news-details
കവർ സ്റ്റോറി

വീണ്ടെടുപ്പിന്‍റെ വിജയഗാഥ

 നമ്മുടെ ജീവവാഹിനികളായ നദികളെ വീണ്ടെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയത് അടുത്തകാലത്താണ്. ഉറവ വറ്റി, നീരൊഴുക്കു നിലച്ച് മലിനജലം പേറി മരണാസന്നയായ മീനച്ചിലാറിന്‍റെ വീണ്ടെടുപ്പിന്‍റെ ഭാഗമായി നടന്നുവരുന്ന നദീസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നദീപുനര്‍സംയോജനമെന്ന ബൃഹത്തായ കര്‍മ്മപദ്ധതി രൂപപ്പെടുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ ഈ ഉദ്യമം അതിന്‍റെ തുടക്കത്തില്‍ മുന്നോട്ടുവച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും വളരെയേറെ വളര്‍ന്ന് കേരളത്തിനാകെ മാതൃകയാകുന്ന തരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.

നദീസംയോജനമെന്നത് അശാസ്ത്രീയവും പരിസ്ഥിതിവിരുദ്ധവുമായ അപക്വമായ ആശയമാണ്. എന്നാല്‍ നൂറ്റാണ്ടുകളോളം പരസ്പരം ബന്ധപ്പെട്ട് ഒഴുകിയിരുന്ന ഈ മൂന്നു നദികളെയും (മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍) സംയോജിപ്പിക്കുന്നതിന് അടഞ്ഞുപോയ പഴയ തോടുകളെ പുനര്‍സൃഷ്ടിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. അതിനാലാണ് നദീപുനര്‍സംയോജനം എന്ന് ഈ കര്‍മ്മപദ്ധതിക്ക് പേരിടുവാന്‍ തീരുമാനിച്ചത്.

ആദ്യകാലഘട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ തോടുകളിലും നീരൊഴുക്ക് നിലച്ചുപോയ ഇടങ്ങളിലും സ്വപ്രയത്നത്താല്‍ ചെളി കോരി മാറ്റുകയും നീരൊഴുക്ക് പുനസ്ഥാപിക്കുകയും ചെയ്തുവന്നു. ഇവരുടെ കര്‍മ്മോത്സുകതയില്‍ ആകൃഷ്ടരായ നിരവധിയാളുകള്‍ പണം നല്‍കുകയും യന്ത്രസഹായത്തോടെ അതിവേഗം ഈ പുനര്‍സംയോജനം നടപ്പിലാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടക്കുകയും തുടര്‍ന്ന് ഭരണകൂടം അതിനെ പിന്താങ്ങുകയും ചെയ്തു. ഇതൊരു വലിയ ജനകീയ മുന്നേറ്റമായി. 

മീനച്ചിലാറിന്‍റെ പ്രധാന കൈവഴികളിലൊന്നാണ് മീനന്തറയാര്‍. ആറുമാനൂരില്‍ മീനച്ചിലാറ്റില്‍നിന്ന് ആരംഭിച്ച് നാഗമ്പടത്ത് മീനച്ചിലാറ്റില്‍ തീരുന്ന വിധമാണ് ഈ ചെറിയ നദിയുടെ ഘടന. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നെട്ടായമായി കിടന്ന നട്ടാശ്ശേരി, പാറമ്പുഴ, വടവാതൂര്‍ പ്രദേശങ്ങളില്‍ പ്രളയകാലത്ത് ചെളിയടിഞ്ഞ് വയലുകളും ചതുപ്പുകളുമായി രൂപാന്തരപ്പെടുകയും നദി രണ്ടായി പിരിഞ്ഞൊഴുകി എന്നും കരുതാം. ഇടനാട്ടിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴുകിവരുന്ന അയര്‍ക്കുന്നം തോടും വെള്ളൂര്‍ തോടും ഐരാറ്റുനടത്തോടുമാണ് മീനന്തറയാറിനെ ജലസമൃദ്ധമാക്കുന്നത്. ആറുമാനൂരില്‍ മീനച്ചിലാറ്റില്‍നിന്ന് തുടങ്ങി അയര്‍ക്കുന്നം, അമയന്നൂര്‍, മാലം എന്നീ പ്രദേശങ്ങള്‍ കടന്ന് മീനന്തയാറില്‍ ചേരുന്ന തോടുകളുടെ ശൃംഖലയാണ് കാലാന്തരത്തില്‍ കയ്യേറ്റത്തിന് വിധേയമായി മുറിഞ്ഞുപോയത്.

മീനന്തറയാറിനെ കൊടൂരാറുമായി ബന്ധിപ്പിച്ച് ഇറഞ്ഞാല്‍ മുതല്‍ മാങ്ങാനം വരെ തെക്കുംകൂര്‍ രാജവാഴ്ചക്കാലത്ത് വെട്ടിയുണ്ടാക്കിയ കഞ്ഞിക്കുഴിത്തോടിന്‍റെ വീണ്ടെടുപ്പ് നാഴികക്കല്ലായി. കഞ്ഞിക്കുഴിത്തോട്ടിലേക്ക് വന്നുചേരുന്ന മുപ്രക്കള്ളിത്തോട്, ഇഞ്ചിക്കാലാത്തോട്, മക്രോണിത്തോട് എന്നിവ വടവാതൂര്‍ സെമിനാരിക്കുന്നില്‍നിന്ന് നീര്‍ച്ചാലുകളായി ഉത്ഭവിക്കുന്നവയാണ്. കോട്ടയം നഗരത്തിന് കിഴക്കുഭാഗത്തായി നീരോട്ടം സാധ്യമാകുന്നതിലൂടെ വിനോദസഞ്ചാരമേഖലയിലും നൂതനആശയങ്ങള്‍ നടപ്പിലാക്കാനാവും. 

മീനച്ചിലാറിന്‍റെ ഉപനദി എന്നു പറയുന്നുവെങ്കിലും ഏറെക്കുറെ സ്വതന്ത്രമായി ഒഴുകുന്ന നദിയാണ് കൊടൂരാര്‍. 22കിലോ മീറ്റര്‍ മാത്രം നീളമുള്ള കൊടൂരാര്‍ പൂര്‍ണമായും നദീരൂപത്തില്‍ ഒഴുകുന്നത് മാവാറ്റമുക്ക് മുതല്‍ പഴുക്കാനില വരെയുള്ള ഭാഗത്താണ്. മാങ്ങാനം, ഇരവിനല്ലൂര്‍, കൊല്ലാട് പ്രദേശങ്ങളുടെ സംഗമസ്ഥാനമായ മൂവാറ്റുമുക്കില്‍വച്ച് തെക്കുനിന്നും തെക്കുകിഴക്കുഭാഗത്തുനിന്നും വരുന്ന രണ്ടു തോടുകള്‍ സംഗമിച്ചാണ് കൊടൂരാറ് ജലസമൃദ്ധമാകുന്നത്. മാങ്ങാനം മുണ്ടകപ്പാടത്തുനിന്നും കാഞ്ഞിരത്തുംമൂട്ടില്‍ നിന്നും ആരംഭിക്കുന്ന തോടുകള്‍ സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി മൂവാറ്റുമുക്കില്‍ സംഗമിക്കുന്നു. വിജയപുരം, പനച്ചിക്കാട്, പുതുപ്പള്ളി പഞ്ചായത്തുകള്‍ അതിരുകള്‍ പങ്കിടുന്ന വയലേലകളിലൂടെ ഒഴുകി കൊടൂരാര്‍ പൂര്‍ണഭാവം കൈക്കൊള്ളുന്ന മൂവാറ്റുമുക്കിന് വിപുലമായ ചരിത്രപ്രാധാന്യവുമുണ്ട്. പ്രകൃതിരമണീയമായ ഈ പ്രദേശത്തിന് വിനോദസഞ്ചാര മേഖലയില്‍ പ്രാമുഖ്യം ഉറപ്പിക്കാന്‍ കഴിയും.

കൊടൂരാര്‍ ഒഴുകിവരുന്നത് മിക്കവാറും വയലേലകളുടെ മധ്യത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മനുഷ്യസമ്പര്‍ക്കം മൂലം വലിയ തോതില്‍ ഈ ആറ് മലിനപ്പെട്ടിട്ടില്ല. കോട്ടയം നഗരത്തിന്‍റെ തെക്കുഭാഗം ചേര്‍ന്ന് ഒഴുകി കോടിമതയിലെത്തുമ്പോഴാണ് കൊടൂരാര്‍ മാലിന്യവാഹിനിയായി തീരുന്നത്. കൊടൂരാര്‍ ഒഴുകുന്ന വാകത്താനം, പനച്ചിക്കാട്, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളിലും കോട്ടയം നഗരസഭാ പ്രദേശത്തുമായി നെല്‍കൃഷി പുനരാരംഭിക്കുന്നതോടെ കൊടൂരാറിനും പുതുജീവന്‍ ലഭ്യമാകും എന്ന് ഉറപ്പിക്കാം.  

കഴിഞ്ഞവര്‍ഷം ഏകദേശം എഴുന്നൂറ് ഏക്കറില്‍ നിന്ന് വിളവ് കൊയ്തു. ഈ വര്‍ഷം രണ്ടായിരം ഏക്കറിലാണ് കൃഷി ലക്ഷ്യമിടുന്നത്. കൃഷിയാവശ്യത്തിന് ജലം അനിവാര്യമാണ്. ജലത്തിന്‍റെ ലഭ്യതയും കൃഷിയും പരസ്പരപൂരകങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സാമാന്യജനം തിരികെയെത്തിയെന്നതാണ് ഈ പുനര്‍സംയോജനത്തിന്‍റെ പ്രധാന സവിശേഷത. നദീപുനര്‍സംയോജനത്തിന്‍റെ മറ്റൊരു പ്രധാന ഘടകം ജലഗതാഗതത്തിന്‍റെ ടൂറിസം സാധ്യതകളായിരുന്നു. പലഭവനങ്ങളിലും വള്ളങ്ങള്‍ വാങ്ങി, മലരിക്കല്‍, പടിയറക്കടവ് എന്നീ സ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന്‍റെ സാധ്യതകള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാരിന്‍റെ ഹരിതമിഷന്‍ ഈ പുനസംയോജന പദ്ധതിയില്‍ സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്.

ആധുനികകാലത്ത് നാം നേരിടേണ്ടിവരുന്ന ജലശോഷണത്തെയും ഭക്ഷ്യക്ഷാമത്തെയും നേരിടുന്നതിന് സ്വയം സജ്ജരാകാന്‍ ചരിത്രത്തില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രകൃതിയെയും പരിസ്ഥിതിയെയും തിരികെ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്നം നടത്തേണ്ടിവരും. അതിനുള്ള ശാസ്ത്രീയമായതും പ്രായോഗികവുമായ ചുവടുവെയ്പാണ് മീനച്ചിലാര്‍-കൊടൂരാര്‍ പുനര്‍സംയോജനപദ്ധതി എന്ന പേരില്‍ കോട്ടയത്ത് ആരംഭിച്ചത് എന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയും. 

 

പള്ളിക്കോണം രാജീവ് (സെക്രട്ടറി, കോട്ടയം നാട്ടുകൂട്ടം)

You can share this post!

ഓളവും തീരവും വീണ്ടെടുക്കുന്ന മീനച്ചില്‍

എബി ഇമ്മാനുവല്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts