വിഷാദരോഗത്തിനും (depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar Disorder)-ത്തിനും പ്രതിവിധിയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്നും രൂപം നല്കിയ പതിനാലു ദിവസത്തെ മരുന്നില്ലാ ചികിത്സാപദ്ധതിയായ മനോനിലചിത്രണം (Mood Mapping) തുടരുന്നു. നാലാം ദിവസത്തില്‍ നാല് അടിസ്ഥാന മനോനിലകളെക്കുറിച്ച്(Mood) ഡോ. ലിസ് മില്ലര്‍ നമ്മോട് വിവരിക്കുന്നു. ഉത്സാഹം (Action) എന്ന അടിസ്ഥാന മനോനില (Mood)യെക്കുറിച്ച് ഈ ലക്കത്തില്‍ വായിക്കാം.
ഉത്സാഹം (Action)
'ജനകീയ' മനോനിലയാണ് ഉത്സാഹം. ഏവര്‍ക്കും അതേക്കുറിച്ച് അറിയാം. ഏവരും ഉത്സുകരായിരിക്കാന്‍ ആഗ്രഹിക്കുന്നു.
'ഉത്സാഹ'ത്തിന്‍റെ ചിന്താരീതി
ഈ മനോനിലയില്‍ ചിന്തകള്‍ അതിദ്രുതവും ആകസ്മികവുമാകും. നവംനവങ്ങളായ ആശയങ്ങള്‍ നാടകീയ ഭാവനാവൈവിധ്യങ്ങളോടെ ഉദിച്ചുകൊണ്ടേയിരിക്കും. വ്യത്യസ്തമായ, വ്യതിരിക്തമായ വഴികള്‍ നിങ്ങള്‍ കണ്ടെത്തും. ജീവിതത്തെ പ്രസാദാത്മകമായും ലാഘവത്തോടെയും നിങ്ങള്‍ കൈകാര്യം ചെയ്യും. ഈ മനോനിലയുടെ ഉച്ചസ്ഥായിയില്‍ ആശയങ്ങള്‍ അത്യാവേശകരവും അസാധാരണവുമായിരിക്കും. അത്യന്തം ആത്മവിശ്വാസം പകരുന്ന മനോനിലയാണ് ഉത്സാഹം. പൊരുതാനും ലോകത്തെ ജയിക്കാനും നിങ്ങള്‍ തയ്യാറാണ്. ഒന്നും നിങ്ങള്‍ക്ക് അപ്രാപ്യമല്ല. അതേസമയം ഉത്സാഹം നിങ്ങള്‍ക്ക് വിശകലനത്തിനും വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സമയം നല്‍കുന്നില്ല. വിശദാംശങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പെടുന്നില്ല. സന്തുലനം സാധ്യമാക്കുന്ന ശാന്തതയുടെ അഭാവത്തില്‍ പദ്ധതികള്‍ പലതും പാതിവഴിയില്‍ തകരാറിലാകുകയും ചെയ്യും.
ഉത്സാഹം തിരിച്ചറിയപ്പെടുന്നത് എങ്ങനെ?
ഉത്സാഹത്തില്‍ നിങ്ങള്‍ അത്യന്തം സജീവമായിരിക്കും. പ്രകടനാത്മകമാകും നിങ്ങളുടെ ഭാവം. തുറന്നു സംസാരിക്കും നിങ്ങള്‍, വൈകാരികമായി. പുതിയ സാധ്യതകള്‍ തേടും നിങ്ങള്‍. 'പകരുന്ന'തുമാണ് ഈ മനോനില. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്കും പ്രസാദാത്മകതയും ഊര്‍ജ്ജവും അനുഭവപ്പെടും. നിങ്ങളില്‍ ഉദിച്ച സൂര്യന്‍ അവരുടെ മേലും പ്രകാശം ചൊരിയും. സര്‍ഗാത്മകമാകും നിങ്ങളുടെ സമീപനം, സജീവവും. പക്ഷേ ഒരുപാടു പേര്‍ ഈ മനോനിലയിലാണെങ്കില്‍ 'അപകടസാധ്യത'കള്‍ ഒന്നുംതന്നെ ആരുടെയും കണ്ണില്‍പെടില്ല എന്നൊരു അപകടമുണ്ട്. മനശ്ശാസ്ത്രവിദഗ്ദ്ധര്‍ ഇതിനെ 'ആള്‍ക്കൂട്ട മനശ്ശാസ്ത്രം' എന്നു വിളിക്കുന്നു. അവിടെ ഓരോരുത്തരും 'മറ്റേയാളെ' പിന്തുടരുന്നു. ഓരോരുത്തരും മറ്റേയാളെ 'പ്രകോപിപ്പിക്കുന്നു.' അവരുടെ പ്രവൃത്തിയുടെ പരിണതഫലത്തെക്കുറിച്ച് വ്യക്തിപരമായി ആരും ചിന്തിക്കുന്നുമില്ല.
'ഓഹരിവിപണി'യില്‍ ഈ മനോനില നിങ്ങള്‍ക്ക് കാണാം. അത്യധികം 'ഊര്‍ജം' പ്രസരിക്കുന്നു. ഒരു നിമിഷം ദല്ലാളന്മാരെല്ലാം 'വാങ്ങുന്നു' എന്ന് ആര്‍ത്തുവിളിക്കും അടുത്ത നിമിഷം 'വില്‍ക്കുന്നു' എന്നും. പൊടുന്നനെ ഭയം ഇഴഞ്ഞുകയറുന്നു. പ്രസാദാത്മകമായ ഊര്‍ജം പെട്ടെന്ന് നിഷേധാത്മകമായി മാറുന്നു. സാമാന്യബുദ്ധി നഷ്ടമാകുന്നു. സ്വര്‍ണത്തിന്‍റെ വിലയുണ്ടായിരുന്ന ഓഹരി നിമിഷങ്ങള്‍ക്കകം വിലയില്ലാത്തതാകുന്നു. ശാന്തമായി, ശ്രദ്ധയോടെ സ്ഥിതിഗതികളെ വീക്ഷിക്കുന്ന ദല്ലാളന്മാര്‍ക്ക് വിപണിയുടെ വിശാലചിത്രം കാണുവാന്‍ കഴിയുന്നു. അവര്‍ കൊടുങ്കാറ്റുകളെ മുന്നില്‍ കണ്ട് അവയ്ക്കുമീതെ തോണി തുഴയുന്നു. മറ്റുള്ളവര്‍ അവരുടെ മനോനിലയാല്‍ തുടച്ചുനീക്കപ്പെടുന്നു.
ഉത്സാഹം എപ്രകാരം അനുഭവപ്പെടുന്നു?
ഈ മനോനില നമുക്ക് 'മഹത്തര' മായിത്തന്നെ അനുഭവപ്പെടും. ഇതിനെ 'ആനന്ദമായി' തെറ്റിദ്ധരിക്കാന്‍ എളുപ്പമാണ്. ലോകം കീഴടക്കാന്‍ കഴിയുമെന്ന് നമുക്ക് തോന്നും. എന്തും ഏതും സാധ്യമെന്ന് കരുതും. അസാധ്യസ്വപ്നങ്ങളുടെ അരങ്ങാണത്. ആഘോഷവേള. ഇരുണ്ട ഒരു മഴക്കാലത്ത് പ്രഭാതത്തിലും ചാടിയെണീറ്റ് 'ഇന്നി'നെ ഊര്‍ജസ്വലമായി നേരിടാന്‍ പ്രേരിപ്പിക്കുന്ന മനോനില. 'കഴിയും' എന്ന ആത്മവിശ്വാസമാണ് കനകപ്പതക്കങ്ങള്‍ നേടിത്തരിക. ആ മനോനിലയാണ് നാമെല്ലാം ആഗ്രഹിക്കുന്നതും. നാം മുള്ളുകളെ അവഗണിച്ച് റോസാപ്പുഷ്പങ്ങള്‍ മാത്രം കാണുന്നു. പാനപാത്രം എപ്പോഴും പാതി നിറഞ്ഞിരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. അത് പാതി ഒഴിഞ്ഞതായി നാം അറിയുന്നില്ല. ജീവിതമാകെ അവസരങ്ങളാലും സാധ്യതകളാലും സമ്പന്നമായിരിക്കുന്നതായി നമുക്ക് തോന്നുന്നു.
കുട്ടികള്‍ സാധാരണ ഈ മനോനിലയിലായിരിക്കും. അതരുത്, ഇതരുത്, അനുസരിക്ക് തുടങ്ങിയ ആജ്ഞകള്‍ അവരുടെ ഉത്സാഹം കെടുത്തുകയും ചെയ്യും. നമ്മിലെ കുട്ടി പുറത്തുവരുന്ന ദിവസമായിരിക്കും ഒരുപക്ഷേ നമ്മുടെ നല്ല ദിവസം.
ഉത്സാഹം എങ്ങനെ പെരുമാറുന്നു
ആഘോഷങ്ങളുടെ ജീവാത്മാവും പരമാത്മാവുമാണ് ഉത്സാഹം എന്ന മനോനില. മടിച്ചു നില്‍ക്കുന്ന ഉപഭോക്താവിനെ കണ്ണില്‍ കണ്ടതെല്ലാം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന 'കച്ചവട'ക്കാരനാണ് ഈ മനോനില. 'കൈവിട്ട് കളിക്കാനാകുന്ന' ബാല്യത്തിന്‍റെ മനോനില. മരത്തില്‍ കയറാനും സൈക്കിള്‍ ചവിട്ടാനും പുഴയില്‍ നീന്താനും ഓടാനും ചാടാനും ഗുസ്തിപിടിക്കാനും ഉറക്കെ പാടാനും ഉല്ലസിക്കാനും ഉതകുന്ന മനോനില. ഊര്‍ജസ്വലതയുടെ മനോനില.
പ്രചോദക പ്രഭാഷകരു(Motivational Speakers)-ടെയും ഉല്ലാസക(entertainer)-രുടെയും മനോനിലയാണത്. മഴക്കാലമധ്യാഹ്നത്തിലും സൂര്യനെ പ്രകാശിപ്പിക്കാന്‍ കഴിവുള്ളവരുടെ മനോനില. ഈ മനോനിലയാലാണ് നേതാക്കള്‍ അണികളെ ഉത്തേജിപ്പിക്കുക. ഈ മനോനിലയുടെ 'മാസ്റ്ററാ'ണ് ബറാക്ക് ഒബാമ. എന്തും സാധ്യമാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹം ജനങ്ങളെ സഹായിക്കുന്നു. ഉയര്‍ന്ന തോതിലുള്ള ധനാത്മക(Positive) ഊര്‍ജത്തിന് ഉടമകളാവും 'വിജയി'ച്ചവര്‍. മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാത്രിയില്‍ നാലോ അഞ്ചോ മണിക്കൂറേ ഉറങ്ങാറുള്ളായിരുന്നുവത്രേ. അവരുടെ മാനസികനില മറ്റുള്ള എല്ലാവരെയുംകാള്‍ ഉത്സാഹമുള്ളതായിരുന്നു.
അത്യുച്ചാവസ്ഥയില്‍ ഉത്സാഹ മനോനില അപകടകരമായ, അപക്വമായ പെരുമാറ്റങ്ങള്‍ക്ക് ഇടയാക്കിയേക്കാം. സാധാരണഗതിയില്‍ മിതത്വം പുലര്‍ത്തുന്ന ആളുകള്‍ ഈ മനോനിലയില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറിയേക്കാം. ഉള്‍ക്കാഴ്ചയോ ഉത്തരവാദിത്തമോ കൂടാതെ ഒരു ആശയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കളിച്ചേക്കാം.
ഉത്സാഹത്തിലെ ജീവിതം
ഉത്സാഹത്തില്‍ നിങ്ങള്‍ നിങ്ങളെയും നിങ്ങള്‍ക്കു ചുറ്റുമുള്ളവരെയും തികച്ചും പ്രസാദാത്മകമായി കാണുന്നു. ലോകമെങ്ങും അവസരങ്ങള്‍ നിറഞ്ഞിരിക്കുന്നു. നല്ലൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. വിഷാദാവസ്ഥയില്‍ ആത്മവിശ്വാസം അമ്പേ അടിവറ്റിയവര്‍പോലും ഉത്സാഹത്തില്‍ 'നന്നെന്ന്' അനുഭവപ്പെടുന്നു. ഇവിടെ കടുത്ത പ്രതിസന്ധികള്‍പോലും, വെല്ലുവിളികളും നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരവുമാകുന്നു. പരാജയം നമ്മുടെ പരിഗണനയിലേ ഇല്ല. എല്ലാ കഥയിലും നാം ശുഭപര്യവസാനം പ്രതീക്ഷിക്കുന്നു.
ഉത്സാഹം ഉല്ലാസപ്രദവുമാണ്, ഉല്ലാസം ജീവിതത്തിന് അത്യന്താപേക്ഷിതവും. എന്നാല്‍ ഉല്ലാസം മാത്രമായ ജീവിതം അത്ര ക്രിയാത്മകമായിരിക്കില്ല. അവരവരുടെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ട, ലക്ഷ്യങ്ങള്‍ സാധിക്കേണ്ട കാലം ഓരോരുത്തര്‍ക്കുമുണ്ട്. ഉത്സാഹികള്‍ പക്ഷേ എന്തു ചെയ്യുന്നതും ഝടിതിയിലാവും. സൂക്ഷ്മതയും സമഗ്രതയും അവരുടെ ജോലിയിലുണ്ടാവില്ല. അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും. ഒന്നിനും പക്ഷേ അടുക്കും ചിട്ടയും ഉണ്ടാവില്ല. അതു മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന പരിപാടിയും ഉണ്ടാവില്ല. അതിനാല്‍ അതിന്‍റെ ഫലവും അങ്ങനെയൊക്കെത്തന്നെയാവും.
(തുടരും)