news-details
മറ്റുലേഖനങ്ങൾ

ഉത്തരം മരണത്തിലല്ല

വാര്‍ത്താമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്ന വലിയ താരങ്ങളുടെ ആത്മഹത്യകളൊഴികെ സാധാരണ ആത്മഹത്യകള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാറേയില്ല. പക്ഷേ നമ്മുടെ സമൂഹത്തിനു ശ്രദ്ധിക്കാതിരിക്കാനാകാത്ത ഒരു വസ്തുതയാണത്. അതില്‍ ശ്രദ്ധയൂന്നുന്നതുകൊണ്ട് പേരും പ്രശസ്തിയും ഒന്നും കിട്ടിയേക്കില്ല. എന്താണ് ആത്മഹത്യ? അവസാനിക്കരുതാത്തപ്പോള്‍ അവസാനിക്കുന്ന ഒരു ജീവിതം -ഓര്‍മ്മകളും വിശ്വാസങ്ങളും അനുഭൂതികളും ചിന്തകളും ബന്ധങ്ങളും അനുഭവങ്ങളും എല്ലാം നിറഞ്ഞ ഒരു ജീവിതം ഒരാവശ്യവുമില്ലാതെ തീര്‍ന്നുപോകുന്നു.

ആത്മഹത്യക്കു ശ്രമിക്കുന്ന മനുഷ്യന്‍ അനുഭവിക്കുന്ന ഏകാന്തതതയും ഒറ്റപ്പെടലും ഊഹിക്കാന്‍ പോലും നമുക്കാകില്ല. ജീവിതത്തിലെ വലിയൊരു സംഘര്‍ഷത്തോടുള്ള പെട്ടെന്നുള്ള പ്രതികരണമാണ് സ്വയംഹത്യയെന്നു ചിലപ്പോള്‍ തോന്നാം. ചിലപ്പോഴാകട്ടെ നിലയ്ക്കാത്ത വേദനയോ നിരാശയോ നിമിത്തം ജീവിക്കാന്‍ കാരണം കാണാതെ വരുമ്പോള്‍ സംഭവിക്കുന്ന പ്രതികരണമാകാം അത്. എതൊരു വ്യക്തിയുടെ ജീവിതത്തിലും വേദനയും സഹനവും ഉണ്ടല്ലോ. ഒപ്പം അയാളില്‍ ജീവിക്കാന്‍ ചില കാരണങ്ങളും പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ചില കഴിവുകളും ഉണ്ട്. ഇവയ്ക്കിടയിലുള്ള ബാലന്‍സ് നഷ്ടപ്പെട്ട് പ്രതീക്ഷാരഹിതമായി മനസ്സുതീരുമ്പോഴാണ് മിക്കപ്പോഴും സ്വയംഹത്യ നടക്കുന്നത്.

ഭീതിദമായ ചില വസ്തുതകള്‍

ഇന്ത്യയില്‍ നടക്കുന്ന ആത്മഹത്യകളുടെ നിരക്കുകള്‍ നമ്മെ ശരിക്കും ഞെട്ടിക്കുന്നവയാണ്. 'ദ ലാന്‍സെറ്റ്' എന്ന സുപ്രസിദ്ധമായ ഒരു മെഡിക്കല്‍ ജേര്‍ണല്‍ ഇന്ത്യാ സംബന്ധിയായ ഒരു പഠനറിപ്പോര്‍ട്ട് അടുത്തയിടെ പ്രസിദ്ധീകരിച്ചു. അതനുസരിച്ച് 2010 ല്‍ ഇന്ത്യയില്‍ ആത്മഹത്യചെയ്തവര്‍ ഏകദേശം 1,87,000 ആണ്. പ്രസ്തുത റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ പതിനഞ്ചുവയസ്സിനുമുകളിലുള്ള പുരുഷന്മാര്‍ ലക്ഷംപേരില്‍ 26.3 എന്ന നിരക്കിലും സ്ത്രീകള്‍ ലക്ഷം പേരില്‍ 17.5 എന്ന നിരക്കിലും ആത്മഹത്യ ചെയ്യുന്നു. അങ്ങനെ ഏറ്റവും കൂടുതല്‍ സ്വയംഹത്യകള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തു നില്ക്കുന്നു.

റിപ്പോര്‍ട്ടു കണ്ടെത്തിയ മറ്റൊരു കാര്യം അസ്വാഭാവിക മരണങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുനില്ക്കുന്നത് ആത്മഹത്യകളാണ് എന്നതാണ്. അതായത് എയ്ഡ്സോ, ക്യാന്‍സറോ, ഹൃദ്രോഗങ്ങളോ നിമിത്തം ഉണ്ടാകുന്ന മരണങ്ങളേക്കാള്‍ കൂടുതലാണ് ആത്മഹത്യകള്‍. ഇതിന്‍റെ കൂട്ടത്തില്‍ ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം മാനസികാരോഗ്യ മേഖലയില്‍ സഹായം ലഭിക്കേണ്ടവരില്‍ 90% വ്യക്തികള്‍ക്കും അതു ലഭിക്കുന്നില്ല എന്നതാണ്. മാനസികാരോഗ്യമേഖലയില്‍ പ്രാവീണ്യം നേടിയ വ്യക്തികളുടെ കുറവ് അങ്ങേയറ്റമാണ്. മാനസികാരോഗ്യപരിപാലനത്തിനോ ആത്മഹത്യകള്‍ തടയുന്നതിനോ കൃത്യമായ ഒരു നയപരിപാടിയും ഇനിയും രൂപപ്പെടുത്തിയെടുത്തിട്ടില്ല. എന്നാല്‍ ആത്മഹത്യക്കു ശ്രമിക്കുന്നത് ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമാണുതാനും!

സ്വയംഹത്യ വെറുമൊരു ആരോഗ്യപ്രശ്നം മാത്രമല്ല. വലിയമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ നമ്മുടെ സമൂഹം. വലിയ അളവില്‍ അക്രമവും വേര്‍തിരിവുകളും പുറംതള്ളലുകളും അസഹിഷ്ണുതയും ഇവിടെ ഇന്നു നടമാടുന്നുണ്ട്. അഭിലാഷങ്ങള്‍ക്കും സാദ്ധ്യതകള്‍ക്കുമിടയില്‍ വലിയ പൊരുത്തക്കേട് നിലനില്ക്കുന്നുണ്ട്. ബന്ധങ്ങളുടെ അടിത്തറ പരസ്പര ആദരവോ അറിവോ അല്ല, മുകളിലേയ്ക്കുള്ള കയറ്റത്തിനു സഹായകമാകുന്ന ബിസിനസ്സ് ഉടമ്പടി മാത്രമാണ്. കുട്ടികളുമായുള്ള നമ്മുടെ സംസാരം കുറ്റങ്ങളുടെയും കുറവുകളുടെയും യാഥാര്‍ത്ഥ്യബോധമില്ലാത്ത അഭിലാഷങ്ങളുടെയും ലിസ്റ്റു നിരത്തലായി മാറുന്നു. യുവാക്കളുടെയും വൃദ്ധരുടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നു. അത്തരമൊരു സാഹചര്യം നിരാശയുടെ വിളനിലമായി ഭവിക്കുന്നു.
ജീവിതത്തില്‍ അവസാനചാട്ടം ചാടുന്നതിനുമുമ്പ് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവരെ സഹായിക്കാനായി സമൂഹത്തിനാകുമോ? ജീവിതത്തില്‍ ഒരടി പിന്നോട്ടെടുക്കാനും പ്രതീക്ഷയുടെ ഒരു തിളക്കമെങ്കിലും കാണാനും മറ്റെന്തെങ്കിലും സാദ്ധ്യതകള്‍ ആരായാനും ഒക്കെ ഒരു വ്യക്തിയെ പ്രേരിപ്പിക്കാന്‍ നമുക്കാകുമോ?

ഈ രണ്ടുചോദ്യങ്ങള്‍ക്കുമുള്ള കൃത്യവും വ്യക്തവുമായ ഉത്തരം 'ആകും' എന്നുതന്നെയാണ്.

നിയമത്തില്‍ മാറ്റം വരുത്താനും നയങ്ങള്‍ രൂപീകരിക്കാനും സമയമെടുക്കും. അതിനു കാത്തിരിക്കാതെ, മാനസികമായ സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്നവരെ സഹായിക്കാന്‍ വേണ്ടി അറിവും പ്രാപ്തിയും നേടാന്‍ നാം ശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ ബന്ധങ്ങളില്‍ പരസ്പരസംസാരത്തില്‍ ഏര്‍പ്പെടാനുള്ള  ഒരു അന്തരീക്ഷം ബോധപൂര്‍വ്വം നാം സൃഷ്ടിക്കേണ്ടതുണ്ട്. ആളുകളെ പെട്ടെന്നു വിധിക്കാതിരിക്കാനും നമ്മുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്പിക്കാതിരിക്കാനും നാം പ്രത്യേകം ശീലിക്കേണ്ടതുണ്ട്. ഒരാളുടെ അനുഭവങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക. മാനസികമായ സംഘര്‍ഷത്തിന്‍റെയും അസുഖത്തിന്‍റെയും അടയാളങ്ങള്‍ വിവേചിച്ചറിയാന്‍ നാം പഠിക്കേണ്ടതുണ്ട്. തങ്ങള്‍ക്കു ദുഃഖമാണെന്നോ നിരാശയാണെന്നോ ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അവരെ വേണ്ട ഗൗരവത്തോടെ പരിഗണിക്കുക. ജീവിതത്തില്‍ അവര്‍ക്കു താല്പര്യം നഷ്ടപ്പെടുകയോ, സന്തോഷിക്കാന്‍ അവര്‍ക്കു കഴിയാതെ വരികയോ, പിന്‍വലിയുകയോ, ഒരുപാട് ആകാംക്ഷ കാണിക്കുകയോ ഒക്കെ ചെയ്താല്‍ ഡിപ്രഷന്‍റെ വ്യക്തമായ സൂചനകളാണ് അവയെല്ലാം. ശരിയായ ചികിത്സ നല്കിയാല്‍ സ്വയംഹത്യയെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും അവര്‍ മോചിതരാകും.

ഡിപ്രഷന്‍ അനുഭവിക്കുന്ന ഒരു വ്യക്തിയോടു എല്ലാകഴിവുകളും ഉപയോഗിക്കാനും ജീവിതത്തില്‍ പൊരുതാനും ആവശ്യപ്പെടാന്‍ പാടില്ല. സ്വയം മുറിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവര്‍ കൊണ്ടുനടക്കുന്നുണ്ടോ എന്നന്വേഷിക്കുക. സ്വയം നശിക്കാന്‍ അവര്‍ പണ്ടു ശ്രമിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത്തരമൊരു ശ്രമം വീണ്ടുമുണ്ടാകാനുള്ള സാധ്യതയേറെയാണ്. മദ്യമോ മറ്റോ നിമിത്തം ലഹരി പിടിച്ചിരിക്കുകയാണെങ്കില്‍ ആത്മഹത്യാശ്രമത്തിനു കൂടുതല്‍ സാദ്ധ്യതയുണ്ട്.

വലിയ ഉപദേശം നല്കാനോ സംരക്ഷകനാകാനോ ശ്രമിക്കരുത്. ആള്‍ക്കു കുറ്റബോധം തോന്നാന്‍ ഇടയാക്കുകയുമരുത്. വാക്കുകള്‍ക്കു ശക്തിയുണ്ടല്ലോ. നിങ്ങള്‍ മൂലം ആള്‍ ചെറുതാക്കപ്പെടരുത്. ആള്‍ക്കൊപ്പം നില്ക്കുന്നുവെന്ന് അവര്‍ക്ക് അനുഭവിക്കാനാകണം. ചിലപ്പോള്‍ ഉപദേശത്തെക്കാളും ഉപകാരപ്പെടുന്നത് അനുഭാവപൂര്‍വ്വമായ നോട്ടമായിരിക്കും. കൃത്യമായ ഒരു പരിഹാരം അടിച്ചേല്പിക്കാതെ, പ്രശ്നങ്ങളെ തരണം ചെയ്യാന്‍ അവരെ സഹായിക്കുക.

രോഗസാധ്യതയുള്ളവര്‍

ഒരാളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കു തനിയെ പരിഹരിക്കാനാകില്ലെന്നു തോന്നിയാല്‍ വീണ്ടും വീണ്ടും അതിനു ശ്രമിച്ചു കഴിവു തെളിയിക്കാന്‍ നോക്കരുത്. അറിവും കഴിവും ഉള്ള മറ്റുള്ളവരെ ആശ്രയിക്കാന്‍നോക്കുക. മിക്ക പട്ടണങ്ങളിലും ഫോണ്‍ വഴി കൗണ്‍സിലിംഗ് നല്കുന്ന വോളന്‍റിയര്‍ സംഘടനകളുണ്ട്. മിക്ക മെഡിക്കല്‍ കോളേജുകളിലും സൈക്കാട്രിവിഭാഗങ്ങളുണ്ട്. കൂടാതെ, മിക്ക ജില്ലാ ആസ്ഥാനങ്ങളിലും  സ്വകാര്യ പ്രാക്ടീസു നടത്തുന്ന മനോരോഗവിദഗ്ധരുണ്ടാകും. ഇത്തരത്തിലുള്ള ആരേയും നിങ്ങള്‍ക്കു സമീപിക്കാന്‍ ആയില്ലെങ്കില്‍ പോലീസിനെയോ, ഏതെങ്കിലും ഹെല്‍ത്തു സര്‍വ്വീസിനെയോ, റസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷനെയോ ഒക്കെ നിങ്ങള്‍ക്കു സമീപിക്കാവുന്നതാണ്.

സ്വയംഹത്യാ പ്രവണതകളെ സഹായിക്കുന്ന ഒരു പ്രത്യേകതരം മനോഘടനയുണ്ട്. യാഥാര്‍ത്ഥ്യത്തെ കറുപ്പോ വെളുപ്പോ ആയി മാത്രം കാണുക, വലിയ നിരാശയോ നിസ്സഹായതയോ വച്ചുപുലര്‍ത്തുക തുടങ്ങിയവ ഈ ഘടനയെ രൂപപ്പെടുത്തുന്നു. പ്രസ്തുത വ്യക്തി ദാരിദ്ര്യവും ജോലിയില്ലായ്മയും കടവും എല്ലാം അനുഭവിക്കുന്നുകൂടിയുണ്ടാകാം. ഏതെങ്കിലും ബന്ധത്തിന്‍റെ തകര്‍ച്ചയോ പരീക്ഷയിലെ പരാജയമോ ഉണ്ടാകാം. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ കുടുംബങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്ന അക്രമമോ പീഡനമോ ഒരു നിര്‍ണ്ണായക ഘടകമായി തീരാം. നല്ലൊരു ശതമാനം ഡിപ്രഷനോ മനോവിഭ്രാന്തിയോ ഒരു രോഗമായിത്തന്നെയുണ്ടാകാം. മദ്യമോ, മയക്കുമരുന്നോ നേരത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സ്വയംഹത്യാ പ്രവണത കൂടാന്‍ സാധ്യതയുണ്ട്. സ്വയംഹത്യയ്ക്കുപയോഗിക്കാവുന്ന കീടനാശിനിപോലുള്ളവ താരതമ്യേന പെട്ടെന്നുതന്നെ നമ്മുടെ നാട്ടില്‍ ലഭ്യമാകുന്നതും ആത്മഹത്യ ഏറുന്നതിനു കാരണമാണ്.

ആത്മഹത്യ രക്ഷപെടാനുള്ള ഒരു മാര്‍ഗമായി കരുതുന്ന ഒരു വ്യക്തിക്കു സ്വയം എങ്ങനെയാണു സഹായിക്കാനാകുന്നത്? അത്തരമൊരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ദയവായി ആരുടെയെങ്കിലും സഹായം തേടൂ. ഒരു കാര്യം നിങ്ങള്‍ അറിയണം. ആത്മഹത്യയുടെ വക്കില്‍ നിന്നും പിന്നോട്ടുമാറി, ഇപ്പോള്‍ പ്രതീക്ഷയോടെ ജീവിക്കുന്ന അനേകരുണ്ട്. ഏതു പ്രതിസന്ധിയെയും അതിജീവിച്ചവരും ജീവിതത്തില്‍ മുന്നോട്ടുപോയവരും ഏറെയുണ്ട്. നിങ്ങള്‍ക്കും അവരിലൊരാളാകാന്‍ തീര്‍ച്ചയായും സാധിക്കും.

ഒരു നിമിഷത്തേയ്ക്ക് ഒരടി പിന്നോട്ടുവയ്ക്കൂ. ആരോടെങ്കിലും സംസാരിക്കൂ. സുഹൃത്തോ, സഹപ്രവര്‍ത്തകനോ, ബന്ധുവോ, കൗണ്‍സലറോ, ആത്മീയഗുരുവോ, അങ്ങനെയാരോടെങ്കിലും സംസാരിക്കൂ.

തുടര്‍ന്നും ജീവിക്കാന്‍ അവകാശമുള്ള വ്യക്തിയാണു താങ്കള്‍. അടുത്ത മണിക്കൂര്‍തന്നെ ആരോടെങ്കിലും സംസാരിക്കാന്‍ തീരുമാനമെടുക്കൂ. എന്നിട്ട് അയാളുടെ സഹായത്തോടെ അടുത്ത 24 മണിക്കൂര്‍ എങ്ങനെ ചെലവിടണമെന്നു പ്ലാന്‍ ചെയ്യുക. ആ പ്ലാനില്‍ വിദഗ്ധരുടെ സഹായം തേടുന്ന കാര്യം ഉറപ്പായും ഉണ്ടാകട്ടെ.

ഈ 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടാനോ, 'എന്തിനു ഞാന്‍ ജീവിച്ചിരിക്കണം' എന്നു ചോദിക്കാനോ ശ്രമിക്കരുത്. ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആരോടെങ്കിലും പറയുക; ഒപ്പം അയാളോടൊപ്പം ആയിരിക്കുക. ഒരു തീരുമാനവും തല്ക്കാലം എടുക്കേണ്ടതില്ല. കടന്നുപോകുന്ന ഓരോ നിമിഷവും കുറച്ചുകൂടി ആശ്വാസം നിങ്ങള്‍ക്കു നല്കും. അങ്ങനെ നിങ്ങളുടെ അനുഭവങ്ങളെയും പ്രശ്നങ്ങളെയും പുതിയ രീതിയില്‍ കാണാന്‍ നിങ്ങള്‍ക്കു പ്രാപ്തി ലഭിക്കും.

നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍

നിയമനിര്‍മ്മാതാക്കളും നയരൂപീകരണക്കാരും മനോരോഗപ്രശ്നങ്ങള്‍ അവഗണിക്കുന്നതു നിര്‍ത്തിയിട്ട് മനസ്സിന്‍റെ ആരോഗ്യവും സുസ്ഥിതിയും തങ്ങളുടെ കാര്യപരിപാടിയുടെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യസഭയില്‍ അടുത്തയിടെ അവതരിപ്പിച്ച മാനസികാരോഗ്യ ബില്ലില്‍ ആശാവഹമായ ചില കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനം ആത്മഹത്യയെ കുറ്റകൃത്യമായി കാണുന്നത് നിരോധിക്കുന്നതാണ്.

മാനസികാരോഗ്യമേഖലയുമായി ബന്ധപ്പെട്ടു രൂപപ്പെടുത്തുന്ന നയങ്ങള്‍ നമ്മുടെ രാജ്യത്തെ ആത്മഹത്യാനിരക്കു കുറയ്ക്കുന്നതിനു കൃത്യമായ ദിശാബോധവും ലക്ഷ്യവും നല്കേണ്ടതുണ്ട്. മാനസികാരോഗ്യത്തിനുവേണ്ട ശുശ്രൂഷ സമൂഹത്തില്‍ ഇനിയും വന്‍തോതില്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനാവശ്യമായ സംവിധാനങ്ങളുടെ സജ്ജീകരണത്തിനും ലഭ്യതയ്ക്കും വേണ്ട പണം മാത്രം മുടക്കിയാല്‍ പോരാ; മാനസികാരോഗ്യമേഖലയില്‍ ശുശ്രൂഷചെയ്യാന്‍ പ്രാവീണ്യം നേടിയവരെ എങ്ങനെ പരിശീലിപ്പിച്ചെടുക്കാം എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. പെട്ടെന്നു ചെയ്യാവുന്ന ഒരു കാര്യം അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മനഃശാസ്ത്രജ്ഞര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരിശീലനവേളയില്‍ മാനസികാരോഗ്യം, സ്വയംഹത്യ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുക എന്നതാണ്.

ഏതെല്ലാം കാര്യങ്ങള്‍ക്കാണ് നമ്മുടെ നാട്ടില്‍ ഹെല്‍പ്പ് ലൈനുകളും കോള്‍സെന്‍ററുകളുമുള്ളത്? ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് പരിശീലനം നേടിയ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്ന ഒരു 24 x 7 ഹോട്ട് ലൈന്‍ ദേശീയതലത്തില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ സമയമായില്ലേ? കീടനാശിനികള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള അവബോധം ജനിപ്പിക്കുന്നതുവഴി ഗ്രാമീണമേഖലയിലെ ആത്മഹത്യാനിരക്കു ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

ആത്മഹത്യാശ്രമം തടയുന്നതിനെക്കാളുപരി അത് എത്ര കണ്ടു കുറ്റകരമാണെന്നു തെളിയിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്ന രാഷ്ട്രം നമ്മുടേതാണെന്നു തോന്നുന്നു. ഇതിനൊരു മാറ്റം വന്നേ തീരു. കാരണം, ഓരോ ജീവനും അമൂല്യമാണല്ലോ!

കടപ്പാട്: ദ ഹിന്ദു

You can share this post!

ക്രിസ്തു ജനിക്കുന്നത്

ജോസ് സുരേഷ്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts