അത്താഴം കഴിഞ്ഞു വെറുതെ ഒന്ന് പുറത്തേക്കിറങ്ങിയതാണ് അപ്പന്‍. അപ്പോഴതാ വീടിന്‍റെ പടിക്കല്‍ വെള്ളം വന്നു നില്‍ക്കുന്നു. തലേന്ന് മുതല്‍ തുള്ളിക്കൊരുകുടം മഴയാണ്. വീടിന്‍റെ തൊട്ടു മുന്‍പിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞു പറമ്പു വഴി ഇങ്ങു മുറ്റത്തെത്തി, പറഞ്ഞു നില്‍ക്കുമ്പോളേക്കും വെള്ളം അകത്തേക്ക് കയറി. എട്ടും ഏഴും വയസ്സുള്ള ജ്യേഷ്ഠനേയും എന്നെയും മേശപ്പുറത്തു ഓരോ ചെമ്പുകളില്‍ കയറ്റി ഇരുത്തി, എന്‍റെ മടിയില്‍ രണ്ടു വയസ്സുള്ള അനിയത്തി കയറിയിരിപ്പായി. കുറച്ചു കഴിഞ്ഞു മടിയില്‍ കൂടി ഒരു ചൂട് അനുഭവപ്പെട്ടു നോക്കുമ്പോള്‍ അതാ അനിയത്തി മടിയിലാകെ മൂത്രമൊഴിച്ചിട്ടു യാതൊരു കൂസലുമില്ലാതെ എന്നെ നോക്കി ഇളിക്കുന്നു. അപ്പനും അമ്മയും ശീഘ്രം അത്യാവശ്യ വീട്ടുസാമാനങ്ങള്‍ ഒക്കെ എടുത്തു മാറ്റിവെക്കാന്‍ തുടങ്ങി, ചിലരെ ഒക്കെ സഹായത്തിനു വിളിക്കുന്നു. തോടിനു അക്കരെയുള്ളവര്‍ വീട്ടിലേക്ക് വരുന്നവഴി പാലം തകരുന്നു, സംഭവം അറിഞ്ഞും കേട്ടും എത്തിയവര്‍ വടം കെട്ടി ഞങ്ങളെ രക്ഷപ്പെടുത്തി അടുത്ത വീടുകളില്‍ ആക്കി. ആ വീട്ടുകാര്‍ കാപ്പിയും മറ്റുമായി ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. അന്ന് ആരും തന്നെ ഉറങ്ങാതെ 'ആദ്യമായിട്ട് ആണ് ഇത്രയും വലിയ വെള്ളംപൊക്കം', 'മരങ്ങളൊക്കെ വെട്ടിമുറിച്ചു കെട്ടിടങ്ങള്‍ പണിയുന്നതാണ് ഇതിനെല്ലാം കാരണം' എന്നിങ്ങനെ പല പല അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് നേരം വെളുപ്പിച്ചു. ചിലരാകട്ടെ ചൂണ്ടയും വലയുമായി വരാലിനെയൊക്കെ പിടിക്കാനിറങ്ങി. ഇതൊക്കെ ആണെങ്കിലും ആ വെള്ളപ്പൊക്കത്തില്‍ അപ്പനും അമ്മയ്ക്കും നഷ്ടങ്ങളുടെ നീണ്ട പട്ടികതന്നെ ഉണ്ടായിരുന്നു, അമ്മ വളര്‍ത്തിയ കുറേ ഗിരിരാജന്‍ കോഴികളും സാദാ കോഴികളും, അടുക്കളയിലുള്ള ചട്ടീം കലോം, അമ്മയുടെ പ്രീതിസ് പ്രെഷര്‍ കുക്കര്‍, അയയില്‍ വിരിച്ചിട്ട വസ്ത്രങ്ങള്‍ എന്നു വേണ്ട അടുക്കളയിലെ ഗമണ്ടന്‍ ഗ്യാസ് സിലിണ്ടര്‍ വരെ ഉരുണ്ടുരുണ്ട് എങ്ങോ പോയി കിടന്നു. അന്ന് വീടിന്‍റെ മുക്കാലോളം വെള്ളം കയറി. പിറ്റേ ദിവസം അമ്മവീട്ടില്‍ നിന്നും അപ്പച്ചന്‍ വന്നു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അവിടെ പിന്നെ അടുത്തുള്ള കുട്ടികളുമായി വേനലവധിക്കാലത്തെ പോലെ മഴയില്‍ ഉത്സവത്തിമിര്‍പ്പായിരുന്നു. അത് രണ്ടായിരത്തിരണ്ടിലെ വെള്ളപ്പൊക്കമായിരുന്നു.
പിന്നീട് സ്കൂളില്‍ ചെന്നിട്ട് ഈ സംഭവം ഒക്കെ വിവരിച്ചു സ്വയം ഉള്‍പ്പുളകം സൃഷ്ടിക്കുന്ന ഒരു ഏര്‍പ്പാടും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ഓരോ ഇടവപ്പാതിയിലും തോട് കവിഞ്ഞു ഒഴുകാറുണ്ടായിരുന്നെങ്കിലും വീട്ടില്‍ കയറിയിട്ടില്ല. പക്ഷെ എല്ലാ മഴക്കാലത്തും ഒരു ഉള്‍ഭയം ഉണ്ടാവാറുണ്ട്, അതുകൊണ്ട് തന്നെ എപ്പോഴും മഴക്കാലത്ത് ഒരു മുന്‍കരുതല്‍ മനസ്സില്‍ സൂക്ഷിക്കാറുണ്ട്. പലപ്പോഴും സ്കൂള്‍ ബാഗും ബുക്കുകളും പാഠപുസ്തകങ്ങളും എല്ലാം തയാറാക്കിവെക്കും, എപ്പോഴാണ് ഇതൊക്കെ എടുത്തോണ്ട് രായ്ക്കുരാമാനം ഓടേണ്ടത് എന്നറിയില്ലല്ലോ. മഴ ഹരമാണെങ്കിലും വെള്ളം ഭയമായിരുന്നു. മഴ അധികമായി പെയ്തു തോട് നിറയുമ്പോള്‍ സ്കൂളില്‍ നിന്നും അവധി തരും, അപ്പോള്‍ കൂട്ടുകാരുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷവും എന്‍റെ ഉള്ളില്‍ ആധിയുമായിരുന്നു. അങ്ങനെ പല മഴക്കാലവും കടന്നുപോയി.
അന്നത്തെ ആ വെള്ളപൊക്കത്തില്‍ എനിക്ക് നഷ്ടമായത് എന്‍റെ അപ്പന്‍റെയും അമ്മയുടെയും വിവാഹ ആല്‍ബം ആയിരുന്നു. അതിന്‍റെ അവസാന താളുകളില്‍ എന്‍റെയും ജ്യേഷ്ഠന്‍റെയും തീരെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പണ്ട് കണ്ടിട്ടുള്ളവര്‍ പിന്നീട് വലുതായ ശേഷം കാണുമ്പോള്‍ 'എന്നാ കോലമാടി, പണ്ട് ഗുണ്ടുമണി പോലെയിരുന്ന കൊച്ചാ' എന്നൊക്കെ അഭിപ്രായം പറയുമ്പോള്‍ മറിച്ചു നോക്കി വിലയിരുത്താന്‍ ഇന്ന് ആ ആല്‍ബമില്ല. പലപ്പോഴും ഓര്‍ക്കും, നഷ്ടപ്പെട്ടത് ഏതെങ്കിലും തിരികെ ലഭിക്കാനുള്ള വരം കിട്ടിയാല്‍ ആദ്യം ആവശ്യപ്പെടുന്നത് ആ ആല്‍ബം ആയിരിക്കും. ശൈശവത്തിലെ ഓര്‍മകളാണ് അതിലൂടെ എനിക്ക് നഷ്ടമായത്.
*******
മുന്‍പും വെള്ളം പൊങ്ങിയ അനുഭവമുള്ളത് കൊണ്ട് ബുക്കുകളും സ്കൂള്‍ ബാഗും പിന്നെ എന്‍റെ 'അലുഗുലുത്ത് ഐറ്റംസൊക്കെ' അലമാരിയുടെ മുകളില്‍ പ്ലാസ്റ്റിക് കവറില്‍ ആക്കി സൂക്ഷിച്ചിട്ട് അത്യാവശ്യ സാധനങ്ങളുമായി അച്ഛനും അമ്മയും ഏട്ടനും ഞങ്ങളുടെ വീടിന്‍റെ ടെറസ്സില്‍ കയറിയിരുന്നു. ഒരുവിധത്തിലാണ് തൊണ്ണൂറു വയസ്സുള്ള അപ്പൂപ്പനെ എടുത്തു പൊക്കി ഇവിടെ കിടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അമ്മൂമ്മ പോയത്. അമ്മൂമ്മയുടെ മരണം അപ്പൂപ്പനെയാകെ തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലവും വെള്ളം പൊങ്ങിയപ്പോള്‍ ഞങ്ങള്‍ എല്ലാരും ഇവിടെ ഈ ടെറസ്സില്‍ അയല്‍പക്കത്തുള്ള ഗോപിയോടും കുടുംബത്തോടുമൊപ്പം രാത്രി മുഴുവന്‍ പഴയ കാര്യങ്ങള്‍ പറഞ്ഞിരുന്നതാണ്. അതുകൊണ്ടു തന്നെ ഗോപിയും ഒന്‍പതു മാസം ഗര്‍ഭിണിയായ രമ ചേച്ചിയും അവരുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി രാത്രിയേറെ വൈകും മുന്നേ ഞങ്ങളോടൊപ്പം ടെറസ്സില്‍ അലൂമിനിയം മേല്‍ക്കൂരയില്‍ കയറിയിരിപ്പായി. ആ രാത്രിയില്‍ തലേവര്‍ഷത്തെ പോലെ കഥയും കളിയുമായി കഴിഞ്ഞു പോയി. എന്നാല്‍ പിറ്റേദിവസമായിട്ടും മഴ കുറയാത്തതുകൊണ്ട് വെള്ളം കൂടി വന്നു. വൈദ്യുതിയുടെ അഭാവം മൂലം പുറംലോകവുമായിയുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും രണ്ടു വയസ്സിനു മൂത്ത എന്‍റെ ജ്യേഷ്ഠന്‍ മനു തന്‍റെ ഫോണ്‍ നിശ്ചലമാകും മുന്‍പേ ഒരു 'ഫേസ്ബുക് ലൈവ്' മുഖേന ഞങ്ങളുടെ നിസ്സഹായാവസ്ഥ വെളുപ്പെടുത്തി സഹായം അഭ്യര്‍ഥിച്ചു. ഹെലികോപ്റ്ററുമായി ആള്‍ക്കാര്‍ വരുമ്പോള്‍ തുണി മുകളിലേക്ക് ഉയര്‍ത്തി കാണിക്കണമെന്നുള്ള നിര്‍ദ്ദേശമൊക്കെ ആള്‍ക്കാര്‍ അതിലൂടെ പറഞ്ഞുതന്നു. ഹെലികോപ്റ്ററുമായോ ബോട്ടുമായോ ആരെങ്കിലും വന്നു ഞങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ഞങ്ങളുടെ കണ്ണുകള്‍ നിരന്തരം പരന്നു കിടക്കുന്ന മേഘങ്ങളിലേക്കും കണ്ണെത്താ ദൂരത്തോളമായി നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്ന ജലപ്പരപ്പുകളിലേക്കുമായി സഞ്ചരിച്ചുകൊണ്ടേയിരുന്നു. അന്നാരും വന്നില്ലെന്ന് മാത്രമല്ല, മഴയുടെ ശക്തി കൂടിക്കൂടി വരികയും ജലനിരപ്പ് വീണ്ടും വര്‍ധിക്കുകയും ചെയ്തു. ഏട്ടനും ഗോപിയും കൂടി ഇടയ്ക്കിടെ കോണിപ്പടികള്‍ നോക്കി ജലനിരപ്പിന്‍റെ നിജസ്ഥിതി അറിയുന്നുണ്ട്. രണ്ടാം ദിവസമായപ്പോഴേക്കും ഞങ്ങളുടെ പ്രതീക്ഷ മാത്രമല്ല, സംഭരിച്ചു വച്ചിരുന്ന ആഹാരം കൂടി തീര്‍ന്നുപോയി. ഒരു ദിവസമൊക്കെ ഞങ്ങള്‍ക്ക് വിശപ്പ് സഹിക്കാം എന്നാല്‍ അപ്പൂപ്പനും രമചേച്ചിയും കുഞ്ഞുങ്ങളുമെങ്ങനെ പിടിച്ചു നില്‍ക്കും? കുടിക്കാനുള്ള വെള്ളം അല്പം കൂടി ബാക്കിയുണ്ട്, അത് ഞങ്ങള്‍ അരിഷ്ടിച്ചു ഉപയോഗിക്കാന്‍ തുടങ്ങി. കിടപ്പായ മുത്തശ്ശന്‍ ഇടയ്ക്കിടെ ആരെങ്കിലും രക്ഷിക്കാന്‍ എത്തിയോ എന്ന് അന്വേഷിച്ചുകൊണ്ടേയിരുന്നു. ഭയവും വിശപ്പും മൂലം അലറിക്കരയുന്ന ഗോപി-രമ ദമ്പതികളുടെ രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാന്‍ അവര്‍ നന്നായി പാടുപെട്ടു. ഇടയ്ക്കു ഏട്ടനും അച്ഛനും ചെന്ന് നോക്കിയപ്പോള്‍ വെള്ളം രണ്ടു പടി കൂടിയിരിക്കുന്നു. അങ്ങനെ രണ്ടാം രാത്രിയും കടന്നുപോയി. മൂന്നാം ദിവസം വളരെ ഭയാനകമായിരുന്നു. എഴുന്നേറ്റു നടക്കാന്‍ കഴിയാത്ത മുത്തശ്ശനും രണ്ടു ചെറിയ പൈതങ്ങളും പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയും ഉള്‍പ്പെടെ ഒന്‍പതു പേരും പിന്നെ ഇതുവരെ പുറത്തുവരാത്ത മറ്റൊരു ജീവനും ടെറസ്സില്‍ കുടുങ്ങിയിട്ടു മൂന്നു ദിവസമായിരുന്നു. ആര്‍ക്കുമാരോടും ഒന്നും ഉരിയാടാനില്ല, പ്രതീക്ഷയ്ക്കു മങ്ങലേറ്റു തുടങ്ങി. ആ മൂന്നാം രാത്രിയില്‍ നാലുപാടും വെള്ളത്തില്‍ ചുറ്റപ്പെട്ടു ഏതവസ്ഥയിലും ഞങ്ങളെല്ലാരും മരണത്തെ പ്രതീക്ഷിച്ച് ഇരിപ്പായി. മഴ കുറയുന്നേയില്ല, ജലനിരപ്പ് അതിനനുസരിച്ചു ഉയരുന്നു, ഇനിയൊന്നും പ്രതീക്ഷിക്കാനില്ല. കഴിഞ്ഞ ആഴ്ച പ്രീതിയുമായി വഴക്കിട്ടപ്പോള്‍ അവളൊരുപാട് കരഞ്ഞു. പിന്നീട് മിണ്ടണമെന്നു വച്ചിരിക്കുകയായിരുന്നു. അവളോട് മാപ്പു പറയാന്‍ കാലം ഒരു അവസരം തന്നില്ലല്ലോ എന്നോര്‍ത്ത് എന്‍റെ കണ്ണ് നിറഞ്ഞു. അവസാനമായി ഉറങ്ങാന്‍ ശ്രമിച്ചു, പക്ഷെ കഴിയുന്നേയില്ല. കഴിഞ്ഞ പതിനാല് വര്‍ഷങ്ങള്‍ എന്‍റെ മനസിലൂടെ ഓടിവന്നു. താന്‍ ഓടിക്കളിച്ച മുറ്റത്തോട്ടു നോക്കി, അവിടെ അച്ഛന്‍ ഓണത്തിനായി കെട്ടിത്തന്ന ഊഞ്ഞാല്‍ ഇരിപ്പുണ്ട്. മനസ്സില്‍ ഒരായിരം ചിന്തകളാണ്. മാറിയിടാനായി ഇനിയും വസ്ത്രങ്ങളില്ല, ഈ മഴയത്തും എന്നെ ചെറുതായി വിയര്‍ക്കുന്നുണ്ട്. എന്‍റെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും 'അനു' എന്ന് വിളിപ്പേരിട്ടിരിക്കുന്ന എന്‍റെ ഡയറിയുമെല്ലാം കിടപ്പുമുറിയില്‍ ഭദ്രമാക്കി പ്രാണഭയാര്‍ത്ഥം ഓടി കേറിയതാണ് വീടിന്‍റെ മുകളില്‍. എന്‍റെ ശൈശവും ബാല്യവും ഇപ്പോഴത്തെ ജീവിതവുമെല്ലാം ഓര്‍ത്ത് അമ്മയുടെ മടിയിലേക്ക് കിടന്നു. ഇനിയൊരു പ്രഭാതം ജീവിതത്തില്‍ ഉണ്ടെന്നുറപ്പില്ല.
*******
കുഞ്ഞനിയന്‍ ഒരാഴ്ചയായി ആശുപത്രിയില്‍ കിടപ്പായിരുന്നു, കൂടെ നില്‍ക്കുന്നതാകട്ടെ ഞങ്ങടെ അമ്മയും. വീട്ടില്‍ വല്യപ്പനും വല്യമ്മയും തനിച്ചാണ്. അന്ന് മുതല്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി വീട്ടിലും ആശുപത്രിയിലുമായി ഓട്ടം തന്നെയോട്ടം. പതിവുപോലെ, അപ്പനെന്നു ഞാനും അനിയനും സ്നേഹത്തോടെ വിളിച്ചിരുന്ന ഞങ്ങടെ വല്യപ്പന്‍ എന്നോടൊത്തു ഉച്ചയൂണും മയക്കവുമെല്ലാം കഴിഞ്ഞു തൊടിയിലേക്കിറങ്ങിയതാണ്.അല്‍പനേരം കഴിഞ്ഞു വല്യമ്മ വന്നു നോക്കുമ്പോള്‍ കാണുന്നത് മറിഞ്ഞു കിടക്കുന്ന വല്യപ്പനെയാണ്. ഭയന്നുപോയ വല്യമ്മ ആള്‍ക്കാരെ ഒക്കെ വിളിച്ചു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം ഞങ്ങളോട് ഒന്നും പറയാതെ പൊയ്ക്കളഞ്ഞിരുന്നു. അപ്പന്‍റെ മൃതശരീരം സൂക്ഷിച്ചതാകട്ടെ അനിയനെ കിടത്തിയ അതെ ആശുപത്രിയില്‍ വാര്‍ഡിന്‍റെ നേരെ എതിര്‍വശത്തും. ആ രാത്രില്‍ വല്യപ്പനും കൊച്ചുമകനും നേര്‍ക്കുനേരെ പരസ്പരമറിയാതെ കിടന്നുറങ്ങി, ഒരാള്‍ ഒരിക്കലും ഉരണാത്തവണ്ണം, മറ്റൊരാള്‍ ഇതൊന്നുമറിയാതെ. എനിക്കുറക്കെ കരയണമെന്നുണ്ട്, പക്ഷെ അമ്മയെയും അനിയനെയും ഇതുവരെ കാര്യങ്ങള്‍ അറിയിച്ചിട്ടില്ലാത്തതിനാല്‍ അത് പാടില്ല. ഞാന്‍ കരഞ്ഞാല്‍ അവര്‍ കാര്യമറിയും പിന്നീട് അവരെ നിയന്ത്രിക്കാന്‍ എനിക്കാകാതെ വരും. രണ്ടുദിവസങ്ങള്‍ക്കു ശേഷം സംസ്കാര ശുശ്രുഷയുടെ സമാപനത്തില്‍ അപ്പനു അന്ത്യ ചുംബനം കൊടുക്കാന്‍ നേരം എന്‍റെ സകല നിയന്ത്രണവും വിട്ടുപോയി. ഈ കിടക്കുന്നതെന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗമാണ്, എന്‍റെ വല്യപ്പനെക്കാള്‍ ഉപരി എന്‍റെ അപ്പനും വഴികാട്ടിയുമെല്ലാമാണ് ഇദ്ദേഹം. ഒരു വലിയ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചിട്ടാണ് അപ്പന്‍ പോയേക്കുന്നത്. അന്ന് വൈകിട്ട് വീണ്ടും അമ്മയും ഞാനും ആശുപത്രിയില്‍ അനിയന്‍റെ അടുത്തേക്ക് മടങ്ങി. പിറ്റേ ദിവസം മഴ ശക്തിയായി പെയ്തു വെള്ളം കൂടിയതുകൊണ്ട് ഞങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ലാതെയായി, നാട് മുഴുവന്‍ വെള്ളത്തിലായി. ഒരാഴ്ചയായി ഞങ്ങള്‍ മൂവരും ഒരേ വസ്ത്രം ധരിച്ചു. എങ്ങോട്ടു പോകണമെന്നറിയാതെ ഇരുന്നു. എന്‍റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും അങ്ങോട്ടേക്ക് പോകാന്‍ സാധ്യമല്ല, റോഡിലെല്ലാം പെരുവെള്ളമാണ്. ജലനിരപ്പ് താണശേഷം അമ്മയെയും അനിയനെയും ഒരു ബന്ധുവീട്ടില്‍ ആക്കിയിട്ട് ഞാന്‍ സ്കൂളില്‍ നിന്നുള്ള എന്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൂടെ നേരെ ക്യാമ്പുകളിലേക്ക് വച്ചുപിടിച്ചു, എന്നേക്കാള്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കണം. അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനവും സ്നേഹവും കൂടെ തന്നെയുണ്ടായിരുന്നു. വെള്ളം വീട്ടില്‍ കയറിയില്ലെങ്കിലും അതിന്‍റെ പ്രത്യാഘാതം ഞങ്ങളെ നന്നായി ബാധിച്ചു. തികച്ചും നിര്‍ധനരായ എന്‍റെ കുടുംബത്തിന്‍റെ നല്ലൊരു വരുമാനമാണ് വല്യപ്പന്‍റെ ദേഹവിയോഗം മൂലം നഷ്ടമായത്. അമ്മയ്ക്ക് തയ്യല്‍ വശമുണ്ടെങ്കിലും എനിക്ക് അവസരം കിട്ടുമ്പോളെല്ലാം ട്രൂപ്പിനൊപ്പം ചെണ്ട കൊട്ടാന്‍ ഞാനും പോകാറുണ്ട്. അതുകൊണ്ടു തന്നെ എന്‍റെ ആവശ്യങ്ങള്‍ക്കായി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ചിലവുകള്‍ സ്വയം കണ്ടെത്തി. എന്നാല്‍ വെള്ളപൊക്കം കാരണം ചെണ്ടകൊട്ടും പരിപാടികളുമെല്ലാം തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ഓണത്തിന് ലഭിക്കുന്ന നല്ലൊരു തുക എനിക്ക് നഷ്ടമായി. വെറുതെയിരിക്കുമ്പോള്‍ വല്യപ്പന്‍ ഇടയ്ക്കിടെ ഓര്‍മയില്‍ വരും, അല്ല അതിനെന്‍റെ വല്യപ്പന്‍ ഇപ്പോളും കൂടെത്തന്നെയുണ്ടല്ലോ. ഞങ്ങളെയൊക്കെ തനിച്ചാക്കി അദ്ദേഹത്തിന് അങ്ങനെ അങ്ങ് പോകാന്‍ പറ്റുമോ? അമ്മയും വല്യമ്മയും പന്ത്രണ്ടുകാരനായ അനിയനും അങ്ങനെ കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും ഈ പതിനേഴാം വയസ്സില്‍ എന്നിലായി. ഒരുപാട് ചോദ്യചിഹ്നങ്ങള്‍ മുന്‍പിലുണ്ട്, കുടുംബത്തിന്‍റെ സംരക്ഷണം, എന്‍റെ ഭാവി, അനിയന്‍റെ പഠിത്തം, അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങള്‍. എന്നാല്‍ ഇതൊക്കെയും കടന്നുപോകുമെന്നും എനിക്കറിയാം, എങ്ങനെയെന്നറിയില്ലെങ്കിലും.
*******
എന്തോ വലിയ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു നോക്കുമ്പോഴേക്കും നേരം വെളുത്തിരുന്നു. പെട്ടെന്ന് ചാടി എഴുന്നേറ്റു നോക്കിയപ്പോഴതാ ഒരു ഹെലികോപ്റ്റര്‍ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നു. ഞങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചു, വീണ്ടും പ്രതീക്ഷയുടെ പൊന്‍പുലരി. എല്ലാരും ഒരേ സ്വരത്തില്‍ ആവേശത്തോടെ അലറി വിളിച്ചും കൈകൊട്ടിയുമൊക്കെ അവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമം നടത്തി. അത് താണു വന്നു കുറച്ചപ്പുറത്തുള്ള ഒരു വീട് ലക്ഷ്യമാക്കി പറന്നുപോയി. നിരാശനായി മനു മുഷ്ടി ചുരുട്ടി. എല്ലാവരെയും ധൈര്യപ്പെടുത്തിയിരുന്ന ഗോപിയുടെയും മനുവിന്‍റെയും അച്ഛന്‍റെയും ധൈര്യമെല്ലാം അപ്പോഴേക്കും ചോര്‍ന്നുപോയി. ഗോപി തന്‍റെ ഭാര്യയെ നോക്കി, പാവം സങ്കടവും വേദനയുമെല്ലാം ഉള്ളിലടക്കി, കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കയാണ്. ഇതിനുമുന്‍പ് എത്രയോ വട്ടം മറ്റു സ്ഥലങ്ങളിലെ ദുരന്ത കഥകള്‍ ടിവിയിലും പത്രങ്ങളിലുമായി കണ്ടപ്പോള്‍ അതുതന്നെ ബാധിക്കാത്ത കാരണത്താല്‍ നിസ്സാരമായി തള്ളിക്കളഞ്ഞത് എന്നില്‍ കുറ്റബോധം ഉണര്‍ത്തി. മനുഷ്യര്‍ എത്ര നിസ്സഹായരാണ്, എന്തുപെട്ടെന്നാണ് നമുക്കെല്ലാം നഷ്ടമാകുന്നത്, ഉണ്ടെന്നു തോന്നുന്ന സകലവും ഇല്ലാതെയാകുവാന്‍ എത്ര നേരം വേണം. അങ്ങനെ ചിന്തിച്ചിരിക്കുന്ന നേരത്താണ് പൊടുന്നനെ വിസിലടിച്ചും കൊണ്ട് ഒരു ബോട്ട് ആ വഴി വന്നത്. വീണ്ടും ഞങ്ങള്‍ ചാടി എഴുന്നേറ്റു കൈകൊട്ടിയും ശബ്ദമുണ്ടാക്കിയും അവരെ വിളിച്ചു. ബോട്ടിലുള്ള കരുത്തരായ മനുഷ്യര്‍ വന്നു ഞങ്ങളെയെല്ലാം രക്ഷപ്പെടുത്തി കുറെയകലെയുള്ള ഒരു ക്യാമ്പിലാക്കി. കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി ഒരേ മുഖങ്ങള്‍ തന്നെ കണ്ടുകൊണ്ടിരുന്നതിനാലാവാം മറ്റു മനുഷ്യരെ കണ്ടപ്പോള്‍ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. അവിടെ നിന്നും ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഒന്നുരണ്ട് ജോഡി വസ്ത്രങ്ങളും ആഹാരവും കുപ്പായങ്ങളും സംരക്ഷണവും കിട്ടിയെങ്കിലും എന്‍റെ മനസിനെ ഒരിടത്തു പിടിച്ചു നിറുത്താന്‍ എനിക്കാവുന്നില്ല. ആ ക്യാമ്പില്‍ കുറെ അമ്മമാരെയും സുഹൃത്തുക്കളെയും കിട്ടിയെങ്കിലും എന്‍റെ വീട്ടിലെ സംരക്ഷണവും സ്വകാര്യതയും സംതൃപ്തിയും നഷ്ടമായി. മഴയൊന്നു കുറഞ്ഞു വെള്ളമൊക്കെ ഒന്ന് താണിരുന്നെങ്കില്‍ ഓടി വീട്ടില്‍ പോകാമായിരുന്നു. തനിച്ചിരുന്നാല്‍ നിയന്ത്രിക്കാനാകാത്ത വണ്ണം താന്‍ കരഞ്ഞുപോകുമെന്നെനിക്കറിയാവുന്നതു കൊണ്ടുതന്നെ എന്‍റെ മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു മറ്റുള്ളവരോട് സംസാരിച്ചും തമാശ പറഞ്ഞും നേരം കളഞ്ഞു. ചില ദിവസങ്ങള്‍ക്കു ശേഷം വെള്ളം കുറഞ്ഞത് കൊണ്ട് പലരും തങ്ങളുടെ വീട്ടിലേക്ക് യാത്രയായി. ഞങ്ങളും ക്യാമ്പില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ വസ്തുക്കളുമായി വീട്ടിലേക്ക് തിരിച്ചു. അപ്പൂപ്പനെ കുറച്ചപ്പുറത്തുള്ള ഒരു അകന്ന ബന്ധുവിന്‍റെ വീട്ടിലാക്കി. വീട്ടുമുറ്റത്തെത്തിയെങ്കിലും ഇത് ഞങ്ങളുടെ വീടാണോ എന്നുപോലും തിരിച്ചറിയാത്തവണ്ണം അത് മാറിയിരിക്കുന്നു. മാത്രമല്ല എന്‍റെ കിടക്കമുറിയുടെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. ഏറെ പണിപ്പെട്ടു ഞങ്ങള്‍ വീട്ടിനുള്ളില്‍ കയറിപറ്റി. ആകെ ചെളിയാണ്, കാലുകള്‍ പുതഞ്ഞു പോകുന്നു. ഓരോചുവടും സൂക്ഷിച്ചാണ് വെക്കുന്നത്, പാമ്പുകളെയും മറ്റു ക്ഷുദ്രജീവികളെയും ഭയക്കേണ്ടതുണ്ട്. ഏറെ ബുദ്ധിമുട്ടി ഞാനെന്‍റെ മുറിയിലെത്തി. അതിന്‍റെ അവസ്ഥ കണ്ടപ്പോള്‍ കണ്ണിലിരുട്ടു കയറി. കട്ടിലും മേശയും കസേരയുമെല്ലാം സ്ഥാനംമാറി കിടക്കുന്നു. വച്ച സാധനം വച്ചിടത്തു കണ്ടില്ലെകില്‍ ഒച്ചവെച്ചു വീട് തിരിച്ചുവെക്കുന്ന എന്‍റെ മുറിയുടെ കോലം കണ്ടിട്ട് എനിക്ക് കരച്ചില്‍ വന്നു. ഒന്നുരണ്ടു നോട്ടുബുക്കുകള്‍ അവിടവിടെ കണ്ടു. തകര്‍ന്നുപോയ എന്‍റെ മുറിയുടെ മൂല കണ്ടപ്പോള്‍ എനിക്ക് സഹിക്കാനായില്ല, കൊച്ചുകുട്ടിയെപോലെ കരയാന്‍ തുടങ്ങി. അത്ര പെട്ടെന്നൊന്നും കരയാത്ത ഞാനാണ് പക്ഷെ ഇതെന്നെ തകര്‍ത്തുകളഞ്ഞു. എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും മൂക സാക്ഷിയായ എന്‍റെ സ്വന്തം മുറി, എന്‍റെ മാത്രം ലോകം. ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവിടെ ഈ മുറിയില്‍ ഇരിക്കാനാണ്. എന്‍റെ മുറി, എന്‍റെ ഡയറി, എന്‍റെ ചെറിയ ലോകം, ദുഃഖം വന്നാലും സന്തോഷം വന്നാലും ഇവിടേക്കാണ് ഞാന്‍ ഓടി വരുന്നത്. പഠനമേശയോട് ചേര്‍ന്നുള്ള ഈ ജനാലയിലൂടെ പുറത്തേക്ക് കണ്ണുംനട്ടാണ് ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയത്. ഇവിടെ ഇരുന്നാണ് ഞാന്‍ എന്‍റെ പ്രിയപ്പെട്ട 'അനുവിനോട്' (അനു: പേഴ്സണല്‍ ഡയറി) എന്‍റെ വിശേഷങ്ങളും ചിന്തകളും, പിന്നെ ഒരു വര്‍ഷം സീനിയറായ ടോണിയോട് തോന്നിയ അടുപ്പവും സ്വപ്നങ്ങളും ഭാവി തീരുമാനങ്ങളുമെല്ലാം പങ്കുവെച്ചത്. എന്തു കാര്യമുണ്ടെങ്കിലും അമ്മയോട് പറയാറുണ്ടെങ്കിലും ഉള്ളിന്‍റെ ഉള്ളിലുള്ള വികാരങ്ങള്‍ പൂര്‍ണ്ണമായി പങ്കു വച്ചത് അനുവിനോടാണ്, അവള്‍ മനുഷ്യരെ പോലെ എന്നെയൊരിക്കലും കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്കയില്ല. ഓരോരോ ഓര്‍മ്മകള്‍ വീണ്ടുമെന്‍റെ മനസ്സിനെ നിറച്ചു, അമ്മയോട് വഴക്കുകൂടുമ്പോള്‍ ഓടിവന്നു മുഖമമര്‍ത്തി കരഞ്ഞത് ഇവിടെയാണ്, ഈ കട്ടിലില്‍. ഓര്‍മവെച്ചപ്പോള്‍ മുതല്‍ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങിയ സ്വര്‍ണനിറമുള്ള മുട്ടായി കടലാസുകളും മഞ്ചാടികുരുവും അച്ഛന്‍ തന്ന ചില്ലറ പൈസ സൂക്ഷിച്ചു വച്ചിരുന്ന പൗഡര്‍ ടിന്നും വെറുതെയിരിക്കുമ്പോള്‍ കുത്തിക്കുറിച്ച കവിതകളും പലരാത്രികളില്‍ ഉറക്കമിളച്ചു വരച്ച ചിത്രങ്ങളും ചെറിയ ക്ലാസ്സുകളില്‍വച്ചു ലഭിച്ച ട്രോഫികളുമെല്ലാം പൊയ്പ്പോയി. എന്നെ താനാക്കിയതെല്ലാം ഇന്ന് എനിക്ക് നഷ്ടമായിരിക്കയാണ്. ഓര്‍മ്മകള്‍ നഷ്ടമായാല്‍ എങ്ങനെയാണ് മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുക? ഇനിയീ വീട് പുതുക്കി പണിയേണ്ട അച്ഛന്‍റെ അവസ്ഥയോര്‍ത്തു. ഇതിന്‍റെ ഓരോ മൂക്കിനും മൂലയ്ക്കും അച്ഛന്‍റെ വിയര്‍പ്പുണ്ട്, വിയര്‍പ്പു മണമുണ്ട്. അച്ഛന്‍റെ ദുഃഖവും കഷ്ടപ്പാടും വലുതാണ്, ഒരായുസിന്‍റെ അധ്വാനമാണ് ഈ വീട്. അതുകൊണ്ടുതന്നെ അച്ഛന്‍റെ നഷ്ടങ്ങളുടെ പട്ടികയില്‍ എന്‍റെ മഞ്ചാടി കുരുവിനും ഡയറിക്കും കവിതകള്‍ക്കും സ്ഥാനമില്ല. എന്‍റെ നിറമുള്ള കുട്ടിക്കാലം ഈ മുറിയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, അതാണ് ഒരു രാത്രിയില്‍ വെള്ളം കൊണ്ടുപോയത്.
*******
ജനിച്ചത് അല്പസ്വല്പം പരാധീനതകള്‍ ഉള്ള സാഹചര്യത്തിലാണെങ്കിലും പഴയ പ്രൗഢിയും പ്രതാപവുമൊന്നും കളയാതെ അപ്പനുമമ്മയുമെല്ലാം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലെ കുഞ്ഞുകുട്ടി പരാധീനതകള്‍ പുറത്തറിയിക്കാതിരി ക്കാന്‍ പറ്റുന്നത്ര ഞങ്ങള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ക്ലാസ്സിലും പുറത്തുമെല്ലാം ഞാന്‍ തരക്കേടില്ലാത്ത വീട്ടിലെ കൊച്ചാണ്. വീട്ടിലെ അവസ്ഥ എനിക്ക് നന്നായിയറിയാം അപ്പന്‍ വളരെ കഷ്ടപ്പെട്ടാണ് രണ്ടറ്റവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നത്. തന്മൂലം കൂട്ടുകാരെ പോലെ പഠനസഹായികളും ട്യൂഷനുമൊന്നുമില്ലാതെ എട്ടാംക്ലാസ്സു വരെയെത്തി. കണക്കെന്നുമൊരു കീറാമുട്ടിയായെങ്കിലും കൂട്ടുകാരോട് ചോദിച്ചും ഒഴിവുസമയങ്ങളില്‍ ടീച്ചര്‍മാരുടെ അടുത്ത് പോയും സംശയങ്ങള്‍ തീര്‍ത്തു. ഒന്നുരണ്ടു വിഷയങ്ങള്‍ക്ക് ട്യൂഷന്‍ വേണമെന്ന് വളരെയധികം തോന്നിയിട്ടുണ്ട്. പക്ഷെ നിര്‍വാഹമില്ലാത്തതുകൊണ്ട് കൂട്ടുകാരുടെ ലേബര്‍ ഇന്ത്യയും ഗൈഡുമൊക്കെ നോക്കി നോട്ടുകള്‍ തയ്യാറാക്കി സ്വന്തമായി പഠിച്ചു, സ്വയം പഠിപ്പിച്ചു. അങ്ങനെ തയ്യാറാക്കിയ നോട്ടുകളും പാഠപുസ്തകങ്ങളും സ്കൂള്‍ബാഗും എന്നുവേണ്ട സര്‍വ്വത്ര സാധനങ്ങള്‍ വെള്ളത്തില്‍ പോയി. കളഞ്ഞുപോയ നോട്ടുകള്‍ ഇനിയൊരിക്കല്‍ കൂടി എഴുതുക എന്നത് ശ്രമകരമാണ്. പോയ നോട്ടുകളും ഇനി പഠിപ്പിക്കുന്ന കാര്യങ്ങളുമെല്ലാം എപ്പോള്‍ എഴുതിത്തീര്‍ക്കുമെന്നറിയില്ല. ചെറിയ ക്ലാസ്സുകള്‍ മുതലുള്ള പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. അവയും ഇതിനൊപ്പം ഇല്ലാതെയായി.
*******
പപ്പയോടും അമ്മയോടും കേണു കെഞ്ചി ഒരു പത്തുനൂറു കൂട്ടം നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒടുവിലാണ് ഒരു കീബോര്‍ഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. അതില്‍ അടുത്ത വര്‍ഷം പത്താംക്ലാസ്സിലെ ബോര്‍ഡ് പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങാം എന്ന് കൂടി ഒരു വാക്ക് അവര്‍ക്കു കൊടുത്തിട്ടുണ്ട്. ചെറുപ്പംമുതലെ എനിക്ക് പഠിക്കുന്നതിലും ഇഷ്ടം കീബോര്‍ഡും ചെസ്സ് കളിയും ഫോട്ടോഗ്രാഫിയും സയന്‍സ് ക്ലാസ്സിലേക്ക് മാതൃകകള്‍ ഉണ്ടാക്കുകയുമൊക്കെയാണ്. ഫിസിക്സ,് കെമിസ്ട്രി ക്ലാസുകളിലേക്ക് വേണ്ട മാതൃകകള്‍ ഉണ്ടാക്കുന്നത് കൊണ്ട് കുടുംബത്തില്‍ ശാസ്ത്രജ്ഞന്‍ എന്നൊരു വിളിപ്പേരുമുണ്ട്, ഒരു സോഡാക്കുപ്പി കണ്ണാടി എന്‍റെ മുഖത്തുള്ളത് കൊണ്ട് ആ പേരിനു ഞാന്‍ എന്തുകൊണ്ടും അര്‍ഹനാണെന്നാണ് മറ്റൊരു വാദം. അങ്ങനെ കുറെയധികം മാതൃകകള്‍ രാത്രിയേറെ വൈകി ഞാന്‍ ഉണ്ടാക്കാറുണ്ട്, പപ്പയും അമ്മയും അതിനായി എല്ലാ പ്രോത്സാഹനവും നല്‍കാറുണ്ട്. കാണാതെ പഠിച്ചു മാര്‍ക്ക് വാങ്ങുന്നതില്‍ എനിക്ക് പണ്ടേ താല്പര്യമില്ല. കാര്യങ്ങള്‍ മനസ്സിലാക്കുക എന്നതാണ് കൂടുതല്‍ പ്രധാനമെന്നു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ എന്‍റെ ചേച്ചിയെപ്പോലെ ചെവിയില്‍ വിരലൊക്കെ കുത്തിക്കേറ്റി പാഠങ്ങള്‍ കാണാതെ ഉരുവിടുന്നതിനു പകരം അത് നിര്‍മ്മിച്ചെടുക്കാനും അതിന്‍റെ പ്രവര്‍ത്തനരീതി മനസിലാക്കാനും ശ്രമിക്കും. രാവേറെ ചെന്നാലും ഉറങ്ങാതെ തെര്‍മോകോളും പശയും ഒക്കെവച്ച് കുറേയധികം മാതൃകകള്‍ നിര്‍മിച്ചു വീട്ടില്‍വെച്ചിട്ടുണ്ട്. മാത്രമല്ല സ്വയമായി പത്രമുണ്ടാക്കുന്ന ഒരു ഏര്‍പ്പാടുമെനിക്കുണ്ട്. എങ്ങനെ ആണെന്നുവച്ചാല്‍ അഞ്ചാറു കടലാസുകള്‍ മടക്കി നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ വാര്‍ത്താരൂപേണ എഴുതും. അതിപ്പോള്‍ വീട്ടിലെ കുഞ്ഞികുഞ്ഞി കാര്യങ്ങള്‍, സ്കൂളിലെ സംഭവബഹുലമായ കാര്യങ്ങള്‍, വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടാല്‍ പട്ടിയെയും പൂച്ചയേയും ഈച്ചയെയും ഒക്കെ വച്ച് ഞാന്‍ വാര്‍ത്തയുണ്ടാക്കും. അങ്ങനെ കുറച്ചു പത്രങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്തിനധികം പറയുന്നു വെള്ളം പൊങ്ങിയപ്പോള്‍ ഇതൊന്നും എടുത്തു കൊണ്ടോടാന്‍ പറ്റിയില്ല. അതെല്ലാം വീട്ടില്‍ ഉപേക്ഷിച്ചു നടക്കാന്‍ വയ്യാത്ത അപ്പച്ചനേയും തലേദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു ഇപ്പോഴും പനിയുള്ള അമ്മച്ചിയും ആന്‍റിയും പപ്പയും ഞാനും ഒരു വിധത്തില്‍ അടുത്തുള്ള അല്‍പ്പം ഉയരത്തിലുള്ള ഒരു വീട്ടിലേക്ക് വച്ചുപിടിച്ചു. അവരുടെ ഇരുനില വീടിന്‍റെ മുകളില്‍ കയറി പറ്റിയെങ്കിലും വെള്ളം ശക്തിയായതു കൊണ്ട് ആ വീടിന്‍റെ നില പൂര്‍ണ്ണമായി മുങ്ങി. അപ്പച്ചനെ അവിടെ ഇട്ടിട്ടു അമ്മച്ചിയും ആന്‍റിയും പപ്പയും എങ്ങും പോകില്ല അതുകൊണ്ടുതന്നെ ഞാനും അവരോടൊപ്പം തന്നെ നിന്നു. എന്നാല്‍ കുറച്ചപ്പുറത്തുള്ള ഒരു വീട്ടുകാര്‍ വന്നു എന്നെ സ്നേഹത്തില്‍ നിര്‍ബന്ധിച്ചപ്പോള്‍ പപ്പ പറഞ്ഞു 'നീ പൊയ്ക്കോ ഞങ്ങള്‍ ഇവിടെ തന്നെ കാണും. ഒന്നും സംഭവിക്കില്ല' എന്ന്. അതുകൊണ്ട് അവരുടെ വീട്ടില്‍ മൂന്നാലു ദിവസം താമസിച്ചു. മാറ്റിയിടാന്‍ വസ്ത്രങ്ങളില്ല, അതു സാരമില്ല. എന്നാല്‍ ആഹാരം രണ്ടാമതൊന്നു കൂടി ചോദിക്കാന്‍ എനിക്കും ഭയവും ലജ്ജയുമായിരുന്നു. അതുകൊണ്ടുതന്നെ മിക്കപ്പോഴും വയറു നിറയാറേയില്ല. മാത്രമല്ല ബാക്കി വീട്ടുകാര്‍ ആ വീട്ടില്‍ അങ്ങനെ കുടുങ്ങിയിരിക്കുമ്പോള്‍ എനിക്കെങ്ങനെ സമാധാനമായി ഭക്ഷണം കഴിക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍ ആയിരുന്നു അത്. ഞാന്‍ സുരക്ഷിതനാണെങ്കിലും വീട്ടുകാരെ കുറിച്ച് യാതൊരറിവുമില്ലാതെ ജീവിക്കുന്നത് ഭയങ്കര വിഷമമുള്ള കാര്യമാണ്. വീട്ടുകാരെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ടു കഴിയുന്നു, ചേച്ചി തൃശ്ശൂര്‍ ഹോസ്റ്റലില്‍, ഞങ്ങളെയൊക്കെ ഓര്‍ത്തു മണലാരണ്യത്തില്‍ ഉരുകി തീരുന്ന അമ്മ, അങ്ങനെ കുറേയെറെ വേദനിക്കുന്ന ചിന്തകളുമായി ദിവസങ്ങള്‍ ഞാന്‍ കഴിച്ചുകൂട്ടി. അവസാനം കാത്തിരിപ്പുകള്‍ക്കൊടുവില്‍ വീട്ടുകാരുമായി ഒന്നിക്കാന്‍ സാധിച്ചെങ്കിലും ആ ദിവസങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോളുമെനിക്ക് ഒരു ഭയമാണ്.
*******
പ്രളയവും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവു മെല്ലാം കഴിഞ്ഞു കൂട്ടുകാരോടൊപ്പം ദുരിത ബാധിത പ്രദേശത്തുള്ള ( വെളിയനാട് എന്ന സ്ഥലം) കുറച്ചു വീടുകള്‍ സന്ദര്‍ശിക്കാനിറങ്ങിയപ്പോള്‍ കണ്ട പല കാഴ്ചകളും വേദനിപ്പിക്കുന്നവയായിരുന്നു. പ്രളയത്തിന്‍റെ മറ്റൊരു മുഖം ഞങ്ങള്‍ കണ്ടു. അതിലെന്നെയേറെ വേദനിപ്പിച്ച ചിത്രം എണ്‍പതിനടുത്തു പ്രായമുള്ളൊരു പിതാവ് വെറും തറയില്‍ ഒരു കീറിയ ഫ്ളക്സ് ഷെഡ് വിരിച്ചു അതിലൊരു മുണ്ടിന്‍റെ കഷ്ണം ഇട്ടു അതിന്‍റെ മുകളില്‍ ഒരു തോര്‍ത്തും വിരിച്ചു തണുപ്പടിച്ചു കിടക്കുന്ന കാഴ്ചയായിരുന്നു. വീട്ടില്‍ വന്നു കഴിഞ്ഞും എന്‍റെ മനസ്സ് അശാന്തമായിരുന്നു, അതോര്‍ക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഇപ്പോഴും ഈറനണയുന്നു. അങ്ങനെ സമപ്രായക്കാരോടും മുതിര്‍ന്നവരോടുമെല്ലാം ഈ കാര്യം പങ്കു വെച്ചതിനെ തുടര്‍ന്ന് പിറവിയെടുത്തതാണ് നൂറ് കിടക്കകള്‍ കൊടുക്കുക എന്ന ആശയം. തറയിലെ ഈര്‍പ്പത്തോടും തണുപ്പിനോടും പൊരുതാന്‍ ശേഷിയില്ലാത്ത പ്രായമായ നൂറ് വൃദ്ധര്‍ക്ക് തണുപ്പടിക്കാതെ സ്വസ്ഥമായി കിടക്കാനുള്ള ഒരു സൗകര്യമുണ്ടാക്കാനായി സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി ഒരു കൂട്ടായ്മ ക്രമീകരിച്ചു. പ്രളയത്തിനോട് അനുബന്ധിച്ചു അമേരിക്കന്‍ ഐക്യനാട്ടില്‍ ഉയര്‍ന്നു വന്ന ഒരു ഗ്രൂപ്പിലെ ആള്‍ക്കാരുടെ പത്തോളം മക്കള്‍ എഴുപത് കിടക്കക്കായി പണം സമാഹരിച്ചു. എങ്ങനെയാണന്നല്ലേ? മറ്റുള്ളവരുടെ വീടുകളില്‍ പോയി പുല്ലു വെട്ടികൊടുത്തും റോഡരുകില്‍ കുടിവെള്ളം വിതരണം ചെയ്തും അവര്‍ ഈ വേനല്‍ക്കാലത്തു അത്രയും കിടക്കകള്‍ക്കു വേണ്ടിയുള്ള കാശ് ശേഖരിച്ചു നാട്ടില്‍ എത്തിച്ചു. എത്ര പക്വതയോടു കൂടിയാണ് ആ ചെറുമക്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതതും അതിനു വേണ്ടി പ്രവര്‍ത്തിച്ചതും. യാതൊരു ബുദ്ധിമുട്ടുകളും അറിയാതെ ജീവിക്കുന്നെങ്കിലും അവരുടെ സ്വന്തം നാട്ടില്‍ കഷ്ടപ്പെടുന്ന അപരിചിതരോടവര്‍ക്കുള്ള ആര്‍ദ്രത എത്ര വലുതാണ്, എത്ര വിശാലമാണ് ആ കുഞ്ഞു ഹൃദയങ്ങള്‍. പലകാര്യങ്ങളും കണ്ടിട്ടും കേട്ടിട്ടും അതൊന്നും എന്‍റെ നഷ്ടമല്ലല്ലോ എന്നോര്‍ത്ത് അതവഗണിച്ചു പോകുന്ന എല്ലാവര്‍ക്കും മാത്രകയാണ് ഈ കുഞ്ഞുങ്ങള്‍.
*******
ഈ പ്രളയം നമുക്ക് ധാരാളം മഴ ചിത്രങ്ങള്‍ സമ്മാനിച്ചു. ഈ പ്രളയം ബാക്കിവെക്കുന്നതെന്താണ്? ഇതുമൂലം ആര്‍ക്കാണ് ഏറ്റവുമധികം നഷ്ടം ബാധിച്ചിരിക്കുക? പ്രളയം ഒരു പ്രത്യേക പ്രായക്കാരെ മാത്രം ബാധിച്ച ഒരു കാര്യമല്ല. പല പ്രായക്കാര്‍ക്കും പല കാഴ്ചപ്പാടാണെങ്കിലും കൗമാരക്കാരെ സംബന്ധിച്ചു അവരുടെ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ ഒരു ദുരന്തം ആയിരിക്കും ഇത്. പല മധ്യവയസ്കരെ സംബന്ധിച്ചും ഇതേ അനുഭവം തന്നെയായിരിക്കും. 'വെള്ളം വെള്ളം സര്‍വത്രവെള്ളം തുള്ളികുടിക്കാനില്ലത്രേ' എന്നൊക്കെ പാടിനടന്ന അവര്‍, തലേ വൈകുന്നേരം വരെ കൂട്ടുകാരോടും സഹോദരങ്ങളോടും ഒപ്പം വെള്ളത്തില്‍ തിമിര്‍ത്താടി ആഘോഷ പൂര്‍ണ്ണമാക്കിയവര്‍ ഒരു ദിവസം രാവിലെ കാണുന്നത്, അവരുടെ വീട്ടുമുറ്റത്ത് അല്ലെങ്കില്‍ കിടപ്പുമുറിയില്‍ വെള്ളം വന്നെത്തി നില്‍ക്കുന്നതാണ്. ചിന്തിക്കാന്‍ നേരമില്ല, ഇന്നലെ സ്നേഹത്തോടെ കൗതുകത്തോടെ കണ്ട വെള്ളം ഇന്ന് അതിന്‍റെ രൗദ്രഭാവത്തില്‍ നില്‍ക്കുമ്പോള്‍ ഭയചകിതരായി ജീവനും കൊണ്ടോടി അവര്‍. ചിലര്‍ക്ക് അതും പറ്റിയില്ല, വീട്ടില്‍ ഒറ്റപ്പെട്ടു. കൂടുതല്‍ പേര്‍ക്കും അവശേഷിച്ചത് ജീവന്‍ ആണ്, ബാക്കിയുള്ളതൊക്കെ നഷ്ടമായി. തന്മൂലം വെള്ളം ഒരു ഭയമായി ചിലരില്‍ കടന്നുകൂടിയേക്കാം. മനസിനേറ്റ ഒരു ആഘാതം പ്രസക്തമാണ്. മുതിര്‍ന്ന ആള്‍ക്കാര്‍ ഒരുമയോടെ പെട്ടെന്ന് ഈ ഒരു ദുരന്തത്തെ നേരിട്ടത് പോലെ ചിലപ്പോള്‍ കുഞ്ഞു മനസുകള്‍ക്ക് കഴിഞ്ഞു എന്ന് വരില്ല. അവര്‍ കേട്ടു വളര്‍ന്നതും പാടി ശീലിച്ചതുമായ മഴയുടെ മനോഹാരിതയും സുന്ദരസങ്കല്പവും ഒക്കെ ഒരു രാത്രി കൊണ്ട് മാറി, അത് ഒരു ദയയും കൂടാതെ സംഹാരതാണ്ഡവമാടാന്‍ ഒരുങ്ങി നില്‍ക്കുമ്പോലെ അവര്‍ക്കു തോന്നിയിരിക്കാം.
ഓണപ്പരീക്ഷക്കു തയ്യാറെടുത്തുകൊണ്ടിരുന്ന കുട്ടികളെ സംബന്ധിച്ചു നഷ്ടമായത് അവരുടെ നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും ആണ്. പബ്ലിക് പരീക്ഷ ഈ കൊല്ലം എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടില്‍ ഇതൊരു നികത്താനാവാത്ത നഷ്ടം ആയിട്ടാണ് അവര്‍ കണക്കാക്കുക. നഷ്ടങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല, പ്രളയത്തില്‍ പല കുട്ടികള്‍ക്കും തൂവല്‍ ശേഖരണവും സ്റ്റാമ്പ് ശേഖരണവും അവരുടെ ജീവന്‍റെ അംശമായ ഓര്‍മ്മകുറിപ്പുകളും ഒക്കെയാണ് ഇല്ലാതെയായത്. പണത്തിനോ നഷ്ട പരിഹാരത്തിനോ ഒന്നും അവരുടെ നഷ്ടം തിരികെ കൊടുക്കാന്‍ കഴിയില്ല, കാരണം അതവരുടെ ജീവിതത്തിന്‍റെ സമ്പത്താണ്. പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച തൂവലുകളും നാണയങ്ങളും കല്ലുകളും കാന്തവും കുപ്പിവളമുറികളും മയില്‍പ്പീലിയും അങ്ങനെ പല ഓര്‍മ്മകളാണ് അവര്‍ക്ക് നഷ്ടമായത്. കൗമാരക്കാരുടെ നഷ്ടം തികച്ചും നഷ്ടം തന്നെയാണ്. ഓര്‍മ്മകളാണ് അവരുടെ സമ്പത്ത്. അവരെ അവരാക്കി തീര്‍ത്തത് ഈ ഓര്‍മ്മകള്‍ തന്നെയാണ്. എന്നാല്‍ അവരുടെ നഷ്ടങ്ങളെ നമുക്ക് നിസ്സാരമായെടുക്കാന്‍ സാധിക്കില്ല. അവരെ നമ്മുടെ മനസ്സിന്‍റെ ഉള്ളിലാക്കുക എന്നത് നമ്മുടെ ദൗത്യമാണ്. പലപ്പോളും അവര്‍ക്കു വേണ്ടത് തങ്ങളെ കേട്ടിരിക്കാനോ തോളില്‍ ഒന്ന് കയ്യിട്ടിട്ടു 'സാരമില്ല എനിക്കു നിന്നെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്' എന്നുള്ളൊരു ധൈര്യപ്പെടുത്തലോ ആണ്.