news-details
എഡിറ്റോറിയൽ

 

Life is a shipwreck, but we  must not forget to sing in the lifeboats. -
Voltaire
 
വിളക്കിനു മുന്‍പില്‍ കത്തിയമരുന്ന ഈയംപാറ്റപോലെ ക്ഷണികമാണ് മനുഷ്യജീവിതം. എങ്കിലും ഒരു യുഗത്തിന്‍റെ മുഴുവന്‍ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും സ്വന്തം ചുമലില്‍ ഏല്‍ക്കുക എന്നത് വിട്ടുമാറാത്ത ബാധയായി മിക്ക മനുഷ്യരിലും കൂടിയിട്ടുണ്ട്. നല്ലകാര്യം. കാരണം ജീവിതം എന്നത് സ്വപ്നം കാണാനും പങ്കുവയ്ക്കാനും പരിഭവം പറയാനും കൂടിയുള്ളതാണ്. എന്നാല്‍ ഇവിടെ ഞാന്‍ മറക്കുന്ന ഒരു കാര്യമുണ്ട്. എത്ര കൂട്ടിചേര്‍ത്താലും എത്ര തുന്നിപ്പിടിപ്പിച്ചാലും ഉള്ളില്‍ നിന്നുവരാത്ത ഒന്നിനും കാലം ഇടം നല്‍കില്ല എന്ന്. അതുകൊണ്ടാണവന്‍ പറയുന്നത് പുറമെ നിന്നുവരുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, മറിച്ച് ഉള്ളില്‍ നിന്നു വരുന്നതെന്താണോ അത്. അതെ ഉള്ളിലാണ് കാര്യം. കാലം പുരോഗമിക്കുമ്പോഴും സാങ്കേതിക പുരോഗതികള്‍ നേടുമ്പോഴും പോയവര്‍ഷത്തെ കണക്കെടുപ്പു നടത്തുമ്പോഴും നാം പൊതുവില്‍ ഇഷ്ടപ്പെടുക, വിജയിച്ചവരെയും ഇടംനേടിയവരേയുമാണ്. കഥകളും കണക്കുകളും അങ്ങനെയാണുതാനും. ഇവിടെ സംഭവിക്കുന്ന അപകടം തീര്‍ത്തും തള്ളിക്കളയാവുന്ന ഒന്നല്ല. ഇല്ലാത്തതിനെ ഉണ്ടാക്കിയും ഉള്ളതിനെ പെരുപ്പിച്ചുകാട്ടിയും ആഘോഷമാക്കുന്ന ഒരു കപടനാടകശാലയാണിന്ന് ലോകം. എവിടെ നോക്കിയാലും അവകാശവാദങ്ങളുടെ പൊള്ളയായ നീര്‍ക്കുമിളകള്‍, അത് സമൂഹത്തിലും, മതത്തിലും, മനുഷ്യനിലും. വലുപ്പചെറുപ്പമന്യേ ഈയാംപാറ്റപോലെ ഇങ്ങനെയുള്ള കുരുക്കുകളില്‍ അകപ്പെട്ടു പോകുന്നവരും നിരവധി. നിത്യജീവിതത്തിന്‍റെ പ്രതിസന്ധികളല്ല, വിജയങ്ങളാണിന്ന് ആഘോഷമാകുന്നത്. 
 
കഴിഞ്ഞ കുറച്ചുനാളുകളായി അഷിത എന്ന കഥാകാരിയുടെ ഒരു ദീര്‍ഘസംഭാഷണം ശിഹാബുദിന്‍ പൊയ്ത്തുംകടവ് എന്ന കഥാകൃത്തുമായുള്ളത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു; 'ഉള്ളുരുക്കം' എന്നപേരില്‍. മലയാളത്തിലെ എക്കാലത്തേയും മനോഹരമായ കഥകളില്‍ ഹൃദയത്തെ തൊടുന്ന 10 എണ്ണം എടുത്താല്‍ അതില്‍ അഷിതയുടെ കഥകളും ഉണ്ടാവും. ആരും ഇഷ്ടപ്പെട്ടുപോകുന്ന അഷിതയുടെ ചില കഥകള്‍ കഥാകാരിയും മകള്‍ ഉമക്കുട്ടിയുമായുള്ള ജീവിതാനുഭവങ്ങളുടെ ഭാഷയിലാണ്. ആദ്യമായാണിവര്‍ ഇത്രയും ആഴത്തില്‍ തന്‍റെ ജീവിതാനുഭവങ്ങളെ തുറന്നു പറയുന്നത്. ഇത്ര മനോഹരമായ കഥകളെഴുതിയിരുന്ന അവരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ നമ്മുടെ മനസ്സിനെ കൊരുത്തുവലിക്കുന്ന ഉള്ളുരുക്കങ്ങളാണ്. ഇവിടെ ഇവരുടെ വലിയ സങ്കടങ്ങളിലൊന്ന് അച്ഛന്‍ നിരന്തരം കുഞ്ഞഷിതയെ ഓര്‍മ്മച്ചിരുന്ന ഒരു കാര്യമാണ്. 'താന്‍ അദ്ദേഹത്തിന്‍റെ മകളല്ലെന്നത് !' കുടുംബത്തിനുള്ളില്‍ വൈകാരികമായി ഒറ്റപ്പെട്ട ഈ കുട്ടി ജീവിതത്തിലേക്ക് കരുത്തോടെ കടന്നുവരുന്നത് ഗുരു നിത്യചൈതന്യയതിയുടെ സഹായത്താലാണ്. ഇത്ര വേദന നിറച്ചെഴുന്ന, ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അഷിതയുടെ വാക്കുകള്‍ക്കു പിന്നില്‍ ഈ ഉള്ളുരുക്കത്തിന്‍റെ ആത്മാവായിരുന്നത് ഒരു വിസ്മയമായി അവശേഷിക്കുന്നു.
 
പുതുവര്‍ഷത്തില്‍ നാം നിരന്തരം പറയാറുള്ളതാണ് പുതിയ തീരുമാനങ്ങള്‍, ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ടിപ്സ്; നിരന്തരം ശ്രവിക്കുന്ന കൃത്യമായ ഉപദേശ കസര്‍ത്തുകള്‍. സ്വപ്നങ്ങളും ലക്ഷ്യങ്ങളും നക്ഷത്രത്തിന്‍റെ അരികെവരെ ഉയര്‍ത്തിവച്ച് ഈ മണ്ണില്‍ നരച്ച ജീവിതങ്ങള്‍ നയിക്കാനാണു നമുക്ക് യോഗമെന്നു മാത്രം.
 
ഇവിടെ നസ്രത്തില്‍ ജീവിച്ച തച്ചന്‍ പറയുന്ന വാക്കുള്‍ക്കു വലിയ വിലയുണ്ട്. 'കലപ്പയില്‍ കൈവച്ചിട്ട് പിന്‍തിരിഞ്ഞു നോക്കുന്നവനും, മരിച്ചവരെ അടക്കാന്‍ വെമ്പല്‍ കൂട്ടുന്നവര്‍ക്കും" അവന്‍റെ വഴികളില്‍ ഇടമില്ലെന്നത്. കാലങ്ങളായി സെമിനാരിയില്‍ പോകുന്ന അച്ചന്‍ കുഞ്ഞുങ്ങള്‍ തിരിച്ചുവരാന്‍ പാടില്ല എന്നു പറഞ്ഞു കേട്ടതില്‍ കൂടുതലാരും ഇതിനെപ്പറ്റി പറയാറില്ല എന്നതാണു വാസ്തവം. ഇവിടെ ക്രിസ്തീയത എന്നത് 'ഇന്നി'ന്‍റെ ജീവിതമാണ്. ഭാവിയും ഭൂതവുമല്ല. എന്‍റെ നിത്യജീവിതത്തിലെ അനുഭവങ്ങളുമായി 'ഇന്നില്‍' ജീവിക്കുക. 'ഇന്നലെ'കളുടെ വ്യാകുലതകളിലും നാളെയുടെ ആകുലതയിലുമല്ല 'ഇന്നി'ന്‍റെ ആനന്ദത്തില്‍ ജീവിക്കാനാവുക എന്നതാണ് പ്രധാനം. 'ഇടുങ്ങിയ വാതിലുകളിലൂടെ' മാത്രമെ ദൈവരാജ്യത്തിന്‍റെ സാക്ഷാത്കാരം സാദ്ധ്യമാവൂ. എന്‍റെ അനുദിന ജീവിതത്തിലെ അനുഭവങ്ങളെ പഴയതും പുതിയതും വരാനിരിക്കുന്നതുമായ ആ വിശാല ക്യാന്‍വാസില്‍ നിന്ന് ചുരുക്കി ഇപ്പോള്‍ സംഭവിക്കുന്നതിലേക്ക് മാത്രമാക്കുക; 'ഇടുങ്ങിയ' വാതിലാണത്.
 
കബീര്‍ദാസിന്‍റെ ദോഹയിലെ കസ്തൂരിമാനിനെപ്പോലെ കസ്തൂരിയുടെ സുഗന്ധം തേടി അലയുന്നവരാണ് മനുഷ്യര്‍. ഉള്ളിലുള്ള അനുപമ ചൈതന്യത്തെ തിരിച്ചറിയുന്നതും ദൈവരാജ്യത്തിന്‍റെ സാദ്ധ്യതകളെ സ്വയം ഉപയോഗപ്പെടുത്തേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യം തന്നെയാണ്. ഇന്ന് പുറത്തുനിന്നുള്ള ഇടപെടലുകളാണ് ഒരുവന്‍റെ ആത്മീയതയെ നിര്‍ണ്ണയിക്കുന്നത്. അതിനെ ചെറുക്കാനാവുക എന്നത് ആത്മീയതയിലെ വെല്ലുവിളിയായി അവശേഷിക്കുന്നു. ഉള്ളിലെ വിത്തിനെ തിരിച്ചറിയാന്‍ ആ വിത്തില്‍ നിറയുന്ന ജീവശ്വാസത്തെ കൂടതുറക്കാന്‍ പുതുവര്‍ഷത്തിനു സാധ്യമാകട്ടെ.
 
'ഇന്നി'ല്‍ ജീവിക്കാനും ഉള്ളിലെ ദൈവരാജ്യത്തെ കണ്ടെത്താനുമായാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാവും. അല്ലാത്തതെല്ലാം പതിരാണെന്നും പൊള്ളയാണെന്നുമുള്ള തിരിച്ചറിവുകള്‍ അപ്പോള്‍ താനെ വന്നുചേരും.
 
ഈ ലക്കം വായനക്കാരിലേക്ക് പുതുവര്‍ഷ സമ്മാനമായി എത്തുന്ന 'ആനന്ദജീവിതം' എന്ന ഫീച്ചറുകളില്‍ ഒന്ന് കുറച്ചു ചെറുപ്പക്കാരുടെ ഒരസാധാരണ പരീക്ഷണത്തിന്‍റെ ഭാഗമാണ്. വലിയപ്രശസ്തനും പ്രഗത്ഭനുമല്ലെങ്കിലും ആവശ്യത്തിലധികം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സാധാരണ ജന്മവുമായുള്ള സംഗമം; അവരുടെ ഉള്ളില്‍ തെളിഞ്ഞ ചില ഉള്‍ക്കാഴ്ചകള്‍; രണ്ടു തലമുറകളുടെ ഒരു സംഭാഷണം.
 
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം നിലനില്‍ക്കുന്ന രണ്ടു നവസംരംഭങ്ങളാണ് 'റോബിന്‍ഹുഡ് ആര്‍മിയും', 'ക്രിയേറ്റിവ് ഫീച്ചേഴ്സും'. അവ 'ഇന്നില്‍' ജീവിക്കേണ്ട സാധ്യതകളെ പരിചയപ്പെടുത്തുന്നു.
 
ഒരുവേള കേരളത്തില്‍ പല നവസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിത്തുപാകിയ "Love Bomb'   എന്നു വിശേഷിപ്പിക്കപ്പെടാവുന്ന തൃശ്ശിവപേരൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ഗംഭീരനാണ്' കരിപ്പേരി അച്ചന്‍. ഈ മനുഷ്യനൊപ്പമുള്ള റീജെന്‍സി കാലഘട്ടത്തില്‍ കുറച്ചൊന്നുമല്ല ഒരു മാസത്തെ രാത്രികളെ അദ്ദേഹം തീപിടിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഭ്രാന്തന്‍ ആശയങ്ങളുടെ സാദ്ധ്യതകള്‍ പലപ്പോഴും അനന്തമാണ്. കരിപ്പേരി അച്ചന്‍റെ ഒരു ലഘുജീവിത രേഖയും സന്നദ്ധസംരംഭങ്ങളുടെ ചരിത്രവും പുതുവര്‍ഷത്തില്‍ പുത്തന്‍ വെട്ടങ്ങള്‍ നല്‍കട്ടെ.
 
“My soul would have no rainbow if my eyes had no tears”
 
ആത്മാവിന്‍റെ മഴവില്ല് എന്‍റെ കണ്ണീര്‍ത്തുള്ളിയിലാണ് കുടിയിരിക്കുന്നത്. ജീവിതത്തിന്‍റെ കയ്പിനോടും കണ്ണീരിനോടും ഇന്നിന്‍റെ സ്വപ്നങ്ങളെ മാത്രം ചേര്‍ത്ത് വയ്ക്കുക. അത് ആനന്ദത്തിന്‍റെ വിത്തായി മാറും.
 
പുതുവത്സരാശംസകള്‍...!

You can share this post!

മുഖക്കുറിപ്പ് 01-11-2018

ടോം കണ്ണന്താനം കപ്പൂച്ചിൻ
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts