news-details
മറ്റുലേഖനങ്ങൾ

വര്‍ത്തമാനകാല മനുഷ്യന്‍ കൂടുതല്‍ നാഗരികനും കൂടുതല്‍ വിദ്യാഭ്യാസം നേടിയവനും അതിനാല്‍ത്തന്നെ കൂടുതല്‍ അറിവുള്ളവനുമാണ്. ഇതു നമ്മെ അഭിമാന പൂരിതരാക്കുന്നുമുണ്ട്. അതുകൊണ്ടുമാത്രം  ജ്ഞാനത്തില്‍ വളര്‍ന്നവരാണ്  നമ്മള്‍ എന്ന് അവകാശപ്പെടാനാകുമോ? ജ്ഞാനവും അറിവും ഒന്നുതന്നെയാണോ?

 

അറിവു തേടുന്ന ഒരാള്‍ ഒരു പുതിയ അറിവു ലഭിക്കുമ്പോള്‍, തന്‍റെ അറിവിന്‍റെ ശേഖരത്തിലേക്കു ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. തന്‍റെ അറിവ് കുറച്ചുകൂടി കൂടിയതില്‍ അയാള്‍ സന്തോഷിക്കുന്നു. ഒരു കാര്യംകൂടി താന്‍ ബുദ്ധിയുപയോഗിച്ച് വരുതിയിലാക്കിയതില്‍ അയാള്‍ അഭിമാനിക്കുന്നു. എന്നാല്‍ ജ്ഞാനം അറിവിന്‍റെ അതിരുകള്‍ക്കപ്പുറത്തേക്ക് കണ്ണു പായിക്കുന്നു. അറിവുള്ള മനുഷ്യന്‍ "എനിക്ക് അറിവുണ്ടെന്ന് അറിയാം" എന്നു വിചാരിക്കുമ്പോള്‍, ജ്ഞാനമുള്ള മനുഷ്യന്‍ " എനിക്കറിവില്ലെന്ന് അറിയാം" എന്നു വിചാരിക്കുന്നു.

 

അറിവുള്ളയാള്‍ ലഭിച്ച അറിവില്‍ സംതൃപ്തനും അതിന്‍റെ പരിമിതിക്കുള്ളില്‍ നിൽക്കാൻ ഇഷ്ടപ്പെടുന്നവനുമാണ്. ജ്ഞാനിയുടെ ആകാംക്ഷയും അഭിനിവേശവും ഇനിയും തനിക്കറിയില്ലാത്ത കാര്യങ്ങളിലാണ്. അപ്പോള്‍ ജ്ഞാനമെന്നു പറയുന്നത് നമ്മുടെ അറിവില്ലായ്മയെക്കുറിച്ചുള്ള അറിവാണ്. ഇതാണു ജ്ഞാനവും അറിവും തമ്മിലുള്ള വ്യത്യാസം.

അറിവില്ലെന്നു ബോദ്ധ്യമുള്ളവനേ അറിവു തേടൂ. അതായത് ജ്ഞാനമാണ് ഒരുവനെ അറിവു നേടാന്‍ പ്രേരിപ്പിക്കുന്നത്. തേടിക്കിട്ടിയ അറിവില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അതു വെറും അറിവായിത്തീരുന്നു. എന്നാല്‍ ഈ അറിവ് തന്‍റെ അറിവില്ലായ്മയെപ്പറ്റി കൂടുതല്‍ ബോദ്ധ്യപ്പെടുത്തുകയാണെങ്കില്‍ അതു ജ്ഞാനമായിത്തീരുന്നു. അതായ്ത്, അറിവില്ല എന്ന ബോദ്ധ്യത്താല്‍ പ്രേരിതനായി ഒരുവന്‍ ആരംഭിച്ച അറിവു തേടല്‍ പ്രക്രിയ തനിക്കിനിയുമേറെ അറിയാനുണ്ട് എന്ന ബോദ്ധ്യത്തിലെത്തിക്കുന്നു. മറ്റൊരുവാക്കില്‍പ്പറഞ്ഞാല്‍ അറിവുതേടലിന്‍റെ തുടക്കം ജ്ഞാനത്തില്‍ നിന്നാണ്. ഈ തേടലിന്‍റെ അവസാനം ഒരുവനെത്തുന്നതും ജ്ഞാനത്തിലാണ്. അറിയുംതോറും തനിക്കെത്ര കുറച്ചേ അറിയൂ എന്ന് ഒരാള്‍ക്ക് ബോദ്ധ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അറിവിന്‍റെ ഗോവണി കയറുമ്പോള്‍ താനെത്ര പടികള്‍ ചവിട്ടിക്കയറിയെന്നല്ല, ഇനിയും എത്ര ചവിട്ടിക്കയറാനുണ്ട് എന്നതിലാണ് ഒരുവന്‍ ശ്രദ്ധിക്കേണ്ടത്. അറിവിന്‍റെ ഉത്തുംഗശൃംഗങ്ങളിലെത്തിപ്പെടുന്നവര്‍ അത്ഭുതപരതന്ത്രരാവുന്നത് തങ്ങളുടെ അറിവിനെ അതിശയിക്കുന്ന വലിയ ലോകം കാണുമ്പോഴാണ് ജ്യോതിശാസ്ത്രം ചടുലമായ പുരോഗതി നേടുന്നുണ്ട് ഇക്കാലത്ത്. എന്നാല്‍ ഇനിയും അറിയാന്‍ എത്ര ബാക്കി കിടക്കുന്നു എന്നു ജ്യോതി ശാസ്ത്രജ്ഞര്‍ തിരിച്ചറിയുമ്പോള്‍ അവര്‍ക്കു മുമ്പില്‍ ജ്ഞാനത്തിന്‍റെ വാതായനങ്ങള്‍ തുറക്കുകയായി. എല്ലാ അറിവുകളും ഈ ബോദ്ധ്യത്തിലേക്കു നമ്മെ നയിക്കണം. തന്‍റെ കഴിവില്ലായ്മയെക്കുറിച്ച് അറിയാനുള്ള കഴിവാണ് ഒരുവന്‍റെ ജ്ഞാനം. അത്തരം ജ്ഞാനികള്‍ ദാര്‍ശനികരാണ്- ദര്‍ശിക്കുന്നവര്‍. തങ്ങള്‍ കാണുന്നതിനപ്പുറത്തേക്ക് കാഴ്ചയെ നയിക്കാന്‍ കഴിവുള്ളവര്‍.

 

പെട്ടെന്നും എളുപ്പത്തിലും കിട്ടാവുന്ന അറിവിനുവേണ്ടി ഓടിനടക്കുന്ന ഒരു കാലമാണ് ഇത്. "മുപ്പതു ദിവസത്തിനുള്ളില്‍ ഇംഗ്ലീഷ് പഠിക്കാം" എന്നു പരസ്യം വാഗ്ദാനം ചെയ്യുന്നു. ഒരുവന്‍റെ അറിവിന്‍റെ തോതനുസരിച്ച് ഒരാള്‍ അളക്കപ്പെടുന്നു. ഇവിടെ ദുരന്തം സംഭവിക്കുന്നത് ജ്ഞാനത്തിനാണ്. തത്ത്വചിന്തയ്ക്കും കവിതയ്ക്കും മാനവിക വിഷയങ്ങള്‍ക്കും കാല്പനികതയ്ക്കും സൃഷ്ടിപരതയ്ക്കും വന്നുഭവിച്ചിരിക്കുന്ന ഇടിച്ചില്‍ ഈ ദുരന്തത്തിന്‍റെ സൂചകമാണ്. അറിവിന്‍റെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പരക്കംപാച്ചില്‍ നമ്മെ ജ്ഞാനത്തിന്‍റെ ലോകത്തുനിന്നും അകറ്റാതിരിക്കട്ടെ.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts