മരണത്തിലേക്ക് നടക്കുമ്പോള്‍ ഭൂതകാലം മുന്നിലെ ചുവരില്‍ ചലച്ചിത്രമായ് പതിയുമെന്ന് കേട്ടിട്ടുണ്ട്..കണ്ണ് തുറന്ന് കിടന്നപ്പോള്‍..ഓരോന്നായ് വന്നുതുടങ്ങി.. ഒന്നിലും അവള്‍ ഉണ്ടായിരുന്നില്ല.. അവളൂടെ മുഖം ഒരു മാത്രപോലും തെളി ഞ്ഞില്ല..ഇല്ല...എന്‍റെയുള്ളില്‍ അവള്‍ക്ക് മരണമില്ല..എന്നില്‍നിന്നവള്‍ക്കൊരു മരണമില്ല.. കണ്ണുകളടഞ്ഞാലും..ശ്വാസം നിലച്ചാലും..
കണ്ണടച്ചോര്‍ത്തെടുക്കാം..കല്യാണപന്തലില്‍ ആദ്യമായ് കണ്ടപ്പോള്‍ ആ മുഖമൊന്ന് കാണാന്‍ ഞാന്‍ എത്ര ശ്രമിച്ചു. മുഖമുയര്‍ത്താതെ മാലയിട്ടവള്‍ എനിക്കൊരു ശരീരം മാത്രമായിരുന്നു..ഞെരുങ്ങിയും അമര്‍ന്നും ഒന്നായ് തീര്‍ന്നപ്പോഴും..
നാലാം നാള്‍ ഞാന്‍ ഗള്‍ഫിലേക്ക് പുറപ്പെടുമ്പോള്‍ അവള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളു..തനിക്ക് ജോലി തുടരണം.. ഞാന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍.. കുടുംബമഹിമ, നാട്ടുനടപ്പ്.. തറവാടിന്‍റെ അന്തസ്സ് എന്നിവ എന്‍റെ കാതുകളെ കീഴടക്കി. പിന്നീട് ഫോണ്‍ ചെയ്താല്‍ അമ്മയ്ക്ക് ഒന്നേ പറയാനുള്ളു..അവള്‍ വേണ്ടട..അവള്‍ ശരിയല്ല.. അവള്‍ അങ്ങനാ.. ഇങ്ങനാ.. 8 ാം മാസം ഞാന്‍ രണ്ടിലൊന്ന് തീരുമാനിക്കാന്‍ നാട്ടിലേക്ക് തിരിച്ചു.. കണ്ട കാഴ്ച എന്‍റെ കണ്ണ് നിറച്ചു..എന്‍റെ കുഞ്ഞിനെയും വയറ്റില്‍ ചുമന്ന് നില്‍ക്കുന്ന എന്‍റെ ഭാര്യ.. ഞാന്‍ രണ്ടിലൊന്ന് ഉടനേ തീരുമാനിച്ചു..
ഗള്‍ഫിന്‍റെ ചൂടിലേക്ക് പറന്നടുക്കുമ്പോള്‍ അവളുടെ കണ്ണീര്‍ ഷര്‍ട്ടിലൂടിറങ്ങി മാറത്ത് പടര്‍ന്നിരുന്നു. പിറക്കാതെ പോയ ഒരു കുഞ്ഞിന്‍റെ സ്വപ്നവും ഞങ്ങളുടെ കൂടെ പറന്നു..
ജോലിയായി..ഒരു അമ്മയായി അവളെ വീട്ടിലിരുത്താന്‍ തിടുക്കവുമായി.. പക്ഷെ അവള്‍ തയ്യാറായില്ല..ഞാനല്ലായിരുന്നു വീടിന്‍റെ നടുതൂണ്.. ഞാനല്ലായിരുന്നു ഗൃഹനാഥന്‍.. അറിയിച്ച് തന്നത് ഒരു രാത്രിയാണ്.എതിരേ വന്ന ലോറിയെന്‍റെ സ്വപ്നങ്ങളുടെ ചിറക് അരിഞ്ഞപ്പോള്‍..എന്നെ നിശ്ചലമാക്കി കിടത്തിയപ്പോള്‍.. ഞാന്‍ ഇനിയി ല്ലെന്ന് ഈ ലോകം എഴുതിയൊപ്പിട്ട രാത്രി..
പക്ഷെ ഒരു കണ്ണീരിലെന്നും ഞാന്‍ ഉണര്‍ന്നു... ഒരു മൂളലില്‍ എന്നും മയങ്ങി..അവിടെയായിരുന്നു തുടക്കം..പുതിയ ജീവിതം..അവളുടെ മകനായ്.. മടിയില്‍ കിടന്നും.. താരാട്ടിലുറങ്ങിയും.. ഭക്ഷണം വാശിപിടിച്ച് വായിലുരുട്ടിയിട്ടും.. അമ്മേ എന്ന വിളികേള്‍ക്കാതെ അവളെന്‍റെ അമ്മയായി.. ജോലിക്കു പോയും മകന്‍റെ കാര്യത്തില്‍ ശ്രദ്ധിച്ചും അവിടുത്തെ എല്ലാമായ്..നടുതൂണായ്..ആ തൂണില്‍ ചാരിനില്‍ക്കുന്ന ശില്‍പ്പങ്ങളായ്.. ഞാനും മകനും.
ഒരിക്കലവള്‍ ഒരു കുസൃതി ചോദിച്ചു..' എനിക്ക് പകരം നിങ്ങളും നിങ്ങള്‍ക്ക് പകരം ഞാനും ആയിരുന്നെങ്കിലോ? 'എന്‍റെ മനസ്സില്‍ പോയത്' നമുക്കവളെ വേണ്ട മോനെ' എന്ന വാക്കാണ്.
ഞാനിരുന്നു.. നടന്നു.. ഓടിതുടങ്ങി.. അപ്പോഴൊക്കെ പിറകില്‍ ഒരു താങ്ങായ് അവളുണ്ടായിരുന്നു. പെട്ടെന്നൊരുനാള്‍ ആ താങ്ങ് നഷ്ടമായ്. ഞാന്‍ വീണ്ടും ശൂന്യതയിലേക്ക് നീങ്ങിയത് പോലെ. ഒന്നുമല്ലാതായ പോലെ.
ഞാന്‍ മകനെ നോക്കി..അമ്മപോയതില്‍ വിഷമമുണ്ടെങ്കിലും അവനെന്നെ വന്ന് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
മറ്റൊരു വിവാഹമില്ല. എന്‍റെ എച്ചില്‍ കഴിച്ച, മലമൂത്രം കൈകൊണ്ട് വൃത്തിയാക്കിയ പെണ്ണിനെ മറന്നൊരു ജീവിതമില്ല. മനസ്സു കൊണ്ട് മുലപ്പാല്‍ ചുരത്തിയ അമ്മ.. ചുവടുകള്‍ വെക്കാന്‍ പഠിപ്പിച്ച അച്ഛന്‍..സംസാരിക്കാനും എഴുതാനും പഠിപ്പിച്ച ഗുരു..ഇപ്പോഴവള്‍ അരികത്തില്ലാതെയും സാമീപ്യമറിയിച്ച് എന്‍റെ ഈശ്വരനായി..
തലമുറകള്‍ തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചത് മകനും ഭാര്യയുമാണ്.,തോറ്റുകൊടുക്കലിപ്പോള്‍ ആണിന്‍റെ ഗുണമാണത്രെക്കട്ടെ..
അവള്‍ വരാത്ത രാത്രികളില്ല..അവളില്ലാത്ത പകലുകളില്ല.. അവളാണിന്നും എല്ലാം. എനിക്കുറപ്പുണ്ട്.. അവളില്ലാതെ ഒരു മരണമില്ല.. ഞാനായിരുന്നു എന്‍റെ പെണ്ണ്.. ഞാന്‍ തന്നെ ആയിരുന്നു അവള്‍..