news-details
മറ്റുലേഖനങ്ങൾ

ധാരണകളെ ഉത്തമമാക്കുന്നതിനുള്ള പദ്ധതികള്‍

വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ 14 ദിവസംകൊണ്ടു പൂര്‍ത്തിയാകുന്ന മനോനിലചിത്രണ (Mood Mapping)ത്തിന്‍റെ ഒന്‍പതാം ദിനത്തിലാണ് നമ്മളിപ്പോള്‍ എത്തിനില്‍ക്കുന്നത്. നമ്മുടെ അറിവുകള്‍ എപ്രകാരം നമ്മുടെ മനോനില (Mood)യെ സ്വാധീനിക്കുന്നു എന്നതാണ് ഒന്‍പതാംദിനത്തിന്‍റെ ചര്‍ച്ചാവിഷയം. മനോനില മെച്ചപ്പെടുംവിധം നമ്മുടെ അറിവിനെ അഥവാ നമ്മുടെ ധാരണകളെ, ബോധ്യങ്ങളെ മികവുറ്റതാക്കുന്നതിനുള്ള ഹ്രസ്വകാലപദ്ധതികളാണ് ഈ ലക്കത്തില്‍ നാം ചര്‍ച്ചചെയ്യുന്നത്.

 

മനോനില മെച്ചപ്പെടുത്തുന്നതിനും അനിശ്ചിതത്വം ഒഴിവാക്കുന്നതിനും ശാന്തത കൈവരിക്കുന്നതിനും നമ്മെ സഹായിക്കുന്ന ചില ഇടക്കാലതന്ത്രങ്ങളാണ് ഇനിപ്പറയുന്നത്. നാം ശാന്തരായിരിക്കുമ്പോള്‍ നമ്മുടെ തലച്ചോറ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. മനോനിലയെ നിയന്ത്രിച്ച് ശാന്തരായി വര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ധാരണകളെക്കുറിച്ച്, ബോധ്യങ്ങളെക്കുറിച്ച്, അതായത് നിങ്ങള്‍ ഇതേവരെ അറിഞ്ഞ് വച്ചിരിക്കുന്നവയെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. നിങ്ങളുടെ 'അറിവ്' എന്താണെന്ന് മനസ്സിലാക്കിയാല്‍ ചെയ്യേണ്ടത് എന്തെന്നു മനസ്സിലാക്കാനും അതനുസരിച്ച് ചെയ്യാനും കഴിയും.

1. പിന്മാറുക
പ്രതിസന്ധി ഘട്ടത്തിലെന്നു തോന്നിയാല്‍, അസുഖകരമായ സംഭാഷണത്തിലേക്ക് വഴുതുന്നു എന്നു തോന്നിയാല്‍ പിന്മാറുക. പത്തുവരെ എണ്ണുക, ആഴത്തില്‍ ശ്വാസം എടുക്കുക, തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ സമയം നല്‍കുക.  സംഭാഷണത്തിലെങ്കില്‍ അല്ലെങ്കില്‍ പ്രവൃത്തിയിലെങ്കില്‍ അതിന്‍റെ ഗതിവേഗം കുറയ്ക്കുക. പ്രവര്‍ത്തിക്കേണ്ടത്, പറയേണ്ടത് എന്ത് എന്നു വ്യക്തമാകുംവരെ പിന്മാറി നില്‍ക്കുക. പിന്മാറ്റത്തിലൂടെ നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ക്കുമേല്‍ നിയന്ത്രണം കൈവരിക്കുന്നു. നിങ്ങളുടെ മനസ്സിനു വ്യക്തത കൈവരുത്തുന്നു. ഒരു പ്രതിസന്ധിഘട്ടത്തിന്‍റെ, ദുര്‍വഹ സംഭാഷണത്തിന്‍റെ മധ്യത്തില്‍ ഒരു പിന്മാറ്റം സാധ്യമായാല്‍ പണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്തു എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വരും. പല പോംവഴികളും ഉരുത്തിരിഞ്ഞുവരും. നിങ്ങളുടെ ധാരണയ്ക്കും ബോധ്യത്തിനും അനുസരിച്ചുള്ള ഒരു പരിഹാരമാര്‍ഗ്ഗം ആ സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനവസരം ലഭിക്കും. അല്ലെങ്കില്‍ ഒരു പുതിയ 'പാഠം' പഠിക്കും. എന്തു ചെയ്യണമെങ്കിലും അതിനൊരു 'ഇട' (ഇടവേള) വേണം. അതിനൊന്ന് പിന്മാറണം.

2. ഓര്‍മ്മകള്‍ ഉപയോഗിക്കുക
ജീവിതത്തിലെ 'ആഹ്ലാദനിമിഷ'ങ്ങളുടെ ഒരു പട്ടിക നോട്ടുപുസ്തകത്തില്‍ കുറിക്കുക. കയ്യിലുള്ള ഫോട്ടോഗ്രാഫുകളുമായോ കാര്‍ഡുകളുമായോ അവയെ ബന്ധിപ്പിക്കാം. അത് വേണ്ടപ്പോള്‍ എടുക്കാന്‍ പാകത്തില്‍ അരികത്ത് സൂക്ഷിക്കുക. അതുവഴി 'ആഹ്ലാദകരമായ നിമിഷങ്ങള്‍' ആവശ്യമുള്ളപ്പോഴൊക്കെ നിങ്ങള്‍ക്ക് ഓര്‍മ്മിച്ചെടുക്കാം. അസന്തുഷ്ട അനുഭവങ്ങളെ കൈകാര്യം ചെയ്യുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈവിട്ടു പോകുന്നതില്‍നിന്ന് പ്രതിരോധിക്കുന്നതിനും സന്തോഷസന്ദര്‍ഭങ്ങളുടെ ഓര്‍മ്മ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു എന്ന് നിങ്ങള്‍ ഓര്‍ക്കും. നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ ഓര്‍ക്കും.

3. ഒരു കൈ സഹായം തേടുക
പ്രതിസന്ധിയില്‍, ആര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി അതു സ്വീകരിക്കുക. പരിഹാരം കാണാന്‍ സ്വയം കഴിയുമെന്ന് വിശ്വാസമില്ലെങ്കില്‍ മറ്റുള്ളവരുടെ സഹായത്താല്‍ നിങ്ങളുടെ 'അറിവ്' വിശാലമാക്കുക. അഭിപ്രായങ്ങള്‍ ആരായുക.

4. സാധ്യതകള്‍ ആരായുക
സാധ്യമായ മൂന്നു പോംവഴികളെങ്കിലും നിങ്ങളുടെ നോട്ടുപുസ്തകത്തില്‍ എഴുതിവയ്ക്കുക. അതു നിങ്ങളുടെ സമ്മര്‍ദ്ദം തീര്‍ച്ചയായും കുറയ്ക്കും. പോംവഴി എന്തെന്ന് ഒരുപക്ഷേ അതോടൊപ്പം നിങ്ങള്‍ക്ക് അറിയാമായിരിക്കാം. പക്ഷേ ശരിയായ ചോദ്യം ചോദിക്കാത്തതിനാല്‍ ഉത്തരം നിങ്ങളുടെ മനസ്സില്‍ ഉദിച്ചിട്ടുണ്ടാവില്ല എന്നുമാത്രം. എന്തുചെയ്യണമെന്ന് ഒരിക്കല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പ്രസാദാത്മകവഴിയില്‍ നിങ്ങള്‍ക്ക് മുന്നോട്ടുപോകാം.

5. മാറിനിന്ന് ചിന്തിക്കുക
നിങ്ങളില്‍നിന്ന് മാറിനിന്ന് ചോദ്യങ്ങള്‍ ചോദിക്കുക. പ്രസാദാത്മക ഉത്തരങ്ങള്‍ ലഭിക്കുംവിധം ചോദ്യങ്ങളെ അഴിച്ചുപണിയുക. വ്യത്യസ്ത വീക്ഷണകോണുകളിലൂടെ സന്ദര്‍ഭത്തെ പരിഗണിക്കുക. നിങ്ങളുടെ തന്നെ വ്യത്യസ്ത തലങ്ങള്‍ എങ്ങനെ സന്ദര്‍ഭത്തെ കാണുന്നുവെന്ന് ആരാഞ്ഞുനോക്കുക. എന്‍റെ മനസ്സാക്ഷിക്ക് എന്തു തോന്നുന്നു? 'ഉല്ലാസിയായ', 'ഉപരിപ്ലവിയായ', എനിക്ക് എന്തു തോന്നുന്നു? എന്നിലെ 'ഉത്തരവാദിത്തബോധ'ത്തിന് എന്തു തോന്നുന്നു? എന്നിലെ 'ധാര്‍മ്മികബോധ'ത്തിന് എന്തു തോന്നുന്നു? എന്നിലെ 'പൂര്‍ണതാബോധത്തിന്', എന്തു തോന്നുന്നു? നിങ്ങള്‍ക്ക് എത്രമാത്രം 'അറിയാം' എന്ന് അറിയുന്നതിനുള്ള ഒരു തന്ത്രമാണിത്. അനിശ്ചിതത്വം അല്ലെങ്കില്‍ എന്തുചെയ്യണമെന്ന അറിവില്ലായ്മ ആകാംക്ഷയിലേക്ക് നയിക്കും. അതു നിങ്ങളുടെ മനോനിലയെ കലുഷിതമാക്കും. വിവിധ പോംവഴികള്‍ ആരായുന്നതിലൂടെ നിങ്ങളുടെ 'അറിവി'നെ 'പുറത്തെടു'ക്കുന്നതിലൂടെ നിങ്ങള്‍ ഉത്കണ്ഠയെന്ന 'രാവണന്‍കോട്ട'യില്‍ നിന്ന് പുറത്തുകടക്കുന്നു. അതു നിങ്ങളുടെ മനോനിലയെ മെച്ചപ്പെടുത്തുന്നു. ഉയര്‍ത്തുന്നു.

6. അതിന്മേല്‍ ഉറങ്ങുക
അതു തന്നെ. അതിന്മേല്‍ അല്പനേരം അങ്ങ് ഉറങ്ങുക. ഒരുറക്കത്തില്‍ നമ്മുടെ ഉപബോധമനസ്സ് അതിനൊരു പരിഹാരവുമായി ഉണര്‍ന്നേക്കാം. അത് അതിശയകരമായിരിക്കും അല്ലേ?

നിങ്ങളുടെ ധാരണകളും ബോധ്യങ്ങളും അതിനെ നിങ്ങള്‍ വ്യാഖ്യാനിക്കുന്ന രീതിയും ജീവിതത്തെ പ്രസാദാത്മകമായി സമീപിക്കുന്നതിന് നിങ്ങളെ സഹായിക്കും. നിങ്ങള്‍ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം അകറ്റുന്നതിന് അതു നിങ്ങള്‍ക്ക് കൈത്താങ്ങാകും. ഉത്കണ്ഠയില്‍നിന്ന് പുറത്തുകടക്കുന്നതിന് കൈപിടിക്കും. പുതിയൊരു സാഹചര്യം നമ്മെ പലപ്പോഴും ഉത്കണ്ഠാകുലരാക്കും. എന്തു ചെയ്യണമെന്ന് ഒരിക്കല്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ വികസിക്കും. ഉത്കണ്ഠയുടെ മറുമരുന്ന് ആത്മവിശ്വാസം അത്രേ.

(നമ്മുടെ 'അറിവുകള്‍'  വികസിപ്പിക്കുന്നതിനും അതുവഴി ആത്മവിശ്വാസം നേടുന്നതിനും ഉത്തമമനോനില കൈവരിക്കുന്നതിനുമുള്ള ദീര്‍ഘകാലപദ്ധതികള്‍ അടുത്ത ലക്കത്തില്‍ ചര്‍ച്ചചെയ്യാം).


(തുടരും)  

You can share this post!

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts