാവം നിലനിര്‍ത്തുകയും ചെയ്യുന്നു.

റഷ്യന്‍ വിപ്ലവാനന്തര കവിയായിരുന്നു പ്ലാഡിമിര്‍ മായക്കോവ്സ്കി, ഭരണകൂടത്തിന്‍റെ പിന്‍തുണയും പരിലാളനയും ഉണ്ടായിരുന്നിട്ടുകൂടി കമ്യൂണിസ്റ്റ് ചുറ്റുപാടുകളിലുണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ട് യൗവ്വനത്തില്‍തന്നെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചയാളാണ്. അദ്ദേഹത്തിന്‍റെ ലോകപ്രസിദ്ധമായ ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെയുണ്ട്:

'അന്ധകാരം ആകാശങ്ങളെ വിഴുങ്ങുമ്പോള്‍
ഭൂമിയാകെ വിമൂകമാകുന്നതു നോക്കൂ
യുഗങ്ങളെയും, ചരിത്രങ്ങളേയും, സര്‍വ്വസൃഷ്ടികളേയും
ഈ വിനാഴികകളില്‍ നാം അഭിസംബോധന ചെയ്യാനായി ഉണരുന്നു.'
വിദഗ്ദ്ധമായ അധിനിവേശത്തിന്‍റെ ഘനശ്യാമമായ നിഴല്‍ പടരുന്ന ഈ വിനാഴികകളില്‍ നമ്മുടെ ചിതറിയുടയുന്ന വര്‍ത്തമാനകാലത്തെ അഭിസംബോധന ചെയ്യാന്‍ കഷ്ടപ്പെട്ടാണെങ്കിലും നമ്മുടെ സുഖസുഷുപ്തിയില്‍നിന്ന് ഉണരേണ്ടിയിരിക്കന്നു. ഭരണകൂടങ്ങളുടെ ജാഗ്രതാരാഹിത്യത്തേക്കാള്‍ ജനങ്ങളുടെ ജാഗ്രതയാണ് മേല്‍ക്കൈ നേടുക.

You can share this post!

സൂര്യനെ പ്രണയിച്ച ചന്ദ്രിക

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts