news-details
അക്ഷരം

മിശ്രഭോജനവും അഷിതയുടെ ജീവിതവും

ചരിത്രം കഥപറയുന്ന നോവല്‍
 
രണ്ടായിരത്തി പതിനേഴില്‍ സഹോദരന്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികമായിരുന്നു. കേരളചരിത്രത്തിലെ വളരെ നിര്‍ണായകമായ സന്ദര്‍ഭമായിരുന്നു അത്. മനുഷ്യസമത്വത്തിനുവേണ്ടിയുള്ള മുന്നോട്ടുള്ള യാത്രയുടെ പ്രതീകമായിരുന്നു മിശ്രഭോജനം. ജാതിമതഭേദങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്‍ ഒന്നാണെന്നു വിളിച്ചുപറഞ്ഞ ചരിത്രമുഹൂര്‍ത്തം. ഈ ചരിത്രത്തെ മുഖ്യവിഷയമാക്കി എം. ആര്‍. അജയന്‍ രചിച്ച നോവലാണ് 'പുലച്ചോന്‍മാര്‍.' നാം നടന്നുവന്ന വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടമാണീ കൃതി. വീണ്ടും കാലത്തെ പിന്നോട്ടു നടത്താന്‍ പലരും ശ്രമിക്കുന്ന വര്‍ത്തമാനകാല ദശാസന്ധിയില്‍ ഈ നോവല്‍ നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു. 
 
നാരായണന്‍ എന്ന കഥാപാത്രത്തിന്‍റെ യാത്രയിലൂടെ ചരിത്രം ഇതള്‍വിടരുന്ന നോവലാണ് 'പുലച്ചോന്‍മാര്‍.' ശ്രീനാരായണഗുരുവും സഹോദരനയ്യപ്പനും മറ്റു സാംസ്കാരികനവോത്ഥാന നായകരുമെല്ലാം അണിനിരക്കുന്ന നമ്മുടെ നവോത്ഥാനത്തിന്‍റെ ചരിത്രമാണ്, മൂല്യസങ്കല്പങ്ങളാണ് നോവല്‍ തുറന്നിടുന്നത്. നാം നേടിയെടുത്ത മൂല്യങ്ങള്‍ ഒരിക്കലും കൈവിട്ടുകൂടാ എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. "സഹോദരന്‍ അയ്യപ്പന്‍റെ നിയോഗം ജാതിപ്പിശാചുകള്‍ക്കെതിരെ പോരാടുകയായിരുന്നു' എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു. മനുഷ്യനാവുകയാണ് പരിപാവനമായ കര്‍മ്മം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്ന എല്ലാ ശക്തികളെയും അദ്ദേഹം എതിര്‍ത്തു. ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവുമായതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ സഹോദരന്‍ യത്നിച്ചു. എല്ലാ മനുഷ്യര്‍ക്കും നട്ടെല്ലു നിവര്‍ത്തി ഉയര്‍ന്നു നില്ക്കാനുള്ള സാഹചര്യം ലഭിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. 
 
മനുഷ്യമനസ്സില്‍നിന്ന് ജാതിചിന്ത നീക്കംചെയ്യുകയെന്ന നാരായണഗുരുവിന്‍റെ ഉത്ബോധനം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ് സഹോദരനയ്യപ്പന്‍ മിശ്രഭോജനം എന്ന കൂട്ടായ്മ സംഘടിപ്പിച്ചത്. ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം ഒട്ടും പതറിയില്ല. "ഇല്ലാത്തവരുടെയും ദുഃഖിതരുടെയും ബന്ധുവാകുന്നതിലൂടെയാണ് ഒരാളുടെ മഹത്ത്വം വെളിപ്പെടുന്നത്. അവര്‍ക്കാണ് ബന്ധുവിനെ ആവശ്യമുള്ളത്" എന്ന ചിന്തയാണ് അക്കാലത്ത് നവോത്ഥാനനായകരെ നയിച്ചത്. പലതിനെയും ചോദ്യം ചെയ്തും തിരുത്തിയും പല മതിലുകളും പൊളിച്ചും മാത്രമേ, സമൂഹത്തിന്‍റെ അടിത്തട്ടില്‍ കഴിഞ്ഞ ഒരു സമൂഹത്തിന് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് സഹോദരനെപ്പോലുളളവരെ കര്‍മ്മമേഖലയിലേക്ക് ഉയര്‍ത്തിയത്. 
 
'നാം ഒരു ജാതിയിലും മതത്തിലും വിശ്വസിക്കുന്നില്ല' എന്ന നാരായണഗുരുവിന്‍റെ വാക്കുകള്‍ ഒരു കാലഘട്ടത്തെ പ്രകാശിപ്പിച്ചു. അതിനു പിന്നിലാണ് സഹോദരനെപ്പോലുള്ളവര്‍ സഞ്ചരിച്ചത്. "ലോകത്തില്‍ ഓരോ ആളും ഓരോ കാര്യത്തിനായിട്ടാണ് ജനിക്കുന്നത്. അത് നാം തേടി കണ്ടുപിടിക്കേണ്ടതാണ്" എന്ന കാഴ്ചപ്പാടാണ് അവരെ പ്രചോദിപ്പിച്ചത്. അതിന് തടസ്സം നില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന മാനവികദര്‍ശനത്തിന്‍റെ ദീപ്തിയാണ് അക്കാലത്ത് ശക്തിപ്പെട്ടത്. 'ജാതിക്കും മതത്തിനും അപ്പുറം മനുഷ്യര്‍ തമ്മില്‍ സാഹോദര്യമാണ് ആവശ്യം' എന്ന ചിന്ത ഉയര്‍ത്തിപ്പിടിച്ചാണ് നാം പ്രകാശത്തിന്‍റെ ലോകത്തെ ലക്ഷ്യമാക്കി സഞ്ചരിച്ചത്. 
 
ജാതിവ്യവസ്ഥയുടെ തിരോധാനം മനുഷ്യത്വത്തിന്‍റെ വികസനത്തിന് ആവശ്യമാണ്. മനുഷ്യനാവുകയെന്നത് പാവനമായ കര്‍മ്മം എന്ന ചിന്തയില്‍നിന്നാണ് മിശ്രഭോജനം പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഉയിരെടുത്തത്. 'മനുഷ്യവിരുദ്ധമാണ് ജാതിപ്പിശാച്. അതിനെ ഉന്മൂലനം ചെയ്യണം' എന്നാണ് സഹോദരനയ്യപ്പന്‍ വീറോടെ വാദിച്ചത്. നാരായണഗുരുവും കുമാരനാശാനും അയ്യങ്കാളിയും വി. ടി. ഭട്ടതിരിപ്പാടും മറ്റുള്ള നവോത്ഥാനനായകരും കമ്യൂണിസത്തിന്‍റെ വളര്‍ച്ചയുമെല്ലാം ചരിത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. കേരളത്തിന്‍റെ നവോത്ഥാനത്തില്‍ വ്യക്തികളും പ്രസ്ഥാനങ്ങളും നിര്‍ണായകസ്വാധീനമായിരുന്നു. പുലച്ചോന്‍മാര്‍ എന്ന നോവല്‍ ആ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. നവോത്ഥാനമൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഈ ഓര്‍മ്മപ്പെടുത്തല്‍ സുപ്രധാനമാണ്. നാം ജാഗ്രത കാണിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി ഇരുണ്ടതാകും എന്നതാണ് സത്യം. എം. ആര്‍. അജയന്‍റെ നോവല്‍ ചരിത്രമാണ് പറയുന്നത്. നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചരിത്രം.  (പുലച്ചോന്‍മാര്‍, എം. ആര്‍. അജയകുമാര്‍, ഫ്രീ തിങ്കേഴ്സ്)
 
എന്‍റെ തടവറക്കവിതകള്‍
 
തസ്ലീമ നസ്റിന്‍ എന്നും വിവാദനായികയായിരുന്നു. അവരുടെ കൃതികളും നിലപാടുകളുമെല്ലാം എന്നും വിവാദങ്ങള്‍ക്കു ഹേതുവായിട്ടുണ്ട്. എങ്കിലും തസ്ലീമ ഇപ്പോഴും തന്‍റെ യാത്ര തുടരുന്നു. തസ്ലീമയുടെ 'എന്‍റെ തടവറക്കവിതകള്‍' എന്ന കവിതാസമാഹാരം ഒരു സ്ത്രീയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും അവരുടെ സ്ഥാനം നിര്‍ണയിക്കുന്നു. 
 
അതിരുകള്‍ നിര്‍ണയിക്കപ്പെട്ട ലോകത്തിലാണ് സ്ത്രീയുടെ ജീവിതം. തസ്ലീമ ഈ അതിരുകള്‍ ലംഘിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതിര്‍ത്തികള്‍ക്കകത്ത് ജീവിക്കുന്ന സ്ത്രീകളെയാണ് സമൂഹം ഇഷ്ടപ്പെടുന്നത്. എന്നാല്‍  ചിലരുടെ നിയോഗം അതിര്‍ത്തികള്‍ ലംഘിക്കുക എന്നതാണ്. "മനുഷ്യജന്മത്തില്‍  സ്ത്രീയായി ജീവിക്കണമെങ്കില്‍ എന്തെല്ലാം വേദനകള്‍ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്" എന്ന് 'സ്ത്രീയും കവിതയും' എന്ന കവിതയില്‍ തസ്ലീമ എഴുതുന്നു. അവളുടെ ഓരോ വാക്കിനുപിന്നിലും വലിയ അനുഭവങ്ങളുടെ ലോകമുണ്ട്. ഇത് ആര്‍ക്കും ചിലപ്പോള്‍ മനസ്സിലാകണമെന്നില്ല.
"രണ്ടു വിരലുകളാല്‍
അവര്‍ അരിയിലെ കല്ലുകള്‍
പെറുക്കിയെടുക്കും
ഇങ്ങനെ പെറുക്കിപെറുക്കി-
യൊടുങ്ങാനുള്ളതാണ് 
പെണ്ണുങ്ങളുടെ ജീവിതത്തിന്‍റെ പാതിയും. 
ആ കല്ലുകളത്രയും 
അവരുടെ ഹൃദയങ്ങളില്‍
കുമിഞ്ഞുകൂടുന്നുണ്ട്.
രണ്ടുവിരലുകളാല്‍ അതൊന്നു
പെറുക്കിക്കളയാന്‍ അവര്‍ക്കാരുമില്ല"
എന്ന് തസ്ലീമ സൂക്ഷ്മമായി തന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.
 
സ്ത്രീയുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമല്ല തസ്ലീമയുടെ കവിതയ്ക്ക് വിഷയമാകുന്നത്. സമൂഹത്തിലേക്കും ലോകത്തിലേക്കും അവരുടെ ശ്രദ്ധ കടന്നുചെല്ലുന്നുണ്ട്. 
"ഈ മതമൗലികവാദികള്‍
വീടുവീടാന്തരം നമ്മളെ
സൂത്രത്തില്‍ ജാതിപറഞ്ഞു 
തെറ്റിക്കാനും തമ്മിലകറ്റാനും
ശ്രമിക്കുന്നവരാണ്.
അവര്‍ സ്ത്രീകളെ ഈ മനുഷ്യരാശിയില്‍നിന്നുതന്നെ
വേര്‍തിരിച്ചു മാറ്റിനിര്‍ത്തുന്നവരാണ്" 
എന്ന് ശരിയായ വിധത്തില്‍ അവര്‍ നിരീക്ഷിക്കുന്നു. അവരുടെ ഈ വാക്കുകള്‍ ഇന്ന് എത്രമാത്രം പ്രസക്തമാണെന്ന് നാം മനസ്സിലാക്കുന്നു. 
 
'വധശിക്ഷ' എന്ന കവിതയില്‍ തസ്ലീമ ചോദിക്കുന്ന ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. 
"...ഒരൊറ്റ ആഗ്രഹം മാത്രം
നിങ്ങളോടു പറയുന്നു
കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. 
എനിക്കൊരു മതേതരലോകം 
കാണണമെന്നു പറഞ്ഞാല്‍
സാധിച്ചുതരുമോ?"
ഇതുപോലെ അനേകം ചോദ്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. അതിരുകളില്ലാത്ത സ്വപ്നത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാനാണ് തസ്ലീമ ആഗ്രഹിക്കുന്നത്. അതിനു തടസ്സം നില്‍ക്കുന്ന എല്ലാറ്റിനെയും അവര്‍ നിരാകരിക്കുന്നു.
 
തടവറയിലാണ് നാമെല്ലാം എന്നതാണ് സത്യം. തടങ്കലില്‍ കിടന്നുകൊണ്ടാണ് നാം ശബ്ദിക്കുന്നത്. നമുക്കു ചുറ്റുമുള്ള മതിലുകള്‍ നാം കാണുന്നില്ല. എന്നാല്‍ നമ്മെ വരിഞ്ഞുമുറുക്കുന്ന കരിങ്കല്‍ ഭിത്തികളെ കുറിച്ച് തസ്ലീമയ്ക്ക് നല്ല ബോധ്യമുണ്ട്. ആ തിരിച്ചറിവാണ് ഈ കവിതകളെ സാന്ദ്രമാക്കുന്നത്. മതില്‍ക്കെട്ടുകളെ തകര്‍ക്കാനുള്ള കുതറലുകളാണ് അവരുടെ കവിതകള്‍ എന്നു പറയാം. 
"ഞാനിപ്പോള്‍ കഴിയുന്ന മുറിക്ക്
അടച്ചിട്ടൊരു ജനലാണുള്ളത്. 
എനിക്കു തോന്നുംപോലെ
തുറക്കാനാവാത്തത്" ഇതാണ് തടവറയുടെ സ്വഭാവം. ഇത് ഒരു വ്യക്തിയുടെ അനുഭവം മാത്രമല്ല. നമ്മുടെ നാടുതന്നെ അടച്ചിട്ട മുറിയായി മാറുന്നത് കവി കാണുന്നു. വീര്‍പ്പുമുട്ടാതെ കഴിയാവുന്ന ഒരിടമാണ് എഴുത്തുകാരി സ്വപ്നം കാണുന്നത്. വാതിലുകളും ജനലുകളും തുറന്നിടുന്ന കാലമാണ് അവര്‍ മുന്നില്‍ക്കാണുന്നത്. ഇല്ലെങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന് നാം അറിയുന്നു.
"ഈ ചുവരാണ് നിന്‍റെ ചക്രവാളം
ഈ മേല്‍ക്കൂരയാണ് നിന്‍റെ ആകാശം" എന്ന നിര്‍ദ്ദേശത്തെ അതിലംഘിക്കാനാണ് തസ്ലീമ ശ്രമിക്കുന്നത്. തന്‍റെ ജീവിതത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന 'പരിധി'കളെ മറികടക്കാനാണ് അവര്‍ ചിറകടിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീപക്ഷകവിതകളുടെ മുദ്രകള്‍ പതിഞ്ഞതാണ് 'എന്‍റെ തടവറക്കവിതകള്‍'. ഈ കവിതകള്‍ നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന തടവറയെപ്പറ്റി നമ്മോടു വിളിച്ചുപറയുന്നു. (എന്‍റെ തടവറക്കവിതകള്‍ - തസ്ലീമ നസ്റിന്‍ - വിവര്‍ത്തനം - ആല്‍ബര്‍ട്ടോ- ഗ്രീന്‍ബുക്സ്).
 
അത് ഞാനായിരുന്നു
 
മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് അഷിത. അവരുടെ ജീവിതാനുഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. ശാന്തമായ ബാഹ്യഭാവത്തിനുള്ളില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നു. 'അത് ഞാനായിരുന്നു' എന്ന പുസ്തകം അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തിയ അഭിമുഖമാണ്. കുട്ടിക്കാലത്ത് താന്‍ നീന്തിക്കടന്ന കണ്ണീര്‍ക്കടലുകള്‍ എഴുത്തുകാരി നമ്മുടെ മുന്നില്‍ തുറന്നിടുന്നു. എഴുത്ത് ഭ്രാന്തെന്നു കരുതിയ മാതാപിതാക്കള്‍ അഷിതയെ യഥാര്‍ത്ഥത്തില്‍ പിഡീപ്പിക്കുകയായിരുന്നു. തന്‍റെ വ്യക്തിപരമായ അനുഭവങ്ങളും എഴുത്തുജീവിതവും അഷിത പങ്കുവയ്ക്കുന്നു.
 
എഴുത്തില്‍ താന്‍ സത്യമാണ് അന്വേഷിക്കുന്നതെന്ന് അഷിത പറയുന്നു: "കുടുംബജീവിതത്തിലെ ആയാലും സമൂഹത്തിലെ ആയാലും സൗഹൃദത്തിലെ ആയാലും ഒരു സൈക്കോളജിക്കല്‍ ട്രൂത്തുണ്ട്; ദാര്‍ശനികമായ ഒരു തലമുണ്ട്." ഈ തലമാണ് അഷിത ആവിഷ്കരിക്കുന്നത്. തന്‍റെ ജീവിതത്തെ സന്തുലിതമാക്കി നിര്‍ത്തിയത് കഥകളാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
 
തന്‍റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ അഷിത വ്യക്തമാക്കുമ്പോള്‍ നാം അമ്പരക്കും. "ഈ ജീവിതത്തില്‍, കുട്ടിക്കാലത്ത് പ്രത്യേകിച്ച് കരുണയാണ് എനിക്കേറ്റവും കിട്ടാതെ പോയത്. അതാവും ഞാന്‍ കൂടുതല്‍ തേടിയിട്ടുണ്ടാവുക. ആ കരുണയ്ക്കായിട്ടാണ് ഞാന്‍ ജീവിതം മുഴുവന്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. സത്യംപോലെതന്നെ എനിക്ക് വളരെ പ്രധാനമാണ് കരുണ. സ്നേഹത്തെക്കാളധികം ഞാന്‍ മൂല്യം കല്പിക്കുന്നത് കരുണയ്ക്കാണ്" എന്ന് അഷിത പറയുന്നു. കുട്ടിക്കാലത്ത് തനിക്കു കിട്ടാതെ പോയതിനെക്കുറിച്ചാണ് എഴുത്തുകാരി വേദനയോടെ ഓര്‍ക്കുന്നത്. "ഞാനങ്ങനെയാണ്. ഓരോ ദിവസവും അതിജീവിച്ച ആളാണ്. അതിജീവിക്കാന്‍ നമ്മള്‍ കുറെ സമരസപ്പെടണം. കുറെ ഫൈറ്റ് ചെയ്ത് തോറ്റുപോയ ആളാണ് ഞാന്‍" എന്നും അവര്‍ പറയുന്നു.
 
കാരാഗാരത്തിലെന്നപോലെയാണ് അഷിത കുട്ടിക്കാലം കഴിച്ചുകൂട്ടിയത്. 'മറ്റുള്ളവരെപ്പോലെ ആയാലെന്താണ് എന്നതായിരുന്നു കാതലായ ചോദ്യം.' മനസ്സിലാക്കപ്പെടാത്തതിന്‍റെ വേദനയാണ് അഷിത പങ്കുവയ്ക്കുന്നത്. 'ഓര്‍ക്കുന്തോറും രക്തം കിനിയുന്ന മുറിവായി' മാറുന്നു. ഞാനെന്‍റെ അച്ഛന്‍റെയും അമ്മയുടേയും കണ്ണില്‍ വെറുപ്പ് മാത്രമേ കണ്ടിട്ടുള്ളൂ എന്നു ചേര്‍ക്കുമ്പോള്‍ നാം പകച്ചുപോകും. അതാണ് സത്യം എന്നറിയുമ്പോള്‍ എഴുത്തുകാരിയുടെ അനുഭവം എത്ര തീക്ഷ്ണമായിരുന്നുവെന്ന് നാമറിയുന്നു. താന്‍ നിശ്ശബ്ദതയിലേക്ക് ഉള്‍വലിഞ്ഞതിനുള്ള കാരണമാണ് അവര്‍ വ്യക്തമാക്കുന്നത്. നല്ലൊരു വാക്കിനുവേണ്ടിയും അനുഭവത്തിനുവേണ്ടിയും കൊതിച്ച ഒരു കുട്ടി അഷിതയില്‍ ഉണ്ട്. അവഹേളിക്കപ്പെട്ട ജന്മമാണ് തന്‍റേത് എന്ന് അവര്‍ വിളിച്ചുപറയുന്നു. 'ഞാന്‍ വലുതാവാന്‍ മറന്ന ഒരു കുട്ടിയാണ്' എന്നും അവര്‍ പ്രസ്താവിക്കുന്നു. 
 
'ഞാന്‍ നില്ക്കുന്ന സ്ഥലം ഒരു കുരിശിന്‍റെ മിഡ്പോയിന്‍റിലാണ്' എന്നു പറയുന്നതിന്‍റെ അര്‍ത്ഥം ഈ പുസ്തകം വായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും. 'തേങ്ങലുകളൊന്നുമില്ല. സെന്‍റിമെന്‍റിസ് ഒന്നും വേണ്ട. പച്ച മുറിവാണ്. ഉണങ്ങലും കരിയലും ഒന്നുമില്ല' എന്നാണ് അഷിത പറയുന്നത്. 'മുറിവുകളുടെ വസന്തമാണ് എന്‍റെ ജീവിതം' എന്ന കവിവാക്യം ഇവിടെ സാര്‍ത്ഥകമാകുന്നു. 'പുറത്തുവരാത്ത ഒരു നിലവിളിയായിരുന്നു ഞാന്‍' എന്നു വിളിച്ചുപറയുന്ന അഷിതയെ നാം ഈ ഗ്രന്ഥത്തില്‍ കണ്ടുമുട്ടുന്നു. 
 
(അതു ഞാനായിരുന്നു- അഷിതാ ശിഹാബുദ്ദീന്‍ പൊയ്ക്കടവ് - മാതൃഭൂമി ബുക്സ്).

You can share this post!

പ്രളയാനന്തരമാനവികതയും പവിത്രസമ്പദ്വ്യവസ്ഥയും

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts