സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പനങ്ങള്‍ അതില്‍ത്തന്നെ പൂര്‍ണമായും സ്വതന്ത്രമാണോ? അത് നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് കൃത്യമായ വ്യക്തത നല്കുന്നുണ്ടോ? നാം എന്തില്‍നിന്നാണ് സ്വതന്ത്രമാകേണ്ടത് എന്ന ബോധ്യം നമുക്കുണ്ടോ? സ്വാതന്ത്ര്യം എന്ന് യഥാര്‍ത്ഥത്തില്‍ നാം എന്തിനെക്കുറിച്ചാണ് പറയുന്നത്?
സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് എന്ത് എന്ന് നമുക്ക് അറിയാം എന്ന മട്ടിലാണ് നാം ചിന്തിക്കുക. പക്ഷേ അങ്ങനെയാണോ? സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളത്രയും കേന്ദ്രീകരിച്ചിരിക്കുന്നത് നാം നമ്മളാല്‍ കണ്ടെത്തിയ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളിലത്രേ. സ്വാതന്ത്ര്യം നമുക്ക് മൂല്യവത്താകുന്നത് നമുക്ക് പുറത്തുള്ള ലോകത്താണ്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സര്‍ഗാത്മക, വ്യക്തിപര, ലൈംഗിക സ്വാതന്ത്ര്യങ്ങള്‍. ലൗകികമാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ ആശയങ്ങള്‍. പക്ഷേ ഈ ലോകമാണോ നിങ്ങള്‍? ലോകത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന ഈ സ്വാതന്ത്ര്യങ്ങള്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാക്കുമോ? നിങ്ങള്‍ക്കുള്ളിലെ അടിമത്തങ്ങളില്‍ നിന്ന് നിങ്ങളെ സ്വതന്ത്രരാക്കാന്‍ ലോകത്തുള്ള എന്തിനെങ്കിലും സാധിക്കുമോ? ആത്യന്തികമായ പ്രശ്നം ഇതാണ്: നിങ്ങള്‍ സ്വതന്ത്രരാകേണ്ടത് അകമേയോ, പുറമേയോ?
നമ്മുടെ ശരീരത്തില്‍ അരിച്ചുനീങ്ങി അലോസരപ്പെടുത്തുന്ന ഒരു പ്രാണിയെപ്പോല്‍, നമ്മെ എന്തോ അലട്ടിക്കൊണ്ടിരിക്കുന്നു. നിര്‍വചിക്കാനാവാത്ത, ചൂണ്ടിക്കാട്ടാനാവാത്ത. തിരിച്ചറിയാനാവാത്ത ഒരു അസ്വസ്ഥത. ശങ്കരാചാര്യര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, നമ്മുടെ മനസ്സ് നിരാശയാല്‍ നിരന്തരം നെടുവീര്‍പ്പെടുന്നു. 'ഇനിയെന്ത്? ഇനിയെന്ത്?' എന്ന് ഉത്കണ്ഠാകുലമാകുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഏറ്റം അഭികാമ്യമായ ആദര്‍ശലോകത്തു ജീവിച്ചാലും മനസ്സിനെ നിരന്തരം അലട്ടുന്ന ഈ അസ്വസ്ഥത നിങ്ങളെ വിട്ടുപോകുന്നില്ല. അത് സമ്പന്നനെയും ദരിദ്രനെയും ഒരേപോലെ അലോസരപ്പെടുത്തുന്നു. അത് നമ്മെ അടുത്ത നിമിഷത്തിലേക്ക്, വീണ്ടും അടുത്ത നിമിഷത്തിലേക്ക്, അങ്ങനെ അവിരാമം ഉല്‍ക്കണ്ഠയിലേക്ക് വലിച്ചിഴയ്ക്കുന്നു.
നിങ്ങള്‍ ആഗ്രഹിക്കും വിധം ചിന്തിക്കാനും ആശയപ്രകാശനം നടത്താനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാക്കുന്നില്ല. അങ്ങേയറ്റം വിനയത്തോടെ നാമത് മനസ്സിലാക്കിയേ പറ്റൂ. എന്തുകൊണ്ടിങ്ങനെ എന്നു ചോദിക്കാനുള്ള സമയം ആയില്ലേ? പുറംലോകത്തെ സ്വാതന്ത്ര്യം നമുക്ക് എന്തുകൊണ്ട് സമാധാനം നല്കുന്നില്ല എന്ന് കണ്ടെത്താന്‍ നാം ആഗ്രഹിക്കുന്നില്ലേ? പ്രമുഖരായ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ പരമാധികാരത്തിലിരിക്കേ ലഭിക്കാത്ത സമാധാനം അവര്‍ തടവിലായിരിക്കേ ആസ്വദിച്ചുവെന്നത് നമ്മെ ആശ്ചര്യപ്പെടുത്തുന്നില്ലേ? അഭയമായ, ആത്മജ്ഞാനപൂരിതമായ മനസ്സിനുടമയെ തടവിലിടാന്‍ ഒരു തടവറയ്ക്കുമാകില്ല. അപ്പോള്‍ ആ പ്രമാദമായ ചോദ്യം വരുന്നു. അതെങ്ങനെ ഞാന്‍ കൈവരിക്കും? ഏതു സാഹചര്യത്തിലും സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്കെങ്ങനെ കഴിയും?
ആദ്യം, നാം സ്വയം സൃഷ്ടിച്ചെടുത്ത ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടയും കൂമ്പാരത്തില്‍നിന്ന് നമ്മുടെ തല പുറത്തെടുക്കുക. സ്നേഹിതനുമേല്‍ നിരവധി നിബന്ധനകള്‍ അടിച്ചേല്പിക്കുന്ന സ്നേഹിത, സ്നേഹിതയല്ല. നല്ലൊരു നാളെയുടെ സൃഷ്ടിക്കായി ലോകം തന്‍റെ ആദര്‍ശങ്ങളെ പിന്തുടരണമെന്നു ശഠിക്കുന്ന 'നല്ല മനുഷ്യന്‍' തെരുവുഭ്രാന്തനേക്കാള്‍ മികച്ചവനല്ല. ദൈവത്തെക്കുറിച്ചുള്ള തന്‍റെ ആശയങ്ങളുടെ പേരില്‍ അപരനുമായി തര്‍ക്കിക്കുന്ന ദൈവശാസ്ത്രജ്ഞന് ചന്തയില്‍ വിലപേശുന്ന സ്ത്രീയേക്കാള്‍ ആത്മീയതയുണ്ടെന്ന് പറയാനാവില്ല. സ്വതസിദ്ധമായ സമാധാനം അനുഭവിക്കുന്നതില്‍ നിന്ന് ഇവരെയൊക്കെ തടയുന്നതെന്താണ്? ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍. ആശയങ്ങളും കാഴ്ചപ്പാടുകളും ആശയാധിഷ്ഠിതമായ വീക്ഷണാധിഷ്ഠിതമായ ലോകത്തെ സൃഷ്ടിക്കുന്നു. ഈ കാഴ്ചപ്പാടുകള്‍ക്കോ, ആശയങ്ങള്‍ക്കോ മൗലികമായ അര്‍ത്ഥം ഇല്ല. ലോകം അതിനാല്‍ത്തന്നെ അര്‍ത്ഥരഹിതമാണ്. അത് നിങ്ങള്‍ക്ക് പരീക്ഷിച്ചറിയാവുന്നതേയുള്ളൂ. ലോകത്തിന് നാം കാണുന്ന അര്‍ത്ഥങ്ങള്‍ നാം തന്നെ ആരോപിക്കുന്നതാണ്. ദൈവത്തെക്കുറിച്ച്, ലോകത്തെക്കുറിച്ച്, നമ്മെക്കുറിച്ച്, എന്തിനെക്കുറിച്ചും.
ഒന്നായതിനെ രണ്ടായിക്കാണുന്ന മായ സൃഷ്ടിക്കുന്ന ബഹുകാര്യവ്യഗ്രത മൂലമുണ്ടാകുന്ന ദുഃഖങ്ങള്‍ക്ക് പുറമേയുള്ളതിനെയോ, പുറമേയുള്ളവരെയോ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും നിങ്ങളുടെ കാഴ്ചപ്പാടിന്‍റെ സൃഷ്ടിയത്രേ. ജീവിതത്തെക്കുറിച്ച്, ജീവിതരീതിയെക്കുറിച്ച്, ദൈവത്തെക്കുറിച്ച് ഒക്കെയുള്ള നിങ്ങളുടെ കാഴ്ചപ്പാടിന്‍റെ സൃഷ്ടി. നിങ്ങളുടെ ദുഃഖങ്ങള്‍ക്ക് കാരണമായി നിങ്ങള്‍ കരുതുന്നതൊന്നും യഥാര്‍ത്ഥ കാരണങ്ങളല്ല തന്നെ. യഥാര്‍ത്ഥ കാരണം നിങ്ങളുടെ ചിന്തയത്രേ. നിങ്ങളുടെ ചിന്താരീതിയത്രേ.
ചിന്തിക്കുന്ന മനുഷ്യന്‍ സ്വതന്ത്രനല്ല, ആകാന്‍ പറ്റില്ല. സ്വന്തം ചിന്തയെയും സംസാരത്തെയും പ്രവൃത്തിയെയും പരമാത്മാവിന് മുന്നില്‍ പൂര്‍ണമായും അടിയറവുവയ്ക്കുന്നവര്‍ക്കു മാത്രമേ ജീവിതത്തിലുടനീളം അവരെ അലട്ടിക്കൊണ്ടിരിക്കുന്ന ആ അടിമത്തത്തില്‍നിന്ന് വിടുതല്‍ നേടാനാകൂ. നമ്മുടെ വിശ്വാസങ്ങളില്‍ നിന്നാണ,് ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ മുന്‍വിധികളില്‍ നിന്നാണ്, ജീവിതം എന്തെന്ന് നമുക്കറിയാമെന്ന നമ്മുടെ ദുശാഠ്യത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ നാം സ്വതന്ത്രരാകേണ്ടത്.
ജീവിതത്തെ അളക്കാനും കുറിക്കാനുമുപയോഗിക്കുന്ന നിങ്ങളുടെ അളവുകോലുകളും ഉപകരണങ്ങളും ആയുധങ്ങളും കൈയൊഴിയുക. അറിവില്ലായ്മയുടെ നിഷ്കളങ്കതയില്‍ പ്രകാശത്തിലേക്ക് കടക്കുക. ജീവിതത്തെക്കുറിച്ച്, ലോകത്തെക്കുറിച്ച്, ദൈവത്തെക്കുറിച്ച്, നിങ്ങളെക്കുറിച്ച് തന്നെയുള്ള നിങ്ങളുടെ ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍ കയ്യൊഴിയുക. അതിനായി ധൈര്യപ്പെടുക. അപ്പോള്‍ നിങ്ങള്‍ സത്യം കണ്ടെത്താന്‍ കഴിയും വിധം ദരിദ്രരാകും. അപ്പോള്‍ നിങ്ങള്‍ വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തെ പറവകളാകും. അപ്പോള്‍ നിങ്ങള്‍ ഒന്നുമാകാതെ എല്ലാമാകും. നിങ്ങള്‍ നിങ്ങളെത്തന്നെ കയ്യൊഴിയുമ്പോഴാണ് കൂട്ടരെ നിങ്ങള്‍ സത്യത്തില്‍ സ്വതന്ത്രരാകുക.