And I worked with my hands, and I Still desire to work; and I earnestly desire all brothes to give themselves to honest work. Let those who donot know how to work, learn.
(20-21, Testament of St. Francis)
ഈശോയെ അക്ഷരംപ്രതി അനുകരിച്ചിരുന്ന ഫ്രാന്‍സീസ്, സഹോദരന്മാര്‍ക്കുള്ള തന്റെ അവസാന മൊഴികളില്‍ ഒന്നായി വില്‍പ്പത്രത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. സാമ്പത്തീകമായ ലാഭത്തിനു വേണ്ടിയല്ല, ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകുന്നതിന്റെയും അലസതയൊഴിവാക്കി ജാഗ്രതയോടെ പ്രാര്‍ത്ഥിക്കുന്നതിന്റെയും ഭാഗമായാണ് ജോലികളില്‍ ഏര്‍പ്പെടണമെന്ന് ഫ്രാന്‍സിസ് തന്റെ സഹോദരന്മാരെ ഓര്‍മ്മിപ്പിക്കുന്നത്.
തൊഴില്‍ ജിവസന്ധാരണത്തിനുള്ള ഒരു മാര്‍ഗ്ഗം മാത്രമല്ല. വ്യക്തിപരമായി അത് ഒരാളെ അയാളുടെ ആത്മസാക്ഷാത്കാരത്തിനു സഹായിക്കുന്നു. കായികമായ അധ്വാനം, മാനസീകവും ആത്മീയവുമായ മേഖലകളെക്കൂടെ സ്വാധീനം ചെലുത്തുന്നുണ്ട്. അതായത് തൊഴില്‍ ഒരാളുടെ മുഴുവന്‍ വ്യക്തിത്വത്തിലും സ്വാധീനം ചെലുത്തുന്നു. സാമൂഹികമായി ചിന്തിക്കുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ തൊഴിലുകളിലൂടെ, ഭൂമിയില്‍ നിന്ന് സമുഹാംഗങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായവ ഉല്പാദിപ്പിക്കുകയും, നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വ്യക്തിയെന്ന നിലയില്‍ ചെയ്യുന്ന ജോലികള്‍ സമൂഹത്തെ പണിതുയര്‍ത്തുന്നു, മനോഹരമാക്കുന്നു.
''നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍'' (കൊളോസേസ് 3/23). തൊഴിലിന് ഒരു ആത്മീയവശം കൂടിയുണ്ട്. അല്ലെങ്കില്‍തന്നെ നമ്മള്‍ ജീവിക്കുന്നതും, ജീവിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതും, കൂടെയുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിക്കുന്നതുമെല്ലാം ദൈവീകമല്ലേ? ഏര്‍പ്പെടുന്ന ജോലി ഒരു പ്രാര്‍ത്ഥനയായി മാറുന്നത് പൗലോസിന്റെ ഈ അവബോധം സൂക്ഷിക്കുമ്പോഴാണ്. ഒപ്പം മനുഷ്യരുടെ നുകത്തിന്റെ ഭാരം കുറയ്ക്കാന്‍ നിരന്തരം പരിശ്രമിച്ചിരുന്ന ക്രിസ്തുവിന്റെ മൊഴികള്‍ ഏതൊരാള്‍ക്കും സാന്ത്വനവും പ്രത്യാശയുമാണ്: ''അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ. 11:28-29). ആ നിത്യചൈതന്യത്തോടൊപ്പം ചെയ്യുമ്പോള്‍ ഭാരം ലഘൂകരിക്കപ്പെടുന്നുണ്ട്. ഏര്‍പ്പെടുന്ന തൊഴില്‍ പുലര്‍ത്തേണ്ട ജാഗ്രത, വിശ്വസ്തത, തൊഴിലിന്റെ മാന്യത എന്നിവയെക്കുറിച്ചു കൂടി ഒന്നു ചിന്തിക്കാം.
ഈശോയുടെ ഉപമകളിലെ കഥാപാത്രത്തില്‍ മിക്കവരും ജാഗ്രതയുള്ള ജോലിക്കാരും ജാഗ്രതക്കുറവുമൂലം പുറന്തള്ളപ്പെട്ടവരുമാണ്. യജമാനന്‍ രാത്രിയുടെ ഏതുയാമത്തില്‍ വന്നാലും സ്വീകരിക്കാന്‍ തയ്യാറായി, വിളക്കുതെളിയിച്ച് അരമുറുക്കി കാത്തുനില്ക്കുന്ന ഒരാളുടെ ജാഗ്രത. അയാള്‍ ഏത് രാത്രിയിലും സേവനസന്നദ്ധനാണ് (മ്മശഹമയശഹശ്യേ). ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളോട്, ചുറ്റുപാടുകളോട് ജാഗ്രത പുലര്‍ത്തുന്ന എത്രയോപേര്‍ നമുക്കു ചുറ്റിലും ഉണ്ട്, നമ്മുടെ വീടകങ്ങളില്‍ ഉണ്ട്. ഭരണങ്ങാനം അസ്സീസി ആശ്രമത്തില്‍ 39 വര്‍ഷമായ സഹായിക്കുന്ന കുഞ്ഞുമോന്‍ ചേട്ടനും 25 വര്‍ഷമായ കൂടെയുള്ള സ്വയം 'സഹായി' എന്നു വിശേഷിപ്പിക്കുന്ന സേവ്യര്‍ ചേട്ടനും പുലര്‍ത്തുന്ന ജാഗ്രത സെമിനാരിയില്‍ ചേര്‍ന്നകാലം മുതല്‍ അനുഭവിച്ചിട്ടുണ്ട്. രോഗികളും പ്രായമായവരും ചെറുപ്പക്കാരും ഉള്‍പ്പെട്ട വ്യത്യസ്തമായ രുചിഭേദങ്ങളുള്ള നിരവധിപേരെ സന്തുഷ്ടരാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല. എത്രപേരുണ്ടെങ്കിലും എത്ര വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കേണ്ടിവന്നാലും ഏതു നേരത്തും പരിഭവങ്ങളില്ലാതെ നീങ്ങുന്ന അവര്‍ സ്വയമറിയാതെ ചുറ്റുമുള്ളവരെ പ്രകാശിപ്പിക്കുന്നുണ്ട്.
''രണ്ട് താലന്ത് കിട്ടിയവനും രണ്ടുകൂടി നേടി'' (മത്താ. 25/17). തനിക്ക് അഞ്ച് കിട്ടിയില്ല രണ്ട് താലന്തേ ഏല്‍പ്പിച്ചിട്ടുള്ളൂ അതുകൊണ്ട് ഒന്നും ചെയ്യുന്നില്ലായെന്നു കരുതി അയാള്‍ മാറിനിന്നില്ല. ഏല്‍പ്പിക്കപ്പെട്ട ചെറിയ കാര്യത്തോടും 100% വിശ്വസ്തതപുലര്‍ത്തിയ ഒരാള്‍ എന്ന നിലയില്‍ രണ്ട് താലന്ത് കിട്ടിയ ആള്‍ ശരിക്കും പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. തന്നെ ഏല്‍പ്പിക്കുന്ന പണിയില്‍ പുലര്‍ത്തുന്ന വിശ്വസ്തതയും കൂറും, വെളിപ്പെടുത്തുന്നത്, ആ വ്യക്തിയുടെ ഔന്നത്യവും സ്വഭാവമഹിമയുമാണ്. വാങ്ങുന്ന കൂലിയോട് അല്ല, ചെയ്യുന്ന ജോലിയോടാണ് അവര്‍ നീതി പുലര്‍ത്തുന്നത്. അവ തമ്മില്‍ തീര്‍ച്ചയായും അന്തരമുണ്ട്. എനിക്ക് അതിന് ഉദാഹരണം എന്റെ പപ്പയാണ്. അപ്പന് മരം വെട്ടായിരുന്നു പണി. ഒരിക്കല്‍ പണിക്കിടയില്‍ ആ ജീവിതം അവസാനിച്ചുവെങ്കിലും അപ്പനുണര്‍ത്തുന്ന ഓര്‍മ്മയും അവശേഷിച്ച മാതൃകയും ജീവിതവും എന്നും പ്രചോദനമാണ്. അപ്പനെക്കുറിച്ച് തടിയുടമകള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു ''അയാള്‍ രണ്ടുപേരുടെ പണി ചെയ്യുമായിരുന്നു ഒരാളുടെ കൂലിക്ക്. ഒരു സ്ഥലം കാണിച്ചു കൊടുത്താല്‍ പിന്നെ ആ വഴിക്കു പോകേണ്ടതുമില്ല എല്ലാം തന്നെ നോക്കിക്കോളും, കൂടെയുള്ളവരെകൊണ്ടും പണിചെയ്യിക്കും''. ഏല്‍പ്പിക്കുന്ന ജോലികളോട്, ഏല്‍പ്പിച്ച വ്യക്തികളോട് ഒരാള്‍ പുലര്‍ത്തുന്ന വിശ്വസ്തത തന്നെയാണ് തൊഴിലിന്റെ നീതി. തൊഴിലുടമയും അതേ നീതി തൊഴിലാളിയോടും അദ്ദേഹം ആശ്രയിച്ചുകഴിയുന്ന കുടുംബത്തോടും പുലര്‍ത്തേണ്ടതുണ്ട്.
എത്രപേരുടെ അധ്വാനങ്ങളോട് കടപ്പെട്ടതാണ് ഓരോ നിമിഷത്തെയും നമ്മുടെ ജീവിതം. കാലം ചെല്ലുംതോറും ഒറ്റയ്ക്കു നില്‍ക്കുന്നു എന്ന് മനുഷ്യന്‍ എത്ര അഹങ്കരിച്ചാലും യഥാര്‍ത്ഥത്തില്‍ നമ്മുടെ പരസ്പരാശ്രയത്വം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. നമ്മളത് തിരിച്ചറിയുന്നില്ല എന്നു മാത്രം. വെറുതെ ഒന്നോര്‍ത്താല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ സഹായിച്ച അലാം ക്ലോക്ക് നിര്‍മ്മിച്ച, കിടന്നുറങ്ങിയ കട്ടിലും വീടും പണിചെയ്തവര്‍, ഉടുത്ത വസ്ത്രങ്ങളും പുതച്ച ഷീറ്റുകളും തുന്നിയവര്‍, കുടിച്ച കാപ്പിക്കു പിന്നിലെ അധ്വാനങ്ങളും നീണ്ടനിര. ചൂടുള്ള വാര്‍ത്തയുമായി വന്ന ഇപ്പോഴും പേരു ചോദിച്ചിട്ടില്ലാത്ത (പേരു മറന്നുപോയ) 'പത്രക്കാരന്‍', 'പാല്‍ക്കാരന്‍' പുറത്തേക്കുപോകാന്‍ ഉപയോഗിക്കുന്ന വാഹനം, ഇന്ധനം, ടെക്‌നോളജി, റോഡ് ഇവയ്ക്കു പിന്നില്‍ അധ്വാനിച്ച നിരവധിപേര്‍, സ്വന്തം സൗകര്യം മാത്രം നോക്കി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കി പാത ശുചിയാക്കെനെത്തുന്ന ശുചീകരണതൊഴിലാളികള്‍, പാതയില്‍ കണ്ടുമുട്ടുന്ന നിരവധിപേര്‍, കൃഷിക്കാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി എണ്ണിയാല്‍ അവസാനിക്കാത്തവരുടെ നീണ്ടനിര... എന്തിനേറെ ഈ ചെറുമാസിക നിങ്ങളുടെ കൈകളിലെത്താന്‍ സെറാഫിക് പ്രസ്സിനെ ജീവനക്കാരും മാസികയുടെ ടീമും ഒക്കെയായി എത്രയോ പേരും അധ്വാനം.
ഇങ്ങനെ സൂക്ഷ്മമായി ചിന്തിച്ചാല്‍ ആര്‍ക്കും തങ്ങളുടെ പണി മറ്റുള്ളവരുടേതിനേക്കാള്‍ കേമമാണ് എന്ന് അഹങ്കരിക്കാന്‍ കഴിയും? എല്ലാറ്റിനും അതിന്റേതായ മാന്യതയുണ്ട്. ഓരോരുത്തരും തങ്ങളുടെ പണികളെ മറ്റുള്ളവരുടെ പണിയോട് ചേര്‍ത്തുവച്ച് ലോകം പണിയുന്നു. എല്ലാറ്റിനും പിന്നിലും പ്രവര്‍ത്തിക്കുന്നത് ഒരേ ദൈവത്തിന്റെ കരം തന്നെയല്ലേ. വളരെ കഷ്ടപ്പെട്ട്, പഠിച്ച് നേടിയ ജോലിയാണ് നിങ്ങളുടേത്, ശരി തന്നെ. എന്നാല്‍ നിങ്ങള്‍ക്കുകിട്ടിയ അവസരങ്ങള്‍, ജീവിതചുറ്റുപാട്, ഒക്കെ നിങ്ങള്‍ നിസ്സാരരായി കരുതുന്ന മറ്റൊരാള്‍ക്ക് കിട്ടിയിരുന്നു എങ്കില്‍ ഒരുപക്ഷേ നിങ്ങളെക്കാള്‍ വിശ്വസ്തതയും സ്‌നേഹവും ജോലിയോട് അവര്‍ പുലര്‍ത്തിയേനെ. അപ്പോള്‍ പിന്നെ ചെയ്യാവുന്ന ഒരു കാര്യം, കൃതജ്ഞതയോടെ ജോലികള്‍ ചെയ്യുകയും സാഹചര്യങ്ങള്‍ അനുകൂലമാക്കിയ ദൈവത്തിനു മുമ്പില്‍ വിനീതനാവുകയും ചെയ്യുക എന്നതാണ്. നാട്ടില്‍ പറയാന്‍ മടിക്കുന്ന തൊഴിലുകളും അന്യനാടുകളില്‍ ചെയ്യാന്‍ മലയാളി തയ്യാറാകുന്നത് എന്തുകൊണ്ടാണ്. തീര്‍ച്ചയായും തങ്ങളുടെ dignity ക്ക്അത് ഇടിവുവരുത്തില്ല എന്നതുകൊണ്ടാണ്. അതേ മാന്യത നമുക്ക് എന്തുകൊണ്ട് ഇവിടെ നല്കിക്കൂടാ? ആത്മാഭിമാനത്തോടെ ജോലികളിലേര്‍പ്പെടാന്‍ പറ്റിയ സാഹചര്യങ്ങള്‍ എല്ലായിടത്തും ഒരുക്കപ്പെടട്ടെ എന്നതാണ് ആശംസയും പ്രാര്‍ത്ഥനയും.
എല്ലാത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആദരവോടെ ആശംസകളോടെ ഈ അസ്സീസി സമര്‍പ്പിക്കുന്നു. തൊഴിലിലെ മാനസീകസമ്മര്‍ദ്ദത്തെക്കുറിച്ച് ദേവ് അക്കരയും, സെന്റ് ജോസഫിനെകക്കുറിച്ച് വര്‍ഗീസ് സാമുവല്‍ അച്ചനും, മാര്‍ട്ടിന്‍ ആന്റണിയും, ഷാജി സി.എം.ഐ. യും എഴുതുന്നു.