news-details
മറ്റുലേഖനങ്ങൾ

ഒരിക്കലും മറക്കരുത്

പശ്ചിമഡല്‍ഹിയിലുള്ള ജനക്പുരി പ്രദേശത്തെ ഒരു സര്‍ക്കാര്‍ വക കോളനിയില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ ഏറെ വര്‍ഷങ്ങളായി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലുള്ള ഒരു പാര്‍ക്കിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ പേരാണ് കൊടുത്തിരിക്കുന്നത്. കാശ്മീര്‍ താഴ്വാരത്തുള്ള തന്‍റെ വീടിന്‍റെ മുകളില്‍ കിടന്ന ഒരു വീപ്പയ്ക്കകത്തു കയറി ഒളിച്ചിരുന്ന ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ബി.കെ.ഗജ്ജുവിന് 1990 മാര്‍ച്ച് 22-നു വെടിയേല്ക്കുമ്പോള്‍ ഉദ്ദേശം എന്‍റെ പ്രായമായിരുന്നു. അദ്ദേഹത്തെ തേടിവന്ന മൂന്നുഭീകരര്‍ക്ക് ആദ്യം അദ്ദേഹത്തെ കണ്ടെത്താനായില്ല. അവര്‍ പോകാന്‍ തുടങ്ങവേ, അയല്‍പക്കത്തെ ഒരു സ്ത്രീ ഗജ്ജു ഒളിച്ചിരുന്ന വീപ്പ ചൂണ്ടിക്കാണിച്ചുകൊടുത്തു. മടങ്ങിവന്ന ഭീകരരുടെ തോക്കുകളില്‍ നിന്ന് വീപ്പക്കുള്ളിലേക്ക് വെടിയുണ്ടകള്‍ തുളഞ്ഞുകയറി.

ഈ അരുംകൊല കണ്ടുകൊണ്ടുനിന്നത് അയാളുടെ ഭാര്യ വിജയ ഗജ്ജുവായിരുന്നു. തന്നേയും കൊല്ലാന്‍ അവള്‍ ഭീകരരോട് കേണപേക്ഷിച്ചതാണ്. ഭര്‍ത്താവിന്‍റെ ശവശരീരത്തെയോര്‍ത്തു ശിഷ്ടകാലം കരഞ്ഞു ജീവിക്കാന്‍ അവളെ വെറുതെവിടുന്നുവെന്ന് അവര്‍ മറുപടി നല്കി.

പിന്നീട് അവള്‍ ഡല്‍ഹിയിലെത്തി. അവളുടെ ഭര്‍ത്താവിന്‍റെ ഡിപ്പാര്‍ട്ടുമെന്‍റില്‍തന്നെ ഒരു ജോലിയും കിട്ടി. കുറേനാള്‍ കഴിഞ്ഞ് അവള്‍ അതില്‍നിന്നു പെന്‍ഷന്‍പറ്റി പിരിഞ്ഞു. അവളുടെ കഥ മറക്കപ്പെടരുതെന്നു തോന്നിയതുകൊണ്ടാണ് അവളെക്കുറിച്ച് അറിയാവുന്നിടത്തെല്ലാം അന്വേഷിച്ചത്. പക്ഷേ നിരാശയായിരുന്നു ഫലം.

"ഒന്നും ഓര്‍മ്മിപ്പിക്കരുത് എന്‍റെ അമ്മയെ"

കാശ്മീരില്‍ നിന്ന് എല്ലാം വിട്ടുപേക്ഷിച്ചു പോന്ന പണ്ഡിറ്റുകളില്‍ ഭൂരിപക്ഷവും ഇന്നു ജമ്മുവിലാണ്. അവരുടെയിടയില്‍ നടത്തപ്പെടുന്ന ഏതു കല്യാണത്തിലും പോയി ഞാന്‍ മിസ്സസ് ഗജ്ജുവിനെക്കുറിച്ച് വിരുന്നിനുവന്നവരോട് അന്വേഷിക്കും. പിറന്നിടത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആരും അത്തരമൊരു അരുംകൊലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. അവളെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ചിലരൊക്കെ അഭിനയിക്കുകയായിരുന്നു. ഗജ്ജുവിന്‍റെ ഒരു ബന്ധുവിനെ 2011 ഏപ്രിലിലെ ഒരു പരിപാടിയില്‍ വച്ചു പരിചയപ്പെട്ടു. "നാളെ അവളുടെ മൊബൈല്‍ നമ്പര്‍ ഞാന്‍ ഉറപ്പായും നല്കാം" എന്നയാള്‍ വാഗ്ദാനം ചെയ്തതാണ്. എന്നാല്‍  ആ 'നാളെ' ഇനിയും വന്നുചേര്‍ന്നിട്ടില്ല. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരു സുഹൃത്ത് ടെലിഫോണ്‍ ഡയറക്ടറി നോക്കി, മിസ്സസ് ഗജ്ജുവിന്‍റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടെത്തിതന്നത്. മടിച്ചു മടിച്ച് ഞാന്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു. ഒരു ചെറുപ്പക്കാരിയാണ് ഫോണെടുത്തത്. അതു മിസ്. ഗജ്ജുവിന്‍റെ മകളായിരുന്നു. ഞാനെന്നെ പരിചയപ്പെടുത്തിയപ്പോള്‍ അങ്ങേത്തലയ്ക്കത്തു നിന്നു കേട്ട വാക്കുകള്‍ ഇതായിരുന്നു: " ദയവായി നിങ്ങള്‍ ഞങ്ങളെ വിളിക്കരുത്. എന്‍റെയമ്മയെ വെറുതെ വിടൂ. പഴയതൊന്നും അവളെ ഓര്‍മ്മിപ്പിക്കരുതേ."

അപ്പുറത്ത് ഫോണ്‍ ബന്ധം വിച്ഛേദിച്ചതിനുശേഷവും കുറേനേരം ഞാനാ ഫോണും പിടിച്ചങ്ങനെ നിന്നുപോയി. ആ ചെറുപ്പക്കാരിയെ ഭാവനയില്‍ കാണാന്‍ ഞാനൊന്നു ശ്രമിച്ചു. എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്യുകയാകണം അവള്‍. മിക്കവാറും വിവാഹം കഴിഞ്ഞിട്ടുണ്ടാകണം. ഈ മണ്ണില്‍ അവള്‍ക്കൊരു ജീവിതം ജീവിച്ചേ പറ്റൂ. ബ്ലാക്ബെറി മെസന്‍ജറില്‍ അവള്‍ക്ക് സുഹൃത്തുക്കളുണ്ടാകും. അവളുടേതായ ചില പോരാട്ടങ്ങളില്‍ അവള്‍ ഏര്‍പ്പെടുന്നുണ്ടാകും. ചിലപ്പോള്‍ അവളുടെ പേഴ്സിനുള്ളില്‍ അവളുടെ അപ്പന്‍റെ ചിത്രമുണ്ടാകും. ഇല്ല, അവളുടെ അപ്പന്‍ കൊലചെയ്യപ്പെട്ട അന്ന് അവള്‍ക്കു മറക്കാനാകില്ല. അവളുടെ അമ്മയ്ക്കും അതിനാകില്ല. ഇങ്ങനെയൊക്കെയിരിക്കിലും അവള്‍ അവളുടെ അമ്മയെ ഒരു ഫോണ്‍വിളിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

കാശ്മീര്‍ പണ്ഡിറ്റുകളില്‍ മിക്കവരും പക്ഷേ മാര്‍ച്ച് 22 ഓര്‍ക്കുന്നുണ്ടാവില്ല. അവരുടെ ഓര്‍മ്മയിലുള്ളത് ജനുവരി 19 ആണ്- ആ രാത്രിയിലാണ് അവരുടെ മുസ്ലീമുകളായ അയല്‍ക്കാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അവര്‍ക്കെതിരെ തിരിഞ്ഞത്- തെരുവിലും മോസ്കുകളിലും നിന്ന് വിറളിപിടിച്ച മുസ്ലീംകൂട്ടം ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യണമെന്ന് അലറിവിളിച്ചുകൊണ്ടിരുന്നു. ഒരു പണ്ഡിറ്റിന്‍റെ പേരുള്ള ടണലിലൂടെ പിറ്റേദിവസം തന്നെ അവരില്‍ മിക്കവരും എങ്ങനെ രക്ഷപെട്ടുവെന്നതും ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം മാത്രം കൈമുതലായി രോഗവും പീഡകളും തങ്ങിനിന്ന അഭയാര്‍ത്ഥിക്യാമ്പുകളില്‍ എങ്ങനെ പുലര്‍ന്നുവെന്നതും അവരെന്നും ഓര്‍മ്മിക്കും.

പക്ഷേ മിസ്സസ് ഗജ്ജുവിനെ സംബന്ധിച്ചിടത്തോളം ആ ദിവസത്തിനു വലിയ പ്രത്യേകതയില്ല. അവളുടെ ചെറുപ്പക്കാരനായിരുന്ന ഭര്‍ത്താവിനെക്കുറിച്ചുള്ള ഏതൊരോര്‍മ്മയും അവള്‍ക്കു ജനുവരി 19 ആണ്. തന്‍റെ മകളുടെ നേര്‍ക്കുള്ള ഓരോ നോട്ടത്തിലും അവള്‍ മാര്‍ച്ച് 22 ഓര്‍ത്തുപോകുന്നു.

സക്കിയ ജാഫ്രിയയുടെ കാര്യവും ഇങ്ങനെതന്നെ. തെരുവിലെ ഏതൊച്ചയും അവളെ ഓര്‍മ്മിപ്പിക്കുന്നത്  ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍വച്ചു തന്‍റെ ഭര്‍ത്താവ് ഇഷാന്‍ ജാഫ്രിയെ അരുംകൊല ചെയ്ത ആള്‍ക്കൂട്ടത്തെയാണ്.

ഇഷാന്‍ ജാഫ്രിയുടെ മുറിയില്‍ അയാള്‍ കുരുവികള്‍ക്കായി ഒരു കൂട് തൂക്കിയിരുന്നു. ഒരുപാടു ശ്രദ്ധയോടെയാണ് അയാള്‍ അതിനെ പരിപാലിച്ചുവന്നത്. മുറിയിലെ ഫാന്‍ ആരെങ്കിലും അറിയാതെ ഓണാക്കുന്നതു തടയാനായി അതിന്‍റെ സ്വിച്ച് അയാള്‍ ടേപ്പുവച്ചു ഒട്ടിച്ചുവയ്ക്കുക കൂടി ചെയ്തു. 2002 ഫെബ്രുവരി 28 നു ഒരാള്‍ക്കൂട്ടം വന്ന് അയാളെയും അയാളുടെ വീട്ടില്‍ ഒളിച്ചിരുന്ന രണ്ടുകമിതാക്കളെയും മറ്റുപലരേയും വെട്ടിക്കൊന്നിട്ട് കത്തിച്ചുകളഞ്ഞു.

മിസ്സസ് ജെഫ്രി സമര്‍പ്പിച്ച അപേക്ഷകള്‍ ഓരോന്നായി കോടതി തള്ളിക്കളഞ്ഞു. അവരുമായി അഭിമുഖം നടത്താന്‍ വരുന്ന ചാനലുകാര്‍ ടി.വി.ക്യാമറയുടെ ശബ്ദവും വെളിച്ചവും അഡ്ജസ്റ്റുചെയ്യുമ്പോള്‍, അവര്‍ തലകുനിച്ചിരുന്നു. അഹമ്മദാബാദിലെ ഏതെങ്കിലും മുസ്ലീം കടയില്‍ നിന്ന് മോഷ്ടിച്ചെടുത്ത ടി.വി.സെറ്റുകളുടെ മുമ്പിലിരുന്ന് മിസ്. ജെഫ്രിയുടെ ഭര്‍ത്താവിന്‍റെ കൊലയാളികള്‍ അവരുടെ അഭിമുഖം അപ്പോള്‍ വീക്ഷിക്കുന്നുണ്ടായിരുന്നിരിക്കാം. അവരുടെ മുഖത്തെ ഓരോ ചുളിവും ഫെബ്രുവരി 28 ന് അവരേറ്റ ഓരോ മുറിവാണ്.

മിസ്സസ് ഗജജു ഒളിച്ചിരിക്കുന്നത് കൊലയാളികളെ കാണിച്ചുകൊടുത്ത ആ അയല്‍ക്കാരി ആ പ്രദേശത്തുതന്നെ താമസിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ ചിലപ്പോള്‍ പണ്ഡിറ്റുകള്‍ ഉപേക്ഷിച്ചോടിപ്പോയ ഏതെങ്കിലും നല്ല വീട്ടിലേയ്ക്കു താമസം മാറ്റിയിട്ടുണ്ടാകാം. അവളുടെ പുതിയ വീടിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ അവിടം സന്ദര്‍ശിക്കുമ്പോള്‍, അവരെ കെട്ടിപ്പിടിച്ച് അവള്‍ പറഞ്ഞേക്കാം: "നിങ്ങളെ കൂടാതെ കാശ്മീര്‍ പൂര്‍ണമാകില്ല കേട്ടോ" ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഗജ്ജുവിന്‍റെ കൊലയാളികളില്‍ ഒരാള്‍ ജയില്‍ മോചിതനായപ്പോള്‍ പൂമാലയിട്ടാണ് അയാളെ ആളുകള്‍ വരവേറ്റത്. അവിടുത്തെ അമ്പലത്തില്‍ ജൂണില്‍ കൊണ്ടാടപ്പെടുന്ന ഉത്സവത്തിന് അയാള്‍ പോകാറുണ്ട്. ഫോട്ടോയില്‍ വരാന്‍വേണ്ടി അയാള്‍ കാശ്മീര്‍ പണ്ഡിറ്റുകളെ ആലിംഗനം ചെയ്യാറുമുണ്ട്.

അങ്ങനെ നാം നമ്മുടെ ജീവിതവുമായി മുന്നോട്ടുപോകുന്നു. വീടു വൃത്തിയാക്കേണ്ടതുണ്ട്. ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കേണ്ടതുണ്ട്. കുട്ടികളെ സ്കൂളില്‍ അയയ്ക്കേണ്ടതുണ്ട്. പണമുണ്ടാക്കേണ്ടതുണ്ട്. പാത്രത്തില്‍ ഭക്ഷണം വിളമ്പേണ്ടതുണ്ട്. ചിലപ്പോള്‍ നമുക്ക് നാം നിഷ്കാസിതരാക്കപ്പെട്ട ഇടങ്ങളിലേയ്ക്കും തെരുവുകളിലേയ്ക്കും മടങ്ങേണ്ടതുണ്ട്. അപ്പോള്‍ നമ്മുടെ അയല്‍ക്കാര്‍ വീണ്ടും നമ്മോടു സൗഹൃദഭാവം പുലര്‍ത്തുന്നു. നമ്മുടെ ആഘോഷങ്ങളില്‍ അവര്‍ നമ്മെ അഭിവാദനം ചെയ്യുന്നു.

ജീവിതവും ഓര്‍മ്മയും

പണ്ടുനടന്ന അക്രമങ്ങളുടെയെല്ലാം വാര്‍ഷികങ്ങള്‍ക്ക് പത്രക്കാര്‍ നമ്മെ വിളിച്ചുണര്‍ത്താറുണ്ട്. വര്‍ഷത്തിലെ ഒരു പ്രത്യേക ദിവസം പ്രവര്‍ത്തനക്ഷമമാകുകയും പിറ്റേദിവസം മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കാതെ കിടക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം സോഫ്റ്റ്വെയര്‍ കണക്കെയാണ് ഓര്‍മ്മയെന്നാണ് അവരുടെ ധാരണ. പക്ഷേ അങ്ങനെയൊന്നുമല്ലല്ലോ എപ്പോഴും കാര്യങ്ങള്‍. ഇന്നും നമ്മില്‍ ചിലരൊക്കെ കോടതിയില്‍ നമ്മുടെ പരാതികളുമായി പോകുന്നുണ്ട്.

ടി.വി.സ്റ്റുഡിയോകളില്‍ നാം ചോദിക്കാതെതന്നെ നമുക്ക് ഉപദേശം നല്കപ്പെടുന്നു: മുന്നോട്ടുപോകൂ. പഴയതെല്ലാം മറക്കൂ. ഇനിയെല്ലാം ശുഭമാകും. ഭാവിയിലേയ്ക്ക് ഉറ്റുനോക്കൂ. അനുരഞ്ജനം സംഭവിച്ചേ മതിയാകൂ.

തീര്‍ച്ചയായും നാം മുന്നോട്ടുതന്നെയാണു പോയിട്ടുള്ളത്. പക്ഷേ അതു ജീവിതത്തിന്‍റെ കാര്യത്തിലാണ്. എന്നാല്‍ ഓര്‍മ്മകള്‍-അവയെ നമുക്ക് എന്തു ചെയ്യാനാകും? അവ, അഘ ഷാഹിദ് അലി എഴുതിയതുപോലെ, ചരിത്രത്തിന്‍റെ വഴിയില്‍ മാര്‍ഗ്ഗതടസ്സമായി പ്രത്യക്ഷപ്പെടുന്നു.

അതങ്ങനെ സംഭവിച്ചേ മതിയാകൂ. കാരണം വിജയ ഗജ്ജുവിന് ഇനിയും നീതി ലഭിച്ചിട്ടില്ല. സക്കിയ ജാഫ്രിയുടെ കണ്ണുകളിലെ കണ്ണീര്‍പടലം ഇനിയും നീങ്ങിയിട്ടില്ല. ഡല്‍ഹിയിലെ തിലക് നഗറില്‍ 'വിധവകളുടെ കോളനി' എന്ന സ്ഥലത്തു വച്ച് ഞാനൊരു സ്ത്രീയെ കൊല്ലങ്ങള്‍ക്കു മുമ്പ് പരിചയപ്പെട്ടു. 'മേരാ സര്‍ദാര്‍' എന്നവള്‍ വിളിച്ച അവളുടെ ഭര്‍ത്താവിനെയും രണ്ടാണ്‍കുട്ടികളെയും ജീവനോടെ ചുടുന്നത് കണ്ടുനിന്നവളാണ് അവള്‍. അവര്‍ക്കും കിട്ടിയിട്ടില്ല നീതി. ഇതിന്‍റെ കൂട്ടത്തില്‍ ഒന്നുകൂടി പറയാനുണ്ട്: ഈ അക്രമിക്കൂട്ടങ്ങള്‍ക്കു തേരുതെളിച്ച പല പ്രമുഖരും ഇന്നും നിയമത്തിന്‍റെ വലയില്‍ പെടാതെ സ്വൈരവിഹാരം നടത്തുന്നു.

ആസ്സാമിലെ കോക്രജ്ഹര്‍ പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരപ്പന്‍റെ രണ്ടുകുട്ടികള്‍ കാണാതായി. പ്രധാനമന്ത്രിയോടുവരെ പരാതിപ്പെട്ടിട്ടും ആ കുട്ടികളെ രക്ഷിക്കാനായില്ല. മുസാഫര്‍ നഗറിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ തണുപ്പുകൊണ്ട് കുട്ടികള്‍ മരിക്കെത്തന്നെയാണ്  അവിടെ നിന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് എത്താവുന്ന ഒരു സ്ഥലത്ത് ലോഹ്യയുടെ സോഷ്യലിസത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയെന്ന് അറിയപ്പെടുന്ന ഒരു നേതാവ് സിനിമാതാരങ്ങള്‍ക്കൊപ്പം ആഘോഷം നടത്തിയത്.

ഇതുകൊണ്ടൊക്കെയാണ് ഞാന്‍ എല്ലാദിവസവും മൊബൈലില്‍ ഗജ്ജുവിന്‍റെ ഫോണ്‍നമ്പര്‍ നോക്കുന്നത്. ഒരിക്കല്‍കൂടി ആ നമ്പര്‍ ഡയല്‍ ചെയ്യാന്‍ എന്നെങ്കിലും എനിക്കു ധൈര്യം കിട്ടിയേക്കാം. കാരണം ഒന്നും അടച്ചുപൂട്ടി വയ്ക്കാന്‍ പാടുള്ളതല്ല. അങ്ങനെ ഒരിക്കലും സംഭവിച്ചുകൂടാ.

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts