മ്യാന്‍മാറിനോടും ചൈനയോടും ചേര്‍ന്നു കിടക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഈ രാജ്യങ്ങളില്‍ നിന്നു കുടിയേറിയ പതിനാലു ഗോത്രവര്‍ഗ്ഗങ്ങളില്‍പ്പെടുന്നവരാണ് ഇവിടെയുള്ളവര്‍. മണിപ്പൂരിലെ ഒരു പ്രദേശമാണ് സുഗുനു. ഞങ്ങള്‍, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഹോദരിമാര്‍ ഈ പ്രദേശത്താണു താമസിച്ചു പ്രവര്‍ത്തിക്കുന്നത്.
ചെറ്റുക്കുടിലുകളിലാണ് വെളുത്തു ചുവന്ന നിറമുള്ള ഇവരുടെ താമസം. മണ്ണുകൊണ്ട് ഭിത്തികെട്ടി, പുല്ലുകൊണ്ട് മേല്‍ക്കൂര നെയ്ത്, കിടക്കുന്നിടം തീക്കനല്‍ കൂട്ടി ചൂടുപിടിപ്പിച്ച് അവര്‍ കിടക്കുന്നു. സംഗീതം ഇവരുടെ രക്തത്തിലുണ്ട്. ഓടക്കുഴല്‍ വായനയും ഗിറ്റാര്‍ മീട്ടലുമൊക്കെ മിക്കവര്‍ക്കും അറിയാം. ഉള്ളില്‍ ഈശ്വരചിന്ത ഇവര്‍ കാത്തു സൂക്ഷിക്കുന്നു. ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനുമുമ്പും അവര്‍ മുകളിലേയ്ക്ക് കണ്ണുകള്‍ പായിച്ച് ദൈവത്തിനു നന്ദിപറയും. ഭക്ഷണം വിളമ്പിക്കഴിയുമ്പോള്‍ അവരുടെ അനുഷ്ഠാനം കാണേണ്ടതു തന്നെയാണ്. ചോറിന്‍റെ മുകളില്‍ കൈവച്ച് 'ഇതു നല്ലതാണ്' എന്നു പറയും. പിന്നെ 'ഈ ഉപ്പ് രുചിതരും' എന്നു പറയും. ഈ ക്യാബേജ് കറി നല്ലത്, മുളക് നല്ലത്, മല്ലിയില നല്ലത്... അങ്ങനെ നമുക്കൊക്കെ അത്രയൊന്നും നല്ലതല്ലാത്തതിനെയൊക്കെ അവരുടെ മനോഭാവം നല്ലതാക്കിത്തീര്‍ക്കുന്നു.
അവരില്‍ മിക്കവരുടെ ചുണ്ടുകളിലും മിക്കപ്പോഴും ഗാനങ്ങളുണ്ടാകും. ഗോത്രസംസ്കൃതിയുടെ മുഖമുദ്രയായ ആകുലതയില്ലായ്മ ഇവരുടെയും പ്രത്യേകതയാണ്. ഇന്നില്‍ ജീവിക്കുന്ന മനുഷ്യരാണിവര്‍. ക്രിസ്തുമസ്സിനും ഈസ്റ്ററിനുമൊക്കെ കൈയിലുള്ളതെല്ലാം വിറ്റാണെങ്കിലും അവര്‍ ഷൂസും കമ്പിളിവസ്ത്രവും വാങ്ങിയിരിക്കും.
ഈ ഗോത്രക്കാരുടെ ശക്തമായ മുന്നേറ്റവും പുരോഗതിയും പലരിലും അസ്വസ്ഥത ഉളവാക്കി. പതുക്കെ പതുക്കെ ഈ ഗോത്രങ്ങള്‍ക്കിടയില്‍ കാലുഷ്യത്തിന്‍റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടു. അങ്ങനെ ഉടലെടുത്തതാണ് കുറെ വര്‍ഷങ്ങളായിത്തുടരുന്ന ഗോത്രയുദ്ധങ്ങള്‍.
ഒരു ദിവസം രാത്രിയില്‍ ഞങ്ങളുടെയടുത്തുള്ള രണ്ടു ഗ്രാമങ്ങള്‍ എതിര്‍ഗോത്രവര്‍ഗ്ഗക്കാര്‍ തീവച്ചു നശിപ്പിക്കുകയാണ്. വിരണ്ടോടിയ ഗ്രാമീണജനത- മിക്കവരും പ്രൊട്ടസ്റ്റന്‍റു വിഭാഗത്തില്‍പ്പെട്ടവര്‍- ഞങ്ങളുടെ മഠത്തില്‍ അഭയത്തിനായണഞ്ഞു. അവിടെ കുടിലുകള്‍ കത്തുന്ന രൂക്ഷഗന്ധം. ഇവിടെ പേടിച്ചരണ്ട സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മുറവിളി. പിടിച്ചുനില്ക്കാന്‍ ഒന്നുമില്ല. അറിയാതെ കൈകള്‍ സങ്കീര്‍ത്തനം 91 കണ്ടുപിടിച്ചു. എന്തോ, അക്രമികള്‍ മഠത്തിലേക്കു വരാതെ തിരികെപ്പോയി. പിന്നീടൊരിക്കലും ഈ സങ്കീര്‍ത്തനം അര്‍ത്ഥരഹിതമായി തോന്നിയിട്ടില്ല.
തുടര്‍ന്നങ്ങോട്ട് രണ്ടാഴ്ച നീണ്ട ഗോത്രയുദ്ധമായി. എ. കെ. 47 ഉം റോക്കറ്റ് ലോഞ്ചറുമൊക്കെ ഉപയോഗിക്കപ്പെട്ടു. ഞങ്ങളൊക്കെ മരണത്തെ മുഖാമുഖം കണ്ടു. വൈകിട്ട് ആറുമണിയോടെ വെടിവയ്പു തുടങ്ങും. ഞങ്ങളുടെ ബോര്‍ഡിംഗില്‍ താമസിക്കുന്ന നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നാലുമണിക്കു തന്നെ അത്താഴം കൊടുത്ത് കട്ടിലിനടിയില്‍ കിടത്തും. സന്ധ്യയാകുന്നതോടെ ലൈറ്റെല്ലാം ഓഫു ചെയ്യും. എന്നിട്ട് അരണ്ട മൊഴുകുതിരിവെട്ടത്തില്‍ ചാപ്പലിലിരുന്നു പ്രാര്‍ത്ഥിക്കും. പിറ്റേ ദിവസം ഞങ്ങള്‍ കാണില്ല എന്നു വിചാരിക്കും. പക്ഷേ നാഥന്‍റെ കരത്തണലില്‍ ഞങ്ങള്‍ സുരക്ഷിതരായിരുന്നു.
ഇതിനിടയ്ക്ക് ഞങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുപോയി. സാധനങ്ങള്‍ വാങ്ങാന്‍ തൊണ്ണൂറു കിലോമീറ്റര്‍ അകലെയുള്ള ഇംഫാലില്‍ പോകണം. സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുംവഴി, ഞങ്ങളുടെ വണ്ടി ഒരു സംഘം ആള്‍ക്കാര്‍ വന്നു വളഞ്ഞു. കുറെപ്പേര്‍ നിറതോക്കുകള്‍ ഞങ്ങളുടെ നേരെ ചൂണ്ടിപ്പിടിച്ചു. മറ്റുള്ളവര്‍ സാധനങ്ങളെല്ലാം വലിച്ചു വെളിയിലിട്ടു. കണ്ണിലിരുട്ടു കയറി, കാല്‍മുട്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി. മനസ്സിലപ്പോള്‍ ഞങ്ങളെ കാത്തിരിക്കുന്ന സഹോദരിമാരും കുഞ്ഞുങ്ങളുമായിരുന്നു. അരയില്‍ തൂങ്ങിക്കിടന്ന കൊന്തയില്‍ ധൈര്യത്തിനായി മുറുകെപ്പടിച്ചു.
അപ്പോള്‍ എവിടെനിന്നോ ഒരു സേര്‍ച്ച് ലൈറ്റിന്‍റെ പ്രകാശം അടുത്തുവന്നു. അതുകണ്ട് സാധനങ്ങള്‍ മാത്രമെടുത്ത് ആ പറ്റം അവിടെനിന്നോടി രക്ഷപെട്ടു. ഒരു രണ്ടാം ജന്മം ലഭിച്ചതുപോലെ അപ്പോള്‍ തോന്നി.
ഞങ്ങളുടെ സാന്നിദ്ധ്യം ഈ നാടിന് ഇനിയും വേണം. മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ ഡിസ്പെന്‍സറിയിലേക്ക് രണ്ടും മൂന്നും ദിവസം യാത്ര ചെയ്ത്, തലയില്‍ രോഗികളെയും ചുമന്നു കൊണ്ടു വരുന്നവരുണ്ട്. ഞങ്ങളുടെ നാഥനോടൊപ്പം ഞങ്ങളും ഇവരുടെ ജീവിതത്തിന്‍റെ സൗന്ദര്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ശാന്തിയുടെ ഒരു നാളെ ഇവിടെ വീണ്ടും പുലരാന്‍ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ കാത്തിരിക്കും.