(തുടര്‍ച്ച)
നിങ്ങളുടെ പ്രഥമ മനോനിലചിത്രണം
വിഷാദരോഗ -(depression)ത്തിനും അതിന്‍റെ അത്യുല്‍ക്കടനിലയായ വിരുദ്ധധ്രുവമാനസികവ്യതിയാന(Bipolar disorder)ത്തിനും പ്രതിവിധിയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തിലൂടെ രൂപം നല്കിയ മനോനിലചിത്രണത്തിന്‍റെ മൂന്നാം ദിനം.
ഇപ്പോള്‍ നിങ്ങളുടെ മനോനിലചിത്രണത്തില്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ സമയമായിരിക്കുന്നു. വ്യത്യസ്ത മനോനിലകളില്‍ നിങ്ങള്‍ അനുഭവിക്കുന്ന വികാരത്തിന് ഒരു പേരുനല്കുകയാണ് അതുകൊണ്ട് ഉദ്ദേശിക്കുക. മനോനിലയുടെ രേഖാചിത്രം വരയ്ക്കുക. അതില്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര 'മനോനിലവാക്കുകള്‍' എഴുതുക. താഴെക്കാണിച്ചിരിക്കുന്നതുപോലെയാകാം അത്. വ്യത്യസ്തമായെന്നും വരാം. ഉദാഹരണത്തിന് 'പ്രകോപിതനാകുന്നത്' 'അസ്വസ്ഥമാകുന്നതിനേക്കാള്‍' മോശം അവസ്ഥയാണെന്ന് നിങ്ങള്‍ കരുതിയേക്കാം. 'മടുപ്പ്' ഒട്ടും മോശമല്ലെന്നും നിങ്ങള്‍ വിചാരിച്ചേക്കാം. അത് അലസതയുടെ മറ്റൊരു രൂപമാണെന്നാവും നിങ്ങള്‍ കരുതുക. ഇതിലൊന്നും ശരിയും തെറ്റുമില്ല. നിങ്ങള്‍ കരുതുന്നത് നിങ്ങളുടെ ശരി, അത്രതന്നെ.
ജീവിതം സങ്കീര്‍ണമാകയാല്‍, വാക്കുകള്‍ ആവശ്യമായി വരും. ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുംതോറും അത് വിശദമാക്കാന്‍ ആവശ്യമായ പദസഞ്ചയത്തിന്‍റെ ഉള്ളടക്കവും വര്‍ധിക്കും. ഈ സങ്കീര്‍ണത മനോനില എന്ന അടിത്തറയിലാണ് നിലനില്‍ക്കുന്നത്. നമ്മുടെ മനോനില അറിയുംവരെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ നമുക്ക് അന്യമായിരിക്കും.
നിങ്ങളുടെ മനോനിലയെ കുറിക്കാന്‍ കൃത്യമായ വാക്കുകള്‍ കണ്ടെത്തുക എന്നത് പ്രധാനം തന്നെയാണ്. എന്നാല്‍ നിങ്ങളുടെ വൈകാരിക അവസ്ഥയെ എങ്ങനെ നിര്‍വ്വചിക്കണം എന്നറിയാതെ കഷ്ടപ്പെടുമ്പോള്‍ മനോനിലചിത്രണം വാക്കുകളെ കൂടാതെ നിങ്ങളുടെ മനോനില രേഖപ്പെടുത്തി കാര്യങ്ങള്‍ ലളിതമാക്കുന്നു. അതോടൊപ്പം മനസ്സിന്‍റെ വിഷാദാവസ്ഥ എന്നത് മനോനില നിങ്ങള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം മാത്രമാണെന്ന് ഓര്‍മ്മിക്കാന്‍ അത് സഹായിക്കുന്നു.
നിങ്ങളുടെ മനോനില ഒന്നു മാറ്റിയാല്‍ ആ സന്ദേശവും മാറും.
എന്താണ് നിങ്ങളുടെ മനോനില നിങ്ങളോട് പറയുന്നത്?
നിങ്ങളുടെ മനോനില പറയുന്നതോ ചിന്തിക്കുന്നതോ ആയ ഒരു സംഗതി, അത്രയേയുള്ളൂ മനോനിലവ്യതിയാനം എന്നു മനസ്സിലാക്കിയാല്‍ മനോനിലയെ കൈകാര്യം ചെയ്യുക എളുപ്പമാണ്. നിങ്ങളുടെ മനോനില മെച്ചപ്പെടുമ്പോള്‍ നിങ്ങള്‍ പ്രസാദാത്മകമായി പെരുമാറുന്നു, നിങ്ങള്‍ക്ക് കൊള്ളാം എന്ന് തോന്നുന്നു. ഇതൊരു വിഷമവൃത്തമാണ്. 'നിങ്ങള്‍ക്ക് എന്തു തോന്നുന്നു' എന്നതാണ് മനോനില. അതു മാറ്റാന്‍ ഒരിക്കല്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അതിനുള്ള ശക്തി നിങ്ങള്‍ക്ക് കൈവരുന്നു. നിങ്ങള്‍ ആരാണോ, എന്ത് ചെയ്തിരുന്നോ, എന്തൊക്കെ ആയിരുന്നോ, എന്ത് ചിന്തിച്ചിരുന്നുവോ, അതൊക്കെ മാറ്റിയെടുക്കാം. ഏതു സാഹചര്യത്തിലും പരീക്ഷാപ്പേടിയില്‍, ക്ഷീണത്തില്‍, ദേഷ്യത്തില്‍, കടുത്ത വിഷാദത്തില്‍ അത് പ്രായോഗികമാണ്.
മോശം മനോനില പെട്ടെന്ന് അതിരൂക്ഷമാകും. വിഷാദത്തിന്‍റെ ഏറ്റവും മോശമായ ഘടകം അത് ഒരിക്കലും അവസാനിക്കില്ല എന്ന തോന്നലാണ്. വിഷാദം എന്നാല്‍ ഒരു മോശം മനോനില മാത്രമാണെന്ന സത്യം ഒരിക്കല്‍ അംഗീകരിച്ചാല്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ വഴി കണ്ടെത്തുക എളുപ്പമാകും.
1. ജോര്‍ജ്
തിരക്കുള്ള ഒരു റൂട്ടിലെ ബസ്കണ്ടക്ടറാണ് ജോര്‍ജ്. കടുത്ത സമ്മര്‍ദ്ദത്താല്‍ പരിക്ഷീണിതനാണ് അയാള്‍. ഭാര്യയുമായി ബന്ധം വേര്‍പെടുത്തി. ജോലിയിലും നിരവധി പ്രതിസന്ധികള്‍.
ഒരു ദിവസം അയാള്‍ക്ക് തന്‍റെ മനോനില മനസ്സിലായി. അയാള്‍ അതു രേഖപ്പെടുത്താന്‍ തുടങ്ങി. എന്തുകൊണ്ട് ആ മനോനില എന്നയാള്‍ക്ക് പിടികിട്ടി. ഏത് മനോനിലയാണ് തനിക്ക് വേണ്ടതെന്ന് അയാള്‍ അറിഞ്ഞു. മനോനില മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളൊക്കെ അപ്പോഴേക്കും അയാള്‍ പരിചയപ്പെട്ടിരുന്നു. അയാള്‍ അത് അഭ്യസിച്ചു. ഗിറ്റാര്‍ പരിശീലിച്ചു. എന്നാല്‍ മനോനിലയെ നേരിട്ട് കൈകാര്യം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം അയാള്‍ അപ്പോഴും അറിഞ്ഞിരുന്നില്ല.
ഒരിക്കല്‍ അയാള്‍ അത് സാധിച്ചു. അയാള്‍ പതിവായി മനോനിലചിത്രണം ആരംഭിച്ചു. തനിക്കൊരു പ്രചോദനം ആവശ്യമാണെന്ന് ജോര്‍ജിന് മനസ്സിലായി. മൂന്നാഴ്ചക്കകം അയാള്‍ സ്വന്തമായി ഒരു ഫ്ളാറ്റ് കണ്ടെത്തി. രാത്രി ഷിഫ്റ്റുള്ളപ്പോള്‍ പകല്‍സമയത്ത് ശല്യം കൂടാതെ ഉറങ്ങാന്‍ അതുവഴി സാധിച്ചു. മുന്‍ഭാര്യയെ ബന്ധപ്പെടാനുള്ള ശ്രമം ഉപേക്ഷിച്ചു. അത് തന്‍റെ ഉല്‍കണ്ഠ വര്‍ധിപ്പിക്കുമെന്ന് അയാള്‍ അറിഞ്ഞു. കുറച്ച് ദിവസം അവധിയെടുത്ത് സഹോദരനും കുടുംബത്തിനും ഒപ്പം കഴിഞ്ഞു. സഹോദരനുമായി തന്‍റെ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഞാന്‍ വീണ്ടും കാണുമ്പോള്‍ അയാള്‍ മറ്റൊരു മനുഷ്യനായിരുന്നു. അയാള്‍ തന്‍റെ ആത്മവിശ്വാസവും ഉന്മേഷവും വീണ്ടെടുത്തിരുന്നു.
ഇനിയും അയാള്‍ക്ക് തിരിച്ചടികള്‍ ഉണ്ടായേക്കാം. അയാള്‍ തളര്‍ന്നേക്കാം. അതില്‍ നിന്ന് പിടിച്ചെണീക്കാന്‍ കുറച്ചധികം കാലം എടുത്തെന്നും വരാം. കുഴപ്പമില്ല, വൈകാതെ അയാള്‍ തിരിച്ചുവരും. ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടും. അയാളുടെ ഊര്‍ജസ്വലതയും കര്‍മ്മശേഷിയും വീണ്ടെടുക്കും.
മൂന്നാംദിന അഭ്യസനം
ഏറ്റം ലളിതമായ അഭ്യാസങ്ങളിലൂടെ നിങ്ങളുടെ മനോനില എങ്ങനെ മാറ്റിയെടുക്കാം എന്നു വിശദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അഭ്യാസങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത്. ഓരോ അഭ്യാസവും തുടങ്ങുന്നതിനു മുന്‍പ് നിങ്ങളുടെ മനോനില രേഖപ്പെടുത്തുക. ഓരോ അഭ്യാസവും കഴിഞ്ഞ ഉടനെ വീണ്ടും നിങ്ങളുടെ മനോനില അടയാളപ്പെടുത്തുക. ഓരോ അഭ്യാസങ്ങളിലും നിങ്ങളുടെ മനോനില എപ്രകാരം മാറിയെന്ന് കാണുക.
മനസ്സിനെ ഉണര്‍ത്തുന്ന സംഗീതം
മനസ്സിന് ഉണര്‍വുനല്കുന്ന ഒരു പാട്ട് അല്ലെങ്കില്‍ ഒരു വാദ്യസംഗീതം തിരഞ്ഞെടുക്കുക. കഴിയുന്നത്ര ഉച്ചത്തില്‍ വയ്ക്കുക. ആരും കാണുന്നില്ലെങ്കില്‍ ഒപ്പം നൃത്തം ചെയ്യുക. ഏതാനും നിമിഷം അത് തുടരുക. ആനന്ദത്താല്‍ മതിമറന്നപോലെ ചിരിക്കുക.
ശാന്തമായ സംഗീതം
നിങ്ങളെ ശാന്തമാക്കുന്ന ഒരു പാട്ടോ വാദ്യസംഗീതമോ കണ്ടെത്തുക. കണ്ണടയ്ക്കുക. നിങ്ങള്‍ നിലാവുള്ള രാത്രിയില്‍ ഒരു കടല്‍ത്തീരത്ത് തനിയെ ഇരിക്കുകയാണെന്ന് സങ്കല്പിക്കുക. കടല്‍തിരകള്‍ സൗമ്യമായി മണല്‍പ്പരപ്പിനെ തലോടുന്നു. നിങ്ങളുടെ സ്വപ്നത്തിലെ ഉല്ലാസവേളയിലാണ് നിങ്ങള്‍.
സന്തോഷകരമായ ഓര്‍മ്മ
കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടെ നിങ്ങള്‍ക്കുണ്ടായ മികച്ച നേട്ടങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കുക. അതില്‍ ഏറ്റം സന്തോഷകരമായത് തിരഞ്ഞെടുക്കുക. കണ്ണടയ്ക്കുക. ആ കാലത്തേക്ക് മടങ്ങിപ്പോകുക. അപ്പോള്‍ നിങ്ങള്‍ക്ക് എന്തൊക്കെ തോന്നിയിരുന്നു. എന്തൊക്കെ ചിന്തിച്ചിരുന്നു, ചെയ്തിരുന്നു, നിങ്ങള്‍ അന്ന് ലോകത്തെ എങ്ങനെ വീക്ഷിച്ചിരുന്നു?
സൗമ്യമായ ശ്വാസോച്ഛ്വാസം
ശാന്തമായും സൗകര്യപ്രദമായും ഇരിക്കുക. പതിയെ കണ്ണുകള്‍ അടയ്ക്കുക. നിങ്ങളുടെ ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിക്കുക. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ശരീരം അയച്ചിരിക്കുക. നെഞ്ചിന്‍റെ അടിഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വാസം എടുക്കുമ്പോള്‍ ഒന്ന് എന്ന് എണ്ണുക. അഞ്ച് എന്ന് എണ്ണുംവരെ ശ്വാസം സാവകാശം പുറത്ത് വിടുക.
ചിത്രം ആസ്വദിക്കുക
ഒരു ചിത്രം തിരഞ്ഞെടുക്കുക. നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആളിന്‍റെ ഫോട്ടോഗ്രാഫ്, ഒരു പെയിന്‍റിംഗ്. ചിത്രം നന്നായി കാണാന്‍ പാകത്തിന് ഇരിക്കുക. ചിത്രമാകെ പരിശോധിക്കുക. വിശദാംശങ്ങള്‍ കാണുക. നിറങ്ങള്‍ ആസ്വദിക്കുക. നിറങ്ങളുടെ മിശ്രണം പഠിക്കുക. അതില്‍ ആളുകള്‍ ഉണ്ടോ? എവിടെയുള്ളവരാണ് അവര്‍? അവര്‍ മുന്നില്‍ നില്‍ക്കുകയാണോ? അതോ പശ്ചാത്തലത്തില്‍ ഒതുങ്ങുകയാണോ? ആ ചിത്രം നിങ്ങള്‍ക്ക് എന്താണ്? കുറച്ചധികം സമയം അതില്‍ മിഴിയൂന്നുക. അത് നിങ്ങളുടെ മനസ്സില്‍ പതിയട്ടെ.
ഓരോ അഭ്യാസനത്തിനു മുന്നേയും തൊട്ടുപിന്നേയും നിങ്ങളുടെ മനോനില രേഖപ്പെടുത്താന്‍ മറക്കരുത്. ഈ അഭ്യാസങ്ങള്‍ നിങ്ങളുടെ മനോനിലയില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ സമയം നിലനിന്നെന്നുവരില്ല. അഭ്യാസം പൂര്‍ത്തിയാക്കി ഒരു അരമണിക്കൂര്‍ കഴിഞ്ഞ് മനോനില പരിശോധിച്ചാല്‍ നിങ്ങള്‍ പഴയപടി ആയെന്ന് കണ്ടേക്കാം. പക്ഷേ നിങ്ങളുടെ മനോനില മാറ്റാന്‍ സാധ്യമാണ് എന്ന് ഇതിലൂടെ നിങ്ങള്‍ മനസ്സിലാക്കി.
അതിനുമപ്പുറം ഏതാനും നിമിഷത്തെ ആ മാറ്റത്തില്‍ തുടങ്ങിവച്ച പ്രസാദാത്മകമായ ഒരു പ്രവൃത്തി നിങ്ങളുടെ മനോനിലമാറ്റത്തെ ശക്തിപ്പെടുത്തുകയും അത് മനോനിലയില്‍ സ്ഥിരമായ മാറ്റത്തിനു തന്നെ വഴിതെളിച്ചുവെന്നും വരാം.
മിഥുന്‍
മിഥുന് മൂന്നാഴ്ചക്കകം പരീക്ഷയാണ്. പഠനത്തില്‍ അവന്‍ ഏറെ പ്രശ്നങ്ങള്‍ നേരിടുന്നു. പാഠങ്ങള്‍ ആവര്‍ത്തിക്കാന്‍ അവന് ഏറെ ആഗ്രഹമുണ്ട്. പക്ഷേ കടുത്ത സമ്മര്‍ദ്ദം അവനെ തളര്‍ത്തുന്നു. അവന്‍ മനോനില വരച്ചു. അവന്‍ കടുത്ത ഉത്കണ്ഠയിലാണെന്ന് കണ്ടു. മിഥുന്‍റെ മനോനില ഉയരെ ഇടത്തായിരുന്നു. അവന്‍ കരുതിയിരുന്നതിലും അധികമായിരുന്നു അവന്‍റെ സമ്മര്‍ദ്ദവും ഉത്കണ്ഠയും. അതവന്‍റെ പഠനത്തെ തടസ്സപ്പെടുത്തി.
അവന്‍റെ അധിക ഊര്‍ജ്ജം എന്തെങ്കിലും വിധത്തില്‍ ഒഴിവാക്കിയാലേ അവന് ആശ്വാസം ലഭിക്കൂ. അല്പമൊന്ന് നടക്കാനും കുറച്ച് പാട്ടുകേള്‍ക്കാനും അവന്‍ തീരുമാനിച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അവന്‍ മനോനില വീണ്ടും രേഖപ്പെടുത്തി. അത് 'താഴെ വലതുവശത്തേക്ക്' നീങ്ങിയതായി അവന്‍ കണ്ടു. നടത്തയും സംഗീതവും അവന്‍റെ ഉത്കണ്ഠ കുറച്ചിരിക്കുന്നു. അവന് ശാന്തത അനുഭവപ്പെടുന്നു. നടപ്പും സംഗീതവും അവന്‍റെ ഉത്കണ്ഠ കുറച്ചത് അവന് മനോനിലചിത്രണത്തില്‍ കാണാന്‍ കഴിഞ്ഞു. അവന്‍ ശരിയായ പാതയിലാണെന്ന് അവന് മനസ്സിലായി. അവന് ശാന്തി അനുഭവപ്പെടുന്നു. അവന് ഫലപ്രദമായി പഠിക്കാം.
മിഥുന് ശാന്തത അനുഭവപ്പെട്ടപ്പോള്‍
മിഥുന്‍റെ മനോനിലയിലെ മാറ്റം
ഉത്കണ്ഠ കുറഞ്ഞതുകൊണ്ട് മിഥുന്‍റെ പരീക്ഷപ്പേടി മാറില്ല. അത് പക്ഷേ അവന്‍റെ പഠനത്തെ എളുപ്പമാക്കും. നന്നായി പഠിക്കാന്‍ കഴിഞ്ഞാല്‍ അതവനില്‍ ആത്മവിശ്വാസം ഉളവാക്കും. അതവന്‍റെ ഉത്കണ്ഠ വീണ്ടും കുറയ്ക്കും. പരീക്ഷയ്ക്ക് തയ്യാറാവാന്‍ അതവനെ കൂടുതല്‍ പ്രാപ്തമാക്കും.
ദിവസേന, ഒരു ദിവസം പലതവണ, മണിക്കൂറുവിട്ട് വരെ പതിവായി മനോനില രേഖപ്പെടുത്തുക. നിങ്ങള്‍ എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ ബോധ്യമാകുന്നതോടെ മനോനില മാറ്റാന്‍ കൂടുതല്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ക്കു ചുറ്റും നടന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്ന നിങ്ങളുടെ ഡയറിയുടെ സഹായത്തോടെ നിങ്ങളുടെ മനോനിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താം. എന്താണ് നിങ്ങളുടെ മനോനിലയെ മെച്ചപ്പെടുത്തുന്നതെന്ന് അതുവഴി നിങ്ങള്‍ക്ക് തിരിച്ചറിയാം.
ദിവസം മൂന്നോ നാലോ തവണ മനോനിലചിത്രണം തുടരുക. നിങ്ങളുടെ മനോനില മാറിമറിയുന്നതായി നിങ്ങള്‍ക്ക് കാണാം. കാലം ചെല്ലുന്തോറും നിങ്ങളുടെ മനോനില എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന വ്യക്തമായൊരു ചിത്രം നിങ്ങള്‍ക്ക് കിട്ടും. ഉടനടി പരിഹാരമല്ല മനോനിലചിത്രണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സദാ നിങ്ങള്‍ക്ക് നല്ല മനോനിലയൊന്നും അതു വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ മനോനില ഒട്ടും നന്നല്ലാത്ത ദിനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതു നിങ്ങളെ പ്രാപ്തമാക്കുന്നു. ആ മനോനില കൂടുതല്‍ വഷളാകാതെ അതു കാക്കുന്നു.
നിങ്ങളുടെ മനോനിലയെ മാറ്റിമറിക്കുന്ന ഘടകങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യേകമായിരിക്കും. ഒരു അവധി നിങ്ങളുടെ മനോനില മാറ്റിയെന്ന് വരാം. നിങ്ങളുടെ ജീവിതചര്യയിലെ ഒരു അഴിച്ചുപണി ഏറെ മാറ്റങ്ങള്‍ വരുത്തിയെന്നു വരാം. യോഗ, ധ്യാനം, വ്യായാമം ഒക്കെ നിങ്ങളുടെ മനോനിലയില്‍ ഗുണപരമായ പരിണാമത്തിന് കാരണമായെന്നു വരാം. ആരോഗ്യകരമായ ഭക്ഷണശീലം, പതിവായ വ്യായാമം, ആവശ്യമായ ഉറക്കം, ഒക്കെ ഗുണം ചെയ്തേക്കാം. കല, ഹോബികള്‍, സുഹൃത്തുക്കള്‍, വെറുതെയൊരു കറക്കം നിങ്ങളെ മാറ്റിയെന്നു വരാം. നിങ്ങള്‍ക്ക് നല്ലതെങ്കില്‍ ഏതും ഉപയോഗിക്കാം. നിങ്ങളുടെ മനോനിലയെ കൈകാര്യം ചെയ്യാന്‍ ശരിയായ ഒരേ ഒരു മാര്‍ഗമെന്നൊന്നില്ല. പക്ഷേ നിങ്ങളുടെ ആരോഗ്യത്തിലും സന്തോഷത്തിലും എത്രമാത്രം കൂടുതല്‍ ശ്രദ്ധിക്കുന്നുവോ അത്രമാത്രം നിങ്ങള്‍ ആരോഗ്യവാനും സന്തോഷവാനും ആയിരിക്കാം. ഓര്‍ക്കുക - നല്ല മനോനില മോശം മനോനിലയെക്കാള്‍ ആരോഗ്യകരമാണ്.