മക്കളുടെ ഉത്തരവാദിത്വങ്ങളൊക്കെ തീര്‍ത്ത് വിശ്രമജീവിതം നയിക്കുന്ന പത്തെഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള നാലഞ്ചു ദമ്പതികള്‍. എല്ലാവരും റിട്ടയര്‍ ചെയ്തവരും സുഹൃത്തുക്കളുമാണ്. അവരൊരുമിച്ചു പ്ലാന്‍ ചെയ്ത് ഒരാഴ്ച സ്വസ്ഥമായിരിക്കാനും പ്രാര്‍ത്ഥിക്കാനും താത്പര്യമുണ്ടെന്നറിയിച്ചപ്പോള്‍ അനുവദിച്ചതുകൊണ്ട് അവരു വന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ ടോക്കും കൊടുക്കാറുണ്ടായിരുന്നു. "ആയുസ്സിന്‍റെ ശിഷ്ടകാലം വാര്‍ദ്ധക്യമധുവിധുകാലമായി ആഘോഷിക്കാനാകും എന്നു സ്ഥാപിക്കാനായിരുന്നു അതിലൂടെ എന്‍റെ ശ്രമം. എല്ലാവര്‍ക്കും അതൊക്കെ വളരെ ഇഷ്ടപ്പെട്ടു. സന്തോഷമായി എന്നു തോന്നിയതുകൊണ്ട് സമാപനദിവസത്തെ സന്ദേശത്തില്‍, ഇനിയിപ്പോള്‍ അവരെക്കൊണ്ടാവുകയില്ലെങ്കിലും അവരുടെ മക്കള്‍ക്കെങ്കിലും സാധിച്ചേക്കാവുന്ന ഒരു കാര്യം ഞാന്‍ സൂചിപ്പിച്ചു.
"മിക്കവാറും പള്ളികളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നിങ്ങള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ 'കര്‍ത്താവേ, തിരുസ്സഭയ്ക്ക് വിശുദ്ധരായ വൈദികരെയും സന്യാസീസന്യാസിനികളെയും പ്രദാനം ചെയ്യണമെ' എന്നു പ്രാര്‍ത്ഥിച്ച് എല്ലാം കര്‍ത്താവിനങ്ങേല്പിച്ചു കൊടുത്തിട്ട് മൂട്ടിലെ പൊടീംത്തട്ടി അങ്ങുപോകാതെ, നിങ്ങളുടെ കൊച്ചുമക്കളെയെങ്കിലും ഇക്കാര്യത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാകണം"
ഞാന്‍ അല്പ നര്‍മ്മം ചേര്‍ത്തു പറഞ്ഞതുകേട്ട് ആരെങ്കിലുമൊക്കെ ചിരിക്കുമായിരിക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ ഞാനത് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഒരാള്‍ എടുത്തടിച്ചതുപോലെ പ്രതികരിച്ചു...
"ഇല്ല അച്ചാ, ആ പണിക്ക് ഞങ്ങളാരും പിള്ളേരെ ആരെയും വിടത്തില്ല."
അതുവരെയും അത്രയും ശാന്തമായിരുന്നിടത്ത് തീരെ അപ്രതീക്ഷിതമായിരുന്നു ആ പ്രതികരണം. അതു കേള്‍ക്കാത്ത മട്ടിലങ്ങു പ്രസംഗം തുടര്‍ന്നാക്കേമെന്നാലോചിക്കുമ്പോഴേക്കും മറ്റുള്ളവരും അതേറ്റുപിടിച്ചു.
"ഞങ്ങളുടെ മക്കളും കൊച്ചുമക്കളുമൊക്കെ പള്ളിയില്‍പോക്കുപോലും നിര്‍ത്തി. അച്ചന്മാരും മെത്രാന്മാരും കാരണം."
പിന്നെയങ്ങോട്ടൊരു ബഹളമായിരുന്നു. കുറേ നാളായി വിശ്വാസികളുടെ സമൂഹത്തില്‍ എവിടെചെന്നാലും സാധാരണ കേള്‍ക്കാറുള്ള, സഭേലെ കുര്‍ബാനതര്‍ക്കോം തമ്മിലടിയുമൊക്കെ അവരെടുത്തലക്കാന്‍ തുടങ്ങിയപ്പോള്‍, വാര്‍ദ്ധക്യമധുവിധുവിനെപ്പറ്റി അവരോട് സംസാരിച്ചപ്പോള്‍ പറഞ്ഞുകൊടുത്ത അതേ തന്ത്രം, എത്ര പ്രകോപനമുണ്ടായാലും ഒരു ന്യായീകരണത്തിനും തുനിയാതെ ഇരുന്നുകൊടുക്കുക, എന്ന തന്ത്രം ഞാനുമവിടെ പ്രയോഗിച്ചു. ആ മരുന്നേറ്റു. രംഗം പെട്ടെന്നങ്ങു ശാന്തമായി. എങ്കിലും തുടര്‍ന്നു കൂടുതലൊന്നും പറയാതെ ഞാന്‍ സന്ദേശം അവസാനിപ്പിച്ചപ്പോള്‍ അവരോടു പ്രതിഷേധിച്ചാണെന്നു കരുതി അതെല്ലാം തുടങ്ങിവച്ച ആളുതന്നെ ക്ഷമയും പറഞ്ഞു.
"നിങ്ങളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, നമ്മള്‍ നിസ്സഹായരല്ലേ? നമുക്ക് പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തു ചെയ്യാന്‍ പറ്റും."
"പ്രാര്‍ത്ഥിച്ച് എല്ലാം തമ്പുരാനെ അങ്ങേല്പിച്ചു കൊടുത്തിട്ടു മൂട്ടിലെ പൊടീം തട്ടിയങ്ങു പോയാല്‍ പോരായെന്നു അച്ചന്‍ തന്നെയാ കുറച്ചു മുമ്പു പറഞ്ഞത്. 'എന്തു പ്രകോപനമുണ്ടായാലും പ്രതികരിക്കാതെ' നിന്നു കൊടുക്കണമെന്ന് അച്ചന്‍ ഞങ്ങളോടു പറഞ്ഞതുപോലെ അച്ചനും ഇരുന്നുതരുമെന്ന പ്രതീക്ഷയില്‍ അച്ചന്‍റെ സ്റ്റൈലില്‍ തന്നെ ഞാന്‍ ഒരു കാര്യം പറയട്ടെ. പ്രാര്‍ത്ഥിക്കുകയല്ലാതെ നമുക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് അച്ചന്‍ ചോദിച്ചതിന്‍റെ ഉത്തരമാണ്. അച്ചന്‍ ഈ ദിവസങ്ങളില്‍ കുടുംബജീവിതത്തെപ്പറ്റി ഞങ്ങളോടു സംസാരിച്ചപ്പോഴൊക്കെ എന്‍റെ മനസ്സിലൂടെ കടന്നുവന്ന കാര്യമാണ്. പറയാന്‍കൊള്ളുന്ന കാര്യമാണോന്നറിയത്തില്ല. എങ്കിലും നമുക്കു പ്രാര്‍ത്ഥിക്കയല്ലാതെ എന്തു ചെയ്യാന്‍ പറ്റും എന്നു ചോദിച്ചതുകൊണ്ട് പറയുകയാണ്. പറ്റുന്ന കാര്യമുണ്ട്. അച്ചന്മാരു നിര്‍ബന്ധമായും കല്യാണം കഴിക്കണം. കാരണം വിശദീകരിക്കാം.
ഞാന്‍ കുടുംബത്തോടെ കുറേ വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ആയിരുന്നു. ഞാന്‍ ആദ്യം അവിടെ ചെല്ലുമ്പോള്‍ ഒരു വര്‍ഷം മുമ്പേ അവിടെ ജോലി കിട്ടി ഒറ്റയ്ക്കു താമസിച്ചിരുന്ന എന്‍റെയൊരു സുഹൃത്തിന്‍റെ ഫ്ളാറ്റിലായിരുന്നു താമസിച്ചത്. വളരെ നല്ല മനുഷ്യന്‍, ആര്‍ക്കും എന്തുപകാരവും ചെയ്യും. ആര്‍ക്കും എന്തു സഹായവും ചെയ്യും. പക്ഷേ ആള് ഭയങ്കര വൃത്തിക്കാരന്‍. ടൈനിംഗ് ടേബിളിലെ ടേബിള്‍ മാറ്റുപോലും ദിവസവും കഴുകി തുടയ്ക്കും. മൊട്ടുസൂചി പോലും കൃത്യമായി സ്ഥാനത്തു വച്ചിരിക്കും. ആരെങ്കിലും ഗസ്റ്റ് വന്നിട്ടു പോയാലുടനെ തറവരെ തുടയ്ക്കും. ഇരുന്ന സെറ്റിയിലെ കവറുപോലും മാറ്റും. അതൊക്കെ മനസ്സിലാക്കി ഞാനും ശരിക്കും അഡ്ജസ്റ്റ് ചെയ്ത് ഒരു കൊല്ലം അവിടെ താമസിച്ചു. അതുകഴിഞ്ഞ് സൗദിയില്‍ ആയിരുന്ന വൈഫിനും എന്‍റെ അടുത്തുതന്നെ ജോലി കിട്ടി. അതുകൊണ്ട് സ്വന്തമായി ഫ്ളാറ്റെടുത്ത് നാട്ടിലായിരുന്ന കുട്ടികളെയും കൂട്ടത്തിലാക്കി. കുട്ടികളെത്തിക്കഴിഞ്ഞ് അതിന്‍റെ സന്തോഷത്തില്‍ അവരെയുംകൂട്ടി ഭാര്യയുമൊത്ത് ഞാന്‍ സുഹൃത്തിന്‍റെ ഫ്ളാറ്റിലെത്തി. നേരത്തെ അറിയിച്ചിരുന്നതുകൊണ്ട് പുള്ളിക്കാരന്‍ ഒന്നാംതരം ഭക്ഷണവും റെഡിയാക്കിയിരുന്നു. പക്ഷേ ഇന്നും മറക്കാത്ത അനുഭവം. ആ ഭക്ഷണംപോലും ഒഴിവാക്കി പിണങ്ങിപിരിയേണ്ടി വന്നു. അങ്ങേരുടെ പ്രത്യേകതകള്‍ എനിക്കും ഭാര്യക്കും അറിയാമായിരുന്നു. പക്ഷേ, മൂന്നും അഞ്ചും വയസ്സുണ്ടായിരുന്ന എന്‍റെ മിരുമിരുപ്പന്‍ മക്കള്‍ക്ക് അതറിയില്ലല്ലോ. ഞാന്‍ എത്ര നിയന്ത്രിച്ചിട്ടും അവരു ചെന്നപാടെ സെറ്റിയിലെല്ലാം കയറി മറിഞ്ഞു. മേശപ്പുറത്തിരുന്ന ഫ്ളോവര്‍വാസിലെ പൂക്കളെല്ലാം ഊരിയെടുത്തു. ഷോക്കേസില്‍ വച്ചിരുന്ന കാഴ്ചവസ്തുക്കള്‍ പലതും മാറ്റിമറിച്ചു. ഇതെല്ലാംകണ്ട് സുഹൃത്തിന്‍റെ മുഖത്തെ ഞരമ്പു വലിഞ്ഞുമുറുകുന്നതു കണ്ടപ്പോള്‍ ആകെ ടെന്‍ഷനായി. എത്രയും വേഗം ഭക്ഷണവും കഴിച്ചിട്ട് പോയേക്കാം എന്നു കരുതി ഡൈനിംഗ് റൂമിലേക്ക് കയറിയപാടെ, മൂത്തവന്‍ മേശപ്പുറത്തു ഗ്ലാസ്സില്‍ വച്ചിരുന്ന ജ്യൂസ്സെടുത്തു. ഇളയവന്‍ അതില്‍ കയറി പിടിച്ചു. ഗ്ലാസ്സ് മറിഞ്ഞ് രണ്ടിന്‍റെയും ഉടുപ്പിലും നിലത്തുമെല്ലാം നിരന്നതും പോരാ, ഗ്ലാസ്സ് തറയില്‍ വീണു. പൊട്ടിയില്ലെങ്കിലും വലിയ സ്വരമായിരുന്നു. ഓടിയെത്തിയ സുഹൃത്തിനു സമനില തെറ്റി പറഞ്ഞു.
"മക്കളെയുണ്ടാക്കിയാല്‍ പോരാ, ചൊവ്വേനേരെ വളര്‍ത്തണം"
വല്ലാത്ത അവസ്ഥ. എനിക്ക് അത് വലിയ വിഷമമായി തോന്നിയില്ല. പക്ഷേ, ഭാര്യക്ക് അത് വല്ലാതെ കൊണ്ടു. അവള്‍ അപ്പഴേ പിണങ്ങി കുട്ടികളെയും വലിച്ചിറക്കി ഫ്ളാറ്റിനു പുറത്തു ചാടി. എനിക്കും കൂടെ പോകാതെ പറ്റില്ലല്ലോ. പിന്നീടു ഞാന്‍ വിളിച്ച് അയാളോടു സോറി പറഞ്ഞെങ്കിലും ഭാര്യയുടെ കടുംപിടുത്തം കാരണം പിന്നീടങ്ങോട്ട് കുടുംബവുമായി കയറിയിട്ടില്ല. ഞാന്‍ ഒറ്റയ്ക്കു പോകാറുണ്ടായിരുന്നു. ഇനിയുമാണ് സംഭവത്തിന്‍റെ അടുത്ത എപ്പിസോഡ്. പിന്നത്തെ വര്‍ഷം ആളു കല്യാണം കഴിച്ചു. അവിടെത്തന്നെ ജോലി ഉണ്ടായിരുന്ന ഒരു നേഴ്സിനെയാണ് കെട്ടിയത്. ആദ്യമൊക്കെ അയാളുടെ കടുംപിടുത്തത്തിനു വഴങ്ങിയെങ്കിലും, അവളും ജോലിക്കാരിയായതുകൊണ്ട് മടുത്തുവരുമ്പോള്‍ എല്ലാ ചിട്ടയും നോക്കാനൊന്നും പറ്റാതെ വന്നു. പുള്ളിക്കാരത്തി ശരിക്കും അയാളെ പാഠം പഠിപ്പിച്ചു. നാലു കൊല്ലംകൊണ്ടു രണ്ടു മക്കളുമായി. പിന്നീട് ഞാനവിടെ ചെല്ലുമ്പോഴൊക്കെ പെരുന്നാളു കഴിഞ്ഞ പള്ളിമുറ്റം പോലെയായിരുന്നു വീടിനകം. ഭാര്യയേയും പിള്ളേരെയുമൊക്കെ വരച്ച വരേക്കൂടെ നടത്താനും, അയാള്‍ തുന്നുന്ന വേഷത്തില്‍ ഞെക്കിക്കേറ്റാനും തുടങ്ങിയാല്‍ നടക്കുകേലന്നയാള്‍ പഠിച്ചു. അല്ല, അവളയാളെ പഠിപ്പിച്ചു. വര വരയ്ക്കാം, പക്ഷേ നേര്‍വര മാത്രമല്ല ചിലപ്പോഴെങ്കിലും വളച്ചുവരയ്ക്കേണ്ടിവരും, വേഷം തുന്നാം. പക്ഷേ ആളിന്‍റെ അളവിനനുസരിച്ചായിരിക്കണം. ഇതൊന്നും ഞാന്‍ അയാള്‍ക്കു പറഞ്ഞുകൊടുത്തതല്ല. പഠിച്ച കാര്യങ്ങള്‍ പുള്ളിക്കാരന്‍ തന്നെ പലപ്പോഴും എന്നോടു പറയാറുണ്ടായിരുന്നതാണ്. ഞാന്‍ നാട്ടിലേക്കു തിരിച്ചുപോരുന്നതിനുമുമ്പുതന്നെ ആളു പോന്നിരുന്നു."
"ആ ആളാണ് അച്ചാ ഞാന്‍. അറിവില്ലായ്മകൊണ്ട് അന്നു ഞാന്‍ ഇയാളോടു പറഞ്ഞതിന്‍റെ വൈരാഗ്യം നാട്ടിലെത്തിക്കഴിഞ്ഞാണ് ഈ പുള്ളിക്കാരത്തി ക്ഷമിച്ചത്."
തൊട്ടടുത്തിരുന്ന ആളതു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം അമ്പരപ്പ്.
"ഞാനീ സംഭവം പറഞ്ഞത് ഞങ്ങളുടെ രണ്ടുപേരുടെ പൂര്‍വ്വചരിത്രം പറയാനല്ല. നമുക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് അച്ചന്‍ ചോദിച്ച ചോദ്യത്തിനുത്തരമാണ്. അസഭ്യം പറയുകയാണെന്ന് അച്ചനോര്‍ക്കരുത്. പെണ്ണു കെട്ടാത്തതാണച്ചാ അച്ചന്മാരുടെ പ്രശ്നം. ഇയാളു നേരെയായത് പെണ്ണുകെട്ടിയതോടെയാണ്. സൈക്കോളജീം തീയോളജീം ഒക്കെ പഠിച്ചു ഡോക്ട്രേറ്റെടുത്തതുകൊണ്ട് 'മനുഷ്യരെപ്പറ്റി'യും 'ദൈവത്തെപ്പറ്റി'യും പഠിക്കാന്‍ പറ്റുമെന്നല്ലാതെ മനുഷ്യനെ മനസ്സിലാക്കാനും ദൈവത്തെ അറിയാനും അതുകൊണ്ടൊന്നും പോരാ. അതിന് ആശയങ്ങളോടും സിദ്ധാന്തങ്ങളോടൊത്തുമല്ല, മനുഷ്യരോടൊത്തു ജീവിക്കണം. മനുഷ്യരോടൊത്തു ജീവിക്കുമ്പോള്‍ നേരേയും വളച്ചുമൊക്കെ വരയ്ക്കാന്‍ ശീലിക്കും. അവര്‍ക്ക് ഇണങ്ങുന്ന വസ്ത്രം തുന്നാനും പഠിക്കും. പ്രായമായിപ്പോയതുകൊണ്ട് അച്ചന്‍ ഇനിയിപ്പം മെത്രാനൊന്നും ആകത്തില്ലല്ലോ. അതുകൊണ്ട് ഞങ്ങളീ പറഞ്ഞതൊന്നും സിനഡിലെങ്ങും എത്തിക്കാന്‍ വഴിയില്ലാത്തതിലാണ് സങ്കടം! ഏതായാലും ഞങ്ങളിതൊക്കെ പറഞ്ഞിട്ട്, അച്ചന്‍ പറഞ്ഞതുപോലെ മൂട്ടിലെ പൊടീം തട്ടിയങ്ങു പോകുകാ. ഞങ്ങളീ പറഞ്ഞതുപോലെ വല്ല അറ്റകൈ പ്രയോഗംകൊണ്ടല്ലാതെ നമ്മുടെ സഭ രക്ഷപെടുമെന്നു തോന്നുന്നില്ല. ഏതായാലും അച്ചനാ പണിക്ക് പോകണ്ട. പ്രായം കഴിഞ്ഞുപോയി!!"
"ശരിയാ പ്രായം കഴിഞ്ഞുപോയി."
ഞാനതു പറഞ്ഞപ്പോള്‍ എല്ലാവരുടെയും ചിരിയില്‍ എപ്പിസോഡ് അവസാനിച്ചെങ്കിലും അയാള്‍ പറഞ്ഞ വരയ്ക്കുന്ന വരയും, തുന്നുന്ന തുണിയും ദിശാസൂചികളല്ലേ?