news-details
മറ്റുലേഖനങ്ങൾ

60 കടന്നവരേ ഇതിലേ... ഇതിലേ...

കേരളത്തിലെ റോഡില്‍ ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല. നടന്നാലും വണ്ടിയിലായാലും അത്യാഹിതം സാധാരണമാണ്. കേരളത്തില്‍ ഓരോ രണ്ടുമണിക്കൂറിലും നമ്മില്‍ ഒരാള്‍ റോഡില്‍ മരിക്കുന്നു. കൂടാതെ നമ്മള്‍ കഴിക്കുന്ന ഭക്ഷണപാനീയത്തിലും ശ്വസിക്കുന്ന വായുവിലും മാരകമായ രോഗാണുക്കള്‍ ഉണ്ടാവാം. ഇടിവെട്ട്, ഉരുള്‍പൊട്ടല്‍, പാമ്പുകടി, സ്ഫോടനം തുടങ്ങി മരണകാരണങ്ങള്‍ നമ്മുടെ നാട്ടില്‍ വേറെയുമുണ്ട്.

മരണം സുനിശ്ചിതമായ സംഭവമായിരിക്കെ അതിനെ ഭയക്കുകയല്ല അതിലാഹ്ലാദിക്കുകയാണ് വേണ്ടത്. വാക്ക് "മരണം" എന്നാണെങ്കിലും അതൊരു "ജനനം" ആണ്. നമ്മള്‍ ജന്മദിനം ആഘോഷിക്കുന്നവരാണല്ലോ. നിത്യജീവനിലേയ്ക്കുള്ള ജനനമാണത്, ജീവിതത്തിന്‍റെ മകുടമാണത്.

ഇതു വായിക്കുന്നയാളിന് മരണഭയമുണ്ടെങ്കില്‍ സ്വന്തം അപൂര്‍ണ്ണത തിരിച്ചറിയുക. "സമ്പൂര്‍ണ്ണ സ്നേഹം ഭയത്തെ അകറ്റുന്നു, സ്നേഹത്തില്‍ ഭയമില്ല" (1 യോ. 4:18) ഭയമുണ്ടെങ്കില്‍ അത് ബോധ-അബോധതലത്തില്‍ തളംകെട്ടി വ്യക്തിത്വത്തെ വിപരീതമായി സ്വാധീനിച്ചുകൊണ്ടേയിരിക്കും; നാഡീരോഗങ്ങള്‍ക്കും കാരണമാകാം.

 

അമേരിക്കരുടെ മഹാത്മാഗാന്ധിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആദ്യം ഭയത്തിന് അടിമയായിരുന്നു. നീഗ്രോ സമരത്തിനിറങ്ങിയാല്‍ വെടിയേറ്റു മരിക്കുമെന്ന ഭീഷണി അദ്ദേഹത്തെ കൂടുതല്‍ ഭയപ്പെടുത്തി. അപ്പോഴാണ് തിരുവചനം വെട്ടവും ശക്തിയുമായത്. "ഭയപ്പെടേണ്ട, ഇതു ഞാന്‍ തന്നെ" (മര്‍ക്കോ. 6:50) അയാള്‍ മുട്ടുകുത്തി തന്‍റെ ഭാവിമരണം ദൈവനിശ്ചയമെന്നു കണ്ട് അത് അപ്പാടെ സ്വീകരിച്ച് ദൈവത്തിന് സ്വയം സമര്‍പ്പിച്ചു. അന്നത്തെ ഡയറിയില്‍ അദ്ദേഹം എഴുതി: "എന്‍റെ മരണം ഞാന്‍ സ്വീകരിച്ച നിമിഷംതൊട്ട് ഞാന്‍ സ്വതന്ത്രനായി, നിര്‍ഭയനായി...." ഭയപ്പെടേണ്ട എന്നയര്‍ത്ഥം വരുന്ന 365 വചനങ്ങള്‍ ബൈബിളിലുണ്ട്, ഓരോ ദിവസവും നമുക്കു തരുന്ന ഉറപ്പും ധീരതയുമാണവ.

 

സ്വന്തം മരണത്തെ ഇപ്പോഴേ സസ്നേഹം ദൈവത്തില്‍ സ്വാഗതം ചെയ്യുന്ന വ്യക്തിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. മരണാനന്തരനടപടികളെപ്പറ്റിയും അതുണ്ടാകണം. ഒരു മലയാളി മരിക്കുമ്പോള്‍ പേരിനും പെരുമയ്ക്കും വേണ്ടി നടത്തപ്പെടുന്ന കോലാഹലങ്ങള്‍, കര്‍മ്മാദികള്‍, ആഘോഷങ്ങള്‍, യാത്രാച്ചെലവുകള്‍, പൊന്നും വിലയ്ക്കുള്ള ശവമഞ്ചം, വെള്ളി പൊതിഞ്ഞ കല്ലറ, വന്‍സദ്യ ഇങ്ങനെ ഒഴുകുന്നു പണം! ഇതത്രയും വിശന്നുവലയുന്ന പാവങ്ങള്‍ക്കായി ദൈവം ഏല്പിച്ചതായിരുന്നു താനും! രാമപുരത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ എഴുതിവച്ചു: ശവപ്പെട്ടിക്ക് 25 രൂപയില്‍ കൂടരുത്, മരണവാര്‍ത്ത പത്രത്തില്‍ ഇടേണ്ട, ഒരു വൈദികനെ വിളിച്ചാല്‍ മതി, ഒരു കുര്‍ബാന ചൊല്ലിച്ചാല്‍ മതി, പാവപ്പെട്ടവര്‍ക്കുള്ള സ്ഥലത്ത് അടക്കിയാല്‍ മതി. എടത്വായിലെ പുണ്യചരിതനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ എഴുതി:  ശവക്കോട്ടയ്ക്ക് പുറത്ത് പാപികള്‍ക്കുവേണ്ടിയുള്ള സ്ഥലത്ത് തന്നെ അടക്കിയാല്‍ മതിയെന്ന്. മെത്രാനായ മകന്‍ അമ്മയ്ക്കുവേണ്ടി മനോഹരകുടീരം പണിയാന്‍ ഉദ്ദേശിക്കുന്നത് അറിഞ്ഞ അമ്മ വി. മോനിക്കാ, മകന്‍ വി. അഗസ്തീനോസിനോട് പറഞ്ഞു: എന്നെ അജ്ഞാത സ്ഥലത്ത് അടക്കുക, പുല്ലുവളര്‍ന്ന് മൂടി ആരും ഇടം അറിയാതിരിക്കട്ടെ. എന്നാല്‍ നിന്‍റെ ദിവ്യബലിയില്‍ എന്നെ മറക്കാതിരിക്കുക.

 

സോളമന്‍ ദീപില്‍ 15 വര്‍ഷം സേവനം ചെയ്ത ഡോക്ടര്‍ കന്യാസ്ത്രി സി. മേരിലിയോ എസ്.എം.എസ്., മരിച്ചപ്പോള്‍ ശവശരീരം ഹാര്‍വാര്‍ഡ് മെഡിക്കല്‍ കോളേജിന് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കൊടുത്തു. (12-12-1977). മദര്‍ ജനറാളിന്‍റെ അനുവാദം സിസ്റ്റര്‍ നേരത്തെ നേടിയിരുന്നു. 1999 മെയ് 3 ന് ചെന്നൈയില്‍ അന്തരിച്ച പോത്തന്‍ ഫിലിപ്പിന്‍റെ അവയവങ്ങള്‍ ആറുപേര്‍ക്കാണ് ഫലപ്പെട്ടത്. ഇന്ന് അദ്ദേഹത്തിന്‍റെ ജീവിതപങ്കാളിയും അമ്മയും തങ്ങളുടെ പ്രിയപ്പെട്ടവന്‍ ആറുപേരിലൂടെ ജീവിക്കുന്നതില്‍ കൃതജ്ഞരാണ്. കൊല്ലത്ത് ഡോക്ടറായിരുന്ന പോള്‍ ക്രിസ്തിയന്‍ (76) തന്‍റെ മൃതദേഹം പള്ളിസിമിത്തേരിയില്‍ അടക്കാതെ വൈദ്യുത ശവദാഹത്തിനാണ് ഏല്പിച്ചത്. ഇതിന് കൊല്ലം മെത്രാനച്ചന്‍റെ അനുവാദം ലഭിച്ചിരുന്നു. (19.8.06). കൊറിയായുടെ തലസ്ഥാനമായ സോളില്‍ വണ്ടിയപകടത്തില്‍ മരണാസന്നനായ ക്യാപുച്ചിന്‍ ബ്രദര്‍ ലിയാം ഒഡേയ്ക്ക് ഒരു വാചകം പറയാനെ നേരം കിട്ടിയുള്ളു. 'എന്‍റെ അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് കൊടുക്കണമെ" ഈ 27 കാരന്‍റെ കണ്ണ്, കിഡ്നി, ലിവര്‍, അസ്ഥികള്‍ എന്നിവ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ നാലുപേരുടെ ജീവനാണ് രക്ഷിച്ചത്.

 

ദൈവം തന്ന വിലപ്പെട്ട ദാനമാണ് ശരീരം. അത് മരണാനന്തരം പുഴുക്കള്‍ക്ക് കൊടുക്കാതെ ദൈവമക്കള്‍ക്കു കൊടുക്കുക. അങ്ങനെ ജീവിതത്തിലും മരണത്തിലും നമുക്ക് ദൈവത്തിനും ദൈവജനത്തിനുമായി അര്‍പ്പിതരാകാം.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts