മദര്‍ തെരേസ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. വിശുദ്ധയാകുക, നാമകരണ നടപടികള്‍ നടത്തുക, വാഴ്ത്തപ്പെട്ടവരാക്കുക തുടങ്ങിയ വിശ്വാസപരമായ കാര്യങ്ങളെ തെളിവുകളിലൂടെ കാനോനീകരിക്കുന്ന പ്രക്രിയയായി വായിക്കാമെങ്കിലും മദര്‍ തെരേസയുടെ മാതൃകയെ കണ്‍തുറക്കെ നോക്കിക്കാണാനാണ് ഞാനാഗ്രഹിക്കുന്നത്.
"എന്‍റെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായും പേരുകാരിയായും വിശുദ്ധ കൊച്ചുത്രേസ്യായെ ഞാന്‍ സ്വീകരിച്ചു. കാരണം വെറും സാധാരണ കാര്യങ്ങള്‍ അസാധാരണ സ്നേഹത്തോടെ അവള്‍ ചെയ്തിരുന്നു." സന്യാസ വ്രതവാഗ്ദാനത്തിന്‍റെ ദിവസം ആഗ്നസ് എന്ന പേരു മാറ്റി തെരേസയെന്ന പേരു സ്വീകരിക്കുന്ന അവസരത്തിലെ മദര്‍ തെരേസയുടെ ചിന്തയും വാക്കുകളുമാണ് മുകളില്‍ ഉദ്ധരിച്ചത്. ആവിലായിലെ തെരേസയും ലിസ്യുവിലെ കൊച്ചു ത്രേസ്യായും വിശുദ്ധരായിരുന്നുവെങ്കിലും ഇരുവരുടെയും വിശ്വാസാവിഷ്കരണ രീതികളില്‍ വ്യത്യാസം കാണാന്‍ സാധിക്കും. ആദ്യത്തെയാള്‍ ജ്ഞാനശക്തിയുടെയും വിശ്വാസശക്തിയുടെയും സാധ്യതകള്‍ ആവിഷ്കരിച്ചപ്പോള്‍ മറ്റേയാള്‍ ഈശോയുടെ ഇഷ്ടവും തന്‍റെ ഇഷ്ടവുമായി താദാത്മ്യപ്പെടുത്തി പ്രാര്‍ത്ഥനയുടെ പ്രസാദം കൊണ്ട് നിറഞ്ഞു. ഈ രണ്ടാമത്തെ മാര്‍ഗ്ഗത്തെ മദര്‍ തെരേസ ഇഷ്ടപ്പെട്ടു സ്വീകരിച്ചു. ഈശോയുടെ ഇഷ്ടവും തന്‍റെ ഇഷ്ടവുമായി താദാത്മ്യപ്പെടുത്തുക എന്നതായിരുന്നു ആ മാര്‍ഗ്ഗം. ഇതിനെ ലളിതമെന്നു വിളിക്കാമെങ്കിലും ലളിതമെന്നത് പ്രവര്‍ത്തനങ്ങളിലും ആവിഷ്കാരങ്ങളിലും ആവശ്യപ്പെടുന്ന അതിനിശിതമായ ലാളിത്യം കഠിനമായ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തബോധമാണ് മദറിന്‍റെ ചെറു ചലനങ്ങളെപ്പോലും ജാഗ്രതയാര്‍ന്ന വിശ്വാസപ്രയോഗമാക്കി മാറ്റിയത്.
സുരക്ഷിതമായ ഇടങ്ങളെയും പരമ്പരാഗതമായ ലാവണങ്ങളെയും വിട്ടുകളഞ്ഞ് അവയുടെ പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ പുത്തന്‍ വഴികള്‍ നിര്‍മ്മിച്ച് മുന്നോട്ടു പോവുക സുഖകരമായ കാര്യമല്ല. അല്‍ബേനിയ വിട്ട് അപരിചിത ദേശത്തേക്ക് പോവുക. അവിടെ കന്യാമഠത്തിലെ പതിവു ചിട്ടകളും ലാവണങ്ങളുമായി നിലവിലുള്ളവയുടെ പിന്തുടര്‍ച്ചക്കാരിയായി ജീവിക്കുമ്പോള്‍ അവിടം വിട്ടു പോകാന്‍ സന്നദ്ധമായിത്തീരുക - അതേ ലൊറേറ്റോ ആശ്രമം ഉപേക്ഷിക്കുക, തെരുവിന്‍റെ തീക്ഷ്ണമായ ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും സ്വയം സമര്‍പ്പിക്കുക എന്നിവയിലൊക്കെ ഉള്ളടങ്ങിയിരിക്കുന്ന വിശ്വാസത്തിന്‍റെ അപ്രതീക്ഷിത കുതിച്ചുചാട്ടങ്ങളുണ്ട്. അവിടെയൊക്കെ പിന്‍വിളികളിലൂടെ പ്രലോഭകന്‍ തിരിച്ചുപിടിച്ചു കൊണ്ടു പോകാവുന്ന തിരിഞ്ഞു നോട്ടങ്ങളുണ്ടാകാം. അവയെല്ലാം തീരെ തിരസ്കരിച്ചിട്ട് തന്‍റെ ക്രിസ്തുവിനെ വഴിയിറമ്പുകളിലും തെരുവിടങ്ങളിലും അന്വേഷിക്കുന്ന സ്നേഹാര്‍ത്ഥിനിയുടെ മുഖം എന്നെ പിന്തുടരുന്നു. ദൈവവിളിയെക്കുറിച്ചുള്ള തുരുമ്പിച്ച ആ ഇരുമ്പുഗേറ്റുണ്ടല്ലോ 15 -ാം വയസ്സിലോ 17 -ാം വയസ്സിലോ വിളിച്ച് കന്യാമഠത്തിലോ പള്ളിമേടയിലോ ആക്കിയിട്ട് പൂട്ടിപ്പോയ പഴയ ഇരുമ്പുഗേറ്റ്, ഇവിടെ മദര്‍ അത് തുറന്നുകൊണ്ടേയിരിക്കുന്നു. ഓരോ പ്രായത്തിലും ഓരോ ദിവസവും ദൈവം വിളിച്ചുകൊണ്ടേയിരിക്കുന്നു. സുതാര്യമായതും നിരന്തരം തുറവിയായതുമായ ദൈവവിളിയുടെ ഈ അപാരസാധ്യതയായി തന്‍റെ വിശ്വാസത്തെ അവര്‍ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴാണ് വിശ്വാസ ജീവിതവും സന്യാസവും പലതരം രാസപരിണാമങ്ങളിലൂടെ കടന്നു പോയത്. ഈ പരിണാമ പ്രകൃതമാണ് വിശ്വാസത്തെ ജൈവികവും നൂതനവും ആയി നില നിര്‍ത്തുന്നത്.
തന്‍റെ മുമ്പിലെത്തുന്ന രോഗിയിലും അശരണരിലും തെരുവുതെണ്ടിയിലുമെല്ലാം ഞാന്‍ ക്രിസ്തുവിനെ കാണുന്നു എന്ന വാക്ക് നമ്മുടെ വിശ്വാസ ജീവിതം ഉന്നയിക്കേണ്ടുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്. വിശ്വാസത്തെ വിഗ്രഹവല്‍ക്കരിക്കുകയും അതിനുള്ള പൂജയും യാചനകളുമായി വിശ്വാസത്തെ ശൈലീകരിച്ചു കഴിഞ്ഞിരിക്കുന്ന മതപാരമ്പര്യത്തിന്‍റെ രാജപാതയുടെ ഓരത്തുള്ള പാതച്ചാലിലാണ് ഈ വാക്ക് വിളയുന്നത്. ഒരു മതത്തിന്‍റെ മാത്രം പ്രശ്നമല്ല ഇത് മതങ്ങളൊക്കെയും അതിന്‍റെ പ്രതിഷ്ഠാകര്‍മ്മവും നിത്യനിദാനച്ചിലവുകളും നിര്‍വഹിക്കുന്നത് ഇത്തരം ശൈലീകരിച്ച മാര്‍ഗ്ഗങ്ങളിലൂടെയാണ്. ജീവനുള്ള ക്രിസ്തു എന്നത് ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാന ചിഹ്നമാണ്. ക്രിസ്തു എവിടെയാണ് ജീവനോടെയിരിക്കുന്നത്/ജീവനോടെയായിരിക്കുന്നത് എന്ന ചോദ്യത്തിന് പല പ്രകാരത്തിലുള്ള മറുപടികള്‍ പല കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. മദര്‍ തെരേസയുടെ ക്രിസ്തു ജീവന്‍ വച്ചിരിക്കുന്നത് ജീവിതത്തിന്‍റെ/നാഗരികതയുടെ/നഗരത്തിന്‍റെ പുറമ്പോക്കുകളിലാണ്. രോഗികള്‍, അനാഥര്‍, ശിശുക്കള്‍, വൃദ്ധര്‍, ദരിദ്രര്‍ എന്നു വേണ്ട പുറമ്പോക്കുജീവിത ഇടങ്ങളിലെല്ലാം തന്‍റെ ക്രിസ്തു ജീവനോടെയുണ്ട്. അവരെ ശുശ്രൂഷിക്കുമ്പോള്‍, ഊട്ടുമ്പോള്‍, തല ചായ്ക്കാനിടം കൊടുക്കുമ്പോള്‍ ക്രിസ്തു തൃപ്തനാകുന്നു, ആലംബമുള്ളവനാകുന്നു. ലളിതവും നിശിതവുമായ ഈ വിശ്വാസാവിഷ്ക്കാരം സാഹസികയത്നമാണ്. കാരണം പിന്നോട്ടു വിളിക്കുവാനും പിടിച്ചു വലിച്ചു കൊണ്ടുപോകാനും പറ്റിയ എത്ര ശക്തികളോടാണ് ഈ ലളിതമാര്‍ഗ്ഗം 'നോ' പറയുന്നത്.
നമ്മുടെ സന്യാസ ജീവിതത്തില്‍ ഘടനാപരവും പരിശീലനപരവുമായ ഇടങ്ങളിലൊക്കെ യൂറോപ്യന്‍ കൊളോണിയല്‍ കാലത്തിന്‍റെ ശേഷിപ്പുകളുണ്ട്. എന്നാല്‍ മദറിന്‍റെ സന്യാസവസ്ത്രവും പരിത്യാഗ ജീവിതപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സാഹചര്യങ്ങളെ ആന്തരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടത്തിനു പിന്നാലെ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്താണ് മദര്‍ തെരേസ ലൊറേറ്റോ ആശ്രമം വിടുന്നതും സ്വന്തം മാര്‍ഗ്ഗത്തിലേക്ക് തന്‍റെ സന്യാസത്തെ പരിവര്‍ത്തിപ്പിക്കുന്നതും. ഇന്ത്യയെ സംബന്ധിച്ച് 1948 ഫെബ്രുവരി ചരിത്രപരമായി വളരെ പ്രധാനപ്പെട്ട സമയമാണത്. ബംഗാള്‍, പഞ്ചാബ് വിഭജനത്തിന്‍റെ മുറിവുകള്‍, അഭയാര്‍ത്ഥി പ്രവാഹം, രാഷ്ട്രമെന്ന നിലയില്‍ പിച്ചവച്ചു തുടങ്ങുന്നതിന്‍റെ പ്രശ്നങ്ങള്‍, ആഭ്യന്തരമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിവയെല്ലാം സങ്കലിതമാക്കുന്നതിനൊപ്പം 1948 ജനുവരി 30 ന് ഗാന്ധിജി കൊല്ലപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് മദറിന്‍റെ ജീവിതത്തിലെ പുതിയ കാലഘട്ടം തുടങ്ങുന്നത്. നവഖാലിയിലെ മുസ്ലീം വിധവയുടെ നനഞ്ഞൊലിക്കുന്ന കുടിലില്‍ ആദ്യ സ്വാതന്ത്ര്യദിനം 'ആഘോഷിച്ച' ഗാന്ധിയില്‍ നിന്ന് ബംഗാള്‍ കരുണയുടെ മറ്റൊരു മാതൃകയുടെ സാന്നിദ്ധ്യം അറിഞ്ഞു തുടങ്ങുന്നു. ഇന്ത്യ, പിന്നീട് രാഷ്ട്രീയവും സാമ്പത്തികവുമായി നിരവധിയായ ദശാകാലങ്ങളിലൂടെ കടന്നു പോയപ്പോഴും മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരവും ലളിതവുമായ വിധത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഭരണകൂടങ്ങളും അവയുടെ പ്രകൃതവും മാറുമ്പോഴും മദറിന്‍റെ മാര്‍ഗ്ഗത്തിന് മാറ്റമില്ലായിരുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടര്‍ന്ന ഭരണാധികാരികള്‍ അവരെ അംഗീകരിച്ചു. പ്രസ്ഥാനങ്ങള്‍ക്ക് തുടച്ചു മാറ്റാന്‍ സാധിക്കാതിരുന്ന ദാരിദ്ര്യത്തിലും രോഗത്തിലും ശുശ്രൂഷയും സഹനവും കരുണയുമെന്ന പ്രത്യയശാസ്ത്രത്തിന്‍റെ സമാന്തരവായനയും മദറില്‍ കണ്ടെത്താം. ഗാന്ധിക്കു പിന്നാലെ പൊതുമണ്ഡലത്തില്‍ അഹിംസയുടെയും ഉപവിയുടെയും സത്യത്തിന്‍റെയും മറ്റൊരു സാധ്യതയായി മദര്‍ ജീവിച്ചു.
ഹിന്ദുത്വവാദികളില്‍ നിന്ന് പലവിധ ആരോപണങ്ങളും മദറിന്‍റെ നേരേ ഉണ്ടായിട്ടുണ്ട്. മതപരിവര്‍ത്തനസംബന്ധിയായ വിഷയങ്ങളാണേറെയും. എങ്കിലും ബിജെപി എംപിയായ റിച്ചാര്‍ഡ് ഹേ മദറിനെക്കുറിച്ച് 'ഹിന്ദു' പത്രത്തില്‍ എഴുതുമ്പോള്‍ പറയുന്നത് ചേരികളുടെ വിശുദ്ധ ((Saint of the gutters) എന്നാണ്. തെരുവിലും ചേരികളിലും അവര്‍ നടത്തിയ പ്രവൃത്തികളെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്യുന്നു. രാഷ്ട്രീയാതീതമായ ബോധ്യങ്ങളിലേക്ക് മറ്റുള്ളവരെക്കൂടെ കൊണ്ടുപോകാന്‍ മദറിന് സാധിച്ചു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു.