സ്വര്‍ഗ്ഗമുണ്ടോ ഇല്ലയോ എന്നെനിക്ക് നിശ്ചയമില്ല. എന്നാല്‍ സ്വര്‍ഗ്ഗം ഏതെന്ന് ഞാന്‍ പറയാം.
ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സായാഹ്നത്തില്‍ വീട്ടിലെ ഉദ്യാനത്തില്‍ പ്രിയപ്പെട്ടവള്‍ക്കൊപ്പമിരുന്ന് ഞങ്ങളുടെ കുട്ടികള്‍ പാടുന്നത് കേട്ടും കളിക്കുന്നതു കണ്ടും പരമാനന്ദം കൊള്ളുന്ന ആ അവസ്ഥയാണ് എന്‍റെ സ്വര്‍ഗ്ഗം. അതിനേക്കാള്‍ വലിയ ഒരു സ്വര്‍ഗ്ഗമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അതെനിക്ക് ആവശ്യമില്ല." ഇംഗര്‍സോള്‍.
'ന്യൂ ജെന്‍' എന്ന വാക്കിന് മൂല്യച്യുതി, സ്നേഹരാഹിത്യം, അരാജകത്വം എന്നിങ്ങനെ നിരവധി ഋണാത്മക അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന ഒരു പൊതുബോധത്തിനു മുമ്പില്‍ നിന്നുകൊണ്ട് ഈ ന്യൂ ജെന്‍ കുടുംബത്തിലെ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നത് വിഷമം പിടിച്ചതായിട്ടല്ല, മറിച്ച് സാഹസികമായ ഒരു കൃത്യമായിട്ടാണ് തോന്നുന്നത്. എങ്കിലും അസുഖകരമായ വാര്‍ത്തകള്‍ കൂടുതല്‍ പുറത്തു വരികയും പ്രചരിക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രക്രിയയ്ക്കിടയില്‍ വല്ലപ്പോഴും പ്രത്യാശയുടെ തളിര്‍ നാമ്പുകള്‍ അന്വേഷിച്ചു പോവുകയെന്നത് ഒരനിവാര്യതയാണെന്ന് കരുതുന്നു. അത്ര കെട്ടുപോയിട്ടില്ല നമ്മുടെ സമൂഹം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയെങ്കിലും അങ്ങനെ ചെയ്യേണ്ടതുണ്ട്.
നവലോക കുടുംബങ്ങളെക്കുറിച്ച് പഠന സ്വഭാവമുള്ള ഒരു അക്കാദമിക് ലേഖനമല്ല ഇതെന്ന മൂന്‍കൂര്‍ ജാമ്യം ആദ്യം തന്നെ എടുക്കുകയാണ്. ശുഷ്കമായ അനുഭവ സമ്പത്തില്‍ നിന്നും, കൊച്ചു കൊച്ചു നിരീക്ഷണങ്ങളില്‍ നിന്നും, ചിന്തകളില്‍ നിന്നുമൊക്കെ പരുവപ്പെടുത്തിയെടുത്തിട്ടുള്ള ചില വിഷയങ്ങള്‍ മുന്നോട്ടു വയ്ക്കുക മാത്രമാണ് ഉദ്ദേശ്യം.
അധികാരം, ജനാധിപത്യം
ഭരണകൂടത്തിന്‍റെ അധികാര സ്വരൂപത്തിന്‍റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് നമ്മുടെ കുടുംബങ്ങള്‍. എല്ലാ കാലഘട്ടങ്ങളിലും ഏകാധിപത്യ അധികാര യുക്തിയാണ് കുടുംബങ്ങളുടെ ഘടനയില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിട്ടുള്ളത്. കേന്ദ്രസ്ഥാനത്ത് പുരുഷനോ സ്ത്രീയോ ആകട്ടെ കുടുംബഘടനയിലെ ഏകാധിപത്യ സ്വഭാവത്തിന് വലിയ മാറ്റമൊന്നും ദൃശ്യമാകാറില്ല. ഗൃഹനാഥന്‍റെ/നാഥയുടെ അധികാരത്തെ, തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു തലമുറയാണ് നമുക്ക് പിന്നിലുള്ളത്. എത്ര ചെറിയ ആവശ്യങ്ങള്‍ക്ക് പോലും അമ്മയോ മറ്റു ബന്ധുക്കള്‍ വഴിയോ അച്ഛനുമായി ബന്ധപ്പെടേണ്ടി വന്നിരുന്ന ഒരന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നതെങ്കില്‍ ഇന്ന് മക്കളുമൊത്ത് കളിച്ചുമറിയുന്ന അച്ഛന്മാര്‍ ഒരപൂര്‍വ്വതയല്ലാതായിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വ്യക്തിത്വങ്ങളുടെ ഒരു ശവപ്പറമ്പായിരുന്നു പഴയ തലമുറ വീട്ടകങ്ങള്‍. തന്നെയൊന്ന് നെഞ്ചോടു ചേര്‍ത്തു പിടിച്ച് "നിനക്കെന്തു പറ്റി?" എന്നൊരു ചോദ്യം ആരെങ്കിലും ചോദിച്ചെങ്കില്‍ എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒളിച്ചു വച്ച സ്നേഹത്താല്‍ ഊഷരമായ കുടുംബാന്തരീക്ഷത്തിലൂടെ വീര്‍പ്പുമുട്ടി ഉഴറി നടന്ന ബാല്യങ്ങള്‍ അന്ന് സര്‍വ്വസാധാരണമായിരുന്നു. അതേ സ്ഥാനത്ത് ഇന്ന് കുട്ടികള്‍ അമിത വാത്സല്യത്താല്‍ വീര്‍പ്പുമുട്ടുന്നു.
"ഇന്നത്തെ കുട്ടികളെ സഹിക്കാന്‍ പാടാണ്. മറുതല പറച്ചില്‍ കൂടുതലാണ്" എന്ന് പരിഭവിക്കുമ്പോള്‍ ഓര്‍ക്കണം കുടുംബത്തിലെ ഏകാധിപത്യ സ്വഭാവത്തെ കൂടിയാണ് കുട്ടികള്‍ ചോദ്യം ചെയ്യുന്നതെന്ന്. "അപ്പന്‍ ഗ്ലാസ് താഴെയിട്ട് പൊട്ടിച്ചപ്പോള്‍ അമ്മ മിണ്ടിയില്ല എന്നിട്ട് ഞാന്‍ തട്ടിയിട്ടപ്പോള്‍ എന്തിന് തല്ലാന്‍ വരുന്നു"വെന്ന് ഒരു കുട്ടി ചോദിക്കുമ്പോള്‍ നമ്മള്‍ വല്ലാതെ ക്ഷുഭിതരാകുന്നെങ്കില്‍ അറിയണം, അവന്‍ ഉയര്‍ത്തിക്കാട്ടിയ അനീതി എന്ന പ്രശ്നത്തെ ഉള്‍ക്കൊള്ളാന്‍ നമുക്കാവുന്നില്ല എന്ന്. ഇങ്ങനെ തലമുറകള്‍ തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിലൂടെ വീടകങ്ങളില്‍ ജനാധിപത്യം തളിര്‍ത്തു വരുന്നുണ്ട് എന്ന പ്രതീക്ഷാ നിര്‍ഭരമായ കാര്യം നമ്മള്‍ തിരിച്ചറിയണം.
"നീ ഒരക്ഷരം മിണ്ടരുത്. പറയുന്നതങ്ങ് കേട്ടാല്‍ മതി" എന്ന പരമ്പരാഗത തീട്ടുരം ഇന്ന് ഒരശ്ലീലമായി കുടുംബാധികാരികളില്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.
ജനാധിപത്യമെന്ന അതിനൂതന ആശയത്തെ ഭൂരിപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പും അധികാരവുമായി ലളിതവത്കരിക്കുന്ന ഒരു പ്രവണത പ്രകടമാണ്. ന്യൂനപക്ഷത്തിനു വ്യക്തമായ ഇടമുള്ള, വിയോജിപ്പുകള്‍ക്കും പലമകള്‍ക്കും ശബ്ദമുള്ള തുറന്ന അതീവ സാര്‍ത്ഥകമായ ഒരാശയവും പ്രയോഗവുമാണ് ജനാധിപത്യം. അതിനെ ആ സമഗ്രതയോടെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അങ്ങനെ ജനാധിപത്യം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന കുടുംബങ്ങളാണ് ഏറ്റവും മഹത്തരമായിട്ടുള്ളത്. കൂട്ടായ തീരുമാനങ്ങളെടുക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിലും ജോലിയിലും അവരുടെ അഭിരുചിക്ക് മേല്‍ക്കോയ്മ ലഭിക്കല്‍, വിവാഹത്തിലുള്ള തിരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യം, വീട്ടു ജോലികളിലുള്ള സജീവ പങ്കാളിത്തം അങ്ങനെ ഒട്ടനവധി കാര്യങ്ങളില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റം കുടുംബങ്ങളില്‍ ജനാധിപത്യം കടന്നുവന്നതിന്‍റെ ലക്ഷണമാണ്. എങ്കിലും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട് എന്നതൊരു വസ്തുതയാണ്. പുറത്തു വരുന്ന ഗാര്‍ഹികപീഡന വാര്‍ത്തകള്‍ ആ വസ്തുതയ്ക്ക് ബലം നല്‍കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന പാരമ്പര്യവാദികളായ ഒരു തലമുറയും വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന മറ്റൊരു തലമുറയും തമ്മിലുള്ള നിരന്തര സംഘര്‍ഷം നവലോക കുടുംബങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. കൂടുതല്‍ ജനാധിപത്യപരമാവുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. അതിലേക്ക് തന്നെയാണ് പുതുതലമുറ കുടുംബങ്ങളുടെ പ്രയാണം എന്നുതന്നെ കരുതുന്നു.
ലിംഗനീതി
വ്യക്തിത്വവികസന ക്ലാസ്സുകള്‍ എടുക്കുന്ന ഒരു സുഹൃത്ത് ഒരിക്കല്‍ പറയുകയുണ്ടായി, ക്ലാസ്സിനു ശേഷമുള്ള ചോദ്യോത്തര വേളയില്‍ കൂടുതല്‍ തിളങ്ങിയത് പെണ്‍കുട്ടികളാണെന്ന്. നമ്മുടെ ആണ്‍കുട്ടികള്‍ വല്ലാതെ ലജ്ജാലുക്കളായിപ്പോയിരിക്കുന്നുവെന്ന് അദ്ദേഹം സങ്കടപ്പെട്ടു. ആധികാരികമായ ഒരു വിവരമല്ല ഇതെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ പൊതു ഇടങ്ങളില്‍ സങ്കോചമില്ലാതെ പെരുമാറുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കുടുംബത്തില്‍ ആണുങ്ങള്‍ സംസാരിക്കുന്ന ഇടത്തേക്ക് വരാന്‍ പോലുമാകാതിരുന്ന ഒരന്തരീക്ഷത്തില്‍ നിന്ന് ഈ കാണുന്ന ആത്മവിശ്വാസത്തിലേക്ക് പെണ്‍കുട്ടികള്‍ ഉയര്‍ന്നുവന്നത് പുതുതലമുറ കുടുംബങ്ങളുടെ കൈത്താങ്ങില്‍ നിന്നാണ്. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം അവരുടെയും മക്കളായ പെണ്‍കുട്ടികളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതില്‍ ഒരു പ്രധാനപ്പെട്ട ഘടകമാണ്. കുടുംബത്തിലെ പുരുഷന്‍ കാര്യപ്രാപ്തിയും സാമര്‍ത്ഥ്യവും കുറഞ്ഞയാളെങ്കില്‍ അതിജീവനത്തെപ്രതി സ്ത്രീ കുടുംബത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കും. സ്വാഭാവികവും ശരിയായതുമായ ഒരു പരിണതിയാണത്. എന്നാല്‍ ഇത്തരം കുടുംബങ്ങളെ ചൂണ്ടി "നാരി ഭരിച്ചിടം, നാരകം നട്ടിടം...."എന്നു തുടങ്ങുന്ന സ്ത്രീവിരുദ്ധമായ ചൊല്ലുകള്‍ പാടാനാണ് ഒരു തലമുറ ഉത്സാഹിച്ചിട്ടുള്ളതെങ്കില്‍, ഇന്നത്തെ തലമുറ അത്തരം സ്ത്രീകളെ ആദരിക്കുന്നു.
പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള നിരവധി മേഖലകളില്‍ ഇന്ന് സ്ത്രീസാന്നിദ്ധ്യമുണ്ട്. സ്ത്രീകളുടെ വരുമാനം ഇന്ന് നിരവധി കുടുംബങ്ങളുടെ നിലനില്‍പ്പിനാധാരമാണ്. വീട്ടമ്മയെന്ന മഹനീയ വത്കരിക്കപ്പെട്ട കെണിയില്‍ വീണു കിടക്കാന്‍ അവളിന്നു തയ്യാറല്ല. പ്രത്യേകിച്ച് ഒരു ജോലിയും ഇന്ന് വീടകങ്ങളില്‍ സ്ത്രീക്കോ പുരുഷനോ ആയി മാറ്റിവയ്ക്കപ്പെടുന്നില്ല. വീട്ടുജോലികള്‍ കൂട്ടുത്തരവാദിത്തമുള്ള ഒന്നായി പരിണമിച്ചിരിക്കുന്നു. നമ്മുടെ പ്രവാസ ജീവിതങ്ങളിലാണ് ഇതേറെ പ്രകടമായിട്ടുള്ളതെന്നു തോന്നുന്നു. വീട് വൃത്തിയാക്കല്‍, പാചകം, വസ്ത്രം കഴുകല്‍, ഇസ്തിരിയിടല്‍ തുടങ്ങി എല്ലാ പണികളും പുരുഷന്മാര്‍ സങ്കോചമില്ലാതെ ചെയ്യുന്നുവെന്ന് മാത്രമല്ല, ഒരു പടി കൂടി കടന്ന് വീട്ടച്ഛന്മാര്‍ എന്ന, ഭാര്യ ജോലിക്ക് പോകുമ്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്ന ഒരു വിഭാഗം പുരുഷന്മാര്‍ തന്നെ ഉദയം ചെയ്തിരിക്കുന്നു. ഇത്തരം കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്കുണ്ടാകുന്ന തിരിച്ചറിവ് വളരെ വലുതാണ്.
ഉമ്മറത്ത് ചാരുകസേരയിലിരുന്ന് "ഒരു ചായ കൊണ്ടുവാടീ" എന്ന് കല്‍പ്പിച്ചിരുന്ന ഭര്‍ത്താക്കന്മാര്‍ എന്ന ജീവിവര്‍ഗ്ഗം വംശനാശം വരികയോ, ഉള്ളവ മാറിയ പരിതസ്ഥിതിയില്‍ അതിജീവനത്തിനു വേണ്ടി വല്ലാതെ മല്ലിടുകയോ ചെയ്യുന്നുണ്ട് എന്നും നമ്മള്‍ ഓര്‍ക്കണം.
വീട്ടുജോലികള്‍ ചെയ്യുന്ന പുരുഷന്മാര്‍ പണ്ടും ഉണ്ടായിരുന്നു. അന്ന് അതൊരു സഹായമോ ഔദാര്യമോ ആയിരുന്നെങ്കില്‍ ഇന്ന് അതൊരു കൂട്ടുത്തരവാദിത്തം എന്ന നിലയിലേക്ക് മാറി എന്നതാണ് ഗുണപരമായ വ്യതിയാനം. കുട്ടികള്‍ക്കിടയിലും നീ ആണാണ്/പെണ്ണാണ്അത് ചെയ്യേണ്ട, ഇത് ചെയ്യേണ്ട എന്ന് വിലക്കുന്ന പ്രവണത അല്ലെങ്കില്‍ ഇന്ന ജോലി നിനക്ക് മാത്രം ഉള്ളതാണ് എന്ന രീതി മാതാപിതാക്കന്മാര്‍ ഇന്ന് അനുവര്‍ത്തിക്കുന്നില്ല. പുതുതലമുറ മാതാപിതാക്കള്‍ക്ക് ലിംഗസമത്വത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സ്ത്രീ-പുരുഷ സമത്വം എന്നതിനേക്കാള്‍ അവസരോചിതമായി രണ്ടു പേരുടെയും കഴിവുകള്‍ക്കും മേല്‍ക്കോയ്മയ്ക്കും ഏറ്റക്കുറച്ചിലുണ്ടാകുന്നു എന്ന് തിരിച്ചറിയുകയും കുറവുകളെ നികത്തി പരസ്പര പൂരകങ്ങളായി ജീവിക്കുകയാണ് ആരോഗ്യകരമായ ഒരു കുടുംബജീവിതത്തിന് അഭികാമ്യം എന്നും നവതലമുറ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാര്യക്ഷമമായ രക്ഷാകര്‍ത്തൃത്വം
ശാസ്ത്രീയമായി കുട്ടികളെ വളര്‍ത്തേണ്ട രീതിയും അവരുടെ വ്യക്തിത്വം വികസിപ്പിക്കേണ്ട രീതികളും വിശദീകരിക്കുന്ന ടെലിവിഷന്‍ പരിപാടികളുടെയും പുസ്തകങ്ങളുടെയും വലിയ കുത്തൊഴുക്ക് ഇന്ന് കാണാന്‍ കഴിയും. "നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല..." എന്ന് തുടങ്ങുന്ന ഖലീല്‍ ജിബ്രാന്‍റെ വാക്കുകള്‍ ഇന്ന് ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും സുപരിചിതമായിരിക്കുന്നു. അത്തരം തിരിച്ചറിവുകള്‍ പുതുതലമുറ മാതാപിതാക്കള്‍ക്ക് കിട്ടിയതിന്‍റെ വലിയ ഗുണം കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. പാഠ്യേതര കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തലമുറയിലെ കുട്ടികള്‍ക്ക് അവസരവും പ്രോത്സാഹനവും വിരളമായി മാത്രം കിട്ടിയിരുന്നപ്പോള്‍ ഇന്ന്, താല്‍പ്പര്യമില്ലാത്തവരെയും തള്ളി വിടുന്ന പ്രവണത കാണുന്നുണ്ട്. ഉയര്‍ന്ന പാരിസ്ഥിതിക ബോധം, സുരക്ഷാബോധം, സഹാനുഭൂതി, മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധം തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ഉണര്‍വ്വുള്ളവരാണ് പുതുതലമുറ മാതാപിതാക്കന്മാര്‍. ഈ തിരിച്ചറിവ് കുട്ടികളിലേക്കും പടരുന്നുണ്ട്.
അമിത വാത്സല്യം ഇക്കാലത്ത് ഒരു ദോഷമായി ചൂണ്ടിക്കാണിക്കാമെങ്കിലും പഠനത്തിലോ പെരുമാറ്റത്തിലോ പാളിച്ചകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ സസൂക്ഷ്മം നിരീക്ഷിക്കാനും വൈകല്യങ്ങളുണ്ടെങ്കില്‍ ചികിത്സ തേടാനും ഈ ജാഗ്രത കാരണമാകുന്നുണ്ട്. 'താരെ സമീന്‍ പര്‍' പോലുള്ള ചിത്രങ്ങളിലൂടെ കലയും സാഹിത്യവും ഈ വിഷയത്തില്‍ വലിയ പ്രചോദനമായി തീരുന്നുണ്ട്. വൈലോപ്പിള്ളിയുടെ 'മാമ്പഴം' വായിച്ചു പൊട്ടിക്കരഞ്ഞ മാതാപിതാക്കള്‍, മാമ്പൂ ഒടിച്ച കുട്ടികളെ തല്ലിയിട്ടുണ്ടാവും. പക്ഷെ ആ തല്ലിന് ശേഷം മാറിയിരുന്ന് കരയുന്ന കുട്ടിയെ നിരീക്ഷിക്കാനും കുറച്ചു സമയത്തിനു ശേഷം നെഞ്ചോടണച്ച്, "സാരമില്ല. പോട്ടെ. ഇനിയിങ്ങനെ ചെയ്യരുത്" എന്ന് പറയാനുള്ള തുറവി ഒരപ്പനോ അമ്മയ്ക്കോ കിട്ടുന്നത് മാമ്പഴം എന്ന കവിത കൊടുക്കുന്ന തിരിച്ചറിവില്‍ നിന്നാണ്. ഇത്തരം അനുഭാവപൂര്‍ണ്ണമായ നിരവധി ബോധ്യങ്ങള്‍ പുതുതലമുറ കുടുംബങ്ങളിലുണ്ട്. ജീവിതവഴിയില്‍ ഇടറിപ്പോകുന്ന കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുന്ന മാതാപിതാക്കളാണ് വര്‍ത്തമാന കാലത്തിന്‍റെ സുകൃതം. അവരുടെ എണ്ണം പെരുകട്ടെ.
കുടുംബങ്ങളില്‍ കുട്ടികള്‍ നേരിടുന്ന മാനസിക - ശാരീരിക പീഡനങ്ങള്‍ ഇന്ന് ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനര്‍ത്ഥം മുന്‍തലമുറയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നല്ല അത് പുറത്തു വന്നിരുന്നില്ല എന്നാണ്. കുടുംബത്തിലെ ഏകാധിപത്യ വ്യവസ്ഥയെ ഭേദിച്ച് അനീതിയുടെയും അക്രമത്തിന്‍റെയും അനുഭവങ്ങള്‍ പങ്കുവെച്ച് നമ്മുടെ കുടുംബവ്യവസ്ഥ അടിയന്തരമായി നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന സന്ദേശമാണ് പുതിയ തലമുറ പങ്കുവയ്ക്കുന്നത്. കൂടുതല്‍ സാര്‍ത്ഥകമായ സ്നേഹമസൃണവും സുരക്ഷിതവുമായ ഒരു കുടുംബ ഘടനയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. അത്ര പ്രകടമല്ലെന്ന് തോന്നുമെങ്കിലും കാതലായ, ഗുണപരമായ മാറ്റങ്ങള്‍ ഈ നവോത്ഥാന പ്രക്രിയയെ മുന്നോട്ടു നയിക്കുന്നുണ്ട് എന്നുതന്നെയാണ് പ്രതീക്ഷ.
വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍
ഇതാണ് പുതിയ തലമുറ കുടുംബങ്ങളെക്കുറിച്ച് വ്യാപകമായി പങ്കുവയ്ക്കുന്ന പരാതി. സമൂഹത്തെയും സദാചാരത്തെയും ഭയന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഇരുപതും മുപ്പതും വര്‍ഷം നരകിച്ചു ജീവിക്കുന്നതിനെക്കാള്‍ ഒന്നോ രണ്ടോ വേര്‍പിരിയലിന് ശേഷമായാലും മെച്ചപ്പെട്ട, സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാനായാല്‍ അതല്ലേ നല്ലത് എന്നാണ് ഈ തലമുറ ചോദിക്കുന്നത്.
വിവാഹമോചനമെന്നത് ഇന്നത്തെ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ അത്ര അനായാസമായ കാര്യമല്ല. മാനസിക സംഘര്‍ഷം, സമൂഹത്തിലുണ്ടാകുന്ന വിലയിടിവ്, സാമ്പത്തിക ബാധ്യത, കുടുംബങ്ങളില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകള്‍, ദാമ്പത്യജീവിതം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ നിന്നു കൊണ്ട് ഒരാള്‍ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് കടക്കുന്നുവെങ്കില്‍ അതത്ര നിസ്സാര കാര്യമല്ല. ദുരുപയോഗം ചെയ്യും എന്ന കാരണത്താല്‍ കര്‍ശനമാക്കിയിട്ടുള്ള വ്യവസ്ഥകളെ തരണം ചെയ്ത് പിരിയാനുറച്ച് വരുന്നവരെ അനുഭാവത്തോടെ കാണേണ്ടതിന് പകരം എന്തോ മഹാപരാധം ചെയ്തവരെപ്പോലെ ക്രൂശിക്കുന്ന നിലപാടാണ് സമൂഹത്തിനും അധികാരികള്‍ക്കും പ്രത്യേകിച്ച് ഉള്ളത്.
ദുരിതപൂര്‍ണ്ണമായ ഒരു ജീവിതത്തില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ റദ്ദു ചെയ്യുകയോ വൈകിപ്പിക്കുകയോ ആണ് വിവാഹ മോചനത്തോടുള്ള നിഷേധാത്മക നിലപാട് കൊണ്ട് സമൂഹം ചെയ്യുന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ കഴിയാത്ത മാതാപിതാക്കളുടെ ഒപ്പം ജീവിക്കുന്ന കുട്ടികളുടെ ജീവിതത്തെക്കുറിച്ച് വിവാഹമോചനത്തെ എതിര്‍ക്കുന്നവര്‍ ഓര്‍ക്കണം. നിസ്സാര കാരണങ്ങളാല്‍ പിരിയുന്ന ചിലരെ ചൂണ്ടിക്കാട്ടി വ്യക്തമായ കാരണങ്ങളുമായി വരുന്നവരെയും കുറ്റവാളികളാക്കുന്ന സമീപനം മാറേണ്ടതുണ്ട്. ദുരിതപൂര്‍ണ്ണമായ ഒരു ജീവിതത്തില്‍ നിന്നും പുറത്ത് കടന്ന് ഒരു വ്യക്തി ഒറ്റയ്ക്കോ മറ്റൊരു പങ്കാളിക്കൊപ്പമോ മെച്ചപ്പെട്ട മറ്റൊരു ജീവിതം നയിക്കുന്നത് അഭികാമ്യമാണ്. സാമൂഹികമായ അപമാനങ്ങളെ ഭയന്ന് നരകജീവിതം നയിക്കാനുള്ള ബാധ്യതയെ നവതലമുറ തള്ളിക്കളയുന്നതിന്‍റെ ഒരു ലക്ഷണമാണ് വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍. പുതു തലമുറ സ്ത്രീകള്‍ക്ക് കൈവന്നിട്ടുള്ള സാമ്പത്തിക സ്വാശ്രയത്വം എന്ന കാരണത്തെ പുതുതലമുറയിലെ വിവാഹ മോചന വര്‍ദ്ധനവുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ഉത്സാഹിക്കാറുണ്ട്. അടിമത്തത്തില്‍ നിന്നും സ്ത്രീ സ്വയം വിമോചിതയായതിലുള്ള വിമര്‍ശകരുടെ ഇച്ഛാഭംഗമാണ് അവരറിയാതെ ഈ വാദത്തിലൂടെ പുറത്തു വരുന്നത്.
വിവാഹമോചനങ്ങളും പുനര്‍വിവാഹങ്ങളും വിവാദങ്ങളും വാര്‍ത്തകളുമായി ആഘോഷിക്കപ്പെടുന്നത് ഒരു സമൂഹത്തിന്‍റെ മാനസികാരോഗ്യത്തിലുള്ള തകരാറിന്‍റെ സൂചനയാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതല്‍ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം കണ്ടെത്താന്‍ വ്യക്തിയെ സഹായിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.
കുടുംബം പകരംവയ്ക്കാനില്ലാത്ത അതുല്യമായ ഒരു ആശയവും സാമൂഹിക ഘടനയുമാണ്. ലോകത്തിന്‍റെ ഏതറ്റത്ത് പോയാലും എത്ര വലിയ സുഖശീതളിമയ്ക്കിടയിലായാലും സ്വന്തം വേരുകളെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ പിടിച്ചു വലിക്കപ്പെടുന്നവനാണ് മനുഷ്യന്‍. ആത്യന്തികമായി മനുഷ്യന്‍ സ്നേഹ സമ്പന്നനാണ്. ഏകനായി ജീവിക്കുക അവന് ദുഷ്കരമാണ്. പശ്ചാത്തപിക്കുന്ന മുടിയനായ പുത്രനും പുത്രിക്കും മടങ്ങിവരാനുള്ള ക്ഷണവുമായി കൈകള്‍ വിരിച്ചു പിടിച്ചു നില്‍ക്കുന്ന വാത്സല്യ നിധിയായ ക്രിസ്തുവിനെപ്പോലെ ഓരോ കുടുംബവും നിലകൊള്ളേണ്ടതുണ്ട്. പരാജിതരുടെ സുവിശേഷങ്ങള്‍ക്ക് കാതോര്‍ക്കുന്ന, ഇടറിപ്പോയവരെ ചേര്‍ത്തു പിടിക്കുന്ന കുമ്പസാരക്കൂടുകളാകണം ഓരോ കുടുംബങ്ങളും.
ഒപ്പം മുടിയനായ പുത്രന്‍റെ കഥയിലെപ്പോലെ അസ്വസ്ഥനും അസൂയാലുവുമായ ഒരു സഹോദരന്‍ കുടുംബത്തിനുള്ളില്‍ത്തന്നെ ഉഴറി നടക്കുന്നുവെന്നത് ഉള്‍ക്കിടിലത്തോടെ എങ്കിലും നാം മറക്കാതിരിക്കയും വേണം.