news-details
കവർ സ്റ്റോറി

കരുണാപൂര്‍ണ്ണിമ

"വീണപ്പോള്‍ താങ്ങിയ അപരിചിതന്‍
എന്നിലുള്ള ശങ്ക തീര്‍ത്തുതന്നില്ലേ?
ബുദ്ധന്‍ ചോദിക്കുന്നു"

കല്പറ്റ നാരായണന്‍റെ 'ബുദ്ധന്‍ ചോദിക്കുന്നു' എന്ന കവിത കുറച്ചു വാക്കുകള്‍ കൊണ്ട് കരുണയുടെ ആഴങ്ങള്‍ തിരയുന്ന ബുദ്ധദര്‍ശനത്തെ സൗമ്യസാന്ദ്രമായി വരച്ചുചേര്‍ക്കുന്നു. ഇവിടെ വീഴ്ച ഭൗതികമായ പതനം മാത്രമല്ല, മാനസികവും ആത്മീയവും ബൗദ്ധികവുമായുള്ള ഇടര്‍ച്ചകളെയാണത് അടയാളപ്പെടുത്തുന്നത്. കരുണയുടെ മുദ്രകളെ ഹൃദയത്തിലും വിരലുകളിലും ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ ബുദ്ധദര്‍ശനങ്ങളിലുടനീളം ചിതറിക്കിടക്കുന്നു.

ഒലിവ് പ്രസിദ്ധീകരിച്ച നദീം നിഷാദിന്‍റെ 'മിസ്റ്റിക് കഥകള്‍'എന്ന പുസ്തകം ആരംഭിക്കുന്നത് 'കരുണ' എന്ന പേരിലുള്ള കഥയോടെയാണ്. ഒരു സെന്‍ഗുരു തന്‍റെ ശിഷ്യന്‍ സാക്മി ഒരാഴ്ചയ്ക്കകം മരിക്കുമെന്നു തോന്നിയപ്പോള്‍ അയാളെ വീട്ടില്‍ പോയി താമസിക്കുവാന്‍ പറഞ്ഞയയ്ക്കുകയാണ്. ആശ്രമത്തില്‍ നിന്നു വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഒരു ദ്വാരത്തിലേയ്ക്ക് ഒലിച്ചിറങ്ങുന്ന ജലധാരയില്‍പ്പെട്ടു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അനേകം ഉറുമ്പുകളെ ഇലകള്‍ വച്ചു സാക്മി രക്ഷപ്പെടുത്തുന്നു. ഏഴുദിവസം കഴിഞ്ഞ് തിരിച്ചെത്തുന്ന സാക്മിയെ കണ്ട് ഗുരു അത്ഭുതപ്പെടുകയും അവന്‍റെ വിവരങ്ങള്‍ ആരായുകയും ചെയ്യുന്നു. ഉറുമ്പുകളോടു കാണിച്ച ദയ സാക്മിയുടെ സത്തയെയും വിധിയേയും മാറ്റിയതായാണ് കഥയുടെ സാരാംശം. പ്രപഞ്ചത്തിലെ ഏറ്റവും ചെറുജീവികളോടുപോലും പുലര്‍ത്താവുന്ന കരുണയുടെ സാധ്യതയിലേക്ക് മിഴിനീട്ടുന്ന ഹരിതാത്മീയതയുടെ സ്പര്‍ശം പുരണ്ട കഥയാണിത്.

അപരന്‍റെ ദുഃഖത്തെ ആഴത്തില്‍ തിരിച്ചറിഞ്ഞ് ആ ദുഃഖനിവാരണത്തിനായുള്ള ഹൃദയപൂര്‍വ്വമായ യത്നമെന്ന് കരുണയെന്ന വാക്കിന് അര്‍ത്ഥം നല്‍കാം. കരുണാകരനും കരുണാനിധിയും കരുണാവാരിധിയും ഈശ്വരന്‍റെ പര്യായങ്ങളാണ്. കരുണയുടെ പരാഗരേണുക്കള്‍ പതിയാത്ത മതചിന്തകള്‍ ലോകത്തിലില്ല. കരുണാമയമാകാത്ത ദൈവസങ്കല്പവുമില്ല. അഹംബോധത്തിന്‍റെ അഴിയലിലൂടെ കരുണാപാതയില്‍ ബഹുദൂരം നടന്നവരെ നമ്മള്‍ വിശുദ്ധന്മാരായി എണ്ണി. ഭിക്ഷക്കാരുടെ വസ്ത്രങ്ങള്‍ തുന്നിച്ചേര്‍ത്ത കുപ്പായമണിഞ്ഞ് ദാരിദ്ര്യത്തെ ആനന്ദപൂര്‍വം ആലിംഗനം ചെയ്ത അസ്സീസിയിലെ സെന്‍റ് ഫ്രാന്‍സിസും അശരണന്‍റെ വ്രണത്തിലെ പുഴുക്കളെ ചവണ കൊണ്ടു നീക്കുന്ന മദര്‍ തെരേസയും (മതംമാറ്റം നടത്തു വെന്നാരോപിച്ച് അഗതിമന്ദിരം പൂട്ടിക്കുവാന്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടി വന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഈ രംഗം കണ്ട് കുറ്റബോധത്തോടെ പിന്മടങ്ങുന്നതായി മദര്‍ തെരേസയുടെ ജീവചരിത്രത്തില്‍ കാണാം) കരുണയുടെ വിവിധ മാനങ്ങളെ ജീവിതത്തില്‍ അടയാളപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിലേയ്ക്കുള്ള ദൂരം നടന്നു തീര്‍ത്തവരാണ്. കരുണയുടെ പാതയില്‍ യാത്ര ചെയ്യുന്ന നിശബ്ദരായ എത്രയോ മനുഷ്യര്‍  ഈ തിരക്കുപിടിച്ച ലോകത്തുണ്ട്. അമിതാവേശത്തിലും ധൃതിയിലും  നമ്മള്‍ നടന്നു തീര്‍ക്കുന്ന വഴികളില്‍ കരുണയുടെ പരാഗരേണുക്കള്‍ അവര്‍ പ്രസരിപ്പിക്കുന്നുണ്ട്. അവയുടെ സാന്നിദ്ധ്യം കൊണ്ടാണ്  ഈ ലോകമിത്രയും പ്രസാദനിര്‍ഭരമാകുന്നത്.

'ജീവിച്ചിരിക്കുന്ന ബുദ്ധന്‍' എന്നു വിളിക്കുന്ന ദലൈലാമ ബുദ്ധനിലേക്കുള്ള വഴിയെ സരളമായി ആഖ്യാനം ചെയ്യുന്നുണ്ട്. "സചേതനനായ ഏതൊരു ജീവിയുടെ ഉള്ളിലും ബുദ്ധന്‍റെ വിത്ത് ഒളിഞ്ഞിരിപ്പുണ്ട്". "യഥാര്‍ത്ഥ ബുദ്ധന്‍ സകലരോടും കരുണയുള്ളവനായിരിക്കും. ബുദ്ധന്‍ അനന്യസാധാരണമാം വിധം പെരുമാറുന്നവനോ അമാനുഷിക ശക്തിയുള്ളവനോ അല്ല. മറിച്ച് ഒരു കര്‍ഷകനെപ്പോലെ എളിയ ജീവിതം നയിക്കുന്നവനാണ്. കരുണ ചൊരിയുന്ന ഒരു ഹൃദയം നമുക്കുണ്ടെങ്കില്‍ ബോധിസത്വന്‍റെ ഹൃദയവും പ്രവൃത്തികളും നമുക്കു സാധ്യമാകും." (ബുദ്ധന്‍ ദര്‍ശനങ്ങളുടെ പുസ്തകം). ബുദ്ധന്‍ എന്ന വിത്തിന്‍റെ വിതയ്ക്കലിനും വിടരലിനും പാകമായ അന്തരീക്ഷം കരുണ ഉണരുന്ന ചിത്തത്തിലൂടെയാണ് സാദ്ധ്യമാകുന്നത്. "എവിടെ മനുഷ്യര്‍ ഇരിപ്പുണ്ടോ അവിടെ ഈച്ചകളും ഉണ്ടായിരിക്കും ബുദ്ധന്മാരും" എന്ന ഹൈക്കു മനുഷ്യജീവിതത്തില്‍ നമ്മളറിയാതെ പിന്‍തുടര്‍ന്ന ബുദ്ധസാന്നിദ്ധ്യത്തെയാണു എഴുതിച്ചേര്‍ക്കുന്നത്. എല്ലാ മനുഷ്യനും ബുദ്ധനാകുവാനുള്ള സാധ്യതയുടെ ആകാശം ബുദ്ധദര്‍ശനം നമുക്ക് മുമ്പില്‍ തുറക്കുന്നു.

തിച്നാത് ഹാന്‍റെ 'പഴയ പാത വെളുത്ത മേഘങ്ങള്‍' (Old paths white clouds) എന്ന ബുദ്ധന്‍റെ ജീവിത കഥ ആഖ്യാനം ചെയ്യുന്ന പുസ്തകത്തില്‍ കഠിനമായ സന്ന്യാസമുറകള്‍ മൂലം ബോധം മറഞ്ഞ് വീണുകിടക്കുന്ന ബുദ്ധന്‍റെ ചിത്രം കടന്നുവരുന്നു. വനദൈവങ്ങള്‍ക്ക് അര്‍പ്പിക്കുവാനുള്ള പാലും ഭക്ഷണവുമായെത്തുന്ന സുജാതയെന്ന ബാലിക ബുദ്ധന്‍റെ ചുണ്ടില്‍ പാല്‍പാത്രം ചേര്‍ത്തുപിടിച്ച്  പാല്‍ ഇറ്റിച്ച് ബുദ്ധന്‍റെ ജീവന്‍ തിരിച്ചുപിടിക്കുന്നു. പിന്നീട് സുജാതയുമായുണ്ടാകുന്ന സൗഹൃദത്തിലൂടെയാണ് കാലിമേയ്ക്കുന്ന സ്വാസ്ഥി എന്ന അനാഥ ബാലന്‍ ബുദ്ധശിഷ്യനായി മാറുന്നത്. മരണാസന്നനായ ബുദ്ധനെ ജീവിതത്തിലേയ്ക്കു കരുണാപൂര്‍വ്വം പിടിച്ചുകയറ്റുന്ന സുജാതയെന്ന പെണ്‍കുട്ടി വൈരുദ്ധ്യാത്മക ചിത്രമായി നമ്മുടെ ഉള്ളില്‍ പതിയുന്നു. കാലിച്ചൂരുള്ള പുല്‍ക്കൂട്ടില്‍ നിസ്സഹായനായി കൈകാലിട്ടടിക്കുന്ന യേശുക്കുഞ്ഞും നിസ്സഹായതയുടെ തീവ്രതയില്‍ മരക്കുരിശില്‍ മരണാസന്നനായി കിടക്കുന്ന യേശുവും ഇതേ വൈരുദ്ധ്യാത്മകതയുടെ പ്രതിഫലനങ്ങളാണ്. മനുഷ്യന്‍ മാത്രമല്ല ദൈവവും കരുണയ്ക്കു പാത്രീഭൂതരാകുന്നു. കരുണയുടെ വൈചിത്ര്യത്തെയും അനന്തസാധ്യതയെയുമാണ് ഈ അസാധാരണചിത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. റാസി റൊസാരിയോ 'ചിരിക്കുന്ന യേശു' എന്ന ചിത്രവും ഡോ. എബി 'My begger Lord' എന്ന ചിത്രവും വരച്ചിട്ടുണ്ട്. ചിരിക്കുന്ന ബുദ്ധനും, ഉറങ്ങുന്ന ബുദ്ധനുമുള്‍പ്പെടെ എത്രയോ ഭാവങ്ങളുള്‍ക്കൊള്ളുന്ന ബുദ്ധശില്പങ്ങളാണു കലാകാരന്മാര്‍ മെനഞ്ഞെടുത്തിരിക്കുന്നത്. വിശക്കുന്ന യേശുവും  വിശക്കുന്ന ബുദ്ധനും കരയുന്ന ബുദ്ധനും കരയുന്ന യേശുവും ഉള്‍പ്പെടുന്ന നിരവധി ചിത്രശില്പങ്ങള്‍ നമ്മുടെ ഉള്‍ത്തളങ്ങളില്‍ നിറയുമ്പോള്‍ കരുണയിലേയ്ക്കുള്ള വഴി മുന്നില്‍ തെളിഞ്ഞുവരുന്നു. ബുദ്ധഭിക്ഷുവെന്ന വാക്കിലെ ഭിക്ഷുവിന് 'ഭിക്ഷയെടുത്തു ജീവിക്കുന്നവന്‍' എന്ന അര്‍ത്ഥമാണുള്ളത്. ചുരയ്ക്കാത്തൊണ്ടുമായി ഗ്രാമാന്തരങ്ങളിലൂടെ ഭിക്ഷ യാചിച്ചു നീങ്ങുന്ന ബുദ്ധഭിക്ഷുക്കളുടെ നിര ബുദ്ധകഥകളിലെ സാധാരണ ചിത്രമാണ്.

കരുണയുടെ പ്രകാശനത്തിന്‍റെ വൈചിത്ര്യവും വൈപുല്യവും ബുദ്ധദര്‍ശനങ്ങളില്‍ പ്രസരിക്കുന്നുണ്ട്. പ്രലോഭന സൗന്ദര്യത്തിന്‍റെ ഉടമയായ വാസവദത്തയെന്ന വേശ്യ, ബുദ്ധഭിക്ഷുവായ ഉപഗുപ്തനെ നിരവധി തവണ തന്‍റെ സമീപത്തേയ്ക്ക് ആളയച്ചു വിളിക്കുന്നുണ്ട്. ഒരിക്കല്‍ പോലും ഉപഗുപ്തന്‍ വാസവദത്തയുടെ ആതിഥ്യം സ്വീകരിക്കുന്നില്ല. അവസാനം അവയവങ്ങള്‍ വാഴത്തടയെന്ന വണ്ണം ക്രൂരമായി മുറിക്കപ്പെട്ട് അല്പപ്രാണയായി ശ്മശാനത്തില്‍ കിടക്കുന്ന, ഒരു തോഴി മാത്രം കൂട്ടിനുള്ള വാസവദത്തയ്ക്കു സമീപം ഉപഗുപ്തനെത്തുന്നു. "ആമലകീഫലം പോലെ ആ മഹാന്‍റെ കണ്ണില്‍ നിന്നും ചാമ്പലിലൊരശ്രുകണമടര്‍ന്നുവീണു" എന്ന് ഉപഗുപ്തന്‍റെ കണ്ണില്‍ നിന്നു നെല്ലിക്ക കണക്കേ പൊഴിയുന്ന കണ്ണീര്‍ത്തുള്ളികളെ കുമാരനാശാന്‍ വരച്ചുചേര്‍ക്കുന്നു. 'കരുണ'യെന്നാണ് കുമാരനാശാന്‍ ഈ കാവ്യത്തിന് പേരിട്ടത്. ഇവിടെ ഭൗതികമായ ഒരു കൊടുക്കലും സംഭവിക്കുന്നില്ല. ചുരയ്ക്കാത്തൊണ്ടും പേറിനടക്കുന്ന ഭിക്ഷുവായ ഉപഗുപ്തന്‍റെ ധ്യാനതേജസ്സില്‍ നിന്നുതിരുന്ന കണ്ണീരാണിവിടെ കരുണ. വാസവദത്തയുടെ ശരീരം അടര്‍ന്നുപോയപ്പോഴും ഉപഗുപത്ന്‍റെ കരുണയെ ആ സാന്നിദ്ധ്യത്തിലൂടെ അവള്‍ അനുഭവിക്കുന്നുണ്ട്. കരുണ ഒരു നല്‍കലിനെ ഉള്‍ക്കൊള്ളുന്നുണ്ട്. അത് അന്നമാകാം, ആലിംഗനമാകാം, സ്പര്‍ശമാകാം, സാന്നിദ്ധ്യമാകാം, നനവാകാം, നോട്ടമാകാം. കരുണയുടെ ഒരു കതിരെങ്കിലും ഹൃദയത്തില്‍ പേറുന്നവന് അത് സ്വാഭാവികമായി സാധ്യമാകുന്നു.

മൃഗബലി നടത്തുന്നവരുടെ കയ്യില്‍ നിന്ന് തന്‍റെ അംഗവസ്ത്രം പ്രതിഫലമായി നല്‍കി വാങ്ങിയ ആട്ടിന്‍കുട്ടിയേയും മാറോടടുക്കി പിടിച്ചു നടന്നു നീങ്ങുന്ന  ബുദ്ധന്‍റെ ചിത്രം കരുണയുടെ നിറവാല്‍ പ്രശോഭിതമാണ്. എ.അയ്യപ്പന്‍റെ 'ബുദ്ധനും ആട്ടിന്‍കുട്ടിയും' എന്ന കവിതയില്‍ കല്ലേറുകൊണ്ട് കണ്ണുപൊട്ടിപ്പോയ, ഇടയനില്‍ നിന്നു കൂട്ടം തെറ്റിയ കുഞ്ഞാടിന്‍റെ നിലവിളി നിറഞ്ഞ അന്വേഷണമാണുള്ളത്. "കണ്ണിലെ ചോരവീഴും പാതയില്‍ നീ നില്‍ക്കുമോ കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ" എന്ന് ബുദ്ധനോട് കുഞ്ഞാട് കേഴുന്നു. കവിതയുടെ അവസാനം പുല്‍ക്കൊടിത്താഴ്വരകള്‍ ആട്ടിന്‍ കുട്ടിയുടെ കാതില്‍ പറയുന്നു. "കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്നകുട്ടി" സിദ്ധാര്‍ത്ഥനില്‍ നിന്നു ബുദ്ധനിലേയ്ക്കുള്ള ദൂരമാണ് കരുണ എന്നതാണ് ഈ കവിതയുടെ ഉള്ളുര. ബൈബിളിലെ കാണാതെപോയ ആടിനെ തിരഞ്ഞു പോകുന്ന ഇടയന്‍റെ ഉപമയെ ബിഷപ് ഡെസ്മണ്ട് ടുട്ടു പുനരാഖ്യാനം ചെയ്ത് 'ദൈവത്തിന്‍റെ മക്കള്‍' എന്ന ബൈബിള്‍ കഥാപുസ്തകത്തില്‍ വിവരിക്കുന്നത് അല്പം വ്യത്യസ്തമായാണ്. അവിടെ നഷ്ടപ്പെട്ട ആട് വയസ്സനും കുരുത്തംകെട്ടവനുമായ നാറുന്ന മുട്ടനാടാണ്. മുടന്തനായ ആട്ടിന്‍കുഞ്ഞിന്‍റെ  ചാരുതയൊന്നും ഈ വയസ്സന്‍ മുട്ടനാടിനില്ല. എന്നിട്ടും അവനെ തേടിപ്പോകുന്ന ഇടയന്‍ ഏതൊരുവനും ജീവിക്കുവാന്‍ അവകാശമുള്ള ഭൂമിയെ തിരിച്ചറിയുന്നവനും നൈതികവിചാരങ്ങളുടെ ഗരിമയില്‍ അകക്കണ്ണുനിറയുന്നവനുമാണ്. കരുണ പകരുന്നവനും കരുണ സ്വീകരിക്കുന്നവനുമെന്ന ദ്വന്ദ്വാത്മകതയിലെ അഹംബോധത്തിന്‍റെ അഴിയല്‍ കൂടി സാധ്യമാകുന്നതോടെ കരുണാപൂര്‍ണ്ണിമ വിടരുകയായി.

കരുണയിലൊരു സ്ത്രൈണതയുണ്ട്. സ്ത്രൈണതയുടെ അടയാളമായ പരിപാലനമൂല്യം കരുണയില്‍ വേരു പടര്‍ത്തുന്നുണ്ട്. കരുണയുടെ നിറവുകളുടെ ഖനിയായ ക്രിസ്തുവിന്‍റെയും ബുദ്ധന്‍റെയും നിനവുകളില്‍ പെണ്മയുടെ നനവു പടര്‍ന്നു കിടപ്പുണ്ട്. പൗരുഷത്തിന്‍റെ, അധീശത്വത്തിന്‍റെ അലിയല്‍ കരുണയില്‍ സാധ്യമാകുന്നുണ്ട്. മലയാളത്തിലെ പെണ്‍കവിതകളില്‍ ഉണരുന്ന ദൈവസങ്കല്പനത്തില്‍ കരുണ വഴിയുന്ന വിരലുകളും മനതാരുമുള്ള ക്രിസ്തുവും ബുദ്ധനും നിരന്തരസാന്നിദ്ധ്യമാകുന്നു. വി.എം. ഗിരിജയുടെ 'ജീവജലം' എന്ന കവിതയില്‍ 'മുലപ്പാല്‍ നിന്‍റെ കണ്ണുനീര്‍' എന്ന് ക്രിസ്തുവിനെക്കുറിച്ച് എഴുതുന്നുണ്ട്. ഉള്ളില്‍ നിറയുന്ന കാരുണ്യവും കരുതലും സ്ഫുരിക്കുന്ന ഈ ദൈവസങ്കല്പനത്തില്‍ സ്ത്രൈണതയുടെ ചിഹ്നങ്ങളാണുള്ളത്. "യാഗമൃഗങ്ങളുടെ ചലനമറ്റ കണ്ണുകള്‍ അവളെ വേട്ടയാടിയിരുന്നതുകൊണ്ടോ എന്തോ ജോസഫ് അവളെ ചേര്‍ത്തു കൊണ്ടപ്പോള്‍ മേരി ആലിലപോലെ വിറച്ചില്ല മഞ്ഞുപോലെ ഉരുകി കാരുണ്യക്കടലിനു ജന്മം നല്‍കി" എന്നു വി.എന്‍. ഗീത 'തിരുപ്പിറവി' എന്ന കവിതയിലെഴുതുമ്പോള്‍ പൗരുഷത്തിന്‍റെ അധികാരഭാവങ്ങളുടെ അഴിയലില്‍ നിന്ന് ഉണര്‍ന്നു വരുന്ന കാരുണ്യക്കടലിനെക്കുറിച്ചുള്ള അറിവാണു വെളിപ്പെടുന്നത്. സ്ത്രൈണമൂല്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കരുണ ഏതൊരു മനുഷ്യനിലും പടരുമ്പോള്‍ ഭൂമി കൂടുതല്‍ പച്ചയും പ്രസാദവും കൈവരിക്കുന്നു.

യുദ്ധവും പ്രകൃതിക്ഷോഭങ്ങളും അപ്രതീക്ഷിത ദുരന്തങ്ങളും നമ്മുടെ കരുണാവിചാരങ്ങളെ  ഉണര്‍ത്തുന്നവയാണ്. എന്നാല്‍ ജീവിതത്തിന്‍റെ ഓരോ അണുവിലും കരുണ സ്ഫുരിക്കുന്ന നിനവും പ്രവൃത്തിയുമാണ് ബുദ്ധചിന്തകള്‍ മുന്നോട്ടുവയ്ക്കുന്നത.് സിദ്ധാര്‍ത്ഥന്‍റെ കണ്‍മുമ്പില്‍ ദുഃഖമുണര്‍ത്തുന്ന കാഴ്ചകള്‍ കടന്നുവരുന്നത് ഒഴിവാക്കാനായി പിതാവായ ശുദ്ധോദന മഹാരാജാവ് ഒരു വിളംബരം നടത്തുന്നു. കുരുടന്മാരും മുടന്തന്മാരും കുഷ്ഠരോഗികളും പുറത്തിറങ്ങരുതെന്നായിരുന്നു കല്പന. ഇത്രയും മുന്‍കരുതല്‍ നടപടികളുണ്ടായിട്ടും സിദ്ധാര്‍ത്ഥനിലെ ബുദ്ധന്‍ ഉണരുക തന്നെ ചെയ്തു. വിലോഭനീയമായ കാഴ്ചകള്‍ നമ്മെ ഭരിക്കുന്ന സമകാലത്ത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന എത്രയോ കാഴ്ചകളാണ് നമ്മിലെ കരുണയുടെ ഉറവകളെ അടച്ചു കളഞ്ഞത്. അല്പം ജാഗ്രതയോടെ കരുണയുടെ മഴത്തുള്ളികളെ കണ്ണിലെഴുതി കണ്ണുതെളിയിക്കുവാന്‍ നമുക്ക് കഴിയണം. സഹാനുഭൂതിയും അലിവും കണ്ണുനീര്‍ത്തുള്ളികളും നമ്മുടെ പുഞ്ചിരികളെ തെളിയിക്കുക തന്നെ ചെയ്യും.

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts