യാത്രയുടെ വഴികള്‍ ജ്ഞാനത്തിന്‍റെ വഴികളാണ്. മങ്ങിപ്പോയ കാഴ്ചകളെ മിഴിവുറ്റതാക്കുന്നതിനും മറന്നുപോകുന്ന പ്രകൃതി പാഠങ്ങളെ വീണ്ടും ഓര്‍മ്മിക്കുന്നതിനും ഉറക്കത്തിലാണ്ട തിരിച്ചറിവുകളെ ഉണര്‍ത്തുന്നതിനുള്ള വഴിയാണിത്. പ്രകൃതി നല്‍കുന്ന കുളിരിന് കൃത്രിമ ശീതീകരണത്തിനേക്കാള്‍ കുളിര്‍മ്മയുണ്ടെന്നും സൂര്യതാപം തന്നെയാണ് കല്‍ക്കരിതാപത്തേക്കാള്‍ സുഖകരമെന്നും പ്രകൃതി നല്കുന്ന ഭക്ഷണമാണ് ജങ്ക് ഫുഡിനേക്കാള്‍ നല്ലതെന്നും ഭൂമി നല്‍കുന്ന ദൃശ്യമാണ് നല്ലതെന്നും തിരിച്ചറിയുന്നത് യാത്രകളിലാണ്. ഉള്ളിലെ നിദ്ര നമ്മെ പലതില്‍ നിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. ചട്ടക്കൂടുകളുടെ ബന്ധനവും സ്വൈരജീവിതത്തിനുവേണ്ടിയുള്ള സാമ്പത്തികശാസ്ത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളും നമ്മെ അജ്ഞതയുടെ ഇരുട്ടിലേക്ക് തള്ളിയിടുന്നു. ഇപ്രകാരമുള്ള നിദ്രകളില്‍ നിന്ന് ഉണരേണ്ടത് അത്യാവശ്യമാണ്.
യാത്രകളുടെ സുവിശേഷം പലതും പഠിപ്പിക്കുന്നുണ്ട്. കാഴ്ചകളും ഫോട്ടോകളും മാത്രമായി ഒതുങ്ങുന്ന ചില ആഘോഷകാഴ്ചയുടെ അടയാളമല്ല യാത്രകള്‍. ഒരു സംസ്കാരത്തോടുള്ള അനുരൂപണവും ഐക്യദാര്‍ഢ്യവുമാകണം യാത്രകള്‍. ഇത്തരം യാത്രകള്‍ പുതുമയുടെ വഴിതേടിയുള്ളതാണ്. ഇപ്രകാരമുള്ള ചില യാത്രാചിന്തകളും ആശയങ്ങളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
1. ടീം സഞ്ചാരി
ഫേസ്ബുക്കിന്‍റെ കാലമാണിത്. ലൈവുകളുടെയും ലൈക്കുകളുടെയും കാലം. യാത്രയും സാമൂഹ്യമാധ്യമങ്ങളുടെ പിറകേ ചുവടുവച്ചു തുടങ്ങി. യാത്ര എന്ന ഒറ്റ വികാരം കൊണ്ട് രൂപപ്പെട്ട യാത്രാപ്രേമികളുടെ ഫേസ് ബുക്ക് ഗ്രൂപ്പാണ് 'സഞ്ചാരി.' നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് അറിയാനും അനുഭവിക്കാനും ഏറെയുണ്ട് എന്ന തിരിച്ചറിവിന്‍റെ ഫലമാണ് ഈ ഗ്രൂപ്പ്. പ്രകൃതിയോടൊപ്പം യാത്രചെയ്യുക (travel with the nature) എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ഈ ഗ്രൂപ്പംഗങ്ങള്‍ മഹത്തായ അനുഭവങ്ങളാണ് സ്വന്തമാക്കുന്നത്.
യാത്രയാണ് ഏറ്റവും നല്ല വിദ്യാഭ്യാസം. വിവിധ ഭക്ഷണരീതികള്‍, വസ്ത്ര-പാര്‍പ്പിട വ്യത്യസ്തതകള്‍ ഒക്കെ പഠനവിഷയമാകുന്നു. അതിശൈത്യവും കഠിനമായ ചൂടും വരണ്ടകാറ്റും ഉണങ്ങിയ കാലാവസ്ഥയും ഒരുപോലെ പാഠപുസ്തകമാകുന്നു. ഇത് ഉള്‍ക്കണ്ണുകൊണ്ടുള്ള വായനയാണ്. വായിച്ചറിഞ്ഞുള്ള പഠനമല്ല. അറിഞ്ഞ് മനസ്സിലാക്കി പഠിക്കുകയാണ്. കാടും കാടതിര്‍ത്തികളും കാടിന്‍റെ മക്കളും ഇവിടെ യാത്രകള്‍ക്ക് അധ്യാപകരാണ്. പരിസ്ഥിതി സംരക്ഷണപദ്ധതികള്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍, ആദിവാസിമേഖലകളുടെ സമുദ്ധാരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ 'സഞ്ചാരി' നടത്തിവരുന്നു. ഏകദേശം നാലരലക്ഷത്തോളം അംഗങ്ങളുള്ള ഈ ഗ്രൂപ്പ് യാത്രയോടും പ്രകൃതിയോടുമുളള തീവ്രഅഭിനിവേശത്തിന്‍റെ അടയാളമാണ്.
2. Idle theory Bus/അലസവാഹന സിദ്ധാന്തം
അമേരിക്കക്കാരനായ ജെയിംസ് കാമ്പെല്ലും റേയ്ച്ചല്‍ ഗോള്‍ഡ് ഫാമ്പും 2012ല്‍ ജോലി ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചത് ഒരു പുതിയ അനുഭവത്തിലേക്കുള്ള ചുവടുവയ്പിനായിരുന്നു. സണ്‍ഷൈന്‍ എന്നു പേരിട്ടു വിളിച്ച വാന്‍ അവരുടെ വീടും വാഹനവുമായി. ഫോട്ടോഗ്രാഫറായ ജെയിംസും കാര്‍ട്ടൂണിസ്റ്റായ റേയ്ച്ചലും കണ്ടെത്തിയ പുതിയ ഈ ശൈലി വ്യത്യസ്തവും അത്ഭുതങ്ങള്‍ നിറഞ്ഞതുമാണ്. സണ്‍ഷൈന്‍റെ കൂടെ അമേരിക്കയുടെ ഭൂരിഭാഗവും സഞ്ചരിച്ച ഇവര്‍ വേറിട്ട ഈ സഞ്ചാരരീതിയിലൂടെ മനുഷ്യാസ്തിത്വത്തിന്‍റെ ഭാഗമായിരുന്ന നാടോടിസംസ്കാരിത്തിന്‍റെ കെട്ടു തുടങ്ങിയ കനലിനെയാണ് വീണ്ടും ഊതിക്കത്തിച്ചെടുക്കുന്നത്.
പഴമയെയും പൗരാണികതകളെയും മറന്നുപോകുന്ന ലോകത്തിന്‍റെ നടുവില്‍ നാം ജീവിക്കുമ്പോള്‍, തിരക്കിട്ട ജീവിതവും ഉള്‍വലിഞ്ഞ് പോകുന്ന ശൈലികളും ഒക്കെ മറവിയുടെ ശൂന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. "നിലാവുള്ള രാത്രിയുടെ മനോഹാരിതയും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശങ്ങളുടെ ഭംഗിയും ഇന്നത്തെ തലമുറക്ക് അന്യമാകുന്നത് കാര്യഗൗരവത്തോടെ കാണേണ്ടതാണ്" എന്ന് ജെയിംസ് പറയുന്നു. ഇരുട്ടിനെ പേടിക്കുന്നവര്‍ക്ക് ശരിയായ ഇരുട്ടും അര്‍ത്ഥം നല്‍കുന്ന നിശ്ശബ്ദതയും പ്രകൃതിയില്‍ നിന്ന് പഠിക്കാന്‍ ഒരു പ്രചോദനമാകുകയാണ് ജെയിംസും റേച്ചലും.
ഒരു 'മാറ്റം' സ്വപ്നം കണ്ടാണ് അവരുടെ ജീവിതം. മാത്സര്യം നിറയുന്ന സമൂഹത്തിന് സൗന്ദര്യം നിറഞ്ഞ ചുറ്റുപാടിന്‍റെ പുതിയ മുഖം വ്യക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് ഇവര്‍. ഒന്നും ചെയ്യാതെ എല്ലാത്തിനോടുമുള്ള ബന്ധപ്പെടല്‍ - പ്രത്യേകിച്ച് പ്രകൃതിയോട,് ഇതൊരു തീവ്രമായ വികാരം തന്നെയാണ്. രഹസ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും ഒരു ലോകം ചുറ്റുമുള്ളത് കാണാതെ പോകുന്നത് വലിയ നഷ്ടമാണ്. "ഭൂമി ഉദാരമതിയാണ്. സംതൃപ്തിയും സന്തോഷവും യാഥാര്‍ത്ഥ്യബോധവും അവളുടെ സമ്മാനങ്ങളാണ്. ഇവ അനുഭവിക്കാന്‍ സുരക്ഷിതജീവിതത്തിന്‍റെ ചട്ടക്കൂടുകളെ വേണ്ടെന്ന് വയ്ക്കണം.
" റേച്ചലിന്‍റെ ഈ വാക്കുകള്‍ 5 വര്‍ഷത്തെ അവരുടെ അനുഭവങ്ങളുടെ ആകെത്തുകയാണ്.
3. Staycation (n): വീടിനടുത്തൊരു വിനോദസഞ്ചാരം
താമസസ്ഥലത്തിനടുത്തു തന്നെ നടത്തുന്ന വിനോദസഞ്ചാരത്തെയാണ്Staycation എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സമയം, സാമ്പത്തികം, സുരക്ഷിതത്വം എന്നീ തടസവാദങ്ങളാണ് ഏതൊരു മനുഷ്യനെയും യാത്രകളില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത്. ദൂരവും ദിവസങ്ങളുടെ എണ്ണവുമല്ല യാത്രയെന്ന അനുഭവത്തിന്‍റെ മാനദണ്ഡം. പോയിട്ടില്ലാത്ത നാട്ടിടവഴികളിലൂടെ നടക്കുന്നതും കാണാത്ത പ്രകൃതിഭംഗി ആസ്വദിക്കുന്നതും യാത്ര തന്നെയാണ്. ഇന്ന് യാത്രകള്‍ ഒരുപാടുണ്ട്. എന്നാല്‍ വിശ്രമവും ഉല്ലാസവും മനശാന്തിയും നല്‍കുന്ന വിനോദയാത്രകള്‍ നന്നേ കുറവാണ്. ഇതിന് പരിഹാരം പോലെയാണ് Staycation.
സ്വന്തം ചുറ്റുപാടുകളെ നിരീക്ഷിച്ച് തുടങ്ങുമ്പോള്‍ യാത്ര വേറിട്ട അനുഭവമാകുന്നു. ഇതുവരെ പോകാത്ത വീടിനടുത്തുള്ള സ്ഥലങ്ങള്‍ ഒരുപാട് വ്യത്യസ്തതകള്‍ നല്കും. ചെറുതോടുകള്‍, മരങ്ങള്‍, വള്ളിച്ചെടികള്‍ ഒക്കെ ഒരു പ്രത്യേക അനുഭൂതിയായിരിക്കും. ചെലവുകുറവു മാത്രമല്ല - സമയവും. നമ്മുടെ നാടിനെ നാം പേടിക്കേണ്ടതില്ലല്ലോ. ഊണുകഴിഞ്ഞ് ഒരു ചെറിയ സവാരി, ഇതുവരെ കാണാത്ത ചുറ്റുവട്ടങ്ങള്‍ തേടി. അതിനുവേണ്ടത് മനസാണ,് ഇത്തിരി നടക്കാനും ഇത്തിരി കാണാനുമുള്ള മനസ്സ്. സ്വന്തം മുറ്റത്ത് തോടും പുഴയും കാടും ഉള്ളവരാണ് നാം. കാടും കടവും നമ്മുടെ യാത്രകളുടെ സ്ഥലങ്ങളാകണം. എന്തുകൊണ്ട് നമുക്കൊരു യാത്ര നടത്തിക്കൂടാ?
കടപ്പാട്: Staycation എന്ന ആശയം Trip Jodi എന്ന FB പേജില്‍ നിന്നും.
കാഴ്ചകള്‍ ആസ്വാദനത്തിനുമപ്പുറം തിരിച്ചറിവുകളിലേക്ക് നയിക്കേണ്ടതുണ്ട്. ടീം സഞ്ചാരി, idle Theory Bus, Trip Jodi എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഒരു നിമിഷസുഖത്തേക്കാള്‍ ഉപരി യാത്രയ്ക്കും കാഴ്ചകള്‍ക്കും ചില അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്ന് ഇവ നമ്മെ ഒരു ഓര്‍മ്മപ്പെടുത്തുന്നു.