Terrorism has nothing to do with religion, Islam or otherwise.
Terrorism is born of fundamentalism not of religion”.
'മേരി മാം, മാം ഒരു ക്രിസ്ത്യനല്ലേ? പിന്നെങ്ങനെയാണ് ഞങ്ങളുടെ സ്കൂളില്‍ പഠിപ്പിക്കുന്നത്?'. നാലു വയസ്സുകാരിയുടെ നിഷ്കളങ്ക ചോദ്യംകേട്ട് ടീച്ചര്‍ ഒന്നു ഞെട്ടി. മധ്യകേരളത്തിലെ പ്രശസ്തമായ ഒരു അക്രൈസ്തവ മാനേജ്മെന്‍റ് സ്കൂളിലെ കുട്ടിയുടെ ചോദ്യമായിരുന്നത്. ക്രൈസ്തവമോ അക്രൈസ്തവമോ ആകട്ടെ കുഞ്ഞു മനസ്സുകളിലേക്ക് നാം പകരുന്ന മതവിദ്വേഷത്തിന്‍റെ തീ പുകയുന്നുണ്ട്, ആളിക്കത്താന്‍. തികച്ചും നിര്‍ദോഷമെന്നു നാം കരുതുന്ന മതമൂല്യവത്ക്കരണത്തില്‍ നിന്നുതന്നെയാണ് ഈ മതവിദ്വേഷങ്ങളും ആരംഭിക്കുക. മേല്‍പരാമര്‍ശിച്ച സംഭവത്തില്‍ തിരിച്ചറിവില്ലാത്ത കുഞ്ഞിനെ സ്നേഹബുദ്ധ്യാ ഉപദേശിച്ചിട്ടും അതിനെ തിരുത്താന്‍ തയ്യാറാവാത്ത മാതാപിതാക്കളെ ഓര്‍ത്ത് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഒരു അധ്യാപിക പറയുമ്പോള്‍ നമ്മുടെ ചുറ്റും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാന്‍ കൂടി പറ്റുന്നില്ല.
ഇതു കുറിക്കുമ്പോള്‍ ശ്രീലങ്കയിലെ ഉരുകുന്ന മനസ്സുകളാണ് മുന്നില്‍. ഈ വിഷയം പഠനവിധേയമാക്കുമ്പോള്‍ ന്യൂസിലന്‍ഡിലെ ജനതയും. ഇവിടെ ആക്രമിക്കപ്പെട്ടവര്‍ക്കു മുഖമില്ല, മതമില്ല. ഒരിടത്ത് മുസ്ലീം സഹോദരങ്ങളാണെങ്കില്‍ മറ്റൊരിടത്ത് ക്രിസ്ത്യന്‍ സമൂഹം, ഇനിയും ലോകത്ത് പലയിടങ്ങളിലും ജാതി, മത വര്‍ണ്ണങ്ങള്‍ അനുസൃതമായി ഭീകരതകള്‍ പടര്‍ന്നു കയറും. ഇവിടെയൊക്കെ ഓരോ പ്രാവശ്യവും നാം കൃത്യമായി അക്രമിയെ അടയാളപ്പെടുത്തും. അവന്‍റെ പേരിനോടും മതത്തോടും ദേശത്തോടുമൊപ്പം.
എന്നാല്‍ ഇനി എന്നാണ് പഠിക്കുക ഞാന്‍ പടച്ചുവിടുന്ന വിദ്വേഷത്തിന്‍റെ പരാഗരേണുക്കള്‍ ഈ വികടവും വികലവുമായ മനസ്സുകള്‍ക്ക് ഉയിര്‍ നല്‍കുന്നുണ്ടെന്ന്. കഥയറിയാതെ മനുഷ്യനന്മയ്ക്കാണെന്നു കരുതി യാഥാസ്ഥിതിക മതമൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മനുഷ്യരെ മതം എവിടെയെല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടോ അവിടെ നിശ്ചയമായും ചോരപ്പുഴകള്‍ ഒഴുകിയിരിക്കും.
വളരെ കറുത്ത ഒരു ഫലിതംപോലെ നമ്മള്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ പരക്കെ അടക്കം പറഞ്ഞു കേള്‍ക്കുന്നതാണ് 'നീ മുസ്ലീമിനെ കണ്ടു പഠിക്ക്. അവര്‍ പെറ്റുപെരുകുന്നു, 'ലൗജിഹാദ്' ഉണ്ട്, നമ്മുടെ കുട്ടികളെ അവര്‍ മതം മാറ്റുന്നു. ഇനി ട്രംപിനെ കടമെടുത്താല്‍ 'തീവ്രവാദികള്‍ വത്തിക്കാനെ ആക്രമിക്കട്ടെ, അന്നേ പോപ്പ് ഫ്രാന്‍സിസിനു കാര്യങ്ങള്‍ മനസ്സിലാകൂ' സത്യത്തില്‍ പുച്ഛം തോന്നുന്നു, മതവും മതനിയമങ്ങളും മനുഷ്യനെ തിരിച്ചറിയാന്‍ പറ്റാത്തവിധം ആസുരമായ ഒരു സാഹചര്യത്തില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും വാളുമായി കടന്നു വന്നവനായിരുന്നു ക്രിസ്തു. ആ ക്രിസ്തുവിനെ പിന്‍ചെല്ലുന്നവര്‍ക്കുപോലും മതഭ്രാന്തിനെയും മതാത്മകതയെയും വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ എന്നതാണു സങ്കടം.
കൃത്യമായ വാണിജ്യതാല്‍പര്യങ്ങളും അധിനിവേശ സ്വപ്നങ്ങളും നെയ്യുന്ന ഒരു പറ്റം ആഗോള ഭീമന്‍മാര്‍ക്കാണിതില്‍ നിന്നെല്ലാം ഉപകാരമുണ്ടാകുക എന്നത് നാം സൗകര്യപൂര്‍വ്വം മറക്കുന്നതോ അതോ മനസ്സിലാക്കാത്തതോ?
ഇത്ര കൃത്യമായി മനുഷ്യനെ മനസ്സിലാക്കിയത് ക്രിസ്തുവല്ലാതെ മറ്റാരുമല്ല. മതത്തിന്‍റെ നിയമങ്ങള്‍ അണുവിട വ്യതിചലിക്കാതെ പാലിച്ചിരുന്ന യഹൂദമതത്തിന്‍റെ കാവല്‍ക്കാരോട് അവന്‍ കൃത്യമായ അകലം പാലിച്ചു എന്നു മാത്രമല്ല, അവരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു ദൈവത്തിന്‍റെ പേരില്‍ കൗശലപൂര്‍വ്വം പാരമ്പര്യങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ച് ഹൃദയനൈര്‍മ്മല്യമില്ലാത്തവരാകുന്ന തലമുറയെയോര്‍ത്ത് പരിതപിക്കുന്നുണ്ട് ക്രിസ്തു. കൈയ്യടിയും ആള്‍ക്കൂട്ടവും ആത്മീയതയുടെ മറുവാക്കാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ക്കും ആളെക്കൂട്ടാന്‍ പറ്റുന്നവര്‍ക്ക് താങ്ങാകുന്ന സര്‍വ്വമതമേലധ്യക്ഷരും ചെയ്യുന്നത് ഒന്നുതന്നെ. ഇവിടെ ധ്രുവീകരണങ്ങള്‍ മനുഷ്യന്‍റെ അന്തഃസത്തയെ കൂടുതല്‍ സ്നേഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതാണെങ്കില്‍ നന്ന്. എന്നാല്‍ ധ്രുവീകരണങ്ങള്‍ മനുഷ്യമനസ്സിനെ മലീമസവും പൈശാചികവുമാക്കി മാറ്റുന്നു.
ആരാണിതിനുത്തരവാദികള്‍? ഒരു സമൂഹത്തെ മുഴുവന്‍ മസ്തിഷ്കപ്രഷാളനം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ അവരുടെ കഴിവും പ്രാപ്തിയും വിശ്വസാഹോദര്യത്തിനും കരുണയ്ക്കുമായി വിനിയോഗിച്ചെങ്കില്‍...
ചില ഉദാഹരണങ്ങള്‍ സമീപകലാത്തു നിന്നും എടുത്തു പറഞ്ഞ് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് തന്‍റെ മനസ്സു വായനക്കാര്‍ക്കായി തുറന്നിടുന്നു.
ഇസ്ലാമും ക്രിസ്ത്യാനിയും നമ്മില്‍ പലപ്പോഴും നടക്കാതെ പോകുന്ന ഒരു സംവാദമുണ്ട്. അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ 'സുല്‍ത്താന്‍ സന്ദര്‍ശന'ത്തിന്‍റെ 800-ാം വാര്‍ഷികത്തില്‍ പോപ് ഫ്രാന്‍സീസ് അറേബ്യന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചതും 'ഡയലോഗുകളില്‍' പങ്കാളിയായതും കൂട്ടിവായിക്കപ്പെടേണ്ടതാണ്. വിശ്വസാഹോദര്യത്തിന്‍റെ മറുവക്താവായി മാറുന്ന ഫ്രാന്‍സിസും കുരിശുയുദ്ധത്തില്‍ നിന്നു മാറി സൗഹൃദത്തിന്‍റെ പാത തേടിയിരുന്നത് ആശ്ചര്യമായിമാറുക ആ കാലഘട്ടത്തിനതീതമായ അഗാധ കാഴ്ച സ്വന്തമാക്കിയിരുന്നതുകൊണ്ടാണ്.
'ഇസ്ലാമോഫോബിയ' എന്ന അപകടം പിടിച്ച വാക്കും അതിന്‍റെ അര്‍ത്ഥവ്യാപ്തിയേയും ടോം മാത്യു തന്‍റെ ലേഖനത്തില്‍ അവതരിപ്പിക്കുന്നു.
കുറഞ്ഞപക്ഷം നമ്മുടെ വരുംതലമുറയെങ്കിലും മതത്തിനതീതമായി മനുഷ്യരായി നമുക്കു വളര്‍ത്തണം. മതവിചാരങ്ങളുടെ കഠിനകഠോരപാതയില്‍ സ്നേഹവും കാരുണ്യവും പ്രഘോഷിക്കാം. അല്ലാത്തതിനെയൊക്കെ കാലം ചവറ്റുകൊട്ടയില്‍ തള്ളും. ഈ തിരിച്ചറിവ് നല്ല അയല്‍ക്കാരന്‍റെ ഉപമ പറഞ്ഞ ക്രിസ്തുവിനെ പിന്‍ചെല്ലുന്നവര്‍ക്കെങ്കിലും കുറഞ്ഞ പക്ഷം ഉണ്ടാവേണ്ടതാണ്.
കലാപത്തിന്‍റെ കനലുകള്‍ക്കതീതമായി സ്നേഹത്തിന്‍റെ കനവും സാഹോദര്യത്തിന്‍റെ കാഴ്ചയും നമുക്കു ലഭിക്കട്ടെ. 'ഭയ'മെന്ന വികാരത്തെ സ്നേഹംകൊണ്ട് നമുടെ കുഞ്ഞുങ്ങള്‍ നേരിടട്ടെ!