Cation is that which does not merely give us information
but makes our life in harmony with all existence. -
Rabindranath Tagore
കഷ്ടിച്ച് മൂന്നു വര്‍ഷം മുന്‍പുമാത്രം പ്രവാസി ജീവിതം ആരംഭിച്ച ഒരു പ്രവാസി വൈദികന്‍ ഒരു മാസത്തെ വേനലവധിക്ക് കേരളത്തിലേക്ക് പോയിവന്നപ്പോള്‍ പറഞ്ഞതാണിത്: 'വല്ലാതെ മാറിപ്പോയി കേരളം." എവിടെയും വര്‍ഗീയത വിഷം ചീറ്റുന്നു. ജനം കൂടുതല്‍ കൂടുതല്‍ ഇടുങ്ങിയ ലോകത്തിലേക്ക് ചുരുങ്ങുന്നു. വളര്‍ച്ച ഇപ്പോള്‍ ഈ സങ്കുചിത മനോഭാവക്കാര്‍ക്കു മാത്രം!
'നന്മമരങ്ങളും' കാരുണ്യപ്രവൃത്തികളും ലാഭേച്ഛക്കപ്പുറം നടക്കുമ്പോഴും പുസ്തകവില്പനകളുടെ ശരാശരി പതിവിലും വര്‍ദ്ധിക്കുമ്പോഴും വേര്‍തിരിവുകളും മുദ്രകുത്തലും നിര്‍ബാധം നമ്മുടെ സമൂഹത്തില്‍ തുടരുന്നുണ്ട്. കാര്യങ്ങള്‍ അത്രമേല്‍ പ്രശ്നവത്കരിച്ചുകൊണ്ട് കളിയരങ്ങ് നിറയുമ്പോഴും കാല്‍ച്ചുവട്ടില്‍ എന്താണ് നഷ്ടം വരുന്നതെന്ന് എന്ന് തിരിച്ചറിയും?
എന്തേ നമ്മുടെ സമൂഹം ഇത്രമേല്‍ അധഃപതിക്കുന്നു? ഈ ചോദ്യം വിരല്‍ ചൂണ്ടുന്നത് കാലങ്ങളായി വിദ്യാസമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന ഞാനുള്‍പ്പെട്ട മദ്ധ്യവയസ്കരായ മലയാളി സമൂഹത്തിന്‍റെ കാപട്യത്തിലേക്കാണ്. ആഗോളവത്കരണത്തിനും തുറന്ന സാമ്പത്തിക നയങ്ങള്‍ക്കും മുന്നേ പ്രവാസത്തിന്‍റെ വിയര്‍പ്പിലും പണക്കൊഴുപ്പിലും ഉയര്‍ന്ന വിദ്യാഭ്യാസ 'ഫാക്ടറി' കള്‍ പടച്ചുവിട്ട 'ഉത്പന്നങ്ങള്‍' ഇന്ന് കളം നിറഞ്ഞ് ആടുകയാണ്. സ്വന്തം സ്വത്വം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം കൂച്ചുവിലങ്ങുകളിട്ട്, സ്വാതന്ത്ര്യത്തിന്‍റെ കണിക ലവലേശം ഏശാത്ത അധ്യാപനം മുതല്‍ എടുത്താല്‍ പൊങ്ങാത്ത ഭാരവും പേറി 'പള്ളിക്കൂടങ്ങളിലേക്ക്' യാത്രയായവരുടെ കാര്യമാണ് സുഹൃത്തേ പുനഃപരിശോധിക്കേണ്ടത്. ഇന്നത്തെ അപചയത്തിന്‍റെ മൂലകാരണങ്ങള്‍ തേടി അലയുമ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടേണ്ട സുപ്രധാന കാരണങ്ങളില്‍ ഒന്നാണ് നാം നല്കിയ, നല്കുന്ന വിദ്യാഭ്യാസം.
അപ്രായോഗികമായ സ്വപ്നത്തിനും ജീവിതത്തിനും ഇടയില്‍ നമുക്ക് കൈമോശം വന്നത് ഒരു വിദ്യാര്‍ത്ഥിയുടെ നൈസര്‍ഗികമായ ചില നന്മകളും ചിന്താധാരയുമാണ്. ഇതിനി എങ്ങനെ വീണ്ടെടുക്കാം? അപഹരിക്കപ്പെട്ട ചില മയില്‍പ്പീലി തുണ്ടുകളെ ആകാശം കാണിക്കാതെ കാത്തുപാലിച്ചേ പറ്റൂ. കുഞ്ഞുന്നാളില്‍ എവിടെനിന്നെങ്കിലും ലഭിച്ച മയില്‍പ്പീലി തൂവലുകള്‍ ആരും കാണാതെയും ആകാശം കാണിക്കാതെയും ഇരുന്നാല്‍ അവ പെറ്റുപെരുകുമത്രെ! അതെ ഇനി കേരളത്തിനാവശ്യം കാണാതെപോയ ചില മയില്‍പ്പീലി തുണ്ടുകളെ ആകാശം കാണിക്കാതെ വീണ്ടെടുക്കുക.
പാഠപുസ്തകങ്ങളുടെയും പെരുക്കപ്പട്ടികകളുടെയും മാത്സര്യവമ്പുകളുടെയും മാര്‍ക്കെന്ന കീറാമുട്ടിയുടെയും അടിമത്തത്തില്‍നിന്ന് കുഞ്ഞുങ്ങളെ സമഗ്രമായ വളര്‍ച്ചയിലേക്ക് പറത്തിവിടു. അവര്‍ തനിയെ പഠിക്കട്ടെ. ഒരു മരം നടാനും പരസ്പരം ആദരിക്കാനും അവര്‍ പഠിക്കട്ടെ. ജീവിതത്തിന്‍റെ താളവും ലയവും സമന്വയിക്കുക കുട്ടി സ്വയം നിര്‍മ്മിക്കുന്ന അറിവിലൂടെയാണ്. അവിടെ ചൂണ്ടുപലകകളോ വഴികാട്ടികളോ ഒക്കെയായാല്‍ മതി നാം.
കഴിഞ്ഞ ദിനങ്ങളിലൊന്നില്‍ കുറച്ചുകുട്ടികളുടെ വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്നു. രണ്ടുമൂന്നു ദിനങ്ങളിലും ഒരേ വസ്ത്രം ധരിച്ചെത്തിയ ഏഴാം ക്ലാസുകാരനോട് പ്ലസ്ടൂവില്‍ പഠിക്കുന്ന ക്യാമ്പിലെ ഒരു വോളണ്ടിയര്‍ ചങ്ങാത്തം കൂടി. ഏഴാം ക്ലാസുകാരനോട് പന്ത്രണ്ടാം ക്ലാസുകാരന്‍ ഒരു ചെറിയ കള്ളം പറഞ്ഞു. പന്ത്രണ്ടാം ക്ലാസുകാരന്‍റെ വീട്ടില്‍ വലിയ ദാരിദ്ര്യവും പട്ടിണിയുമാണെന്ന്. പതുക്കെ ഏഴാം ക്ലാസുകാരന്‍ മനസ്സു തുറന്നു. തന്‍റെ വീട്ടിലും പ്രശ്നങ്ങളാണ്. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യുന്ന ഉപ്പയും തുച്ഛവരുമാനമുള്ള ഉമ്മയും രണ്ടു കുഞ്ഞനുജത്തിമാരുമാണ് അവനുള്ളത്. വീട്ടിലെ പണികള്‍ അവനാണ് പലപ്പോഴും ചെയ്യുക. സ്വന്തമായി കയറിക്കിടാക്കാന്‍ വീടില്ല. കഥ നീണ്ടു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തിരികെ വന്ന പന്ത്രണ്ടാം ക്ലാസുകാരന്‍ എങ്ങനെ ഏഴാം ക്ലാസുകാരന്‍റെ കുടുംബത്തെ രക്ഷിക്കണം എന്നു ചിന്തിച്ചു. ഏഴാം ക്ലാസുകാരന്‍റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കാതെ വളരെ ക്രിയാത്മകമായി പന്ത്രണ്ടാം ക്ലാസുകാരന്‍ അവന്‍റെ കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ കുട്ടികളെ കാണുമ്പോള്‍ സ്വയം പുച്ഛം തോന്നുന്നു. കൊട്ടും പാട്ടുമായി നിസ്സാരമായ സഹായങ്ങള്‍ പോലും വിളിച്ചുകൂവി ആളെ കൂട്ടി നടത്താനുള്ള മനസ്സെങ്ങനെയാണ് മലയാളിക്ക് സ്വന്തമായത്? മറ്റൊരുവന്‍റെ വേദന സ്വന്തമാക്കി പ്രതിസന്ധിയെ തരണം ചെയ്യാനുള്ള വിദ്യ എവിടെനിന്നാണീ ചെറുകുട്ടികള്‍ പഠിച്ചത്? തീര്‍ച്ചയായിട്ടും ഞങ്ങള്‍ പഠിച്ച പള്ളിക്കൂടങ്ങളില്‍ നിന്നല്ല. പണം, പ്രശസ്തി, ആള്‍ക്കൂട്ട ജയ്വിളി മൂന്നുമായാല്‍ എല്ലാമായി എന്നു കരുതുന്ന മലയാളിക്ക് തികച്ചും വെല്ലുവിളിയാണ് മുന്‍പറഞ്ഞ പന്ത്രണ്ടാം ക്ലാസുകാരന്‍.
ഈ ലക്കം അസ്സീസിയില്‍ വിദ്യാഭ്യാസത്തിന്‍റെ ശരിയായ ഗതി നിര്‍ണ്ണയിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മനു ജോസ് തന്‍റെ ആശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പഠനമെങ്ങനെ കുറച്ചുകൂടി സൗകര്യപ്രദവും വ്യക്തികേന്ദ്രീകൃതവുമാക്കാമെന്ന് ശാസ്ത്രീയമായ അടിത്തറകളിലൂടെയും സങ്കേതങ്ങളിലൂടെയും ജസ്ററിന്‍ ജോണ്‍സും അംബികാ സാവിത്രിയും പങ്കുവയ്ക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ സമഗ്രമായ ലക്ഷ്യത്തെപ്പറ്റി ഉത്തരയും വ്യക്തമാക്കുന്നു.
അസ്സീസിയിലെ 'വേദധ്യാനം' എന്ന ദൈവശാസ്ത്ര ബൈബിള്‍ പഠന പംക്തി, വിശുദ്ധ ഗ്രന്ഥത്തിന്‍റെ പഠനസാധ്യതകളെ സാധാരണക്കാരിലേക്ക് വ്യക്തതയില്‍ എത്തിക്കുവാനുള്ള ഉദ്യമത്തിലാണ്. തീര്‍ച്ചയായും വായനക്കാരുടെ ബൈബിള്‍ സംശയങ്ങള്‍ക്ക് ഈ പംക്തിയിലൂടെ ഉത്തരം നല്കാന്‍ സാധിക്കും. കാലത്തിന്‍റെ ചുവരെഴുത്തുകളിലും കൃത്യമായ ശാസ്ത്രീയ വിശകലനസങ്കേതങ്ങളിലുമുള്ള അജ്ഞതകൊണ്ട് ബൈബിള്‍ വ്യാഖ്യാനം ചൂഷണ വിധേയമാകുന്ന ഒരു കാലഘട്ടമാണിത്. ആ ചൂഷണങ്ങളില്‍ നിന്ന് സഭാമക്കളെ മോചിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.
വിദ്യാഭ്യാസത്തിന്‍റെ പ്രായോഗികതയെ പറ്റി അസ്സീസി തയ്യാറാക്കുന്ന സര്‍വ്വേയില്‍ 14നും 26നും ഇടയിലുള്ള ആര്‍ക്കും പങ്കെടുക്കാം. അതിനുള്ള ലിങ്ക് താഴെ നല്കുന്നു. വ്യക്തതകള്‍ക്കിടം നല്കുന്ന നഷ്ടപ്പെട്ട വര്‍ണങ്ങള്‍ വീണ്ടെടുക്കുന്ന
ഒരു വിദ്യാഭ്യാസ സമ്പ്രദായം മണ്ണിനെയും മനുഷ്യനെയും സമൂഹത്തെയും പാരസ്പര്യത്തോടെ ആശ്ലേഷിക്കുന്ന ഒന്ന് ഇവിടെ സംഭവിക്കട്ടെ.
https://forms.gle/4y4mXMuQrzBQMvau7 |