news-details
സഞ്ചാരിയുടെ നാൾ വഴി

ദൈവത്തിന്‍റെ സ്വന്തം പ്രിയപ്പെട്ട ഉപമ

ദൈവം ഭൂമിക്ക് സമ്മാനിച്ച മനോഹരമായ ഉപമയാണ് ഫ്രാന്‍സീസ് (Gods? own beloved Parabl).- വചനമായി ചൊല്ലിത്തന്നതല്ല, മാംസമായി മാറാനനുവദിച്ച ഒരുപമ. ഓരോ ഉപമയും നമുക്കായി ഒരായിരം വെളിപാടുകളുടെ ജാലകങ്ങളെങ്കിലും തുറന്നു തരുന്നുണ്ടാവണം. അത്തരം എണ്ണിയാലൊടുങ്ങാത്ത പാഠങ്ങളളില്‍ നിന്ന് ഏതാനും ചിലത് ഈ ഒക്ടോബര്‍ വിചിന്തനത്തിനായി... ഉടലിന്‍റെ പ്രിയങ്ങള്‍ക്കും, ആത്മാവിന്‍റെ നിലവിളികള്‍ക്കുമിടയിലായി ജീവിതം വിഭജിക്കപ്പെടുന്നതിന്‍റെ ആന്തരികസംഘര്‍ഷം അനുഭവിക്കുന്നയേതൊരാള്‍ക്കും കരുത്തും ദിശാബോധവും നല്‍കാനുതകുന്നതാണല്ലോ ആ പുണ്യസ്മൃതി. ഓക്ടോബര്‍, നാല് ഫ്രാന്‍സീസിന്‍റെ ഓര്‍മ്മത്തിരുനാള്‍...

1.  ഉയിരിന്‍റെ ഉടയവന്‍

ജീവിതത്തിന്‍റെ വഴികളെ നൂറ്റിയെണ്‍പത് ഡിഗ്രി തിരിക്കാന്‍ നിമിത്തമാകുന്ന ഒരു ചോദ്യമുണ്ട്-ആരാണ് നിന്‍റെ യജമാനന്‍? അഹന്തയുടെ അശ്വത്തില്‍ പടയ്ക്ക് പോയയൊരാള്‍ വഴിയോര സത്രത്തിലന്തിയുറങ്ങി. കിനാവില്‍ ദൈവമെത്തിയയാളെ പീഡിപ്പിച്ചു. ആരെ സേവിക്കണം... യജമാനനെയോ, ദാസനെയോ?

"തീര്‍ച്ചയായും യജമാനനെത്തന്നെ". പിന്നെ നീയെന്തിന് ദാസനെ യജമാനനായി തെറ്റിദ്ധരിച്ചു...?

എത്രയോ ചെറിയ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിന്‍റെ ചരടുകളെ നിയന്ത്രിക്കുക. നമ്മള്‍ സ്വതന്ത്രരാണെന്നൊക്കെ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ദാസരെ യജമാനന്മാരായി തെറ്റിദ്ധരിക്കുകയാണ് ഏറ്റവും വലിയ ദുരന്തം. അവാസ്തവമായതിനെ ഭ്രമമായും കരുതുന്ന മനസ്സിന്‍റെ താളപ്പിഴയെ ഹലൂസിനേഷന്‍ എന്ന് നമ്മള്‍ വിളിക്കാറുണ്ടല്ലോ. ആത്യന്തികമായി ഇത്തരം ഒരു ഭ്രമാത്മകതയ്ക്ക് വിധേയരാണ് നമ്മള്‍ കണ്ടുമുട്ടുന്ന ഭൂരിപക്ഷവും. വിവേകാനന്ദന്‍ പറയുന്നതുപോലെ, അന്യവീട്ടില്‍ വേലയ്ക്കു നില്‍ക്കുന്ന ആയയെപ്പോലെ, ഈ വീടും ഈ അത്താഴവും ഈ കുഞ്ഞുമൊക്കെയെന്‍റേതാണെന്ന് ഞാന്‍ തെറ്റിദ്ധരിക്കുകയാണ്.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നും നമ്മള്‍ വായിച്ചിട്ടുണ്ട്. എന്താണ് സത്യം? സ്വന്തം ജീവിതത്തിലെ യജമാനനേത്, ദാസനേത്- ക്ഷണികമേത്, നിത്യതയേത്-ക്ഷയമേത്, അക്ഷയമേത് തുടങ്ങിയ അവബോധമാണ് സത്യം. അത്തരമൊരു സത്യത്തിന്‍റെ വെള്ളിവെളിച്ചം നിങ്ങള്‍ക്ക് തരുന്ന വിടുതലിന് തുല്യമായ മറ്റൊന്നില്ല. ഇന്നലെ വരെ ഏറ്റവും വിലയുള്ളതായി നിങ്ങള്‍ കരുതിയത് വൈക്കോലുപോലെ നിസ്സാരമായി ഇനി വെളിപ്പെട്ടുകിട്ടും.

ദൈവരാജ്യം വയലിലൊളിപ്പിച്ച നിധിപോലെ. കിളക്കാന്‍ പോയവന്‍ നിധി അന്വേഷിച്ചു പോയതൊന്നുമല്ലല്ലോ. എന്നിട്ടും അവന്‍റെ കര്‍മ്മവഴികളില്‍ നിധിയവനെയും കാത്ത്... അവന്‍ തനിക്കുള്ളതെല്ലാം വിറ്റ് ആ നിധിയുടെ ഇത്തിരി ഇടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അവന്‍റെ സുഹൃത്തുക്കള്‍ അവനെ പരിഹസിച്ചേക്കാം. മറിയം ക്രിസ്തുവിന്‍റെ കാല്ക്കല്‍ ഉടച്ച് അഭിഷേകം ചെയ്ത പരിമളതൈലത്തിന്‍റെ വെണ്‍കല്‍ഭരണിപോലെ പിന്നെ ഫ്രാന്‍സീസിന്‍റെ ജീവിതം. ഒരു തുള്ളി പോലും എനിക്കുവേണ്ടി മാറ്റിവെയ്ക്കുന്നില്ല. ആരോ ചോദിക്കുന്നു: "നീയെന്തിനാണ് ഇത് പാഴാക്കുക - ആര്‍ക്കു വേണ്ടി? നിന്‍റെ യൗവ്വനം, വര്‍ണ്ണങ്ങള്‍, കരുത്ത്, അറിവ്, ഗാര്‍ഹിക ഊഷ്മളതകള്‍, ഉടലിന്‍റെ നിഗൂഢ പ്രിയങ്ങള്‍ ഉള്ളില്‍ മയങ്ങുന്ന താരാട്ട്... ഒക്കെ".

എന്നാല്‍ ഫ്രാന്‍സീസിന്‍റെ ഉള്ളില്‍ ഒരു വ്യാകുലത മാത്രം. കുറെക്കൂടി ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ കുറെക്കൂടി കൊടുത്തേനെ... അത്തരം ഒരു പരിമിതിയുടെ വ്യഥയില്‍ നിന്നാണ് അയാള്‍ അസ്സീസിയുടെ തെരുവോരങ്ങളിലൂടെ ഇങ്ങനെ നെഞ്ചത്തടിച്ച് കരഞ്ഞ് നടന്നത് - സ്നേഹം സ്നേഹിക്കപ്പെടുന്നില്ലല്ലോ, ദൈവമേ!

2.  ദൈവത്തിന്‍റെ നിസ്വന്‍

ആന്തരികതകള്‍ കളഞ്ഞുപോകുമ്പോഴാണ് മനുഷ്യര്‍ ബാഹ്യമായ ആഡംബരങ്ങളില്‍ അഭിരമിക്കുക. സംസ്ക്കാരത്തിന്‍റെ ശുദ്ധീകരണത്തിന് വിധേയമാകാത്ത ഗോത്രങ്ങള്‍ കടുംവര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ... ദൈവദര്‍ശനം ലഭിച്ചൊരാള്‍ ഉണരുന്നത് ലളിതമായ ചില ജീവിതക്രമങ്ങളിലേക്കാണ്. അതുകൊണ്ടാണ് ഫ്രാന്‍സീസ് തന്‍റെ പിന്നാലെയെത്തുന്നവര്‍ക്കുവേണ്ടി ഇങ്ങനെ കുറിച്ചത്: സഹോദരന്‍മാര്‍ ഈ ഭൂമിയില്‍ ഒരംഗുലം മണ്ണുപോലും സ്വന്തമാക്കാതിരിക്കട്ട. ഈ വാഴ്വില്‍ അവര്‍ തങ്ങളെത്തന്നെ യാത്രികരായി കരുതട്ടെ. പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ഒരു കാലത്തില്‍ അയാള്‍ നമുക്ക് ലളിതമായ ജീവിതശൈലികളുടെ അങ്കി വെച്ചുനീട്ടുന്നു. ഒരു സഞ്ചാരിയുടെ ദൈവശാസ്ത്രം രൂപപ്പെടുത്തുകയാണ് പ്രധാനം.

ഒരു സൂഫി ഗുരുവിനെക്കുറിച്ചുള്ള കഥയിങ്ങനെ : ഒരു സന്ദര്‍ശകനെത്തി. കസേരകളില്ലാത്ത മുറിയില്‍ നിലത്തിരുന്ന് അയാള്‍ പരിഭവിച്ചു.
"ഒരു കസേരയൊക്കെ ആവാം."
"നിന്‍റെ കസേര എവിടെ?"
"എന്‍റെ കസേരയോ? ഞാന്‍ യാത്രയിലാണ്."
"ഞാനും!"- പിന്നെ സന്ദര്‍ശകന്‍ നിശബ്ദതയിലായി.
ആവശ്യങ്ങള്‍ക്ക് ഒരതിര്‍രേഖ ആവശ്യമുണ്ട്. സംതൃപ്തി കമ്പോളത്തിന്‍റെ ഉത്പന്നമല്ല. ഒത്തിരി ഒത്തിരി അലഞ്ഞ് നെഞ്ചില്‍ത്തന്നെ കണ്ടെത്തേണ്ട നീരുറവയാണ്. ജീവിതകാലം മുഴുവന്‍ എന്തിനെയൊക്കെയോ തേടി തേടി അലഞ്ഞ ഒരു സേനാധിപന്‍ അവസാനനാളുകളില്‍ ഇങ്ങനെ പറഞ്ഞുവത്രേ, ഒന്നോര്‍ത്താല്‍ വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമേ ജീവിതത്തിന് ആവശ്യമുള്ളൂ. തുറന്നിട്ടൊരു ജാലകം, ധ്യാനിക്കാനൊരു പുസ്തകം, പൂപ്പാത്രത്തിലെ പുത്തനിലകള്‍, സ്നേഹിക്കുന്നയൊരാളുടെ കരം, ഇത്രയും മതി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകാന്‍.

അവര്‍ പറയുന്നു, ശേഖരിക്കാനുള്ള ഒരടിസ്ഥാനചോദന ഓരോ മനുഷ്യനും കൂടെ കൊണ്ടുനടക്കുന്നുണ്ട്. വഴിയോരങ്ങളില്‍ നിന്ന് ഓരോ സാധനങ്ങള്‍ ശേഖരിച്ച് മാറാപ്പ് നിറയ്ക്കുന്ന താളംതെറ്റിയ മനസ്സുകളെ ഇനി പരിഹസിക്കരുത്. മന്നപൊഴിച്ചപ്പോള്‍ ഒരു ദിവസത്തേക്ക് മാത്രമെടുക്കുകയെന്നതായിരുന്നു ആകാശങ്ങളില്‍ നിന്നുള്ള ശാഠ്യം. നാളത്തേക്കുള്ള മന്നയെന്നാല്‍ മറ്റാരുടെയോ ഇന്നത്തെ മന്ന അപഹരിക്കുകയെന്നര്‍ത്ഥം. അന്നന്നത്തെ അപ്പം മാത്രമാണെന്‍റെ വിഹിതം.

ആകാശപ്പറവകളില്‍ നിന്ന് പഠിക്കുവാന്‍ യേശു പറഞ്ഞു. പല പാഠങ്ങള്‍ അവ പഠിപ്പിക്കുന്നുണ്ടാവാം. അതിലൊന്ന് തീര്‍ച്ചയായും ഇതാണ്. നിറയെ കതിര്‍മണികളുള്ള പാടത്തില്‍നിന്നു പോലും തന്‍റെ കൊക്കിലൊതുങ്ങുന്ന ഒരു കതിര്‍ മാത്രമേ അതു ശേഖരിക്കൂ. ഭൂമി നിറയെ കതിര്‍മണികളുള്ള പാടം, നമുക്കൊരു കതിര്‍മണി മാത്രം മതി സത്യമായിട്ടും.

3.  മറഞ്ഞുനില്ക്കുന്ന ദൈവം

ഫ്രാന്‍സീസിന്‍റെ യാത്രകളിലൊന്നില്‍ എതിരെയൊരുവന്‍. ഉടലുനിറയെ വ്രണങ്ങളുമായി. ഉള്ളില്‍ നിറയുന്ന കനിവിന്‍റെയൊരു നിലാവില്‍ ഫ്രാന്‍സീസ് അവനെയണച്ചുപിടിച്ചു. പിന്നെ സ്നേഹപൂര്‍വ്വമവന്‍റെ മുറിവുകളിലൊന്നില്‍ ചുംബിച്ചു. ആ നിമിഷത്തില്‍ മുറിവ് അപ്രത്യക്ഷമായി. ഒരു വടുപോലും അവശേഷിപ്പിക്കാതെ.... പിന്നെയൊരുന്മാദിയെപ്പോലെ ഓരോ മുറിവുകളെയും ചുംബിച്ചു തുടങ്ങി. ഓരോ ചുംബനവും ഓരോ മുറിവിനെയുണക്കി. ഒടുവിലവശേഷിച്ചത് അഞ്ചു മുറിവുകളാണ്. രണ്ടു പാദങ്ങളിലും കൈവെള്ളയിലും പിന്നെ നെഞ്ചിലും.

മുട്ടിന്മേല്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഫ്രാന്‍സീസ് നിലവിളിച്ചു: "ദൈവമേ, ഭൂമിയിലെ മുറിവേല്‍ക്കപ്പെട്ട ഓരോ മനുഷ്യരുടെയും പിന്നില്‍ ഒളിച്ചു നില്ക്കുന്നത് നീ തന്നെയാണല്ലോ....." ബൈബിള്‍ വിറ്റ് അപ്പം കണ്ടെത്താന്‍ പറയുന്നതിനു പിന്നിലെ ദര്‍ശനവും ഇതുതന്നെ.

ഒരു പോപ്പ് ഗാനത്തിന്‍റെ ആല്‍ബം കാണുകയായിരുന്നു. ഗായകന്‍ പാടുകയാണ്.
''Our si a wounded world
We need a healing outch..."
ആ സമയത്ത് കേള്‍വിക്കാര്‍ നെഞ്ചത്തടിച്ചത് ഏറ്റുപാടുന്നു - നമ്മുടേത് മുറിവേല്‍ക്കപ്പെടുന്ന കാലമാണ്, നമുക്കൊരു സൗഖ്യസ്പര്‍ശം ആവശ്യമുണ്ട്. ഒരിക്കലെങ്കിലും മുറിവേല്‍ക്കപ്പെടുക വാഴ്വിന്‍റെ അലംഘനീയമായ നിയമമാണ്. ആര്‍ക്കുമതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. മുറിവുകള്‍ക്ക് പിന്നില്‍ ഒരു ക്രിസ്തു മറഞ്ഞിരിപ്പുണ്ടെന്നറിവ്, മുറിവേറ്റവരെ ആദരപൂര്‍വ്വം കാണാനെന്നെ പഠിപ്പിക്കയില്ലേ...?

4.  തോല്‍ക്കുന്നവരുടെ പോരാട്ടങ്ങള്‍

"ലിയോ നിനക്ക് നൃത്തം ചവിട്ടാനറിയുമോ, എങ്കില്‍ വരിക" - ഇടുങ്ങിയ വഴികളിലൂടെ പൊട്ടിച്ചിരിച്ചും നൃത്തത്തിന്‍റെ ചുവടുകള്‍ ചവിട്ടിയുമെത്തുന്ന ഫ്രാന്‍സീസ്.

'വരിക എല്ലാവരും വരിക. ഈ പുതിയ ഭ്രാന്തിന് കാതോര്‍ക്കുക."

"അവന്‍റെ പിറകെ കുറെയേറെ കുട്ടികള്‍ - അവരുടെ കൈകളില്‍ പാതയോരത്തുനിന്ന് ശേഖരിച്ച കല്ലുകള്‍. "എറിയുക, ഒരു കല്ലൊറിയുന്നവന് രണ്ടനുഗ്രഹം രണ്ട് കല്ലെറിയുന്നവന് രണ്ടനുഗ്രഹങ്ങള്‍, മൂന്നു കല്ലിന് മൂന്നനുഗ്രഹങ്ങള്‍..."

പിന്നെയന്തരീക്ഷത്തിലൂടെ ചീറിപ്പായുന്ന കല്ലുകള്‍. ആള്‍ക്കൂട്ടത്തിന് മദ്ധ്യേ നിണമാര്‍ന്ന ഉടലുമായി ഫ്രാന്‍സീസ്. എന്നിട്ടുമവന്‍റെ നൃത്തച്ചുവടുകള്‍ അവസാനിച്ചില്ല.
"കേള്‍ക്കണേ, ഈ പുത്തന്‍ ഭ്രാന്തിനെക്കുറിച്ച്..."

പരിഹാസത്തോടെയവര്‍ ആര്‍ത്തു വിളിച്ചു: "പറഞ്ഞോളൂ"
കരങ്ങള്‍ വിരിച്ചവന്‍ മന്ത്രിച്ചു:
സ്നേഹം! സ്നേഹം! സ്നേഹം!
അതിബുദ്ധിമാന്മാരുടെ ഭൂമിയില്‍ തോല്‍ക്കുന്നവരോടൊത്ത് പക്ഷം ചേരാനാവുമോ നിങ്ങള്‍ക്ക്? സ്നേഹദര്‍ശനങ്ങളുടെ പേരില്‍ മുറിവേല്‍ക്കപ്പെടാനും തിരസ്ക്കരിക്കപ്പെടാനുമൊക്കെ. വിജയികളുടെ ഹൃദയകാഠിന്യങ്ങള്‍ക്കിടയില്‍ പരിഭവങ്ങളില്ലാതെ തോല്‍ക്കുന്ന കളികളില്‍ സ്നേഹപൂര്‍വ്വമേര്‍പ്പെടാന്‍ കഴിയുമെങ്കില്‍, അറിയണം ക്രിസ്തു വീണ്ടും വീണ്ടും അവതരിക്കുകയാണ് നിങ്ങളിലൂടെ, ഫ്രാന്‍സീസിലെന്നപോലെ ജീവിക്കുകയെന്നാല്‍ സ്നേഹിക്കുകയെന്നും സ്നേഹിക്കുകയെന്നാല്‍ ജീര്‍ണ്ണിക്കുകയെന്നും ഈ വിശുദ്ധന്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

(To lÇ si to love, and to love is to get worn out).

5.  വിശ്വം ഒരു വീട്

തന്‍റെ സ്വപ്നങ്ങള്‍ ചിതറിച്ച പുത്രനോട് പീറ്റര്‍ ബര്‍ണാര്‍ദോ എന്ന പിതാവിന് ഒരു കനിവുമില്ലായിരുന്നു. തെരുവീഥിയിലെതിരേവന്ന പുത്രനെതിരായി ശാപമൊഴികളെയ്യുകയാണയാള്‍. ഹൃദയം നുറുങ്ങിയ ഫ്രാന്‍സീസ് ദേവാലയപടവുകളിലിരിക്കുന്ന വൃദ്ധയാചകന്‍റെ മുമ്പില്‍ മുട്ടുമടക്കി കരങ്ങള്‍ ബലമായി പിടിച്ച് ശിരസ്സിനു മുകളിലൂടെ വെച്ചു. "എന്‍റെ പിതാവെന്നെ ശപിക്കുകയാണ്. നിങ്ങള്‍ ദയവായി എന്നെ ആശീര്‍വദിക്കുമോ...?

രക്തബന്ധങ്ങളെക്കാള്‍ പവിത്രമായ ചില കര്‍മ്മബന്ധങ്ങളുണ്ട് ഭൂമിയില്‍ .... നിനക്കു വേണ്ടി, നന്മയുടെ സുവിശേഷത്തിനു വേണ്ടി ഞങ്ങളെല്ലാം ഉപേക്ഷിച്ചു - വീടും വീട്ടാരെയും കൃഷിയിടങ്ങളെയുമൊക്കെ. ഞങ്ങള്‍ക്കെന്താണ് തിരികെ ലഭിക്കുകയെന്ന ചോദ്യത്തിന് ക്രിസ്തു നല്കുന്ന ഉത്തരമുണ്ടല്ലോ, എന്‍റെ നാമത്തിനുവേണ്ടി സ്വന്തം മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയുമെല്ലാം ഉപേക്ഷിക്കുന്നവര്‍ക്ക് ഈ ഭൂമിയില്‍ വെച്ചുതന്നെ നൂറിരട്ടി ബന്ധങ്ങള്‍ ലഭിക്കുമെന്ന്.

ഫ്രാന്‍സീസ് വീടുപേക്ഷിച്ചവനാണെന്ന് ആരു പറഞ്ഞു! ആര്‍ക്കും വീടുപേക്ഷിക്കാനാവില്ല. പഴങ്കഥയിലെ കുരങ്ങച്ചനെപ്പോലെ (പുഴ കടക്കുമ്പോള്‍ മുതല പറഞ്ഞു എനിക്ക് നിന്‍റെ ഹൃദയം വേണം. "ക്ഷമിക്കണം മുതലച്ചാ, എവിടെ യാത്രയ്ക്ക് പോയാലും ഞാനെന്‍റെ ഹൃദയം അത്തിമരച്ചില്ലകളിലെ വീട്ടില്‍ സൂക്ഷിച്ചുവെച്ചിട്ടാണു വരിക... " ശ്രീ. ബുദ്ധന്‍ രാഹുലിനു വേണ്ടി ഒരു ചുരയ്ക്കാത്തൊണ്ട്  സൂക്ഷിച്ച കഥയുമറിയില്ലേ...?) വീടുപേക്ഷിക്കപ്പെടുകയല്ല. വീട് വലുതാവുകയാണ്. പതുക്കെ പതുക്കെ ചുമരുകള്‍ വിസ്തൃതമാവുകയാണ്. മേല്‍ക്കൂരകള്‍ ഉയരുകയാണ്. ഒത്തിരിപ്പേര്‍ അങ്ങനെയാണ് നിന്‍റെ ബന്ധുക്കളായി മാറുക.

മനുഷ്യനെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍മ്മത്തിന്‍റെ ഒരു ദൃശ്യവര്‍ണ്ണച്ചരടുണ്ട്. രജപുത്രരുടെ രാഖിപോലെ. അത് കണ്ടെത്തിയ അപൂര്‍വ്വം ചിലരിലൊരാളാണ് ഫ്രാന്‍സീസ്. അതൂകൊണ്ടാണ് ഭൂമിയയാള്‍ക്കൊരു കിളിക്കൂടുപോലെ ഇഴയടുപ്പത്തില്‍ വെളിപ്പെട്ടു കിട്ടിയത്. അതുകൊണ്ടാണ് എല്ലാത്തിനെയും എല്ലാവരെയും അയാള്‍ സഹോദരിയെന്ന് വിളിച്ചത്...

6.  ജീവിതം തന്നെ സാക്ഷ്യം

"നാളെ നമുക്ക് നഗരത്തില്‍ സദ്വാര്‍ത്ത പ്രഘോഷിക്കാം." രാത്രിയിലുറങ്ങാതെ തന്‍റെ പ്രഭാഷണം തയ്യാറാക്കുകയാണ് ഫ്രാന്‍സീസിന്‍റെ സഹചാരി.

പിറ്റേന്ന് പ്രഭാതത്തിലവര്‍ നഗരവീഥികളിലെത്തി. കാണുന്നവരോടൊക്കെ പുഞ്ചിരിച്ച്, ഒരു വാക്കുപോലും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയലഞ്ഞു ഫ്രാന്‍സീസ്. ഒപ്പം കൂട്ടുകാരനും.

ഇടയ്ക്കിടയ്ക്കയാള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്, പ്രഘോഷണത്തിന്‍റെ കാര്യം. പറയാം എന്നു മറുമൊഴി. അന്തിയായി, നമുക്ക് മടങ്ങാമെന്ന് ഫ്രാന്‍സീസ് അനുശാസിച്ചപ്പോള്‍ ഖേദത്തോടെ കൂട്ടുകാരന്‍ താനൊരുങ്ങിയ പ്രഭാഷണങ്ങള്‍ പാഴായല്ലോയെന്ന് പരിഭവം പറഞ്ഞു.

ഫ്രാന്‍സീസ് പുഞ്ചിരിയോടെ പറഞ്ഞു: "നമ്മുടെ യാത്ര തന്നെയായിരുന്നുവല്ലോ നമ്മുടെ പ്രഘോഷണവും" എന്‍റെ ജീവിതമാണെന്‍റെ സന്ദേശമെന്ന് പറയാനാവുന്ന ആത്മവിശ്വാസം എന്നാണെനിക്ക് സ്വന്തമാവുക?

- ഫ്രാന്‍സീസ് എന്ന ഉപമയോര്‍പ്പിക്കുന്ന അനേകം ഉള്‍ക്കാഴ്ചകളില്‍ നിന്ന് ഒരു കൈയിലൊതുങ്ങാവുന്ന പാഠങ്ങള്‍ കാണുകയായിരുന്നു നമ്മള്‍. ദൈവം ഒരാഭരണമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. പ്രാര്‍ത്ഥനാവേളകളില്‍ അണിയാനും നിത്യജീവിതത്തില്‍ അഴിച്ചുമാറ്റാനും. 'സെറാഫിക് വിശുദ്ധന്‍', എന്നാണ് ഫ്രാന്‍സീസിനെ പാരമ്പര്യങ്ങള്‍ വിശേഷിപ്പിക്കുക. സെറാഫുകള്‍ അഗ്നിച്ചിറകുകള്‍ ഉള്ള മാലാഖമാരാണ്. ദൈവത്തിനും മനുഷ്യനും ഭൂമിക്കും വേണ്ടി ഒരു കനല്‍ ഉള്ളിലെത്തിയ ഒരാളുടെ ഓര്‍മ്മ, നമ്മുടെ ശൈത്യകാലങ്ങള്‍ക്കെതിരായുള്ള ആത്മീയ പ്രതിരോധമായി മാറിയിരുന്നുവെങ്കില്‍!

You can share this post!

ബ്രദര്‍ ജൂണിപ്പര്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts