ലോകചരിത്രത്തെ കീഴ്മേല്‍ മറിച്ച മനുഷ്യവംശത്തെ ഇത്രയധികം സ്വാധീനിച്ച ഒരു ചെറുപ്പക്കാരന്‍റെ ജന്മദിനത്തെ ലോകമെങ്ങും ശ്രദ്ധയോടെ ആഘോഷിക്കുന്നു. ചരിത്രത്തിന്‍റെ ഒരു നാഴികകല്ലായി നിലകൊള്ളുന്ന ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ദീപ്ത സ്മരണ നിറയെ ദീപങ്ങളുടെ അകമ്പടിയോടെ എല്ലാ ജനപദങ്ങളും ആഘോഷിക്കുന്നു. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!
ചരിത്രത്തിന്‍റെ ഗതിയെ ഇത്രമേല്‍ മാറ്റിമറിച്ച (മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അട്ടിമറിച്ച) ക്രിസ്തുവിന്‍റെ ജനനത്തെ ഇക്കാലത്ത് വളരെയധികം ശ്രദ്ധയോടെ ധ്യാനവിഷയമാക്കേണ്ട തുണ്ട്. നിലവിലിരുന്ന എല്ലാ ദൈവ സങ്കല്പങ്ങളെയും കീഴ്മേല്‍ മറിച്ചു കൊണ്ടാണ് ഈശോയുടെ ജനനം. യഹൂദര്‍ക്കോ വിജാതീയര്‍ക്കോ ഒരിക്കലും ഉള്‍ക്കൊള്ളുവാനോ മനസ്സിലാക്കുവാനോ കഴിയുന്നതായിരുന്നില്ല അവന്‍റെ ജനനം. ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും അട്ടിമറിക്കുന്നതാണ് അവന്‍റെ ജനനം.
നിലവിലിരുന്ന വേദങ്ങളും ദൈവശാസ്ത്രവും ആ ജനനത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും പ്രാപ്തമായിരുന്നില്ല. അവയുടെ എല്ലാ പ്രാഭവത്തെയും നിഷ്പ്രഭമാക്കിക്കൊണ്ട്, സങ്കല്പങ്ങളെയും പ്രതീക്ഷകളെയും തച്ചുടച്ചുകൊണ്ട് ഒരു തച്ചന്‍റെ മകനായി, ഒരു ചെറിയ പുല്‍ക്കൂട്ടില്‍, ദരിദ്രനായി, ദൈവപുത്രന്‍ പിറക്കുന്നു. സര്‍വ്വ പ്രപഞ്ചത്തിന്‍റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവം, വളരെ ലളിതമായി, നിസ്സാരതയില്‍ ജനിക്കുന്നു. ആരവങ്ങളും ആര്‍പ്പുവിളുകളും വിളംബരങ്ങളും പ്രഘോഷങ്ങളും ഒന്നുമില്ല. പണ്ഡിതരുടെ വ്യാഖ്യാനങ്ങളോ കൊട്ടാരത്തിന്‍റെ പ്രൗഡിയോ അവനെ ദര്‍ശിക്കാന്‍ ഉതകുന്നുമില്ല. പാവപ്പെട്ട ആട്ടിടയരും ദാഹത്തോടെ അലഞ്ഞ ജ്ഞാനികളും ദരിദ്രരായ കുറച്ച് മനുഷ്യരും മാലാഖമാരുടെ കീര്‍ത്തനങ്ങള്‍ കേള്‍ക്കുകയും, നക്ഷത്രത്തിന്‍റെ ശോഭ കാണുകയും നിഷ്കളങ്ക ശിശുവില്‍ ദൈവത്വവും തിരിച്ചറിയുകയും ചെയ്യുന്നു.
നമ്മുടെ നാട്ടിലെ കാലിത്തൊഴുത്ത് സങ്കല്പങ്ങളെ ഒരു വേള മാറ്റിവയ്ക്കാം. അകത്ത് മറ്റൊരു കുടുംബത്തിനു കൂടി കൊടുക്കാനിടമില്ലാത്തതുകൊണ്ട്, ഏതോ പാവപ്പെട്ടവന്‍ തന്‍റെ കുടിലിനോട് ചേര്‍ന്നുള്ള വരാന്തയോ ഷെഡോ, തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ കെട്ടാന്‍ ഉപയോഗിച്ചിരുന്ന ഇടം, അവര്‍ക്കായി ഒഴിച്ച് നല്‍കുന്നു. അവിടെ അവന്‍ പിറക്കുന്നു.
ശ്രേഷ്ഠമായ ജനനങ്ങള്‍ മണിമന്ദിരങ്ങളില്‍ ആണ് ഉണ്ടാവുക എന്ന ചരിത്രാതീത സങ്കല്പങ്ങളൊക്കെ ഈ പുല്‍ക്കൂട്ടിലെ ജനനം അട്ടിമറിക്കുന്നു. മനുഷ്യര്‍ തങ്ങളുടെ നിസ്സാരതകളെ ഓര്‍ത്ത് പരിതപിക്കുകയോ പരാതിപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് നിസാര ജനനം നിരന്തരം ഓര്‍മിപ്പിക്കുന്നു.
നാട്ടില്‍ ഒരു സംഭവം നടക്കുമ്പോള്‍ ആദ്യം അറിയുന്നത് അവിടുത്തെ പ്രമാണിമാരും സ്വാധീനമുള്ളവരും ആണ്. അത്തരം കീഴ്വഴക്കങ്ങള്‍ ഇവിടെ കീഴ്മേല്‍ മറിയുന്നു.തങ്ങളുടെ സാധുമൃഗങ്ങള്‍ക്ക് രാത്രിയില്‍ കാവലിരുന്ന ദരിദ്രരായ മനുഷ്യ രോട് ദൂതര്‍ പറയുന്നു: 'നിങ്ങള്‍ക്ക് ശാന്തിയും ആനന്ദവും നല്‍കുന്ന ദൈവത്തെ ദര്‍ശിക്കൂ'. അല്‍പ്പനേരത്തേക്ക് വഴിമാറി ചിന്തിച്ച ജ്ഞാനികള്‍ എത്തുമ്പോള്‍ ഹെറോദേസ് ഞെട്ടുന്നു. തന്‍റെ അധികാര സീമയ്ക്കുള്ളില്‍ താനറിയാതെ മഹനീ യമായതെന്തോ നടക്കുന്നു. കൊട്ടാരം പണ്ഡിതരെ വിളിച്ച് അതുറപ്പുവരുത്തുന്നു. താന്‍ അറിയാത്ത കാര്യങ്ങള്‍ പുറമെയുള്ള മനുഷ്യര്‍ അറിഞ്ഞെത്തുന്നു എന്നത് അയാള്‍ക്ക് വെല്ലുവിളിയും ആപത്കരവുമായി തോന്നി.
ജ്ഞാനികള്‍ സാധാരണ സന്ദര്‍ശിക്കുക ജ്ഞാനികളെയാണ്, തങ്ങള്‍ക്ക് സമന്മാരോ തങ്ങളെക്കാള്‍ മുതിര്‍ന്നവരോ ആയവരെയൊക്കെ. തീരെ നിസാരനായ ഒരു ശിശുവില്‍ നിന്ന് എന്ത് തേടിയാണ് അവര്‍ യാത്ര ചെയ്യുന്നത്? അറിവിന്‍റെ ചക്രവാളങ്ങള്‍ പ്രായം കൊണ്ടോ പാണ്ഡിത്യം കൊണ്ടോ മാത്രം ഉണ്ടാകുന്നതല്ല എന്നുകൂടി ഇവരുടെ സന്ദര്‍ശനം ഓര്‍മിപ്പിക്കുന്നു. ഒരു ശിശുവിനെ തേടി ജ്ഞാനികളായ മൂന്നുപേര്‍ യാത്ര ചെയ്യുന്നു; ഇത്രത്തോളം കീഴ്മേല്‍ മറിക്കുന്ന ചിന്ത വേറെയെന്തുണ്ട്.
ജ്ഞാനികളുടെ കാഴ്ചകള്‍, ഒരു കുഞ്ഞിനും ആരും കൊടുക്കാത്ത സമ്മാനങ്ങളാണ്. ആരാണ് ജനിച്ച ശിശുവിനെ കാണാന്‍ പോകുമ്പോള്‍ മൃതിയെ ഓര്‍മ്മിപ്പിക്കുന്ന മീറയും കുന്തിരിക്കവും സമര്‍പ്പിക്കുക !
മാനുഷികമായ ഇത്തരം എല്ലാ അട്ടിമറികളെക്കാളും വലുതാണ് അവിടെ സംഭവിച്ചത്. സ്ഥല കാലഭേദമില്ലാത്ത, സര്‍വജ്ഞാനിയും സര്‍വ്വ ശക്തനും സര്‍വപ്രപഞ്ചവും നിറഞ്ഞു നില്‍ക്കുന്നവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യരൂപത്തില്‍, തീരെ നിസ്സാരനായ, തീരെ അവഗണിക്കപ്പെട്ട ഒരിടത്തില്‍, അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഒരു ജനത്തിനിടയില്‍ ജനിക്കുന്നു. ഇതെഴുതുമ്പോള്‍ അതിന്‍റെ മുഴുവന്‍ ഗ്രാവിറ്റിയും അര്‍ഹി ക്കുന്ന ആഴത്തില്‍ സംവേദിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമുണ്ട്. വായിക്കുന്ന നിങ്ങള്‍ക്ക് അതിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുമസ് അത്ര നിസാരമായ ഒന്നല്ല. ക്രിസ്തുവിന്‍റെ ജനനം അത്ര നിസ്സാരമല്ല. പറഞ്ഞു പഴകിയ ഒരു ആഘോഷമാകാതിരിക്കട്ടെ ഈ ക്രിസ്മസ്.
നമ്മുടെ ചുറ്റും അരങ്ങേറുന്ന വെറുപ്പിന്‍റെ, പരസ്പര പോരാട്ടത്തിന്‍റെ, പ്രീണനങ്ങളുടെ, നിഷ്കളങ്കരെ ഒറ്റിക്കൊടുക്കുകയും കരുവാക്കുകയും ചെയ്യുന്നവരുടെ, നിഷ്കളങ്ക രക്തം മടികൂടാതെ ചിന്തുന്നവരുടെ, അവര്‍ക്കുവേണ്ടി കൊടിപിടിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് കൃത്യമായ ഒരു അകലം സൂക്ഷിക്കാം. ശാന്തി ദൂതമായി വന്ന ക്രിസ്തുവിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന നമുക്ക് സമൂഹത്തില്‍ അശാന്തി പരത്തുന്നവരില്‍ നിന്ന് മാറി നടക്കുകയും നമ്മുടെ ചെറിയ ഇടങ്ങളില്‍ ഒരുമയുടെയും സഹവര്‍ത്തി ത്വത്തിന്‍റെയും ശാന്തിയുടെയും പാലങ്ങള്‍ പണിയുകയും ചെയ്യാം. മനുഷ്യര്‍ക്കും ദൈവത്തിനു ഇടയില്‍ പാലം പണിതവന്‍റെ പേരില്‍ ചരിക്കുന്ന നമുക്ക്, മനുഷ്യര്‍ക്കിടയില്‍ പാലം പണിയാനുള്ള വലിയ ഉത്തരവാദിത്തമുണ്ട്. യുദ്ധം ആഹ്വാനം ചെയ്യുന്നവരും ആരംഭിച്ചവരും ഒക്കെ സുരക്ഷിതമായി ഇടങ്ങളിലാണ് എപ്പോഴും. അശാന്തമായ യുദ്ധഭൂമിയില്‍ പിടഞ്ഞു വീഴുന്നത് നിസ്സഹായരായ സാധാരണക്കാരും.
സീമകളില്ലാത്ത ആകാശത്തു നിന്നും നോക്കുമ്പോള്‍ ഒരു രേഖയായി പോലും കണ്ണില്‍പ്പെടാത്ത അതിര്‍ത്തികളുടെയും അതിരുകളുടെയും പേരില്‍, തങ്ങള്‍ പുലര്‍ത്തുന്ന പാരമ്പര്യങ്ങളുടെയോ മതാചാരങ്ങളുടെയോ ശരികളുടെയോ പേരില്‍ എന്തിനാണ് ഇത്രയും വിഭജനങ്ങള്‍? പരസ്പരാദരവിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കേണ്ട മതങ്ങളെപ്പോലും തല്ലു പിടിക്കാന്‍ കാരണമാക്കുന്നത് എത്ര ശോചനീയമാണ്.
ക്രിസ്തുമസ് ഒരു വാതില്‍ തുറക്കലിന്‍റെ ഓര്‍മ്മയാണ്. അവന്‍ നമുക്കായി ഒരു വാതില്‍ തുറന്നു. അതിനപ്പുറമിപ്പുറം സ്വര്‍ഗ്ഗവും ഭൂമിയും. ദൈവത്തില്‍ നിന്ന് ഭൂമിയിലേക്ക്, മനുഷ്യനിലേക്ക്; മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്ക് ഒക്കെ ഉള്ള വാതില്‍. വരൂ നമുക്ക് അവനാകുന്ന വാതിലിലൂടെ അകത്തേക്ക് കടക്കാം. പിന്നെ അവന്‍റെ ഇഷ്ടം പോലെ നമ്മുടെ ജീവിതം ക്രമീകരിക്കപ്പെടട്ടെ.