വിഷാദം നമ്മുടെ കാലഘട്ടത്തിന്‍റെ മുഖഭാവമാണ് എന്ന് ഗുന്തര്‍ ഗ്രാസ് പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിന്‍റെ തുടര്‍ച്ചയോ അതിലധികമോ ആണ് നിലവിലെ സമൂഹം. സ്വതന്ത്രരാവുകയും ഒപ്പം വിഷാദിയാവുകയും ചെയ്യുക എന്നതാണ് നടപ്പുരീതി. എന്തുകൊണ്ടായിരിക്കും പങ്കുവെക്കലിന്‍റെ സാധ്യതകളും അതിനുള്ള മാധ്യമങ്ങളും ഏറിവരുന്ന കാലത്ത് ഇത്രയധികം അവനവന്‍ തുരുത്തുകള്‍?
വിഷാദം കാല്പനികതയില്‍ മാത്രം സുന്ദരമാകുന്ന ഒരു പദമാണ്. അനുഭവത്തില്‍ അത് രോഗാവസ്ഥയാണ്. തലച്ചോറ് കാര്‍ന്നുതിന്നുന്ന, ആരോഗ്യം നശിപ്പിക്കുന്ന, ഒറ്റപ്പെടുത്തുന്ന, ആത്മഹത്യവരെ എത്തിച്ചേക്കാവുന്ന വല്ലാത്ത ഒരു രോഗാവസ്ഥ. കലയുമായി ബന്ധപ്പെട്ട, സൃഷ്ടിപരമായ കഴിവുകളുള്ള, സമൂഹവുമായി നിരന്തരം ഇടപെടുന്ന, ആഘോഷിക്കപ്പെടുന്ന പല സുഹൃത്തുക്കളും എഴുതുന്ന ഈ ഞാന്‍ തന്നെയും ഈ അവസ്ഥയിലാണ് എന്ന സത്യമാണ് ഈ എഴുത്തിനാധാരം. സാമൂഹ്യമാധ്യമങ്ങളുടെ വലിയ ഭൂപടത്തില്‍ പലയിടത്തും പലരും പൊടുന്നനെ ഇല്ലാതാകുന്നു. തലേന്ന് മിണ്ടിപ്പിരിഞ്ഞ ഒരാള്‍ അടുത്തദിവസം ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പില്ല. മലയാളത്തില്‍ മാത്രം എടുത്താല്‍ കാണാം ഈയടുത്ത് കവി ജിനേഷ് മടപ്പള്ളിവരെ എത്തിനില്‍ക്കുന്ന എണ്ണമൊടുങ്ങാത്ത പേരുകള്‍. എന്തുകൊണ്ടാകും ഇതു സംഭവിക്കുക? ചോദ്യങ്ങള്‍ ഏറെയാകുമ്പോഴും ഉത്തരം പകച്ചുനില്‍ക്കുകയാണ് ഈ രോഗത്തിന് മറുപടി. ഡിപ്രഷന് മരുന്നു വാങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഡിപ്രഷന്‍ എന്നത് പ്രഷറോ, ഷുഗറോ പോലുള്ള അതിസാധാരണമായ ഒരു വാക്കായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. എന്തായിരിക്കും നമ്മളെ ഒരു സമൂഹമെന്ന നിലയ്ക്ക് ഇതിലേക്ക് എത്തിച്ചതെന്ന് ഒന്നാലോചിച്ചാലോ? സാധ്യതകളെക്കുറിച്ചാണ്, കാരണങ്ങള്‍ ഇതാണ് എന്നല്ല ഈ കുറിപ്പ്.
വിസില്‍ ഇല്ലാത്ത പ്രെഷര്‍കുക്കര്‍ പോലെയാണ് പഠിച്ചിറങ്ങി വരുന്ന കുട്ടികളുടെ അവസ്ഥ. വിദ്യാഭ്യാസം കൊണ്ട് ഒരാളുടെ ജന്മനാ ഉള്ള കഴിവുകളെ വികസിപ്പിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യമെങ്കിലും നടക്കുന്നത് എല്ലാവരെയും ഒരേ അച്ചില്‍ വാര്‍ക്കുന്ന പരിപാടിയാണ്. പരസ്പരം താരതമ്യപ്പെടുകയും വളരെ ചെറുപ്പത്തിലേ അപകര്‍ഷതാബോധവും മത്സരബുദ്ധിയും നിരാശയും തോല്‍പ്പിക്കണം എന്ന ചിന്തയും കൊണ്ട് കുത്തിനിറക്കപ്പെടുന്ന തലച്ചോറുകള്‍. വളരെ ചെറിയ തോല്‍വികളില്‍പ്പോലും പതറിപ്പോകുന്നവരാണ് ഇന്ന് നമ്മുടെ യുവതലമുറ. ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടതിനു പകരം അതില്‍നിന്ന് എത്രയും പെട്ടെന്ന് ഒളിച്ചോടുക എന്നതാണ് മിക്കവാറും എല്ലാവരും സ്വീകരിക്കുന്ന വഴി. അതിന്‍റെ ബാക്കിപത്രമാണ് മാര്‍ക്ക് കുറഞ്ഞുപോകുന്നതിന് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ്. എസ്. എസ്. എല്‍. സി. പരീക്ഷയുടെ റിസല്‍ട്ട് വരുന്ന ദിവസം പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന ഒരു അമ്മയെയും മകളെയും കണ്ടു. ജയിച്ചതിന്‍റെ സന്തോഷം കൊണ്ടാകും എന്നു കരുതിയാണ് ചോദിച്ചത്. അല്ല, റിസല്‍ട്ട് അതുവരെ അറിഞ്ഞിട്ടില്ല, വരാന്‍ പോകുന്നത് എന്തായിരിക്കും എന്നാലോചിച്ചിട്ട് അതിന്‍റെ പ്രഷര്‍ താങ്ങാന്‍ വയ്യാതെയാണ് കരച്ചില്‍.
ശബ്ദവും വിഷാദവും തമ്മിലെന്ത് എന്നാണോ? സ്വന്തം അനുഭവംകൊണ്ടു പറയാം, അവര്‍ ഒരേ കുടുംബക്കാരാണ്. ഏതൊരു ജീവിക്കും താങ്ങാന്‍ കഴിയുന്ന ശബ്ദത്തിന്‍റെ അളവിന് പരിധിയുണ്ട്. മനുഷ്യന്‍ ആ അളവിനെക്കുറിച്ച് തീരെ ബോധവാനല്ല. അവര്‍ ശബ്ദങ്ങളെ പരിധിയില്ലാതെ നിരന്തരം സ്വീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ടെലിവിഷനും മൊബൈല്‍ഫോണും മുതല്‍ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഹോണ്‍ വരെ തലച്ചോറിലെ ഞരമ്പുകളെ വലിച്ചുമുറുക്കാന്‍ പര്യാപ്തമാണ്. വലിയ ശബ്ദങ്ങളോട് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന് ഒരുങ്ങി നടക്കുന്ന അവസ്ഥയാണ്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍. അല്ലെങ്കില്‍ നോക്കൂ, ഉറക്കെ ഒരു ഹോണ്‍ശബ്ദം കേള്‍ക്കുമ്പോഴേക്ക് നമ്മള്‍ അസ്വസ്ഥരാവുകയും രണ്ടാമത്തേതിന് തിരിഞ്ഞു നോക്കുകയും മൂന്നാമത്തേതിന് ചീത്തവിളിക്കുകയും ചെയ്യുന്നില്ലേ എന്ന്. ഒരാള്‍ പൊട്ടിത്തെറിച്ചാല്‍ അതിനെ സമാധാനത്തോടെ, "പോട്ടെ ചേട്ടാ, സാരമില്ല" എന്ന് കൈകാര്യം ചെയ്യാന്‍ പറ്റുന്ന എത്രപേരുണ്ടാകും ഇവിടെ?
ഇനിയുള്ളത് കുടുംബമാണ്. സങ്കീര്‍ണമായ ഒരു ഘടനയാണ് കുടുംബത്തിന്‍റേത്. അതില്‍ നിലനില്‍ക്കുക എന്നത് ചില്ലറക്കാര്യമല്ല. അതിനെ നിലനിര്‍ത്താന്‍ വേണ്ടി പാടുപെടുന്നവരും അതില്‍ നിന്ന് പുറത്തേക്കു കടക്കാന്‍ പാടുപെടുന്നവരും നമ്മള്‍ക്കിടയില്‍ തന്നെയുണ്ട്. മൊത്തത്തില്‍ ഒരു'പാടാണ്' സംഗതി. സുഹൃത്തുക്കളോടൊത്ത് എത്രനേരവും സന്തോഷമായി ചെലവിടാന്‍ കഴിയുന്ന നമ്മള്‍ക്ക്, ആണിനും പെണ്ണിനും ഏതു പ്രായക്കാര്‍ക്കും, കുടുംബത്തോടൊത്ത് സന്തോഷമായി എത്ര മണിക്കൂര്‍ ചെലവഴിക്കാന്‍ പറ്റും? വ്യക്തിസ്വാതന്ത്ര്യം എന്നൊരു വാക്കില്‍ത്തട്ടി വീണുപോയ കാലമാണിത്. അതിന്‍റെ ആഴമോ പരപ്പോ അറിയാതെ, അതിന്‍റെ രാഷ്ട്രീയമറിയാതെ, സ്വാതന്ത്ര്യം എന്ന ഒരൊറ്റ വാക്കിനെ നമ്മള്‍ എടുത്താഘോഷിച്ചു. അതിന്‍റെ അലയൊലികള്‍ സമൂഹത്തില്‍ കേട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ഉപേക്ഷിച്ചുപോകുക എന്നത് ഏറ്റവും എളുപ്പമുള്ള പ്രവൃത്തിയായി, ചെറുപ്പക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് കലാകാരസമൂഹത്തിനിടയില്‍, ശ്രദ്ധിച്ചാലറിയാം വീടുപേക്ഷിക്കുക എന്നത് വിപ്ലവമാണ് എന്ന വല്ലാത്തൊരു തോന്നലില്‍ വിട്ടുപോരുന്നവര്‍ ധാരാളമുണ്ട്. ഇനി, നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാകട്ടെ പിന്തുണയ്ക്ക് പകരം ഒറ്റപ്പെടുത്തലാകും കിട്ടുക. തെറ്റിദ്ധാരണകളെ, വഴക്കുകളെ, പ്രശ്നങ്ങളെ തിരുത്തി, സംസാരിച്ച് തീര്‍ത്ത് മുമ്പോട്ടുപോകുന്ന പരിപാടി കുറഞ്ഞുകുറഞ്ഞാണ് വരുന്നത്. ഒരാളെ വിഷാദിയാക്കാന്‍ കുടുംബം വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. പരസ്പരധാരണയുള്ള, തുല്യഇടം എല്ലാവര്‍ക്കും കൊടുക്കുന്ന ഒരു കുടുംബം എന്തൊരു സമാധാനമായിരിക്കുമെന്നോ. ഇതിന്‍റെ തുടര്‍ച്ചയാണ് ആരോഗ്യമുള്ള സൗഹൃദങ്ങളും.
'റിലേഷന്‍ ഷിപ്പ് ഇഷ്യൂസ്'; അതാണ് അതിന്‍റെ കറക്ട് വാക്ക് എന്നതുകൊണ്ട് പകരമൊന്ന് ഇവിടെ ശരിയാകില്ല. അവനവനു വേണ്ടത് എന്താണ് എന്ന് തിരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസമോ കുടുംബമോ ഒന്നും നമ്മളെ പ്രാപ്തരാക്കുന്നില്ല. ചെറുപ്പക്കാരെ കൂടുതല്‍ കേള്‍ക്കുന്ന ആള്‍ എന്ന നിലയില്‍, ഏറ്റവുമധികം വിഷാദരോഗികള്‍ ഉണ്ടാകുന്നത് ഈ ഗണത്തിലാണ്. പുറത്തുപറയാന്‍ വയ്യാത്ത, പരസ്പരം ധാരണയില്ലാത്ത, അബദ്ധത്തില്‍പെട്ടുപോകുന്ന, വിട്ടുപോകാന്‍ ആഗ്രഹിച്ചിട്ടും പറ്റാത്ത, അപമാനവും വെറുപ്പും നിരന്തരം സഹിക്കേണ്ടിവരുന്ന ആളുകള്‍ വിഷാദത്തിലേക്കല്ലാതെ പിന്നെ എങ്ങോട്ടാണ് യാത്ര ചെയ്യേണ്ടത്? ദേഷ്യവും വെറുപ്പും വയലന്‍സും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത് അത്ര പതുക്കെയൊന്നുമല്ല. ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്ന അടിത്തറ നമ്മള്‍ പണിയേണ്ടതുണ്ട്. കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം കൊടുക്കുകയും സമൂഹത്തിലെ എല്ലാ വൈവിധ്യങ്ങളെയും അവനവനോടുള്ള ബഹുമാനത്തോടെ കാണാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അവരെ തിരഞ്ഞെടുക്കാന്‍ പ്രാപ്തിയുള്ളവരാക്കേണ്ടതുണ്ട്. അതിനൊക്കെയപ്പുറം പരാജയപ്പെട്ടുപോയവരെ ഒറ്റപ്പെടുത്താതെ ചേര്‍ത്തുനിര്‍ത്തി ധൈര്യം പകരേണ്ടതുണ്ട്. ഇപ്പറഞ്ഞതൊക്കെ വളരെ സാധാരണമായി സമൂഹത്തിന്‍റെ ഏതു തട്ടിലും ഉള്ള ആളുകളെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതിനുമൊക്കെ അപ്പുറമാണ് ക്രീയേറ്റീവായ ആളുകളുടെ മേല്‍ ബാധിക്കുന്ന വിഷാദത്തിന്‍റെ നിഴല്‍. അതിന് കാരണങ്ങളേക്കാള്‍ കാരണമില്ലായ്മകളാണ് ഉണ്ടാവുക എന്നതുകൊണ്ട് പരിഹാരം വളരെ ബുദ്ധിമുട്ടാണ് താനും. സ്വന്തം ക്രിയേറ്റിവിറ്റി താങ്ങാന്‍ കഴിയാതെ വരുന്നവര്‍ മുതല്‍ സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങള്‍ തലയിലേറ്റിവച്ച് വിഷാദത്തിന് അടിമയായിപ്പോകുന്നവര്‍വരെ നിരവധിപ്പേര്‍ ചുറ്റുമുണ്ട്. കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേ അതിവൈകാരികമായി ചിന്തിക്കുന്നവരാണ്. ആ വൈകാരികത കാണിക്കോ, കേള്‍വിക്കാരനോ, വായനക്കാരനോ പകര്‍ന്നുകൊടുക്കലാണ് അയാള്‍ ചെയ്യുന്നത്. ആ അനുഭവം സമ്മാനിക്കുന്നത് അസ്വസ്ഥതകളുടെ തുടര്‍ച്ചയാകുമ്പോള്‍ തീവ്രമായ വിഷാദം അവിടെ കൂടുകൂട്ടിത്തുടങ്ങും. ലോകം കണ്ട മികച്ച കലാകാരന്മാരില്‍ പലരും വിഷാദത്തിന് അടിപ്പെട്ട് സ്വയം മരണത്തെ തിരഞ്ഞെടുത്തവരാണ്. ഇടപ്പള്ളി രാഘവന്‍പിള്ളയും നന്ദിതയും രാജലക്ഷ്മിയും ഷെല്‍വിയും മുതല്‍ ജിനേഷ് മടപ്പള്ളിവരെയുള്ളവര്‍ നമുക്കിടയില്‍ നിന്നാണ് അങ്ങോട്ടുപോയത്. പോയവരെക്കാള്‍ എത്രയോ അധികം പേരാണ് മരണത്തെ മഹത്വവത്കരിച്ച് വരക്കുകയും പാടുകയും എഴുതുകയും ഒക്കെ ചെയ്തുകൊണ്ട് നമുക്കിടയിലുള്ളത്. മൂഡ്സ്വിങ്സ് എന്ന ഓമനപ്പേരില്‍ ഓരോ കലാകാരനും താലോലിക്കുന്ന ആ അവസ്ഥ, തന്നെ നിരാശയുടെ പടുകുഴിയില്‍ കൊണ്ടെത്തിക്കും എന്നുറപ്പുള്ളപ്പോഴും പുതിയതായി ഒന്ന് സൃഷ്ടിക്കപ്പെടുമ്പോഴുള്ള അതിതീവ്രമായ ആനന്ദം, അയാള്‍ക്ക് മാത്രം സ്വന്തമാണ്. സാമൂഹ്യപ്രശ്നങ്ങളെ അതിവൈകാരികമായി കാണുകയും അതിന്‍റെമേല്‍ ഉറക്കം നഷ്ടപ്പെടുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്യുന്ന എത്രയോ പേര്‍. സ്ത്രീവിഷയങ്ങളും ദളിത് വിഷയങ്ങളും ജാതിവിഷയങ്ങളും പീഡനവാര്‍ത്തകളും അപമാനിക്കപ്പെടലുകളും കൊണ്ട് വിവശമായിപ്പോയ ഒരു സമൂഹത്തില്‍ നിരാശപ്പെടാന്‍ പ്രത്യേകകാരണങ്ങള്‍ ഇനി ഉണ്ടാവേണ്ടതുമില്ലല്ലോ.
അല്പനേരം, അല്പദൂരം പ്രകൃതിയിലായിരിക്കുക എന്നത് വിഷാദത്തെ ഒരു പരിധിവരെ ദൂരെ നിര്‍ത്താനുപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്തിനാണ് കരയുന്നത് എന്നു മനസ്സിലാകാതെ, എന്നാല്‍ കരച്ചില്‍ നിര്‍ത്താന്‍ പറ്റാതെ ഒരു മുഴുവന്‍ ദിവസം റോഡിലൂടെ നടന്നതിന്‍റെ അമ്പരപ്പ് മാറിയപ്പോഴാണ് എനിക്കെന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. പലപ്പോഴും പറഞ്ഞുമാത്രം കേട്ട വിഷാദം അന്നുമുതലിങ്ങോട്ട് പലരൂപത്തില്‍ കൂടെയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ സ്വയം തീരുമാനിക്കുക എന്നതല്ലാതെ ഒരു പ്രതിവിധി ഉണ്ടായിരുന്നില്ല. സത്യത്തില്‍ പലരുടെ പ്രശ്നങ്ങള്‍ക്ക് ചെവികൊടുത്ത് അവയ്ക്ക് പരിഹാരങ്ങള്‍ ആലോചിച്ച് അവയൊക്കെയും സ്വന്തം പ്രശ്നങ്ങളാക്കി മാറ്റി അതിനൊക്കെ പരിഹാരങ്ങള്‍ ഉണ്ടാകുമ്പോഴേക്ക് സ്വയം അശക്തയായിപ്പോകുകയായിരുന്നു ഞാന്‍. അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സങ്കടങ്ങളുള്ളവരോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ എങ്ങനെയാണ് സാധിക്കുക. അവര്‍ ഇറക്കിവെച്ചുപോകുന്ന മുഴുവന്‍ പ്രശ്നങ്ങളും കൂടെ തലയ്ക്കകത്തു കിടന്ന് ഇഴഞ്ഞുതുടങ്ങിയപ്പോഴാണ് അപകടത്തിലാണ് എന്ന് സ്വയം ബോധ്യമായത്.
അത് പരിഹരിക്കാന്‍ നിറഞ്ഞ പച്ചയില്‍, നനഞ്ഞ മണ്ണില്‍, ഒരു പുഴയുടെ തീരത്ത് അങ്ങനെ തുറന്ന ആകാശത്തിനുകീഴെ എവിടെയും അതിന്‍റെ ശബ്ദങ്ങള്‍ കേട്ടുകൊണ്ട് അപ്പോള്‍ ആ നിമിഷത്തിലായിരിക്കുക എന്നതാണ് ഞാന്‍ തിരഞ്ഞെടുത്ത രീതി. ഒരു വിത്ത് മുളച്ചുപൊങ്ങുന്നത് നോക്കിയിരിക്കുക, ഒരു തൈ നടുക, അതിലൊരു പൂ വിരിയുന്നത് കാത്തിരിക്കുക എന്നിങ്ങനെ സ്വയം ക്രമീകരിച്ച് ആനന്ദത്തെ തിരികെ വിളിക്കുകയാണ് ഞാനിപ്പോള്‍.