news-details
എഡിറ്റോറിയൽ

വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന്‍ തന്‍റെ ശിഷ്യന്മാരോട് ചോദിച്ചു "വഴിയില്‍വെച്ച് എന്തിനെക്കുറിച്ചാണ് നിങ്ങള്‍ തര്‍ക്കിച്ചിരുന്നത്" (മര്‍ക്കോ 9 :13 ). വഴി/മാര്‍ഗം The Way - Ref. Acts 18:25, 19 :9, 24:22, 22:4) എന്നത്  ആദിമ ക്രൈസ്തവര്‍ തങ്ങളുടെ സമൂഹത്തെ വിശേഷിപ്പിച്ചിരുന്ന പദങ്ങളില്‍ ഒന്നാണ്. വഴിയിലെ തര്‍ക്കങ്ങള്‍ക്ക് വീട്ടില്‍ എത്തുമ്പോള്‍ അവനോട് ഉത്തരം പറയേണ്ടതായിട്ടുണ്ട്. തങ്ങളിലെ വലിയവന്‍ ആരാണെന്നായിരുന്നു ഈശോയോടൊപ്പമുണ്ടായിരുന്ന ശിഷ്യന്‍മാരുടെ ഇടയിലെ തര്‍ക്കം. ആ തര്‍ക്കമാകട്ടെ അന്ത്യത്താഴമേശയോളം നീണ്ടു. യേശുവാകട്ടെ അവരെ ശിശുക്കളെപ്പോലെയാകാന്‍ പഠിപ്പിച്ചു (മത്താ.18:3). ശിഷ്യരുടെ പാദങ്ങള്‍ കഴുകി (യോഹ.13:5,14) അധികാരം സേവനമാണെന്ന ഉത്തമ ദൃഷ്ടാന്തവും അവര്‍ക്കു നല്കി. സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ രൂക്ഷമായി തീര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഇതൊക്കെയാണ് ഓര്‍മ്മ വരുന്നത്.

വഴിതെറ്റിപ്പോയ നൂറാമത്തെ ആടിനെ തേടിപ്പോകാന്‍ പഠിപ്പിച്ച ഈശോ താന്‍ വന്നിരിക്കുന്നത് നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാനാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു. ഒരു കുടുംബത്തിലെ ഒരാള്‍ ഇടറിപ്പോയിയെന്ന് മറ്റുള്ളവര്‍ക്കു തോന്നിയാല്‍ പടിയടച്ച് പിണ്ഡംവയ്ക്കണോ, അതോ തേടിപ്പോകണമോ എന്ന് തീരുമാനിക്കാന്‍ സുവിശേഷാനുസൃതം ചിന്തിച്ചാല്‍ മതിയാകും. വ്യത്യസ്തമായ നിലപാട് ഉള്ളതിന്‍റെ പേരില്‍ ഒരാള്‍ തീര്‍ത്തും തെറ്റാണെന്നു പറയാന്‍ കഴിയുമോ. മടങ്ങിവരാന്‍ കഴിയാത്ത വിധത്തില്‍ ആരെങ്കിലുമൊക്കെ അകന്നുപോകുന്നുണ്ടെങ്കില്‍, മടക്കിക്കൊണ്ടുവരാന്‍ ചുമതലയുള്ള മറ്റുള്ളവര്‍ക്കും അക്കാര്യത്തില്‍ പങ്കുണ്ട്. കാരണം ഈ വഴിയില്‍ ആരും തനിച്ചല്ല, ഇതു സാഹോദര്യത്തിന്‍റെ വഴിയാണ്. (ലൂക്കാ 19:10).

പുകഞ്ഞകൊള്ളി പുറത്ത് എന്നു ചിന്തിക്കുന്നത് തീക്കൊള്ളികൊണ്ട് പുറം ചൊറിയുന്നതുപോലെ അപകടകരമാണ്. അതുണ്ടാക്കുന്ന വ്രണം ഉണങ്ങാന്‍ വീണ്ടും കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. തെറ്റിനില്‍ക്കുന്നു എന്ന് കരുതുന്നവരെ ചേര്‍ത്തുപിടിച്ച്, അവരെ അനുഭാവപൂര്‍വ്വം കേട്ട്, കാരണങ്ങള്‍ കണ്ടെത്തി ഇതു പരിഹരിക്കാവുന്ന ഒരു സമയം ഉണ്ടായിരുന്നു. അന്ന് അതു ചെയ്യാതിരുന്നതിന് എല്ലാവര്‍ക്കും നെഞ്ചത്തു കൈചേര്‍ത്തുവച്ച് 'മിയാ കുള്‍പ്പാ' ചൊല്ലാം. ഒരു മേശക്കു ചുറ്റുമിരുന്ന് 'ഇടയന്മാര്‍' തമ്മില്‍ സംസാരിച്ച് പരിഹരിക്കാമായിരുന്ന ഒരു കാര്യത്തെ വിശ്വാസികളുടെയിടയിലേക്ക് വലിച്ചിഴച്ചത് കുപ്പിയിലെ ഭൂതത്തെ തുറന്നുവിട്ടതുപോലെയാണ്. വളര്‍ന്നു വരുന്ന തലമുറക്ക് വിശ്വാസമില്ല എന്നു മാത്രം ഇനി പറയരുത്. പരിഹാരത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതിനു പരിശ്രമിക്കാതെ കൈകഴുകി മാറിനിന്നാല്‍ ലോകത്തോട് നാം പറയാതെ പറയുന്നത്: 'ഈ സുവിശേഷം, പ്രസംഗം പറയാനുള്ള വെറും ആശയസംഹിത മാത്രമാണ്, ഇതൊന്നും ജീവിക്കാന്‍ കഴിയില്ല' എന്നതല്ലേ?

രണ്ട് ചങ്ങാതിമാര്‍ നടന്നുപോകുമ്പോള്‍ ഒരാള്‍ ശണ്ഠകൂടി മറ്റേയാളെ അടിച്ചു. അടികൊണ്ടവന്‍ മണലില്‍ എഴുതി 'ഇവിടെവച്ച് എന്‍റെ ചങ്ങാതി എന്നെ അടിച്ചു.' അവര്‍ യാത്ര തുടര്‍ന്നു. ഒരു പുഴ കടന്നപ്പോള്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ രണ്ടാമനെ, ഒന്നാമന്‍ രക്ഷിച്ചു. അയാള്‍ അപ്പോള്‍ പാറപ്പുറത്ത് ഉളികൊണ്ട് കൊത്തിവച്ചു: 'ഇവിടെ വച്ച് എന്‍റെ ചങ്ങാതി എന്നെ രക്ഷിച്ചു.' അപ്പോള്‍ ഒന്നാമന്‍ ചോദിച്ചു: "എന്താണ് ചങ്ങാതീ ഇത്, ഞാന്‍ നിന്നെ തല്ലിയപ്പോള്‍ നീ മണലിലെഴുതി; രക്ഷിച്ചപ്പോള്‍ കല്ലില്‍ കൊത്തിവച്ചു. എന്താണ് ഇതിന്‍റെ പൊരുള്‍?"  രണ്ടാമന്‍ പറഞ്ഞു: "എനിക്കു കിട്ടിയ പരിക്കുകളൊക്കെ മണലിലെന്ന പോലെ വേഗം മാഞ്ഞുപോകണം. സ്വീകരിച്ചതിനൊക്കെ കൃതജ്ഞതയോടെയിരിക്കാന്‍ അവ ഒരിക്കലും മാഞ്ഞുപോകരുത്."

ഈജിപ്തില്‍ വച്ച് ഫറവോ ജോസഫിനെ രാജ്യത്തിന്‍റെ അധികാരിയായി മാറ്റി. അപ്പോള്‍ ജനിച്ച കുഞ്ഞിന് അയാള്‍ 'മനാസ്സേ' എന്നു പേരിട്ടു. മനാസ്സേ - എല്ലാ മറക്കണം. തന്നോട് സഹോദരങ്ങള്‍ ചെയ്ത ക്രൂരത, പോത്തിഫറും കുടുംബവും ചെയ്ത അനീതി ഒക്കെ താന്‍ മറക്കണം എന്നു ജോസഫിനു നിശ്ചയമുണ്ടായിരുന്നു. ചിലതെല്ലാം ബോധപൂര്‍വ്വം മറന്നേ പറ്റൂ.

എന്നാല്‍, ജോസഫ് ഒരിക്കലും തനിക്കു ലഭിച്ച അനുഗ്രഹങ്ങളെ മറക്കുന്നില്ല. തന്‍റെ ഒപ്പമുള്ള ദൈവത്തെ നിസ്സാരമാക്കുന്നില്ല. ജീവിതത്തില്‍ അന്യായമായി പരിക്കേല്‍ക്കേണ്ടി വന്നതിനെ, അനീതി സഹിക്കേണ്ടി വന്നതിനെ ബോധപൂര്‍വ്വം അയാള്‍ മറന്നുകളയുന്നു. അതു നിരന്തരം സ്വയം ഓര്‍മ്മിക്കാന്‍ മകന് മനാസ്സേ എന്നു പേരിട്ടു. നീ എല്ലാം മറക്കുക. മറ്റുള്ളവര്‍ അന്യായമായി പെരുമാറി നമ്മളോട് അനീതി കാണിച്ചതിനാലാണ് നമുക്ക് മറക്കാന്‍ കഴിയാത്തത്. അതൊരു ചെറിയ കുട്ടി, തന്‍റെ കൂടപ്പിറപ്പിന് പ്രത്യേക പരിഗണന കിട്ടുന്നത് കാണുമ്പോള്‍പോലും സങ്കടപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ഒക്കെ ചെയ്യുന്നത് കാണാറില്ലേ?

അത്തരം നീതികേടുകള്‍, പരിക്കുകള്‍, അന്യായങ്ങള്‍ ആവോളം ഉണ്ടായിട്ടും തനിക്ക് പ്രതികാരം ചെയ്യാന്‍ അവസരം വന്നിട്ടും ജോസഫ് എല്ലാം മറക്കുന്നു. നിങ്ങള്‍ക്കു മുമ്പേ ദൈവം എന്നെ അയച്ചതാണ്, നിങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രം. തങ്ങളോടു അനീതി പ്രവര്‍ത്തിക്കുന്നു എന്നു വേദനിച്ചു നില്‍ക്കുന്ന വിശ്വാസസമൂഹവും ജോസഫിനെപ്പോലെ മനാസ്സേ എന്ന് ഉരുവിടേണ്ടിയിരിക്കുന്നു. നിരപരാധിയായ യേശുവിനെ കുരിശില്‍ തറച്ചവര്‍ക്ക് അവന്‍ തെറ്റുകാരനായിരുന്നു. എന്നാല്‍ തന്നെ അറിയുന്ന പിതാവിനോട് ഈശോ പ്രാര്‍ത്ഥിച്ചത്, ഇവരോട് ക്ഷമിക്കണമേ, ഇവര്‍ കാട്ടിക്കൂട്ടുന്നത് ഇവര്‍ അറിയുന്നില്ല എന്നാണ്.

ചുരുക്കത്തില്‍, പൊറുക്കാതിരിക്കാനും വിട്ടുകൊടുക്കാതിരിക്കാനും വെറുക്കാനും വെറുപ്പിക്കാനും ഒരായിരം കാരണങ്ങളും നീതികരണങ്ങളും കണ്ടെത്താന്‍ കഴിയും. എന്നാല്‍ ക്ഷമിക്കാനും പൊറുക്കാനും ഒരേയൊരു കാരണമേയുള്ളൂ, അത് ഈശോയാണ്. ആര്‍ക്കുവേണ്ടിയാണോ നമ്മള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത്, ആരുടെ ജീവിതമാണോ നമ്മള്‍ ജീവിക്കാന്‍ ശ്രമിക്കുന്നത്, ഏതൊരു സുവിശേഷമാണോ നമ്മള്‍ പ്രസംഗിക്കുന്നത്, ആ ഒരേയൊരു കാരണത്താല്‍ വിട്ടുകൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നത് പരാജയമോ, കുറച്ചിലോ അല്ല. ബലമുള്ളവര്‍ക്കേ തോറ്റുകൊടുക്കാനാകൂ, മാതാപിതാക്കള്‍ മക്കള്‍ക്കു തോറ്റുകൊടുക്കുന്നതുപോലെ. ദൈവം നമ്മളോടു തോറ്റു തരുന്നതുപോലെ. സഹോദരങ്ങളെ നമുക്കു ക്രിസ്തുവില്‍ പരസ്പരം ക്ഷമിക്കാം.  ജോസഫിനെപ്പോലെ എല്ലാം മറക്കാം. പാദം കഴുകുന്ന അധികാരമേയുള്ളൂവെന്ന് നമുക്ക് ഓര്‍ക്കാം.  ഭിന്നതകളും ഭിന്നിപ്പുകളും ആവശ്യമുള്ളവര്‍ നമുക്കു ചുറ്റുമുണ്ട്. അവരുടെ കെണിയില്‍ വീഴാതെ നില്‍ക്കാം, ഈശോയെ പ്രതി, ഈശോയെ പ്രതി മാത്രം.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts