news-details
ധ്യാനം

ഹൃദയത്തിന്‍റെ നിറവില്‍ നിന്ന്

"നിന്‍റെ നിക്ഷേപം എവിടെയോ അവിടെ നിന്‍റെ ഹൃദയവും" (ലൂക്കാ 12/34)
"ഞാന്‍ ശാന്തശീലനും വിനീത ഹൃദയമനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍" (മത്തായി 11/29)

നമ്മുടെ മനോഭാവങ്ങള്‍ രൂപപ്പെടുന്നത് ഹൃദയത്തില്‍ നിന്നാണല്ലോ. ഞാന്‍ നേടിയ പദവികളോ, കൈകാര്യം ചെയ്യുന്ന സ്ഥാനമാനങ്ങളോ അല്ല പ്രധാനപ്പെട്ടത്. എന്നെക്കുറിച്ച് മറ്റുള്ളവര്‍ പറയണം. " അയാള്‍ ഹൃദയമുള്ളവനാണ്." ചില മനുഷ്യരെക്കുറിച്ചു നാം പറയും: "അയാള്‍ ഹൃദയശൂന്യനാണ്." സ്നേഹിക്കുവാനും ക്ഷമിക്കുവാനും വിട്ടുവീഴ്ചകള്‍ ചെയ്യുവാനും മനസ്സുള്ളവരെയാണ് ഹൃദയമുള്ളവര്‍ എന്നു പറയുന്നത്. നമ്മുടെ ചിന്തകളിലും മനോഭാവങ്ങളിലും മാറ്റം വരുത്തണമെന്നോര്‍മ്മിപ്പിച്ചു കൊണ്ടാണ് തിരുഹൃദയത്തിന്‍റെ മാസം കടന്നുവരുന്നത്. യേശുവിനെപ്പോലെ ജീവിതാനുഭവങ്ങളെ നോക്കിക്കാണുവാന്‍ നമുക്കു കഴിയുന്നുണ്ടോ? യേശുവിന്‍റെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന ചിന്തകളാണല്ലോ അവിടുത്തെ പ്രബോധനങ്ങളായി പുറത്തു വന്നത്.

 

ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാന്‍ അവിടുന്ന് ആവശ്യപ്പെടുന്നു. നമ്മെ വേദനിപ്പിച്ചവര്‍ക്ക് ദുരന്തം വരണേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ പച്ചമനുഷ്യനായി നില്‍ക്കുകയാണ്. എന്നെ വേദനിപ്പിച്ച വ്യക്തികളും വേദനിപ്പിച്ച സംഭവങ്ങളും ദൈവകൃപയുടെ പ്രച്ഛന്ന വേഷങ്ങളായി കാണുവാന്‍ എനിക്കു കഴിയണം. മുഖസ്തുതി പറഞ്ഞവരും, മുമ്പില്‍ നിന്നു നല്ലവാക്കു പറയുന്നവരുമല്ല നമ്മെ വളര്‍ത്തിയത്. എനിക്കു സ്വയം തിരുത്തുവാനും തിരിഞ്ഞു നോക്കുവാനും എന്നെ സഹായിക്കുന്നത് 'പ്രത്യക്ഷത്തില്‍ ദ്രോഹിച്ചവര്‍ എന്നു കരുതുന്നവരല്ലേ? ഇതായിരുന്നു യേശുവിന്‍റെ ഹൃദയത്തിലെ ചിന്ത. ഇതാണോ എന്‍റെ ഹൃദയത്തിലെ വിചാരം?

 

മറ്റുള്ളവര്‍ അകാരണമായി നമ്മെ വിധിക്കുമ്പോഴും, നമ്മുക്കെതിരെ ദുരാരോപണങ്ങള്‍ നടത്തുമ്പോഴും നമ്മള്‍ തളരാറില്ലേ? കേവലമായ മാനുഷിക ചിന്തകള്‍ കൊണ്ടു നമ്മള്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് അസ്വസ്ഥരാകുന്നത്. നമ്മുടെ ഹൃദയത്തെ ശാന്തമായി യേശുവിന്‍റെ ഹൃദയത്തോടു ചേര്‍ത്ത് വെച്ചാല്‍ നമ്മളും ശാന്തരാകും. അസ്വസ്ഥതകള്‍ വിട്ടകലും. സമാധാനത്താല്‍ ഹൃദയം നിറഞ്ഞു കവിയും. ഒരു മനുഷ്യന് ഭൂമിയില്‍ സഹിക്കാവുന്ന എല്ലാ നൊമ്പരങ്ങളും യേശു ഏറ്റുവാങ്ങി. അവയുടെ നടുവില്‍ നിന്ന് അവന്‍ സമാധാനം ആശംസിച്ചു. ശിഷ്യന്‍ ഒറ്റികൊടുത്തപ്പോഴും മറ്റൊരുവന്‍ തള്ളിപ്പറഞ്ഞപ്പോഴും യേശു ഉള്ളില്‍ സൂക്ഷിച്ച ഒരു സമാധാനമുണ്ട്. കുരിശിന്‍റെ പരുപരുത്ത തണ്ടില്‍ ആദ്യത്തെ ഓസ്തി ചുട്ടെടുത്തപ്പോള്‍ അനുഭവിച്ച സമാധാനം. ആണിയടിയിലും ചാട്ടയടികളിലും അലിഞ്ഞു പോകാത്ത സമാധാനം. ഉത്ഥാനത്തിനുശേഷം ആ സമാധാനവുമായി ശിഷ്യന്മാരുടെയിടയിലേക്ക് അവന്‍ കടന്നു വന്നു. ആ ഹൃദയ നൈര്‍മ്മല്യവും ശാന്തതയും സ്വന്തമാക്കുവാന്‍ നാം ശ്രമിക്കാറുണ്ടോ? നിരന്തരമായ പ്രാര്‍ത്ഥന വഴി രൂപപ്പെട്ടു വരുന്ന ഒരു സമാധാനമാണത്. പിതാവുമായുള്ള ബന്ധം വഴി പുത്രന്‍ സ്വന്തമാക്കിയ സമാധാനം.

ഇന്നു നിസ്സാരപ്പെട്ട സംഭവങ്ങള്‍ നമ്മെ ഉലയ്ക്കുന്നു. നമ്മെ നോക്കിച്ചിരിക്കാതെ പോയവരും നമ്മോടു പരുഷമായി സംസാരിച്ചവരും നമ്മെ അസ്വസ്ഥരാക്കുന്നു. ഇവിടെ യേശു പറഞ്ഞവാക്കുകള്‍ ഓര്‍മ്മിക്കുക;  "പത്രോസേ നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്" (മത്തായി 16/2/23) തിരുഹൃദയത്തണലിലിരുന്ന് വിശ്രമിക്കാം. ശാന്തമായിരുന്ന് നമ്മുടെ ചിന്തകളെ ചിട്ടപ്പെടുത്താം. സ്വസ്ഥമായിരുന്ന് വാക്കുകളെ പരിശോധിക്കാം. കല്ലുപോലെ ഉറച്ചുപോയ ഹൃദയങ്ങളെ മാംസളമാക്കുന്നവന്‍റെ മുമ്പില്‍ നമുക്കു സമര്‍പ്പിക്കാം. "നിങ്ങളുടെ ശിലപോലെ ഉറച്ചുപോയ ഹൃദയങ്ങളെ മാംസളമാക്കാം" (എസക്കിയേല്‍ 36/26) എന്ന തിരുവചനത്തെ നമുക്കു ധ്യാനിക്കാം.

You can share this post!

തിരുത്തലിന്‍റെ ശബ്ദങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts