news-details
കാലികം.

മേല്‍ക്കൂരയും ഭിത്തികളും

നേരം ഇരുളുന്ന ഒരു നേരത്ത് ...

കൂടണയുന്ന പക്ഷികളെയും പതുക്കെ നിശ്ചലമാകുന്ന പ്രകൃതിയെയും നോക്കി നീ ഒറ്റയ്ക്കിരിക്കുന്നതുപോലെ കാണപ്പെടുന്നു.
 എവിടേയ്ക്കാണ് പോകേണ്ടതെന്ന് അറിയാത്തതുപോലെ...
അല്ലെങ്കില്‍ പോകാന്‍ ഇടമില്ലാത്തതുപോലെ..
ഇരുട്ടാണ്..
പക്ഷേ ഇരുട്ടിനുപോലും നിന്നോടു കരുണ തോന്നുന്നുണ്ട്...
"വീട്ടില്‍  പോണില്ലേ" എന്നൊന്നും ചോദിച്ച് ഞാന്‍ നിന്നെ തകര്‍ക്കുന്നില്ല."

മേല്‍ക്കൂരയും നാലുവശത്തു നിന്നുള്ള മറയും പിന്നൊരു തറയും ചേര്‍ന്ന് ഒരുക്കുന്ന സുരക്ഷിതത്വമാണ് വീട്.

നാലുവശത്തുനിന്നുള്ള മറകള്‍. സുരക്ഷിതത്വമാണത്....ചില കാറ്റിലും മഴയിലും ഒക്കെ നിന്നുള്ള സുരക്ഷിതത്വങ്ങള്‍...

'നാന്മറകള്‍' എന്ന് വേദങ്ങളെ ചേര്‍ത്ത് പറയാറുണ്ട്. നാലു വേദങ്ങളെയും ചേര്‍ത്ത് ...
പണ്ട്, വേദങ്ങള്‍ പഠിച്ച പണ്ഡിതര്‍ മേല്‍ജാതിക്കാരായിരുന്നു. അവര്‍ക്ക് വീടും അര്‍ത്ഥവും സുരക്ഷിതത്വവും ആള്‍ബലവും നിറവും സമൃദ്ധിയും ഉണ്ടായിരുന്നു.

അന്ന് വിദ്യാഭ്യാസം ചെയ്യുവാന്‍ അവകാശമില്ലാത്ത കീഴ്ജാതിക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് പൊളിഞ്ഞ ഭിത്തിയും തുളഞ്ഞ മേല്‍ക്കൂരയും അരക്ഷിതത്വവും അനര്‍ത്ഥങ്ങളും ഭയപ്പാടുകളും കുറവും ദാരിദ്ര്യവും മാത്രം ഉണ്ടായിരുന്നു...
അപ്പോള്‍ നാന്മറകള്‍കൊണ്ട് മറഞ്ഞതും കുറച്ചുപേര്‍ മാത്രമാണ്.
അത് വേദങ്ങളുടെ കുഴപ്പമല്ല. ഏതൊരു മഹാദാനത്തെയും അതിന്‍റെ പൂര്‍ണ്ണതയില്‍ നിന്നും, ഉദ്ദേശിച്ച ഫലത്തില്‍ നിന്നുമൊക്കെ വ്യതിചലിപ്പിക്കാന്‍ ചില വ്യവസ്ഥിതികള്‍ക്കു കഴിയും.

അപ്പോള്‍ ഭിത്തികളും മേല്‍ക്കൂരയും ഉള്ളവരും .... അത് ഇല്ലാത്തവരും...
താണവര്‍ എപ്പോഴും വീണവര്‍ ആയിരുന്നു, ഉയര്‍ന്നവര്‍ ആകട്ടെ, വീഴ്ത്തിയവരും...
അങ്ങനെ രണ്ടുതരം മനുഷ്യര്‍, തളര്‍ന്നവരും താഴ്ത്തിയവരും, ഒതുങ്ങിയവരും ഒതുക്കിയവരും,...

എന്തൊക്കെയോ ചില വ്യത്യാസങ്ങള്‍ വന്നുവെന്നതല്ലാതെ, ഇന്നും ഏതാണ്ട് ഇതേ ക്രമമൊക്കെത്തന്നെയല്ലേ..!

ഇന്നുമുണ്ട്, മേല്‍ക്കൂരകളില്ലാത്ത മനുഷ്യര്‍...

എല്ലാവര്‍ക്കുമൊന്നും ഒരു മേല്‍ക്കൂരയുടെ സംരക്ഷണവും സുരക്ഷിതത്വവും നിയതി നിശ്ചയിച്ചിട്ടില്ല.

അവരൊക്കെ, വെയിലും മഴയും കാറ്റും കോളും പച്ചയ്ക്കു നിന്ന് അനുഭവിച്ചുകൊണ്ട് അതിജീവിക്കുകയാണ്...
സങ്കടങ്ങളുടെ മനുഷ്യര്‍...
ആരും ശുപാര്‍ശ പറയാന്‍ ഇല്ലാത്തവര്‍...
 മേല്‍ക്കൂര എന്നാല്‍ എന്താണെന്നാണ്...
എല്ലാ സുരക്ഷിതത്വങ്ങളും മേല്‍ക്കൂരകളല്ലേ..
ഒക്കെ ഓരോ മേല്‍ക്കൂരകളാണ്.

മുകളിലൊക്കെ പിടിപാടുണ്ടെങ്കില്‍, ചില മഴ നനയാതെയും വെയിലു കൊള്ളാതെയും അവര്‍ നിങ്ങളെ കൈ തന്ന് മാറ്റിനിര്‍ത്തും. അങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടു കഴിഞ്ഞിട്ട്, പിന്നെയും അവശേഷിക്കുന്ന മനുഷ്യര്‍ ഉണ്ട്...

ബേത്സയ്ദായിലെ തളര്‍വാതരോഗി ക്രിസ്തുവിനോട് പറഞ്ഞ ഒരു സങ്കടമുണ്ട്. വെള്ളം ഇളകുന്നുണ്ട്, അയാളാ നടയിലും ഉണ്ട്, എന്നിട്ടും... ഇടയ്ക്കൊരാളില്ലാത്തതിനാല്‍ ...
മേല്‍ക്കൂരകളില്ലാത്ത മനുഷ്യര്‍, ഭിത്തികളില്ലാത്ത മനുഷ്യര്‍, കഷ്ടകാണ്ഡങ്ങളില്‍ ഒന്നു മറയായി നില്‍ക്കാന്‍, ഹൃദയ അടുപ്പമുള്ള ഒരാളില്ലാതെ പോകുന്നവര്‍ ....

സങ്കടങ്ങളുടെ മനുഷ്യര്‍...

അവരെ പ്രതി ഉള്ള മേല്‍ക്കൂരകളൊക്കെ പൊളിച്ചുകളഞ്ഞിട്ട് നിരത്തിലേക്കിറങ്ങി നില്‍ക്കാന്‍ ചിലര്‍ക്കൊക്കെ തോന്നും... മദര്‍ തെരേസയെപ്പോലെ... ഫാ. ഡാമിയനെപ്പോലെ...

ദൈവം അങ്ങനെ വന്നു നിന്നതിന്‍റെ പേരാണ് ക്രിസ്തു...
പക്ഷേ എന്നും, ആ തോന്നലിനെപ്പോലും അക്ഷരപ്പിശകായേ ലോകം ചൂണ്ടിക്കാണിക്കൂ.

You can share this post!

തിന്മകളെ ആഘോഷിക്കുന്ന കാലം

ഡോ. സി. ജെ. ജോണ്‍
അടുത്ത രചന

പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും

ഫാ. ജോസ് വള്ളിക്കാട്ട്
Related Posts