മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതല്‍ക്കു തന്നെ അതിനെ വിടാതെ പിന്‍തുടര്‍ന്നു പോരുന്ന രണ്ട് കാര്യങ്ങളാണ് മതവും രാഷ്ട്രീയവും. അതില്‍ ഏതാണ് ആദ്യമുണ്ടായത് എന്നതിലെ തര്‍ക്കമുള്ളൂ. എന്തായാലും, ഇവ രണ്ടും രൂപപ്പെട്ട അന്നു തുടങ്ങി മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും, തളര്‍ച്ചയിലും നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. പലപ്പോഴും മതവും, രാഷ്ട്രീയവും ഒന്നിച്ചു നിന്നു; വൈരുദ്ധ്യങ്ങളുടെ പേരില്‍ പോരടിച്ചു. സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും എന്നു പറഞ്ഞ് മതത്തെയും, രാഷ്ട്രീയത്തെയും വേര്‍പെടുത്തിയ മതംപോലും, അധികം വൈകാതെ രാഷ്ട്രീയ വത്കരിക്കപ്പെട്ടു. അതെ, മതത്തെ രാഷ്ട്രീയത്തില്‍ നിന്നും, രാഷ്ട്രീയത്തെ മതത്തില്‍നിന്നും മാറ്റിനിറുത്തുക ഒട്ടൊക്കെ ദുഷ്കരമായ ഒന്നാണ്. അതിനു ശ്രമിച്ച ബുദ്ധന്‍റെ മതംപോലും പില്കാലത്ത് രാഷ്ട്രീയവത്കരിക്കപ്പെട്ടു. നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക തന്നെ ഉത്തമോദാഹരണം.
സംഘമായി ജീവിക്കുവാനുള്ള പ്രവണത ഏതാണ്ട് എല്ലാ ജീവിവര്‍ഗ്ഗങ്ങളും തന്നെ പ്രകടി പ്പിക്കുന്നുണ്ട്. ഒറ്റയ്ക്കുള്ള അതിജീവനത്തേക്കാള്‍ എന്തുകൊണ്ടും ഫലപ്രദമാണ് കൂട്ടത്തോടെയുള്ളത്. പ്രത്യേകിച്ചും, ശക്തികുറഞ്ഞവര്‍ ആണ് സംഘടിതരാകുവാനുള്ള പ്രവണത കൂടുതല്‍ പ്രകടിപ്പിക്കുക. കാടുകളില്‍ സംഘടിതരായി ജീവിക്കുന്ന കടുവകളെ കാണാറില്ല. ഭക്ഷണത്തിനായി വേട്ടയാടുവാന്‍ അതിവിശാലമായ പ്രദേശങ്ങള്‍ ആവശ്യമുള്ള ഇനങ്ങളെല്ലാം തന്നെ ഒറ്റയ്ക്കോ, തന്‍റെ ഇണകളോടൊപ്പമോ മാത്രമായിരിക്കും ജീവിക്കുക. എന്നാല്‍ മാനുകളെ നോക്കൂ, അവര്‍ വലിയ സംഘങ്ങളായാണ് ജീവിക്കുക. ഒറ്റയ്ക്കുള്ള ഒരതിജീവനം അവര്‍ക്കു സാധ്യമേയല്ല. എന്നെ ങ്കിലും, സംഘത്തില്‍ നിന്നും ഒറ്റതിരിഞ്ഞു പോയാല്‍ മിക്കവാറും അവര്‍ ഇല്ലാതാകും. നമ്മുടെ കാര്യവും ഏതാണ്ടതൊക്കെ തന്നെ. കാടുകളില്‍ ഒറ്റയ്ക്കുള്ള അതിജീവനം നമുക്കും സാധ്യമേയല്ല.
ആദ്യമൊക്കെ നാം ചെറു ഗോത്രങ്ങളായാണ് വസിച്ചിരുന്നത്. പിന്നെയത് വലിയ ഗോത്രങ്ങ ളിലേക്കും, തുടര്‍ന്നത് രാഷ്ട്രങ്ങളുടെ രൂപീകരണത്തിലേക്കും നയിച്ചു. ഗോത്രങ്ങളുടെ ഉദയത്തോടെ തന്നെ മതവും, രാഷ്ട്രീയവും ഇവിടെ രൂപപ്പെടുവാന്‍ തുടങ്ങി. ആദിമഗോത്രങ്ങളെല്ലാം തന്നെ, തങ്ങള്‍ക്ക് കാരണം എന്ത് എന്നറിയാത്ത എന്തിനും കാരണ ക്കാരനായ ഒരു ദൈവത്തെ കണ്ടു. ഇടിമിന്നലും കൊടുങ്കാറ്റും പേമാരിയും കടലും ആകാശവും വരെ ദൈവങ്ങളായി. ഗോത്രങ്ങള്‍ തമ്മിലുള്ള വൈരങ്ങളും യുദ്ധങ്ങളും പോലും പലപ്പോഴും ദൈവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളായി കണക്കാക്കപ്പെട്ടു. ജയിച്ചവരുടെ ദൈവങ്ങള്‍ കൂടുതല്‍ ശക്തരായി. പിന്നീട്, ദൈവങ്ങള്‍ മറ്റു ഗോത്രങ്ങളെ അടിച്ചമര്‍ത്തുവാനുള്ള കാരണങ്ങളും, ഉപകരണങ്ങളുമായി മാറി. ഗോത്രങ്ങളുടെ നേതൃസ്ഥാനത്ത് എത്തുവാനുള്ള പോരാട്ടങ്ങള്‍ ആദ്യകാല രാഷ്ട്രീയ ഏറ്റുമുട്ടലുകളായി.
പില്ക്കാലത്ത്, ഗോത്രങ്ങള്‍ രാഷ്ട്രങ്ങളായി പരിവര്‍ത്തിക്കപ്പെട്ടപ്പോള്‍, ദൈവങ്ങള്‍ക്കും രൂപ പരിണാമം സംഭവിച്ചു. ശക്തമായ രാഷ്ട്രത്തിന്‍റെ ദൈവവും അതീവ ശക്തനായി. ആ ദൈവത്തിന്‍റെ നീതി മറ്റു രാഷ്ട്രങ്ങളിലും അടിച്ചേല്പിക്കപ്പെട്ടു. അത്, പിന്നീട് സംഘടിത മതങ്ങളുടെ ഉദയത്തിനു കാരണമായി. കാനാന്‍ ദേശത്തേക്കുള്ള ഇസ്രായേല്യരുടെ കുടിയേറ്റം, യഹൂദമതത്തിന്‍റെ ഉത്ഭവത്തിനു കാരണമായി. എങ്കിലും, ആ മതത്തിന്‍റെ യാഥസ്ഥിതിക മനോഭാവം കാരണം മറ്റു ജനതകളിലേക്ക് അത് കടന്നുകയറിയില്ല. ജനനം കൊണ്ട് യഹൂദനായിരുന്നെങ്കിലും, അതിന്‍റെ നടപ്പുരീതികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്ന ക്രിസ്തുവിന്‍റെ വരവ്, അന്നത്തെ യഹൂദ പുരോഹിതരെ ചൊടിപ്പിച്ചില്ലായെങ്കിലേ അത്ഭുതമുള്ളു. അതവസാനം, ക്രിസ്തുവിനെ കുരിശിലേറ്റുന്നതു വരെ എത്തിച്ചു. എന്നാല്‍ അത് പുതിയ ഒരു മതത്തിന്‍റെ ഉദയത്തിലേക്കു നയിച്ചു. ആദ്യകാലങ്ങളില്‍ ക്രിസ്തുമതം വല്ലാതെ അടിച്ചമര്‍ത്തപ്പെട്ടു എങ്കിലും, ബൈസന്‍റൈന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍റൈന്‍, ക്രിസ്തുമതത്തെ തന്‍റെ രാഷ്ട്രത്തിന്‍റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചതോടെ അതിന്‍റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നു. ബൈസന്‍റൈന്‍ യുഗത്തിന്‍റെ അവസാനത്തോടെ വീണ്ടും ക്രിസ്തുമതത്തിന്‍റെ റോമിലേക്കു മാറി. അധികാരകേന്ദ്രത്തില്‍നിന്ന് എന്നും മാറി നില്‍ക്കുവാന്‍ ആഗ്രഹിച്ച ക്രിസ്തുവിനെ പിന്തുടരുന്നു എന്നവകാശപ്പെടുന്ന മതം, കാലാന്തരത്തില്‍ അധികാരത്തിന്‍റെ കേന്ദ്രബിന്ദുവായി മാറി. മതാധികാരികളെ ചോദ്യം ചെയ്യുവാനോ, എതിര്‍ക്കുവാനോ തുനിയുന്നവരെ ജീവനോടെ കത്തിക്കുവാന്‍ പോലും അത് മടിച്ചില്ല.
ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച ഇസ്ലാം, അതിന്‍റെ ആരംഭകാലത്തു തന്നെ ഭരണാധി കാരം കയ്യിലൊതുക്കി. ഈ പ്രവണത അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തുന്നത്, പതിനാലാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ, തെക്കുകിഴക്കന്‍ യൂറോപ്പിലും, വടക്കന്‍ ആഫ്രിക്കയിലും, ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ആധി പത്യം ഉറപ്പിച്ച ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്‍റെ കാലത്താണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള അന്തരംപോലും അക്കാലത്ത് ഇല്ലാതായി. അധികാരം എന്നത്, ഒരു പ്രത്യേകമതവിശ്വാസികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന ധാരണ പടര്‍ത്താന്‍ ആ സാമ്രാജ്യത്തിനു കഴിഞ്ഞു. ആ സാമ്രാജ്യം അസ്തമിച്ചതിനുശേഷവും, മദ്ധ്യേഷ്യയില്‍ ഇന്നും ഈ രീതി നിലനില്‍ക്കുന്നു.
ഇന്ത്യയിലും സ്ഥിതി വിഭിന്നമല്ല. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഹിന്ദു-മുസ്ലിം കലാപങ്ങളിലാണെന്നു കരുതിയാല്‍ തെറ്റി. വൈഷ്ണവരും ശൈവരും തമ്മില്‍ നടന്ന കലാപങ്ങളിലായിരുന്നു ഏറ്റവുമധികം ആളുകള്‍ ഇവിടെയൊടുങ്ങിയത്. ശൈവാരാധകരുടെ നാട്ടിലേക്ക് കടന്നു കയറിയ വൈഷ്ണവര്‍, തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനായി ആയുധമെടുത്തു. അതിനെ ചെറുക്കുവാന്‍ ശൈവരും അതേ വഴി പിന്തുടര്‍ന്നു. ഈ അക്രമങ്ങള്‍ കവര്‍ന്ന ജീവിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പിന്നെ ഒരാദിശങ്കരന്‍ വേണ്ടിവന്നു, അദ്വൈതത്തിലൂടെ അവരെ ഒരുമിപ്പിക്കുവാന്‍. അത്രയും കാലം തമ്മില്‍ത്തമ്മില്‍ നിരന്തരം പോരാടിക്കൊണ്ടിരുന്ന ഇക്കൂട്ടര്‍ പിന്നീടാണ് വൈദേശികമതങ്ങള്‍ക്കു നേരെ തിരിഞ്ഞത്. ഭാരതത്തിലെത്തിയ വൈദേശികര്‍ ഇവിടെ ആധിപത്യം ഉറപ്പിക്കുവാന്‍ അവരുടെ മതങ്ങളെ കൂട്ടുപിടിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി. മുഗള്‍ ഭരണാധികാരികളില്‍ അക്ബര്‍ ചക്രവര്‍ത്തിയൊഴിച്ച് മറ്റാരും തന്നെ മതസൗഹാര്‍ദത്തിനായ് യാതൊന്നും ചെയ്തില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തു മാത്രമാണ്, മതസൗഹാര്‍ദ്ദവും, മതനിരപേക്ഷതയുമൊക്കെ നമ്മുടെ മുഖ്യധാരാ സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലേക്ക് കടന്നുവരുന്നത്. സ്വാതന്ത്ര്യ സമരത്തെ വിജയത്തിലേക്ക് എത്തിച്ചതില്‍ ഈ കൂട്ടായ്മകള്‍ നിസ്തുലമായ പങ്കുവഹിച്ചു. എങ്കിലും, സ്വാതന്ത്ര്യസമരത്തിന്‍റെ അന്ത്യപാദ ത്തോടെ വീണ്ടും മതസ്പര്‍ധ തലപൊക്കി. ഇന്ത്യന്‍ ഉപഭൂഖണ്ഡം തന്നെ മൂന്നു ഖണ്ഡങ്ങളായും, രണ്ട് രാഷ്ട്രങ്ങളായും വെട്ടി മുറിക്കപ്പെട്ടു. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന്,ദശലക്ഷക്കണക്കിനാളുകളാണ് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും കുടിയൊഴി ക്കപ്പെട്ടത്. എണ്ണിയാലൊടുങ്ങാത്ത അത്രയാളുകളാണ് തങ്ങള്‍ക്ക് അപരിചിതമായ, അന്യമായ മറ്റൊരു ഭൂമികയിലേക്ക് പറിച്ചു നടപ്പെട്ടത്. ഭൂമിയില്‍ ഇതിനോട് തുലനം ചെയ്യാവുന്ന ഒരു വിഭജനം ഉണ്ടായിട്ടില്ല. തങ്ങളുടെ ഭൂമിയെയും, ബന്ധുക്കളെയും. എന്തിനേറെ, കുടുംബത്തെപ്പോലും കൈയൊഴിഞ്ഞു പലായനം ചെയ്തവര്‍ക്ക് കയ്യും കണക്കുമില്ല. ആ കൂടുമാറ്റത്തോടൊപ്പം നടന്ന കൂട്ടക്കൊലകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ലായിരുന്നു . ഒരിക്കല്‍ ഒന്നായിരുന്ന രണ്ട് ജനതകളെ എന്നന്നേക്കുമായി ശത്രുക്കളായി മാറ്റുകയാണ് ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിലൂടെ നടന്നത്. ഇതിനു ചുക്കാന്‍ പിടിച്ച മുഹമ്മദാലി ജിന്നയും, ജവഹര്‍ലാല്‍ നെഹൃുവും തികഞ്ഞ നിരീശ്വരവാദി കളായിരുന്നു എന്നത് മറ്റൊരു വൈരുദ്ധ്യം. വിഭജനത്തിനെതിരേ പോരാടിയ, അതിനായി ജീവന്‍ വെടിയേണ്ടിവന്ന മഹാത്മാഗാന്ധിയോ, തികഞ്ഞ ഈശ്വര വിശ്വാസിയും.. വല്ലാത്തൊരു വൈരുദ്ധ്യം തന്നെ!
നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വധിച്ചതോടെ, തീവ്രഹിന്ദുത്വസംഘടനകളുടെ മുഖം നഷ്ടപ്പെട്ടു. അവയില്‍ പലതും നിരോധിക്കപ്പെട്ടു. പിന്നെ, ഒരു ഇന്ദിരാജി വേണ്ടി വന്നു അവയ്ക്കു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരസ്യമായി തിരികെയെത്തുവാന്‍. തന്‍റെ രാഷ്ട്രീയത്തിലെ നിലനില്‍പ്പു പരുങ്ങലിലായതോടെ, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അവര്‍, ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ രൂപപ്പെട്ട ജനതാപാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ താഴെ വീണു. ഇന്ദിരയെ വീഴ്ത്താന്‍ മാത്രം സൃഷ്ടിക്കപ്പെട്ട ജനതാപാര്‍ട്ടിയില്‍, ഒരു ദീര്‍ഘകാലം അരങ്ങൊഴിഞ്ഞു നിന്ന തീവ്രഹിന്ദുത്വസംഘടന കള്‍ നുഴഞ്ഞു കയറി. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം ഭരിച്ച ജനതാപാര്‍ട്ടി, വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞു. വീണ്ടും ഇന്ദിര അധികാരത്തിലെത്തി. സിക്കുകാര്‍ക്കിടയില്‍ തനിക്കെതിരെ രൂപപ്പെട്ട ഒരു നീക്കത്തെ അടിച്ചമര്‍ത്താന്‍ അവര്‍ നടത്തിയ ശ്രമമായിരുന്നു ഖാലിസ്ഥാന്‍റെയും, ബിന്ദ്രന്‍വാലയുടെയും രൂപീകരണം. അതവസാനം, ബിന്ദ്രന്‍വാലയുടെയും, ഇന്ദിരാഗാന്ധിയുടെയും വധത്തിലേക്കു നയിച്ചു.. മതത്തെ രാഷ്ട്രീയവും, രാഷ്ട്രീയത്തെ മതവും മാറി മാറി ഉപയോഗിച്ച് കൊണ്ടേയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, എല്ലാ ദേശങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി. അതിതീവ്രഹിന്ദുത്വസംഘങ്ങള്‍, സ്വാതന്ത്ര്യാനന്തരം ഇവിടെ നിലനിന്നുപോന്ന മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ തകര്‍ക്കുവാനായി, ഊതിപെരുപ്പിച്ച ഒന്നായിരുന്നു ബാബറിമസ്ജിദ് പ്രശ്നം. അതവസാനം കര്‍സേവകരുടെ കയ്യാല്‍ ആ ചരിത്രനിര്‍മ്മിതി തകരുന്നതിലേക്കു നയിച്ചു. അതിന്‍റെ പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങളില്‍ ഒട്ടേറെ ജീവിതങ്ങള്‍ പൊലിഞ്ഞു. അനവധി പേര്‍ ഭവനരഹിതരായി. നരസിംഹറാവു എന്ന നിര്‍മ്മമനായ ഒരു പ്രധാനമന്ത്രിയുടെ രീതികള്‍ അതിന് ആക്കം കൂട്ടുകയും ചെയ്തു. അതിന്‍റെ ബാക്കിപത്രങ്ങളാണ് നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ എല്ലാം തന്നെ. ഭാരതചരിത്രത്തെ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ പുനര്‍നിര്‍മ്മിക്കുവാന്‍ വരെ അതിനു കഴിഞ്ഞു. കുട്ടികളുടെ ചരിത്രപാഠപുസ്തകത്തിലൂടെയാണ് അതിനു തുടക്കം കുറിച്ചത്. അധികം വൈകാതെ സവര്‍ക്കര്‍, ഇന്ത്യയുടെ പിതാമഹനായി രംഗത്തെത്തുകയും ചെയ്യുമായിരിക്കും. അതേ, ചരിത്രം എന്നും ജേതാക്കളുടേതാണ്, പരാജിതരുടേതല്ല.
ഇനി കേരളത്തിലെ കാര്യമെടുക്കാം. ഇവിടെ ആദ്യമുണ്ടായിരുന്ന ആദിവാസി ഗോത്രങ്ങളുടെ മലദൈവങ്ങളെ ഒരു മൂലയിലേക്കൊതുക്കിയത് ആര്യന്മാരുടെ വരവാണ്. വിഷ്ണുവുമായി ഇന്ത്യയിലെത്തിയ അക്കൂട്ടര്‍, ഭാരതത്തിലെ ശൈവരെ തെക്കോട്ടൊതുക്കി. അതിന്‍റെ ഭാഗമായാണ് കേരളത്തില്‍ ശൈവര്‍ കാലുറപ്പിച്ചത്. എന്നാല്‍, പില്ക്കാലത്ത് പതുക്കെ, വൈഷ്ണവര്‍ ഇവിടെയും ആധിപത്യമുറപ്പിച്ചു. എ.ഡി. ആദ്യനൂറ്റാണ്ടില്‍ തന്നെ കച്ചവടത്തിനായി ഇവിടെയെത്തിയവരിലൂടെ ക്രിസ്തുമതവും ഇവിടെയെത്തി. അതുകൊണ്ട് തന്നെ ആദ്യകാല കേരളക്രൈസ്തവര്‍ സാമ്പത്തികമായി പൊതുവെ മെച്ചപ്പെട്ട നിലയിലായിരുന്നു. എട്ടാം നൂറ്റാണ്ടോടെ കച്ചവടത്തിനായി ഇവിടെ എത്തിയവരിലൂടെ ഇസ്ലാം മതവും ഇവിടെയെത്തി. എന്നാല്‍, ക്രിസ്തുവര്‍ഷം പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ മാത്രമാണ്, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ വരവോടെ ക്രിസ്തുമതം തീരദേശ മേഖലയില്‍ വേരുപിടിച്ചത്. പക്ഷെ, ഇടനാടും, മലനാടും കേന്ദ്രീകരിച്ചു തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ആദ്യകാല കേരളക്രൈസ്തവരും, തീരമേഖലയില്‍ ഉയര്‍ന്നു വന്ന തീരദേശ ക്രിസ്ത്യാനികളും തമ്മിലുള്ള വൈജാത്യം എന്നും നിലനിന്നു. ഇതിന്‍റെ അനന്തരഫലമാണ് സഭയുടെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്ന ചിലരെങ്കിലും കേന്ദ്രം ഭരിക്കുന്നവരോട് കാണിക്കുന്ന മമത. അതിനു കാരണമായി പറയുന്നത് റബറിന്‍റെ വിലയിടിവാണ്, അല്ലാതെ മത്സ്യത്തിന്‍റെ ലഭ്യതക്കു റവോ, കുറഞ്ഞ വിലയോ അല്ല.
അതെ, എന്നും മതവും രാഷ്ട്രീയവും ഏതാണ്ടെല്ലാ നാടുകളിലും ഒരവിശുദ്ധബന്ധം പുലര്‍ത്തിയിരുന്നു. അധികാരരാഷ്ട്രീയത്തെ ഇട്ടെറിഞ്ഞു പോന്ന സാക്ഷാല്‍ ഗൗതമനെയും ഇതേ വൈരുദ്ധ്യം വിടാതെ പിന്തുടര്‍ന്നിരുന്നു. ഏറ്റവും വലിയ സമകാലീന ഉദാഹരണമാണ് ശ്രീലങ്കയില്‍ തമിഴരെ കൂട്ടക്കൊല ചെയ്ത, അഹിംസാവാദികളും, ബുദ്ധമതവിശ്വാസികളുമായ സിംഹളര്‍... യഹൂദര്‍ക്ക് ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപി ക്കുവാനായി, സ്വന്തം ദേശത്തു നിന്നും കുടിയൊഴിക്കപ്പെട്ട പാലസ്തിന്‍കാര്‍... ഇന്നും അവിടെ കത്തിപ്പടരുന്ന സംഘര്‍ഷം... ചരിത്രത്തിലുടനീളം തത്തുല്യമായ, ഒത്തിരിയൊത്തിരി സംഭവങ്ങളുണ്ട്. ഇനിയും പറയാനേറെയുണ്ട്, തത്കാലം നിറുത്തട്ടെ.