news-details
ഓര്‍മ്മ

തത്വാധിഷ്ഠിതമായ തടംവെട്ടല്‍

2003-2004, തത്വശാസ്ത്രപഠനമൊക്കെ കഴിഞ്ഞ് സമൂഹത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിയാന്‍ തോരെപ്പാരെ നടന്നിരുന്ന കാലം. ആദിവാസികള്‍ക്കിടയില്‍, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍, തെരുവില്‍, അനാഥമന്ദിരങ്ങളില്‍, വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍, ദളിത് മുന്നേറ്റങ്ങള്‍ക്കൊപ്പം... ആ വര്‍ഷത്തെ മൊത്തം ചെലവുകളും സ്വന്തം നിലയില്‍ കണ്ടെത്തണമായിരുന്നു. കൂലിപ്പണിക്ക് പോകുകയായിരുന്നു പതിവ്. അലഞ്ഞുനടന്ന് പണി അന്വേഷിക്കുന്നതുകൊണ്ട,് പരിചയമില്ലാത്തവര്‍ക്ക് പണികൊടുക്കാന്‍ തയ്യാറുള്ളവരും ചുരുക്കം. ഒരിക്കല്‍ സുഹൃത്തും ഞാനുംകൂടി ഒരു പണി കണ്ടുപിടിച്ചു. കുറേനാളായി തടമെടുക്കാതെ കിടക്കുന്ന ഒരു തെങ്ങിന്‍തോപ്പ്, (മണ്ഡരിബാധ കൊണം വരുത്തിയതുകാരണം ഉടമ മനംമടുത്ത് ഉപേക്ഷിച്ചതാണ്). പത്തിരുനൂറ് തെങ്ങുകളുള്ള തോപ്പാണ്. എങ്ങനെ പോയാലും ഒരാഴ്ച പണി ഉറപ്പ്. കൃഷിയുടെ പ്രാധാന്യം, പരിചരണം കൊടുത്താല്‍ നന്നാകാത്ത പച്ചമരങ്ങള്‍ ഇല്ലെന്ന പ്രകൃതിശാസ്ത്രം, മണ്ണിന്‍റെ വിപ്ലവരാഷ്ട്രീയം, അധ്വാനമേ സംതൃപ്തി, പിന്നെ ഞങ്ങളെ തടമെടുക്കാനേല്പിച്ചാലുണ്ടാകുന്ന സാമ്പത്തികനേട്ടം (വന്‍ ഓഫര്‍- തടമൊന്നിന് മറ്റ് തടംവെട്ടുകാര്‍ക്ക് കൊടുക്കുന്നതില്‍ 3 രൂപ കുറവ്.) പോരെ സംഗതി! ഉടമ മനംമയങ്ങിവീണു. തൂമ്പയും തന്ന് തെങ്ങിന്‍തോപ്പില്‍ ഞങ്ങളെ കൊണ്ടുചെന്നാക്കി. കാപ്പികുടിക്കാന്‍ നേരമാകുമ്പോള്‍ മടങ്ങിവരാമെന്നു  പറഞ്ഞ് വീട്ടിലേക്കുപോയി. ആദ്യദിവസമല്ലേ തിരികെവരുമ്പോള്‍ ഉടമയെ പണിയുടെ വേഗതയും മികവുംകൊണ്ട് ഒന്ന് ഞെട്ടിക്കണം. കിളക്കുന്നതിന്‍റെ ക്ഷീണമറിയാതിരിക്കാന്‍ തത്വശാസ്ത്രവിഷയങ്ങളെക്കുറിച്ച് ആഴമുള്ള ചര്‍ച്ച (മാര്‍ക്സിയന്‍ ചിന്താഗതി പ്രകാരം മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു തൊഴിലാളിയാണോ(wage earner) അതോ ജോലിക്കാരനാണോ (worker)  അങ്ങനെയെങ്കില്‍ നമ്മുടെ തൊഴിലാളി സംഘടനകളുടെ പ്രസക്തി എന്ത്? ഇങ്ങനെ പോകുന്നു ചര്‍ച്ച...) പത്തുമണി കഴിഞ്ഞുകാണും ഉടമ ദൂരെനിന്ന് വരുന്നതു കാണാം. ഊണിന് വിളിക്കുമ്പോള്‍ ആണല്ലോ ആശാരിക്ക് തട്ടുംമുട്ടും കൂടുന്നത്. പണി കൂടുതല്‍ വേഗത്തിലായി. ഉടമ അടുത്തെത്തി ഒന്നും മിണ്ടാതെ ഏതാനും നിമിഷങ്ങള്‍ പകച്ചൊരു നില്‍പ്പ്. (ഞെട്ടി... ഞെട്ടി.... ഉള്ളില്‍ പെരുത്ത സന്തോഷം).

"എന്ത് ചതിയാണെന്‍റെ മക്കളേ നിങ്ങള്‍ ചെയ്തത്?" തലയില്‍ കൈവച്ചുള്ള ആ ചോദ്യത്തില്‍ സത്യത്തില്‍ ഞെട്ടിയത് ഞങ്ങളാണ്.

"എന്തുപറ്റി?"

"നിങ്ങള്‍ ആ തടമെടുത്ത തെങ്ങിന്‍റെ മണ്ടയിലേക്ക് ഒന്ന് നോക്കിക്കേ."

ആകെ തടമെടുത്ത ഒന്‍പത് തെങ്ങുകളില്‍ നാല് എണ്ണത്തിനും മണ്ടയില്ല.

പ്ലിംഗ്!!! 

You can share this post!

മഹാനായ മാര്‍പ്പാപ്പ: ബനഡിക്ട് പതിനാറാമന്‍

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ MCBS
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts