news-details
സാമൂഹിക നീതി ബൈബിളിൽ

ആഖോര്‍ താഴ്വരയിലെ അനീതിയുടെ സ്മാരകം

അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്നിക്കിരയാക്കി. അവര്‍ അവന്‍റെ മേല്‍ ഒരു വലിയ കല്ക്കൂമ്പാരമുണ്ടാക്കി. അത് ഇന്നും അവിടെയുണ്ട്. അങ്ങനെ കര്‍ത്താവിന്‍റെ ഉഗ്രകോപം ശമിച്ചു. ഇന്നും ആ സ്ഥലം ആഖോറിന്‍റെ താഴ്വര എന്ന് അറിയപ്പെടുന്നു" (ജോഷ്വ 7,25-26).

വാഗ്ദത്തഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇസ്രായേല്‍ ജനം ദയനീയമായി തോറ്റോടേണ്ടി വന്ന  ഒരു സംഭവത്തിന്‍റെ ബാക്കിപത്രമാണ് മുകളില്‍ കുറിച്ചിരിക്കുന്ന ദൈവവചനം. തികച്ചും കിരാതവും ഭയാനകവും എന്നു തോന്നാവുന്ന ഈ ചിത്രത്തിനു പിന്നില്‍ സാമൂഹ്യനീതിയെ സംബന്ധിച്ച  ബൈബിളിന്‍റെ ചില സുപ്രധാനമായ പാഠങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അതു കണ്ടെത്താന്‍ സംഭവം അടുത്തു പരിശോധിക്കണം; അതോടൊപ്പം സംഭവം വിവരിക്കുന്നവരുടെ ചരിത്രപശ്ചാത്തലവും ദൈവശാസ്ത്ര-വിശ്വാസവീക്ഷണങ്ങളും മനസ്സിലാക്കണം. 26 വാക്യങ്ങളുള്ള ഒരധ്യായം മുഴുവന്‍ ഈ സംഭവത്തിന്‍റെ വിവരണത്തിനായി ബൈബിള്‍ മാറ്റിവച്ചിരിക്കുന്നതിനാല്‍ സുപ്രധാനമായ ചില സന്ദേശങ്ങള്‍ ഇതിലുണ്ട് എന്നതില്‍ സംശയമില്ല.

വാഗ്ദത്തഭൂമിയായ കാനാനിലേക്കുള്ള പ്രവേശനം ഒരു ഘോഷയാത്രയുടെ ശൈലിയിലാണ് വി. ഗ്രന്ഥകാരന്‍ ചിത്രീകരിച്ചിരിക്കുന്നത്. ദൈവിക സാന്നിധ്യത്തെ അനുസ്മരിപ്പിക്കുന്ന ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാര്‍ മുമ്പേ പോകുന്നു. കൊമ്പും കുഴലും തപ്പും തകിലുമായി ലേവായന്മാര്‍ അകമ്പടി സേവിക്കുന്നു. ജനം ഒന്നടങ്കം ഒരു തിരുന്നാള്‍ പ്രദക്ഷിണത്തിലെന്നപോലെ അനുഗമിക്കുന്നു.  അവര്‍ക്കു മുമ്പില്‍ കരകവിഞ്ഞൊഴുകിയിരുന്ന ജോര്‍ദ്ദാന്‍ നദി നിശ്ചലമായി, അടിത്തറ തെളിഞ്ഞു. വരണ്ട ഭൂമിയിലൂടെ ജനം മറുകര കടന്നു, ചെങ്കടലിലെ അത്ഭുതം ആവര്‍ത്തിച്ചതുപോലെ. മറികടക്കാനാവാത്ത പ്രതിബന്ധമായി വഴിയില്‍ ഉയര്‍ന്നുനിന്ന ജറീക്കോകോട്ട, ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. ജനം നിഷ്പ്രയാസം കോട്ട കീഴടക്കി. അങ്ങനെ കാനാന്‍ ദേശത്തേക്കുള്ള വഴി തെളിഞ്ഞു. എന്നാല്‍ അടുത്തദിവസം തികച്ചും അപ്രതീക്ഷിതമായതാണ് സംഭവിച്ചത്.

പ്രായേണ ചെറിയൊരു പട്ടണമായ "ആയി" പിടിച്ചടക്കാന്‍ പട്ടാളം മുഴുവന്‍ പോകേണ്ടതില്ല എന്ന ചാരന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ജോഷ്വാ മൂവായിരം പടയാളികളെ യുദ്ധത്തിനയച്ചു. പക്ഷേ അവര്‍ ദയനീയമായി പരാജയപ്പെട്ടു. തോറ്റോടിയവരില്‍ പലരും ശത്രുക്കളുടെ വാളിനിരയായി. വാര്‍ത്ത കേട്ട ജനമാകെ ഭയന്നു വിറച്ചു. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇപ്രകാരം ഒരു തോല്‍വി അവര്‍ക്കുണ്ടാകുന്നത്. ഈ വാര്‍ത്ത പരസ്യമാകുന്നതോടെ കാനാന്‍കാര്‍ ഒന്നടങ്കം തങ്ങള്‍ക്കെതിരേ വരും, തങ്ങള്‍ നിഷ്കരുണം ഉന്മൂലനം ചെയ്യപ്പെടും എന്നു ജനം ഭയന്നു. നേതാവായ ജോഷ്വായെയും ഭയം ഗ്രസിച്ചു. തകര്‍ന്ന ഹൃദയവും തളര്‍ന്ന കൈകളുമായി ജോഷ്വാ പേടകത്തിനുമുമ്പില്‍ സാഷ്ടാഗം പ്രണമിച്ച്, തന്‍റെ ഭയവും വേവലാതികളും നിരത്തി. അപ്പോഴാണ് പരാജയകാരണം ദൈവം അയാള്‍ക്ക് വെളിപ്പെടുത്തി കൊടുത്തത്.

രക്ഷിക്കാനാവാത്ത വിധം ദൈവത്തിന്‍റെ കരം കുറുകിപ്പോയതുകൊണ്ടല്ല, ആയി നിവാസികള്‍ അമാനുഷികശക്തിയുള്ളവരായതുകൊണ്ടുമല്ല ജനം പരാജയപ്പെട്ടത്, മറിച്ച് അവര്‍ ദൈവകല്പന ലംഘിച്ച്, പാപം ചെയ്തതുകൊണ്ടാണ്. എന്താണ് പരാജയകാരണമായ പാപം എന്നതിനെക്കുറിച്ച് ഒരു സൂചനയും ദൈവം നല്‍കുന്നുണ്ട്: നിഷിദ്ധവസ്തുക്കള്‍ സ്വന്തമായി എടുത്തു; അവ ഒളിപ്പിച്ചു വച്ചു; നുണ പറയുന്നു. കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗവും ദൈവം തന്നെ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ജോഷ്വാ ജനത്തെ മുഴുവന്‍ വിളിച്ചുവരുത്തി. അവരില്‍ നിന്ന് യൂദാ ഗോത്രത്തിലെ, സേരാകുലത്തിലെ, സബ്ദി കുടുംബത്തിലെ കാര്‍മ്മിയുടെ പുത്രന്‍ ആഖാന്‍ പിടിക്കപ്പെട്ടു.

അയാളോടുള്ള ജോഷ്വായുടെ സംഭാഷണം ശ്രദ്ധേയമാണ്. "എന്‍റെ മകനേ, ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തി അവിടുത്തെ സ്തുതിക്കുക. നീ എന്താണ് ചെയ്തതെന്ന് എന്നോട് പറയുക. എന്നില്‍ നിന്നും ഒന്നും മറച്ചുവയ്ക്കരുത്" (ജോഷ്വ 7,19) കുറ്റക്കാരന്‍ എന്ന് നിസംശയം ചൂണ്ടിക്കാണിച്ച വ്യക്തിയോട് എത്ര സൗമ്യമായാണ് ജോഷ്വ സംസാരിക്കുന്നത്! എന്നാല്‍ ദൈവത്തെ  മഹത്വപ്പെടുത്താനുള്ള ആഹ്വാനം ഭീകരമായ ഒരു ധ്വനി ഉള്‍ക്കൊള്ളുന്നുണ്ട്. ജനത്തിനു മുഴുവന്‍ പരാജയകാരണമായ തെറ്റ് ഏറ്റുപറയാനാണ് ജോഷ്വാ അയാളോട് ആവശ്യപ്പെടുന്നത്. സത്യം ഏറ്റുപറയുന്നത് ദൈവമഹത്വത്തിന് കാരണമാകും: അഥവാ, തന്‍റെ കുറ്റം മൂലമാണ്, ദൈവത്തിന്‍റെ ബലഹീനതയോ താല്പര്യക്കുറവോ കാരണമല്ല ജനം പരാജയപ്പെട്ടത് എന്ന തിരിച്ചറിവ് ദൈവത്തെക്കുറിച്ചുണ്ടായ ജനത്തിന്‍റെ തെറ്റിധാരണ തിരുത്തും. ഇതു തന്നെയാണ് ദൈവത്തെ മഹത്വപ്പെടുത്തല്‍ - അവിടുത്തെ ശക്തിയും കരുണയും കരുതലും എറ്റുപറഞ്ഞ് പരസ്യപ്പെടുത്തല്‍.

ആവശ്യപ്പെട്ടതുപോലെ ആഖാന്‍ സ്വന്തം കുറ്റം ഏറ്റുപറഞ്ഞു. "കൊള്ളവസ്തുക്കളുടെ കൂടെ ഷീനാറില്‍ നിന്നുള്ള അതിവിശിഷ്ടമായ ഒരു മേലങ്കിയും ഇരുന്നൂറു ഷെക്കല്‍ വെള്ളിയും അമ്പതുഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹം തോന്നി ഞാന്‍ അവ എടുത്തു. വെള്ളി ഏറ്റവും അടിയിലായി, അവയെല്ലാം എന്‍റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിടുകയും ചെയ്തു." (ജോഷ്വ 7,21)

ആഖാന്‍ പറഞ്ഞതു മുഴുവന്‍ സത്യമായിരുന്നു. അങ്ങനെ ജോഷ്വ ആവശ്യപ്പെട്ടതുപോലെ അയാള്‍ ദൈവത്തെ മഹത്വപ്പെടുത്തി. എന്നാല്‍ ബൈബിള്‍ വിവരണം അവിടെ അവസാനിക്കുന്നില്ല. തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു. അത് ദൈവത്തിനായി ഭണ്ഡാരത്തില്‍ സൂക്ഷിക്കുകയല്ല മറിച്ച് അഗ്നിക്കിരയാക്കുകയാണ് ജോഷ്വ ചെയ്തത്. മോഷ്ടിച്ച വസ്തുക്കള്‍ മാത്രമല്ല ആഖാന്‍റെ കൂടാരമടക്കം സകല വസ്തുക്കളും താഴ്വരയിലേക്കു കൊണ്ടുപോയി. ആഖാനെയും കുടുംബത്തെയും കല്ലെറിഞ്ഞു കൊന്നു. അവസാനം എല്ലാം ഒരു ദഹനബലിയായി അര്‍പ്പിച്ചു. ചിതാഭസ്മത്തിനു മുകളില്‍ ഒരു കൂറ്റന്‍ സ്മാരകവും നിര്‍മ്മിച്ചു. അങ്ങനെ ആഖോര്‍ താഴ്വരയില്‍ ആഖാന്‍റെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകം ഇന്നും അവിടെയുണ്ട് എന്നു പറഞ്ഞു നിര്‍ത്തുന്ന വി. ഗ്രന്ഥകാരന്‍ എന്തു സന്ദേശമാണ് നല്കാന്‍ ആഗ്രഹിക്കുന്നത്? എന്തു പ്രസക്തിയാണ് ഇന്ന് ഈ വിവരണത്തിനുള്ളത് എന്നന്വേഷിക്കണം. കൊള്ളവസ്തുക്കളെ സംബന്ധിച്ചു നിലവിലിരിക്കുന്ന കാഴ്ച്ചപ്പാടു മനസ്സിലാക്കിയാലേ ഇവിടെ ഉത്തരം കിട്ടുകയുള്ളൂ.

വിവിധ ലക്ഷ്യങ്ങളോടു കൂടിയുള്ള യുദ്ധങ്ങള്‍ പതിവായിരുന്ന ഒരു ചരിത്ര പശ്ചാത്തലത്തിലാണ്  ഈ വിവരണം അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധത്തില്‍ പരാജയപ്പെടുന്ന രാജ്യത്തെ വിജയികള്‍ കൊള്ളയടിക്കും - അത് വസ്തുക്കളോ മനുഷ്യരോ മൃഗങ്ങളോ എന്തുമാകാം. തോറ്റവന് സംരക്ഷണം നല്‍കുന്ന ഒരു നിയമവുമില്ല. കൊള്ളമുതലിന്‍റെ മുഴുവന്‍ ഉടമ യുദ്ധം ജയിച്ചവരായിരിക്കും. എന്നാല്‍ എല്ലാവരുമല്ല നേതാവ്, അഥവാ രാജാവ് മാത്രം. ഇസ്രായേല്‍ക്കാരുടെ മുമ്പില്‍ ജെറീക്കോ നിലം പതിച്ചത് ദൈവത്തിന്‍റെ ശക്തിയാലാണ്. ആ യുദ്ധം നയിച്ചത് ദൈവമായിരുന്നു. അതിനാല്‍ അവിടെയുള്ള സകലതും ദൈവത്തിന് അവകാശപ്പെട്ടതാണ്; കൊടുക്കണം, അഥവാ ബലിയര്‍പ്പിക്കണം. വസ്തുക്കളും മൃഗങ്ങളും മനുഷ്യരും അഗ്നിയില്‍ ദഹിച്ച്, ധൂപച്ചുരുളുകളായി മുകളിലേക്കുയരും. അങ്ങനെ അവയെല്ലാം ദൈവത്തിനു സമര്‍പ്പിച്ചു എന്നും ദൈവം സ്വീകരിച്ചു എന്നും പ്രതീകാത്മകമായി സമര്‍ത്ഥിക്കുന്നു.

കൊള്ളമുതല്‍ ദൈവത്തിനുള്ളതാണ്. അതില്‍ നിന്നും എന്തെങ്കിലും എടുക്കുന്നത് മോഷണമാണ്; അതിനാല്‍ത്തന്നെ നിഷിദ്ധവും. ഈ കാഴ്ച്ചപ്പാടിലാണ് ആഖാന്‍റെ പാപം വിലയിരുത്തുന്നത്. മേലങ്കിയും വെള്ളിയും സ്വര്‍ണ്ണവും അഗ്നിയില്‍ ദഹിപ്പിച്ചു ചാരമാക്കിയതുകൊണ്ട് ദൈവത്തിനു എന്തുഗുണം എന്ന ചോദ്യം ആരും ചോദിക്കരുത്. അതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. എന്നാല്‍ ഈ കാഴ്ചപ്പാടിനു പിന്നില്‍ നില്ക്കുന്ന ചില സത്യങ്ങളും ബോധ്യങ്ങളുമുണ്ട്. അവയാണ് വി. ഗ്രന്ഥം നമ്മുടെ പ്രബോധനത്തിനായി നല്കുന്നത്.

ബലിയര്‍പ്പണം വഴി ദൈവത്തിന്‍റെ പരമാധികാരം അംഗീകരിക്കുകയും എല്ലാം ദൈവത്തിന്‍റെ ദാനമാണ് എന്ന് ഏറ്റുപറയുകയുമാണ് ബലിയര്‍പ്പകന്‍ ചെയ്യുന്നത്. അതിനാല്‍ ദൈവത്തിനായി, ദൈവശുശ്രൂഷയ്ക്കായി, മാറ്റി വച്ചിരിക്കുന്നവ സ്വന്തമാക്കുന്നത് ദൈവത്തിനെതിരേ ചെയ്യുന്ന പാപമായി പരിഗണിക്കപ്പെടുന്നു. ദൈവത്തിനു നല്‍കേണ്ടതു നിഷേധിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണല്ലോ പാപം. എന്നാല്‍ ആഖാന്‍റെ പാപത്തിനു മറ്റൊരു മാനം കൂടിയുണ്ട്.

ദൈവത്തിനായി മാറ്റിവയ്ക്കുന്നത് പൊതുമുതലാണ്; അത് ആര്‍ക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ളതല്ല. പില്‍ക്കാലത്ത് ദേവാലയവും ദേവാലയശുശ്രൂഷകളും ശുശ്രൂഷകരുമുണ്ടായപ്പോള്‍ ജനം ദൈവത്തിനര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ ദേവാലയ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കപ്പെട്ടു. മിച്ചമുള്ളതു പാപങ്ങള്‍ക്കു ദാനമായി നല്കണം എന്നതായിരുന്നു നിയമം. ദശാംശത്തിന്‍റെ കാര്യത്തില്‍ ഈ നിയമം ഏറ്റം വ്യക്തമായിരുന്നു. ഈ കാഴ്ച്ചപ്പാട് രൂപം കൊള്ളുന്നതു തന്നെ വ്യക്തമായൊരു മനോഭാവത്തില്‍ നിന്നാണ്. ഇസ്രായേലിന്‍റെ ജീവിതാനുഭവത്തില്‍ വേരൂന്നിയതായിരുന്നു ആ മനോഭാവം. അതായത് അടിമകളും ദരിദ്രരും അനാഥരും വിധവകളുമായ അഗതികള്‍ ദൈവത്തിന്‍റെ ജനമാണ്. അവരുടെ സംരക്ഷണം ദൈവം സ്വന്തമായി ഏറ്റെടുത്തിരിക്കുന്നു. അതാണല്ലോ ഈജിപ്തില്‍ ഫറവോയുടെ അടിമകളായി കഴിഞ്ഞവരെ ദൈവം സ്വന്തം ജനമെന്നു വിളിച്ച്, അവരുമായി ഉടമ്പടി ചെയ്യുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.

അതിനാല്‍ ദൈവത്തിനു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ ആത്യന്തികമായി പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട പൊതുമുതലാണ്. ഈ പൊതുമുതല്‍ ആരെങ്കിലും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി സ്വന്തമാക്കുന്നത് ദൈവത്തിനെതിരേ ചെയ്യുന്ന പാപമാണ്, കടുത്ത അനീതിയാണ്. വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ച ജനം ഇപ്രകാരമുള്ള അനീതികള്‍ക്കിരയാകുന്നതിന്‍റെ ചിത്രം അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അതിനെതിരെ പ്രവാചകന്‍ന്മാരിലൂടെ ദൈവം ഉയര്‍ത്തിയ കര്‍ശനമായ വിമര്‍ശനങ്ങളും.
ഇപ്രകാരം - ഒരു വിമര്‍ശനത്തിന്‍റെ തുടക്കത്തിലാണ് ആഖോര്‍ താഴ്വരയും അവിടെ ഉയര്‍ത്തിയ അനീതിയുടെ സ്മാരകവും നില്‍ക്കുന്നത്. വാഗ്ദത്തഭൂമിയിലേക്കുള്ള കുടിയേറ്റത്തിന്‍റെ തുടക്കത്തില്‍ തന്നെ ദൈവം ശക്തമായ ചില താക്കീതുകളും ഓര്‍മ്മപ്പെടുത്തലുകളും നല്കുന്നു - പ്രത്യക്ഷത്തില്‍ അതിക്രൂരവും കിരാതവും എന്നു തോന്നാവുന്ന ശിക്ഷാനടപടിയുടെ ലക്ഷ്യം ഇതാണ്. പൊതുമുതല്‍ ആരും സ്വന്തമാക്കരുത്. വിലപിടിച്ച മേലങ്കിയും പൊന്നും വെള്ളിയും എല്ലാം പ്രലോഭനങ്ങളാകാം. പക്ഷേ അതിനു വഴിപ്പെടുന്നത് മാരകമായ ദുരന്തങ്ങള്‍ക്കു കാരണമാകാം എന്ന മുന്നറിയിപ്പാണ് ഒരു കുടുംബത്തെ മുഴുവന്‍ നിഷ്കരുണം ചുട്ടുചാമ്പലാക്കുന്നതിലൂടെ നല്കുന്നത്. വരും തലമുറകള്‍ക്ക് ഇതൊരു പാഠമായിരിക്കണം. ധനമോഹം ആരെയും അനീതി പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കരുത്. അതിനുവേണ്ടിയാണ് ആഖോര്‍ താഴ്വരയില്‍ അവര്‍ സ്മാരകം പണിതത്.

സന്തോഷപ്രദവും അഭിമാനകരവുമായ മഹാസംഭവങ്ങളുടെയും വിജയങ്ങളുടെയും ഓര്‍മ്മ നിലനിര്‍ത്താനായിട്ടാണല്ലോ മനുഷ്യന്‍ സാധാരണമായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക? എന്നാല്‍ ഇവിടെ സ്മാരകം ഉണര്‍ത്തുന്നത് സന്തോഷവും അഭിമാനവുമല്ല, ഭയമാണ് - രക്ഷാകരമായ ഭയം. ദൈവത്തിനും ദൈവജനത്തിനുമായി മാറ്റിവച്ചിരിക്കുന്ന പൊതുമുതല്‍ സ്വന്തമാക്കുന്നവനെ കാത്തിരിക്കുന്നത് ആഖാന്‍റെ അന്ത്യമാണെന്ന മുന്നറിയിപ്പ് തീര്‍ച്ചയായും രക്ഷാകരമാണ്. അനീതി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അതു പ്രേരിപ്പിക്കണം.

ലോകചരിത്രത്തിലും രക്ഷാകരചരിത്രത്തിലും ഒരു പോലെ ധാരാളമായി ഉയര്‍ന്നു നില്ക്കുന്നെങ്കിലും ഈ സ്മാരകങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്നതാണ് ദുഃഖകരമായ യാഥാര്‍ത്ഥ്യം. വിജയസ്മരണക്കായി ഉയര്‍ത്തുന്ന ഗോപുരങ്ങളും സ്തംഭങ്ങളും പോലും പലപ്പോഴും  വലിയ അക്രമത്തിന്‍റെയും അനീതിയുടെയും സ്മരണകളായിരിക്കും ഉണര്‍ത്തുക. അന്യന് അര്‍ഹമായത് പിടിച്ചടക്കി സ്വന്തമാക്കി വിജയം ആഘോഷിച്ച് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ തങ്ങളുടെ തന്നെ പാപത്തിന്‍റെയും അനീതികളുടെയും ഓര്‍മ്മകളാണ് പിന്‍തലമുറകള്‍ക്ക് കൈമാറുന്നത് എന്ന് മറന്നുപോകുന്നു.ഒരാളുടെ പാപം, അനീതി നിറഞ്ഞ പ്രവര്‍ത്തനം, സമൂഹത്തിനു മുഴുവന്‍ നാശകാരണമാകും എന്ന ഒരു പാഠവും ആഖാന്‍റെ വിവരണത്തിലൂടെ ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. മനുഷ്യന്‍റെ ഏതു പ്രവര്‍ത്തനവും, അതു നന്മയോ  തിന്മയോ ആകട്ടെ, ഒരു വ്യക്തിയുടെ സ്വകാര്യ മേഖലയില്‍ മാത്രം ഒതുങ്ങി   നില്‍ക്കുന്നില്ല. സംഘാതവ്യക്തിത്വം (Corporate Personality) എന്നൊരു കാഴ്ച്ചപ്പാടുണ്ട്. അതിന്‍പ്രകാരം ഒരു സമൂഹത്തിലെ ഓരോ വ്യക്തിയും അഭേദ്യമാം വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരാളുടെ വാക്കും പ്രവൃത്തിയും മാത്രമല്ല ചിന്ത പോലും, ആ സമൂഹത്തിലെ എല്ലാവരെയും ബാധിക്കും; സ്വാധീനിക്കും. അതിനാല്‍ എല്ലാവര്‍ക്കും ഒരു കൂട്ടുത്തരവാദിത്വമുണ്ട്. "നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ?" എന്ന ചോദ്യത്തിന്, "എനിക്കറിയില്ല സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?" എന്ന മറുചോദ്യം കൊണ്ട് ഉത്തരം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ദൈവം ആരെയും അനുവദിക്കുകയില്ല എന്നും ആഖോര്‍ താഴ്വരയിലെ കല്ക്കൂമ്പാരം അനുസ്മരിപ്പിക്കുന്നു.
ശിക്ഷാഭീതി കൂടാതെ ആരും അക്രമം പ്രവര്‍ത്തിക്കരുത്, അനീതിയില്‍ തുടരരുത് എന്നു പഠിപ്പിക്കാന്‍ വേണ്ടി കൂടിയാണ് ബൈബിള്‍ ആഖാന്‍റെ അനുഭവം വിശദമായി വിവരിക്കുന്നത്. ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ച് തീക്ഷ്ണമായി പഠിപ്പിക്കുമ്പോഴും നീതിബോധം നഷ്ടമാക്കരുത് എന്ന കര്‍ശനമായ താക്കീതുകളും ബൈബിള്‍ നല്കുന്നുണ്ട്. ഇന്നു നമ്മുടെ നാട്ടില്‍ ഉയര്‍ന്നു നില്ക്കുന്ന പല വലിയ മാളികകളും സ്തംഭങ്ങളും സ്തൂപങ്ങളും ആഖോര്‍ താഴ്വരയിലെ കല്ക്കൂമ്പാരത്തെയല്ലേ അനുസ്മരിപ്പിക്കുന്നത് എന്ന സംശയം നിലനില്‍ക്കുന്നു. പല രക്തസാക്ഷി മണ്ഡപങ്ങളും അസംഘടിതരും അശക്തരുമായ പാവപ്പെട്ടവര്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെയും അനീതികളുടെയും സ്മാരകങ്ങളല്ലേയെന്നും സംശയിക്കണം. യുവമനസ്സുകളില്‍ വിദ്വേഷത്തിന്‍റെ വിഷം നിറച്ച്, തല്ലിത്തകര്‍ക്കാനും കൊന്നൊടുക്കാനുമായി തെരുവിലേക്കിറക്കിവിടുന്ന നേതാക്കന്മാര്‍ക്കും ലഭിക്കേണ്ടത് ആഖാന്‍റെ തന്നെ സ്മാരകങ്ങളാണെന്ന് ബൈബിള്‍ അനുസ്മരിപ്പിക്കുന്നു.

സാമൂഹ്യനീതിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരും അനീതിക്കെതിരെ ആയുധമെടുക്കാന്‍ അണികളോടാഹ്വാനം ചെയ്യുന്നവരും ആഖോര്‍ താഴ്വരയില്‍ ഒരു നിമിഷം നില്‍ക്കണം; അവിടെ ഉയര്‍ന്നു നില്‍ക്കുന്ന കല്‍കൂമ്പാരം കാണണം, അവിടെ നിന്നുയരുന്ന രക്തത്തിന്‍റെ നിലവിളി കേള്‍ക്കണം. അന്യന് അര്‍ഹമായത് സ്വന്തമാക്കുന്നവന്‍റെ ഗതി ഇതായിരിക്കും എന്ന താക്കീത് ഓര്‍ക്കണം. പൊതുമുതല്‍ സ്വന്തമാക്കുന്ന ജനസേവകര്‍ക്കും ജനനായകര്‍ക്കും അനീതിയുടെ സ്മാരകങ്ങളാണ് തങ്ങള്‍ക്കുവേണ്ടി പണിയുന്നത് എന്ന തിരിച്ചറിവുനല്കാന്‍ ആഖോര്‍താഴ്വരയ്ക്കു കഴിയും.

സാമൂഹ്യ - രാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല, മതമേഖലയിലും ആഖോര്‍ താഴ്വരയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ദൈവത്തിന്‍റെ പേരില്‍ സംഭരിക്കുന്ന നേര്‍ച്ച - കാഴ്ച്ചകളും ദശാംശങ്ങളും മറ്റ് ഓഹരികളും എന്തിനുവേണ്ടി ചെലവഴിക്കുന്നു എന്ന ആത്മശോധനയ്ക്ക് ഈ സ്മാരകം പ്രേരകമാകണം. ദൈവാരാധനയ്ക്കെന്ന ലേബലില്‍ സംഭരിക്കുന്ന സ്വത്ത് മനോഹരങ്ങളായ ആലയങ്ങളും ഉത്തുംഗ ഗോപുരങ്ങളും പൊന്നുപൂശിയ താഴികക്കുടങ്ങളും നിര്‍മ്മിക്കാനായി ചെലവിടുമ്പോള്‍ അതാണോ യഥാര്‍ത്ഥ ദൈവാരാധന, ഇങ്ങനെയാണോ ദൈവത്തെ മഹത്വപ്പെടുത്തേണ്ടത് എന്നും ചിന്തിക്കേണ്ടതുണ്ട്. ഇപ്രകാരമുള്ള  നിര്‍മ്മിതികള്‍ക്കായി മുടക്കുന്ന തുകകളുടെ അത്ര നിസ്സാരമല്ലാത്ത ഒരോഹരി നിര്‍മ്മിതാക്കള്‍ സ്വന്തമാക്കുന്നെങ്കില്‍ അതിനെ മോഷണമെന്ന് വിശേഷിപ്പിക്കാനാകുമോ? അവിടെയൊക്കെ ആഖാന്‍ പുനര്‍ജനിക്കുകയല്ലേ? അപ്പോള്‍ അവരുയര്‍ത്തുന്ന സ്മാരകങ്ങളും ആഖോര്‍ താഴ്വരയെ അനുസ്മരിപ്പിക്കുന്നതാവില്ലേ?

പ്രത്യക്ഷത്തില്‍ അതിക്രൂരവും കിരാതവുമായി തോന്നാവുന്ന ആഖാന്‍ സംഭവത്തിന് ഇന്നും ഒട്ടും തന്നെ  പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ സംഭവത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സന്ദേശം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു, ശ്രദ്ധിച്ചാല്‍ തന്നെ മറന്നുപോകുന്നു, അഥവാ മറന്നു കളയുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? ജനജീവിതത്തിന്‍റെ സകല മേഖലകളെയും കീഴടക്കിക്കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥമോഹങ്ങളും സമ്പത്തിനോടുള്ള ആസക്തിയും മാമ്മോന്‍റെ സര്‍വ്വാധിപത്യവും വരുത്തിവയ്ക്കുന്ന ദുരന്തത്തെ അനുസ്മരിപ്പിക്കുന്നതാണ് ആഖോര്‍ താഴ്വരയിലെ കല്ക്കൂമ്പാരം. ഒന്നേ ചെയ്യേണ്ടതുള്ളൂ, ദൈവത്തിന്‍റേതു ദൈവത്തിനു കൊടുക്കുക. അതേ സമയം ദൈവത്തിന്‍റേത് ദൈവത്തിനു സ്വന്തമായവര്‍ക്ക്, ദരിദ്രര്‍ക്ക് ഉള്ളതാണെന്ന് മറക്കാതിരിക്കുക. പൊതുമുതല്‍ സ്വന്തമാക്കാതെ, അന്യര്‍ക്ക് അര്‍ഹമായതു പിടിച്ചെടുക്കാതെ, നീതിപൂര്‍വ്വം വര്‍ത്തിക്കാന്‍ ആഖാന്‍റെ സ്മാരകം അനുസ്മരിപ്പിക്കുന്നു.  

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts