വല്ലാതെ വര്‍ക്ക്ഹോളിക് ആകാന്‍ വിധിക്കപ്പെട്ടവരായിരുന്ന മിസ്രമില്‍പെട്ട യിസ്രായേല്‍ ജനം. ഈജിപ്റ്റിലെ ഫറവോയ്ക്ക് വേണ്ടി രണ്ട് വെയര്‍ഹൗസുകള്‍ പണിയുകയാണ്. പീഥോം എന്നും റംസേസ് എന്നും രണ്ട് സംഭാരനഗരങ്ങളുടെ നിര്‍മ്മിതിയാണ് അവിടെ. ജോലിഭാരമേറെയുണ്ടെങ്കിലും നിരവധി സുഖാസ്വാദനത്തിന്‍റെ ഇടങ്ങളും അവര്‍ക്കവിടെ ഉണ്ടായിരുന്നു. അതു പറയാന്‍ കാരണം, അവരുടെ പില്‍ക്കാല മരുഭൂമിയാത്രയിലെ പിറുപിറുക്കലുകളിലൊന്നു തന്നെ മിസ്രയീമിലെ വലിയ ഇറച്ചിക്കലങ്ങളെയോര്‍ത്തുള്ളതായിരുന്നല്ലോ! ആത്മസ്വാതന്ത്ര്യത്തിന്‍റെ വാഗ്ദത്ത ഭൂമികയിലേക്ക് തീരാത്തപണികളുടെ ജീവിതസമരങ്ങളില്‍ നിന്നും അവരിറങ്ങിയ കഥയാണ് പുറപ്പാട്. The great exodus. സുദീര്‍ഘമായൊരു മരുഭൂമിപ്രയാണമാണ് അവര്‍ക്കതിന് താണ്ടേണ്ടി വന്നത്. അതത്ര സുഖകരമായിരുന്നില്ലതാനും.
പതിവായി കഴിഞ്ഞുപോന്ന ഈജിപ്ഷ്യന്‍ പട്ടണ വീഥികളും തെരുവോരങ്ങളിലെ ആള്‍ക്കൂട്ടങ്ങളും ശബ്ദമുഖരിതമായ ചന്തസ്ഥലങ്ങളുമൊക്കെ വിട്ടുപോകല്‍. പതിവു ശീലങ്ങളും രുചികളും താല്പര്യങ്ങളുമൊക്കെ വിട്ടിറങ്ങല്‍. ശരിക്കും ഒരു മടുപ്പുണ്ടാവുക സ്വാഭാവികമാണ്. അടിമജീവിതത്തില്‍നിന്നു ശാശ്വതമായൊരു സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാടാണെങ്കിലും അത് തിരിച്ചറിയാന്‍പോലും അവര്‍ക്ക് ആവുന്നില്ലെന്നതാണ് വ്യസനിപ്പിക്കേണ്ടത്. ഇവിടെ പച്ചവെള്ളത്തിനുവരെ കയ്പ്പുതോന്നും. ആകാശത്ത് നിന്നിറങ്ങിയ മന്നാപോലും അരുചികരമായിത്തോന്നും. പിന്നെ കലഹങ്ങളും പിറുപിറുക്കലുകളും ഉറപ്പാണ്. ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ പത്തുപ്രാവശ്യം പിറുപിറുത്തുവെന്നാണ് തിരുവെഴുത്ത്. വിജനതയുടെ ഭൂമികകള്‍ നല്കുന്ന പാഠങ്ങള്‍ ഏറെയുണ്ട് സഖാവേ! ശിക്ഷണത്തിന്‍റെ മണലാരണ്യത്തില്‍ തനിച്ചിരിക്കുമ്പോള്‍ അവ ഓര്‍മ്മിച്ചെടുക്കുന്നത് നല്ലതാവും. ഇത് ബന്ധനങ്ങളില്‍ നിന്നും മുക്തമാക്കുന്ന ആത്മയാനമാണ്. ജീവിതത്തിന്‍റെ മറുകര കണ്ടെത്തുന്ന യാത്രയാണ്. എടുത്തുചാട്ടക്കാരെ അതീവസൗമ്യനാക്കുന്ന മാര്‍ഗ്ഗമാണ്. അഹന്തയുടെ വര്‍ത്തമാനങ്ങള്‍ പുലമ്പുന്നവരെ മണ്ണ് പിളര്‍ന്ന് വിഴുങ്ങുന്ന യാത്രയാണ്. ശുഭവചനങ്ങള്‍ പറയുന്നവര്‍ക്ക് മാത്രം പ്രവേശനമുള്ള വാഗ്ദത്ത ഭൂമിയിലേക്കുള്ള പാതയാണ്. മൗനത്തിന്‍റെ കൊടുമുടി കയറി ദൈവകല്പനകളെ ഹൃദയഫലകങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ട തപസ്സിന്‍റെ കാലമാണ്. പിന്നെ, മറക്കരുത് നിങ്ങള്‍ക്കിഷ്ടപ്പെട്ട ദൈവത്തെയും ദൈവസങ്കല്പത്തെയും വാര്‍ത്തുണ്ടാക്കാന്‍ പ്രലോഭിപ്പിക്കുന്ന നേരവുമാണിത്.
ഒന്നോര്‍ത്തോല്‍, കൊറോണക്കാലത്തിനു മുമ്പ് നാം സ്പോണ്‍സര്‍ ചെയ്തു പോന്ന 'സ്വര്‍ണ്ണ കാളക്കുട്ടി' മേളങ്ങള്‍ക്കപ്പുറത്ത് ഒരു ദൈവത്തെ അറിയാനുള്ള കാലം കൂടിയാണ് സഖാവേ, ഈ നോമ്പും ജാഗ്രതയും തനിച്ചിരുപ്പുമെല്ലാം. സത്യമായും ആരവങ്ങള്‍ നിലച്ച നമ്മുടെ ദേവാലയങ്ങളുടെ മൗനം നമ്മോട് ചിലതു പറഞ്ഞിരുന്നു എന്നാണ് എന്‍റെ തോന്നല്‍! Ryan Kuja, യുടെ From the Inside out ല്‍ പറയുന്ന മാതിരി the desert invites us to go into the vulnerable places inside to face and to let go of what we find, to leave the God we know and meet a God we don't know and can't possibly imagine. നമ്മുടെ അറിവും അറിവുകേടും താഴ്ത്തിവെച്ച് ഇറങ്ങി പുറപ്പെടാന്‍ നാം കരുത്ത് കാട്ടണം. നവ്യാനുഭവങ്ങളുടെ പാലും തേനുമൊഴുകുന്ന വാഗ്ദത്തഭൂമിക അപ്പോള്‍ നമുക്ക് മുമ്പില്‍ തുറക്കപ്പെടും! The desert is a place of great undoing and a place of unlearning.