news-details
കവർ സ്റ്റോറി

ദൈവം പക്ഷപാതിയാണ്; നിങ്ങളോ?

"ദൈവം എല്ലാവരെയും ഒരേപോലെ സ്നേഹിക്കുന്നു" എന്നാണ് ദൈവത്തെക്കുറിച്ച് പഠിപ്പിച്ചവരെല്ലാം പറഞ്ഞുതന്നിട്ടുള്ളത്. അത്തരമൊരു ദൈവത്തെ വേദഗ്രന്ഥത്തിന്‍റെ താളുകളില്‍ നാളിതുവരെ കണ്ടുമുട്ടിയിട്ടില്ല. നിഷ്പക്ഷതയെന്നതു ബൈബിളിലെ ദൈവത്തിന്‍റെ സ്വഭാവവിശേഷമല്ലാതിരിക്കേ അവിടുത്തെ അങ്ങനെ ചിത്രീകരിക്കുന്നതിനു പിന്നില്‍ കൃത്യമായ ചില കാരണങ്ങള്‍ ഉണ്ടാകണം. അതെന്താണെന്നു വ്യക്തമായ ഒരു സാഹചര്യമാണ് എറണാകുളത്തെ വഞ്ചി സ്ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തോടുള്ള ഔദ്യോഗിക സഭയുടെ നിലപാട്. ദൈവത്തിനു പക്ഷപാതമില്ലാത്തതുകൊണ്ട് സഭയും ആരുടെയും പക്ഷം പിടിക്കേണ്ടതില്ലത്രേ. ഈ ലേഖനം അന്വേഷിക്കുന്നത് ദൈവത്തിനു പക്ഷപാതമുണ്ടോ എന്നാണ്. 
 
യഹോവ: പക്ഷപാതിയായ ദൈവം
 
മുള്‍പ്പടര്‍പ്പില്‍ വച്ചു പ്രത്യക്ഷപ്പെട്ട ദൈവത്തോടു പേരു ചോദിച്ചപ്പോള്‍ മോശയ്ക്കു കിട്ടിയ മറുപടി ഹെബ്രായ ഭാഷയില്‍ ഇങ്ങനെയാണ്: എഹ്യെഹ് അഷെര്‍ എഹ്യെഹ് (പുറപ്പാട് 3:14). "ഞാന്‍ ഞാനാകുന്നു" എന്നാണ് മലയാള പരിഭാഷ. ക്രിയാപദം വര്‍ത്തമാനകാലത്തിലാണ്. എന്നാല്‍ മൂലഭാഷയില്‍ ക്രിയാപദം ഭാവികാലത്തിലുമാണ്. അപ്പോള്‍ പരിഭാഷ ഇങ്ങനെയാകും: "ഞാന്‍ ആകേണ്ടതെന്തോ അതായിരിക്കും ഞാന്‍." ഈ രണ്ടര്‍ത്ഥവും ഒറ്റവാക്യത്തില്‍ കൊണ്ടുവന്ന്, ഫ്രഞ്ചു ബൈബിള്‍പണ്ഡിതനായ ഒലിവര്‍ ആര്‍ത്തുസ് പുറ: 3:14നെ പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്: "ഞാന്‍ ആരാണെന്നു നിനക്കു ഞാന്‍ കാണിച്ചുതരാം." അപ്പോള്‍ യഹോവ സ്വയം വെളിപ്പെടുത്തിയത് ചില തത്വശാസ്ത്ര ക്യാറ്റഗറികള്‍ ഉപയോഗിച്ചല്ല. (ത്രിത്വത്തെ വിശദീകരിക്കാന്‍ നാം ഉപയോഗിക്കുന്നതു മുഴുവനും ഗ്രീക്കു തത്വശാസ്ത്ര ക്യാറ്റഗറികളാണല്ലോ.)
 
യഹോവ അനാവരണം ചെയ്യപ്പെട്ടത് ചരിത്രത്തിലെ അവിടുത്തെ ഇടപെടലുകളിലൂടെയാണ്. ആ ഇടപെടലുകള്‍ എത്തരത്തിലുള്ളവയായിരുന്നുവെന്ന് മുള്‍പ്പടര്‍പ്പിലെ ദര്‍ശനത്തില്‍ത്തന്നെയുണ്ട്: യഹോവ കണ്ടത് തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങളാണ്; യഹോവ കേട്ടത് അവരില്‍നിന്നുയര്‍ന്ന രോദനമാണ്; യഹോവ അറിഞ്ഞത് അവരുടെ യാതനകളാണ്(പുറ. 3:7).
 
അതുകൊണ്ട് തന്‍റെ  കൈയുയര്‍ത്തി ഈജിപ്തുകാരെ "കഠിനമായി ശിക്ഷിച്ച്" ഇസ്രായേല്യരെ "വീണ്ടെടുക്കും" എന്ന് അവിടുന്ന് ശപഥം ചെയ്യുന്നു(പുറ. 6:6). അടിമകളും അടിമകളാക്കിയവരും ഇരുപക്ഷത്തു നിലയുറപ്പിച്ചപ്പോള്‍ യഹോവ നിഷ്പക്ഷത പാലിച്ചില്ലെന്നതു അങ്ങനെ പകല്‍പോലെ വ്യക്തം. പഴയനിയമത്തില്‍ ഏറ്റവും കാലപ്പഴക്കമുള്ള ഒന്നാണ് മോശയുടെ ഗീതം(പുറ. 15). ആ ഗീതം പ്രകീര്‍ത്തിക്കുന്നത് എല്ലാവരെയും ഒരേപോലെ സ്നേഹിച്ച ദൈവത്തെയല്ല, ഫറവോയുടെ രഥങ്ങളെ കടലില്‍ താഴ്ത്തിയ ദൈവത്തെയാണ്. മിറിയാം തപ്പുകൊട്ടിയതും പെണ്ണുങ്ങള്‍ നൃത്തം ചെയ്തതും "കുതിരയെയും കുതിരക്കാരനെയും അവിടുന്ന് കടലിലെറിഞ്ഞു" എന്ന് പാടിക്കൊണ്ടായിരുന്നു(പുറ. 15:21). ഈ ദൈവം അടിമുടി പക്ഷപാതിയാണ്.
 
പ്രവാചകര്‍: പക്ഷംചേര്‍ന്നു വാദിച്ചവര്‍
 
ദാവീദിന്‍റെ കാലത്തെ നാഥാന്‍മുതല്‍ സ്നാപകയോഹന്നാന്‍വരെ നീണ്ടുനിന്ന പ്രവാചകപരമ്പരയില്‍ ഒരാളെങ്കിലും നിഷ്പക്ഷത പുലര്‍ത്തിയെന്നതിനു തെളിവില്ല. അവരെല്ലാം സുഖമനുഭവിച്ചവരെ അസ്വസ്ഥതപ്പെടുത്തിയവരും അസ്വസ്ഥചിത്തങ്ങള്‍ക്കു സൗഖ്യം കൊടുത്തവരുമായിരുന്നു. ബലഹീനനൊപ്പവും ബലവാനെതിരായും നിന്ന യഹോവതന്നെയാണ് അത്തരം നിലപാടിലേക്ക് അവരെ നയിച്ചത്. ഇതു വ്യക്തമാക്കുന്ന ഒരു ഭാഗം എസെക്കിയേലിന്‍റെ പുസ്തകത്തിലുണ്ട്: "ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മധ്യേ വിധി പ്രസ്താവിക്കും. ... ദുര്‍ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ എന്‍റെ ആട്ടിന്‍പറ്റത്തെ രക്ഷിക്കും. ... ആടിനും ആടിനും മധ്യേ ഞാന്‍ വിധി നടത്തും" (എസെ. 34:20-22). 
 
ഈ യഹോവയെ അറിയേണ്ടതു ധ്യാനവും പൂജയും കൊണ്ടല്ല, "ദരിദ്രര്‍ക്കും അഗതികള്‍ക്കും ന്യായം നടത്തിക്കൊടുത്താണ്" എന്നു ജറെമിയ 22:16. തെരുവുകളില്‍ നിലവിളി ഉയരുമ്പോള്‍ ആരുടെയും പക്ഷം പിടിക്കാതെ, ദേവാലയത്തിലെ പൂപ്പാത്രങ്ങള്‍ അലങ്കരിച്ചും അവിടെ ബലിയര്‍പ്പിച്ചും ഇരിക്കുന്നവരോടു ദൈവം പറയുന്നത് ഇതാണ്: "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ത്ഥമായ നീതി പുലര്‍ത്തിയാല്‍, പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതിരുന്നാല്‍... ഈ ദേശത്ത് എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും" (ജറെമിയ 7:4-7). ഇത്തരം പ്രവചനങ്ങളുടെ പേരില്‍ ജറെമിയ തടവിലാക്കപ്പെടുന്നുണ്ട്, ചെളിയുള്ള കിണറ്റില്‍ തള്ളപ്പെടുന്നുണ്ട്.  അതൊക്കെ അയാളോടു ചെയ്തത് അന്നാട്ടിലെ പ്രഭുക്കന്മാരും പുരോഹിതരും ചേര്‍ന്നായിരുന്നു. തെരുവിലിറങ്ങിയവനും കൊട്ടാരത്തിലിരിക്കുന്നവനും ഒരേപോലെ തന്‍റെ സഹോദരന്മാരാണെന്നു കരുതാന്‍ ജറെമിയായ്ക്കോ മറ്റേതെങ്കിലും പ്രവാചകനോ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ജറൂസലെം എന്ന മതകേന്ദ്രം എല്ലാ പ്രവാചകരെയും പടിയടച്ചു പുറത്താക്കി. യേശു ജറൂസലെമിനു കൊടുത്ത പേര് "പ്രവാചകരെ കൊല്ലുന്നവള്‍" എന്നായിരുന്നല്ലോ (ലൂക്കാ 13:34).
 
യേശു: പക്ഷപാതിയായ മിശിഹാ 
 
യേശു ആരുടെ പക്ഷത്തായിരുന്നു എന്നറിയാന്‍ അവന്‍റെ ശത്രുപക്ഷത്ത് ആരായിരുന്നു എന്നന്വേഷിച്ചാല്‍ മതിയാകും. വിവാദത്തിന്‍റെ അടയാളമെന്നാണ് വൃദ്ധനായ ശെമയോന്‍ അവനെ വിളിച്ചത്(ലൂക്കാ 2:34). ഭിന്നതയുണ്ടാക്കുന്നവന്‍ എന്നാണ് അവന്‍ തന്നെത്തന്നെ അടയാളപ്പെടുത്തിയത്(ലൂക്കാ 12: 51). ഇവനില്‍ എങ്ങനെയാണ് നിഷ്പക്ഷത ആരോപിക്കാനാകുക?
 
യേശുവിന്‍റെ കാലത്ത് യഹൂദര്‍ക്കിടയില്‍ നാലു പ്രമുഖ വിഭാഗങ്ങളുണ്ടായിരുന്നു: സദുക്കായര്‍, ഫരിസേയര്‍, എസ്സീന്‍സ്, തീവ്രവാദികള്‍. സദുക്കായര്‍ പുരോഹിതവിഭാഗമാണ്. ഫരിസേയര്‍ നിയമമനുസരിച്ച് ജീവിക്കുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്തവര്‍. എസ്സീന്‍സ് ചാവുകടലിന്‍റെ തീരത്തുള്ള ഗുഹകളില്‍ താമസിച്ചിരുന്ന സന്യാസിനികള്‍. തീവ്രവാദികളാകട്ടെ വാളെടുത്ത് റോമാക്കാരെ തുരത്താന്‍ നോക്കിയവരും. ഈ നാലു വിഭാഗങ്ങളുമായി ഒരു വിദൂരമായ ബന്ധമോ, സാമ്യമോ യേശുവിനുണ്ടായിരുന്നില്ല എന്നതു വ്യക്തമാണല്ലോ.
 
ചുരുക്കം ചിലര്‍ മാത്രമാണ് അവനെ മിശിഹായായി കരുതിയത്. മിക്കവരും അവനില്‍ കണ്ടത് ഒരു പ്രവാചകനെയാണ് - ജറെമിയായെപോലെ, ഏലിയായെപോലെ, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രവാചകനെപോലെ(മത്താ 16:13-14). അവന്‍റെ വേഷഭൂഷാദികള്‍, നിലപാടുകള്‍, പഠിപ്പിക്കലുകള്‍ ഒന്നിനും അക്കാലത്തെ പൗരോഹിത്യവുമായി ഒരു വിദൂരബന്ധംപോലുമുണ്ടായിരുന്നില്ല. ഒരു നിയമജ്ഞനോ, പുരോഹിതനോ ആയി ഒരിക്കല്‍പോലും അവന്‍ ഒന്നു തെററിദ്ധരിക്കപ്പെടുകകൂടി ചെയ്തില്ല. അപ്പോള്‍ അവന്‍റെ മിശിഹാത്വം ആവിഷ്കരിക്കപ്പെട്ടത് അവന്‍റെ പ്രവാചകനിലപാടുകളിലൂടെയായിരുന്നു എന്നു വ്യക്തം.
 
യേശുവിന്‍റെ പക്ഷം ആര്‍ക്കൊപ്പമായിരുന്നു എന്നു വ്യക്തമാക്കുവാന്‍ ഒന്നുരണ്ടുകാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുകയാണ്. "ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍"(ലൂക്കാ 6:20) എന്നു പറഞ്ഞവന്‍തന്നെ "സമ്പന്നരേ നിങ്ങള്‍ക്കു ദുരിതം" (ലൂക്കാ 6:24) എന്നും പറയുന്നു. ആരാണ് കൂടുതല്‍ ശരി, ആരാണ് കൂടുതല്‍ തെറ്റുകാര്‍ എന്നതാണ് പൊതുവേ നമ്മുടെ വിഷയം. യേശുവിന്‍റെ വിഷയം ആരാണ് കൂടുതല്‍ ബലമില്ലാത്തത്, ആര്‍ക്കാണു കൂടുതല്‍ ബലമുള്ളത് എന്നതാണ്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ (ലൂക്കാ 16)ധനവാന്‍ പുറത്താക്കപ്പെടുന്നത് ബലഹീനനെ അവഗണിച്ചു എന്നതുകൊണ്ടാണ്. ദൈവം ലാസറിനൊപ്പം നില്‍ക്കുന്നത് അയാളുടെ നന്മകൊണ്ടല്ല, അയാള്‍ക്കു ബലമില്ലാത്തതുകൊണ്ടാണ്. പാപം ചെയ്ത പാപിനിയും പാപമില്ലാത്ത നിയമജ്ഞരും യേശുവിന്‍റെ ഇരുവശത്തും നിലയുറപ്പിച്ചപ്പോള്‍ (യോഹ.8:2-11), യേശു സ്വയം ചോദിച്ച ചോദ്യം ആരാണു ശരിയെന്നല്ല, ആര്‍ക്കാണു കൂടുതല്‍ ബലമില്ലാത്തത്  എന്നാണ്. അവന്‍ നിലപാടെടുത്തത് അവള്‍ക്കുവേണ്ടിയാണ്; നിയമജ്ഞര്‍ നിലപാടെടുത്തത് അവരുടെ സംവിധാനങ്ങള്‍ക്കുവേണ്ടിയും. അവളെ സംരക്ഷിക്കാത്തതൊന്നും - അതു തോറാഗ്രന്ഥമാണെങ്കില്‍പോലും - അവനു വിഷയമേ ആകുന്നില്ല.
 
 
ഗണികയെ സംരക്ഷിച്ചവന് ദേവാലയം തകര്‍ന്നാലും കുഴപ്പമില്ല എന്നതുകൂടി നാം ശ്രദ്ധിക്കണം(മര്‍ക്കോ 13:1-2). ഗണികയുടെ അത്രയും പ്രാധാന്യം അവന്‍ ദേവാലയത്തിനു കൊടുത്തില്ലെന്നു അങ്ങനെ നമുക്കു മനസ്സിലാകുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും വന്നു കഴിയുമ്പോള്‍ അവിടെ ദേവാലയമുണ്ടാകില്ലെന്നാണു ബൈബിള്‍ സ്വപ്നം കാണുന്നത്(വെളിപാട് 21: 22). ഇതിന്‍റെയൊക്കെ ചുവടുപിടിച്ചാണ്, സഭ ദൈവരാജ്യത്തിന്‍റെ വേലക്കാരി മാത്രമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചത്. സഭയേക്കാള്‍ പ്രധാനപ്പെട്ടത് ദൈവരാജ്യമാണ്. സഭയ്ക്ക് എന്തു സംഭവിക്കും എന്ന ആകുലതയല്ല, ദൈവരാജ്യത്തിനു പോറലേല്‍ക്കരുത് എന്ന നിശ്ചയമാണ് നിലപാടുകളെ നിയന്ത്രിക്കേണ്ടത്. 
 
ഇതു കൃത്യമായി മനസ്സിലാക്കിയ ഒരാള്‍ രാമപുരം കുഞ്ഞച്ചനാണ്. രാമപുരത്തെ ഒരു കറുത്തവൃദ്ധ നേരിട്ടു പറഞ്ഞതു പങ്കുവയ്ക്കുകയാണ്. അവര്‍ ചെറുപ്പക്കാരിയും കുഞ്ഞച്ചന്‍ വൃദ്ധനുമായിരുന്ന ഒരുനാള്‍. അവള്‍ പള്ളിമുറ്റം തൂത്തുവൃത്തിയാക്കുന്നവളാണ്. എന്നും രാവിലെ അഞ്ചുമണിക്ക് വരും. പള്ളിമുറ്റത്ത് ഒരു തണല്‍ മരമൊക്കെയുണ്ട്. അതു പൊഴിക്കുന്ന ഇലകളും മറ്റും തൂത്തുമാറ്റണം. പള്ളിമുറിയുടെ വരാന്തയില്‍ ചാരുകസേരയില്‍ ചാരിക്കിടക്കുന്ന കുഞ്ഞച്ചന്‍ ഇതെന്നും കാണുന്നുണ്ട്. ഒരു ദിവസം കുഞ്ഞച്ചന്‍ അവരോടു പറഞ്ഞു: "മോളെ, നീ രാവിലെ വരുമ്പോള്‍ വികാരിയച്ചന്‍ കിടന്നുറക്കമാണ്. അതുകൊണ്ട് കുറച്ചു തിളച്ച വെള്ളം കൊണ്ടുവന്ന് തണല്‍മരത്തിന്‍റെ ചുവട്ടിലൊഴിക്കൂ. അതങ്ങ് ഉണങ്ങിപ്പോട്ടെ. നിനക്ക് പണി കുറച്ചു കുറഞ്ഞുകിട്ടും." പള്ളിയും പള്ളിയുടെ സൗന്ദര്യവുമല്ല കുഞ്ഞച്ചനു പ്രധാനവിഷയം, പിന്നെയോ തൂപ്പുകാരിയുടെ ക്ലേശമാണ്.
 
ഫ്രാന്‍സിസ്: പക്ഷപാതിയായ ഇടയന്‍
 
പോപ്പ് ഫ്രാന്‍സിസിനു കൃത്യമായ പക്ഷംചേരലുണ്ടോ എന്ന് വായനക്കാരനു/വായനക്കാരിക്കു വ്യക്തമാകാന്‍ വിശദീകരണം ആവശ്യമില്ലാത്ത ചില നിലപാടുകളും പഠിപ്പിക്കലുകളും രേഖപ്പെടുത്തുകയാണ്. ബര്‍ഗോളിയോ, പോപ്പ് ഫ്രാന്‍സിസായത് 2014 മാര്‍ച്ച് 13നാണ്. മാര്‍ച്ച് 27 നു നടത്തിയ തന്‍റെ ആദ്യത്തെ ജനറല്‍ അസംബ്ലിയില്‍ പള്ളിക്കകത്തുള്ള ആടുകളെക്കുറിച്ചല്ല, പള്ളിക്കു പുറത്തുള്ള ആടുകളെക്കുറിച്ചാണ് മാര്‍പാപ്പായ്ക്കു പറയാനുണ്ടായിരുന്നത്. പള്ളിക്കകത്തുനിന്നു മാത്രമല്ല, പള്ളിക്കു പുറത്തുനിന്നും കാര്യങ്ങളെ വിലയിരുത്തണമെന്നു സാരം.
 
2014 നവംബര്‍ 21 നു മാര്‍പാപ്പ സമര്‍പ്പിതര്‍ക്കുവേണ്ടി എഴുതിയ അപ്പസ്തോലികലേഖനത്തില്‍ സന്ന്യാസത്തിന്‍റെ അനന്യത അതിന്‍റെ പ്രവാചകമാനമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. തങ്ങളുടെ ദൈവം എക്കാലത്തും പാവപ്പെട്ടവര്‍ക്കും ബലമില്ലാത്തവര്‍ക്കും ഒപ്പമാണ് എന്ന ബോധ്യമുള്ളതുകൊണ്ട് പ്രവാചകര്‍ എന്നും അവര്‍ക്ക് ഒപ്പമുണ്ടായിരിക്കണമെന്നും അദ്ദേഹം പ്രസ്തുത ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. 
 
2013 ഓഗസ്റ്റ് 19ന് 'ലാ ചിവിത്താ കത്തോലിക്ക" യെന്ന ഇറ്റാലിയന്‍ ജസ്യൂട്ട് ജേര്‍ണലിന്‍റെ എഡിറ്റര്‍- ഇന്‍-ചീഫ് അന്‍റോണിയോ സ്പദാരോക്കു മാര്‍പാപ്പ കൊടുത്ത അഭിമുഖത്തില്‍നിന്ന് ഏതാനും വാക്കുകള്‍: "പ്രവാചകത്വം ഇടയ്ക്കിടയ്ക്ക് സ്വരമുയര്‍ത്തുന്നതുകൊണ്ട് അതു ജനശ്രദ്ധ ആകര്‍ഷിക്കുകയും അങ്ങനെ അതു പലര്‍ക്കും അലോസരമായി മാറുകയും ചെയ്യും. അതു സഭയുടെ അധികാരസംവിധാനവുമായി എപ്പോഴും ഒരുമിക്കണമെന്നില്ല... പ്രവാചകത്വം സ്വരമുണ്ടാക്കുന്നു, ഒച്ചവയ്ക്കുന്നു... ചിലര്‍ അതിനെ ബഹളമെന്നൊക്കെ പറയും."
 
2013 നവംബര്‍ 27ന് പുരുഷസന്ന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്‍റെ 82-ാം ജനറല്‍ അസംബ്ലിയേ അഭിസംബോധന ചെയ്തുകൊണ്ട് പോപ്പ് ഫ്രാന്‍സിസ് സംസാരിച്ചതുകൂടി ഒന്നു പരിഗണിക്കാം: "ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത് കാര്യങ്ങളെ കേന്ദ്രസ്ഥാനത്തുനിന്നു നോക്കിയപ്പോഴല്ല, ഓരത്തുനിന്നു നോക്കിയപ്പോഴാണ് എന്നത് എനിക്കു ബോധ്യമായ കാര്യമാണ്... ചരിത്രപരമായ കാരണങ്ങളാല്‍ മതത്തിന്‍റെ നേതൃസ്ഥാനത്തുള്ളവര്‍ക്ക് അധികാരവും ബലവും കൈവരുന്നു... കേന്ദ്രസ്ഥാനത്തു നിന്ന് ഓരത്തേക്കു മാറിനിന്നാല്‍ മാത്രമേ കാഴ്ചക്കു വ്യക്തത കൈവരികയുള്ളൂ."
 
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍, പ്രത്യേകിച്ചും സന്ന്യാസികള്‍ ഏതു പക്ഷത്തായിരിക്കണം എന്നു ഫ്രാന്‍സിസ് പാപ്പ സുവ്യക്തമാക്കുകയാണ്. കുന്തിരിക്കത്തിന്‍റെയും പൂക്കളുടെയും സുഗന്ധത്തില്‍ ഇരുന്നു ധ്യാനിക്കുമ്പോള്‍ കിട്ടുന്ന കാഴ്ചയെക്കാള്‍ ചിലപ്പോള്‍ തെളിച്ചമുള്ളതായിരിക്കും തെരുവിലെ  നിലവിളി കേള്‍ക്കുമ്പോള്‍ കിട്ടുന്ന കാഴ്ച.
 
നിഷ്പക്ഷതയെന്നതു പാപമാണ്
 
തോറാഗ്രന്ഥം വായിച്ചു നിലപാടെടുത്ത നിയമജ്ഞന്‍ ഒരു വശത്ത്;
പെണ്ണിന്‍റെ നിലവിളികേട്ട് നിലപാടെടുത്ത യേശു മറ്റൊരു വശത്ത്.
നിങ്ങള്‍ ഏതു വശത്താണ്? 
 
ബിഷപ്പ് ഡെസ്മണ്ട് ടുട്ടു പറയുന്ന ഒരു ഇമേജറി ഇങ്ങനെയാണ്: ഒരു ആന, ഒരു കുരങ്ങിന്‍റെ വാലില്‍ ചവിട്ടി നില്ക്കുന്നു. കാഴ്ചക്കാര്‍ പറയുന്നു: ഞങ്ങള്‍ക്ക് രണ്ടുപേരും ഒരുപോലെയാണ്. ഈ നിഷ്പക്ഷത പക്ഷേ നിര്‍ബന്ധമായും ആനക്കുവേണ്ടിയുള്ള പക്ഷംചേരലാണ്. നിഷ്പക്ഷതാവാദം പലപ്പോഴും ബലവാനുവേണ്ടിയുള്ള പക്ഷപാതിത്വമാകുന്നത് അങ്ങനെയാണ്. ഒരു ഗര്‍ഭിണിയെയും ഉസൈന്‍ ബോള്‍ട്ടിനെയും ഒരുമിച്ചുനിര്‍ത്തി നാം ഓടിക്കരുത്. പ്രത്യക്ഷത്തില്‍ കാണുന്ന തുല്യത സത്യത്തില്‍ തികഞ്ഞ അനീതിയാണ്.
 
തോറാഗ്രന്ഥം വായിച്ചു നിലപാടെടുത്ത നിയമജ്ഞന്‍ ഒരു വശത്ത്; പെണ്ണിന്‍റെ നിലവിളികേട്ട് നിലപാടെടുത്ത യേശു മറ്റൊരു വശത്ത്. നിങ്ങള്‍ ഏതു വശത്താണ്? 

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts