കവിതയ്ക്ക് പലവഴികള്‍: കവിതയിലേക്കും കവിഞ്ഞുനില്‍ക്കുന്നതാണ് കവിതയെന്ന് ഒരു കവി. കവിത ഭാഷയുടെ ഏറ്റവും സൂക്ഷ്മരൂപം; വെളിവാക്കാത്ത പൊരുളുകളുടെ സാന്ദ്രവിപിനം. അതൊരന്വേഷണവും സ്വയംകണ്ടെത്തലുമാണ്. ഈ ആരായല്‍ ഉള്ളിലേക്കും പുറത്തേക്കും പടരുന്നത്. സമൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കുള്ള കൂടുമാറ്റം. ജെനി ആന്‍ഡ്രൂസിന്‍റെ 'ഏഴാംനാള്‍' എന്ന കവിതാസമാഹാരത്തിലെ കവിതകളെല്ലാം ഈ ചിന്തകള്‍ക്കുള്ള സാധൂകരണം. പ്രപഞ്ചത്തിന്‍റെ ഓരോ കണികയും ജെനിയുടെ കവിതകളില്‍ സിംഫണി തീര്‍ക്കുന്നു. ഈ കവിതകളില്‍ ലോകമെന്നത് മനുഷ്യകേന്ദ്രിതമല്ല. ഓരോ പുല്‍ക്കൊടിയും ഇവിടെ ഉയര്‍ന്നുനിന്ന് നമ്മെ ചിലതെല്ലാം ബോധിപ്പിക്കുന്നു. ഗുരുസാഗരത്തിന്‍റെ അര്‍ത്ഥം അങ്ങനെ വിശാലമാകുന്നു. ഓരോ കണികയില്‍നിന്നും നാം ചിലതെല്ലാം പഠിക്കുന്നു. മനുഷ്യന് പ്രത്യേക പദവിയില്ലെന്ന് ഈ കവി തിരിച്ചറിയുന്നു. അവന്‍റെ/അവളുടെ ജീവിതം പ്രകൃതിയുടെ ഒരു ഭാഗം മാത്രം. വിനമ്രമായ ഈ മനസ്സാണ് കവിതകളില്‍ സൂക്ഷ്മമായി ആവിഷ്ക്കരിക്കപ്പെടുന്നത്. റൂമിയും മിര്‍നാദും കിംകിഡുക്കും ബാവുല്‍ ഗായകരുമെല്ലാം കവിയുടെ അന്വേഷണത്തിനോടൊപ്പം അണിചേരുന്നു.
ജെനിയുടെ കവിതകള്‍ കേള്‍പ്പിക്കുന്നത് 'പ്രപഞ്ചത്തിന്‍റെ നിഗൂഢവിസ്മയ സിംഫണി'യാണ്. അതില്‍ ഓരോ ചെറിയ വസ്തുവും പ്രധാന കഥാപാത്രങ്ങളാണ്. 'കാന്‍റാ ജനറലിന്‍റെ' നെരൂദ ചെയ്യുന്നതുപോലെ ചിരപരിചിതവസ്തുക്കളെ പുതിയ അര്‍ത്ഥത്തില്‍, സാധ്യതയില്‍ കണ്ടെത്തുകയും പേരുവിളിക്കുകയും ചെയ്യുന്നു. നാമിന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന വിഘടനത്തിന്‍റെ സംസ്കാരത്തിനുപകരം യോഗാത്മകതയുടെ, കൂട്ടിച്ചേരലിന്‍റെ മറ്റൊരു നാഗരീകതയാണ് ജെനി തുറന്നിടുന്നത്. എല്ലാറ്റിനെയും അണച്ചുനിര്‍ത്തുന്ന സംസ്കാരം. ഇന്നിന്‍റെയും നാളെയുടെയും നിലനില്പിന്‍റെ അനിവാര്യതയെന്ന നിലയില്‍ കവി തിരിച്ചറിയുന്നു. സ്ത്രൈണതയുടെ എല്ലാ ഇതളുകളും ഓരോ കവിതയിലും വിടരുന്നു. പ്രപഞ്ചത്തിന്‍റെ 'ജീവതാളമായ അവളെ' അടയാളപ്പെടുത്തുന്നു കവി. 'കാലം മുദ്രചാര്‍ത്തിയ, ശൂന്യം മുദ്രവച്ച കണിക'യാണെങ്കിലും അവള്‍ പലതിന്‍റെയും കേന്ദ്രമായി മാറുന്നു. സര്‍ഗാത്മകമായ ഉറവകള്‍ പുറപ്പെടുന്നത് അവളില്‍നിന്നാണ്.
'അവള്‍തന്നെ വാദ്യം
അപാരതയുടെ വാദ്യം'
എന്നത് ഒരു കണ്ടെത്തലാണ്. ആ കണ്ടെത്തല്‍ പുതിയ ചില സാധ്യതകളുടെ ലോകങ്ങള്‍ തുറന്നിടുന്നു. 'ഏതാഴത്തിലെയാഴത്തെയും അളക്കാന്‍' അവള്‍ക്കു കെല്പുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍ ലോകം 'അവളെ' കണ്ടെത്തുന്നില്ല.
ഈ കവിയുടെ കാഴ്ച അകക്കാഴ്ചയാണ്. പുറമെ കാണുന്ന സ്ഥൂലതകള്‍ അകക്കാഴ്ചയ്ക്കുള്ള ഹേതുവാകുന്നു. കേള്‍വിയിലും ഈ പ്രത്യേകത കാണാം. അതുകൊണ്ടാണ്,
'അതീതമാം കാഴ്ചയുടെ കണ്ണ്.
അതീതമാം കേള്‍വിയുടെ കാത്'
എന്ന് കുറിക്കുന്നത്. അതീതമായ കാഴ്ചകളും അതീതമായ കേള്‍വിയുടെ കാതും നഷ്ടപ്പെട്ട കാലത്താണ് നാം ഓടിക്കൊണ്ടിരിക്കുന്നത്. കണ്ടതിനപ്പുറം കാണാത്തത് ഏറെയുണ്ട്. പ്രപഞ്ചത്തിന്‍റെ നിഗൂഢത സമുദ്രമാനമാണ്. ഇതെല്ലാം കാണണമെങ്കില്‍ കണ്ണ് എപ്പോഴും നൂതനമാകണം; കാത് എപ്പോഴും പുതുക്കപ്പെടണം. കാഴ്ചകളുടെയും കേള്‍വികളുടെയും വന്യതയില്‍ ജെനി അകക്കാഴ്ചകളുടെ ധന്യതയിലേക്ക് നമ്മെ ആനയിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഇവിടെ പുതിയ ദൗത്യങ്ങള്‍ ഏല്പിച്ചുകൊടുക്കുന്നു കവി. കാഴ്ചയും കേള്‍വിയും മാത്രമല്ല, ഗന്ധവും സ്പര്‍ശവും രുചിയുമെല്ലാം ഇടകലരുന്ന സൂക്ഷ്മാനുഭവമായി ജീവിതം മാറുന്നു.
'ഓരോ ചെന്നെത്തലിന്‍റെയും സ്മൃതിമണം' എന്നത് ഇന്ദ്രിയത്തിന്‍റെ മറ്റൊരു ലോകമാണ്. ഇന്ദ്രിയങ്ങളിലൂടെ മനസ്സിലെത്തുന്ന ഓരോ അനുഭവവും പാകപ്പെടുകയും ഉള്‍ക്കാഴ്ചകളായി തിരിച്ചെത്തുകയും ചെയ്യുന്നു. അകത്തേക്കും പുറത്തേക്കുമുള്ള ഈ യാത്രയാണ് ജെനിയുടെ കവിതകളെ കൂടുതല്‍ അഗാധമാക്കുന്നത്.
കിംകിഡുക്കിന്‍റെ 'ആരിരംഗ്' ആ സംവിധായകന്‍റെ സ്വയം കണ്ടെത്തലിന്‍റെ മൂര്‍ത്താവിഷ്ക്കാരമാണ്. 'ആരിരംഗ്' എന്ന കവിതയില്‍ ജെനി ഈ ചലച്ചിത്രപ്രതിഭയോടു ചേര്‍ന്നു നില്‍ക്കുന്നു. 'നിന്‍റെ യാത്രകള്‍ക്ക്, വിണ്ടുകീറിയ പാദങ്ങള്‍ക്ക് പ്രണാമം' അര്‍പ്പിക്കുന്നു. സ്വന്തം സ്വത്വത്തില്‍നിന്ന് പുറത്തുവന്ന് സ്വയം പകര്‍ത്തിവെക്കുന്ന കര്‍മ്മമാണ് കിംകിഡുക്ക് അനുഷ്ഠിച്ചത്. അതൊരു കണ്ടെത്തലും അന്വേഷണവുമാണ്. അതിന് ഭൗതികവും ആന്തരികവും ആത്മീയവുമായ മാനങ്ങളുണ്ട്. സമഗ്രമായ ഒരു കണ്ടെത്തലിനുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയത്. ആ പാത പിന്തുടര്‍ന്ന് ജെനി എന്ന കവിയും സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത്തരത്തിലുള്ള ഒരു ആരായലിന് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളും ഈ അന്വേഷണത്തില്‍ പങ്കാളികളാകുന്നു എന്നതാണ് ശ്രദ്ധേയം.
ഭാഷയെക്കുറിച്ച് സന്ദേഹിയാണ് ഈ കവി. എല്ലാ കവികള്‍ക്കും ഭാഷ അപൂര്‍ണ്ണമാണ് എന്ന ചിന്തയുണ്ട്. വാക്കുകള്‍ക്ക് ആവിഷ്കരിക്കാനാവാത്ത അനുഭവത്തിന്‍റെ, ഭാവത്തിന്‍റെ, അപാരതയുടെ ഒരു മേഖലയുണ്ടെന്ന് ഈ കവിക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ്,
'ഭാഷയിലെത്തിയാല്‍
ചട്ടക്കൂട്ടില്‍ വാക്കുകളേ നിങ്ങള്‍
തങ്ങി നില്‍ക്കുന്നു
എന്നാല്‍ അതിനപ്പുറവും
ലോകം, വിനിമയങ്ങള്‍
സമാഗമങ്ങള്‍
പാടുന്നു വമ്പന്‍
അപാരതയുടെചൂണ്ടയമ്പേറ്റ്
വാക്കുകള്‍ക്കതീതം ഭാവധാര'
വാക്കുകള്‍ക്ക് ആവിഷ്കരിക്കാനാവാത്തത് ചിലപ്പോള്‍ സംഗീതം അവതരിപ്പിക്കുന്നുവെന്ന് കവി കരുതുന്നു. വാക്കില്‍നിന്ന് നാദത്തിലേക്കുള്ള സഞ്ചാരം കുറേക്കൂടി മൂര്‍ത്തസത്യത്തിലേക്കുള്ള യാത്രയാകുന്നു. വാക്കുകള്‍ക്ക് അതീതമായ നിക്ഷേപമായി കവിയുടെ വാക്കുകള്‍ മാറുന്നു. കൂടുതല്‍ ആഴത്തില്‍ കുഴിക്കുന്ന കര്‍മ്മമാണ് കവിയുടേത്. ഈ വാക്കുകളുടെ അടിത്തട്ടുകള്‍ അഗാധമായ തിരിച്ചറിവുകളുടെ ലോകം ഉള്‍ക്കൊള്ളുന്നു. 'ചതുരപ്പരിമിതി'യില്ലാത്ത കാഴ്ചകളുടെ സ്വാച്ഛന്ദ്യമാണ് കവിതയില്‍ തുറന്നിടുന്നത്. മൗനത്തിന്‍റെ പ്രകീര്‍ത്തനമായി കവിതകള്‍ പലപ്പോഴും മാറുകയും ചെയ്യുന്നു.
മണ്ണും പെണ്ണും പൂക്കളുമെല്ലാം ചേര്‍ന്നു തീര്‍ക്കുന്ന സംഗീതത്തിന്‍റെ ശ്രുതികള്‍ ജെനിയുടെ കവിതകളെ കൂടുതല്‍ സമഗ്രമാക്കുന്നു.
'മണ്ണിലിഴയും പുഴുക്കളും
പച്ചയാം പച്ചയൊക്കെയും
മണ്ണാം മണ്ണൊക്കെയും നാം
ഇത് പരിണതിയുടെ കവാടം
ഭിന്നമായ പരമവും ജീവനുമെന്ന്
ഇവിടെ നാമൊത്ത്
മേവിക്കൊണ്ടേ തുടര്‍ന്ന്....'
എന്നത് കവിയുടെ ദര്‍ശനസമഗ്രതയാണ് വെളിപ്പെടുത്തുന്നത്. ഇവിടെ ഒന്നും വേര്‍പെട്ടു നില്‍ക്കുന്നില്ല. അദ്വൈതത്തിന്‍റെ പുതിയ ആകാശം വിടരുന്നു. ചിദാകാശത്തിന്‍റെ വിസ്തൃതിയാണ് ഇതിന്‍റെ ആത്യന്തികലക്ഷ്യം. ഈ ദര്‍ശനം 'ഉണ്മയെ ചമയങ്ങളഴിപ്പിക്കുന്നു, ബാഹ്യമായ അലങ്കാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉണ്മയുടെ ആഴമളക്കാന്‍ സാധിക്കില്ല. ഉണ്മയുടെ ആഴമാണ് ജെനി അന്വേഷിക്കുന്നത്. ഉണ്മയെ കണ്ടെത്തുന്ന അന്വേഷണമാണ് ജീവിതവും കവിതയുമെന്ന വിശ്വാസം ഇവിടെ ദൃഢമാകുന്നു. ഉറവയിലേക്കുള്ള മടക്കവും വലയപൂര്‍ത്തീകരണവുമെല്ലാം ഈ കവിയിലുണ്ട്. ചില അടിസ്ഥാനശിലകള്‍ നാം നഷ്ടപ്പെടുത്തിയെന്ന തിരിച്ചറിവില്‍നിന്നാണ് ഈ ദര്‍ശനം രൂപം കൊള്ളുന്നത്. അതുകൊണ്ടാണ് 'ലോകം കനിവിന്‍റെ, അഴകിന്‍റെ പര്യായരേണു' എന്നു കണ്ടെത്താന്‍ കവിക്കു കഴിയുന്നത്. ഒന്നിനെയും, പഴിക്കാതെ, വെളിച്ചത്തെ കണ്ടെത്തുമ്പോള്‍ ജീവിതത്തിന്‍റെ അര്‍ത്ഥം മാറുന്നു. മൗനം പൊതിയുന്ന വാക്കുകളില്‍ ഈ അര്‍ത്ഥസാന്ദ്രത ലയിച്ചുചേരുന്നു. അകത്തേക്കുള്ള വ്യാപനമായി കവിത മാറുന്നത് അങ്ങനെയാണ്.
'ഓരോ പുറത്തുപോകലും
തിരികെ അകത്തുവരാനാണ്'
എന്നതാണ് കവിയുടെ യാത്രയുടെ സ്വഭാവം. 'പാഞ്ഞൊഴുകുന്ന സഹജീവിസഞ്ചയങ്ങളെ' ഈ യാത്രയില്‍ കൂട്ടത്തില്‍ ചേര്‍ക്കുന്നു. അതാണ് കവിതയെ കൂടുതല്‍ സമഗ്രമാക്കുന്നത്.
വലുതുകളുടെ ആഘോഷകാലത്ത് ജെനി ചെറുതുകളുടെ പക്ഷത്തുനില്‍ക്കുന്നു. 'സൂക്ഷ്മത്തില്‍' എന്ന കവിത അതിനുള്ള സാക്ഷ്യപത്രമാണ്. 'വലുതുകളുടെ കാഴ്ച പുറംകാഴ്ചയാണെന്നറിയുന്ന കവിത ചെറുതുകള്‍ തുറന്നിടുന്ന അപാരതകള്‍ തൊട്ടറിയുന്നു. പരംപൊരുളുമായി അകലമില്ലാത്ത ബന്ധം സ്ഥാപിക്കുന്നത് ചെറുതുകളിലൂടെയാണ്. അപ്പോള്‍ ഭൂമിയും സമസ്തജീവജാലങ്ങളും സ്വന്തമാണെന്നും തന്‍റെ ഭാഗമാണെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നത്.
ഏകാന്തതയുടെയും മൗനത്തിന്‍റെയും അപാരതയുടെയും സാധ്യതകളാണ് ജെനി ആന്‍ഡ്രൂസ് തുറന്നിടുന്നത്. അകത്തേയ്ക്കും പുറത്തേയ്ക്കും നോക്കുന്ന കവി അകപ്പൊരുളുകളാണ് വരച്ചിടുന്നത്. വാക്കും നാദവും സംഗീതവും ഹരിതകവും സ്ത്രൈണതയും ധ്യാനവും കനിവും എല്ലാം വന്നു നിറയുന്ന ഈ കവിതകള്‍ നമ്മെ കണ്ണാടിക്കു മുന്നില്‍ നിര്‍ത്തുന്നു. ഈ കണ്ണാടിയില്‍ നാം കാണുന്നത് ബാഹ്യമായ കാഴ്ചകളല്ല. സൂക്ഷ്മമായ അകക്കാഴ്ചകളാണ് 'ഏഴാം നാള്‍' സമ്മാനിക്കുന്നത്. 'ജനിമൃതികളുടെ ഇടവഴിയില്‍ ഒന്നും പുലമ്പേണ്ട, ഒന്നും തോളിലെടുക്കേണ്ട. സ്വപ്നം വേണ്ട, മിഥ്യയും വേണ്ട, നടക്കുക വെറുതെ' എന്ന് ഈ കവി നമ്മോടു നിര്‍ദ്ദേശിക്കുന്നു.